”അപരിചിതമായ സ്ഥലത്തേക്കാണ് നിങ്ങളുടെ യാത്ര. ബസ്സ് വന്നുനിന്നു. ഫുട്‌ബോര്‍ഡില്‍ കാലമര്‍ന്നപ്പോള്‍, ബോള്‍പെന്‍ ചൂണ്ടിയുള്ള ചോദ്യം: ‘എവ്‌ടെയ്ക്കാ?’ നിങ്ങള്‍ സ്ഥലം പറഞ്ഞപ്പോള്‍, കാരണവന്മാര്‍ വെറ്റിലയില്‍ ചുണ്ണാമ്പുതേക്കുംപോലെ അയാള്‍ സ്വന്തം കൈപ്പത്തിക്കുള്ളിലെ കടലാസില്‍ ഒരു തോണ്ടല്‍. നിങ്ങള്‍ കൊടുത്ത പൈസ വാങ്ങാതെ ഒരു കുസൃതിച്ചിരി. ബസ്സ് നീങ്ങി. മറ്റൊരാള്‍ വന്ന് സ്ഥലം ചോദിച്ച് പൈസ വാങ്ങി. എന്നിട്ടും ടിക്കറ്റില്ല. ചോദിച്ചപ്പോള്‍ ചിരി. അര്‍ത്ഥഗര്‍ഭമായ ചിരി.
ഇക്കണക്കിന് ഇവരെ പറ്റിക്കുകയുമാകാമല്ലോ എന്ന് നിങ്ങളുടെ മനസ്സില്‍ ഒരു സ്പാര്‍ക്ക്. (പക്ഷേ, വേണ്ട. ഒരു യാത്രക്കാരനും ഇവിടെ കള്ളം പറയില്ല. വാക്കേ സത്യം. അതത്രേ, അവന്റെ കുരിശും- അല്‍പദൂര യാത്രക്കാരനാകുമ്പോള്‍). അഥവാ, വല്ല ‘തരികിട'(തട്ടിപ്പ്)യും നിങ്ങള്‍ ഒപ്പിച്ചിട്ടുണ്ടെങ്കില്‍, രുദ്രഭദ്രകാളിയുടെ പുരുഷരൂപം കാണാം: ”ജ്ജ് ആരാബ്‌ടെ? അന്നോട് എത്രവട്ടം ചോയിച്ച്ക്ക്ണ്?” ഇത്രയൊക്കെ ആയാല്‍ ഉറപ്പിക്കാം നിങ്ങളുടെ യാത്ര മലപ്പുറത്തുകൂടിയാണെന്ന്.
നിങ്ങള്‍ക്ക് പോകേണ്ടത് ഉള്‍പ്രദേശത്തെ ഒരു സ്‌കൂളിലേക്കാണല്ലേ? ഒരു സഹയാത്രികനോട് വഴി ചോദിച്ചറിയൂ. ഉടന്‍ വരും ചോദ്യം:
‘ങ്ങള് അബ്ട മാഷ്റ്റാ?'(നിങ്ങള്‍ അവിടെ അധ്യാപകനാണോ?).
‘എബ്ടാ രാജ്യം?’ ചോദ്യങ്ങള്‍, ചോദ്യങ്ങള്‍. നിമിഷങ്ങള്‍ക്കകം നിങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ ബസ്സിലെ സകലമാനപേര്‍ക്കും ഹൃദിസ്ഥം. ജാള്യം വേണ്ട. നിങ്ങള്‍ക്കെത്തേണ്ട ഓണംകേറാമൂല എയ്ഡഡ് മാപ്പിള സ്‌കൂളില്‍ നിങ്ങളെ എത്തിക്കാനുള്ള ബാധ്യത അവര്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘ഇസ്‌കൂളി’നടുത്തുള്ള ഒരാളെ ശട്ടം കെട്ടിയിട്ടേ ബസ് നീങ്ങുകയുള്ളൂ. ഇതാണ് മലപ്പുറം. ഗ്രാമമനസ്സുള്ള മലപ്പുറം.”
