പോരാട്ടങ്ങളുടെ ഭൂമിക

പോരാട്ടങ്ങളുടെ ഭൂമിക

സാമ്രാജ്യത്വം കൊളോണിയലിസത്തിന്റെ രൂപം പൂണ്ടത് മലബാറിന്റെ മണ്ണില്‍ വച്ചാണ്. 1498 സെപ്തംബറില്‍ പറങ്കിപ്പടയാളിയായി വന്ന വാസ്‌കോഡിഗാമയാണ് അറബിക്കടലില്‍ അശാന്തി പരത്തിക്കൊണ്ട് ഏഷ്യന്‍ വന്‍കരയില്‍ യൂറോപ്യന്‍ കൊളോണിയിലിസത്തിന് വിത്ത് പാകിയത്. ഇന്ത്യാ സമുദ്രത്തിന്റെ തീരപ്രദേശങ്ങളെ പോര്‍ച്ചുഗലിന് കീഴിലാക്കിക്കൊണ്ടുള്ള അപ്രമാദിത്വ പ്രഖ്യാപനവുമായി വന്ന വാസ്‌കോഡിഗാമക്ക് പറങ്കിരാജാവും പാതിരിമാരും സര്‍വ പിന്തുണയും നല്‍കിയിരുന്നു. പെസ്റ്റര്‍ ജോണ്‍ എന്ന അജ്ഞാതനായ ഒരു ക്രിസ്തീയ രാജാവിന് അവകാശപ്പെട്ടതാണ് അറബിക്കടലിന്റെ തീരം എന്ന ‘ദൈവപ്രോക്തമായ’ തിട്ടൂരം വാസ്‌കോഡി ഗാമയുടെ ക്രൂരതകള്‍ക്ക് മത പരിവേഷം നല്‍കി. സ്പാനിഷ് ഉപഭൂഖണ്ഡത്തില്‍ നിന്ന് മുസ്‌ലിം മൂറുകളെ തുരത്തിയതില്‍ പങ്ക് വഹിച്ച പറങ്കികള്‍ക്ക് ലോകത്ത് നിന്ന് അറബി സ്വാധീനം ഇല്ലാതാക്കണമെന്ന ആഗ്രഹം കൂടി ഉണ്ടായിരുന്നു. അത് കൊണ്ടാണ് കോഴിക്കോട് വന്ന് സാമൂതിരിയെ കണ്ട പാടെ അറബികള്‍ക്ക് നല്‍കിയിരുന്ന വ്യാപാര സ്വാതന്ത്ര്യം നിറുത്തണമെന്ന് ഗാമയും പിന്‍ ഗാമികളും ആവശ്യപ്പെട്ടത്. ഈ വിവരം ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എഴുതിയതിങ്ങനെ: ‘ഞങ്ങള്‍ക്ക് സകല ജാതിക്കാരോടും സ്‌നേഹം ഉണ്ട്. ഇസ്‌ലാം വകക്കാരോട് മാത്രം ഇല്ല. അവര്‍ നിത്യം ഞങ്ങളെ ചതിപ്പാന്‍ നോക്കുന്നു… ഈ മാപ്പിളമാര്‍ നിങ്ങളോട് പറയുന്നതെല്ലാം വിശ്വസിക്കരുതേ. അവരുടെ പക നിമിത്തം നീരസം തോന്നാതെ ഞങ്ങളെ രക്ഷിച്ച് കൊള്ളേണം. അവരെ അനുസരിച്ചിട്ട് ഞങ്ങളെ കൊന്നാലും ഞങ്ങളെ രാജാവ് വിടാതെ അന്വേഷിച്ചു കാര്യം അറിഞ്ഞു നിങ്ങളില്‍ പ്രതിക്രിയ ചെയ്യും. പോര്‍ത്തുഗല്‍ ജയം കൊള്ളാതെ കണ്ട് ഈ രാജ്യം വിട്ടു പോകയും ഇല്ല.’

വാസ്‌കോഡി ഗാമക്ക് ആഫ്രിക്കയില്‍ നിന്ന് മലബാറിലേക്ക് വഴി കാണിച്ച് കൊടുത്ത അഹ്മദ് ഇബ്‌നു മാജിദ് എന്ന മുസ്‌ലിമിന് ഗാമ വരുന്നത് തന്റെ വംശത്തെ നശിപ്പിക്കാനാണെന്ന് അറിയുമായിരുന്നില്ല. അറബികളെ അവഗണിക്കണമെന്ന പറങ്കികളുടെ ആവശ്യം അംഗീകരിക്കാത്തതിന്റെ പേരിലാണ് സാമൂതിരി പറങ്കികള്‍ക്ക് ശത്രുവാകുന്നത്. അറബിക്കടലിന്റെ തീരത്ത് സമുദ്രാധിപതിയായിക്കഴിഞ്ഞ സാമൂതിരി ചെങ്കോലും കിരീടവും താഴെ വച്ച് തങ്ങള്‍ക്ക് വഴിപ്പെടണമെന്ന് കൂടി പറഞ്ഞതോടെ കൊളോണിയലിസത്തിന്റെ തനിനിറം വ്യക്തമായി. അറബിക്കടലിന്റെ തീരത്ത് ശത്രുതയുടെയും പകയുടെയും കരിമേഘങ്ങള്‍ ഉരുണ്ടു കൂടി. മലബാര്‍ തീരത്ത് സമാധാനം അസ്തമിക്കുകയായി. പറങ്കികളെ തുരത്തി നാടിനെ രക്ഷിക്കാനുള്ള പ്രതിജ്ഞയുമായി മലയാളികള്‍ പടച്ചട്ടയണിഞ്ഞു.
ഗാമ വരുമ്പോള്‍ സാമൂതിരിയുടെ ഭരണകേന്ദ്രം പൊന്നാനിയായിരുന്നു. സമൃദ്ധമായിരുന്നു പൊന്നാനി. കോഴിക്കോടിനോടൊപ്പം തന്നെ പൊന്നാനിയും വ്യാപാരകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. വള്ളുവനാടിന്റെ അധീശത്വം സാമൂതിരിയുടെ കൈകളില്‍ അമര്‍ന്നതോടെ തിരുനാവായയിലൂടെയുള്ള ഉള്‍നാടന്‍ വ്യാപാരം എത്രയോ വികസിച്ചു. കോഴിക്കോട് നിന്ന് കോയമാരും കായല്‍ പട്ടണത്ത് നിന്ന് മരക്കാര്‍മാരും വന്നതോടെ വിദേശികളും ചരക്കു വാങ്ങാന്‍ പൊന്നാനിയിലെത്തി. സാമൂതിരിയും പൊന്നാനിയില്‍ തന്നെ തങ്ങി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കൊച്ചിയില്‍ നിന്ന് പൊന്നാനിയില്‍ എത്തിയതോടെ അറബി വ്യാപാരാഭിവ്യദ്ധിയില്‍ സാമൂതിരിയെ സഹായിച്ചു പോന്നു. അറബ് രാജ്യങ്ങള്‍ക്ക് കത്തയക്കാനും കച്ചവടം അഭിവൃദ്ധിപ്പെടുത്താനും മഖ്ദൂമുമാരുടെ സാന്നിധ്യം സാമൂതിരിക്ക് സഹായകമായി. ഇങ്ങനെ എല്ലാം കൊണ്ടും മലബാര്‍ സമൃദ്ധമായിരിക്കെയാണ് ഓര്‍ക്കാപുറത്തെന്നപോലെ പറങ്കികള്‍ കാല്കുത്തിയത്. അതോടെ നാടിന്റെ ശാന്തി നിലച്ചു. നാടെങ്ങും പറങ്കികള്‍ ദുരിതം വിതച്ചു. മുസ്‌ലിംകളെയായിരുന്നു മുഖ്യമായും ഉന്നംവച്ചത്. പള്ളികളും മുസ്‌ലിം ഭവനങ്ങളും കച്ചവടക്കപ്പലുകളും അഗ്‌നിക്കിരയാക്കി. വനിതകളെ മാനഭംഗപ്പെടുത്തി. പ്രിയപ്പെട്ട പ്രജകളെ രക്ഷപ്പെടുത്താന്‍ സാമൂതിരി പ്രതിജ്ഞാബദ്ധനായി. ഒരു നാവിക സേനയുടെ അഭാവമാണ് സാമൂതിരിയെ കുഴക്കിയത്. തന്റെ നായര്‍ പടയാളികള്‍ക്ക് കടല്‍ജലം അശുദ്ധി വരുത്തുമെന്നതിനാല്‍ കടല്‍യുദ്ധത്തിന് സാധിക്കുമായിരുന്നില്ല. മഖ്ദൂമുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒരു നാവികപ്പടക്ക് നേതൃത്വം നല്‍കാന്‍ മുസ്‌ലിംകള്‍ തയാറായി. അതിനുള്ള സര്‍വ സൗകര്യങ്ങളും സാമൂതിരി ചെയ്തു കൊടുത്തു. സാമൂതിരിയോടുള്ള രോഷത്താല്‍ ഹൈന്ദവ മതത്തെയും പറങ്കികള്‍ വെറുതെ വിട്ടില്ല. കോഴിക്കോടും പുറക്കാടും പറങ്കികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തു. സിറിയന്‍ ക്രിസ്ത്യാനികളെ കണക്കറ്റ് ദ്രോഹിച്ചു. പറങ്കി അധിനിവേശം എല്ലാ അര്‍ഥത്തിലും കേരളക്കരയെ പ്രക്ഷുബ്ധമാക്കി. ഇവര്‍ക്കെതിരെ മുസ്‌ലിംകളെ സംഘടിപ്പിക്കാന്‍ വേണ്ടി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒരു യുദ്ധകാവ്യം തയാറാക്കി. തഹ്‌രീള് അഹ്‌ലില്‍ ഈമാന്‍ അലാ അബ്ദത്തി സുല്‍ബാന്‍ എന്ന പേരില്‍. കുരിശിന്റെ മറപിടിച്ചു കൊണ്ടുള്ള സാമ്രാജ്യത്വത്തിനെതിരെ മരണം വരെ യുദ്ധം ചെയ്യാനുള്ള ആഹ്വാനമായിരുന്നു ഈ കൃതി. ഇതിന്റെ പകര്‍പ്പുകള്‍ പള്ളികളിലൊക്കെ വിതരണം ചെയ്തു. മരക്കാര്‍മാരാണ് നാവിക യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇവരുടെ മേധാവിക്ക് സാമൂതിരി കുഞ്ഞാലി എന്ന സ്ഥാനപ്പേര് നല്‍കി. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സാമൂതിരി ഒഴികെയുള്ള രാജാക്കന്മാരെല്ലാം പറങ്കികളെ സഹായിക്കുകയായിരുന്നു. കൊച്ചി രാജാവായിരുന്നു ഇതിന് മുന്‍പന്തിയില്‍. ചെമ്പകശേരി രാജാവും സാമൂതിരിയുടെ സാമന്തന്മാരും പറങ്കിപക്ഷത്ത് ചേര്‍ന്നു. പുറക്കാട്ട് അരയന്‍ പോര്‍ച്ചുഗീസുകാരുമായി ചട്ടം കെട്ടി. മംഗലാപുരത്തെയും ബട്കലിലെയും ഭരണാധികാരികളും വിജയ നഗര രാജാവും പറങ്കികളെ സഹായിച്ചു. എറ്റവുമൊടുവില്‍ സാമൂതിരികൂടി പറങ്കികളുമായി സന്ധി ചെയ്തതോടെ അധിനിവേശ വിരുദ്ധ മുന്നണിയില്‍ കുഞ്ഞാലിയും തന്റെ മാപ്പിളപ്പടയാളികളും ഒറ്റപ്പെടുകയായിരുന്നു.

