‘ഇമ്മ ഖുര്‍ആന്‍ ഓതും. ഉള്ളടക്കം അറിയില്ല. പക്ഷെ ഖുര്‍ആന്‍ ഓതുന്നത് പൂര്‍ണ്ണ ഭക്തിയോടെയാണ്. അന്ന് പരുക്കന്‍ ഭൗതികവാദത്തിന്റെ കാലത്ത് ഞാന്‍ വിചാരിച്ചിരുന്നത് അര്‍ത്ഥം അറിയാതെ ഉരുവിടുന്നത് കൊണ്ട് എന്ത് കാര്യം എന്നതാണ്. ഇ എം എസ് അര്‍ത്ഥമറിയാത്ത ഋഗ്വേദ പഠനത്തിന്റെ പരിമിതിയെക്കുറിച്ച് പറയുന്നുണ്ടല്ലോ? പിന്നെ അല്പം ആഴത്തില്‍ പരിശോധിച്ചപ്പോള്‍ ബോധ്യമായത്, അര്‍ത്ഥത്തിനപ്പുറത്തുള്ള എന്തൊക്കെയോ കാര്യങ്ങള്‍ ഇമ്മ സ്വാംശീകരിച്ചിട്ടുണ്ട് എന്നാണ്. അതിന്റെ നന്മ അവരുടെ ജീവിതത്തിലുണ്ടായിരുന്നു. പിന്നീട് പാലിയം സമരത്തെക്കുറിച്ചൊക്കെ വായിക്കുമ്പോള്‍ ഇത് കൂടുതല്‍ മൂര്‍ത്തമായി അനുഭവപ്പെട്ടു. പാലിയം സമര കാലത്ത് രമത്തമ്പുരാട്ടിയും ഇന്ദിരത്തമ്പുരാട്ടിയും കര്‍ഷകത്തൊഴിലാളികള്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നു. അക്ഷര ശുദ്ധിയില്‍ അവര്‍ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് വിളിക്കുകയാണ്. കര്‍ഷകത്തൊഴിലാളികള്‍ ‘ഇങ്കിലാബി സിന്ദാബി’ എന്നാണ് വിളിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ തമ്പുരാട്ടിമാര്‍ക്ക് ദേഷ്യം വന്നു. നിങ്ങള്‍ വിളിക്കുന്നതിന്റെ അര്‍ത്ഥം അറിയുമോ എന്നവര്‍ ചോദിച്ചു. ”നന്നായറിയാം, പാലിയത്തച്ഛന്റെ തല തെറിക്കട്ടെ എന്നല്ലേ?” എന്ന് തൊഴിലാളികള്‍ തിരിച്ചുചോദിച്ചു. ഇന്‍ക്വിലാബിന് ആ സമര സന്ദര്‍ഭത്തില്‍ നല്‍കാവുന്നതിന്റെ പരമാവധി പൊരുള്‍ അവര്‍ പറഞ്ഞതിന്റെ ആ അര്‍ത്ഥത്തിലുണ്ടായിരുന്നു. തമ്പുരാട്ടിമാര്‍ ചോദ്യം ചെയ്തതില്‍ തെറ്റില്ല. പക്ഷെ അവരുടെയടക്കം കാഴ്ച്ചപ്പാടിനെ മൗലികമായി തിരുത്തുന്ന ശരാശരി ശരിക്ക് സ്വപ്‌നം കാണാനാകാത്ത മഹാശരിയുടെ ലോകത്തേക്കാണ് ഈ നിരക്ഷരരായ, എന്നാല്‍ സമര വീര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന തൊഴിലാളികള്‍ വന്നത്. ഇമ്മ ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഇതെന്തു പാഴ്‌വേലയാണ്, ചുരുങ്ങിയത് അര്‍ത്ഥം ഉള്‍ക്കൊണ്ടുവേണ്ടേ വായിക്കാന്‍ എന്ന് പരുക്കന്‍ ഭൗതിക വാദത്തിന്റെ കാലത്ത് എനിക്ക് തോന്നിയിരുന്നു. പിന്നീട്, ഇമ്മയുടെ ജീവിതത്തിലൂടെ കടന്ന് പോവുമ്പോള്‍ അവര്‍ക്കുണ്ടായിരുന്ന നന്മ, സത്യത്തില്‍ ഇത്തരത്തിലുള്ള പാരായണത്തിന്റെയും അവരുടെ മത ജീവിതത്തിന്റെയും ഭാഗമായിട്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞു’.
