ജനാധിപത്യത്തിലെ ആ രണ്ടാം അര്‍ധരാത്രി

ജനാധിപത്യത്തിലെ ആ രണ്ടാം അര്‍ധരാത്രി

മുകുള്‍ റോത്തഗിയാണ് ആ ചോദ്യം ഉന്നയിച്ചത്: ”എന്തിനാണ് അര്‍ധരാത്രിയില്‍ ഈ കേസ് കേള്‍ക്കുന്നത്? എന്താണ് അതിനുമാത്രമുള്ള പ്രാധാന്യം? ഇത്ര ധൃതിയില്‍ വാദം കേള്‍ക്കാന്‍ ഇതെന്താ ആകാശം ഇടിഞ്ഞുവീഴാന്‍ പോവുകയാണോ? രാത്രി ഉറങ്ങുമ്പോള്‍ ആണ് എനിക്ക് ഫോണ്‍ കോള്‍ വന്നത്. ടിവി കണ്ട രണ്ട് എംഎല്‍എ മാര്‍ വിളിച്ചു പറഞ്ഞു കേസ് ഉണ്ടെന്ന്. ഇതെന്താ യാക്കൂബ് മേമന്‍ കേസിലെ അവസ്ഥയാണോ? ഈ കേസ് ഒരിക്കലും അര്‍ധരാത്രി പരിഗണിക്കാന്‍ പാടില്ലായിരുന്നു.”

റോത്തഗി അഭിഭാഷകനാണ്. മുന്‍ അറ്റോര്‍ണി ജനറലാണ്. ചീഫ് ജസ്റ്റിസായിരുന്ന ൈവ.കെ സബര്‍വാളിന്റെ ശിഷ്യന്‍. ഗുജറാത്ത് വംശഹത്യാകേസുകളില്‍ സര്‍ക്കാര്‍ ഭാഗം വക്കീല്‍. ബി.ജെ.പിക്ക് പ്രിയങ്കരന്‍. റോത്തഗി പറഞ്ഞ യാക്കൂബ് മേമന്‍ കേസ് ഓര്‍ക്കുന്നത് നല്ലതാണ്. ഏതുറക്കത്തിലും ജനാധിപത്യ വിശ്വാസികള്‍ മറന്നുകൂടാത്ത ഒന്ന്. മുംൈബ സ്‌ഫോടന പരമ്പരകേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ് യാക്കൂബ് മേമന്‍. അര്‍ധരാത്രിയില്‍ അസാധാരണമായി ചേര്‍ന്ന സുപ്രീംകോടതി ബെഞ്ചാണ് മേമന്റെ ദയാഹരജി തള്ളി അയാളെ തൂക്കിലേക്ക് പറഞ്ഞയച്ചത്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചാണ് അന്ന് മേമന്റെ വിധി തീരുമാനിച്ചത്. അക്കാര്യമാണ് റോത്തഗി പറഞ്ഞത്.