മരക്കാര്‍മാരില്‍ നിരവധി പേര്‍ അധിനിവേശത്തിനെതിരെ ചോര കൊടുത്തു. കുട്ട്യാലി സഹോദരന്മാര്‍, പട്ടു മരക്കാര്‍, കുട്ടി മരക്കാര്‍, കുട്ടിപ്പോക്കര്‍, കുട്ടിമൂസ, പട മരക്കാര്‍, വലിയ ഹസന്‍ മരക്കാര്‍, മമ്മാലി മരക്കാര്‍, കുട്ടിഹസന്‍ തുടങ്ങി നിരവധി പേര്‍ വിവിധ യുദ്ധങ്ങളില്‍ വീരമ്യത്യു വരിച്ചു. ഒപ്പം നായന്മാരും മാപ്പിളമാരുമായി ആയിരക്കണക്കിന് പേര്‍. കൂടാതെ നിരപരാധികളായ കുട്ടികളും സ്ത്രീകളും. നൂറ് കൊല്ലം നടന്ന യുദ്ധത്തില്‍ തെക്കന്‍ മലബാറിലെ പൊന്നാനിയും താനൂരും നല്ല പങ്കു വഹിച്ചു. മാപ്പിളമാര്‍ ഒന്നടങ്കം കുഞ്ഞാലിയുടെ സൈന്യത്തില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്ക് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ തഹ്‌രീള് അഹ്‌ലില്‍ ഈമാന്‍ എന്ന യുദ്ധകാവ്യവും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എഴുതിയ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന യുദ്ധകൃതിയും ആവേശം നല്‍കിയിരിക്കാം. പൊന്നാനിയില്‍ മാപ്പിളമാര്‍ പറങ്കികള്‍ക്കെതിരെ ‘സെഹുദായി മരിപ്പാന്‍ നേര്‍ന്നു പള്ളിയില്‍ കൂടി വന്ന് തല ചരിച്ചും ഉറക്കമിളച്ചും പാര്‍ത്തത്’ രക്തസാക്ഷിയായി സ്വര്‍ഗം പ്രാപിക്കാനുള്ള ആവേശം കൊണ്ട് തന്നെയായിരിക്കും.

