മൊഹ്സിന്‍ ഷെയ്ക്കിനെ ഓര്‍ക്കുന്നുണ്ടോ? 2014-ല്‍ പൂനെയിലുണ്ടായ വര്‍ഗീയ കലാപത്തിനിടെ മതഭ്രാന്ത് പിടിച്ച ജനക്കൂട്ടം കൊന്നുകളഞ്ഞ യുവാവ്. 28 വയസായിരുന്നു. ഐ.ടി പ്രൊഫഷണലായിരുന്നു. ഒരു സംഘര്‍ഷത്തിലും അയാള്‍ പങ്കാളിയായിരുന്നില്ല. സുപ്രീം കോടതിയുടെ വാക്കുകളില്‍ നിഷ്കളങ്കന്. പച്ച ഷര്‍ട്ടും താടിയുമാണ് മൊഹ്സിന്റെ ജീവന് വിനയായത്. അത് പറഞ്ഞത് ജസ്റ്റിസ് മൃദുല ഭട്കറാണ്. 2014 ജൂണ്‍ രണ്ടിന് ഹഡപ്സറിലൂടെ സഞ്ചരിക്കുകയായിരുന്നു മൊഹ്സിന്‍. പൂനെയില്‍ അവിടവിടെയായി സംഘര്‍ഷങ്ങളുണ്ടായിരുന്നു. അത് പതിവുള്ളതായിരുന്നു. പച്ച ഷര്‍ട്ട് ധരിച്ച മൊഹ്സിനെ ചെറുസംഘം അക്രമികള്‍ പിടികൂടി. മുസ്ലിമിനെ കൊല്ലണം എന്ന് ഹിന്ദുരാഷ്ട്ര സേന നേതാവ് ധനഞ്ജയ് ദേശായി പ്രസംഗിച്ചത് കുറച്ച് മുന്‍പായിരുന്നു. ആ പ്രസംഗത്തിന്റെ തള്ളിച്ചയിലായിരുന്നു അക്രമികളില്‍ ഒരാള്‍; ഭൂതാവേശിതനായ അയാള്‍; അതെ ജാമ്യവാദത്തില്‍ അയാള്‍ പറഞ്ഞ വാക്കാണത്; മൊഹ്സിനെ കൊന്നു. അയാള്‍ക്ക് മൊഹ്സിനെയോ മൊഹ്സിന്‍ അയാളെയോ മുന്‍പരിചയമില്ല. പക്ഷേ, കൊന്നു. നാല് വര്‍ഷം സൂപ്രീം കോടതി വരെ നീണ്ട കുറ്റവിചാരണയില്‍ അന്തിമമായി തെളിഞ്ഞ ഒറ്റക്കാര്യം മൊഹ്സിന്‍ കൊല്ലപ്പെട്ടത് മുസ്ലിം ആയതിനാല്‍ മാത്രമാണെന്നാണ്. മൊഹ്സിന്‍ മുസ്ലിമാണെന്ന് കൊന്നവന് അറിയുമായിരുന്നോ? ഇല്ല എന്നാണുത്തരം. പച്ച ഷര്‍ട്ടും താടിയും ധരിച്ച ഒരു ചെറുപ്പക്കാരന് മുസ്ലിമാണെന്ന് കൊലയാളി ധരിക്കുകയായിരുന്നു. അയാള്‍ക്ക് മൊഹ്സിനെ കൊല്ലണമെന്ന് പദ്ധതി ഉണ്ടായിരുന്നോ? ഇല്ല. അയാള്‍ക്ക് ഏതെങ്കിലും മുസ്ലിമിനെ കൊന്നാല്‍ മതിയായിരുന്നു. അങ്ങനെ അയാളില്‍ ഒരു കൊലയാവേശം ബാധിക്കാന്‍ എന്താണ് കാരണം? മുസ്ലിംകള് തന്റെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന് അയാള്‍ വിശ്വസിച്ചു. അയാളുടെ വിശ്വാസത്തിന് ഹിന്ദു രാഷ്ട്ര സേന നടത്തിയ പ്രചാരണങ്ങള്‍ ഊര്‍ജം പകര്‍ന്നു. ധനഞ്ജയ് ദേശായിയുടെ പ്രസംഗം അത് ആളിക്കത്തിച്ചു. ആ തീയില്‍ അയാള്‍ മൊഹ്സിനെ കൊന്നു.