മൂന്ന് പതിറ്റാണ്ടുമുമ്പ് കലാകൗമുദി വാരികയില്‍(1986 ഡിസംബര്‍ 28) മണമ്പൂര്‍ രാജന്‍ബാബു എഴുതിയ ഫീച്ചറില്‍ നിന്നുള്ളതാണ് മേല്‍വരികള്‍. മലപ്പുറത്തിന്റെ ചരിത്രവും വര്‍ത്തമാനവും മാത്രമല്ല, മലപ്പുറത്തുകാരുടെ മനസ്സ് കൂടി ഉള്‍ചേര്‍ന്നിരുന്നു ആ ഫീച്ചറില്‍. ഫീച്ചറിനൊപ്പം ചേര്‍ത്ത മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് റസാക്. ആ ലക്കം മുഖചിത്രവും റസാകിന്റേതുതന്നെ. ഒരു മാഗസിനില്‍ റസാകിന്റെ ചിത്രങ്ങള്‍ ആദ്യമായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. അതിന് കാരണക്കാരനായതിന്റെ നിര്‍വൃതി മണമ്പൂര്‍ രാജന്‍ബാബുവിനവകാശപ്പെട്ടതാണ്. കലാകൗമുദിയുടെ ഉള്ളടക്കപേജില്‍ ശ്രീ റസാക് എന്ന പേരില്‍ വെളിച്ചം കണ്ട ആ യുവാവ് പില്‍ക്കാലം ഫോട്ടോഗ്രാഫിയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ റസാഖ് കോട്ടക്കലായി പേരെടുത്തു.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത പ്രദേശമാണ് മണമ്പൂര്‍. 1976ല്‍, 28ാം വയസ്സില്‍ എം എസ് പി ഓഫീസില്‍ യു ഡി ക്ലര്‍ക്കായി എത്തിയതാണ് രാജന്‍ബാബു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാപ്പീസിലെ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയില്‍ നിന്ന് പ്രൊമോഷനോടെയുള്ള സ്ഥലം മാറ്റമായിരുന്നു അത്. നാലു പതിറ്റാണ്ടായി മലപ്പുറത്താണെങ്കിലും മണമ്പൂരുകാര്‍ക്കിപ്പോഴും സ്വന്തം നാട്ടുകാരന്‍ തന്നെ. ഇവിടെയെന്ന പോലെ അവിടെയും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി അദ്ദേഹമുണ്ട്. മാസത്തിലൊരിക്കലെങ്കിലും മണമ്പൂരില്‍ അദ്ദേഹമെത്തുന്നു. ജന്മനാടുമായുള്ള ‘പൊക്കിള്‍ക്കൊടി ബന്ധം’ മുറിഞ്ഞുപോകാതിരിക്കുന്നത് ഈ പ്രതിമാസ സന്ദര്‍ശനം കൊണ്ടുതന്നെ.
മണമ്പൂരിലെ രാജാരവിവര്‍മ ഗ്രന്ഥശാലക്കുകീഴില്‍ ‘സംഗമം’ എന്ന പേരില്‍ കയ്യെഴുത്ത് മാസിക പുറത്തിറക്കിയിരുന്നു. അഞ്ചുവര്‍ഷം, അറുപത് ലക്കങ്ങള്‍. കയ്യെഴുത്ത് മാസിക പുറത്തിറങ്ങി. ഒരേ പേരില്‍ തുടര്‍ച്ചയായ അറുപത് ലക്കങ്ങള്‍- കയ്യെഴുത്ത് മാസികയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായിരിക്കും ഇങ്ങനെ ഒരനുഭവം. എഴുത്തുകാരനായും പത്രാധിപരായുമൊക്കെ നിറഞ്ഞുനിന്നത് മണമ്പൂര്‍ രാജന്‍ബാബു തന്നെ. അദ്ദേഹത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ തുടക്കവും ഇവിടെനിന്നാണ്. അത്രയെളുപ്പം പറിച്ചകറ്റാന്‍ കഴിയാത്ത ആത്മബന്ധമാണ് ജന്മദേശവുമായി.