മൈസൂരിയന്‍ കാലം
1750കള്‍ക്ക് ശേഷം വന്ന മൈസൂരിയന്‍ ഭരണത്തില്‍ മലബാര്‍ നിരവധി പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായി. ഏറ്റവും പ്രധാനം ഭൂപരിഷ്‌കരണം. ഒപ്പം ജാതീയതയുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ വ്യവസ്ഥിതിയിലും മാറ്റം വന്നു. ബ്രാഹ്മണര്‍ക്കും ജന്മിമാര്‍ക്കുമുള്ള അവകാശങ്ങള്‍ ഇല്ലാതാക്കി. കൃഷി ഭൂമി കര്‍ഷകനാണെന്ന നില വന്നു. കുടിയാന്മാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭിച്ചു. സമൂഹത്തിലുള്ള ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാന്‍ ശക്തമായ നിയമങ്ങള്‍ സുല്‍ത്താന്മാര്‍ നടപ്പാക്കി. ജാതി അടിസ്ഥാനത്തിലുള്ള ഭരണക്രമത്തിനും അറുതിയായി. ഇത് മൂലം ഭൂരിപക്ഷം വരുന്ന കുടിയാന്മാര്‍ക്ക് ഒട്ടേറെ നേട്ടങ്ങളുണ്ടായി. അതോടൊപ്പം ജന്മിയുടെ അധികാരങ്ങളും ഇല്ലാതായി. ടിപ്പുവിന്റെ ഭരണം ഇഷ്ടപ്പെടാത്ത ജന്മിമാര്‍ പലരും നാടു വിട്ടു. കുടിയാന്മാര്‍ക്ക് കൃഷിഭൂമിയില്‍ അവകാശങ്ങള്‍ ലഭിച്ചതോടെ കുടിയാന്മാരായ മാപ്പിളമാരും രക്ഷപ്പെട്ടു. അതിനാല്‍ കുടിയാന്മാരില്‍ നിന്ന് എതിര്‍പ്പുകളൊന്നും മൈസൂര്‍ സുല്‍ത്താന്മാര്‍ക്ക് ഉണ്ടായില്ല. സ്റ്റീഫന്‍ ഡെയ്ല്‍ എഴുതിയ പോലെ, ‘മൈസൂരിയന്‍ ഭരണം ഭൂനികുതി പിരിക്കുന്ന കാര്യത്തില്‍ നിഷ്പക്ഷത പുലര്‍ത്തി… കൃഷിഭൂമി അവര്‍ ഇഷ്ടം പോലെയൊന്നും വിതരണം ചെയ്തില്ല. കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകരെ പുറത്താക്കിയതുമില്ല. വിപ്ലവകരമായ ഒരു ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയതോടെ പുതിയൊരു സംഘര്‍ഷം ഉടലെടുത്തത് അത് വരെ കേരളത്തില്‍ വ്യവസ്ഥാപിതമായൊരു നികുതി വ്യവസ്ഥ ഇല്ലാതിരുന്നത് കൊണ്ടാണ്.’ എന്നാല്‍ സാമൂതിരിയോട് കൂറുള്ളവരും മേധാവിത്തം നഷ്ടപ്പെട്ടവരും ടിപ്പുവിനെതിരായി നില കൊണ്ടു. ടിപ്പുവിന്റെ റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായ മാഡണ്ണയും ശ്രീനിവാസറാവുവുമൊക്കെ നായന്മാരുടെയും ജന്മിമാരുടെയും രോഷത്തിനിരയായി. മാപ്പിള മൂപ്പന്മാരും ടിപ്പുവിന്റെ ശത്രുക്കളായി. ഇവര്‍ പലരും ടിപ്പുവിന്റെ കരം പിരിവുകാരായിരുന്നിട്ടു കൂടി സുല്‍ത്താനെതിരെ രംഗത്തുവന്നു. ഇവരില്‍ പ്രധാനികളാണ് മഞ്ചേരിയിലെ അത്തന്‍ കുരിക്കളും ചാവക്കാട്ടെ ഹൈദ്രോസ് കുട്ടി മൂപ്പനും. ടിപ്പുവിന്റെ സൈന്യത്തോട് പൊരുതി മരിച്ചയാളാണ് മൂപ്പന്‍. മൈസൂരിന് കപ്പം കൊടുക്കാത്തതിന്റെ പേരില്‍ യുദ്ധം നേരിടേണ്ടി വന്നവരില്‍ അറക്കല്‍ ബീവിയുമുണ്ടായിരുന്നു. ടിപ്പുവിനെ എതിരിടാന്‍ ബീവി 1791ല്‍ ബ്രിട്ടീഷുകാരുടെ സഹായം തേടുക കൂടി ചെയ്തു.

ബ്രിട്ടീഷ് അധിനിവേശം
ബ്രിട്ടീഷ് ഭരണം വന്നപ്പോള്‍ ടിപ്പുവിന്റെ പരിഷ്‌കരണങ്ങളൊക്കെ ഇല്ലാതാക്കി. കുടിയാന്മാരെ ഇഷ്ടം പോലെ ഒഴിപ്പിക്കാനും കാര്‍ഷിക വിളകള്‍ ജന്മിയുടെ ഇഷ്ടപ്രകാരം വീതിക്കാനുമുള്ള അവകാശങ്ങള്‍ നടപ്പാക്കിയത് സ്വാതന്ത്ര്യം അനുഭവിച്ച കുടിയാന്മാര്‍ക്ക് ഭീഷണിയായി. ജന്മിമാര്‍ക്ക്, അവരുടെ മേധാവിത്തം നടപ്പാക്കാനുള്ള എല്ലാ സഹായവും ബ്രിട്ടീഷുകാര്‍ ചെയ്തു കൊടുത്തു. സാമൂതിരിയുമായി ബ്രിട്ടീഷുകാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും പടിഞ്ഞാറേ കോവിലത്തുകാര്‍ ഇടഞ്ഞു. ബ്രിട്ടീഷുകാര്‍ അവര്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് മാത്രം പെന്‍ഷനും ആനുകൂല്യങ്ങളും കൊടുത്തതും പലരും ഇഷ്ടപ്പെട്ടില്ല. പടിഞ്ഞാറേ കോവിലത്തുകാര്‍ക്ക് പുറമേ പാലക്കാട് കുഞ്ഞി അച്ചന്‍, ഉണ്ണിമൂസ മൂപ്പന്‍, ചില ഗൗഡന്‍ മേധാവികള്‍, ചിറക്കലെ ചുലാലി നമ്പ്യാര്‍, കോലത്തിരി കുടുംബം, പഴശ്ശിരാജാ എന്നിവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരില്‍ ചിലരുമായി ബ്രിട്ടീഷുകാര്‍ ഒത്തുതീര്‍പ്പുണ്ടാക്കി. ചിലരെ ലഹളയില്‍ കൊന്നു. ചിലരെ നാടു കടത്തി. എന്നാല്‍ ഉണ്ണിമൂസ, പഴശ്ശി എന്നിവര്‍ വഴങ്ങിയില്ല. പരപ്പനാട് രാജ, കണ്ണവത്ത് ശേഖരന്‍ നമ്പ്യാര്‍, കൈത്തേരി കുടുംബം, പടിഞ്ഞാറേ കോവിലകം രാജാക്കന്മാര്‍, മഞ്ചേരി അത്തന്‍ കുരിക്കള്‍, ഉണ്ണിമൂസ, ചെമ്പന്‍ പോക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ മുന്നണിയുണ്ടാക്കി. യുദ്ധം ഏറെ നാള്‍ നീണ്ടു. അതിനിടക്ക് പഴശ്ശി രാജയും ഉണ്ണിമൂസയും കൂടി ടിപ്പുവുമായും ബന്ധപ്പെട്ടു. പക്ഷേ ടിപ്പുവിനെതിരെയുള്ള അന്തിമ യുദ്ധത്തിന് കോപ്പു കൂട്ടുന്ന സമയമായത് കൊണ്ട് ഇവരുമായൊക്കെ ബ്രിട്ടീഷുകാര്‍ തല്ക്കാലം ഒത്തു തീര്‍പ്പുണ്ടാക്കി. പഴശ്ശിയും, മൂസയും കുരിക്കളുമെല്ലാം ബ്രിട്ടീഷുകാരുടെ ആനുകൂല്യം വാങ്ങി തല്ക്കാലം മിണ്ടാതിരുന്നു. ജന്മിമാരെന്ന നിലക്ക് ഇവരെല്ലാം ഒറ്റക്കെട്ടായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങളൊന്നും ഇവരറിഞ്ഞിരുന്നില്ലല്ലോ.

