Orientalism is a term used by art historians, literary and cultural studies scholars for the imitation or depiction of aspects of Middle Eastern, and East Asian cultures (Eastern cultures) by American and European writers, designers and artists.
ഉമൈര്‍. എ
സായുധ പോരാട്ടം നടത്തി വിശുദ്ധ ഇസ്ലാമിന്റെ പ്രഭാവത്തെ നിഷ്പ്രഭമാക്കാമെന്ന കുരിശുവാഹകരുടെ വ്യാമോഹങ്ങള്‍ വ്യര്‍ത്ഥമായതിനെ തുടര്‍ന്നാണ് യൂറോപ്പില്‍ ഓറിയന്റലിസത്തിന് നിലമൊരുങ്ങിയത്.
ഇസ്ലാമിക വിരുദ്ധ പ്രത്യയശാസ്ത്ര സമാഹാരമാണ് ഓറിയന്റലിസം. ഈ പേര് സിദ്ധിച്ചത് പതിനെട്ടാം നൂറ്റാണ്ടിലാണെങ്കിലും ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്തോളം പഴക്കമുണ്ട് ഓറിയന്റലിസത്തിന്. പില്‍ക്കാലത്ത് പലരും വര്‍ഗീയതയുടെ ആവരണങ്ങളില്ലാതെ മുസ്ലിംകളോട് സംവദിക്കാന്‍ സജ്ജരായെങ്കിലും ഓറിയന്റലിസത്തിന്റെ മജ്ജയും മാംസവും പ്രവാചകവിരുദ്ധ പ്രമേയങ്ങളില്‍ നിന്നു പരിണമിച്ചുണ്ടായതാണ്. “മുഹമ്മദ് (സ) സദാചാര വിരുദ്ധനും ഒട്ടകക്കള്ളനും പോപ്പിന്റെ സ്ഥാനം കയ്യടക്കാന്‍ ശ്രമിച്ച വ്യാജപുരോഹിതനുമാണ്”. (Encyclopedia Larousse). “നരഭോജിയായ പ്രവാചകന്‍.”, “മുഹമ്മദിനെ ആരാധിക്കുന്ന കാടന്‍ വംശജര്‍” തുടങ്ങിയ വിഷലിപ്തവും വിദ്വേഷം ചുരത്തുന്നതുമായ പ്രചാരണായുധങ്ങളാണ് ഓറിയന്റലിസ്റ് ഓടകളിലെ പ്രവാഹഗതി നിര്‍ണയിച്ചതും നിയന്ത്രിച്ചതും.
പാശ്ചാത്യന്റെ മസ്തിഷ്കങ്ങളില്‍ ഉരുവം കൊണ്ട ഇത്തരം പഠനകോലാഹലങ്ങളെ കൃത്യമായ ഒരു നിര്‍വചനത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ തളയ്ക്കാനാവില്ല. മാനുഷിക വിരുദ്ധവും പ്രതിലോമകരവുമായ വാചാടോപങ്ങളുടെ ഭാവഭേദങ്ങളെ സ്വാംശീകരിക്കുക ലളിതമല്ല എന്നതു തന്നെ കാരണം. ‘ഇന്നസെന്‍സ് ഓഫ് മുസ്ലിംസി’ന്റെ ചിത്രീകരണം ശ്രദ്ധിച്ചാല്‍ ഇക്കാര്യം സുതരാം വ്യക്തമാവും. എങ്കിലും പൌരസ്ത്യ ദേശങ്ങളെയും സംസ്കാരങ്ങളെയും ഇതിവൃത്തമാക്കുന്ന പഠനങ്ങളാണ് പ്രധാനമായും ഓറിയന്റലിസത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. ഈ രംഗത്ത് പ്രാവീണ്യം നേടിയവരെ ഓറിയന്റലിസ്റുകള്‍ എന്നു വിളിക്കാം. ഫ്രാന്‍സില്‍ ഇക്കൂട്ടര്‍ ഓറിയന്റലിസ്റെ എന്നാണ് അറിയപ്പെടുന്നത്. മാക്സിം റോഡിസന്റെ അഭിപ്രായത്തില്‍ ‘ഓറിയന്റലിസം’ എന്ന പദം ആദ്യം പ്രയോഗിക്കപ്പെടുന്നത് 1779ല്‍ ഇംഗ്ളണ്ടിലാണ്. Dictionarie de Academic Francaise ല്‍ ‘കിഴക്കിനെ പറ്റി പ്രത്യേകമായി പഠിക്കുന്നവര്‍’ എന്ന അര്‍ത്ഥമാണ് പ്രസ്തുത പദ വിശദീകരണമായി നല്‍കിയിട്ടുള്ളത്.