മലപ്പുറത്താണ് ജോലി/ താമസം എന്നറിയുമ്പോള്‍ ‘അവിടെ നമ്മുടെ ആള്‍ക്കാരുണ്ടോ’ എന്ന് ചോദിക്കുമായിരുന്നു ചിലരെങ്കിലും. അവരോടൊക്കെ മണമ്പൂരിന്റെ മറുപടിയിതാണ്: ‘അവിടെ എല്ലാവരും നമ്മുടെ ആള്‍ക്കാരാണ്.’ ആ മറുപടിയില്‍ എല്ലാമുണ്ട്. മലപ്പുറത്തെക്കുറിച്ച് ഉന്നയിക്കാവുന്ന അനേകം ചോദ്യങ്ങളെ ഈയൊരുത്തരം കൊണ്ട് അദ്ദേഹം മറികടന്നു. മലപ്പുറത്തെ അറിഞ്ഞും അനുഭവിച്ചും പതിറ്റാണ്ടുകള്‍ ജീവിച്ച ഒരാളുടെ സത്യസന്ധമായ സാക്ഷ്യമാണത്. എല്ലാവരും നമ്മുടെ ആളുകളാണ്. അങ്ങനെയാകാനേ മലപ്പുറത്തിന് കഴിയൂ.
സാധുക്കളാണ് മലപ്പുറത്തുകാര്‍. പെരുമാറ്റത്തില്‍ പോലുമുണ്ട് ആ ‘സാധുത്വം.’ അല്‍പംകൊണ്ട് തൃപ്തിപ്പെടുന്നവര്‍. അത്യാര്‍ത്തി ഇല്ല. ലാളിത്യം മുഖമുദ്രയാക്കിയവര്‍. അലിവുള്ള മനസിനുടമകള്‍. മതമൂല്യം വലിയ അളവില്‍ ജീവിതത്തില്‍ കൊണ്ടുനടക്കുന്നവര്‍. മലപ്പുറത്തുകാരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച് ഏറെ പറയാനുണ്ട് മണമ്പൂര്‍ രാജന്‍ബാബുവിന്.
കഥയെഴുതിയതിന്റെ പേരില്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാലം. വാടകക്കെട്ടിടത്തിലാണ് താമസം. പഴയ കെട്ടിടമാണ്. ചുമരില്‍നിന്ന് പെയിന്റിളകി വീഴുന്നു. ഒരു ദിവസം കെട്ടിടമുടമസ്ഥന്‍ സൈതാലിക്ക വന്നപ്പോള്‍ രാജന്‍ബാബു പറഞ്ഞു: റൂമൊന്ന് പെയിന്റടിക്കണം. ഉടമക്ക് അത് ഇഷ്ടമായില്ല. വാടക കൂട്ടിത്തരാന്‍ സൈതാലിക്കയുടെ മറുപടി. കാശുണ്ടേല്‍ നിങ്ങള്‍ പറയാതെ തന്നെ ഞാന്‍ കൂട്ടിത്തരുമെന്നായി മണമ്പൂര്‍. ഇതൊന്നും നമ്മളാരും കൊണ്ടുപോകില്ലല്ലോ എന്നും കൂട്ടിച്ചേര്‍ത്തു. അത് സൈതാലിക്കയുടെ മനസ്സില്‍ തറച്ചു. അത് നിങ്ങള്‍ പറഞ്ഞത് ശര്യാ, നമ്മളാരും ഇതൊന്നും കൊണ്ടുപോകില്ലല്ലോ എന്ന് പറഞ്ഞ് സൈതാലിക്ക പോയി. വാടക കൂട്ടിക്കൊടുക്കാതെ തന്നെ റൂം വൈറ്റ്‌വാഷ് ചെയ്തുകിട്ടി. ‘ഇതൊന്നും ആരും കൊണ്ടുപോകില്ലല്ലോ’ എന്ന വാചകം അദ്ദേഹത്തിലുണര്‍ത്തിയ ചിന്ത, ആ മറുപടി. അത് മതമൂല്യത്തിന്റേതാണ്. ഇത്തരം ആളുകള്‍ കുറവാണ്. ചിലര്‍ തത്വം പറയുമെന്നല്ലാതെ പ്രയോഗത്തില്‍ അതൊന്നും കാണില്ല. പ്രാര്‍ത്ഥന ഒരു വഴിക്കും പ്രവൃത്തി വേറെ വഴിക്കുമാണ്. അങ്ങനെയുള്ളവരുമുണ്ട്.
