മലപ്പുറത്തിന്റെ ജ്ഞാന പാരമ്പര്യം

മലപ്പുറത്തിന്റെ ജ്ഞാന പാരമ്പര്യം

മലപ്പുറം ജില്ല രൂപപ്പെട്ടതിന്റെ അമ്പതാം വര്‍ഷമാണ്. മത രംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ ഏറെ മുന്നിലാണ് ജില്ല. കേരളത്തില്‍ കൂടുതല്‍ മുസ്‌ലിംകളും പണ്ഡിതരും മത സ്ഥാപനങ്ങളും ഇവിടെയാണ്. ജില്ലയുടെ ഇസ്‌ലാമിക പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കാമോ?

പ്രയാസങ്ങളും അസൗകര്യങ്ങളും നിറഞ്ഞതായിരുന്നു മറ്റിടങ്ങളെപ്പോലെ മലപ്പുറത്തിന്റെയും ആദ്യകാലം. ഗള്‍ഫ് വഴിയുണ്ടായ സാമ്പത്തിക അഭിവൃദ്ധിക്കാലത്തും ആത്മീയ രംഗത്ത് ശ്രദ്ധപതിപ്പിക്കാന്‍ ഇവിടത്തുകാര്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ്. ചോദ്യത്തില്‍ സൂചിപ്പിച്ചതുപോലെ ദീനീ രംഗത്ത് മറ്റു പ്രദേശങ്ങള്‍ക്കു മാതൃകയായി മാറാന്‍ മലപ്പുറത്തിനായത്.

ഇസ്‌ലാമിക പാരമ്പര്യം

പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ആദര്‍ശാനുഷ്ഠാനങ്ങളില്‍ നിഷ്ട പുലര്‍ത്തുന്നവരായിരുന്നു ഇവിടെയുള്ളവര്‍. അവരുടെ വ്യക്തിപരവും സാമൂഹികവുമായ ചടങ്ങുകളൊക്കെയും ഇസ്‌ലാമിക തനിമ വെച്ചു പുലര്‍ത്തി. യാത്രക്കു മുമ്പ് മൗലിദ് പാരായണം, നബിദിനം ഉള്‍ക്കൊള്ളുന്ന റബീഉല്‍ അവ്വലില്‍ വിപുലമായ മദ്ഹ് പാരായണങ്ങള്‍, ഖുതുബിയ്യത്ത്, ഖബര്‍ സിയാറത്ത് തുടങ്ങി എല്ലാ ആചാരങ്ങളും ഇവിടെ നിലനിന്നു. അതില്‍ നിന്ന് രൂപപ്പെട്ട ഇളകാത്ത ഈമാന്‍ പൂര്‍വികര്‍ക്ക് എല്ലാ രംഗത്തും തുണയായി. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ മഞ്ചേരിയിലെയും തിരൂരിലെയും തിരൂരങ്ങാടിയിലെയുമൊക്കെ വിശ്വാസികള്‍ക്ക് പ്രചോദനം നല്‍കുന്നത് അവരുടെ ഖബര്‍ സിയാറത്താണെന്ന് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയത് നമുക്കറിയാമല്ലോ.

ഇതിനൊക്കെ അന്നത്തെ പണ്ഡിതരുടെ പിന്തുണയുണ്ടായിരുന്നു?

എന്താ സംശയം. മന്‍ഖൂസ് മൗലിദ് രചിച്ചത് ശൈഖ് മഖ്ദൂം അല്ലേ?. മൗലാനാ ചാലിലകത്തിന്റെ ഉസ്താദായ വളപ്പില്‍ അബ്ദുല്‍അസീസ് മുസ്‌ലിയാര്‍ ആണ് ബദര്‍മൗലിദ് രചിച്ചത്. പണ്ഡിതരെയും ദീനീ സംസ്‌കാരത്തെയും ചിഹ്നങ്ങളെയും ഏറെ ആദരിക്കുന്നവരായിരുന്നു ജനങ്ങളെല്ലാം. പണ്ഡിത പിന്തുണയില്ലാതെ ഇതൊക്കെ എങ്ങനെ നടക്കും. ?