കേരളത്തിലെ പ്രമുഖ ഇടത് ചിന്തകനായ കെ ഇ എന്‍ തന്റെ ജീവിത യാത്രയുടെ, പരിവര്‍ത്തനങ്ങളുടെ ഘട്ടങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മാതാവിനെ ഓര്‍മ്മിക്കുന്ന ഭാഗമാണ് മുകളില്‍. കെ ഇ എന്നിനെ കേരളം ഒരുപാട് വായിക്കുകയും കേള്‍ക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. അതേ സമയം അദ്ദേഹത്തിന്റെ ‘ഇമ്മ’യെക്കുറിച്ച്, പാരമ്പര്യ സുന്നീ മുസ്‌ലിം കുടുംബങ്ങളിലെ ഒരുപാട് ഉമ്മമാരെക്കുറിച്ച് നാം എത്ര കേള്‍ക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. ഉമ്മയുടെ ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചുള്ള ബോധ്യങ്ങള്‍ കെ ഇ എന്നിന് തന്റെ ജനാധിപത്യത്തിന്റെ വികാസവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അദ്ദേഹത്തിന്റെ ‘ഇമ്മ’യുടെ ജീവിതത്തില്‍ എന്തായിരിക്കും അര്‍ത്ഥമറിയാതെയുള്ള ആ ഓത്ത് ചെയ്ത് കൊണ്ടിരുന്നത്? അവരുടെ ജീവിതവും ഭാവനകളും ആധുനികതയുടെയും യുക്തി ചിന്തയുടെയും ഒഴുക്കിനിടയില്‍ എന്തുകൊണ്ടാണ് ആരും കേള്‍ക്കാതെ പോയത്? ശബ്ദമില്ലാത്തവര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, എഴുത്തോ വായനയോ അറിയാത്തവര്‍ എന്ന് തുടങ്ങി സലഫി നവോത്ഥാനവാദം അടക്കമുള്ള ഒരുപാട് അധീശ ആഖ്യാനങ്ങള്‍ ആവര്‍ത്തിച്ച് ചാപ്പയടിച്ച ഒരു വലിയ സമൂഹത്തിന്റെ ലോകത്തെക്കുറിച്ച് അവരുടെ ബൗദ്ധിക, സൗന്ദര്യ ലോകത്തെക്കുറിച്ച്, കെ ഇ എന്‍ പറയുന്നത് പോലെ കേവലാര്‍ത്ഥങ്ങള്‍ക്കപ്പുറത്ത് അവര്‍ സ്വാംശീകരിച്ച നന്മകളെക്കുറിച്ച് എന്തേ ആരും പറയാതിരുന്നത്? സംസാരിച്ചും, കേള്‍ക്കാനുമുള്ള സമയം അതിക്രമിച്ചിട്ടുണ്ട്. ഇതില്‍ ബൗദ്ധിക ഇടപാടുകളെക്കുറിച്ചാണ് അല്‍പ്പമെങ്കിലും ആരോഗ്യപരമായ പഠനങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ളത്. മുസ്‌ലിം സ്ത്രീയുടെ സൗന്ദര്യാത്മക ജീവിതത്തെ കുറിച്ചുള്ള എല്ലാ ആലോചനകളും അവരുടെ വസ്ത്രത്തിലും മാപ്പിളപ്പാട്ടുകളിലും തങ്ങി നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇവക്കിടയില്‍ ഖുര്‍ആനുമായി ബന്ധപെട്ട് മുസ്‌ലിം ജീവിതത്തില്‍ നിലനില്‍ക്കുന്ന സൗന്ദര്യാത്മക ഇടപാടുകളെക്കുറിച്ചുള്ള ആലോചനകള്‍ വിരളമാണ് എന്ന് കാണാം.