മനു അഭിഷേക് സിംഗ്‌വിയാണ് മറുപടി പറഞ്ഞത്. അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെ പറഞ്ഞതിന് രേഖകളില്ല. പറഞ്ഞുവെന്ന് കാത് സാക്ഷികള്‍: ”ജനാധിപത്യം തൂക്കിലേറ്റപ്പെടാതിരിക്കാനാണ് സാര്‍ ഈ അര്‍ധരാത്രി നമ്മളിത് കേള്‍ക്കുന്നത്”. മനു അഭിഷേക് സിംഗ്‌വി മുപ്പത്തിനാലാമത്തെ വയസ്സില്‍ സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ചയാളാണ്. ആ പദവിയിലെത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. കൃത്യം മൂന്നാം വര്‍ഷം, മുപ്പത്തിയേഴാം വയസ്സില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി. 1997-ല്‍. എച്ച്. ഡി. ദേവഗൗഡയായിരുന്നു അന്ന് പ്രധാനമന്ത്രി. രമാകാന്ത് ഖലാപ്പ് നിയമ മന്ത്രിയും. അന്ന് കോണ്‍ഗ്രസിലെ പ്രബലനായിരുന്ന മാധവറാവു സിന്ധ്യയാണ് സിംഗ്‌വിയെ ശിപാര്‍ശ ചെയ്തത്. കേസ് ഏറ്റെടുക്കുന്നതില്‍ നീതി, അനീതി ബാധ്യതകള്‍ ഇല്ലാത്ത തികഞ്ഞ പ്രൊഫഷണല്‍. അതിനാല്‍ വിവാദങ്ങളുടെയും സഹയാത്രികന്‍. ലോട്ടറി മാഫിയക്ക് വേണ്ടിയും ഹോസ്പിറ്റല്‍ മാഫിയക്ക് വേണ്ടിയും ഹാജരായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വക്താവായിരുന്നു. ഇപ്പോള്‍ രാജ്യസഭാംഗമാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ആ മാസ് ഡയലോഗില്‍ നിര്‍ത്തിയില്ല സിംഗ്‌വി. അസാധാരണമായി അര്‍ധരാത്രിയില്‍ ചേര്‍ന്ന സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് മുന്നില്‍ ജനാധിപത്യത്തെ തൂക്കിലേറ്റാതിരിക്കാനുള്ള പഴുതുകള്‍ ഒന്നൊന്നായി, ദീര്‍ഘമായി, തികഞ്ഞ ഗൃഹപാഠത്തിന്റെ കരുത്തോടെ ഉന്നയിച്ചു. വാദിച്ചു, പ്രതിവാദിച്ചു. ഒടുവില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് അഭിശപ്തമായി മാറിയേക്കാവുന്ന ഒരു വലിയ ദുരന്തത്തിന് താല്‍കാലികമായെങ്കിലും കോടതിയെക്കൊണ്ട് മൂക്കുകയറിടീച്ചു.
നാടകീയമെന്ന് വരുത്തി ഇത്രയും പറഞ്ഞത് നിങ്ങള്‍ ഏറെ കേട്ടുകഴിഞ്ഞ കര്‍ണാടക സംഭവ വികാസങ്ങളെക്കുറിച്ചാണ്. ദക്ഷിണേന്ത്യ പിടിക്കുമെന്ന് പ്രഖ്യാപിച്ച് കര്‍ണാടകയില്‍ കളം പിടിക്കാനിറങ്ങിയ ബി.ജെ.പി, അവരാല്‍ നിയമിതനായ ഗവര്‍ണറുടെ സഹായത്തോടെ ജനാധിപത്യത്തെ വെന്റിലേറ്ററിലാക്കിയതിനെതിരായ ചെറുത്തുനില്‍പിനെക്കുറിച്ചാണ്.
ഗവര്‍ണര്‍ പ്രധാനമായ ഭരണഘടനാ പദവിയാണ്. ഫലത്തില്‍ റബര്‍ സ്റ്റാമ്പാണെങ്കിലും അവസരം വന്നാല്‍ അത്താഴം മുടക്കാന്‍ കോപ്പുള്ള പദവി. ഫെഡറല്‍ സംവിധാനത്തിന്റെ സമ്പൂര്‍ണതക്ക് എതിരാണ് എന്നതില്‍ സംശയമില്ല. എങ്കിലും സംസ്ഥാനത്തെ സംബന്ധിച്ച് ഭരണഘടനയുടെ പ്രതിനിധിയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷകനാണ്. സംസ്ഥാനത്തിന്റെ കയ്യൊപ്പാണ്. തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട് ആ പദവിക്ക്. ആരെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണം എന്നത് ഗവര്‍ണറുടെ ചോയ്‌സാണ്.