പലവട്ടം വര്‍ഗീയ കലാപങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വേദിയായ മഹാരാഷ്ട്രയില്‍ ഒരു മൊഹ്സിന്റെ കൊലപാതകം; അതും അഞ്ച് വര്‍ഷംമുമ്പ് നടന്ന ഒരു കൊലപാതകം മാത്രം എന്തിനിപ്പോള്‍ പറയണം എന്നല്ലേ? കാരണമുണ്ട്. 2000 മുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സര്‍വസാധാരണമായി മാറുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം പിന്നിട്ടതോടെ മധ്യ ഉപരിവര്‍ഗത്തിന്റെ വ്യവഹാരങ്ങളെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്ത സോഷ്യല്‍ മീഡിയ പ്രതിഭാസത്തിന്റെ ലക്ഷണമൊത്ത ആദ്യ സംഭവമായിരുന്നു പൂനെ കൊലപാതകം. അതെ. സോഷ്യല്‍ മീഡിയ ഒന്നാം പ്രതിയായ കൊലപാതകം. 2014 ജൂണില്‍ പൂനെയിലുണ്ടായ കലാപവും മൊഹ്സിന്റെ കൊലപാതകവും സാമൂഹ്യ ജീവിതത്തിന്റെ അടിത്തറയെ അട്ടിമറിക്കാനുള്ള സോഷ്യല്‍ മീഡിയയുടെ പ്രഹരശേഷിയെ വലിയ തോതില്‍ വെളിവാക്കുന്നുണ്ട്. ശിവജിയെയും ബാല്‍ താക്കറയെയും ഗണപതിയെയും സംഭാജി മഹാരാജിനെയും പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രചാരണത്തോടെയായിരുന്നു തുടക്കം. പോസ്റ്റല്ല പോസ്റ്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് അതിവേഗം പടര്‍ന്നത്. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. നിഖില്‍ ടെയ്കോണ് എന്ന ഒരാളുടെ വാട്സാപ്പ് സന്ദേശങ്ങള്‍ നിഖില്‍ ഖാന് എന്ന പേരില്‍ പ്രചരിക്കപ്പെട്ടു. ഹിന്ദു രാഷ്ട്ര സേന പ്രതിഷേധങ്ങള്‍ ഏറ്റെടുത്തു. വിഷം വമിപ്പിക്കുന്ന വാക്കുകള്‍ കൊടുങ്കാറ്റുപോലെ വീശിയടിച്ചു. പള്ളികളും മദ്രസകളും തച്ചുതകര്‍ക്കപ്പെട്ടു. തെരുവുകള്‍ കത്തി. സര്‍ക്കാര്‍ വാഹനങ്ങള്‍ തച്ചുതകര്‍ത്തു. വാട്സാപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങളുടെ പ്രവാഹമുണ്ടായി. മൊഹ്സിന്‍ എന്ന മുസ്ലിം യുവാവ് കൊല്ലപ്പെട്ടു. കലാപമടങ്ങിയപ്പോള്‍ പൊലീസ് കണ്ടെത്തിയത് എന്തെന്നോ? ആ ഫേസ്ബുക്ക് പോസ്റ്റും തുടര്സന്ദേശങ്ങളും വ്യാജമായിരുന്നു എന്ന്. ആസൂത്രിതമായി നിര്‍മിച്ചതായിരുന്നു എന്ന്. സോഷ്യല്‍ മീഡിയ എന്തും ചെയ്യും. അതിനാല്‍ എന്തുചെയ്യണമെന്ന് നിയമവൃത്തങ്ങളും പൊതുസമൂഹവും ചിന്തിച്ചുതുടങ്ങുന്നതിന്റെ വലിയ തുടക്കമായിരുന്നു മൊഹ്സിന്റെ കൊലപാതകം.
നമ്മള് പൂനെ വിടുകയാണ്. മൊഹ്സിനും പൂനെയും ഒരു ഓര്‍മപ്പെടുത്തലായി അവിടെ നില്ക്കട്ടെ. മറ്റൊരു കാര്യം പറയാം. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ ഈ വിധത്തില്‍ രൂപപ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്കിനെയാണ് ഉദ്ദേശിക്കുന്നത്. മുപ്പത്തിയൊന്ന് ശതമാനമാണ് നിലവില്‍ അധികാരത്തിലുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വോട്ട് വിഹിതം. ഇന്ത്യയിലെ മൊത്തം വോട്ടര്‍മാരില്‍ 31 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ബി.ജെ.പിക്കുള്ളത്. നരേന്ദ്രമോഡി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ഘടകങ്ങളെക്കുറിച്ച് അനവധി പഠനങ്ങള്‍ വന്നുകഴിഞ്ഞു. അറുപത്തിയൊമ്പത് ശതമാനം പേര് എതിര്‍ത്ത് വോട്ട് ചെയ്തിട്ടും എങ്ങിനെ മൃഗീയ ഭൂരിപക്ഷത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു എന്നത് ജനാധിപത്യത്തിലെ വലിയ പ്രഹേളികയാണ്. നിശ്ചയമായും അത് എതിര്‍പ്പിന്റെ ചിതറലില്‍ നിന്ന് സംഭവിച്ചതാണ്. അനുകൂലിക്കുന്നവരുടെ ഏകീകരണത്തില്‍ നിന്നും. അതായത് അനുകൂലമായ 31 ശതമാനത്തിനെ ഏകീകരിക്കുന്നതിനൊപ്പം പ്രതികൂലമായ 69 നെ ചിതറിക്കാന്‍ കഴിഞ്ഞു. അതിവിപുലമായ ഒരു ഇലക്ഷന് തന്ത്രത്തിന് മാത്രം സാധ്യമാവുന്ന ഒന്നാണ് ആ ചിതറിക്കലും ഏകീകരിക്കലും. അത് സാധ്യമായതിന് പിന്നില്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പ്രചാരണ തന്ത്രമുണ്ടായിരുന്നു. ആ തന്ത്രത്തിന്റെ മുഖ്യകാര്‍മികത്വം സോഷ്യല്‍ മീഡിയക്കായിരുന്നു. ആസൂത്രിതമായി അസത്യങ്ങള്‍ പുറപ്പെട്ടു. സത്യം ചെരിപ്പിടുമ്പോഴേക്ക് നുണ ലോകം ചുറ്റി വരുമല്ലോ? ചെറിയ ചെറിയ പോക്കറ്റുകളില്‍ നിന്ന്, നഗര കേന്ദ്രങ്ങളില്‍ നിന്ന് ഒരേ സമയം സമാന സ്വഭാവമുള്ള പോസ്റ്റുകളും അനുബന്ധ പ്രചാരണങ്ങളും പുറപ്പെട്ടു. അത് സാധ്യമാണോ എന്ന് സംശയമുണ്ടോ? സംശയിക്കണ്ട, സാധ്യമാണ്. 2015 ജനുവരിക്കും ആഗസ്തിനുമിടയില്‍ അമേരിക്കയില്‍ സംഭവിച്ചത് നിങ്ങള്‍ക്ക് അറിയുമല്ലോ? 1108 റഷ്യന്‍ ബന്ധമുള്ള യൂ ട്യൂബ് ലിങ്കുകളാണ്, 36746 ട്വിറ്റര്‍ അക്കൗണ്ടുകളാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടത്. തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്നത് ഇപ്പോള്‍ ഒരു രഹസ്യമല്ല.
