സി പി ഐ(എം) ആ വിഭാഗീയത ജനാധിപത്യത്തോട് അല്‍പമെങ്കിലും കൂറുകാട്ടുന്നു

സി പി ഐ(എം) ആ വിഭാഗീയത ജനാധിപത്യത്തോട് അല്‍പമെങ്കിലും കൂറുകാട്ടുന്നു

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ അധികരത്തില്‍ നിന്ന് പുറന്തള്ളുക എന്നതാണ് ഭൗതികമായ ആവശ്യം. അതിനായി കോണ്‍ഗ്രസുമായി കൈകോര്‍ക്കുക എന്നതില്‍ വൈരുധ്യവും. ഭൗതിക ആവശ്യം ഒന്നായിരിക്കെ വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന് വാദിക്കേണ്ടിവന്ന ഘട്ടം ഇപ്പോഴത്തെപ്പോല്‍, അടുത്തകാലത്തൊന്നും സി പി ഐ (എം) ന് ഉണ്ടായിക്കാണില്ല. അതിന്റെ പാരമ്യത്തിലാണ് കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് ഹൈദരാബാദില്‍ അവസാനിച്ച സി പി ഐ (എം) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് യോജിച്ചത്. പാര്‍ലിമെന്റിനുള്ളില്‍ വിഷയാധിഷ്ഠിതമായി സഹകരണമാകാമെന്നും പുറത്ത് വര്‍ഗ – ബഹുജന സംഘടനകളുടെ യോജിപ്പിന് വഴിയൊരുക്കാമെന്നും വര്‍ഗീയശക്തികളെ തോല്‍പ്പിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലുണ്ട്. വരുന്ന മൂന്ന് വര്‍ഷം സി പി ഐ (എം) പ്രവര്‍ത്തിക്കേണ്ടത് ഈ നയരേഖ അനുസരിച്ചായിരിക്കണം.
സംഘപരിവാറിന്റെ വര്‍ഗീയ ഫാഷിസ്റ്റ് (നിര്‍വചനമനുസരിച്ചുള്ള ഫാഷിസം രാജ്യത്തുണ്ടായോ എന്നതില്‍ സന്ദേഹമുണ്ടെങ്കിലും) അജണ്ടകളെയാണ് തോല്‍പ്പിക്കേണ്ടത് എന്നതില്‍ തര്‍ക്കമില്ലെങ്കിലും അതിനായി കോണ്‍ഗ്രസിനൊപ്പം ചേരണമോ എന്നതില്‍ പ്രകാശ് കാരാട്ട് നേതൃത്വം നല്‍കുന്ന, സി പി ഐ (എം) കേരള ഘടകം ഉള്‍ക്കൊള്ളുന്ന ചേരിയ്ക്ക് തര്‍ക്കമുണ്ടായിരുന്നു. ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഇപ്പോള്‍ വേഗത്തില്‍ പിന്തുടരുന്ന സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിന്റേത് എന്നും സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിലും വര്‍ഗീയത വളര്‍ത്തുന്നതിലും ഇത്തരം നയങ്ങള്‍ക്ക് പങ്കുണ്ട് എന്നും വിലയിരുത്തുന്ന കാരാട്ട് പക്ഷം, കോണ്‍ഗ്രസ് പിന്തുടര്‍ന്ന രാഷ്ട്രീയ നയങ്ങളാണ് ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് വഴിവെച്ചതെന്നും വിശ്വസിക്കുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ പേരിനുള്ള ജനാധിപത്യം പോലും ഇല്ലാതാകുമെന്നും രാജ്യം കൊടിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമെന്നുമുള്ള വസ്തുത മുന്നില്‍ നില്‍ക്കെ, കോണ്‍ഗ്രസ് അടക്കം ആരുമായും കൂട്ടുകൂടി മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന ഭരണഘടന ഉറപ്പുനല്‍കുന്ന അവസ്ഥ നിലനിര്‍ത്തുക എന്നതാണ് ഉത്തരവാദിത്തമെന്ന് യെച്ചൂരി നേതൃത്വം നല്‍കുന്ന, സി പി ഐ (എം) ബംഗാള്‍ ഘടകത്തിലെ ഭൂരിപക്ഷം ഉള്‍ക്കൊള്ളുന്ന ചേരി വിശ്വസിക്കുന്നു. വിരുദ്ധ വിശ്വാസങ്ങള്‍ തമ്മിലുളള പോര് പല പൊളിറ്റ് ബ്യൂറോ – കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്കും ചില വോട്ടെടുപ്പുകള്‍ക്കും ശേഷമാണ് ഹൈദരാബാദ് വേദിയിലെ ബലാബലത്തിലേക്കും ഒത്തുതീര്‍പ്പിലേക്കുമെത്തിയത്. ഫലം, 2004ലെ പൊതുതിരഞ്ഞെടുപ്പിലുണ്ടായതുപോലുള്ള തിരഞ്ഞെടുപ്പ് ധാരണകള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുമുണ്ടാകും. ആ ധാരണ സി പി ഐ (എം) ന് ശക്തശേഷിക്കുന്ന കേരളത്തിലും ത്രിപുരയിലും ബാധകമാകില്ല. മതനിരപേക്ഷകക്ഷികളുടെ വിശാലഐക്യം ഉറപ്പാക്കി സംഘപരിവാറിനെ അധികാരത്തിന് പുറത്തിരുത്താന്‍ നയപരമായ അഭിപ്രായഭിന്നത നിലനില്‍ക്കെത്തന്നെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയിരിക്കയാണെന്ന് കേരളത്തിലും ത്രിപുരയിലും സി പി എമ്മും പൊതുവില്‍ ഇടതുപക്ഷവും പ്രചരിപ്പിക്കും. ശേഷം സ്‌ക്രീനില്‍.

കാരാട്ട് പക്ഷം
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ പാകത്തില്‍ അടവുനയം സ്വീകരിച്ച ഇടതുപക്ഷം 64 സീറ്റ് നേടുകയും ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിനെ പുറമെ നിന്ന് പിന്തുണയ്ക്കുകയും ചെയ്തതിന് പിറകെ സി പി ഐ (എം) ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയതാണ് പ്രകാശ് കാരാട്ട്. തുടര്‍ന്നങ്ങോട്ട് 2009 വരെ പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു രാജ്യം. എ കെ ജി ഭവനില്‍ ജനറല്‍ സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനമുണ്ടെന്ന് കേട്ടാല്‍, ദേശീയ മാധ്യമങ്ങളൊക്കെ പാഞ്ഞെത്തുമായിരുന്നു. അതൊരു കാലം.
അമേരിക്കയുമായുണ്ടാക്കുന്ന ആണവകരാറിന്റെ പേരില്‍ യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ കാര്യങ്ങള്‍ മങ്ങി. പിന്നീടങ്ങോട്ട് തിരിച്ചടികളുടെ കാലം. മൂന്ന് ദശകത്തിലേറെ തുടര്‍ച്ചയായി അധികാരത്തിലിരുന്ന പശ്ചിമ ബംഗാളില്‍, സി പി ഐ (എം) (ഇടത് മുന്നണിയും) തകര്‍ന്നു. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 2009ലെ തിരഞ്ഞെടുപ്പില്‍ കുറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പില്‍ അത് കേവലം ഒമ്പതായി. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയും തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊക്കെ (ഡല്‍ഹിയും ബീഹാറും പഞ്ചാബുമൊഴികെ) വിജയിക്കുകയും ചെയ്തതോടെ, ഹതാശനായിക്കാണും പ്രകാശ് കാരാട്ട്. പഴയ പ്രൗഢിയുടെ ഓര്‍മകളില്‍ മുഴുകി ജീവിക്കയേ തരമുള്ളൂവെന്ന വിചാരത്തിലേക്ക് വീണുപോയിട്ടുണ്ടാകും. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി അപ്രഖ്യാപിത സഖ്യമുണ്ടാക്കി മത്സരിച്ചപ്പോള്‍ ഒറ്റയ്ക്ക് മത്സരിച്ച കാലത്ത് കിട്ടിയത് പോലും കിട്ടാതിരുന്നത് വിചാരത്തിന്റെ വേരുറപ്പിച്ചിട്ടുമുണ്ടാകണം. ശേഷിക്കുന്നത് ത്രിപുരയും കേരളവും. രണ്ടിടത്തും മുഖ്യഎതിരാളി കോണ്‍ഗ്രസ് (ത്രിപുരയില്‍ അത് മാറിയെന്ന് മനസ്സിലായത് മണിക് സര്‍ക്കാര്‍ പ്രതിപക്ഷ നേതാവായപ്പോള്‍ മാത്രം). ബി ജെ പിയെ എതിരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ശേഷിക്കുന്ന ഇടങ്ങളില്‍ ശോഷിക്കാനാണ് സാധ്യത. ജാതി സമവാക്യം പയറ്റുന്നതില്‍ അമിത് ഷാ കാട്ടുന്ന കൈയടക്കവും ആകെയൊരു നേതാവേയുള്ളൂവെന്ന പ്രതീതി നിലനിര്‍ത്തുന്നതില്‍ നരേന്ദ്ര മോഡി കാട്ടുന്ന പ്രാഗത്ഭ്യവും കാണുമ്പോള്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതിരുന്നാല്‍ ഒരു തുരുത്തിലെങ്കിലും ചുവപ്പ് ശേഷിച്ചേക്കും. അതല്ലേ മെച്ചമെന്ന പാര്‍ട്ടിക്കൂറാണ് കാരാട്ട് പക്ഷം.
വലിയ അപകടത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്ന് തീരുമാനിച്ചാല്‍ വിളിച്ചുവരുത്തുന്ന അപകടം ചെറുതല്ല. സാമ്പത്തിക നയത്തില്‍ യോജിപ്പ് സാധ്യമല്ല. സാമ്പത്തികനയത്തെ അധികരിച്ചാണ് സര്‍വതും. അതുകൊണ്ട് അതില്‍ വിയോജിപ്പ് നിലനില്‍ക്കെ, ഒരിടത്തും യോജിക്കാനാകില്ല. ചേര്‍ച്ചയില്ലാത്തതിനെ ചേര്‍ത്താല്‍ അലങ്കാരം വിഷമമല്ലാതെ മറ്റൊന്നാകില്ല. ആ വിഷമമെങ്ങനെ പ്രവര്‍ത്തകരെയും അനുഭാവികളെയും പരമ്പരാഗത ഇടത് വോട്ടര്‍മാരെയും ബോധ്യപ്പെടുത്തും? സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇത്രകാലം നടത്തിയ ‘പോരാട്ട’ങ്ങളൊക്കെ വര്‍ഗീയതയുടെ പേരില്‍ വിഴുങ്ങാനാകുമോ? അത് വിഴുങ്ങാമെന്ന് തീരുമാനിക്കുക, വലിയ വിപത്തിന്റെ കാലത്ത് ഇത്തരം വിഴുങ്ങലുകള്‍ വേണ്ടിവരുമെന്ന് പ്രവര്‍ത്തകരെ, അനുയായികളെ, ഇടത് വോട്ടര്‍മാരെ ബോധ്യപ്പെടുത്താമെന്നും കരുതുക. എന്നാലും തീരുമോ പ്രശ്‌നം?