കീഴ്‌വഴക്കങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ ഇതിനുള്ള മാര്‍ഗദര്‍ശനം. എന്നാല്‍ എസ്. ആര്‍. ബൊമ്മെ കേസോടെ അങ്ങനെയല്ല. വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. അതിലൊന്ന് ഭൂരിപക്ഷം സംബന്ധിച്ച് ഗവര്‍ണര്‍ക്കുള്ള ധാരണയാണ്. ആര്‍ക്കും ഭൂരിപക്ഷമില്ല എങ്കില്‍ തിരഞ്ഞെടുപ്പ് അനന്തര മുന്നണിയെ വിളിക്കുക എന്നതാണ് അതില്‍ പ്രധാനം. കുതിരക്കച്ചവടം ഒഴിവാക്കലാണ് ലക്ഷ്യം. ജനാധിപത്യത്തെയും അതിന്റെ താങ്ങായ ഭരണഘടനയെയും അന്തസോടെ പരിപാലിക്കേണ്ട തോട്ടക്കാരന്റെ പണിയാണ് ഗവര്‍ണറുടേത്.

കര്‍ണാടകയില്‍ ആ അന്തസ് പാലിക്കപ്പെട്ടില്ല. ഭൂരിപക്ഷത്തിന് ഏഴ് സീറ്റ് കുറവില്‍ ഫിനിഷ് ചെയ്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ, അതിന്റെ നേതാവ് യെദിയൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചുകളഞ്ഞു ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ വലംകൈ ആയിരുന്ന, സംഘപരിവാറില്‍ പെട്ട ഗവര്‍ണര്‍. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജനതാദളും ചേര്‍ന്ന് ഉണ്ടാക്കിയ മുന്നണിയെ, അവര്‍ക്ക് കേവലത്തിനപ്പുറം ഭൂരിപക്ഷമുണ്ടായിട്ടും ഗവര്‍ണര്‍ ക്ഷണിച്ചില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയവും കൊടുത്തു. കേന്ദ്രത്തിലെ അധികാരവും എന്തിനും മടിക്കാത്ത അഖിലേന്ത്യാ അധ്യക്ഷനുമുള്ള ബി.ജെ.പിക്ക് സിംഹത്തെ കച്ചവടം ചെയ്യാന്‍ പത്ത് ദിവസം പോലും വേണ്ട, പിന്നല്ലേ കുതിര.
ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുന്ന മുഴുവന്‍ പേരിലും ആശങ്കയും നിരാശയും ഉണ്ടാക്കിയ ഒന്നായിരുന്നു ഗവര്‍ണറുടെ നടപടി. ക്ഷണിച്ചത് ഏറ്റവും വലിയ ഒറ്റകക്ഷിയെ ആണ്. അത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. ഗവര്‍ണര്‍മാരും രാഷ്ട്രപതിമാര്‍ വരെയും അത്തരം വിവേചനാധികാരം പലകുറി കാട്ടിയിട്ടുണ്ട്. പി.വി. നരസിംഹറാവുവിന്റെ ന്യൂനപക്ഷ സര്‍ക്കാറിനെ ഓര്‍ക്കാം. പക്ഷേ, വ്യക്തമായ ഭൂരിപക്ഷമുള്ള ഒരു തിരഞ്ഞെടുപ്പനന്തരമുന്നണിയെ ക്ഷണിക്കാതിരിക്കുക എന്നത് അമിതാധികാരം കാട്ടലാണ്. സംഘപരിവാര്‍ വിധേയത്വമാണ്. ഭരണഘടനയെ അവഹേളിക്കലാണ്. ഗവര്‍ണര്‍ പദവിയുടെ അന്തസും അന്തസത്തയും ചോര്‍ത്തലാണ്.

എന്തുചെയ്യും? ഗവര്‍ണര്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ചുകഴിഞ്ഞു. വന്‍ ഭൂരിപക്ഷമുള്ള കേന്ദ്ര സര്‍ക്കാരിന് ആ പ്രയോഗം ഇഷ്ടപ്പെട്ടും കഴിഞ്ഞു. പ്രതിഷേധിച്ചിട്ടോ വിലപിച്ചിട്ടോ ഫലമില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ വിശ്വാസപ്രതിസന്ധിയിലൂടെ സഞ്ചരിക്കുകയാണ്. പതിനഞ്ച് ദിവസം യെദിയൂരപ്പ അധികാരത്തിലിരുന്നാല്‍ ജാതിയെ, ജാതി സംഘടനകളെ, ബെല്ലാരി റെഡ്ഡിമാരുടെ പണച്ചാക്കുകളെ മുന്‍നിര്‍ത്തി അധികാരമുറപ്പിക്കും. ജനവിധിയെ അട്ടിമറിക്കും. ജനാധിപത്യത്തിന്റെ സത്ത ചോര്‍ന്നുപോകും.