ഈ സംസ്‌കാരം മലപ്പുറത്തുകാരുടെ ജീവിതരീതിയെ ഏതൊക്കെ തലത്തിലാണ് സ്വാധീനിച്ചിരുന്നത്?

പ്രധാനമായും പരലോകത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയായിരുന്നു അവര്‍ക്ക്. മനുഷ്യരെന്ന നിലയില്‍ പലപ്പോഴുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഓരോ മേഖലയിലുമുള്ള പ്രധാന പണ്ഡിതരാണ് തീര്‍പ്പു കല്‍പ്പിച്ചിരുന്നത്. അത് രണ്ടു കക്ഷികളും അംഗീകരിക്കും. അത് വലിയ സമാധാനവും ശാന്തിയും നല്‍കി. ജീവിത വിഭവങ്ങള്‍ ഏറെ കുറവായിരുന്നിട്ടും പരസ്പരം സഹായിച്ചും സ്‌നേഹിച്ചും അവര്‍ ജീവിച്ചു. രോഗം, പ്രസവം പോലുള്ള വിഷയങ്ങളിലൊക്കെയും ഒന്നിച്ചു നില്‍ക്കാനും ആശ്വാസം പകരാനും അവര്‍ക്കായി. മാലയും മൗലിദും ആണ്ടുനേര്‍ച്ചയുമായി അവര്‍ പരിചയപ്പെട്ട സ്വാത്വികരുടെ ജീവിതവും അവര്‍ നേരിട്ടനുഭവിക്കുന്ന പണ്ഡിതരുടെ സൂക്ഷ്മതയുമൊക്കെയാണ് ഈയൊരു ചൈതന്യത്തിലേക്ക് അവരെ എത്തിച്ചത്.

ഇടക്ക് ചോദിക്കട്ടെ, ആദ്യകാല പ്രബോധകര്‍ വന്നുചേര്‍ന്നത് തൃശൂരിലെ കൊടുങ്ങല്ലൂരായിട്ടും, അവിടെയൊന്നും കണ്ടുവരാത്ത വിധം ഇവിടെ വിശ്വാസികളും മത പണ്ഡിതരും വര്‍ധിച്ചുവന്നത് എന്തുകൊണ്ടാണ്?

നബി(സ്വ)യുടെ കാലത്തുതന്നെ ഇവിടെ ഇസ്‌ലാം എത്തിയിട്ടുണ്ട്. ഇന്ത്യക്കാരനായൊരു രാജാവ് തിരുസവിധത്തിലെത്തി ഇഞ്ചി ഉപഹാരം നല്‍കിയതും അവിടുന്ന് അത് സദസ്സില്‍ വിതരണം ചെയ്തതുമൊക്കെ ഹദീസിലുണ്ട്,. അത് കേരളക്കാരനായ ചേരമാന്‍ പെരുമാളായിരുന്നുവെന്നാണ് വിശദീകരണം. കൊടുങ്ങല്ലൂര്‍ പള്ളി ഹിജ്‌റ അഞ്ചാം വര്‍ഷമാണ് നിര്‍മിച്ചതെന്ന ചരിത്രവും കാണാം. അവിടെയെത്തിയ മാലികുബ്‌നു ദീനാറും സംഘവും അവിടെതന്നെ താമസിക്കുകയല്ല ചെയ്തത്. അവര്‍ കേരളത്തില്‍ ഉടനീളം സഞ്ചരിക്കുകയും പലയിടങ്ങളില്‍ പള്ളികള്‍ നിര്‍മിച്ച് ദീനീ പ്രചാരണം നിര്‍വഹിക്കുകയും ചെയ്തു. അവരില്‍ നിന്ന് ഇസ്‌ലാം സ്വീകരിക്കാന്‍ ഈ പ്രദേശത്തുകാര്‍ക്കും സാധിച്ചു. പില്‍ക്കാലത്ത് ഇവിടെ വിശ്വാസികളും മത കേന്ദ്രങ്ങളുമൊക്കെ വര്‍ധിച്ചു വരാനുള്ള കാരണം, ഇവിടെ സജീവമായി പ്രവര്‍ത്തിച്ച ചില പണ്ഡിതരും സയ്യിദുമാരും ഏറെ ശ്രദ്ധേയമായ ചില പാരമ്പര്യ പണ്ഡിത കുടുംബങ്ങളായിരുന്നു എന്നത് കൊണ്ടാണ്.