ഖുര്‍ആന് മുസ്‌ലിംകള്‍ക്കിടയില്‍ ഒരുപാട് ജീവിതങ്ങളുണ്ട്. ഖുര്‍ആന്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്ന ചിന്തയുടെ ലോകമാണ് ഒന്ന്. ഖുര്‍ആനുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ലോകത്ത് വളര്‍ന്നുവന്ന വിശാലമായ വ്യവഹാരങ്ങളുടേയും ജ്ഞാന ശാഖകളുടേയും മേഖലയാണത്. അതോടൊപ്പം, ഖുര്‍ആനില്‍ ശിഫ (രോഗ ശാന്തി) കണ്ടെത്തുന്നവരുടെയും, മന്ത്രിക്കുന്നവരുടെയും എഴുതിക്കുടിക്കുന്നവരുടെയും ലോകവുമുണ്ട്. അവിടെ ഖുര്‍ആന്റെ ഭൗതിക രൂപമായ അക്ഷരങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്. ഖുര്‍ആന്‍ വാക്യങ്ങള്‍ എഴുതി കഴുകിക്കുടിക്കുക എന്ന പ്രവര്‍ത്തിയിലൂടെ ഖുര്‍ആനെ അക്ഷരാര്‍ത്ഥത്തില്‍ ശരീരത്തിലേക്ക് പകര്‍ത്തുകയാണ് വിശ്വാസികള്‍. അതോടൊപ്പം ഖുര്‍ആന്റെ സൗന്ദര്യാത്മകമായ പാരായണത്തിന്റെയും കലിഗ്രഫി അടക്കമുള്ള കലാരൂപങ്ങളുടെയും മറ്റു ലോകങ്ങളും. ഇവിടെ ഖുര്‍ആന്റെ സൗന്ദര്യാത്മക (മലേെവലശേര) ജീവിതം എന്നത് കൊണ്ട് കേള്‍വി, കാഴ്ച്ച തുടങിയ ഇന്ദ്രിയാനുഭവങ്ങളെ സ്വാധീനിക്കുന്ന ഖുര്‍ആന്റെ മാനങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ഇസ്‌ലാമിലേക്കുള്ള ആദ്യകാല പരിവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഖുര്‍ആന്‍ വ്യക്തികളെ പല രീതിയില്‍ സ്വാധീനിക്കുന്ന ചിത്രങ്ങള്‍ കാണാനാവും. അറേബ്യയിലെ ഏറ്റവും പ്രശസ്തനായ കവി ആയിരുന്ന ലബീദ് ഇസ്‌ലാമിലേക്ക് കടന്നുവരുന്നത് ഖുര്‍ആന്‍ വായിക്കുകയും അതിന്റെ സാഹിത്യപരമായ ഔന്നിത്യത്തില്‍ ആകൃഷ്ടനാവുകയും ചെയ്തുകൊണ്ടാണ്. അതേ സമയം തിരുനബിയുടെ(സ) ജീവനെടുക്കാന്‍ തിരിച്ച ഉമര്‍ ഫാറൂഖിന്(റ) മനംമാറ്റമുണ്ടാക്കുന്നത് സഹോദരി ഫാത്വിമയുടെ(റ) വീട്ടില്‍ നിന്നു കേട്ട ഖുര്‍ആന്റെ മനോഹരമായ പാരായണമാണ്. ഖുര്‍ആന്‍ പാരായണം കേള്‍ക്കുകയും മുസ്‌ലിമാവുകയും ചെയ്ത ഒരുപാട് സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കാണാനാവും. ഖുര്‍ആന്‍ ബൗദ്ധികമായി മാത്രമായിരുന്നില്ല സൗന്ദര്യാത്മകമായി കൂടി ആയിരുന്നു അവരെ ആവാഹിച്ചത് എന്ന് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