ക്ഷേത്രത്തിനുവേണ്ടി സ്ഥലം ദാനം നല്‍കിയ മുസ്‌ലിം സ്ത്രീയെ ഓര്‍ത്തു മണമ്പൂര്‍. സുഹൃത്ത് ഹംസ തയ്യിലിന്റെ ഉമ്മയായിരുന്നു ആ സ്ത്രീ. പള്ളിക്ക് സ്ഥലം നല്‍കിയ ഹിന്ദു സഹോദരരുമുണ്ട്. ഇങ്ങനെ ധാരാളം അനുഭവങ്ങള്‍. മതം ചികഞ്ഞുനോക്കിയല്ല മലപ്പുറത്തുകാര്‍ മനുഷ്യരെ സ്‌നേഹിക്കുന്നത്.
ഇങ്ങനെയൊക്കെയായിട്ടും മലപ്പുറം ഒരു പ്രശ്‌നബാധിത പ്രദേശമായി ചിത്രീകരിക്കപ്പെടുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് മണമ്പൂരിന്റെ മറുപടിയിങ്ങനെ: ഇവിടെ ആരും പ്രശ്‌നമുണ്ടാക്കുന്നില്ല. പുറത്തുനിന്നുള്ളവരാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇവിടെയുള്ളവര്‍ സമാധാനമാഗ്രഹിക്കുന്നവരാണ്. അദ്ദേഹം അയോധ്യയെ ഉദാഹരിച്ചു. ബാബരിമസ്ജിദിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നത് അയോധ്യയിലുള്ളവരല്ല, പുറത്തുനിന്ന് വരുന്നവരാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം രൂക്ഷമായ മതവര്‍ഗീയതയും തീവ്രവാദ പ്രവണതകളും മനുഷ്യരെ തമ്മിലടിപ്പിക്കുകയാണ്. അതിനു വേണ്ടി വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. രണ്ടു സമുദായങ്ങളിലും ഇത്തരം ചിന്താഗതിയുള്ളവരുണ്ട്. ഇന്ത്യയുടെ രണ്ടാം വിഭജനമായാണ് ബാബരി ധ്വംസനത്തെ മണമ്പൂര്‍ കാണുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അതുണ്ടാക്കിയ മുറിവുണക്കാന്‍ ഇന്നും സാധിച്ചിട്ടില്ല.
ബാബരി മസ്ജിദ് തകര്‍ച്ചയുടെ നാളുകളെ മലപ്പുറം അതിജീവിച്ചതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വലിയവേദനയുണ്ടായിരുന്നു ഓരോരുത്തരുടെയും മനസ്സില്‍. എങ്കിലും മറ്റു മതസ്ഥരോട് എന്തെങ്കിലും നിലക്കുള്ള വിരോധമോ അകല്‍ച്ചയോ ഉണ്ടായിരുന്നില്ല. അന്ന് സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ വലിയ സഹായമായി. ഒരു ഡിസംബര്‍ ആറിന് പ്രതിഷേധ പരിപാടി നടത്താന്‍ പെര്‍മിഷനുവേണ്ടി ചിലയാളുകള്‍ എസ് പി ഓഫീസില്‍ വന്നു. എസ് പിയും ഡി വൈ എസ് പിയും(അഡ്മിനിസ്‌ട്രേഷന്‍) ലീവാണെങ്കില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായ എന്റെ അടുത്താണ് വരിക. ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ ദുഃഖിതരാണ് എന്നവര്‍ പറഞ്ഞപ്പോള്‍ ഞാനത് തിരുത്തി, ഞങ്ങള്‍ ദുഃഖിതരാണ് എന്നല്ല നമ്മള്‍ ദുഃഖിതരാണ്. ഒരമുസ്‌ലിമായ എന്നില്‍നിന്ന് അങ്ങനെയൊരു വാചകം കേട്ടപ്പോള്‍ അവരുടെ മുഖം തിളങ്ങിയത് ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്.