വിശ്രുതമായ ഓക്സ്ഫഡ് ഇംഗ്ളീഷ് നിഘണ്ടു ഇവ്വിഷയകമായി സംഗ്രഹ രൂപത്തില്‍ നടത്തിയ വിശകലനമിതാണ്: ‘മധ്യധരണ്യാഴിക്ക് കിഴക്കുള്ള രാജ്യങ്ങള്‍ പൌരസ്ത്യ ദേശം എന്ന് അറിയപ്പെടുന്നു. അവിടെ നിലനില്‍ക്കുന്ന സംസ്കാരം പഠിക്കുന്നവരെ ഓറിയന്റലിസ്റുകള്‍ എന്നര്‍ത്ഥമാക്കുന്നു’. (Oxford Dictionary 1914. p. 602) ‘ബുദ്ധ, ജൈന, ഹിന്ദു മതങ്ങള്‍ ഈ നിര്‍വചനത്തിന്റെ വ്യാപ്തിയില്‍ വരുമെങ്കിലും പശ്ചാത്യര്‍ക്ക് പ്രിയം ഇസ്ലാമിലെ ‘പഴുതുകള്‍’ നിരീക്ഷിക്കലാണ്. പ്രാക്തനകാലത്ത് തന്നെ യൂറോപ്പിനെ ബാധിച്ച ഇസ്ലാമോ ഫോബിയയുടെ പരിണതിയാണ് ഇത്തരം പകതീര്‍ക്കലുകള്‍ എന്ന് അനുമാനിക്കാം.
സായുധ പോരാട്ടം നടത്തി വിശുദ്ധ ഇസ്ലാമിന്റെ പ്രഭാവത്തെ നിഷ്പ്രഭമാക്കാമെന്ന കുരിശുവാഹകരുടെ വ്യാമോഹങ്ങള്‍ വ്യര്‍ത്ഥമായതിനെ തുടര്‍ന്നാണ് യൂറോപ്പില്‍ ഓറിയന്റലിസത്തിന് നിലമൊരുങ്ങിയത്. എഡി 1096 മുതല്‍ എഡി 1292 (489-691 ഹി) വരെ ബൈതുല്‍ മുഖദ്ദിസ് കേന്ദ്രമാക്കിയായിരുന്നു ക്രൈസ്തവ പടയോട്ടം. വിശ്വസിച്ച ആദര്‍ശത്തോടും പിറന്ന നാടിനോടുമുള്ള അദമ്യമായ അഭിനിവേശം കൈമുതലാക്കിയ മുസ്ലിം ലോകത്തിന്റെ പ്രതിരോധമുറകളില്‍ യൂറോപ്യര്‍ക്ക് ഉന്നം പിഴച്ചു. ക്രൈസ്തവ ലോകത്തിന് പുനര്‍ വിചിന്തനത്തിന്റെ കാലമായിരുന്നു പിന്നീട്. മുസ്ലിം സംഘടിത ശക്തി ക്ഷയിപ്പിക്കണമെങ്കില്‍ അവരുടെ ആത്മീയ ചൈതന്യം നശിപ്പിക്കണമെന്ന നിശ്ചയത്തിലാണ് അവരെത്തിയത്.
ഇസ്ലാമിക സാഹിത്യഗ്രന്ഥങ്ങള്‍ ഗ്രീക്കിലേക്കു തര്‍ജമ ചെയ്യാനുള്ള പരിശ്രമമായിരുന്നു പ്രഥമ ഘട്ടത്തില്‍. വിവര്‍ത്തനത്തിന്റെ കൂടുതല്‍ സാധ്യതകള്‍ തേടി പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ യൂറോപ്പിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ അറബി ഭാഷാപഠനം ഔദ്യോഗിക കരിക്കുലത്തിന്റെ ഭാഗമാക്കി. അതേസമയം ദീര്‍ഘനാളായി മുസ്ലിംഭരണം നിലനില്‍ക്കുന്ന സ്പെയിനിലെ സാംസ്കാരിക ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍ ഒരു സംഘം പുരോഹിതരെ നിയോഗിക്കാനും സഭാനേതൃത്വം മറന്നില്ല. പ്രമുഖ മുസ്ലിം പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ച അവര്‍ ഖുര്‍ആന്‍, ഹദീസ്, വൈദ്യശാസ്ത്രം, തത്വശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളിലെ നിരവധി ഗ്രന്ഥങ്ങള്‍ ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്തു. ഫ്രഞ്ച് പാസ്ററായ ജെര്‍ബര്‍ട്ട് (Jerbert de orliae 938-1003) ആയിരുന്നു നിഗൂഢ പദ്ധതികളുമായി മുസ്ലിം നാഗരികതയെ നിലം പരിശാക്കാനുള്ള ഉദ്യമങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചത്. 999 എഡിയില്‍ ജെര്‍ബര്‍ട്ട റോം ചര്‍ച്ചിലെ പ്രഥമ പോപ്പാവുകയും ചെയ്തു.