ഖുര്‍ആനെ സംബന്ധിച്ചിടത്തോളം അതിന്റെ ശബ്ദ മണ്ഡലം എന്നത് സുപ്രധാനമാണ്. ആധുനികമായ പുസ്തകത്തെക്കുറിച്ചുള്ള ‘നിശബ്ദമയി വായിക്കപ്പെടേണ്ടത്’ എന്ന അര്‍ത്ഥത്തിലുള്ള ഗ്രന്ഥം അല്ല ഖുര്‍ആന്‍. അതിന്റെ അവതരണം മുതല്‍ തന്നെ പാരായണം ചെയ്ത് കേള്‍ക്കുകയും കേള്‍പ്പിക്കപ്പെടുകയും ചെയ്യുക എന്ന കാര്യത്തില്‍ ഖുര്‍ആന്‍ ഊന്നുന്നത് കാണാം. മുന്‍കാല പ്രവാചകന്മാര്‍ ഗ്രന്ഥം ഇറക്കിക്കൊടുത്തു എന്ന് പറയുമ്പോള്‍ ഖുര്‍ആന്‍ നബിതിരുമേനിക്ക് മലക്ക് മുഖേന ചെറിയ ഭാഗങ്ങളായി പാരായണം ചെയ്ത് കേള്‍പ്പിക്കുകയാണ് ചെയ്യുന്നത്. അത് പിന്നീട് നബിതിരുമേനി ശിഷ്യര്‍ക്ക് പാരായണം ചെയ്ത് കേള്‍പ്പിക്കുകയും അവരത് മനപ്പാഠമാക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്കിടയിലെ അറിവിന്റെ കൈമാറ്റത്തില്‍ ശബ്ദത്തിന് സുപ്രധാന സ്ഥാനമുള്ളതായി കാണാം. മറ്റു നാടുകളിലേക്ക് ഖുര്‍ആന്‍ എത്തിക്കാന്‍ നബിതിരുമേനി ഖുര്‍ആന്‍ മനപ്പാഠമുള്ളവരെയാണ് അയച്ചത്. അവര്‍ അവിടെ എത്തി ഖുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയാണുണ്ടായത്. ഇന്നും മുസ്‌ലിം ലോകത്ത് ഖുര്‍ആന്‍ സംരക്ഷിക്കപ്പെടുന്നത് എഴുത്തിനെ കേന്ദ്രീകരിച്ചല്ല, മറിച്ച് ആവര്‍ത്തിച്ച് പാരായണം ചെയ്ത് മനപ്പാഠമാക്കിയ ഹാഫിളുകളിലൂടെയാണ്. ഹാഫിള് എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ സംരക്ഷകന്‍ എന്നാണ്. ഇങ്ങനെ മനപ്പാഠമാക്കിയ ഖുര്‍ആന്‍ ഉസ്താദിന് ഓതി കേള്‍പ്പിച്ചുകൊണ്ടാണ് അവര്‍ സ്വന്തം അറിവിന് ഉറപ്പ് നല്‍കുന്നത്. ഒറ്റക്കുള്ള നിസ്‌കാരത്തില്‍ പോലും ഖുര്‍ആന്‍ നിശബ്ദമായിട്ടല്ല പാരായണം ചെയ്യേണ്ടത്. സ്വയം കേള്‍ക്കണം. ഖുര്‍ആന്റെ കൈമാറ്റത്തില്‍ മനപ്പാഠമാക്കലിനും, ഓതിക്കേള്‍ക്കലിനും നല്‍കപ്പെട്ട പ്രാധാന്യത്തിന് കാരണം നബിതിരുമേനിയുടെ കാലത്ത് എഴുത്ത് വ്യാപകമല്ലാത്തതാണ് എന്ന് പറയാനാവില്ല. ഖുര്‍ആനേക്കാള്‍ പഴക്കം ചെന്ന എഴുത്തുകളും ഖുര്‍ആനിലെ പേന യെ കുറിച്ചുള്ള പരാമര്‍ശങ്ങളും വാദം പൊളിച്ചുകളയുന്നുണ്ട്. ഖുര്‍ആനിക വചനങ്ങള്‍ എഴുതപ്പെട്ട ഗ്രന്ഥ രൂപത്തിലാക്കിയതിനെ ഖുര്‍ആന്‍ എന്നതിന് പകരം മുസ്ഹഫ് എന്ന പദമുപയോഗിച്ചാണ് മുസ്‌ലിം ലോകം വിളിച്ചത്. ശബ്ദത്തിനും കേള്‍വിക്കും ഇസ്‌ലാമിക സംസ്‌കാരത്തില്‍ പൊതുവേയും, ഖുര്‍ആന്റെ കാര്യത്തില്‍ പ്രത്യേകിച്ചും സുപ്രധാനമായ സ്ഥാനമാണുള്ളത് എന്ന് ഇത്രയും കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