അന്നുണ്ടായ മുറിവ് കുത്തിത്തുറക്കുന്ന വിധത്തിലാണ് ബി ജെ പിയുടെ പ്രസ്താവനകള്‍. ഓരോ തിരഞ്ഞെടുപ്പടുക്കുമ്പോഴും ക്ഷേത്രം പണിയുമെന്ന് പറഞ്ഞ് പ്രകോപനമുണ്ടാക്കുകയാണവര്‍. അവര്‍ക്ക് ക്ഷേത്രം പണിയണമെന്നില്ല. അയോധ്യ അവര്‍ക്കൊരു രാഷ്ട്രീയ അജണ്ട മാത്രമാണ്.
സോഷ്യല്‍ മീഡിയയിലും പുറത്തുമായി മലപ്പുറത്തെ താറടിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മണമ്പൂര്‍ പറഞ്ഞതിങ്ങനെ: അതൊന്നും പൊതുസമൂഹം വിശ്വസിക്കാന്‍ പോകുന്നില്ല.
ആരെങ്കിലും എഴുതുന്ന വിഡ്ഢിത്തങ്ങള്‍ വായിച്ചുകൊണ്ടിരിക്കാന്‍ നമ്മളെന്ത് പാപം ചെയ്തുവെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകളുദ്ധരിച്ചുകൊണ്ടാണ് സോഷ്യല്‍മീഡിയയെ മണമ്പൂര്‍ തള്ളിക്കളയുന്നത്. അദ്ദേഹമിപ്പോഴും ആ വഴിയിലേക്കിറങ്ങിയിട്ടില്ല. എനിക്ക് ഫെയ്‌സും ബുക്കുമുണ്ട്, ഫെയ്‌സ്ബുക്കില്ലെന്ന് അദ്ദേഹം കുസൃതി പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ‘സമയംകൊല്ലി’ വര്‍ത്തമാനങ്ങള്‍ കൊണ്ടൊന്നും മലപ്പുറത്തിന്റെ സൗഹൃദപ്പെരുമക്ക് പോറലേല്‍ക്കില്ലെന്നാണ് അദ്ദേഹം പറയുന്നതിന്റെ രത്‌നച്ചുരുക്കം.
എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വൈപുല്യം നോക്കുമ്പോള്‍ മലപ്പുറം കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാകേണ്ടതാണ് എന്ന അഭിപ്രായമാണ് മണമ്പൂരിന്. സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയുമൊക്കെ ആസ്ഥാനം നിലകൊള്ളുന്നതിനാല്‍ തൃശൂരിനെ സാംസ്‌കാരിക തലസ്ഥാനമായി അടയാളപ്പെടുത്തുന്നുവെന്നേയുള്ളൂ.
മലയാണ്‍മയെ അക്ഷരമാല പഠിപ്പിച്ച തുഞ്ചത്തെഴുത്തച്ഛന്റെ ജില്ലയാണിത്. കിടമത്സരവും അരാജകത്വവും ഭോഗലാലസതയും നിമിത്തം നിലംപൊത്തിയ കേരളജനതക്ക് പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കിട്ടിയ പ്രത്യാശയുടെ പൊന്‍കിരണം. തൃക്കണ്ടിയൂരില്‍ ഉദിച്ച വെള്ളിനക്ഷത്രം.
