ചെറിയാന് ഫിലിപ്പ്
“എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്.” ഫിറോസ് ജഹാംഗീര്‍ ഗാന്ധി ലോക് സഭയില്‍ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്. ജനാധിപത്യ ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ പ്രമാദമായ അഴിമതി ആരോപണം ഉന്നയിച്ചത് ഈ കോണ്‍ഗ്രസുകാരനാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്, ഹരിദാസ് മുന്ധ്രയുമായി നടത്തിയ വ്യാപാര ഇടപാടുകളിലെ അഴിമതിക്കഥകള്‍ ഫിറോസ് ഗാന്ധി അക്കമിട്ട് നിരത്തിയപ്പോള്‍ സഭ വീര്‍പ്പടക്കി കേട്ടിരുന്നു.
താമസിയാതെ ധനമന്ത്രി ടി ടി കൃഷ്ണാചാരിക്ക് രാജിവെക്കേണ്ടി വന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരുമകനായ ഫിറോസ് ഗാന്ധി അദ്ദേഹത്തിന്റെ മുഖത്തുനോക്കി തുറന്നടിച്ചു : “അഴിമതി കണ്ടില്ലെന്ന് നടിക്കുന്നതും കുറ്റകരമാണ്.” ഈ ഫിറോസ് ഗാന്ധിയുടെ കുടുംബപ്പേരായ “ഗാന്ധി” എന്ന പരിവേഷമാണ് ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ അണിഞ്ഞത്. ഇന്ദിരാനെഹ്റുവിന്റെ ഭര്‍ത്താവ് എന്ന നിലയിലല്ല ഫിറോസിന് ചരിത്രത്തില്‍ സ്ഥാനം. ഫിറോസിനെപ്പോലെ ഏഴുപേരെ കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ ഏഴുദിവസത്തിനകം സ്വാതന്ത്യ്രം നേടുമെന്നാണ് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞത്. സാമ്പത്തിക കുത്തകകള്‍ക്കും അഴിമതിക്കുമെതിരെ പോരാടിയ ഫിറോസിന്റെ മരുമകളും ചെറുമക്കളും കുടുംബവും അഴിമതിയുടെ ചളിക്കുണ്ടില്‍ അകപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ ക്രൂരതയാണ്. ഇവരെല്ലാം അഴിമതിക്കു വിധേയരായി ശതകോടികളുടെ സ്വത്ത് വാരിക്കൂട്ടുന്ന കറുത്ത കഥകളാണ് ഫിറോസ് ഗാന്ധി എന്ന ആദര്‍ശശാലിയുടെ ജ•ശതാബ്ദി വര്‍ഷത്തില്‍ കാളിമ പരത്തുന്നത്. ബിസിനസ് ഇന്‍സൈഡര്‍ എന്ന അമേരിക്കന്‍ മാസികയുടെ കണ്ടെത്തല്‍പ്രകാരം, അതിസമ്പന്നരായ ലോകത്തെ 23 നേതാക്കളില്‍ നാലാം സ്ഥാനം, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കാണ്; 19 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി. അതായത് ഒരുലക്ഷം കോടി രൂപ വരുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ ഉടമ. ഒന്നാം സ്ഥാനം സഊദി രാജാവിനും രണ്ടാം സ്ഥാനം ബ്രൂണെ സുല്‍ത്താനും മൂന്നാം സ്ഥാനം ന്യൂയോര്‍ക്ക് മേയറിനുമാണ്. സോണിയാ ഗാന്ധിക്ക് താഴെയാണ് അഞ്ചാം സ്ഥാനക്കാരനായ യുഎഇ ഷെയ്ഖ്. ബിസിനസ് ഇന്‍സൈഡറുടെ നിഗമനത്തെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല.