യൂറോപ്യന്‍ ജ്ഞാനോദയ ചിന്തകര്‍ അറിവ് നേടുന്നതുമായി ബന്ധപ്പെട്ട് ഇന്ദ്രിയങ്ങളെ തട്ടുകളായി ക്രമീകരിക്കുന്നുണ്ട്. ഷിമ്മിറ്റ് അടക്കമുള്ളവര്‍ നിരീക്ഷിക്കുന്നത് ജ്ഞാനശാസ്ത്രത്തില്‍ കാഴ്ചയെ ഏറ്റവും മുകളിലും കേള്‍വിയെയും സ്പര്‍ശനത്തെയുമെല്ലാം താഴെയും സ്ഥാപിച്ചുകൊണ്ടാണ് ഈ ക്രമീകരണം സാധ്യമാക്കിയത് എന്നാണ്. കേള്‍വി വ്യക്തിയെ ശബ്ദത്തില്‍ മുക്കിക്കളയുകയും അവന്റെ വിവേചിച്ചറിയാനുള്ള സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന് അവര്‍ വാദിച്ചു. ഇമ്മാനുവല്‍ കാന്റിന്റെ അഭിപ്രായത്തില്‍ ശബ്ദം കേള്‍വിക്കാരനില്‍ നിന്ന് സ്വീകര്‍ത്താവ് എന്ന നിലയില്‍ വണക്കവും കീഴൊതുങ്ങലും ആവശ്യപ്പെടുന്നുണ്ട്. ഇത് സ്വതന്ത്രനായ വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ കാര്യങ്ങള്‍ വിവേചിച്ചറിഞ്ഞ് സ്വയം തീരുമാനിക്കാനുള്ള അധികാരത്തിന് ഭീഷണിയാണ്. അത് കൊണ്ടു തന്നെ, ജ്ഞാനോദയ ചിന്തകന്മാരുടെ അഭിപ്രായത്തില്‍, യുക്തിയുടെ വികാസത്തിനും അതിജയത്തിനും ‘അത്മീയ ഇന്ദ്രീയം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേള്‍വിയുടെ കൊഴിഞ്ഞുപോക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. കേള്‍വിയുടെ മേലുള്ള ആശ്രയം മനുഷ്യന്റെ വിവേചന ശേഷി നഷ്ടപ്പെടുത്തുമെന്നും കാഴ്ചയാണ് യുക്തിയുടെയും ചിന്തയുടെയും ജ്ഞാന മാര്‍ഗമെന്നുമുള്ള വാദത്തെ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ നരവംശശാസ്ത്രജ്ഞരും അവരുടേതായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. യുറോപ്പില്‍ നിന്ന് മിഡില്‍ ഈസ്റ്റിലെത്തുമ്പോള്‍ ആളുകള്‍ കാഴ്ചയെ വിട്ട് ശബ്ദത്തിന് ഊന്നല്‍ നല്‍കുന്നു എന്നും അവിടെ നിന്നും കൂടുതല്‍ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നതോടെ കൂടുതല്‍ താഴ്ന്ന ഇന്ദ്രിയാനുഭവങ്ങളായ രുചി, മണം, സ്പര്‍ശം എന്നിവയെ കൂടുതലായി ആശ്രയിക്കുന്നു എന്നും അവര്‍ വാദിച്ചു. ഈ മാറ്റത്തെ യൂറോപ്പിന്റെ കാഴ്ചയുടെ യുക്തിയില്‍ നിന്ന് വാസനയെയും, രുചിയെയുമെല്ലാം ആശ്രയിക്കുന്ന മൃഗീയതയിലേക്കുള്ള മാറ്റമായാണ് അവര്‍ കണ്ടത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ യാത്രികരും നരവംശ പണ്ഡിതന്മാരും ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ കൂടുതല്‍ ശബ്ദത്തെ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത് എന്നും ഇത് അവരുടെ ബുദ്ധിപരമായ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത് എന്നും എഴുതി.