വേദം ചൊല്ലുന്ന ബ്രാഹ്മണ ശ്രേഷ്ഠന്മാര്‍. അവരുടെ തെറ്റ് തിരുത്താന്‍ ‘കാട്, കാട്’ എന്നു വിളിച്ചുപറഞ്ഞ കുട്ടി. രോഷാകുലമായ ആഢ്യത്വം. കുട്ടിയെങ്കിലും ചക്കാലനായര്‍ക്കു മാപ്പില്ല. കുട്ടിയെ അനുനയത്തില്‍ വിളിച്ച് എന്തോ ജപിച്ചുകൊടുത്തു. അതോടെ അതിബുദ്ധിമാനായ കുട്ടിക്ക് സംസാരശേഷി നഷ്ടപ്പെട്ടെന്ന് ഐതിഹ്യം. ഐതിഹ്യമെന്തുമാകട്ടെ, ഒരു മഹാത്മാവിന് അര്‍ഹതപ്പെട്ട എല്ലാ പീഡനങ്ങളും എഴുത്തച്ഛനും അന്നത്തെ സമൂഹം ഉറപ്പുവരുത്തി.
ഭക്തിയുടെ പടവുകള്‍ കടന്നുകയറിയ പൂന്താനം നടന്നുപോയ വഴിയാണിത്. ‘കേളിയേറിന വിഭക്തി’യുള്ള മേല്‍പത്തൂര്‍ നടന്നുപോയ വഴി. ബദ്‌റുല്‍ മുനീറിന്റെയും ഹുസ്‌നുല്‍ജമാലിന്റെയും അനുരാഗ കഥ പാടി മാപ്പിളമാരുടെ ഖല്‍ബുകവര്‍ന്ന മോയിന്‍കുട്ടിവൈദ്യര്‍ പോയ വഴി. ശക്തിയിലേക്ക് കുതിക്കാന്‍ വേദനകളെ കുഴിവെട്ടിമൂടിയ ചുകചുകപ്പന്‍ കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ നടന്നുപോയ വഴി. ശുദ്ധ വള്ളുവനാടന്‍ ഭാഷയില്‍ തന്റെ നാടിന്റെ വീരകഥകള്‍ പറഞ്ഞ ചെറുകാട് ഗോവിന്ദപ്പിഷാരടിയുടെ വഴി. മനുഷ്യരെ സുന്ദരന്മാരും സുന്ദരിമാരുമായിക്കണ്ട ഉറൂബ് പോയ വഴി. ഇനിയും വേണ്ടവിധം ഓര്‍മിക്കപ്പെടാത്ത നന്തനാരും മാധവ്ജിയുമൊക്കെ നടന്നുപോയ വഴി. അനന്തമായ വഴി. ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രക്തനക്ഷത്രം ഇ എം എസിന് ജന്മം കൊടുത്ത ദേശമാണിത്. സൗഹൃദങ്ങള്‍ക്കെന്നപോലെ സമരങ്ങള്‍ക്കും കേള്‍വി കേട്ട ജില്ല.
വലിയ മാറ്റങ്ങള്‍ സമീപകാലത്ത് ഇവിടെയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ അത്ഭുതാവഹമായ മുന്നേറ്റമാണ് പ്രകടമാകുന്നത്. പ്രത്യേകിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ ഏറെ മുന്നോട്ടുപോയി. ഉന്നത വിദ്യാഭ്യാസ രംഗത്ത് അവര്‍ സജീവ സാന്നിധ്യമാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ്. ഗള്‍ഫ് പണം മലപ്പുറത്തിന്റെ മുഖഛായ മാറ്റിയെങ്കിലും സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ പൂര്‍ണമായും ഇതിന്റെ ഗുണമനുഭവിക്കുന്നുണ്ടോ എന്ന് സന്ദേഹിക്കുന്നുണ്ട് മണമ്പൂര്‍ രാജന്‍ ബാബു. തൊഴില്‍പരമായും മറ്റുമുള്ള ചില അകറ്റിനിര്‍ത്തലുകള്‍ അടിത്തട്ടില്‍ ഇപ്പോഴും പ്രകടമാകുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു.