ഓറിയന്റലിസത്തിന്റെ വിമര്‍ശന ശാസ്ത്രം
അക്രമണോത്സുക സായുധ പോരാട്ടത്തില്‍ നിന്നു സംഹാരാത്മക രചനാ പ്രതിരോധത്തിലേക്കുള്ള ക്രൈസ്തവ പാതിരിമാരുടെ മാനസിക പരിവര്‍ത്തനമാണല്ലോ ഓറിയന്റലിസത്തിന്റെ പിറവിയില്‍ കലാശിച്ചത്. കുരിശുയുദ്ധാനന്തരം മുസ്ലിം സൈന്യത്തിന്റെ സഹിഷ്ണുതയില്‍ ഇസ്ലാമിക സൌകുമാര്യതയുടെ നേര്‍സാക്ഷ്യങ്ങള്‍ അനുഭവിച്ചവരില്‍ ഭൂരിഭാഗവും ആത്മപരിശോധനക്ക് വിധേയരായി. നിഷേധാത്മക നിലപാടെടുത്തവര്‍ നിലപാടുകള്‍ക്ക് മൂര്‍ച്ചകൂട്ടി അപവാദപ്രചരണ രംഗത്ത് ഉറച്ചു നില്‍ക്കുകയും ചെയ്തു. വാള്‍മുന കൊണ്ട് നേടാനാകാത്തത് തൂലികാഗ്രം കൊണ്ട് നേടാനുള്ള പരീക്ഷണത്തിലായിരുന്നു അവര്‍. ഇസ്ലാമിന്റെ തളര്‍ച്ചയോടൊപ്പം യൂറോപ്പിന്റെ ഉയര്‍ച്ചയായിരുന്നു അവരുടെ സ്വപ്നങ്ങളില്‍ നിറയെ. മഠാധിപ•ാരുടെ പരോക്ഷമായ ആശീര്‍വാദത്തോടെ രംഗപ്രവേശം നടത്തിയ ഈ വിഭാഗത്തിനായിരുന്നു മുഖ്യധാരയില്‍ ആധിപത്യം.
വിശുദ്ധഖുര്‍ആന് വേദങ്ങള്‍ക്കിടയിലുള്ള അപ്രമാദിത്വം ചോദ്യം ചെയ്യാനായിരുന്നു അവരുടെ തത്രപ്പാട്. ഖുര്‍ആനിലെ ഓരോ അധ്യായവും സൂക്തവും ലിറ്റ്മസ് ടെസ്റിന് വിധേയമാക്കിയ ഓറിയന്റലിസ്റുകള്‍ കുപ്രചാരണങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാന്‍ തീവ്രപ്രയത്നം ചെയ്തു. 1736ല്‍ ജോര്‍ജ് സൈല്‍ (G.Slae) എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ആമുഖം ശ്രദ്ധിക്കുക: “ഈ ഗ്രന്ഥം മുഹമ്മദ് നിര്‍മിച്ചുണ്ടാക്കിയതും സ്വന്തമായി രചിച്ചതുമാണ്. അസ്വീകാര്യമായ സിദ്ധാന്തമാണിതെന്നതില്‍ സന്ദേഹമില്ല.” ജൂത ക്രൈസ്തവ ഉല്‍പത്തിയില്‍ നിന്നും പുരാണേതിഹാസങ്ങളില്‍ നിന്നും പടച്ചെടുത്തതാണ് ഖുര്‍ആന്‍ എന്നായിരുന്നു റിച്ചാര്‍ഡ് ബെല്ലിന്റെ കണ്ടെത്തല്‍.