പുതിയ കാര്‍ഷിക നിയമങ്ങള്‍ വഴി ജന്മിമാര്‍ കൂടുതല്‍ ശക്തരാവുകയും കുടിയാന്മാര്‍ കൂടുതല്‍ കഷ്ടപ്പെടുകയും ചെയ്തു. കുടിയാന്മാരെ ഒഴിപ്പിക്കലും വിളകള്‍ സ്വന്തമാക്കലും ജന്മിമാര്‍ നിര്‍ബാധം തുടര്‍ന്നു. പാരമ്പര്യമായ ആനുകൂല്യങ്ങള്‍ പോലും കര്‍ഷകന് ഇല്ലാതായി. ഉണ്ണിമൂസയുടെ സഹോദരനെ തൂക്കിക്കൊന്ന് കൊണ്ടാണ് മാപ്പിളമാര്‍ക്കെതിരെയുള്ള നീക്കം ബ്രിട്ടീഷുകാര്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഭൂമി മുഴുവന്‍ കണ്ടു കെട്ടി. അത്തന്‍ കുരിക്കളുടെ സഹോദരനെ പഴയ ഒരു കേസിന്റെ ബലത്തില്‍ തൂക്കിക്കൊന്നു. ഏറനാട്ടിലെ ചെമ്പന്‍ പോക്കറെയും കേസില്‍ കുടുക്കി ജയിലിലടച്ചു. അദ്ദേഹം എങ്ങനെയോ ജയില്‍ ചാടി. അത്തന്‍ കുരിക്കളും ഉണ്ണി മൂസയും ചെമ്പന്‍ പോക്കറും ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ വീണ്ടും മുന്നണിയുണ്ടാക്കി. 1800 കളിലാണ് ഇവരുടെ യുദ്ധങ്ങള്‍ നടന്നത്. മേജര്‍ വാക്കറുടെ നേതൃത്വത്തിലുള്ള വെള്ളപ്പട്ടാളവും നായര്‍ പട്ടാളവും ചേര്‍ന്ന് ഇവരെ തോല്‍പിച്ചു. അപ്പുറത്ത് പഴശ്ശിയുടെ നേതൃത്വത്തില്‍ നായന്മാരുടെയും മാപ്പിളമാരുടെയും സംയുക്ത മുന്നണിയുണ്ടാക്കിയപ്പോള്‍ പോക്കരും ഉണ്ണി മൂസയും പഴശ്ശിയെ സഹായിക്കാനെത്തി. വയനാട്ടിലും കണ്ണൂര്‍ ഭാഗങ്ങളിലും ബ്രിട്ടീഷ് വിരുദ്ധ കലാപം ശക്തമായി. തലക്കല്‍ ചന്തുവും നമ്പ്യാര്‍മാരും കുറിച്യരും ഇരിക്കൂറിലെയും കല്ലായിയിലെയും മാപ്പിളമാരും ചേര്‍ന്ന് നടത്തിയ യുദ്ധത്തിന് തികച്ചും ഒരു ദേശീയ കലാപത്തിന്റെ പ്രൗഢിയുണ്ടായിരുന്നു. മറുപക്ഷത്ത് ഒരു വിഭാഗം നായര്‍ പടയാളികള്‍ ബ്രിട്ടീഷുകാര്‍ക്ക് തുണയായി. അവരാണ് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പഴശ്ശിയെ തോല്പിച്ചത്. പഴശ്ശിയുടെ സഹായികളായ നായന്മാരെയും മാപ്പിളമാരെയും ബ്രിട്ടീഷുകാര്‍ തുരുതുരാ കൊന്നൊടുക്കി. 1806-ാമാണ്ടായപ്പോഴേക്കും ബ്രിട്ടീഷ് മേല്‍ക്കോയ്മ പൂര്‍ണമായി സ്ഥാപിക്കപ്പെട്ടു.

ജന്മിമാരുടെ സഹകരണം ഉറപ്പാക്കിയ ബ്രിട്ടീഷുകാര്‍ അവരുടെ അധീശത്വം ഉറപ്പിച്ച് കൊടുക്കുന്നതിന് മലബാര്‍ ജില്ലക്ക് മാത്രമായി നിയമങ്ങളുണ്ടാക്കി. 1819ലെ മദ്രാസ് റെഗുലേഷല്‍ നിയമം അത്തരത്തിലുള്ളതായിരുന്നു. ഈ നിയമത്തിന്റെ സഹായത്തോടെ കുടിയാന്റെ മേല്‍ എന്ത് ഹീനതയും നടപ്പാക്കാന്‍ ജന്മിക്ക് സാധിച്ചു. 1812ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ പല ഭാഗത്തും നേരിട്ട് നികുതി പിരിക്കുന്ന റയട്ട് വാരി സമ്പ്രദായം നടപ്പാക്കിയപ്പോള്‍ മലബാറിനെ മാത്രം മാറ്റി നിറുത്തി. തെക്കന്‍ കേരളത്തില്‍ വേലുത്തമ്പിദളവയുടെ കലാപത്തെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ പല ക്ഷേത്ര സ്വത്തുക്കളും പിടിച്ചെടുത്തിരുന്നു. എന്നാല്‍ എവിടെ നിന്നും കുടിയാന്മാരെ ഒഴിപ്പിച്ചിരുന്നില്ല. പക്ഷേ മലബാറില്‍ കുടിയാന്മാരെ ഒഴിപ്പിക്കുന്നത് നിത്യസംഭവമായി. പോലീസോ കോടതിയോ കുടിയാന്മാരോട് കനിഞ്ഞില്ല. മലബാറിലെ കാര്‍ഷിക നിയമങ്ങള്‍ കുടിയാന്മാരുടെ മേല്‍ കണക്കറ്റ നികുതികളും അടിച്ചേല്‍പിച്ചു. ഇത്തരം നികുതികള്‍ കര്‍ഷകരെ അസ്വസ്ഥമാക്കുമെന്ന് അറിയിച്ച് കലക്ടര്‍ വില്യം ലോഗന്‍ 1882ല്‍ ഒരു റിപ്പോര്‍ട്ട് മദ്രാസ് സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ചില്ല. വേറെയും റിപ്പോര്‍ട്ടുകള്‍ മദ്രാസിലെ ബ്രിട്ടീഷധികാരികള്‍ക്ക് എത്തിയെങ്കിലും അവരത് ശ്രദ്ധിച്ചതേയില്ല. കുടിയാന്മാര്‍ തങ്ങളുടെ ആവലാതികള്‍ മമ്പുറത്തെ തങ്ങളുടെ പക്കലും അറിയിച്ചു. കഷ്ടതയനുഭവിച്ചിരുന്ന കുടിയാന്മാരോട് ജന്മിമാരെയും ബ്രിട്ടീഷുകാരെയും അവഗണിക്കാനാണ് തങ്ങള്‍ ഉപദേശിച്ചത്. അതോടെ ജന്മി- ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മുസ്‌ലിം മത പണ്ഡിതന്മാര്‍ കൂടി രംഗത്തിറങ്ങിയത് സമരത്തിന് തിളക്കവും മത സ്വാധീനവും വര്‍ധിപ്പിച്ചു. സമരങ്ങള്‍ക്ക് വിശുദ്ധ യുദ്ധത്തിന്റെ പരിവേഷം വന്നു. കുടിയാന്മാരില്‍ ഇസ്‌ലാം മതത്തിലേക്കുള്ള വ്യാപകമായ മതം മാറ്റങ്ങള്‍ക്കും ഇത് കാരണമായി. ജന്മിയുടെ സ്വാധീനത്തിലകപ്പെട്ട ഹിന്ദുമതത്തില്‍ താണ ജാതിക്കാര്‍ക്ക് സ്വാധീനമില്ലാത്തത് കൊണ്ടും ഹൈന്ദവ മതത്തില്‍ ജന്മി വിരുദ്ധ സമരത്തിന് സാധ്യതയില്ലാത്തത് കൊണ്ടുമാണ് കുടിയാന്മാര്‍ ഇസ്‌ലാം മതത്തില്‍ അഭയം തേടിയത്. ഇങ്ങനെ മതം മാറിയവരാണ് സമരങ്ങളില്‍ തിളങ്ങി നിന്നതും.