മഖ്ദൂം കുടുംബമാണോ ഉദ്ദേശിക്കുന്നത്?

വേറെയും പണ്ഡിത തറവാടുകളുണ്ട്. മഖ്ദൂം കുടുംബം അവരില്‍ കൂടുതല്‍ പ്രസിദ്ധരും പ്രഗത്ഭരുമാണെന്ന് മാത്രം.

കേരളത്തിലെ ദീനീ വിജ്ഞാനത്തെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയുടെയും കേന്ദ്രമായി വര്‍ത്തിക്കുന്നത് മഖ്ദൂം കുടുംബമാണ്. അവര്‍ അടിസ്ഥാനപരമായി യമന്‍കാരാണല്ലോ. കേരളത്തിലെ അവരുടെ താഴ്‌വേര് എവിടെ ചെന്നെത്തുന്നു?

കേരള പ്രബോധന രംഗത്ത് തിളങ്ങുന്ന നക്ഷത്രങ്ങളായ പല നേതാക്കളെയും പോലെ മഖ്ദൂം കുടുംബവും യമനില്‍ നിന്നാണ് ഇവിടെയെത്തിയത്. ഈമാനും വിജ്ഞാനവും യമനിയാണെന്ന ഹദീസ് പ്രസിദ്ധമാണല്ലോ. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് മഖ്ദൂം കുടുംബത്തിലെ ആദ്യ കണ്ണിയായ അലിയ്യുബ്‌നു അഹ്മദ് മഖ്ദൂം കേരളത്തിലെത്തിയത്. കൊച്ചിയിലെ ചെമ്പിട്ടപള്ളിയുടെ സമീപത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പുത്രനായി സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ജനിച്ചു. ഇവരുടെ കുടുംബത്തില്‍ നിന്ന് ആദ്യം പൊന്നാനിയിലെത്തിയത് ശൈഖ് അഹ്മദ് ബ്‌നു മഖ്ദൂം ആയിരുന്നു. വിജ്ഞാനത്തിന്റെ വിശുദ്ധഭൂമിയായ പൊന്നാനിയില്‍ ഖാളിയും പ്രധാന ഗുരുവുമായി സേവനമനുഷ്ടിച്ച ഇദ്ദേഹമാണ് പിതാവിന്റെ മരണത്തിന് ശേഷം സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനെ പൊന്നാനിയിലേക്ക് കൊണ്ടുവന്നത്. ഒട്ടുമിക്ക വിജ്ഞാന മേഖലയിലും അവഗാഹം നേടിയ സൈനുദ്ദീന്‍ മഖ്ദൂമിന്റെ നേതൃത്വത്തിലായി പിന്നീട് പൊന്നാനിയിലെ ദീനീ ചലനങ്ങള്‍.

വലിയ സൈനുദ്ദീന്‍ മഖ്ദൂമിന്റെ വിജ്ഞാന വികാസം വിവരിക്കാമോ?