മുസ്‌ലിംകളുടെ മുന്നോട്ടും പിറകോട്ടും ആടി ആവര്‍ത്തിച്ചുള്ള ഖുര്‍ആന്‍ പാരായണവും മനപ്പാഠമാക്കലും അംഗ ശുദ്ധി വരുത്തലും, ശരീരം പ്രത്യേക രീതിയില്‍ ചലിപ്പിച്ച് കൊണ്ടുള്ള പ്രാര്‍ത്ഥനയും, നോമ്പ് അനുഷ്ടാനവും കണ്ട് യൂറോപ്യന്‍ സന്ദര്‍ശകര്‍ ഇസ്‌ലാം യുക്തിയുമായി ചേര്‍ന്ന് പോവാത്ത ശരീരത്തിന്റെ ബാഹ്യ തലങ്ങളെ മാത്രം സ്പര്‍ശിക്കുന്ന മതമാണ് എന്ന് വിധി എഴുതി. മുസ്‌ലിംകളുടെ ഭാഷയും (അറബി) എഴുത്തും സംസാരവും
ചിന്തോദ്ദീപകമാക്കുന്നതിനേക്കാള്‍ പ്രാസമടക്കമുള്ള സൗന്ദര്യാത്മക തലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് എന്ന് അവര്‍ വാദിച്ചു. ആശയത്തേക്കാള്‍ ഭാഷയുടെ പാരായണ സൗന്ദര്യത്തിനാണ് മുസ്‌ലിംകള്‍ എഴുത്തില്‍ കുടുതല്‍ ശ്രദ്ധ നല്‍കിയത്. ഇസ്‌ലാം ഉള്ള് പൊള്ളയായ ഉപരിതല സ്പര്‍ശിയായ വെറും ഒച്ചപ്പാടുകള്‍ മാത്രമാണ് എന്നായിരുന്നു അവരുടെ നിരീക്ഷണം. യൂറോപ്യന്‍ ജ്ഞാനോദയ പരിസരത്തില്‍ നിന്ന് രൂപപ്പെട്ട ഈ വാദങ്ങളെ ഒരു ഘട്ടത്തില്‍ അഹ്മദ് അമീനെ പോലുള്ള മുസ്‌ലിം പരിഷ്‌കര്‍ത്താക്കളും ഏറ്റെടുക്കുന്നുണ്ട്. മത നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നതെന്തും വിമര്‍ശനമോ, ചിന്തയോ കൂടാതെ സ്വീകരിക്കുന്നവരാണ് മുസ്‌ലിംകള്‍ എന്ന ചിത്രമാണ് കേള്‍വിയെക്കുറിച്ചുള്ള ഇത്തരം ആഖ്യാനങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിന്റെ ചുവട് പിടിച്ച് കേള്‍ക്കുന്നത് അത്‌പോലെ വിഴുങ്ങുന്ന, വിമര്‍ശനാത്മകതയെ പ്രോല്‍സാഹിപ്പിക്കാത്ത മദ്‌റസകള്‍ പോലുള്ള മുസ്‌ലിം വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ജ്ഞാനശാസ്ത്രപരമായി താലിബാന്‍ പോലുള്ള ഭീകരവാദ സംഘടനകള്‍ക്ക് വഴിയൊരുക്കുന്നത് എന്ന വിമര്‍ശനങ്ങളും പടിഞ്ഞാറ് നിന്നും ഉയര്‍ന്നു. ഇവിടെ കേള്‍വിയെക്കുറിച്ചുള്ള ജ്ഞാനോദയാനന്തര വിമര്‍ശനങള്‍ മാറ്റിവെച്ചാല്‍ മുസ്‌ലിം ജീവിതത്തില്‍ പഠനത്തിലും, ഖുര്‍ആന്‍ പാരായണത്തിലും അടക്കമുള്ള കാര്യങ്ങളില്‍ നിലനില്‍ക്കുന്ന ശബ്ദത്തിന്റെ പ്രാധാന്യത്തെ നമുക്ക് എങ്ങനെ മനസ്സിലാക്കാനാവും?
