ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കേണ്ടിവരുമെന്ന ഒരു ഘട്ടമെത്തിയപ്പോള്‍ ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കള്‍ ചര്‍ച്ച ചെയ്തത് മുഴുവന്‍ അതിന്റെ പ്രായോഗികതകളെ കുറിച്ചായിരുന്നു. ഇത്രക്കും വൈവിധ്യങ്ങളും വൈജാത്യങ്ങളും ഉള്‍കൊള്ളുന്ന ഒരു ഭൂപ്രദേശത്തിനു ഒരൊറ്റ രാജ്യമായി എങ്ങനെ നിലനില്ക്കാന് സാധിക്കും എന്ന ചോദ്യത്തിനു മുന്നില്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അറ്റ്ലി അടക്കമുള്ളവര്‍ അശുഭാപ്തി വിശ്വാസത്തിലായിരുന്നു. ഇതുവരെ ജനാധിപത്യ ഭരണക്രമം പരീക്ഷിച്ചു അനുഭവജ്ഞാനമില്ലാത്ത ഒരു ജനത തങ്ങള്‍ വിട ചൊല്ലുന്നതോടെ തമ്മില്‍ തല്ലി പിരിയുമെന്നും ഒരു രാഷ്ട്രമെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ് ചിതറിത്തെറിച്ച് കൊച്ചുകൊച്ചു രാജ്യങ്ങളായി ശിഥിലീഭവിക്കുമെന്നുംവരെ അവര്‍ കണക്കുകൂട്ടി. ജനാധിപത്യം വേരുറക്കാന്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടിവരുമെന്നായിരുന്നു പലരും മുന്നറിയിപ്പ് നല്‍കിയത്. പാകിസ്ഥാന് അഭിമുഖീകരിച്ച രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങള്‍ പറഞ്ഞത് ശരിയായില്ലേ എന്നുവരെ ചിലര്‍ ചോദിച്ചു. 1975ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജനാധിപത്യ ഇന്ത്യക്ക് ഇങ്ങനെയും ചില അനുഭവങ്ങളിലുടെ കടന്നുപോവേണ്ടതുണ്ടെന്നും രാഷ്ട്രശില്പികള് വിഭാവന ചെയ്തതു പോലെ എല്ലാം എളുപ്പമല്ലെന്നും നാം തിരിച്ചറിഞ്ഞു. ഭരണഘടനയെയും ജുഡീഷ്യറിയെയും ഉപയോഗിച്ചായിരുന്നു ഇന്ദിര ജനായത്തക്രമത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഭരണഘടന പുതുക്കിപ്പണിയുന്ന തരത്തിലുള്ള കുറെ ഭേദഗതികള്‍ അവര്‍ കൊണ്ടുവന്നത് അടിയന്തരാവസ്ഥക്കു ശേഷം പരമോന്നത നീതിപീഠമാണ് റദ്ദാക്കിയത്. പാര്‍ലമെന്ററി ജനാധിപത്യവും മതേതര സ്വഭാവവുമൊക്കെ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടാണെന്നും പാര്‍ലമെന്റിനു അത് റിവ്യു ചെയ്യാന്‍ അധികാരമില്ലെന്നും പല നിര്‍ണായക വിധികളിലൂടെ സുപ്രീംകോടതി വിധിച്ചു. ഒന്നാം എന്‍.ഡി.എയുടെ ഭരണകാലത്ത്, അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഭരണഘടന മാറ്റിയെഴുതാനുള്ള ചില അണിയറ നീക്കങ്ങള്‍ കണ്ടപ്പോള്‍ തന്നെ, അന്നത്തെ രാഷ്ട്രപതി കെ.ആര്. നാരായണന് തകരാറ് ഭരണഘടനയുടേതല്ലെന്നും അത് കൈകാര്യം ചെയ്തവരുടേതാണെന്നും വെട്ടിത്തുറന്നു പറഞ്ഞ് ആര്.എസ്.എസിന്റെ നീക്കങ്ങള്‍ക്ക് തടയിട്ടു.
നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഇന്ത്യയുടെ രാഷ്ട്രീയ വ്യവസ്ഥിതി കടുത്ത വെല്ലുവിളി നേരിടുകയാണ്. ആര്.എസ്.എസിന്റെ വിഭാവനയിലുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനു നിലവിലെ ഭരണഘടനയും രാഷ്ട്രീയക്രമങ്ങളും പൊളിച്ചെഴുതേണ്ടതുണ്ട്. ഇന്നേവരെ പിന്തുടര്‍ന്ന കീഴ്വഴക്കങ്ങളും തിരഞ്ഞെടുപ്പ് രീതികളും തിരുത്തി, രാജ്യമാസകലം തങ്ങളുടെ ചൊല്പടിക്കു കീഴില്‍ കൊണ്ടുവരാനുതകുന്ന ഒരു ജനാധിപത്യരീതി വികസിപ്പിച്ചെടുക്കാനാണ് സംഘ്പരിവാരം ആസൂത്രിത പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയും ലോ കമ്മീഷന്റെ ആ ദിശയിലുള്ള ശിപാര്‍ശകളുമെല്ലാം ആര്.എസ്.എസിന്റെ മസ്തിഷ്ക്കത്തില്‍നിന്ന് ഉരുവം കൊണ്ട ആശയമാണ്. ഇന്ദിരാഗാന്ധി ഭരണഘടനയെ ദുരുപയോഗം ചെയ്താണ് ജനാധിപത്യ അട്ടിമറിക്കു ശ്രമിച്ചതെങ്കില്‍ നരേന്ദ്രമോഡി ജനാധിപത്യ സ്ഥാപനങ്ങള്‍ വഴി ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും ഗളച്ഛേദം നടത്താനാണ് ശ്രമിക്കുന്നത്. നാല് വര്‍ഷമായി അതിനു രണ്ടു മാര്‍ഗങ്ങളാണ് മുഖ്യമായും പ്രയോഗിക്കുന്നത്. ഒന്നാമതായി വിധേയത്വമുള്ള ജുഡീഷ്യറിയെ സൃഷ്ടിച്ചെടുക്കുക. നീതിന്യായ വ്യവസ്ഥ ഇന്ന് കടന്നുപോകുന്ന അപൂര്‍വ പ്രതിസന്ധിയുടെ നാരായവേര് ജുഡീഷ്യറിയെ ഹിന്ദുത്വവത്കരിക്കാനുള്ള ഹീന നീക്കങ്ങളോടുള്ള ശക്തമായ ചെറുത്തുനില്പിന്റെ ഫലമാണ്. രണ്ടാമതായി, ഹിന്ദുത്വക്ക് ദാസ്യവേല ചെയ്യുന്ന, ജനായത്ത മൂല്യങ്ങള്‍ അശേഷം തൊട്ടുതീണ്ടാത്ത ഗവര്‍ണര്‍മാരെ നിയമിക്കുക. മോഡി സര്‍ക്കാര്‍ നിയമിച്ച ഭൂരിഭാഗം ഗവര്‍ണര്‍മാരും ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായി ശപഥമെടുത്തവരാണ്. കര്‍ണാടകയില്‍ ഒരാഴ്ച നീണ്ട രാഷ്ട്രീയനാടകങ്ങളിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ മുള്‍മുനയില്‍ നിറുത്തിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെ മുഖ്യ വില്ലന്‍ ഒരു ഗവര്‍ണറാണ്.
കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ ജുഗുപ്സാവഹമായ രാഷ്ട്രീയകളികള്‍ പുറത്തെടുത്ത ബീഹാറിലെയും ഗോവയിലെയും മണിപ്പൂരിലെയും മേഘാലയയിലെയും അനുഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ ഗവര്‍ണര്‍ വജുഭായി വാലയുടെ ഓരോ നീക്കവും രാജ്യം നിരീക്ഷിക്കുന്നുണ്ടായിരുന്നു. മീഡിയയാവട്ടെ മുമ്പൊരിക്കലുമില്ലാത്തവിധം ജാഗ്രവത്തായി ജനാധിപത്യ അപഭ്രംശങ്ങളെ തൊട്ടുകാണിക്കാന്‍ അത്യുത്സാഹത്തോടെ നിരന്നുനിന്നത് ആശ്വാസം പകര്‍ന്നു. അങ്ങനെയൊരു ചുറ്റുപാടിലാണ്, ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നത്. 104 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പിക്ക് എങ്ങനെ കേവല ഭൂരിപക്ഷം തെളിയിക്കാനാവും എന്ന ചോദ്യത്തിനു വ്യംഗ്യമായ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. എം.എല്‍.എ മാരെ അടര്‍ത്തിയെടുക്കുക. അതായത്, കാലുമാറ്റത്തിനു ഗവര്‍ണര്‍ തരവും സമയവും ഒരുക്കിക്കൊടുക്കുക. രാജ്യത്തെ ഞെട്ടിച്ച തീരുമാനമായിരുന്നു അത്. ഗവര്‍ണര്‍മാര്‍ ഇറങ്ങിക്കളിച്ച ഉപര്യുക്ത സംസ്ഥാനങ്ങളില്‍ സ്വീകരിക്കാത്ത മാനദണ്ഡമാണ് കര്‍ണാടകയില്‍ പ്രയോഗിച്ചത്. ‘കോണ്‍ഗ്രസ് മുക്ത’ ഭാരതം’ എന്ന ആര്.എസ്.എസ് ലക്ഷ്യം കരഗതമാക്കാന്‍ ഏത് അധാര്‍മിക രീതിയും അവലംബിക്കാമെന്നായിരുന്നു നിലപാട്. ആ പദ്ധതി വിജയിക്കുമെന്ന് എല്ലാവരും ആശങ്കപ്പെട്ടു. ഏതെങ്കിലും തരത്തില്‍ ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ഏപ്രില്‍ 17നു നിറംമങ്ങിയ ഒരു ചടങ്ങില്‍ യെദ്യുരപ്പ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറുന്നത്.
യെദ്യൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച കൊടുത്ത ഗവര്‍ണരുടെ നടപടി ചോദ്യം ചെയ്തു കോണ്‍ഗ്രസും ജനതാദളും സുപ്രീംകോടതിയെ രായ്ക്കുരാമാനം സമീപിച്ചത് വഴിത്തിരിവായി. ഹരജി കേട്ട ജസ്റ്റിസ് എ.കെ സിക്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ശനിയാഴ്ച നാല് മണിക്ക് സഭാതലത്തില്വെച്ച് ഭൂരിപക്ഷം തെളിയിക്കണമെന്ന് വിധിച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കണമെന്നാണ് സര്‍ക്കാരിയ കമീഷന്റെ നിര്‍ദേശമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണരുടെ നടപടിയെന്നുമുള്ള മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴുപേരെ എവിടെനിന്നാണ് ബി.ജെ.പി സംഘടിപ്പിക്കാന്‍ പോകുന്നതെന്ന മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനുവിന്റെയും കപില്‍ സിബലിന്റെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ മുന്‍ അറ്റോണി ജനറലിനു ഉത്തരമില്ലായിരുന്നു. ശാരീരിക അവശതകളുമായി വിശ്രമത്തില്‍ കഴിയുന്ന വിഖ്യാത നിയമജ്ഞന് രാംജത്മലാനി കേസില്‍ ഇടപെട്ട് വാദിച്ചത് കോടതി മുറിയില്‍ വികാരതീവ്രമായ രംഗങ്ങള്‍ സൃഷ്ടിച്ചു. നിയമപോരാട്ടം നടത്താന്‍ ശാരീരികവും ബുദ്ധിപരവുമായ ഊര്‍ജം തനിക്ക് ഇപ്പോഴില്ലെങ്കിലും കര്‍ണാടക ഗവര്‍ണരുടെ നടപടി നിശബ്ദമായി കണ്ടിരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പരമോന്നത നീതിപീഠത്തിലേക്ക് തിരിച്ചുവന്നതെന്ന് അഭിഭാഷക വൃത്തിയില്‍നിന്ന് വിരമിച്ച തൊണ്ണൂറ്റിനാലുകാരനായ ജത്മലാനി ഓര്മിപ്പിച്ചപ്പോള് കേസില്‍ ഇടപെടാന്‍ മറ്റാരേയും അനുവദിക്കില്ലെന്ന് നേരത്തെ വിധിച്ച ജസ്റ്റിസ് സിക്രിക്ക് ഇളവ് ചെയ്യേണ്ടിവന്നു. ജത്മലാനിക്ക് ചോദിക്കാനുള്ള മര്‍മപ്രധാനമായ ചോദ്യമിതാണ്: ഭരണഘടനാപരമായി നഗ്നമായ അധികാരദുര്‍വിനിയോഗം നടത്തിയ കര്‍ണാടക ഗവര്‍ണറോട് ഇത്ര വലിയ വിഡ്ഡിത്തം ചെയ്യിക്കാന്‍ ബി.ജെ.പി എന്താണ് പറഞ്ഞത്?