പ്രായം എഴുപതിലെത്തിയിട്ടും മണമ്പൂര്‍ വിശ്രമിക്കുന്നില്ല. പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായും സാംസ്‌കാരിക വേദികളിലെ പ്രഭാഷകനായും അദ്ദേഹത്തെ കാണാം. പുറംയാത്രകളില്ലാത്ത നേരങ്ങളില്‍ സദാ വീട്ടിലെ എഴുത്തുമുറിയില്‍. അദ്ദേഹം സ്വന്തം റിസ്‌കില്‍ പ്രസിദ്ധീകരിക്കുന്ന ‘ഇന്ന്’ ഇന്‍ലന്‍ഡ് മാസിക 37ാം വയസിലാണ്. കണ്ണൂരിലെ ജോലിക്കാലത്ത് ഉള്ളിലുദിച്ച ഒരാശയം. കുറഞ്ഞ വരികളില്‍ കവിതയും കഥയും കുറിപ്പുകളുമൊക്കെയായി ഇന്ന് വായനക്കാരെ തേടിയെത്തുന്നു. എം ടി, ടി പത്മനാഭന്‍ മുതല്‍ മലയാള സാഹിത്യത്തിലെ മഹാമേരുക്കള്‍ ‘ഇന്നി’ലെഴുതാറുണ്ട്. പുതുതലമുറ എഴുത്തുകാരുടെ രചനകളും ധാരാളം. ‘ഇന്നി’ല്‍ തുടങ്ങിയവര്‍ പില്‍ക്കാലത്ത് പേരെടുത്ത കവികളും എഴുത്തുകാരുമൊക്കെയായി. ‘ഇന്ന്’ ആറാം പിറന്നാളിനോടനുബന്ധിച്ച് നടത്തിയ കവിതാരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവാണ്. എനിക്ക് പേടിയാകുന്നു/ ഇരുണ്ട ഒരു രാത്രിയെ/ വകഞ്ഞുമാറ്റി/ ഒരു കണ്ണുവരുന്നല്ലോ/ അതൊരു പകലിന്റെ/ തുറുകണ്ണാണല്ലോ എന്ന് തുടങ്ങുന്ന കവിത പിറന്നാള്‍ പതിപ്പില്‍ വായിക്കാം.
കത്തെഴുത്ത് വലിയ സാംസ്‌കാരിക പ്രവര്‍ത്തനമായി കൊണ്ടുനടക്കുന്നയാളാണ് മണമ്പൂര്‍ രാജന്‍ബാബു. അതുകൊണ്ടാകണം, കെ ജയകുമാര്‍ ഒരു വേദിയില്‍ അദ്ദേഹത്തെ ഇന്ത്യന്‍ തപാലിന്റെ അംബാസിഡര്‍ എന്ന് വിശേഷിപ്പിച്ചത്. 2017ല്‍ മാത്രം അദ്ദേഹമെഴുതിയ കത്തുകളുടെ എണ്ണം 3493. 2018ല്‍, ഞങ്ങള്‍ സംസാരിക്കുന്ന നാള്‍ വരെയും എഴുതിയത് 1485 കത്തുകള്‍. കത്തുകള്‍ ആര്‍ക്കൊക്കെയാണ് എഴുതിയത് എന്ന് നോട്ട്ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പേരിന്റെ വലതുവശത്ത് സംഖ്യയും കാണാം. കാര്‍ഡോ കവറോ ഇന്‍ലന്‍ഡോ എന്നതൊക്കെ ആ സംഖ്യ നോക്കിയാല്‍ മനസ്സിലാകും. ഒ വി വിജയന്‍, ഒ എന്‍ വി കുറുപ്പ് ഉള്‍പ്പെടെ പ്രമുഖര്‍ എഴുതിയ കത്തുകള്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടദ്ദേഹം. ഒരു കത്തിലൂടെ ഒരാള്‍ വ്യക്തിപരമായി തന്നെ സംബോധന ചെയ്യപ്പെടുന്നു. അതിന്റെ പ്രാധാന്യം വാട്‌സാപ്പിനോ എസ് എം എസിനോ ഇല്ലെന്ന് മണമ്പൂര്‍.