ആരെയാണ് സമീപിക്കുക? സുപ്രീം കോടതിയാണ് ഒരു വഴി. പക്ഷേ, അതിനും പ്രശ്‌നങ്ങളുണ്ട്. അടിയന്തിരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചാല്‍ എല്ലാ വഴിയും അടയും. കോണ്‍ഗ്രസാണ്, ജനതാദള്‍ ആണ് ഹരജിക്കാര്‍. സുപ്രീം കോടതിയിലേക്കാണ് ചെല്ലേണ്ടത്. എപ്പോള്‍ കേസ് കേള്‍ക്കണം എന്നത് കോടതിയുടെ വിവേചനാധികാരമാണ്. യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാല്‍ അത് കോടതി റദ്ദാക്കില്ല. അത് ഭരണഘടനാപ്രതിസന്ധി സൃഷ്ടിക്കും. സത്യപ്രതിജ്ഞ തടയണമെങ്കില്‍ അസാധാരണ ഇടപെടല്‍ വേണം. ദീപക് മിശ്രയാണ് ചീഫ് ജസ്റ്റിസ്. മിശ്രക്കെതിരെ ആരോപണങ്ങളുണ്ട്. അത്യസാധാരണമായ ഇംപീച്ച്‌മെന്റ് നീക്കം നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിലാണ്. സംഘപരിവാറിനെ സുപ്രീംകോടതി ഭയക്കുന്നു എന്ന് കരക്കമ്പിയുണ്ട്. അതിനാല്‍ ആ വഴിയില്‍ അത്ര ഉറപ്പില്ല. തിരഞ്ഞെടുപ്പിന് ശേഷം ഗംഭീര നീക്കത്തിലൂടെ ബി.ജെ.പിയെ വിറപ്പിച്ച കോണ്‍ഗ്രസിന് ഉത്തരം മുട്ടുന്ന സന്ദര്‍ഭം.

പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ഇന്ത്യാചരിത്രത്തിലെ മറ്റൊരര്‍ധരാത്രി പിറന്നു. ജനാധിപത്യം പിറവിയറിയിച്ച, വിധിയുമായുള്ള കൂടിക്കാഴ്ചയെന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച ആ മഹത്തായ അര്‍ധരാത്രിക്ക് ശേഷം, എഴുപതാണ്ടിനിപ്പുറം മറ്റൊരര്‍ധരാത്രിയില്‍ ജനാധിപത്യത്തിന് വേണ്ടി സുപ്രീംകോടതി ഉറക്കമൊഴിച്ചു. സ്വാതന്ത്ര്യത്തിന്റെ അര്‍ധരാത്രിക്ക് ശേഷം ഇത്രമേല്‍ പ്രതീകാത്മകമായ മറ്റൊരു സന്ദര്‍ഭമില്ല. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് അറ്റോര്‍ണി ജനറല്‍ കോടതിയിലെത്തി. ബി.ജെ.പിക്ക് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി. കോണ്‍ഗ്രസിന് വേണ്ടി മനു അഭിഷേക് സിംഗ്‌വി. രാജ്യം ഉറ്റുനോക്കിയ വികാസങ്ങള്‍. കോടതിയിലെ ഓരോ വാക്കും റിപ്പോര്‍ട് ചെയ്യപ്പെട്ട മഹത്തായ നിമിഷങ്ങള്‍. ഗവര്‍ണറുടെ പദവി സംബന്ധിച്ച് വാഗ്വാദങ്ങളുണ്ടായി. ഭരണകൂട ധാര്‍ഷ്ട്യം വിളംബരം ചെയ്യുന്ന വാദങ്ങളുണ്ടായി. വാദത്തിന്റെ ഓരോ ഘട്ടത്തിലും