ഹിന്ദുത്വ വര്‍ഗീയതയാണ് വലിയ അപകടം, അത് ക്ലാസിക്കല്‍ ഫാഷിസത്തിന്റെ നിര്‍വചനത്തിനൊപ്പിച്ച് വളര്‍ന്നാലും ഇല്ലെങ്കിലും. ആ വര്‍ഗീയതയെ തടയാന്‍ കോണ്‍ഗ്രസിനെ ആശ്രയിക്കുക എന്നാല്‍? രാജ്യസ്വാതന്ത്ര്യം ലാക്കാക്കി, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനമുണ്ടായ കാലം മുതല്‍ അതില്‍ ഹിന്ദുത്വ അജണ്ടയുടെ സമാന്തരധാരയുണ്ടായിരുന്നു. അത് മനസിലാക്കുന്നവര്‍ നേതൃത്വത്തിലുണ്ടായിരുന്നിട്ടും തടയാനായില്ല. കോണ്‍ഗ്രസ് നേതൃത്വം സവര്‍ണ ഹിന്ദുക്കളുടെ കൈവശമായതോടെ അര്‍ഹമായ സ്ഥാനം നിഷേധിക്കപ്പെടുമെന്ന തോന്നല്‍ ന്യൂനപക്ഷമായ മുസ്‌ലിംകളില്‍ വളര്‍ന്നു. അതങ്ങനെ വളര്‍ന്നുവരുന്നതിനിടെയാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ രൂപവത്കരണവും മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് രാഷ്ട്രങ്ങളെന്ന വിനായക് ദാമോദര്‍ സവര്‍ക്കറുടെ സിദ്ധാന്തവും. ഇതൊക്കെയായിട്ടും പൂര്‍ണമായും മതനിരപേക്ഷ സംഘടനായാകാന്‍ കോണ്‍ഗ്രസിന് സാധിച്ചോ? അങ്ങനെ സാധിച്ചിരുന്നുവെങ്കില്‍ സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയം നിയന്ത്രിക്കേണ്ടത് ആര്‍ എസ് എസ് ആണെന്ന് വാദിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാറിലും പ്രധാന സ്ഥാനങ്ങളിലുണ്ടാകുമായിരുന്നോ?
രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ആയുധമായി, ബാബരി മസ്ജിദിനെ മാറ്റിത്തീര്‍ക്കുന്നതിന് അതിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവസരമുണ്ടാക്കുമോ? വിഗ്രഹങ്ങള്‍ നീക്കം ചെയ്ത് പൂര്‍വസ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരണമെന്ന ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നിര്‍ദേശം ഗോവിന്ദ് ബല്ലഭ് പന്ത് നിരാകരിക്കുമോ? മഹാത്മാഗാന്ധിയുടെ വധത്തില്‍ പ്രാഥമിക ഉത്തരവാദിത്തമുണ്ടായിരുന്ന ആര്‍ എസ് എസ്സിന്റെ നിരോധം നീക്കാന്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ മുന്‍കൈ എടുക്കുമോ? അധികാരത്തില്‍ തുടരണമെങ്കില്‍ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുറപ്പാക്കണമെന്ന ചിന്തയില്‍ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും കോണ്‍ഗ്രസ് സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടുകള്‍, തീവ്ര ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടില്ലേ? പിന്നീടങ്ങോട്ട് പലകാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചത് മൃദു ഹിന്ദുത്വ നിലപാടുകളല്ലേ? കോടതി നിര്‍ദേശപ്രകാരം അടച്ചിട്ട ബാബരി മസ്ജിദ് കര്‍സേവയ്ക്കായി തുറന്നു കൊടുത്തത്, അവിടെ സ്ഥാപിച്ച വിഗ്രഹങ്ങളില്‍ ആരാധനയ്ക്ക് അവസരമൊരുക്കിയത്, ഒടുവില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ഒക്കെ കോണ്‍ഗ്രസായിരുന്നില്ലേ? അടുത്ത് നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍, ഇപ്പോള്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസ് പയറ്റുന്നത് മൃദുഹിന്ദുത്വമല്ലേ? ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയെ, സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് പുറംതള്ളാനുള്ള മതനിരപേക്ഷ ചേരിയില്‍ തത്കാലം ഉപയോഗപ്പെടുത്താനായേക്കാം. പക്ഷേ, തീവ്ര ഹിന്ദുത്വ ശക്തികളുടെ പൂര്‍വാധികം ശക്തിയോടെയുള്ള തിരിച്ചുവരവിന് വഴിയൊരുക്കുകയല്ലേ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ സഹായിക്കുക? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലല്ലേ, വര്‍ഗീയ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ കൂട്ടുന്നത് ഭാവിയില്‍ ഗുണം ചെയ്യുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത്. ബി ജെ പിയെ പുറംതള്ളാനായി 2004ലെ അടവു നയം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പുതിയ സാമ്പത്തിക സാഹചര്യങ്ങള്‍ തുറന്നിടുന്ന അഴിമതിയുടെ അവസരം ഉപയോഗിക്കപ്പെടുകയും 2014ലേതിന് സമാനമായ അവസ്ഥ സൃഷ്ടിക്കുകയും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്? കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുക എന്ന നിര്‍ദേശത്തെ കാരാട്ട് പക്ഷം എതിര്‍ത്തതിനെ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അതല്ലാതെ എന്ത് മാര്‍ഗമെന്ന കേവല യുക്തി കൊണ്ട് തള്ളിക്കളയുമ്പോള്‍ വലിയ അപകടത്തെ ഒഴിവാക്കാന്‍ ചെറിയ അപകടവുമായി കൈകോര്‍ക്കുന്നത് വലിയ അപകടത്തിന് കൂടുതല്‍ ശക്തിയാര്‍ജിക്കാനുള്ള അവസരമുണ്ടാക്കുമോ എന്ന ചോദ്യം പ്രസക്തമാണെന്ന് കൂടി ഓര്‍ക്കണം.