‘ഇന്ന്’ ഒരു വര്‍ഷത്തേക്ക് ലഭിക്കുന്നതിന് കാശ് നല്‍കിയപ്പോള്‍ അദ്ദേഹം നിരസിച്ചു. ഇത് കാശുണ്ടാക്കാനുള്ള പണിയല്ലെന്ന് മറുപടി. താല്‍പര്യമെങ്കില്‍ അഞ്ചുരൂപയുടെ പത്ത് സ്റ്റാമ്പുകളയക്കാന്‍ നിര്‍ദേശം.
തിരക്കുകള്‍ക്കിടയിലും കവിതയെഴുത്ത് മുടക്കുന്നില്ല മണമ്പൂര്‍ രാജന്‍ബാബു. മലയാളത്തിലെ ആദ്യത്തെ സര്‍വീസ് കവിതകള്‍ മണമ്പൂരിന്റേതാണ്. പുസ്തകം പ്രകാശനം ചെയ്യപ്പെടാനിരിക്കുന്നു. ക്യാമ്പ് ഫോളോവര്‍മാരെ അടിമപ്പണി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. പൊലീസ് സേനയില്‍നിന്നുള്ള പല അകം കഥകളും മലയാളികള്‍ ആശ്ചര്യത്തോടെയാണ് കേട്ടത്. 1982ല്‍ തന്നെ ഇതേക്കുറിച്ച് കവിതയെഴുതിയിട്ടുണ്ട് മണമ്പൂര്‍ രാജന്‍ബാബു. ക്യാമ്പ് ഫോളോവര്‍ എന്ന് തന്നെയാണ് തലക്കെട്ട്. തുടക്കവരികള്‍:
തലശേരിയില്‍ കലാപമെന്നോ
‘പൂന്തുറയില്‍ ലഹള’യെന്നോ
‘പൊന്നാനിയില്‍ അടിപിടി’യെന്നോ കേട്ടാല്‍
എല്ലാവര്‍ക്കുമറിയാം
അവിടെ പൊലീസെത്തും
‘സ്ഥിതിഗതികള്‍ നിയന്ത്രണാധീന’മാകും വരെ
പൊലീസ് സേന
‘സംഭവസ്ഥല’ത്ത് ക്യാമ്പടിക്കും.
ക്യാമ്പടിക്കുന്ന പൊലീസുകാര്‍ക്ക്
മുടി മുറിക്കണം,
തുണി അലക്കണം,
വെള്ളം കോരണം,
വിറകു വെട്ടണം,
അരി വെക്കണം,
വിളമ്പണം.
ഇതിനായ് നിയുക്തമായ ഒരു സന്നദ്ധസേനയുണ്ട്;
ക്യാമ്പ് ഫോളോവര്‍മാര്‍.
ക്യാമ്പിനെ പിന്തുടരുന്ന കുറെ സര്‍ക്കാര്‍ ജീവനക്കാര്‍.
‘പട്ടിപ്പരേഡി’നും ‘രജനീഷ് യോഗി’ക്കും
‘കൊച്ചമ്മക്കുസൃതികള്‍’ക്കും
‘അവിഹിതഗര്‍ഭ’ത്തിനും
ബോക്‌സും ഫീച്ചറും സര്‍വേയും പടയ്ക്കുന്നവര്‍
ക്യാമ്പ് ഫോളോവറെ അറിയുകയില്ല.
(സര്‍വീസ് കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്ന്)
ഇന്ന് വായിക്കുമ്പോള്‍ വിശദീകരണങ്ങളില്ലാതെ തന്നെ നമുക്ക് വരികളുടെ പൊരുള്‍ തിരിയും. കവികളും കിളികളും നേരത്തെയുണരുന്നു എന്നതെത്ര സത്യം!
മണമ്പൂര്‍ രാജന്‍ബാബു
You must be logged in to post a comment Login