സുപ്രീം കോടതി ഇക്കാര്യത്തിലെ കോടതിയുടെ പരിമിതികള്‍ എണ്ണിപ്പറഞ്ഞു. പക്ഷേ, സുഭദ്രമായിരുന്നു വിധി. ഗവര്‍ണര്‍ എന്ന ഭരണഘടനാപദവിയെ മാനിച്ചു. അദ്ദേഹത്തിന്റെ നടപടിയെ മാനിച്ചു. പക്ഷേ, കുതിരക്കച്ചവടത്തിന് അരങ്ങൊരുക്കുന്ന മുഴുവന്‍ സാധ്യതകളെയും റദ്ദാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടേ രണ്ടു ദിവസം. അത് ആരെ സംബന്ധിച്ചും നടപ്പുള്ളതല്ല എന്ന് കോടതി മനസിലാക്കി. സമയം നീട്ടി ലഭിക്കാനുള്ള റോത്തഗിയുടെ യാചനകളെ അവഗണിച്ചു. ഓരോ ഘട്ടത്തിലും മനു അഭിഷേക് സിംഗ്‌വിയുടെ മൂര്‍ച്ചയുള്ള വാദങ്ങള്‍ പ്രതിരോധ കവചം തീര്‍ത്തു. രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ ചലനങ്ങളും ഞങ്ങളറിയുന്നുണ്ട് എന്ന ധ്വനിയുണ്ടായിരുന്നു സുപ്രീംകോടതിയുടെ ഓരോ വാക്കിലും.

ഒടുവില്‍ അതുതന്നെ സംഭവിച്ചു. ജനാധിപത്യത്തിന് മേല്‍ സര്‍വാധികാരം കൊണ്ട് നടത്താന്‍ ഉദ്ദേശിച്ച കുതിരകയറ്റം കോടതി പരാജയപ്പെടുത്തി. ആത്യന്തികമായി ആ പരാജയപ്പെടുത്തല്‍ ഇന്ത്യന്‍ ഫാഷിസത്തിന്റെ പടപ്പുറപ്പാടുകളെ തെല്ലും ബാധിക്കില്ല എങ്കിലും, ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പായി കര്‍ണാടകയെ മനസിലാക്കുന്നതില്‍ അര്‍ത്ഥമില്ല എങ്കിലും ജനാധിപത്യത്തിന് മേലുള്ള പ്രത്യക്ഷ കയ്യേറ്റത്തെ തല്‍കാലത്തേക്ക് തടയാനായി എന്നതാണ് കര്‍ണാടകയുടെ ബാക്കിപത്രം.

ആരാണ് അത് തടഞ്ഞത്? നിശ്ചയമായും കോണ്‍ഗ്രസല്ല. ബി.ജെ.പിയുടെയും അതിന്റെ അധ്യക്ഷന്‍ അമിത് ഷായുടെയും തിരഞ്ഞെടുപ്പ് കളികള്‍ രാജ്യം മുന്‍പും കണ്ടതാണ്. രണ്ടേ രണ്ട് ശതമാനത്തില്‍ നിന്ന് ഒരു കമ്യൂണിസ്റ്റ് സംസ്ഥാനത്തെ പിടിച്ചടക്കിയ പാര്‍ട്ടിയാണത്. അതിന് കുട പിടിച്ചത് കോണ്‍ഗ്രസും. 2014-ന് ശേഷം ഇന്ത്യയിലെമ്പാടും പടര്‍ത്തുന്ന അസഹിഷ്ണുതക്കും തല്ലിക്കൊല്ലലുകള്‍ക്കുമെതിരെ ഒരു ചെറുത്തുനില്‍പും നടത്താത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഹിന്ദുത്വം പറഞ്ഞ് വോട്ട് പിടിക്കാന്‍ കച്ചകെട്ടിയ ബി.ജെ.