കേരളത്തിലേക്ക് വരാം. സംഘപരിവാര്‍ ബന്ധമുണ്ടെന്ന് ഏറെക്കുറെ തെളിഞ്ഞ ഏതാനും ചെറുപ്പക്കാരും അതിന്റെ പലമടങ്ങ് മുസ്ലിം ചെറുപ്പക്കാരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ജാമ്യം ലഭിച്ചവരാകട്ടെ അടുത്തകാലത്തൊന്നും അഴിയാനിടയില്ലാത്ത നിയമക്കുരുക്കുകളിലും. തികച്ചും ആസൂത്രിതമെന്ന് സംശയിക്കാവുന്ന ഒരു സോഷ്യല്‍ മീഡിയാ പ്രയോഗമാണ് അതിന്റെ പ്രയോക്താക്കളും ഗുണഭോക്താക്കളുമായ ഏതാനും സംഘപരിവാര്‍ ചെറുപ്പക്കാരെ എന്നപോലെ അതിനിരയായ നിരവധി മുസ്ലിം ചെറുപ്പക്കാരെയും അഴിക്കുള്ളിലാക്കിയത്. കശ്മീരിലെ കത്വയില്‍ അതിക്രൂരമായ ബലാല്‍സംഗത്തിനിരയായി ഒരു എട്ടുവയസുകാരി കൊല്ലപ്പെട്ടു. രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ശക്തമായ അലയൊലികള്‍ കേരളത്തിലുമുണ്ടായി. സോഷ്യല്‍ മീഡിയക്ക് വന്‍സ്വാധീനമുള്ള കേരളത്തില്‍ അതേ മീഡിയമായിരുന്നു പ്രതിഷേധത്തിന്റെ മുന്‍നിരയില്‍. മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം പ്രതിഷേധിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു പടികടന്ന് സംഘപരിവാര്‍ ഫാഷിസത്തിനെതിരെ മുന്നറിയിപ്പ് നല്കി. ഒരു മുസ്ലിം പെണ്‍കുട്ടി ഹിന്ദു മതവെറിക്കിരയായി കൊല്ലപ്പെട്ടത് സ്വാഭാവികമായും മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ രോഷമുയര്‍ത്തി. എന്നാല്‍ കേരളത്തിന്റെ പ്രഖ്യാതമായ ചരിത്രത്തിന് ചേര്‍ന്നപടി സമാധാനവും സഹവര്‍ത്തിത്വവും നിറഞ്ഞതായിരുന്നു ആ പ്രതിഷേധങ്ങള്‍ മുഴുവന്‍. ഒരു കല്ലുപോലും എങ്ങും പതിച്ചില്ല. എന്ന് കരുതി ദുര്‍ബലമായ ഒന്നായി മാറിയതുമില്ല. വലതുപക്ഷ ആശയങ്ങളെ പിന്തുണക്കുന്ന ചാനലുകള്‍ പോലും ആ കുറ്റകൃത്യത്തെ പരോക്ഷമായി ന്യായീകരിക്കാനെത്തിയ സംഘപരിവാര്‍ ‘വിദഗ്ധരെ’ രൂക്ഷമായി നേരിട്ടു. കേരളത്തിലെ സംഘപരിവാരം അതിന്റെ ചരിത്രത്തില്‍ ആദ്യമായി ബഹുജന രോഷത്തെ അഭിമുഖീകരിക്കുന്ന നിലവന്നു. അവര്‍ക്ക് ഉത്തരമില്ലാതായി. വിഷു ദിനത്തില്‍ പോലും അവള്‍ക്കൊപ്പമുള്ള ബാനറുകളുമായി കേരളത്തിന്റെ യുവത തെരുവില്‍ നിന്നു. ആ പ്രതിഷേധങ്ങള്‍ മുഴുവന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. പലതരത്തില്‍ അന്യവല്‍കരണത്തിന് ഇരയായി മാറിയിട്ടുള്ള മുസ്ലിം സമുദായം ആ ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളെ മനസുകൊണ്ട് വാഴ്ത്തി. ഏത് വലതുതേരോട്ടത്തിനിടയിലും കേരളത്തിന്റെ ബഹുസ്വരമണ്ണില് തങ്ങള്‍ ഒറ്റപ്പെടില്ല എന്ന ബോധ്യം അവരില്‍ ഉണര്‍ന്നിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ക്കലിന് ശേഷം കേരളീയ പൊതുമണ്ഡലം മുസ്ലിം ജനസാമാന്യത്തിന്റെ അഗാധമായ ദുഃഖത്തെ പൊതുവല്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ചുറ്റും