ഖുര്‍ആന്റെ ശബ്ദ സ്വീകരണത്തെ നമുക്ക് രണ്ട് രീതിയില്‍ സമീപിക്കാം. ഒന്ന് കേള്‍ക്കുന്നത് എന്താണ് എന്ന് അറിഞ്ഞു കൊണ്ടുള്ള ആശയപ്രധാനമായ കേള്‍വിയാണ്. ശ്രവണേന്ദ്രിയത്തിനപ്പുറം ശരീരത്തെ മുഴുവനായും ശബ്ദത്തെ സ്വീകരിക്കുന്ന ഉപകരണമാക്കി പരിവര്‍ത്തിപ്പിച്ചുകൊണ്ടുള്ള ശബ്ദ സ്വീകരണമാണ് ഖുര്‍ആന്റെയും മറ്റു അറിവുകളുടെയും കാര്യത്തില്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. ‘ഹൃദയം കൊണ്ട് കേള്‍ക്കുക’ എന്നാണ് ഇതിനെ ചാള്‍സ് ഹിഷ്‌കിന്ദ് വിളിക്കുന്നത്. അതായത് കേവലം അറിവ് ശേഖരിക്കുക എന്നത് മാത്രമല്ല, സ്വീകരിക്കുന്ന അറിവിനെ സ്വന്തം ജീവിതത്തെയും ശരീരത്തെയും ധാര്‍മ്മികമായി രൂപപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്തുക എന്നതാണ് പഠനം കൊണ്ട് ഇസ്‌ലാം താല്പര്യപ്പെടുന്നത്. അറിവിനെ കേള്‍ക്കുന്ന/ സ്വീകരിക്കുന്ന വ്യക്തി ഭയം, എളിമ, ലാളിത്യം തുടങ്ങിയ ഗുണങ്ങള്‍ കൂടി വികസിപ്പിക്കേണ്ടതുണ്ട് എന്ന് ഗസാലി ഇമാം സൂചിപ്പിക്കുന്നുണ്ട്. പുസ്തകം മാത്രം ആശ്രയിച്ചുകൊണ്ടുള്ള പഠനത്തെ മുസ്‌ലിം പണ്ഡിതന്മാര്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. അറിവ് നേടിയ പണ്ഡിതനില്‍ നിന്ന് കേട്ട് പഠിക്കുന്ന അറിവിന് പ്രത്യേക മഹത്വമുണ്ട്. അറിവ് സ്വന്തമായി നില നില്‍ക്കുമ്പോഴല്ല, അതിനെ ജീവിതത്തില്‍ പകര്‍ത്തിയ പണ്ഡിതനിലൂടെ കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് മഹത്വമുണ്ടാവുന്നത്. ഖുര്‍ആന്‍ ഗുരുവില്‍ നിന്ന് കേട്ട് പഠിക്കുകയും അത് മനപ്പാഠമാക്കിയ ശേഷം എഴുതിയ അക്ഷരങ്ങള്‍ കഴുകിക്കുടിച്ച് ശരീരത്തെ സഞ്ചരിക്കുന്ന ഖുര്‍ആനാക്കി പരിവര്‍ത്തിക്കുകയും ചെയ്യുന്ന സെനഗാമ്പിയയിലെ പഠന സമ്പ്രദായത്തെ റുഡോള്‍ഫ് വേര്‍ വാക്കിംഗ് ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. സയ്യിദ് ഖുതുബ് പോലുള്ള ഇസ്‌ലാമിസ്റ്റുകള്‍ ഇത്തരം പാഠ്യ സമ്പ്രദായങ്ങളെ വൃത്തിയില്ലായ്മ എന്ന ആക്ഷേപം മുന്നില്‍ വെച്ച് വിമര്‍ശിക്കുന്നുണ്ട്.