ബി.ജെ.പി എന്തുപറഞ്ഞാലും എത്ര ആസൂത്രണം ചെയ്താലും കര്‍ണാടക പിടിച്ചെടുക്കാനുള്ള പദ്ധതി വിജയിച്ചില്ല എന്നത് ജനാധിപത്യത്തെ ഒരു മഹാദുരന്തത്തില്‍നിന്ന് രക്ഷിച്ചു. എം.എല്‍.എമാരുടെ ഫോണില്‍ ഘടിപ്പിച്ച ആപ്പുകളിലൂടെ കുതിരക്കച്ചവടത്തിനു സാക്ഷാല്‍ യെദ്യൂരപ്പയടക്കമുള്ളവര് നടത്തിയ വൃത്തികെട്ട ശ്രമങ്ങളുടെ ഓഡിയോ പുറത്തുവിട്ടപ്പോള്‍ രാജ്യം ഞെട്ടി. താങ്കളുടെ കൂടെയുള്ള എം.എല്‍.എമാരുമായി ബസില്‍നിന്ന് രക്ഷപ്പെടുക എന്നും കൊച്ചിയിലേക്ക് പോയാല്‍ പദ്ധതിയൊന്നും വിചാരിച്ച പോലെ നടക്കില്ലെന്നും തങ്ങളുടെ പക്ഷത്തേക്ക് കാലുമാറുന്നവരെ കാത്തിരിക്കുന്നത് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഐശ്വര്യങ്ങളാണെന്നും സാക്ഷാല്‍ യെദ്യുരപ്പ കോണ്‍ഗ്രസ് എം.എല്‍.എ ബി.സി പാട്ടീലിനെ വശീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, സംഘ്പരിവാറിന്റെ മുഖം വല്ലാതെ വികൃതമാക്കി. ആ ഘട്ടത്തില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്താശകലം ആര്.എസ്.എസിന്റെ വെള്ളംചേര്‍ക്കാത്ത കാപട്യമാണ് അനാവൃതമാക്കിയത്. അതായത്, സംഭവഗതികള്‍ ഇമ്മട്ടിലെത്തിച്ചേര്ന്നതില് ആര്.എസ്.എസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന്. എല്ലാ കുതിരക്കച്ചവടത്തിനും നേതൃത്വം കൊടുത്തവര്‍ ഒടുവില്‍ കൈ കഴുകി രക്ഷപ്പെടാന്‍ നടത്തിയ വിഫലശ്രമം അല്ലാതെ മറ്റൊന്നുമല്ല അത്.
മെയ് 19 ശനിയാഴ്ച വൈകുന്നേരം നാലുമണിയായതോടെ രാജ്യമൊന്നടങ്കം ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത് യെദ്യുരപ്പ, 56മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന് താന്‍ രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ്. ഒരു അധികാരമോഹിയുടെ ഏറ്റവുമൊടുവിലത്തെ പതനവും ആര്.എസ്.എസിന്റെ നിന്ദ്യമായ രാഷ്ട്രീയപിന്മാറ്റവുമായിരുന്നു അത്.