പരക്കുന്ന കൂരിരുളിലും തരിവെട്ടമാണ് കേരളത്തിലെ പൊതുമണ്ഡലമെന്ന് കേരളീയ മുസ്ലിംകള് തിരിച്ചറിഞ്ഞു. മുസ്ലിമായതിനാലാണ് അവള് കൊല്ലപ്പെട്ടതെന്ന ബാനറുകള്‍ ഉയര്‍ത്തിയത് സംഘ് ഇതര കേരളം ഒരുമിച്ചായിരുന്നു. ആ പെണ്‍കുട്ടി കടന്നുപോയ ക്രൂരമായ നിമിഷങ്ങളെ ഓര്‍ത്ത് സത്യസന്ധമായ വിലാപങ്ങള്‍ ഈ മണ്ണിലുയര്‍ന്നു. ഞങ്ങള്‍ നിങ്ങള്‍ എന്ന് അപരവല്‍കരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്നവര്‍ക്കുള്ള താക്കീതുകൂടിയായിരുന്നു കത്വ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള പ്രതിഷേധത്തിലെ ഒരുമ.
ഏപ്രില്‍ പതിനാറ് തിങ്കളാഴ്ചയാണ് ആ ഐക്യത്തിന് മേല്‍ ആദ്യ അടി വീണത്. വിഷു ആയിരുന്നു ഞായറാഴ്ച. കേരളത്തിലെ ഹിന്ദുക്കളുടെ ആഘോഷം. കേരളത്തിന്റെ പൊതുപാരമ്പര്യമനുസരിച്ച് സര്‍വമതസ്ഥരും കൂടിക്കലരുന്ന ഉല്‍സവം. വിഷുപ്പിറ്റേന്ന് പലവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ മനുഷ്യര്‍ ചില പോക്കറ്റുകളിലെ അസാധാരണ ആള്‍ക്കൂട്ടം കണ്ട് അമ്പരന്നു. അപ്രഖ്യാപിത ഹര്‍ത്താല്‍. എവിടെ നിന്നോ വന്നെത്തിയ ചെറുപ്പക്കാര്‍ വാഹനങ്ങള്‍ തടയുന്നു. ആളുകളെ കയ്യേറ്റം ചെയ്യുന്നു. അക്രമാസക്തമായ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രകടനം നടത്തുന്നു. ആ മുദ്രാവാക്യങ്ങളില്‍ മുസ്ലിം പദാവലികള്‍ ഉയരുന്നു. വിഷുപ്പിറ്റേന്നാണ്. ആഘോഷനന്തര യാത്രകള്‍ ഏറെയും നടത്തുക ഹിന്ദു വിശ്വാസികളാണ്. സ്വാഭാവികമായും അവര്‍ ബുദ്ധിമുട്ടി. പ്രകടനം നടത്തിയതും വാഹനങ്ങള്‍ തടഞ്ഞതും ഭൂരിപക്ഷം മുസ്ലിം യുവാക്കളായിരുന്നു. ഞങ്ങളുടെ പെണ്‍കുട്ടിയെ കൊന്ന നിങ്ങള്‍ക്കെതിരില്‍ എന്ന നിലയില്‍ വര്‍ത്തമാനങ്ങളുണ്ടായി. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ഹര്‍ത്താല്‍ തീവ്രമായി. പരപ്പനങ്ങാടി പോലുള്ള ചിലയിടങ്ങളില്‍ റോഡുകളില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന് സുഭാഷ് ചന്ദ്രനെയും വൃദ്ധമാതാവ് അടക്കമുള്ള കുടുംബാംഗങ്ങളെയും തടഞ്ഞു. കാര്യമന്വേഷിച്ച സുഭാഷ് ചന്ദ്രന് പരുഷമായ മറുപടിയാണ് ലഭിച്ചത്. ആരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് എന്നറിയാതെ പൊലീസ് കുഴങ്ങി. ഹര്‍ത്താല്‍ കേരളത്തില്‍ ആദ്യമല്ല. മൂന്നാളുടെ അംഗബലം പോലുമില്ലാത്തവര്‍ ഹര്‍ത്താല്‍ ്രപഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഒരു കേന്ദ്രം ഉണ്ടാകുമായിരുന്നു. ഹര്‍ത്താലില്‍ അവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകുമായിരുന്നു. അതേ; ഉത്തരവാദിത്തം. അക്രമം പരിധിവിട്ടാല്‍ തടയാന്‍ കഴിഞ്ഞേക്കുന്ന ഏജന്‍സി. അങ്ങനെയുണ്ട്. ചിലരെങ്കിലും കരുതുന്ന പോലെ ഹര്‍ത്താലിലോ സമരങ്ങളിലോ അക്രമമുണ്ടാകുന്നത് അത്ര യാദൃച്ഛികമല്ല.