പിതാവില്‍ നിന്നാണ് പ്രാഥമിക മത പഠനങ്ങള്‍. പൊന്നാനിയിലെത്തിയതിനുശേഷം വലിയ പണ്ഡിതരില്‍ നിന്ന് വിജ്ഞാനം നേടി. ഇബ്‌റാഹീമുബ്‌നു അഹ്മദ് മഖ്ദൂമായിരുന്നു പ്രധാന ഗുരുവര്യര്‍. അല്ലാമാ അഹ്മദ് ശിഹാബുദ്ദീന്‍ അല്‍ യമനിയില്‍ നിന്ന് ഹദീസും ഫിഖ്ഹും സ്വായത്തമാക്കി. ഖാസി ഫഖ്‌റുദ്ദീന്‍ അബൂബക്കര്‍ റമളാനുശ്ശാലിയാത്തിയില്‍ നിന്നാണ് ഫിഖ്ഹിലെ ഉപരിപഠനവും ഉസൂലുല്‍ ഫിഖ്ഹ് വിജ്ഞാനീയവും കരസ്ഥമാക്കിയത്. കേരളത്തില്‍ നിന്നു മാത്രമല്ല. അന്നത്തെ പ്രധാന വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്നൊക്കെ പഠനം നടത്താന്‍ ആ ജ്ഞാനിക്ക് സാധിച്ചിട്ടുണ്ട്. ഹറമിലും ഈജിപ്തിലും വര്‍ഷങ്ങള്‍ താമസിച്ചു. അല്‍ അസ്ഹറിലെ പ്രഥമ കേരള വിദ്യാര്‍ത്ഥി വലിയ മഖ്ദൂം ആയിരുന്നു. ഖാസി അബ്ദുറഹ്മാന്‍ അല്‍ മിസ്വ്‌രി, ഇമാം ശംസുദ്ദീന്‍ അല്‍ ജൗഹരി, ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരി പോലുള്ള പ്രമുഖരില്‍ നിന്ന് ദീന്‍ പഠിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി.

അന്നൊക്കെ വിദേശത്ത് പോയി പഠനം നടത്തുന്ന രീതി കേരളത്തില്‍ കുറവായിരുന്നില്ലേ?

തീരെ ഇല്ലെന്നു തന്നെ പറയാം. യാത്രയുടെ സൗകര്യക്കുറവും സാമ്പത്തിക പരാധീനതയുമൊക്കെ ആയിരിക്കാം കാരണം. വിജ്ഞാനത്തിന് വലിയ സ്ഥാനം നല്‍കുന്നവരായത് കൊണ്ടാണ് മഖ്ദൂം കുടുംബം സൈനുദ്ദീന്‍ ഒന്നാമന് അതിനവസരം ഉണ്ടാക്കിക്കൊടുത്തത്. അതുകൊണ്ട് തന്നെ പ്രമുഖ ഗുരുവര്യരില്‍ നിന്ന് മതം പഠിക്കാനും നിലവിലുള്ള രീതികളില്‍ നിന്ന് വ്യത്യസ്തമായി പൊന്നാനി സിലബസ് സ്ഥാപിച്ച് നടപ്പിലാക്കാനുമൊക്കെ അദ്ദേഹത്തിന് സാധിച്ചു. ഇമാം നൂറുദ്ദീനുല്‍ മഹല്ലി(റ), ശിഹാബുദ്ദീന്‍ അല്‍ഹിമ്മസി(റ), ഇമാം സുയൂഥി(റ) പോലുള്ള ജ്ഞാനഗോപുരങ്ങളായിരുന്നു മഖ്ദൂമിന്റെ സഹപാഠികള്‍. ജ്ഞാന വികസനത്തിന് ഈ സൗഹൃദം തന്നെ ഏറെ സഹായകമല്ലേ?

വലിയ മഖ്ദൂം എന്ന സൈനുദ്ദീന്‍ ഒന്നാമനേക്കാളും രചനാ ലോകത്തും മറ്റും പ്രസിദ്ധനായത് രണ്ടാം സൈനൂദ്ദീന്‍ മഖ്ദൂമാണല്ലോ?