രണ്ടാമത്തേത് ഖുര്‍ആന്റെ സൗന്ദര്യാത്മക സ്വീകരണമാണ്. ഇവിടെ ഖുര്‍ആന്‍ നിങ്ങളുടെ ബുദ്ധിയോടോ യുക്തിയോടോ അല്ല, മറിച്ച് ഇന്ദ്രിയങ്ങളോടാണ് സംവദിക്കുന്നത്. നബിതിരുമേനി(സ) ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേള്‍ക്കാന്‍ വിശ്വാസികള്‍ ഓടിക്കൂടുമായിരുന്നു. അതുപോലെ മനോഹരമായ ശബ്ദമുള്ളവരില്‍ നിന്ന് ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ നബിയും(സ) താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി കാണാം. എല്ലാ മതങ്ങളും വിശ്വാസികളുമായി സംവദിക്കാന്‍ സൗന്ദര്യാത്മകതയെ പല രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ഇസ്‌ലാം അതിനെ കേന്ദ്ര സ്ഥാനത്താണ് സ്ഥാപിക്കുന്നത്. ഖുര്‍ആന്റെ സൗന്ദര്യവും പൂര്‍ണതയുമാണ് മുസ്‌ലിം ദൈവ ശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മുഹമ്മദ് നബി (സ) നബിത്വം തെളിയിക്കുന്നതിനായി മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട അത്ഭുതം. നബി(സ) പറയുന്നത് സത്യമല്ല എങ്കില്‍ ഇതുപോലെ ഒന്ന് കൊണ്ട് വരൂ എന്നാണ് ഖുര്‍ആന്‍ മക്കക്കാരോട് വെല്ലുവിളിക്കുന്നത്. അതേ സമയം ഇസ്‌ലാമിനെക്കുറിച്ചുള്ള പാശ്ചാത്യന്‍ പഠനങ്ങള്‍ ഈ സൗന്ദര്യാത്മകതയെ അവഗണിച്ചുകൊണ്ടാണ് മുന്നോട്ട് പോയത്. ഖുര്‍ആനെ കാവ്യാത്മകമായ ഘടനയിലൂടെയും സംഗീതാത്മകമായ പാരായണ സൗന്ദര്യത്തിലുടെയും അനുഭവിക്കുന്ന മുസ്‌ലിം പരിസരത്തില്‍നിന്ന് മാറി ഒരു അറബി പുസ്തകം എന്ന നിലയില്‍ ഭാഷാന്തരം ചെയ്‌തോ അറബിയില്‍ തന്നെയോ വായിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ഖുര്‍ആനെ അര്‍ത്ഥപൂര്‍ണമാക്കുന്ന അതിന്റെ ശബ്ദ മണ്ഡലത്തിന്റെ അനുഭവമാണ്. ഇങ്ങനെ ഖുര്‍ആനെ സൗന്ദര്യാത്മകമായി സമീപിക്കാനാവാത്തതുകൊണ്ടാണ് മുസ്‌ലിംകളുടെ ഖുര്‍ആന്റെ അമാനുഷികതയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ഓറിയന്റലിസ്റ്റുകള്‍ക്ക് അസംബന്ധമായി അനുഭവപ്പെടുന്നത് എന്ന് നവീദ് കിര്‍മാനി നിരീക്ഷിക്കുന്നുണ്ട്.
(തുടരും)
മുഹമ്മദ് മശ്കൂര്‍ ഖലീല്‍
You must be logged in to post a comment Login