ഇവിടെ അതുണ്ടായില്ല. ഹര്‍ത്താലിന് പൊതു ഇടത്തില്‍ ആഹ്വാനമുണ്ടായില്ല. ചില വാട്സാപ്പ് ഗ്രൂപ്പുകളില്‍ അത് പ്രചരിക്കുകയായിരുന്നു. ഏത് ആരുടെ ഗ്രൂപ്പ് എന്താണ് ഈ ആഹ്വാനത്തിന്റെ ലക്ഷ്യം എന്നൊന്നും ആരും ആരാഞ്ഞില്ല. മുസ്ലിം യുവാക്കള്‍ സ്വയം സജ്ജരായി വന്ന ഹര്‍ത്താല്‍ എന്ന് ന്യായീകരണമുണ്ടായി. ജമാ അത്തെ ഇസ്ലാമി ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനല്‍ തല്‍സമയ റിപ്പോര്‍ട്ടുകളുമായി ഇറങ്ങിക്കളിച്ചു. ജനകീയ ഹര്‍ത്താല്‍ എന്ന് വിശേഷണം നല്കി; അഥവാ ആരോ നല്കിയ വിശേഷണത്തെ മുന്നും പിന്നും നോക്കാതെ പ്രചരിപ്പിച്ചു. തുര്ക്കിയിലുള്പ്പടെ അനിവാര്യ ചരിത്ര സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവന്ന മുല്ലപ്പൂ വിപ്ലവത്തോടുപോലും ഈ നാഥനില്ലാഹര്ത്താല് ഉപമിക്കപ്പെട്ടു. കത്വയിലെ പെണ്‍കുട്ടി ഒരു മുസ്ലിം പ്രശ്നമായി മാറി. നിശ്ചയമായും അതൊരു മുസ്ലിം പ്രശ്നമാണ്. മുസ്ലിമിനോടുള്ള വംശീയതയാണ് ക്രൂരമായ ആ ബലാല്‍സംഗത്തിന്റെ കാരണം. ഫാഷിസ്റ്റുകളുടെ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി ചരിത്രത്തില്‍ എല്ലായ്പ്പോഴും ബലാല്‍സംഗവും ചെറിയ പെണ്‍കുട്ടികളുടെ കൊലപാതകവും നടമാടിയിട്ടുണ്ട്. പക്ഷേ, മുസ്ലിം പ്രശ്നമായിരിക്കേ ഫാഷിസത്തിനെതിരായ പൊതു പ്രശ്നമായി മാറി എന്നതായിരുന്നു കത്വ സംഭവത്തിനെതിരായി കേരളത്തില്‍ നടന്ന ്രപതിഷേധങ്ങളുടെ സ്വഭാവം. അത് അട്ടിമറിക്കപ്പെട്ടു. സാമുദായികമായ പിളര്‍പ്പ് ദൃശ്യമായി. ഹര്‍ത്താലും അനുബന്ധ അക്രമങ്ങളും മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കി. അതുവരെ പ്രതിരോധത്തിലായിരുന്ന സംഘപരിവാര്‍ സടകുടഞ്ഞ് എഴുന്നേറ്റു. അതുവരെ ദൃശ്യമാധ്യമങ്ങളില്‍ ദൃശ്യമായിരുന്ന ഐക്യദാര്‍ഢ്യങ്ങള്‍ മുസ്ലിം വിരുദ്ധ പൊതുബോധത്തിലേക്ക് മാറി. സംഘപരിവാരം ആഗ്രഹിച്ചത് നടന്നു. ജമാഅത്തെ ഇസ്ലാമി ഉടമസ്ഥതയിലുള്ള മാധ്യമം ദിനപ്പത്രം ജനകീയ ഹര്‍ത്താലിനെ ചെറുപ്പക്കാരുടെ സ്വാഭാവിക ്രപതിഷേധമായി വാനോളം വാഴ്ത്തി മുഖപ്രസംഗമെഴുതി. ജനകീയ ഹര്‍ത്താലിനെ പിന്തുണച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ നാസറുദ്ദീന്‍ എളമരത്തിന്റെ പ്രസ്താവനയും വന്നു. ചെറുപ്പക്കാരിതാ സ്വയം സംഘടിച്ച് പ്രതിഷേധിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്ലാദം. സോഷ്യല്‍ മീഡിയ വാദപ്രതിവാദങ്ങളുടെ കേന്ദ്രമായി. പോസ്റ്റ് ട്രൂത്ത് വ്യവഹാരങ്ങളില്‍ ആ വാദപ്രതിവാദങ്ങള്‍ മുങ്ങിക്കുളിച്ചു. ജമാഅത്തെ ഇസ്ലാമി- പോപ്പുലര്‍ ഫ്രണ്ട് അനുഭാവികള്‍ വിദ്വേഷം വളര്‍ത്തുന്ന അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഹര്‍ത്താലിനെ എതിര്‍ത്തവരെ സംഘപരിവാറായി ചാപ്പ കുത്തി. അന്തരീക്ഷം കലങ്ങി മറിഞ്ഞു. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ പടക്കം പൊട്ടി. പൂത്തിരി കത്തി. അവര്‍ വിഷു ആഘോഷം തുടങ്ങി.