പിയെ അതേ ഹിന്ദുത്വം കൊണ്ട് പ്രതിരോധിക്കാമെന്ന് ദിവാസ്വപ്‌നം കണ്ട രാഷ്ട്രീയ വിഡ്ഡികള്‍ കൂടിയാണവര്‍. ജാതീയത പ്രബലമായ മണ്ണാണ് കര്‍ണാടകയുടേത്. ഏറെക്കുറെ ഉറച്ച സമവാക്യങ്ങളാണ് അവിടത്തെ ജാതിയുടേത്. പങ്കിനെല്ലാം കൃത്യമായി കണക്കുമുണ്ട്. പക്ഷേ ബി.ജെ.പിയുടെ അക്രാമക ഹിന്ദുത്വയെ നേരിടാന്‍ ലിംഗായത്തുകളെ ന്യൂനപക്ഷമാക്കുന്ന കളിയാണ് കോണ്‍ഗ്രസ് പുറത്തെടുത്തത്. മാരകശേഷിയുള്ള ഒരു തീരുമാനമായിരുന്നു അത്. ആ തീരുമാനം തിരിച്ചടിക്കുമെന്ന് പലവിധ മുന്നറിയിപ്പുകള്‍ കിട്ടിയിട്ടും അവര്‍ മുന്നോട്ടുപോയി. പരമ്പരാഗതമായി കോണ്‍ഗ്രസിനെ തുണക്കുന്ന മുസ്‌ലിം പിന്നോക്ക ബെല്‍റ്റുകള്‍ അവഗണിക്കപ്പെട്ടു. ആരാണ് മുന്തിയ ഹിന്ദു എന്ന് ധരിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലായിരുന്നു കോണ്‍ഗ്രസിന്റേത്. അവരുടെ നായകനെ, സിദ്ധരാമയ്യയെ പോലും തോല്‍പിച്ചുകളഞ്ഞു ആ കളി എന്നോര്‍ക്കണം. മൂന്നാം നിരയില്‍ കളിച്ച ജനതാദള്‍ ആകട്ടെ രാഷ്ട്രീയ പാപ്പരത്വത്തിന്റെ പരകോടിയിലും. പല മണ്ഡലങ്ങളിലും അവര്‍ ബി.ജെ.പിയുമായി പോലും ധാരണകളുണ്ടാക്കി. തൂക്ക് സഭയും മുഖ്യമന്ത്രി പദവിയുമായിരുന്നു തിരഞ്ഞെടുപ്പിന് ഇറങ്ങുംമുന്നേ അവരുടെ ലക്ഷ്യം. ബി.ജെ.പി വിരുദ്ധത; സംഘപരിവാര്‍ വിരുദ്ധത; ഫാഷിസ്റ്റ് വിരുദ്ധത എന്ന യോജിക്കാവുന്ന ഒരു മുദ്രാവാക്യത്തില്‍ തിരഞ്ഞെടുപ്പിന് മുന്‍പേ കോണ്‍ഗ്രസും ദളും ഒന്നിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാവുമായിരുന്നു. അതിന് തയാറാകാതെ ഇറങ്ങിക്കളിച്ചവര്‍ പന്ത് സംഘപരിവാറിന്റെ കോര്‍ട്ടിലേക്ക് അലസമായി അടിച്ചിട്ടുകളഞ്ഞു. ആ കളിയാണ് ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനാധിഷ്ഠിത സര്‍ക്കാര്‍ രൂപീകരണത്തെപ്പോലും പ്രതിസന്ധിയിലാക്കിയേക്കാവുന്ന മാരക കളിക്ക് ബി.ജെ.പിക്ക് അവസരം നല്‍കിയത്. ദയനീയമാം വിധം ഇന്ത്യന്‍ ജനത തോറ്റുപോകുമായിരുന്ന ആ കളിയില്‍ റഫറിയെപ്പോലെ ഇടപെടുകയായിരുന്നു സുപ്രീം കോടതി. ഇനിയെവിടേക്ക് എന്ന് പരിഭ്രാന്തപ്പെട്ടുനിന്ന ഒരു ജനതയെ ഇവിടേക്ക് വരൂ എന്ന് ക്ഷണിക്കുകയായിരുന്നു കോടതി. ഒന്നും എല്ലാകാലത്തേക്കുമായി നഷ്ടപ്പെട്ടിട്ടില്ല എന്ന പ്രതീക്ഷ നല്‍കുകയായിരുന്നു.
ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായല്ല ഈ ഇടപെടല്‍. ജനാധിപത്യത്തെ അതിന്റെ ഘടകങ്ങളില്‍ ഒന്നുമാത്രമായ എക്‌സിക്യൂട്ടീവ് പ്രതിസന്ധിയിലാക്കുന്ന എല്ലാ ഘട്ടങ്ങളിലും ഈ ഇടപെടല്‍ സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ ഓര്‍മിക്കുന്നതുപോലെ രാജ്യത്തെ ജനാധിപത്യം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആ നാളുകളെക്കുറിച്ചാണ് പറയുന്നത്. അടിയന്തിരാവസ്ഥയെക്കുറിച്ച്. ഇന്ദിരാഗാന്ധിയെക്കുറിച്ച്. 1971-ലെ പൊതുതിരഞ്ഞെടുപ്പ് ഇന്ദിരക്ക് അഗ്‌നിപരീക്ഷയായിരുന്നു. അകത്ത് നിന്നും പുറത്ത് നിന്നും ഇന്ദിര എതിര്‍പ്പുകളില്‍ ഉലയുന്ന കാലം. അധികാരം തലക്ക് പിടിച്ച കാലം. റായ്ബറേലിയില്‍ മല്‍സരിച്ച ഇന്ദിരയുടെ എതിരാളി രാജ് നാരായണന്‍ ആയിരുന്നു. ഇന്ദിര ജയിച്ചു. അധികാരത്തിന്റെ സര്‍വസന്നാഹങ്ങളും ഉപയോഗിച്ച ജയം. ജില്ലാ കളക്ടര്‍ പോലും ഇന്ദിരയുടെ ഇലക്ഷന്‍ ഏജന്റായി പണിയെടുത്തു. രാജ് നാരായണന്‍ കോടതിയിലെത്തി. അലഹബാദ് ഹൈക്കോടതിയില്‍. രാജ്യത്തെ ഒന്നാംനിര വക്കീല്‍ നാനി പല്‍ക്കിവാല ഇന്ദിരക്ക് വേണ്ടി വാദിക്കാനെത്തി. രാജ്‌നാരായണനുവേണ്ടി സാക്ഷാല്‍ ശാന്തി ഭൂഷനും. രാജ് നാരായണന്‍ ജയിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അലഹബാദ് ൈഹക്കോടതി റദ്ദാക്കി. അപ്പോള്‍ 1975 ആണ് കാലം. ഇന്ദിര പ്രധാനമന്ത്രിയാണ്. സര്‍വ ശക്തയാണ്. അതൊന്നും കോടതി വിധിയെ ബാധിച്ചില്ല. ഭരണഘടനക്ക് ഞങ്ങളാണ് കാവല്‍ എന്ന നീതി പീഠത്തിന്റെ പ്രഖ്യാപനമായിരുന്നു അത്. ഇന്ദിരാഗാന്ധി പല്‍ക്കിവാലയേയും കൂട്ടി സുപ്രീം കോടതിയിലേക്ക് പോയി. പ്രധാനമന്ത്രി പദം ആടിയുലയുകയാണ്. അയോഗ്യയായ ഒരാളാണ് തങ്ങളുടെ പ്രധാനമന്ത്രി, അത് ജനാധിപത്യത്തിന് നാണക്കേടാണ് എന്ന പ്രചാരണം കൊടുമ്പിരി കൊളളുകയാണ്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നിയമലംഘന സമരം തുടങ്ങി. രാജ്യം ഇന്ദിരാവിരുദ്ധ മുന്നേറ്റത്തിലായി. സുപ്രീം കോടതിക്കന്ന് വെക്കേഷനാണ്. ഒരു