മതേതര പാര്‍ട്ടികളുടെ ഇപ്പോഴത്തെ വിജയം ശാശ്വതമല്ലെന്ന് വിലയിരുത്തുന്നതാവും ബുദ്ധി. ഗത്യന്തരമില്ലാതെയാണ് കുമാരസ്വാമിയെ മുഖ്യമന്ത്രി പദത്തിലിരുത്തി കോണ്‍ഗ്രസ് കൂട്ടുകക്ഷി ഭരണത്തിന് പച്ചക്കൊടി കാട്ടിയത്. കോണ്‍ഗ്രസിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് തടയാന്‍ ബി.ജെ.പി ചിലയിടങ്ങളില്‍ ജനതാദളിന്റെ വിജയം ഉറപ്പിക്കുന്ന തന്ത്രം വരെ പയറ്റിയതാണ്. ബി.ജെ.പി നേതാക്കളും കുമാരസ്വാമിയും രാജ്യത്തുനിന്ന് പുറത്ത് ചെന്ന് ചില രഹസ്യധാരണകള്‍ പോലും ഉണ്ടാക്കിയിരുന്നുവെന്നാണ് ഇപ്പോള്‍ സംഘ്പരിവാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നത്. അത് പൂര്‍ണമായും അവിശ്വസിക്കേണ്ടതില്ല. ആരുമായും ചേര്‍ന്നും അധികാരം നുണയുക എന്നതാണ് ഗൗഢപുത്രന്റെ രാഷ്ട്രീയലക്ഷ്യമെന്ന് മുമ്പ് ഒരുവട്ടം തെളിഞ്ഞതാണ്. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ലോക്സഭ തിരഞ്ഞെടുപ്പില്‍ അവശേഷിക്കുമെങ്കില്‍ മതേതരപക്ഷത്തിനു അത് വന്‍ മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.
കര്‍ണാടക തിരഞ്ഞെടുപ്പ് 133 വയസ്സ് തികഞ്ഞ മുത്തശ്ശിപ്പാര്‍ട്ടിക്ക് വലിയ പാഠമാവേണ്ടതുണ്ട്. സിദ്ധരാമയ്യയുടെ അചഞ്ചലമായ ഫാഷിസ്റ്റ് വിരുദ്ധ നിലപാടും ശരാശരി മികച്ച ഭരണവും കോണ്‍ഗ്രസിന് രണ്ടാം തവണയും അധികാരം കിട്ടുമെന്ന പൊതുവായ കണക്കുകൂട്ടലുകള്‍ എങ്ങനെ തെറ്റി എന്ന് നിഷ്കൃഷ്ടമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഭരണനേട്ടമോ കര്‍ഷകക്ഷേമമോ വികസനമുന്നേറ്റമോ അല്ല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനവും ലിംഗായത്തുകളുടെ മതസ്വത്വവുമൊക്കെ എടുത്തിട്ട് ഹിന്ദുസമുദായത്തില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സിദ്ധരാമയ്യ ശ്രമിച്ചപ്പോള്‍ അത് ബുമറാങ്ങായി ഭവിച്ചു എന്ന് വേണം അപഗ്രഥിക്കാന്‍. മധ്യകര്‍ണാടകയില്‍ ലിംഗായത്ത് മതവാദം ഉയര്‍ത്തിപ്പിടിച്ച മേഖലയില്‍ ബി.ജെ.പി അത്യപൂര്‍വമായ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണ അഞ്ചുസീറ്റ് കിട്ടിയ സ്ഥാനത്ത് 21 പിടിച്ചെടുത്തു. കോണ്‍ഗ്രസിന് 15 കിട്ടിയ സ്ഥാനത്ത് അഞ്ചും. ലിംഗായത്ത് മതപദവിക്കായി 2013ല്‍ വാദിച്ച യെദ്യുരപ്പ ഇത്തവണ വിഷയത്തില്‍ ഇടപെട്ടതേയില്ല. അതേസമയം, തങ്ങളുടെ സമുദായത്തില്‍പ്പെട്ട യെദ്യുരപ്പ തന്നെ മുഖ്യമന്ത്രിയാവണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഈ ജാതിക്കാര്‍ഡ് തെരഞ്ഞെടുപ്പാനന്തര കാലുഷ്യത്തില്‍ ജനവിധി അട്ടിമറിക്കുമെന്ന് വരെ ഭീതിപരത്തി. ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസിലെ 18എം.