ഇറ്റലിയിലെ ലൂസിയാനയില്‍ ഒരു കല്ലാശാരിയുടെ മകളായി ദരിദ്രകുടുംബത്തില്‍ ജനിച്ച അന്റോണിയ എന്ന സോണിയ സ്കൂള്‍ പഠനത്തിനും നിത്യവൃത്തിക്കുമായാണ് കേംബ്രിഡ്ജിലെത്തിയത്. അവിടത്തെ ഒരു ഗ്രീക്ക് റസ്റോറന്റില്‍ പരിചാരികയായിരുന്ന സോണിയ, ട്രിനിറ്റി കോളജ് വിദ്യാര്‍ത്ഥി രാജീവ് ഗാന്ധിയുമായി പ്രണയത്തിലായി. ഇന്ദിരാഗാന്ധി ആദ്യം എതിര്‍ത്തെങ്കിലും രാജീവിന്റെ ശാഠ്യത്തിനു മുമ്പില്‍ വിവാഹത്തിനു വഴങ്ങേണ്ടി വന്നു. ഒരു ദുഃഖപുത്രിയുടെ വിഷാദരൂപം പൂണ്ടിരുന്ന സോണിയ 1983വരെ ഇറ്റാലിയന്‍ പൌരയായിരുന്നു. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തിനു ശേഷമാണ് സോണിയ ഇന്ത്യന്‍ പൌരത്വം സ്വീകരിക്കുന്നത്. സോണിയയുടെ സ്വത്തുവകകള്‍ ഇറ്റലിയിലാണോ ഇന്ത്യയിലാണോ വിദേശബാങ്കുകളിലാണോയെന്ന് ബിസിനസ് ഇന്‍സൈഡര്‍ വ്യക്തമാക്കിയിട്ടില്ല.
ഇന്ദിരാഗാന്ധി ട്രസ്റ്, രാജീവ് ഗാന്ധി ട്രസ്റ് എന്നിവയുടെ പേരിലുള്ള ഭാരിച്ച സ്വത്ത് സോണിയയുടെയും കുടുംബങ്ങളുടെയും പേരിലാണ്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ്ഗാന്ധി ട്രസ്റ് ഹരിയാനയിലെ ഗുഡ്ഗാവിലെ കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്. 50 കോടി രൂപ വിലവരുന്ന ഭൂമിയാണ് 15 ലക്ഷം രൂപയ്ക്ക് നേടിയത്. മാര്‍ക്കറ്റ്വില നല്‍കണമെന്ന ചട്ടം കാറ്റില്‍പറത്തിയാണ് ഹരിയാന സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി അക്വയര്‍ ചെയ്തത്.
ഇന്ദിരാഗാന്ധി- രാജീവ് ഗാന്ധി ട്രസ്റിലേക്കുള്ള പണമിടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ നിലനില്ക്കുന്നു. സോണിയയുടെ ഇറ്റലിയിലെ മെയ്നോ കുടുംബാംഗങ്ങള്‍ ഏതാനും വര്‍ഷത്തിനുള്ളില്‍ ധനാഢ്യരായിത്തീര്ന്നുവെന്ന് ആക്ഷേപമുണ്ട്. രാജീവ്ഗാന്ധിയുടെ കാലത്തു നടന്ന ബൊഫോഴ്സ് തോക്കിടപാടുമായി ബന്ധപ്പെടുത്തി ഇറ്റലിക്കാരനായ ക്വട്ട്റോച്ചിയെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ ഒട്ടേറെ ദുരൂഹതകള്‍ സൃഷ്ടിച്ചിരുന്നു. സ്വിസ് ബാങ്കിലെ ‘ലോട്ടസ്’ എന്ന പേരിലുള്ള അക്കൌണ്ടിനെ ചൊല്ലിയും കഥകള്‍ പരന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്തിയതു മുതലാണ് അഴിമതിയുടെ ഘോഷയാത്ര ആരംഭിച്ചത്. 2ജി സ്പെക്ട്രം മുതല്‍ കല്ക്കരിയിടപാടുകള് വരെ ലക്ഷം ലക്ഷം കോടികളുടെ അഴിമതികളാണ് അരങ്ങേറിയത്. അഴിമതിയുടെ കറുത്ത കരങ്ങള്‍ ആണ്ടിമുത്തുരാജയില് നിന്നും ചിദംബരത്തില്‍ നിന്നും സോണിയ കുടുംബത്തിലേക്കു നീളുന്നു. സുബ്രഹ്മണ്യ സ്വാമി സോണിയക്കും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിനൊന്നും മറുപടി പറയാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയില്‍ ഏറ്റവുമധികം അഴിമതി നടക്കുന്നത് പ്രതിരോധ വകുപ്പിലാണ്. രാജ്യത്തിന്റെ പൊതുബജറ്റിന്റെ അഞ്ചിലൊന്ന് പ്രതിരോധ ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. ഈ വന്‍തുകയുടെ പകുതിയിലേറെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആയുധമിറക്കുമതിക്കാണ് ഉപയോഗിക്കുന്നത്. ആയുധങ്ങള്‍ വാങ്ങുന്നതിലെ കമ്മീഷന് സഹസ്രകോടികളുടേതാണ്, എ കെ ആന്റണി കണ്ണടച്ചിരിക്കുന്ന പ്രതിരോധ വകുപ്പില്‍ നിന്ന് അഴിമതിപ്പണം ഇറ്റലിയിലേക്കും ഡല്‍ഹിയിലെ ജനപഥിലേക്കും അക്ബര്‍ റോഡിലേക്കും നിര്‍ബാധം ഒഴുകുന്നുണ്ടത്രെ. പ്രിയങ്കയും പിച്ചളക്കച്ചവടക്കാരനായ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും ഭൂമികച്ചവടം മുഖ്യ ബിസിനസായി സ്വീകരിച്ചിരിക്കുന്നു. ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ സിംലയില്‍ പ്രിയങ്ക ഒരേക്കര്‍ ഭൂമി വാങ്ങിയത് സംസ്ഥാന നിയമം ഇളവു ചെയ്താണ്. സിംഗപ്പൂര്‍, ദുബൈ എന്നിവിടങ്ങളില്‍ പ്രിയങ്ക ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയതായി അഭ്യൂഹങ്ങള്‍ നിലനില്ക്കുന്നു.
അടിയന്തരാവസ്ഥയിലെ സഞ്ജയ് ഗാന്ധിയെപ്പോലെ റോബര്‍ട്ട് വധേര ഒരു അതിക്രമകാരിയായി മാറിയിരിക്കുന്നു. വിമാനത്താവളങ്ങളില്‍ സെക്യൂരിറ്റി പരിശോധനയും കസ്റംസ് പരിശോധനയും വധേരരാജകുമാരന് ബാധകമല്ല. ആസേതു ഹിമാചലം വസ്തു വാങ്ങിക്കൂട്ടുകയാണ് വധേരയുടെ മുഖ്യപണി. ഡല്‍ഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ 31 വസ്തുവകകളില്‍ 500 കോടിരൂപയുടെ ആസ്തി ഉണ്ടെന്നാണ് ആരോപണം. റിയല്‍ എസ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി ചേര്‍ന്ന് വധേര 300 കോടി സമ്പാദിച്ചതായാണ് ആക്ഷേപം. 2007ല്‍ വധേരയുടെ അഞ്ചു കമ്പനികളുടെ മൂലധനം 50 ലക്ഷം രൂപ മാത്രമായിരുന്നു. ഡിഎല്‍എഫ് നല്കിയ 60 കോടിയുടെ പലിശയില്ലാ വായ്പ കൂടി ഉപയോഗിച്ചാണ് 300 കോടിയുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയത്. മൌര്യ മുതല്‍ മുഗള്‍ വരെയുള്ള രാജവംശങ്ങള്‍ ഇന്ത്യയുടെ സ്വത്ത് കൊള്ളയടിക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്തതായി ചരിത്ര രേഖകളുണ്ട്. ജനാധിപത്യ ഇന്ത്യയിലും രാജവംശത്തിന്റെ പിന്തുടര്ച്ച പോലുള്ള വംശീയ രാഷ്ട്രീയം നിലനില്ക്കുന്നു. അലഹാബാദിലെ ആനന്ദഭവന് ഉള്‍പ്പെടെ കുടുംബസ്വത്തുക്കള്‍ രാഷ്ട്രത്തിനു സംഭാവന ചെയ്ത ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള വംശമാണ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ അധികാരം കൈയാളുന്നത്. നെഹ്റുവിന്റെയും ഫിറോസ് ഗാന്ധിയുടെയും പൈതൃകം ഉള്‍കൊള്ളുന്നവരാണ് അധികാരത്തിലും പണത്തിലും ഒരുപോലെ ആര്‍ത്തി പൂണ്ടിരിക്കുന്നത്.
You must be logged in to post a comment Login