വലിയ സൈനുദ്ദീന്‍ മഖ്ദൂമിന് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമാണുണ്ടായിരുന്നത്. യഹ്‌യ എന്ന മൂത്ത പുത്രന്‍ ചെറുപ്രായത്തില്‍ മരണപ്പെട്ടു. വലിയ പണ്ഡിതരായി മറ്റു രണ്ടു മക്കളും. ഒരാള്‍ മാഹിക്കടുത്ത ചോമ്പാലില്‍ താമസിച്ച് വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇദ്ദേഹത്തെക്കാള്‍ പ്രസിദ്ധനായിരുന്നു അബ്ദുല്‍ അസീസ് മഖ്ദൂം എന്ന പുത്രന്‍. പിതാവിന്റെ മരണശേഷം പൊന്നാനിയിലെ വിജ്ഞാന സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇദ്ദേഹമാണ്. ചില മൗലിക രചനകള്‍ക്ക് പുറമെ പിതാവിന്റെ കൃതികള്‍ക്കടക്കം ചില വിശദീകരണ ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ശൈഖ് മുഹമ്മദുല്‍ ഗസാലിയുടെ മകനാണ് പ്രസിദ്ധനായ സൈനൂദ്ദീന്‍ മഖ്ദൂം രണ്ടാമന്‍. സ്വപിതാവില്‍ നിന്നും ശേഷം പിതൃസഹോദരന്റെ പൊന്നാനിയിലെ ദര്‍സില്‍ നിന്നും വിദ്യാഭ്യാസം നേടിയ ശേഷം മക്കയിലേക്ക് പോയി. ഹജ്ജും ഉംറയും ഉപരിപഠനവുമായിരുന്നു ലക്ഷ്യം. ഇവിടെ വെച്ചാണ് പ്രസിദ്ധ കര്‍മശാസ്ത്രജ്ഞനും ഹദീസ് വിജ്ഞാനിയുമായ ഇബ്‌നു ഹജറുല്‍ ഹൈതമീ(റ), ശൈഖുല്‍ ഇസ്‌ലാം ഇസ്സുദ്ദീന്‍ ബ്‌നു അബ്ദില്‍ അസീസ് അസ്സമരി(റ) പോലുള്ള മഹാ പ്രതിഭകളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ മഖ്ദൂമിന് സാധിച്ചത്. മുര്‍ശിദുത്വുല്ലാബ്, ശംസുല്‍ ഹുദാ, സിറാജുല്‍ ഖുലൂബ് പോലുള്ള നിരവധി ഗ്രന്ഥങ്ങള്‍ വലിയ സൈനുദ്ദീന്‍ മഖ്ദൂം രചിച്ചിട്ടുണ്ട്. പലതും ഇന്നും പ്രചാരത്തിലുണ്ട്. എന്നാല്‍ മഖ്ദൂം രണ്ടാമന്റെ കൃതികളായ ഫത്ഹുല്‍ മുഈന്‍, തുഹ്ഫതുല്‍ മുജാഹിദീന്‍ പോലുള്ളവയാണ് ഏറെ പ്രസിദ്ധമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പഠിപ്പിക്കപ്പെടുന്നുണ്ട് ഇവ. എന്നല്ല, പല പണ്ഡിതരും ഫത്ഹുല്‍ മുഈനിന് വിശദീകരണ ഗ്രന്ഥങ്ങള്‍ രചിച്ചു. തുഹ്ഫതുല്‍ മുജാഹിദീന്‍ അധിനിവേശ വിരുദ്ധസമരത്തിന് ഏറെ സഹായം ചെയ്തിട്ടുണ്ട്. അത് ലക്ഷണമൊത്ത ആദ്യകാല ചരിത്രകൃതികളില്‍ പെടുന്നു. പലഭാഷകളില്‍ ഇതിന്റെ പരിഭാഷകള്‍ ഇറങ്ങിയിട്ടുണ്ട്.

നൂറ്റാണ്ടുകളോളം കേരളത്തിലെ ദീനീ ചലനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് മഖ്ദൂം കുടുംബത്തിലായിരുന്നു. ഇതേ പ്രകാരം കാലങ്ങളോളം വിജ്ഞാന പ്രചരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നതാണ് മലപ്പുറത്തു തന്നെയുള്ള ഓടക്കല്‍ കുടുംബം. അവരുടെ ഉദ്ഭവം, വികാസം, ദീനീ സേവനങ്ങള്‍ വിശദീകരിക്കാമോ?

യമനില്‍ നിന്ന് പൊന്നാനി ദര്‍സില്‍ പങ്കെടുക്കാനെത്തിയ അബ്ദുര്‍റഹ്മാന്‍ അല്‍ അദനി എന്നവര്‍ക്ക് സൈനുദ്ദീന്‍ രണ്ടാമന്റെ മകള്‍ ഫാത്വിമയില്‍ ജനിച്ച മഹാ പണ്ഡിതനും സൂഫീവര്യനുമാണ് അലി ഹസന്‍ മുസ്‌ലിയാര്‍(ഹി.1050-1132). ഇദ്ദേഹം പൊന്നാനി ഖാളിയായാണ് പ്രവര്‍ത്തന രംഗത്ത് വരുന്നത്. താനൂരിലെ കിഴക്കേഅകം കുടുംബത്തില്‍ നിന്നാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഹിജ്‌റ 1070ല്‍ അലിഹസന്‍ മുസ്‌ലിയാര്‍ തിരൂരങ്ങാടിയിലെത്തുകയും ആ മേഖലയിലെ ദീനീ ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയും ചെയ്തു. തിരൂരങ്ങാടിയിലെ ഓടക്കല്‍ പറമ്പ് എന്ന സ്ഥലത്താണ് വീടുവെച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ കുടുംബം ഓടക്കല്‍ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. വലിയ പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യപ്പെട്ട മഹാന്റെ ഖബറിടം മമ്പുറത്തെ തങ്ങളെപ്പോലുള്ള പ്രഗത്ഭര്‍ സിയാറത്ത് ചെയ്യാറുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ അഹ്മദ് മുസ്‌ലിയാര്‍ പൊന്നാനിയില്‍ നിന്ന് ഉപരിപഠനം നടത്തി താനൂരില്‍ ഖാസിയായി. ഇദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് പിന്നീട് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ച പണ്ഡിത കുടുംബമായത്. തിരൂര്‍, താനൂര്‍, പൊന്നാനി, വേങ്ങര, ഊരകം, കുഴിപ്പുറം, ഒതുക്കുങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളിലൊക്കെയും ഈ കുടുംബം വ്യാപിച്ചു കിടക്കുന്നു.

ഈ കുടുംബത്തിലെ പ്രധാനിയായിരുന്നു ഒ കെ ഉസ്താദ് എന്ന് പരസഹസ്രങ്ങള്‍ ആദരവോടെ വിളിച്ചിരുന്ന ഉസ്താദുല്‍ അസാതീദ് സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍(ന.മ)?

അതേ, നേരത്തെ സൂചിപ്പിച്ച തിരൂരങ്ങാടി അലി ഹസന്‍ മുസ്‌ലിയാരുടെ പുത്ര പരമ്പരയില്‍ കുഴിപ്പുറം അലി ഹസന്‍ മുസ്‌ലിയാരുടെ മകനായാണ് 1916ല്‍ ഒ കെ ഉസ്താദ് ജനിച്ചത്. വലിയ പണ്ഡിതന്മാരില്‍ നിന്ന് വിദ്യ നേടുകയും ഒരു കാലഘട്ടത്തിലെ ഏതാണ്ടെല്ലാ പണ്ഡിതന്മാരുടെയും ഗുരുവാകാനും ഉസ്താദിന് സാധിച്ചു. ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്നയിലായിരുന്നു 1990 മുതല്‍ മരണം വരെയും ഉസ്താദിന്റെ വിജ്ഞാന സേവനം. ഒരു നിമിഷം പോലും അപ്രധാന കാര്യങ്ങളില്‍ ഉപയോഗിക്കാതെ ഏറെ സൂക്ഷ്മതയുള്ള ജീവിതം, മഹാനുഭാവനെ ഒരു കാലഘട്ടത്തിന്റെ ഇതിഹാസമാക്കിത്തീര്‍ത്തു. എ പി ഉസ്താദ്, കോട്ടൂര്‍ ഉസ്താദ്, പോലുള്ള പ്രഗത്ഭ പണ്ഡിതര്‍ ഉസ്താദിന്റെ ശിഷ്യരാണ്.

ഇങ്ങനെയുള്ള പണ്ഡിത കുടുംബങ്ങള്‍ മലപ്പുറത്തിന്റെ മത-വൈജ്ഞാനിക-രംഗത്ത് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്രകാരം തന്നെ മലപ്പുറത്തിന്റെ ദീനീ മുന്നേറ്റങ്ങളില്‍ പല ആത്മീയ നേതാക്കളുടേയും വലിയ പങ്ക് കാണാന്‍ കഴിയില്ലേ?