യെച്ചൂരി പക്ഷം
നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ തുടരുകയും ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കൂടുതല്‍ മുന്നേറും വിധത്തില്‍ വര്‍ഗീയ ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്താല്‍, മതനിരപേക്ഷ ജനാധിപത്യം തിരിച്ചുപിടിക്കുക എന്നത് അസാധ്യമാകുമെന്നാണ് വിലയിരുത്തല്‍. അത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കണമെങ്കില്‍ എന്തും ചെയ്യേണ്ടിവരും. സാമ്പത്തിക നയങ്ങളില്‍, സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാടുകളില്‍ ഒക്കെ വിയോജിക്കുമ്പോഴും കോണ്‍ഗ്രസുമായി കൈകോര്‍ക്കേണ്ടിവരും. അതാണ് അടിയന്തരാവശ്യം. അത്തരമൊരു സഖ്യമില്ലെങ്കില്‍ പശ്ചിമ ബംഗാളിലും വൈകാതെ ത്രിപുരയിലും സി പി എമ്മോ ഇടതുപക്ഷമോ മഷിയിട്ട് നോക്കിയാല്‍ കാണാത്ത അവസ്ഥയിലെത്തും. ആകയാല്‍ ശത്രുവിന്റെ ശത്രു മിത്രമെന്ന ലളിത സമവാക്യത്തിന്റെ പ്രയോഗമാണ് ആവശ്യം. മോഡി ഭരണത്തിനെതിരെ, സംഘപരിവാറിന്റെ അക്രമാസക്ത വര്‍ഗീയതയ്‌ക്കെതിരെ ഒക്കെ പൊതുവില്‍ ഉയര്‍ന്നിരിക്കുന്ന രോഷം ഉപയോഗപ്പെടുത്താന്‍ സി പി എമ്മിനോ ഇടതുപക്ഷത്തിനോ ഒറ്റയ്ക്ക് സാധിക്കാതിരിക്കുകയും കോണ്‍ഗ്രസ് – ബി ജെ പി ഇതര ബദലുകളെന്ന ആശയം മുന്‍കാലങ്ങളില്‍ പരാജയമാകുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരും ചേരുന്ന ബദലെന്നത് മാത്രമേ പ്രാവര്‍ത്തികമാകൂ. അതിലേക്കാണ് ശ്രദ്ധിക്കേണ്ടത്.