ബഹുജന സമരങ്ങള്‍
ബ്രിട്ടീഷ് ഭരണത്തിനെതിരെ ബഹുജന സമരങ്ങള്‍ ഉണ്ടാവുന്നത് മമ്പുറത്ത് അറബ് വംശജനായ സയ്യിദ്അലവി (1752-1844)തങ്ങള്‍ വന്നതോടെയാണ്. തങ്ങളുടെ കാലത്താണ് ബ്രിട്ടീഷുകാര്‍ ജന്മിത്വത്തെ സഹായിച്ച് കൊണ്ടുള്ള അവരുടെ നിയമങ്ങള്‍ നടപ്പാക്കുന്നത്. ഇത് കുടിയാന്‍മാരുടെ ജീവിതം ദുസ്സഹമാക്കി. ജനം തങ്ങളുടെ സമക്ഷത്തിങ്കല്‍ സങ്കടമുണര്‍ത്തിയപ്പോള്‍ തങ്ങള്‍ മര്‍ദ്ദിതര്‍ക്ക് വേണ്ടി രംഗത്തുവന്നു. മാപ്പിള മുസ്‌ലിംകളെ സമര സജ്ജരാക്കുന്നതിന് സൈഫുല്‍ ബത്താര്‍ (മൂര്‍ച്ചയുള്ള വാള്‍) എന്ന പേരില്‍ ഒരു മതവിധി (ഫത്‌വ) പ്രചരിപ്പിക്കുകയും ചെയ്തു: ‘കുഫ്ഫാറുകള്‍ (ബ്രിട്ടീഷുകാര്‍) രാജ്യത്ത് പ്രവേശിച്ചിരിക്കയാല്‍ എല്ലാ മുസ്‌ലിംകളും പ്രായ ലിംഗ ഭേദം കൂടാതെ അവര്‍ക്കെതിരെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാണ്’ എന്ന് ഫത്‌വയില്‍ ഊന്നിപ്പറഞ്ഞു. ജന്മികളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ച് കലാപമുണ്ടാക്കാനുള്ള ബ്രിട്ടീഷ് ശ്രമങ്ങളെ തങ്ങള്‍ ശക്തമായി തന്നെ നേരിടാന്‍ തീരുമാനിച്ചു. മമ്പുറത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ മുട്ടിയറയിലാണ് ആദ്യ സമരം നടന്നത്. അവിടെ പള്ളിപ്പറമ്പില്‍ ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങളില്‍ ജന്മിയുടെ ഗുണ്ട വന്ന് തുപ്പി. മുസ്‌ലിംകളെ ചൊടിപ്പിക്കുകയായിരുന്നു ലക്ഷ്യം. മുസ്‌ലിംകള്‍ പരാതി പറഞ്ഞപ്പോള്‍ ഗുണ്ടകള്‍ ആക്രമിക്കുകയും തുടര്‍ന്നുണ്ടായ കലാപത്തില്‍ ജന്മിയും പട്ടാളവും ചേര്‍ന്ന് മുസ്‌ലിംകളെ വധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മലബാറിന്റെ പല ഭാഗങ്ങളിലും സമരങ്ങളുണ്ടായി.
ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്ത് രക്തസാക്ഷിയാവുന്നത് സ്വര്‍ഗം ലഭിക്കാനുള്ള മാര്‍ഗമാക്കിയ മാപ്പിളമാര്‍ക്ക് മരണത്തോടൊട്ടും ഭയമുണ്ടായില്ല. മമ്പുറം തങ്ങളുടെ മരണത്തിന് ശേഷം തങ്ങളുടെ ഖബറിടം മലബാറിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായി മാറുകയും ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന് തയാറെടുക്കുന്നവര്‍ അവിടെ പോയി പ്രാര്‍ഥിക്കുക പതിവാക്കുകയും ചെയ്തു. താണ വിഭാഗക്കാര്‍ക്കും ഖബറിടം അഭയകേന്ദ്രമായി. അവര്‍ സങ്കടം ബോധിപ്പിക്കാനും ആഗ്രഹ സാഫല്യത്തിനും ദര്‍ഗയെ ആശ്രയിച്ചു വന്നു. തങ്ങള്‍ക്ക് ശേഷം പുത്രന്‍ സയ്യിദ് ഫള്ല്‍ പിതാവിന്റെ പാത പിന്തുടര്‍ന്നു. ഖൗലുല്‍ മുഖ്താര്‍, തന്‍ബീഹുല്‍ ഗാഫിലീന്‍ തുടങ്ങിയ കൃതികളിലൂടെ ലോകത്തെങ്ങും ബ്രിട്ടീഷ് വിരോധം പ്രചരിപ്പിക്കുന്നതിലും സയ്യിദ് ഫള്ല്‍ മുന്‍പന്തിയിലുണ്ടായി. ഇക്കാരണത്താലാണ് കലക്ടര്‍ കനോലി സയ്യിദ് ഫള്‌ലിനെയും കുടുംബത്തേയും 1852 മാര്‍ച്ച് 19ന് അറേബ്യയിലേക്ക് നാടു കടത്തിയത്. തങ്ങള്‍ പോയ ഉടനെ ബന്ധുക്കളില്‍ ചിലര്‍ സര്‍ക്കാര്‍ സഹായത്തോടെ അദ്ദേഹത്തിന്റെ മമ്പുറത്തുള്ള സ്വത്തുക്കള്‍ സ്വന്തമാക്കുകയും സയ്യിദ് ഫള്‌ലിന്റെ പിന്‍ഗാമികള്‍ നാട്ടിലേക്ക് തിരിച്ചു വരുന്നത് തടയുകയും ചെയ്തു. അതോടെ മമ്പുറം സാമ്രാജ്യത്വ ശക്തികളുടെ താവളമായി. ഇത് മാപ്പിളമാര്‍ക്ക് വലിയ തിരിച്ചടിയായെങ്കിലും മമ്പുറം തങ്ങളുടെ ഖബറിടം അവരുടെ ആശാകേന്ദ്രമായി തുടര്‍ന്നു. എല്ലാറ്റിനും കാരണക്കാരനായ കലക്ടര്‍ കനോലിയെ വധിക്കാന്‍ തങ്ങളുടെ മഖ്ബറക്ക് മുമ്പില്‍ വച്ച് അവര്‍ ശപഥമെടുത്തു. കാനോലിയെ കാലിക്കറ്റ് ബംഗ്ലാവില്‍ വച്ച് മാപ്പിളമാര്‍ വധിച്ചു. മാപ്പിളമാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊണ്ടെങ്കിലും രക്തസാക്ഷിത്വം വരിക്കാനുള്ള അഭിനിവേശം അവര്‍ക്ക് തെല്ലും നിരാശ വരുത്തിയില്ല.

സാമ്രാജ്യത്വത്തിനെതിരെയുള്ള യുദ്ധവും മരണവും പുണ്യകര്‍മമായി തന്നെ അവര്‍ കരുതി. പള്ളികളും ദര്‍ഗകളും ദര്‍ഗകളിലെ പ്രാര്‍ഥനകളും അവര്‍ക്ക് ഊര്‍ജം നല്‍കി. പലപ്പോഴും വിശുദ്ധ പട്ടാളക്കാരെ റിക്രൂട്ട് ചെയ്തത് പള്ളികളില്‍ വച്ചായിരുന്നു. ചുരോട്ട്, കീഴ്മുറി, പൊന്മുണ്ടം എന്നിവിടങ്ങളിലെ പള്ളികളില്‍ നിന്ന് നിരവധി പേരെ യുദ്ധത്തിന് വേണ്ടി തിരഞ്ഞെടുത്ത കാര്യം ബ്രിട്ടീഷ് രേഖകളില്‍ കാണാം.

മാപ്പിളമാര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നാടു കടത്തിയും, സ്വത്തുക്കള്‍ കണ്ടുകെട്ടിയും, വിചാരണ കൂടാതെ വധിച്ചും, കൃഷിഭൂമിയില്‍ നിന്ന് പുറത്താക്കിയും, പള്ളികള്‍ തകര്‍ത്തും അവര്‍ പ്രതികാരം ചെയ്തു. ജന്മിമാര്‍ ബ്രിട്ടീഷുകാര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു. കൊല്ലപ്പെടുന്ന രക്തസാക്ഷികള്‍ ആദരിക്കപ്പെടുമെന്ന് കരുതി അവരുടെ മൃതദേഹങ്ങള്‍ ചുട്ടു ചാമ്പലാക്കുന്ന നടപടിയും ബ്രിട്ടീഷുകാര്‍ കൈകൊണ്ടു.
1836 മുതല്‍ 1921 വരെയായി 32 അധിനിവേശ വിരുദ്ധ സമരങ്ങളുണ്ടായി. അവയിലധികവും ഇന്നത്തെ മലപ്പുറം ജില്ലയിലായിരുന്നു. പന്തലൂര്‍, മങ്കട, ഇരുമ്പുഴി, പള്ളിപ്പുറം, കൊടുവായൂര്‍, തിരൂരങ്ങാടി, പാണ്ടിക്കാട്, പയ്യനാട്, അങ്ങാടിപ്പുറം, കൊളത്തൂര്‍, ആനക്കയം, മേല്‍മുറി, മേലാറ്റൂര്‍, ഊര്‍ങ്ങാട്ടിരി, ഓമച്ചപ്പുഴ, വെള്ളങ്ങാട്, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍. ഈ കലാപങ്ങളില്‍ മുന്നൂറിലധികം മാപ്പിളമാര്‍ രക്തസാക്ഷികളായി. സമരം സ്വാഭാവികമായും ജന്മിമാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എതിരെയായതിനാല്‍ ഇരുപത്തൊമ്പത് ജന്മിമാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. സര്‍ക്കാറിനെ സഹായിച്ച അഞ്ച് മാപ്പിളമാരും സമരക്കാരുടെ കൈകളാല്‍ വധിക്കപ്പെട്ടു. പതിനൊന്ന് ബ്രിട്ടീഷുകാരെ മാപ്പിളമാര്‍ കൊന്നുവെന്നാണ് രേഖകളില്‍ കാണുന്നത്.