തീര്‍ച്ചയായും. മമ്പുറം തങ്ങള്‍, ഉമര്‍ ഖാളി, പുത്തന്‍പള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ പോലുള്ള പണ്ഡിതര്‍ കാലഘട്ടത്തിന്റെ വിളക്കുകളായിരുന്നു. ഇവരുടേയൊന്നും ആത്മീയത പ്രഭാഷണങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. മറിച്ച് ജീവിതം തന്നെയായിരുന്നു. അങ്ങനെയാണ് മത-ജാതി ഭേദമന്യേ എല്ലാ കാര്യത്തിലും എല്ലാവരും ഇവരെയാണ് ആശ്രയിച്ചിരുന്നത്. മത സൗഹാര്‍ദത്തിനും ബ്രീട്ടീഷ് വിരുദ്ധ പോരാട്ടത്തിനുമൊക്കെ ഏറെ സഹായം ചെയ്തവരാണ് ഈ മഹാന്മാര്‍. മമ്പുറം തങ്ങളോട് അന്വേഷിച്ചിട്ടായിരുന്നു അന്നത്തെ ഹൈന്ദവര്‍, പ്രത്യേകിച്ച് അവരിലെ താഴ്ന്ന ജാതിക്കാര്‍ അവരുടെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് പോലും. മമ്പുറം തങ്ങളുടെ പോലും സഹായികളില്‍ കോന്തുനായരെന്ന ഹൈന്ദവന്‍ ഏറെ പ്രസിദ്ധനാണല്ലോ.

മലപ്പുറത്തിന്റെ ആത്മീയ വളര്‍ച്ചയില്‍സ്വാധീനിച്ച പില്‍കാല പണ്ഡിതന്മാരില്‍ ചിലരെ പരിചയപ്പെടുത്താമോ?

എത്ര മഹാന്മാര്‍! അവരൊക്കെ ദീനീ പഠനത്തിനും പ്രചാരണത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. തന്റെ 25ാം വയസ്സില്‍ ഭാര്യ മരണപ്പെട്ടതിന് ശേഷം മറ്റൊരു വിവാഹത്തിന് ബഹുമാന്യരായ കരിങ്കപ്പാറ ഉസ്താദ് തയാറായില്ല. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലായിരുന്നല്ലോ മഹാന്‍. എന്നിട്ടും ഒഴിഞ്ഞു മാറി. വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചവരോടെല്ലാം ഇനി എന്റെ മോഹങ്ങള്‍ കിതാബ് പാരായണം വഴി തീര്‍ക്കും എന്നാണ് പ്രതികരിച്ചത്. ജീവിതത്തിന്റെ എല്ലാ ആനന്ദങ്ങളും ഇല്‍മ് സമ്പാദനത്തില്‍ നിന്ന് നേടിയെടുക്കാന്‍ വേണ്ടി മാത്രം അവര്‍ അറിവിനെ സ്‌നേഹിച്ചു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, മൗലാനാ വാളക്കുളം ബാരി മുസ്‌ലിയാര്‍, കെ കെ സ്വദഖത്തുല്ലാഹ് മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് ഉസ്താദ്, കൈപറ്റ ഉസ്താദ് തുടങ്ങിയ ജ്ഞാന ഗോപുരങ്ങള്‍ ഈ നാടിനും നാട്ടുകാര്‍ക്കും വെളിച്ചം പകര്‍ന്നവരാണ്. ഓരോരുത്തരേയും കുറിച്ച് വിശദമായി സംസാരിച്ചാല്‍ വല്ലാതെ പറയേണ്ടിവരും. എന്തായാലും മലപ്പുറം ജില്ലയായി രൂപവത്കരിക്കുന്നതിന് മുമ്പു തന്നെ ജനിക്കുകയും ഈ മേഖലയുടെ മത വിജ്ഞാന പാരമ്പര്യങ്ങളെ സക്രിയമാക്കുകയും ചെയ്തവരാണ് ഇവരൊക്കെയും. അല്ലാഹു അവരുടെ വിജ്ഞാനത്തിന്റെ ബര്‍കത്ത് കൊണ്ട് നമ്മെ സ്വീകരിക്കുമാറാകട്ടെ.
പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

You must be logged in to post a comment Login