കാര്യങ്ങള്‍ പെട്ടെന്ന് തലകീഴ് മറിഞ്ഞു. കടുത്ത വര്‍ഗീയ സംഘര്‍ഷത്തിന്റെ വക്കില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു കേരളമെന്ന് പൊലീസ് മണത്തറിഞ്ഞു. മുസ്ലിം സമുദായത്തിലെ അതിന്യൂനപക്ഷമായ ഒന്നോ രണ്ടോ വിഭാഗങ്ങള്‍ കൈ മെയ് മറന്ന് പ്രോല്‍സാഹിപ്പിക്കുകയും സര്‍വ പാര്‍ട്ടികളിലും പെട്ടവരും ഒരു പാര്‍ട്ടിയിലും പെടാത്തവരുമായ മുസ്ലിം ചെറുപ്പക്കാര്‍ ആ പ്രോല്‍സാഹനത്തില്‍ വീണുപോവുകയുമായിരുന്നു എന്ന് തെളിഞ്ഞു. വ്യാപക അറസ്റ്റുണ്ടായി. അപ്പോള്‍ മുസ്ലിം വേട്ട എന്ന് വിലാപവുമുണ്ടായി. പിടിയിലായവരുടെ സംഘടനാ ബന്ധങ്ങള്‍ ചുണ്ണാമ്പുതൊട്ടെണ്ണി ദാ ഞങ്ങള്‍ മാത്രമല്ല എന്ന് ന്യായം ചമക്കാന്‍ ഒരു വിഭാഗം രംഗത്തുവന്നു. പൊലീസ് പിടിമുറുക്കി. സൈബര്‍ വിംഗ് ജാഗ്രത്തായി. അപ്പോഴതാ ആ ചെമ്പ് തെളിഞ്ഞു വന്നു. ആസൂത്രിതമായിരുന്നു എല്ലാം. സംഘപരിവാറിന്റെ കെണിയായിരുന്നു ഹര്‍ത്താല്‍. കടുത്ത ഹിന്ദു രാഷ്ട്രീയം സൂക്ഷിക്കുന്ന ഒരു യുവാവിന്റെ ബുദ്ധിയായിരുന്ന ആ ആഹ്വാനം. അങ്ങനെയൊന്ന് ഇപ്പോള്‍ അനുയോജ്യമല്ല എന്നും അത് മതപരമായ സംഘര്‍ഷങ്ങള്‍ക്കും ചേരിതിരിവുകള്‍ക്കും കാരണമാകും എന്നും ചിന്തിക്കാതെ ആ ചൂണ്ടയില്‍ കൊത്തുകയായിരുന്നു ഒരു വിഭാഗം എടുത്തുചാട്ടക്കാര്‍. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫണ്ടും നിരുത്തരവാദപരവും കേരളീയ മുസ്ലിംകളെ അപകടപ്പെടുത്തുന്നതുമായ ആ എടുത്തുചാട്ടത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. മാധ്യമം പത്രവും ചാനലും ജനസഞ്ചയ രാഷ്ട്രീയമെന്ന വലിയ ആശയത്തെ എഴുന്നെള്ളിച്ചാണ് ഈ കെണിയെ വെള്ളപൂശിയത്. അതിന് വില കൊടുക്കേണ്ടി വന്നതോ.
സോഷ്യല്‍ മീഡിയ രാഷ്ട്രീയ ആയുധമായി ്രപയോഗിക്കപ്പെട്ടതിന്റെ മികവില്‍ മികച്ച ഉദാഹരണമായി ഈ നാഥനില്ലാ ഹര്‍ത്താല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. ഹര്‍ത്താലിന് നാഥന് വേണമോ എന്ന മറുചോദ്യം ഉണ്ട്. പ്രത്യക്ഷത്തില്‍ പുരോഗമനപരം എന്ന് തോന്നും എങ്കിലും അപകടകരമായ അരാഷ്ട്രീയ വാദത്തെ മുന്നോട്ട് വെക്കുന്ന ചോദ്യമാണത്. ഹര്‍ത്താല്‍ ഒരു സമരായുധമാണ്. നിര്‍ബന്ധവും ബലവും ഉപയോഗിച്ച് പ്രയോഗിക്കേണ്ട സമരായുധം. അതിന് ഉത്തരവാദിത്തമുള്ള ഉറവിടം വേണം. കാരണം ആയുധം കൈവിട്ട് പോകാന്‍ എല്ലാ സാധ്യതയുമുള്ള ഒന്നാണ്. അപ്പോള്‍ കൈ പോലും പിന്നിലില്ലാത്ത ആയുധത്തിന്റെ വഴി വിട്ട പോക്ക് ആലോചിച്ച് നോക്കൂ.