തൊള്ളായിരത്തി ഇരുപത്തൊന്ന്
മലബാറിലെ കാര്‍ഷിക സ്ഥിതി അത്യന്തം ദുരിതപൂര്‍ണമായിരുന്നു. കോടതിയും, പോലീസും, പട്ടാളവും ഉദ്യോഗസ്ഥന്മാരും കുടിയാന്മാര്‍ക്കെതിരെ ഒന്നിച്ചു. കുടിയാന്മാരെ പുറത്താക്കലും ഭൂമി ഇഷ്ടമുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കലും നിത്യസംഭവമായി. ചോദിക്കാനും പറയാനും ആരാരുമില്ലാതെ കുടിയാന്മാര്‍ കുഴഞ്ഞു. ജന്മിമാരുടെ സ്വാധീനത്തിലുള്ള കോണ്‍ഗ്രസിനാണെങ്കില്‍ കുടിയാന്മാരുടെ കാര്യത്തില്‍ താല്പര്യവുമുണ്ടായില്ല. മഹാത്മാ ഗാന്ധിയുടെ ആഗമം വരെ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിമര്‍ശിക്കുന്നത് പോലും അപരാധമായാണ് കോണ്‍ഗ്രസ് ഗണിച്ചത്. 1916ല്‍ പാലക്കാട് ചേര്‍ന്ന കോണ്‍ഗ്രസ് യോഗം ജന്മിമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പ്രമേയം പാസാക്കി. കുടിയാന്മാരില്‍ നിന്ന് സര്‍ക്കാറിന്റെ യുദ്ധ ഫണ്ടിലേക്ക് പണം പിരിച്ച് കൊടുക്കാനും യോഗം തീരുമാനിച്ചു. കുടിയാന്മാരുടെ പ്രശ്‌നങ്ങളെപ്പറ്റി പാര്‍ട്ടി മിണ്ടിയതേയില്ല. സാമൂതിരിയടക്കമുള്ള സവര്‍ണ്ണ തമ്പുരാക്കന്മാരാണ് കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് തന്നെ. 1919ലെ അമൃത്‌സര്‍ കോണ്‍ഗ്രസ് സമ്മേളനത്തോടെയാണ് കുടിയാന്‍മാരുടെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന്റെ വേദിയിലെത്തുന്നത്. മലബാര്‍ കുടിയാന്‍മാരുടെ പ്രശ്‌നം ഏറ്റെടുത്ത് കൊണ്ട് എം. കൃഷ്ണന്‍ നായര്‍, എം. പി. നാരായണ മേനോന്‍, കെ.പി രാമന്‍ മേനോന്‍, കുഞ്ഞിരാമ മേനോന്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ രംഗത്തെത്തി. 1920ലെ മഞ്ചേരി കോണ്‍ഗ്രസ്- ഖിലാഫത് സമ്മേളനം കുടിയാന്മ പ്രശ്‌നം മുഖ്യഅജണ്ടയാക്കി. ഇത് സംബന്ധിച്ച പ്രമേയത്തില്‍ പ്രതിഷേധിച്ച് രാജഭക്തരായ കോണ്‍ഗ്രസുകാരൊക്കെ ഇറങ്ങിപ്പോയി. ജന്മിമാരുടെ പ്രതിഷേധം വകവയ്ക്കാതെ കുടിയാന്മാ നിയമം വേണമെന്ന് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം ഖിലാഫത്ത് നിസ്സഹകരണം എന്നിവ സജീവമാക്കാനും സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനും തീരുമാനമായി. കോണ്‍ഗ്രസ് നേതാവ് കൂടിയായ സാമൂതിരിയുടെ ഏറനാട്ടിലെ എസ്‌റ്റേറ്റില്‍ നിന്ന് കുടിയാനെ പുറത്താക്കിയപ്പോള്‍ അവിടെ വച്ച് തന്നെ പ്രക്ഷോഭം തുടങ്ങി. കുടിയാന്മാര്‍ ഒന്നടങ്കം സംഘടിച്ച് തമ്പുരാന്റെ വയലില്‍ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചു. സാമൂതിരിക്ക് കുടിയാനെ തിരിച്ചെടുക്കേണ്ടിയും വന്നു.

1920ല്‍ തന്നെ മഹാത്മാ ഗാന്ധിയും മൗലാനാ ഷൗക്കത്തലിയും മലബാര്‍ സന്ദര്‍ശിച്ചത് ഖിലാഫത്തിനും നിസ്സഹകരണത്തിനും വലിയ പ്രചോദനമായി. ഹിന്ദുക്കളും മുസ്‌ലിംകളും കൂട്ടമായി കോണ്‍ഗ്രസിന് ശക്തി പകര്‍ന്നു. കുടിയാന്മാരും പാര്‍ട്ടിയിലണി ചേര്‍ന്നു. മാപ്പിളമാര്‍ക്ക് നേതൃത്വം നല്‍കാന്‍ ഖിലാഫത്ത് കമ്മറ്റികള്‍ സ്ഥാപിതമായി. ഹിന്ദു മുസ്‌ലിം ഐക്യം ശക്തിപ്പെട്ടു. ആലി മുസ്‌ലിയാര്‍, തയ്യില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ആദ്യ നേതാക്കന്മാര്‍. ഒപ്പം മുഹമ്മദ് അബ്ദുറഹ്മാന്‍, എം. പി നാരയണമേനോന്‍, ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ചെര്‍പ്പുളശ്ശേരി ഗോവിന്ദന്‍ നായര്‍, മണ്ണാര്‍ക്കാട് മൂപ്പില്‍ നായര്‍, കെ. പി ബാലകൃഷ്ണമേനോന്‍, മാധവന്‍ നായര്‍ തുടങ്ങിയ കോണ്‍ഗ്രസുകാരും ഖിലാഫത്തിന് ശക്തി പകര്‍ന്നു. ഇതോടെ വിദ്യാസമ്പന്നരും ജന്മിയും കുടിയാനും മത പണ്ഡിതന്മാരും ഒത്തൊരുമിച്ച അവസ്ഥ വന്നു. കോണ്‍ഗ്രസ് ഒരു ബഹുജന പ്രസ്ഥാനമായി മാറി.