വിവര്‍ത്തന കേന്ദ്രീകൃതമാണ് ഓറിയന്റലിസ്റുകളുടെ ഇസ്ലാം പഠനം. ഖുര്‍ആനിന്റെ വിവിധ ഭാഷകളിലുള്ള പരിഭാഷകള്‍ക്കു പുറമെ സ്വഹീഹുല്‍ ബുഖാരി, തഫ്സീര്‍ ബൈളാവി, ഇബ്നു കസീര്‍, ത്വബ്രി, ശൈഖ് അബൂ ഇസ്ഹാഖ് ശീറാസിയുടെ തന്‍ഖീഹ്, അബ്ദുറസാഖിന്റെ കിതാബുല്‍ ഖദ്രി വല്‍ ഖളാഅ്, സമഖ്ശരിയുടെ അത്ഫാഖ്, ഇബ്നുസീനയുടെ റസാഇല്‍, ഇമാം ഹനഫിയുടെ ഉംദതു അഖീദതി അഹ്ലുസ്സുന്നത്തി വല്‍ ജമാഅ, ശൈഖ് ഹല്ലാജിന്റെയും ഇബ്നു അറബിയുടെയും കിതാബുകള്‍ തുടങ്ങിയവയും ഓറിയന്റലിസ്റുകള്‍ ഇംഗ്ളീഷ്, ഫ്രഞ്ച്, ലാറ്റിന്‍, ഗ്രീക്ക്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി. വാക്യങ്ങള്‍ക്കിടയില്‍ അര്‍ത്ഥഭേദം വരുത്തിയും വികലമായ വ്യാഖ്യാനങ്ങള്‍ നിരത്തിവച്ചും തയ്യാറാക്കിയ ഇത്തരം കൃതികള്‍ നിരര്‍ത്ഥകവാദങ്ങളുടെ ശേഖരങ്ങള്‍ കൂടിയാണ്.
ഹദീസ് നിവേദകരെക്കുറിച്ച് സമര്‍ത്ഥമായ വ്യാജ പ്രചാരവേലകള്‍ പടച്ചെടുത്ത് അസാമാന്യമായ തൊലിക്കട്ടി കാണിക്കാന്‍ ഓറിയന്റല്‍ പ്രഭൃതികള്‍ ആവുന്നത്ര അധ്വാനിച്ചിട്ടുണ്ട്. ഇമാം അബൂഹുറൈറയെയും ഇമാം സുഹ്രിയെയും ഹിറ്റ്ലിസ്റില്‍ പെടുത്തി തിരുവചനശാസ്ത്രത്തിന്റെ സാംഗത്യം ഇല്ലാതാക്കാന്‍ വ്യര്‍ത്ഥ വ്യായാമം നടത്തുന്നത് ഇവരുടെ ഇഷ്ടവിനോദമാണ്. കര്‍മശാസ്ത്ര വിധികളിലെ യുക്തിയെ വെല്ലുവിളിക്കുന്ന, ഗ്രീക്ക് തത്വശാസ്ത്രവുമായി അവയെ താരതമ്യപ്പെടുത്തി പ്രാകൃതത്വം ആരോപിക്കുന്ന പ്രവണതയും വിരളമല്ല.
അറിവന്വേഷണങ്ങളുടെ പാര്‍ശ്വത്തില്‍ ഇസ്ലാമിന്റെ സുകൃതങ്ങള്‍ മനസ്സിലാക്കി പേന ചലിപ്പിച്ച ഏതാനും മഹദ് വ്യക്തിത്വങ്ങള്‍ ഓറിയന്റലിസത്തിന് ഗുണാത്മകമുഖം അടയാളപ്പെടുത്തി എന്നത് നിഷേധിക്കാനാവില്ല. തോമസ് അര്‍നോള്‍ഡിന്റെ ‘ദി പ്രീച്ചസ് ഓഫ് ഇസ്ലാം’ അക്കൂട്ടത്തില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. ശാസ്ത്രീയ നിര്‍ധാരണങ്ങളിലൂടെ ഖുര്‍ആനിക മഹാത്മ്യം വിശദീകരിച്ചവരും ചുരുക്കമല്ല. എ സ്പ്രെഞ്ചര്‍, ആര്‍ ഡോസി, സി എച്ച് ബെക്കര്‍, എച്ച് ആര്‍ ഗിബ്ബ്, തോമസ് കാര്‍ലൈന്‍ തുടങ്ങിയവര്‍ പക്വമായ നിരീക്ഷണങ്ങളാല്‍ വേറിട്ടു നിന്നവരാണ്.
വിശദപഠനങ്ങള്‍ക്ക്
1. അല്‍ ഇശ്തിശ്റാഖു വല്‍ മുശ്തരികൂന്‍ – ഡോ. മുസ്തഫ സ്വിബാഇ.
2. Orientalism- എഡ്വാര്‍ഡ് സൈദ്.
3. അസ്സുന്നത്തു വമകാനതുഹാഫിത്തശ്രീഇല്‍ ഇസ്ലാമി. ഡോ. മുസ്തഫ സ്വിബാഇ.
4. Orientalism and Orientalists (in Arab Islamic Bibliography) – C.E Bosworth.
5. Muhammad – M. Rodinson
6.ഔറുബാ വല്‍ ഇസ്ലാം – ഹിശാം ഈജിപ്ത്.
You must be logged in to post a comment Login