ഹൈദരാബാദിലെ കൊട്ടിക്കലാശം
രണ്ട് പക്ഷത്തും ന്യായമുണ്ട്. ചേരിയില്‍ പ്രബലം കാരാട്ട് തന്നെ. ഹൈദരാബാദിലെ കോണ്‍ഗ്രസ് വേദിയില്‍ ഇരുപക്ഷവും സ്വന്തം വാദങ്ങള്‍ ശക്തമായി ഉന്നയിച്ചു. വിട്ടുവീഴ്ചയില്ലെന്ന് ഘോഷിച്ചു. 1964നു ശേഷം കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി മറ്റൊരു പിളര്‍പ്പ് ഉണ്ടാകുമോ എന്ന് വര്‍ണ്യത്തില്‍ ആശങ്കയായി. രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികളില്‍ (കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം കാരാട്ട് പക്ഷത്തിന്റേതും ഭേഗതി നിര്‍ദേശങ്ങള്‍ യെച്ചൂരി പക്ഷത്തിന്റേതും) രഹസ്യ വോട്ടെടുപ്പ് വേണമെന്ന ആവശ്യം ശക്തവും. അതംഗീകരിക്കപ്പെട്ടാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തുടരുമോ എന്ന ശങ്കയും. എന്തായാലും വൈരുധ്യാത്മക ഭൗതികവാദ സിദ്ധാന്തത്തിന്റെ പ്രയോഗമുണ്ടായി. അങ്ങനെയാണ് കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ധാരണകളാകാമെന്നും നിശ്ചയമായത്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ 2004ലേതുപോലുള്ള ധാരണകളോ തെരഞ്ഞെടുപ്പ് സഖ്യങ്ങളോ ഉണ്ടാകുമെന്നാണ് ചുരുക്കം. ആയത്, നരേന്ദ്ര മോഡിയെ, സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സഹായകമാകുമെന്ന് യെച്ചൂരി പക്ഷവും കാരാട്ട് പക്ഷവും ഇപ്പോള്‍ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷയിലാണ് യോജിപ്പ്.

ഉപസംഹാരം
സി പി ഐ എമ്മില്‍ വിഭാഗീയപ്പോര്. രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ കേരള ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് പക്ഷം കാട്ടിയ കടുംപിടുത്തത്തിന്റെ പരാജയം. രാഷ്ട്രീയ പ്രമേയത്തിന്റെ കാര്യത്തിലും നേതൃനിരയുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും യെച്ചൂരിപക്ഷത്തിനുണ്ടായ വിജയം എന്നൊക്കെ ഇതിനെ വ്യാഖ്യാനിക്കാം. വരുന്ന മൂന്ന് വര്‍ഷം സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് എന്തായിരിക്കണമെന്നതില്‍ കൂലങ്കുഷമായ ആലോചന. അതിന്റെ കരട് തയ്യാറാക്കി പാര്‍ട്ടി അംഗങ്ങള്‍ക്കാകെ വിതരണം ചെയ്തുള്ള ചര്‍ച്ചകള്‍. അതേത്തുടര്‍ന്ന് നിര്‍ദേശിക്കപ്പെട്ട ഭേദഗതികളുടെ പരിഗണന. അതിനെച്ചൊല്ലിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍. എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയിലേക്ക് പ്രമേയം മാറ്റിക്കൊണ്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ്. ഇന്ത്യന്‍ യൂണിയനില്‍ ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാന്‍ വേണ്ടി മത്സരിക്കുന്ന ഏതെങ്കിലും പാര്‍ട്ടിയില്‍ ഇവ്വിധമൊക്കെ നടക്കുന്നുണ്ടോ? അങ്ങനെ നോക്കുമ്പോള്‍ ജനാധിപത്യത്തോട് അല്‍പ്പമെങ്കിലും കുറുകാട്ടുന്നു ഈ ‘വിഭാഗീയത’ എന്നെങ്കിലും സമ്മതിക്കേണ്ടേ. അങ്ങനെ സമ്മതിക്കുമ്പോള്‍, സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ഉരുത്തിരിഞ്ഞത്, രാജ്യത്തെ സംബന്ധിച്ചും മതനിരപേക്ഷ ജനാധിപത്യ സങ്കല്‍പ്പത്തെ സംബന്ധിച്ചും ഗുണകരമാണ് എന്ന് തന്നെ പറയണം. വര്‍ഗീയ ഫാഷിസത്തെ എതിര്‍ക്കാന്‍ പ്രതിപക്ഷ കൂട്ടായ്മയുണ്ടാകുമെന്ന തോന്നല്‍ ജനങ്ങളുടെ മനസില്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചുവെന്നും.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login