ഖിലാഫത്ത് സമരങ്ങളിലേക്ക് പള്ളികള്‍ വഴിയും ചന്തകള്‍ വഴിയും വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്തു വന്നു. ചേറൂര്‍ രക്താസാക്ഷികളുടെ ഖബറിടത്തില്‍ വച്ച് കൊണ്ടാണ് ആലി മുസ്‌ലിയാര്‍ ഖിലാഫത് റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്. മലബാറില്‍ നിസ്സഹകരണ – ഖിലാഫത് പ്രസ്ഥാനത്തിന്റെ നേതാക്കളായ യു. ഗോപാലന്‍ മേനോന്‍, എം.പി നാരായണ മേനോന്‍, മാധവന്‍ നായര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു കൊണ്ട് ഖിലാഫത്-നിസ്സഹകരണ പ്രസ്ഥാനങ്ങളെ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനിടക്ക് താനൂര്‍ ഖിലാഫത് കമ്മറ്റിയുടെ നേതാവായ ആമിനുമ്മാന്റകത്ത് പരീകുട്ടി മുസ്‌ലിയാരുടെ വക മുഹിമ്മാതുല്‍ മുഅ്മിനീന്‍ എന്ന ഫത്‌വയും വന്നു. ”ഖുര്‍ആന്‍ കൊണ്ടും ഹദീസ്(നബി വചനം) കൊണ്ടും തീര്‍ച്ചപ്പെട്ട കാഫിറായ നസാറാക്കള്‍ (ക്രിസ്ത്യാനികള്‍) മുതലായ രാജാക്കന്മാര്‍ക്ക് വഴിപ്പെടാതെ ഇരിക്കല്‍ വാജിബാ(നിര്‍ബന്ധം)കുന്നു. അവരോട് മത്‌സരിക്കുന്നതിന് ഒട്ടും വിരോധമില്ല.” എന്ന് പ്രസ്താവിച്ച് കൊണ്ടുള്ള ഫത്‌വ ഏറനാട്ടിലും വള്ളുവനാട്ടിലും വ്യാപകമായി തന്നെ പ്രചരിച്ചു.

പൂക്കോട്ടൂരിലെ നിലമ്പൂര്‍ കോവിലകം തിരുമുല്‍പാട് ചിന്നനുണ്ണിയും അവിടത്തെ കാര്യസ്ഥനായ കളത്തിങ്കല്‍ മുഹമ്മദും തമ്മിലുള്ള തര്‍ക്കമാണ് 1921ലെ മാപ്പിള കലാപത്തിന് തുടക്കമാവുന്നത്. പ്രശ്‌നം തത്കാലം ഒത്തുതീര്‍ത്തുവെങ്കിലും മുഹമ്മദിനെതിരെ കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്യാന്‍ മുതിര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. 1854ലെ മാപ്പിള ഔട്ട്‌റേജ്യസ് ആക്ടിന്റെ മറപിടിച്ച് മാപ്പിളമാര്‍ക്കെതിരെ കള്ളക്കേസുകളും വീടുകളില്‍ തെരച്ചില്‍ നടത്തലും വ്യാപകമായി. അതിനിടക്കാണ് ഒരു പറ്റം പട്ടാളം 1921 ആഗസ്റ്റ് 20ന് രാത്രി രണ്ട് മണിക്ക് തിരൂരങ്ങാടിയില്‍ വന്ന് വീടുകളില്‍ അതിക്രമിച്ച് കയറി പല ഖിലാഫത്ത് നേതാക്കളെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. പിറ്റേദിവസം രാവിലെ പള്ളിയിലെ അധ്യാപകനും ഖിലാഫത് നേതാവുമായ ആലി മുസ്‌ല്യാരും ജനങ്ങളും അറസ്റ്റ് ചെയ്തവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കൊണ്ട് പോലീസ് സ്‌റ്റേഷനിലെത്തി. അവര്‍ക്കെതിരെ ഒരു കാരണവും കൂടാതെ കേപ്റ്റന്‍ റൗലി വെടി വയ്ക്കാന്‍ ഉത്തരവിട്ടു. പതിനേഴ് മാപ്പിളമാര്‍ മരിച്ചു വീണു. മാപ്പിളമാര്‍ പിന്നെ ആലോചിച്ചില്ല. അവര്‍ റൗലിയേയും കോണ്‍സ്റ്റബിള്‍ മൊയ്തീനെയും മറ്റ് നാല് പട്ടാളക്കാരെയും വക വരുത്തി. കലക്ടര്‍ തോമസും സൂപ്രണ്ട് ഹിച്ച്‌കോക്കും കലാപങ്ങളില്‍ വധിക്കപ്പെട്ടു. അപ്പോഴേക്കും പള്ളി പൊളിക്കുകയാണെന്ന വാര്‍ത്ത നാടാകെ പരക്കുന്നു. ജനങ്ങള്‍ ഇളകിവശാവുന്നു. നേതാക്കളുടെ കൈയില്‍ നിന്നും നിയന്ത്രണം വിടുന്നു. ഏറനാട് ആളിക്കത്തുകയാണ്. കലാപം കോട്ടക്കല്‍, താനൂര്‍, കല്പകഞ്ചേരി, താനാളൂര്‍, പൂക്കോട്ടൂര്‍, അങ്ങാടിപ്പുറം, വണ്ടൂര്‍, കൊണ്ടോട്ടി, പൊന്നാനി, തിരൂര്‍, അരീക്കോട്, തുവ്വൂര്‍, എടക്കര, നിലമ്പൂര്‍, കുമരംപുത്തൂര്‍, പാണ്ടിക്കാട്, മണ്ണാര്‍ക്കാട്, കരുവാരക്കുണ്ട്, മേലാറ്റൂര്‍, മേല്‍മുറി, പൊന്മള, ഇരുമ്പുഴി, പാതായ്ക്കര, തെക്കുമ്പാട്, പെരിന്തല്‍മണ്ണ, പുത്തനങ്ങാടി, പുലാമന്തോള്‍, മഞ്ചേരി തുടങ്ങി നാനാ ഭാഗത്തും പടര്‍ന്നു. 220 ഗ്രാമങ്ങള്‍ കലാപത്തില്‍ പങ്കെടുത്തുവെന്നാണ് ഔദ്യോഗിക കണക്ക്. ബ്രിട്ടീഷധികാരികളും ഭയവിഹ്വലരായി. ബ്രിട്ടീഷ് ഭരണം അവസാനിച്ചതായി എം.പി നാരായണമേനോന്‍ പ്രസ്താവിച്ചു. ഒരു മുസ്‌ലിയാരുടെ വേഷം സ്വീകരിച്ച് ഖിലാഫത് നേതാക്കളോടൊപ്പം മേനോന്‍ നാടെങ്ങും സഞ്ചരിച്ചു. തുവ്വൂരിലെ പള്ളിയില്‍ വച്ച് അദ്ദേഹം സാമ്രാജ്യത്വത്തിനെതിരായി പ്രസംഗിച്ചത് അധികാരികളുടെ ചെവിയിലെത്തി. കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരായിരുന്നു മേനോന്റെ സന്തത സഹചാരി. ആലി മുസ്‌ലിയാര്‍ ഏറനാട്ടിന്റെ ഖലീഫയായി. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി ക്രമസമാധാന പാലനം ഏറ്റെടുത്തു. ബ്രിട്ടീഷുകാര്‍ ആഗസ്റ്റ് 21ാംതിയതി തന്നെ തിരൂരങ്ങാടിയില്‍ നിന്ന് രക്ഷപ്പെട്ടു. സമരക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളൊക്കെ കൈയടക്കി. വിവിധ മേഖലകളിലേക്ക് ഭരണം വ്യാപിപ്പിച്ചു.