എല്‍.എമാരും ജനതാദളിലെ രണ്ടുപേരും യെദ്യുരപ്പക്ക് അനുകൂലമായി നിലകൊള്ളുമെന്ന് അവസാനനിമിഷം വരെ അഭ്യൂഹമുണ്ടായിരുന്നു. പാര്‍ട്ടിയോ പ്രത്യയശാസ്ത്രമോ ഒന്നുമല്ല, ജാതിമത പരിഗണനകളാണ് ഇപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതെന്ന വിനാശകരമായ സന്ദേശം. ആരാണിതിന് ഉത്തരവാദി എന്ന് ചോദിച്ചാല്‍, സെക്കുലര്‍ മുദ്രയുമായി നടക്കുന്ന കോണ്‍ഗ്രസാദി കക്ഷികളുടെ ആദര്ശപാപ്പരത്തം എന്നല്ലാതെ മറ്റെന്തുപറയാന്‍. ബി.ജെ.പി, ആര്.എസ്.എസിന്റെ പ്രത്യയശാസ്ത്ര പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ഒരൊറ്റ മുസ്ലിമിനെയും സ്ഥനാര്ത്ഥിയാക്കിവെച്ചിരുന്നില്ല. യെദ്യുരപ്പ മുഖ്യമന്ത്രിയായി തുടര്‍ന്നിരുന്നുവെങ്കില്‍ ഒരൊറ്റ മുസ്ലിം മന്ത്രിയുമില്ലാത്ത ഒരു സര്‍ക്കാര്‍ ദക്ഷിണേന്ത്യയിലും ഉണ്ടായേനെ. ചിത്രം മാറിയപ്പോള്‍ ചുരുങ്ങിയത് രണ്ടു മുസ്ലിം മന്ത്രിമാര്‍ക്ക് ഇടം കിട്ടുമെന്നുറപ്പായി . അപ്പോഴും മുസ്ലിം ന്യൂനപക്ഷത്തിന് ഈ തിരഞ്ഞെടുപ്പില്‍ എന്തു റോളാണ് ഉണ്ടായിരുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് ആര്‍ക്കും സാധിക്കണമെന്നില്ല. മതേതരവോട്ട് ഭിന്നിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും താമര വിരിയിക്കാന്‍ സന്ദര്ഭമൊരുക്കിക്കൊടുത്ത ഏതാനും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എസ്.ഡി.പി.ഐ ശക്തി തെളിയിക്കാന്‍ വേണ്ടി സ്ഥാനാര്‍ത്ഥിയെ നിറുത്തിയപ്പോള്‍ രണ്ടായിരത്തിലധികം വോട്ട് നേടി. ആയിരത്തിലേറെ വോട്ടിന് ബി.ജെ.പി അവിടെ ജയിക്കുകയും ചെയ്തു. ദക്ഷിണ കന്നഡ, ഉഡുപ്പി മേഖല ഉള്‍ക്കൊള്ളുന്ന തീരപ്രദേശത്ത് ബി.ജെ.പി 19ല്‍ 16 സീറ്റ് നേടിയത് വര്‍ഗീയ രാഷ്ട്രീയം കളിച്ചാണ്. അവിടെ പാര്‍ട്ടികള്‍ തമ്മിലല്ല, ഹിന്ദുവും മുസ്ലിമും തമ്മിലായിരുന്നു മല്‍സരം. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 13സീറ്റ് കിട്ടിയ സ്ഥാനത്ത് ഇക്കുറി മൂന്നുമാത്രം. കര്‍ണാടകയെ മറ്റൊരു ഗുജറാത്താക്കാന്‍ ആര്.എസ്.എസ് കിണഞ്ഞുശ്രമിക്കുന്ന ഈ മേഖലയില്‍ ഹിന്ദുത്വ തന്ത്രം വിജയിച്ചതിനു കോണ്‍ഗ്രസും എസ്.ഡി.പി.ഐ പോലുള്ള പാര്‍ട്ടികളും ഉത്തരവാദികളാണ്. രണ്ടുഡസനിലേറെ ‘ബലിദാനി’കളുടെ ഓര്‍മകളുമായാണ് ബി.ജെ.പി ഇരച്ചുകയറ്റം നടത്തിയത്. അവിടെ ചോരക്കളം ഒരുക്കുന്നതില്‍ മുസ്ലിം ഗ്രൂപ്പുകളും പങ്കുവഹിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ വയ്യ. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാന്‍ സമുദായത്തിന് അപാര കഴിവാണല്ലോ.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login