മൊഹ്സിന്‍ ഷെയ്ക്കില്‍ നിന്ന് മോഡി വിജയത്തിലേക്കും കേരളത്തെ മതപരമായി പിളര്‍ത്താന്‍ ശ്രമിച്ച ഹര്‍ത്താലിലേക്കും വന്നത് മറ്റൊരു കാര്യം പറയാനാണ്. അത് സോഷ്യല്‍ മീഡിയ എന്ന പ്രതിഭാസത്തെക്കുറിച്ചാണ്. മൂന്നിടത്തും നമ്മള് കണ്ടത് സോഷ്യല്‍ മീഡിയയുടെ അഭിപ്രായ രൂപീകരണ ശേഷിയെ വിനാശകരമായി, ജനാധിപത്യ വിരുദ്ധമായി ഉപയോഗിക്കുന്നത് എങ്ങനെയെന്നാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഗതിയെ നിര്‍ണയിക്കുന്ന ശക്തിയായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞെന്ന കണ്ടെത്തലുകള്‍ നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞതാണ്. ഈ ജനതയുടെ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നുണ്ട് എന്ന് നമ്മളിപ്പോള്‍ മനസിലാക്കി വരുന്നുണ്ട്. അതിനപ്പുറം മറ്റൊന്ന് കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. അത് ഒരു വ്യാജ പൊതുബോധത്തിന്റെ രൂപപ്പെടലാണ്. നമുക്കറിയാം ജനാധിപത്യം എന്നത് ഒരു പൊതുബോധത്തിന്റെ തണലില്‍, ഒരു പൊതുബോധത്തിന്റെ ചലനാത്മകതയില്‍ പ്രവര്‍ത്തന നിരതമാകുന്ന ഒന്നാണെന്ന്. ആ പൊതുബോധം വ്യാജമായി നിര്‍മിക്കപ്പെട്ടാല്‍ എന്താണ് സംഭവിക്കുക. നമ്മുടെ ജനാധിപത്യം ഭീഷണിയിലാവും. ചില സൂചനകള്‍ നമുക്ക് ചര്‍ച്ച ചെയ്യാം.
ലൈവ് മിന്റ് 2017-ല്‍ പുറത്ത് വിട്ട കണക്കു പ്രകാരം ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 24 കോടിയാണ്. ട്വിറ്ററിന് രണ്ട് കോടിയും. ട്വിറ്ററിലെ രണ്ട് കോടി എന്നത് ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ അഭിപ്രായ രൂപീകരണ ശേഷിയുള്ള, ഭാഷാ ൈവദഗ്ധ്യമുള്ള രണ്ട് കോടി ആണെന്ന് ഓര്‍ക്കണം. 4 ജി യുടെ വരവോടെ സോഷ്യല്‍ മീഡിയയുടെ ചലനക്ഷമത പതിന്മടങ്ങായി. കേരളത്തിലെ മൊത്തം കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. ഊഹിക്കാവുന്നതേയുള്ളൂ. മധ്യ ഉപരി വര്‍ഗ യൗവനം പൂര്‍ണമായും ഫേസ്ബുക്ക് ഉപഭോക്താക്കളാണ്. കാഴ്ചക്കാരായും ഇടപെടലുകാരായും.
കാഴ്ചക്കാരായും ഇടപെടലുകാരായും എന്ന പ്രയോഗം ബോധപൂര്‍വമാണ്. കാഴ്ചയാണ് ബോധത്തെ പ്രാഥമികമായി നിര്‍ണയിക്കുന്നത്. ശബ്ദമല്ല, കാഴ്ചയാണ്. കാഴ്ച അടിച്ചുറപ്പിക്കും. ജനാധിപത്യം ചലനാത്മകമാകുന്നത് എങ്ങനെ എന്ന അന്വേഷണം ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഉടനീളം ഉണ്ടായിട്ടുണ്ട്. അത് ജനാധിപത്യത്തില്‍ ഇടപെടുന്ന മനുഷ്യരുടെ പ്രയത്നഫലമാണ്. കണ്മുന്നിലെ യാഥാര്‍ത്ഥ്യങ്ങളോട്, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളോടുള്ള പ്രതികരണമാണത്. പ്രതികരണം ജീവനുള്ളവയുടെ മുഴുവന്‍ ലക്ഷണമാണ്. സംഭവഗതികളോട് ചരിത്രത്തെയും ഭാവിയെക്കുറിച്ചുള്ള ദര്‍ശനങ്ങളെയും ചേര്‍ത്ത് വെച്ച് പ്രതികരിക്കുക എന്നത് തീര്‍ത്തും മനുഷ്യ സഹജവും. ഈ പ്രതികരണം രൂപപ്പെടുന്നത് ഒരു പ്രോസസിലൂടെയാണ്. ഒരു സംഭവം ഉണ്ടാകുന്നു; അഥവാ ജനാധിപത്യം നിശ്ചയമായും പ്രശ്നവല്‍കരിക്കേണ്ട ഒരു സംഭവം ഉണ്ടാകുന്നു. അപ്പോള്‍ ആ സംഭവത്തെ മനുഷ്യര്‍ അല്ലെങ്കില്‍ മനുഷ്യരുടെ കൂട്ടമായ സംഘടനകള്‍ കാണുന്നു, മനസിലാക്കുന്നു, വിശകലനം ചെയ്യുന്നു. അതില്‍ നിന്ന് സംഘടിതമായ പ്രതികരണങ്ങള്‍ ഉരുവാകുന്നു. ലോകചരിത്രത്തിലെ മുഴുവന്‍ സാമൂഹിക മാറ്റങ്ങളുടെ അടിവേരുകളിലും ഈ പ്രതിഭാസത്തെ ദര്‍ശിക്കാം.