പക പോക്കല്‍
മലബാര്‍ കമ്മീഷനിലെ മേജര്‍ വാക്കര്‍ സൂചിപ്പിച്ചതിങ്ങനെ: ‘മാപ്പിളമാരുടെ സ്വഭാവത്തില്‍ ഒരു പ്രത്യേക ഊര്‍ജമുണ്ട്. നമ്മള്‍ പോയാല്‍ അവര്‍ ഉടനെ ഇവിടെ ഒരു വലിയ സാമ്രാജ്യം സ്ഥാപിച്ചേക്കും.’ നാരയണമേനോനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പതിനാല് വര്‍ഷം അദ്ദേഹം ജയിലില്‍ കിടന്നു. ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കൊന്നാര തങ്ങള്‍, അവോക്കര്‍ മുസ്‌ലിയാര്‍, കാരാട്ട് മൊയ്തീന്‍ ഹാജി തുടങ്ങി നേതാക്കളില്‍ ഒട്ടു മിക്ക പേരും നാടിന് വേണ്ടി ജീവന്‍ നല്‍കി. കോണ്‍ഗ്രസ് ഖിലാഫത് നേതാവായ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തന്റെ ഖിലാഫത് സ്മരണകളില്‍ ഈ സംഭവങ്ങള്‍ ഹൃദയ സ്പൃക്കായി വിവരിക്കുന്നു. ഒമ്പത് മാസം നീണ്ട കലാപത്തില്‍ പതിനായിരത്തിലധികം പേര്‍ മൃത്യുവരിച്ചു. അറുപതിനായിരം പേര്‍ക്കെതിരെ കേസെടുത്തു. പതിനെണ്ണായിരത്തോളം പേരെ ശിക്ഷിച്ചു. 1277 പേരെ അന്തമാനിലേക്ക് നാടുകടത്തി. ഇത്രയും ക്രൂരമായ പക പോക്കല്‍ ആധുനിക ചരിത്രത്തിലെവിടെയുമുണ്ടായിട്ടില്ല. മലപ്പുറത്തിന്റെ നാനാ ഭാഗത്ത് നിന്ന് പിടികൂടിയ യോദ്ധാക്കളെ അറസ്റ്റ് ചെയ്ത് തിരൂരിലെത്തിച്ചു. അവരില്‍ പെട്ട നൂറ് പേരെ ഒരു ഗുഡ്‌സ് വാഗനിലിട്ട് കോയമ്പത്തൂരിലെ പോത്തനൂരുള്ള ജില്ലാ ജയിലിലേക്ക് കൊണ്ട് പോകവേ അറുപത്തി ഏഴ് പേര്‍ ശ്വാസംമുട്ടി മരിച്ചു. ഈ സംഭവം ലോകത്ത് തുല്യതയില്ലാത്തതാണ്. മരണപ്പെട്ടവര്‍ മലപ്പുറം ജില്ലയിലെ കരുവമ്പലം, മമ്പാട്, ചെമ്മലശേരി, മലപ്പുറം, മേല്‍മുറി, പോരൂര്‍, പുന്നപ്പാല, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. 1921 നവംബര്‍ 20ന് നടന്ന ഈ സംഭവം ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതിയ പോലെ ദേശീയ ചരിത്രകാരന്മാര്‍ക്ക് വിഷയീഭവിച്ചതേയില്ല. ചൗരിചൗരയും, ജാലിയന്‍ വാലാബാഗും കൊണ്ടാടുമ്പോള്‍ മാപ്പിള കലാപവും വാഗണ്‍ ട്രാജഡിയും വിസ്മരിച്ചത് ചരിത്ര ധ്വംസനമായിപ്പോയി.
മലബാര്‍ സമരങ്ങളിലൂടെ ധീരമായ ചെറുത്തുനില്‍പുകളാണ് മലപ്പുറത്തുകാര്‍ നടത്തിയത്. മാപ്പിളമാരാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. നിരവധി പേരെ വെടി വച്ചും മറ്റ് വിധേനയും ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കുകയായിരുന്നു. നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും കൊന്നത് ചരിത്രകാരന്മന്മാര്‍ കാണുന്നേയില്ല. പല വീടുകളും കുടുംബങ്ങളോടൊപ്പം സീല്‍ ചെയ്യുകയും അവ അഗ്‌നിക്കിരയാക്കുകയും ചെയ്തു. പൂക്കോട്ടൂര്‍ യുദ്ധത്തോടനുബന്ധിച്ച് മാത്രം 300 പേരെ ഒറ്റയടിക്ക് കൊന്നു. നേതാക്കളാരും മലബാറിലേക്ക് കടക്കരുതെന്ന് സര്‍ക്കാര്‍ കല്‍പന നല്‍കി. മലബാറില്‍ എന്താണ് നടക്കുന്നതെന്ന് പോലും ആരും അറിഞ്ഞില്ല. റിപ്പോര്‍ട്ടുകളിലൂടെയും കേസുകളിലൂടെയും ഇതൊരു ഹിന്ദു മുസ്‌ലിം കലാപമാക്കാന്‍ സര്‍ക്കാറും ജന്മിമാരും കൊണ്ടു പിടിച്ച് ശ്രമിച്ചു. പത്രങ്ങള്‍ പോലും ഔദ്യോഗിക റിപ്പോര്‍ട്ടുകളെയാണ് ആശ്രയിച്ചത്.

ഖിലാഫത്തിന് ശേഷം
കലാപത്തിന് ശേഷം കോണ്‍ഗ്രസ് കാണിച്ച അവഗണന നിമിത്തം കോണ്‍ഗ്രസിന്റെ പിന്നീടുള്ള സമരങ്ങളില്‍ മലപ്പുറത്തുകാരുടെ പ്രാതിനിധ്യം കുറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി മലബാര്‍ സമരത്തെ വര്‍ഗീയ കലാപമായി തള്ളിക്കളഞ്ഞു. സൈമണ്‍ കമ്മീഷനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചപ്പോഴും ഉപ്പു സത്യാഗ്രഹത്തിലും വളരേ കുറച്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ കേളപ്പന്‍, കൃഷ്ണ പിള്ള, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, മാധവന്‍ നായര്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തപ്പോള്‍ ജില്ലയുടെ പല ഭാഗത്തും പ്രതിഷേധങ്ങളുണ്ടായി. കോണ്‍ഗ്രസ് കുറച്ചു കാലം പാര്‍ട്ടിയിലെ ഇടതുപക്ഷത്തിന്റെ കൈയിലാവുകയും ചെയ്തു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രസിഡന്റും ഇ.എം.എസ് സെക്രട്ടറിയുമായി കേരള പ്രദേശ് കോണ്‍ഗ്രസ് രൂപീകൃതമായത് വലിയ പ്രതീക്ഷയോടെയായിരുന്നു. പക്ഷേ, വലതുപക്ഷം കോണ്‍ഗ്രസിനെ കീഴടക്കി. പിന്നീട് പി. കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും നേതൃത്വത്തില്‍ മലബാറില്‍ ആള്‍ ഇന്ത്യാ സോഷ്യലിസ്റ്റ് പാര്‍ട്ടി വന്നു. സത്താര്‍ സേട്ടുവിന്റെയും സീതി സാഹിബ് തുടങ്ങി തലശേരിയിലെ വക്കീലന്മാരുടെയും രാജഭക്തരായ സമ്പന്നരുടെയും നേതൃത്വത്തില്‍ മുസ്‌ലിം ലീഗും സജീവമായി. മുസ്‌ലിം ലീഗ് പലേടത്തും കോണ്‍ഗ്രസിനെ തോല്‍പിച്ചു. മുഹമ്മദ് അബുറഹ്മാന്‍ സാഹിബ് മുസ്‌ലിം ലീഗിന്റെ മുഖ്യ ശത്രുവായി. 1939ല്‍ ഇ.എം.ഇസും കൃഷ്ണ പിള്ളയും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുഖം വികൃതമാക്കാനും അവയെ ചരിത്രത്തില്‍ നിന്ന് അപ്രസക്തമാക്കാനും നവ കൊളോണിയലിസ്റ്റ് മാധ്യമങ്ങളും അവയെ അനുകൂലിക്കുന്ന പാര്‍ട്ടികളും ശ്രമിച്ച് കൊണ്ടിരിക്കുന്നു. അക്കാദമിക തലങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ സജീവമായി നില്‍ക്കുമ്പോള്‍ മാത്രമാണ് യുവസമൂഹങ്ങള്‍ സാമ്രാജ്യത്വത്തിനെതിരെ പൊരുതാന്‍ മുന്നോട്ടു വരിക. മലപ്പുറത്തിന്റെ പോരാട്ടങ്ങളുടെ ചരിത്രം ജനമനസ്സുകളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ മാത്രമാണ് മലബാറും മലപ്പുറവും ചരിത്രത്തിന്റെ ഭാഗമാവുന്നത്. അതിനെ മാറ്റി നിറുത്തുമ്പോള്‍ പ്രദേശത്തിന്റെ സംസ്‌കാരവും കൂടി മണ്ണിട്ടു മൂടേണ്ടി വരും.

ഡോ. ഹുസൈന്‍ രണ്ടത്താണി
ചരിത്ര പണ്ഡിതനും എഴുത്തുകാരനുമാണ് ലേഖകന്‍

You must be logged in to post a comment Login