ജഡ്ജിയേ ഉള്ളൂ. അത് വി. ആര്‍ കൃഷ്ണയ്യരാണ്. അലഹബാദ് ഹൈക്കോടതി വിധിക്ക് സമ്പൂര്‍ണ സ്‌റ്റേ ആണ് ആവശ്യം. ജുഡീഷ്യറിയില്‍ ഇന്ദിര സ്വാധീനം ചെലുത്തുന്ന കാലമാണ്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ വാര്‍ത്തകള്‍ പോലുമുണ്ട്. സീനിയോറിറ്റി മറികടന്ന് ചീഫ് ജസ്റ്റിസിനെ പോലും നിയമിച്ച കാലം. ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന് പാണന്‍മാര്‍ പാടി നടക്കുന്ന കാലം. അലഹബാദില്‍ നിന്ന് അപ്പീലുമായി പുറപ്പെടുമ്പോഴേക്കും അന്നത്തെ നിയമമന്ത്രി കൃഷ്ണയ്യരെ കാണാന്‍ അനുവാദം ചോദിക്കുന്നു. അപ്പീലിനെക്കുറിച്ച് സംസാരിക്കാനായിരുന്നു അത്. കൃഷ്ണയ്യര്‍ കൂടിക്കാഴ്ച നിഷേധിച്ചു. അപ്പീല്‍ കേള്‍ക്കാന്‍ ഏര്‍പ്പാടാക്കി. അപ്പീല്‍ കേട്ടു. സമ്പൂര്‍ണ സ്‌റ്റേ അനുവദിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് പല്‍ക്കിവാല. ഇന്ത്യ മുഴുവന്‍ ഇന്ദിരക്ക് പിന്നിലാണെന്ന് വാദം. കൃഷ്ണയ്യര്‍ അംഗീകരിച്ചില്ല. സമ്പൂര്‍ണ സ്‌റ്റേ നല്‍കിയില്ല. അതിന്റെ പ്രതികാരമായിരുന്നു അടിയന്തിരാവസ്ഥ. അലഹബാദ് ൈഹക്കോടതി റദ്ദാക്കിയത് ലോക്‌സഭാംഗത്വമാണല്ലോ. പ്രധാനമന്ത്രി എന്ന നിലയില്‍ ഓഫീസില്‍ പ്രവേശിക്കാന്‍ ലോക്‌സഭാംഗം ആവണമെന്നില്ലല്ലോ. ആ പഴുതിലൂടെയാണ് ഇന്ദിരയും അടിയന്തിരാവസ്ഥയും വന്നത്.

ജനങ്ങളുടെ പരമാധികാര സ്ഥാപനമാവേണ്ട നിയമനിര്‍മാണ സഭക്ക് മേല്‍ കോടതി ഇടപെടുന്നത് ഭൂഷണമാണോ എന്ന ചോദ്യം പ്രസക്തമാണ്. ജനങ്ങളുമായി ബന്ധമില്ലാത്ത കൊളീജിയത്താല്‍ നിയമിക്കപ്പെടുന്ന ജഡ്ജിമാര്‍ ജനപ്രതിനിധികളെക്കാള്‍ പ്രാധാന്യം നേടുന്നത് ഭൂഷണമേയല്ല. എന്നാല്‍ ജനേച്ഛക്ക് മേല്‍ മതേച്ഛ പിടിമുറുക്കുമ്പോള്‍ ജനം പിന്നെ എന്തുചെയ്യും? അസഹിഷ്ണുതയുടെ വന്‍കടലില്‍ പെട്ട തുഴ വള്ളക്കാര്‍ക്ക് തരിവെളിച്ചമുള്ള തുരുത്തുകള്‍ വെളിച്ചത്തിന്റെ കടലായി അനുഭവപ്പെട്ടാല്‍ പഴിച്ചിട്ട് കാര്യമില്ല.

കെ കെ ജോഷി

You must be logged in to post a comment Login