നവോത്ഥാനകാലം മുതല്‍ രണ്ടായിരത്തിന്റെ തുടക്കം വരെയുള്ള കേരളത്തെ സങ്കല്പിക്കുക. കേരളത്തില്‍ എമ്പാടും നടന്ന മുന്നേറ്റങ്ങളുടെ ചരിത്രം ഓര്‍മിക്കുക. തൊഴില്‍, വിദ്യാഭ്യാസം, ജാതീയത, സാക്ഷരത, ഗതാഗതം തുടങ്ങിയ നാനാവിഷയങ്ങളെ രാഷ്ട്രീയവും സംഘടനാപരവുമായി സമീപിച്ച് നടന്ന പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തെ മാറ്റിയെടുത്തത് എങ്ങനെയെന്ന് കാണുക. യുവത എന്ന വാക്ക് മുഴങ്ങിയിരുന്നത് എങ്ങനെയെല്ലാമെന്ന് കാണുക. എന്നിട്ട് കഴിഞ്ഞ പത്താണ്ടിലെ കേരളം ചര്‍ച്ച ചെയ്തതും പ്രതിഷേധിച്ചതുമായ വസ്തുതകളെ എണ്ണിയെടുക്കുക. ഭയപ്പെടുത്തുന്ന ഒരു തണുപ്പ് ഇപ്പോള്‍ നിങ്ങളെ പൊതിയും. പ്രളയം പോലെ പെരുകിയ, പ്രക്ഷോഭങ്ങള്‍ പോലുമായ വിഷയങ്ങള്‍ തിരതള്ളി വരും. തിരമാലകളെന്ന പോല്‍ അത് വന്ന പോലെ പോയ്മറയും. ഇതാണ് വിപ്ലവം, ഇതാ കേരളം മാറുന്നു എന്ന വമ്പ് പറഞ്ഞ മുന്നേറ്റങ്ങള്‍ എവിടെപ്പോയി? അടിസ്ഥാന ജീവിതം അവനവനിലേക്ക് ചുരുങ്ങുന്നതിലപ്പുറം എന്താണ് സംഭവിച്ചത്.
മനുഷ്യരെ തുരുത്തുവല്കരിക്കുക എന്ന ഒരു ആശയമുണ്ട്. ഉത്തരാധുനികതയുടെ പ്രാരംഭകാലത്ത് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണത്. ബൃഹദ് ആഖ്യാനങ്ങളെ, വലിയ ലോകത്തെ കൊച്ചു കൊച്ചു ഖണ്ഡങ്ങളാക്കിയാണല്ലോ ഉത്തരാധുനികത തെഴുത്തത്. പ്രശ്നങ്ങളെ പൊതുവായി കണ്ടുള്ള പരിഹാരങ്ങള്‍ അവസാനിക്കുന്ന മട്ടായി. വലിയ മുന്നേറ്റങ്ങളെ ഒഴിവാക്കാന്‍ ആധുനികാനന്തര മുതലാളിത്തം നടത്തിയ ശ്രമങ്ങളുടെ സാമൂഹിക ഫലമാണ് ഈ അവസ്ഥ. ഇത്തരം തുരുത്തുവല്കരണത്തിന്റെ ഒരു തലം നിങ്ങള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. പക്ഷേ, ഇത്തരം തുരുത്തു വല്കരണം വലിയ അശാന്തികളെ സൃഷ്ടിക്കുന്നുണ്ട്. പ്രതികരിക്കാനുള്ള സഹജമായ ത്വര മനുഷ്യന് ഏറെ നാള് അടക്കിവെക്കാന്‍ ആവില്ല. അത് പൊട്ടിത്തെറിക്കും. അപ്പോള്‍ പ്രതികരിച്ചു എന്ന് സമാശ്വസിക്കുന്ന ഒറ്റ മനുഷ്യനെ സൃഷ്ടിക്കുകയാണ് പോംവഴി. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
അങ്ങനെയാണ് കലങ്ങി മറിയുന്ന ലോകത്തെ സ്ക്രീനുകളിലൂടെ കണ്ട് അവര്‍ക്കൊപ്പം കലങ്ങി എന്ന് പോസ്റ്റുകളിലൂടെയും ലൈക്കുകളിലൂടെയും സ്വയം വിചാരിച്ച്, അകമേ ഒട്ടും കലങ്ങാതെ ഉറങ്ങിപ്പോകുന്ന മനുഷ്യര്‍ ഇതാ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
കെ കെ ജോഷി
You must be logged in to post a comment Login