ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരം നമ്മള് മറക്കില്ല. ആമ ജയിച്ചതുകൊണ്ടാണ് ആ കഥ ചരിത്രമായത്. പരിമിതികള്‍ മറികടന്ന് ലക്ഷ്യത്തിലെത്തുമ്പോള്‍ വല്ലാത്തൊരു മധുരമുണ്ട്. വിജയത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഇരട്ടി മധുരം. വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് മലപ്പുറം ജില്ല നുണയുന്നത് ഇതേ രുചിയാണ്.
അരനൂറ്റാണ്ട് ചെറിയ കാലയളവല്ല. ഓരോ ദേശത്തിന്റെയും ഭാഗധേയം നിശ്ചയിക്കാന്‍ അതു ധാരാളം. പിന്നാക്ക ജില്ലയെന്ന ചീത്തപ്പേരില്‍ നിന്നാണ് മലപ്പുറം യാത്ര തുടങ്ങിയത്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്ക മേഖലയിലും നമ്മള് ഏറെ പിന്നിലായിരുന്നു. ജില്ലാ രൂപവത്കരണത്തിന്റെ (1969 ജൂണ്‍ 16) രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും വിദ്യാഭ്യാസ രംഗത്ത് അവസാന ബെഞ്ചായിരുന്നു മലപ്പുറത്തിന്റെ ഇരിപ്പിടം.
തൊണ്ണൂറുകളില്‍ മലപ്പുറം മാറിത്തുടങ്ങി. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം നാട് തിരിച്ചറിഞ്ഞു. മക്കള്‍ പഠിച്ചുതന്നെ വളരണമെന്ന് രക്ഷിതാക്കള്‍ തീര്‍ച്ചപ്പെടുത്തി. ഗള്‍ഫ് നാടുകളില്‍ വിയര്‍പ്പൊഴുക്കിയ സാധാരണക്കാര്‍ മക്കളുടെ പഠന കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. ഗള്‍ഫ് യുദ്ധവും നിതാഖാതുമെല്ലാം മലപ്പുറത്തിന് ഉണര്‍ത്തുപാട്ടായി. പത്തില്‍ തോറ്റാലും ലൈസന്‍സെടുത്ത് കടല്‍ കടന്നാല്‍ രക്ഷപ്പെടുമെന്ന് കിനാവ് കാണുന്നവര്‍ നന്നേ കുറഞ്ഞു.
ആണ്, പെണ് വ്യത്യാസമില്ലാതെ പുതുതലമുറ പഠിക്കാന്‍ പുറപ്പെട്ടപ്പോള്‍ മലപ്പുറം ഒരു സത്യം തിരിച്ചറിഞ്ഞു. ഇവിടെ ആവശ്യത്തിന് സ്കൂളും കോളജുമില്ല. നല്ല മാര്‍ക്കോടെ ജയിച്ചാലും ഇഷ്ട വിഷയത്തിന് സീറ്റുകിട്ടുമെന്ന് ഉറപ്പില്ല. കണക്കുകളും അക്കാര്യം ശരിവെച്ചു. പിന്നെ, പല പല സമരങ്ങളും അവകാശപ്പോരാട്ടങ്ങളും മലപ്പുറം കണ്ടു. ഞങ്ങള്‍ക്കും പഠിക്കണമെന്ന് കുട്ടികള്‍ മുഷ്ടിചുരുട്ടി. കൂടുതല്‍ പ്ലസ് വണ്‍, ബിരുദ സീറ്റുകള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇപ്പോഴും തെരുവിലുണ്ട്.
പഠനാവസരങ്ങളിലെ അവസന്തുലിതാവസ്ഥ അധികാരികളും തിരിച്ചറിഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുമെല്ലാം ഇതേ ദിശയിലേക്ക് വിരല്‍ചൂണ്ടി. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണമെന്ന് ശുപാര്‍ശ ചെയ്തു. അത്ര വേഗത്തിലല്ലെങ്കിലും സര്‍ക്കാര്‍ തലത്തില്‍ നടപടി തുടങ്ങി. അതിനിടെ, വിവിധ സംഘടനകള്‍ മുന്നിട്ടിറങ്ങി ജില്ലയില്‍ നിരവധി സ്കൂളുകളും കോളജുകളും സ്ഥാപിച്ചു. മത, സാമുദായിക, രാഷ്ട്രീയ കൂട്ടായ്മകള്‍ മുതല്‍ വ്യക്തികള്‍വരെ ഇക്കാര്യത്തില്‍ മത്സരിച്ചു. ഭൂമിയും കെട്ടിടങ്ങളും വിട്ടുനല്‍കി മലപ്പുറത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് വഴിയൊരുക്കിയവര്‍ ഏറെ. പേരും പ്രശസ്തിയുമല്ല, ജന്മനാടിന്റെ വിജയക്കുതിപ്പാണ് അവരാഗ്രഹിച്ചത്. മലപ്പുറത്തെ മിടുക്കികളും മിടുക്കന്മാരും നേടിയെടുത്തതും അതുതന്നെ.
പിറവിയുടെ അന്‍പതാം വര്‍ഷത്തിലെത്തി നില്ക്കുമ്പോള് മലപ്പുറത്തിന് അഭിമാനിക്കാന്‍ പലതുമുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ജില്ലയുടെ മുന്നേറ്റം ആര്‍ക്കും നിഷേധിക്കാനാവില്ല. ഏറെ പിന്നില്‍ നിന്ന് തുടങ്ങിയ മലപ്പുറം ഇന്ന് മറ്റു ജില്ലകളോടൊപ്പം ഓടിയെത്തി. പലപ്പോഴും മറികടന്നു, മാതൃക തീര്‍ത്തു.
‘അക്ഷയ’ പദ്ധതിയിലൂടെ കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ മലപ്പുറം വിവര വിപ്ലവം സാധ്യമാക്കി. 2002 നവംബര്‍ 18-ന് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍കലാമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വൈകാതെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ‘അക്ഷയ’ രാജ്യത്തിനുതന്നെ മാതൃകയും അഭിമാനവുമായി വളര്‍ന്നത് മറ്റൊരു വിജയകഥ.
മലപ്പുറത്തിന്റെ വിദ്യാഭ്യാസ കുതിപ്പിന് ഒരു മറുവശം കൂടിയുണ്ട്. പഠിക്കാന്‍ കഴിവും ആഗ്രഹവുമുള്ള നിരവധിപേര്‍ സീറ്റില്ലാതെ ഇന്നും പടിക്കുപുറത്താണ്. നേട്ടങ്ങളില്‍ മേനി പറഞ്ഞിരുന്നിട്ട് കാര്യമില്ല. പോരായ്മകള്‍ തിരിച്ചറിഞ്ഞ് തിരുത്തുമ്പോഴാണ് വിജയത്തിന് തുടര്ച്ചകളുണ്ടാവുക. അതിന് കൃത്യമായ വിലയിരുത്തലും ആസൂത്രണവും ഉണ്ടായേതീരൂ. ഇല്ലെങ്കില്‍ ആമച്ചാരോട് തോറ്റ് നാണംകെട്ട മുയലച്ചന്റെ അവസ്ഥതന്നെയാകും മലപ്പുറത്തിനും.
സര്‍വകലാശാലകളുണ്ട്, പക്ഷേ…
കലാശാലകളും കലാലയങ്ങളും ഒട്ടും കുറവല്ല മലപ്പുറത്ത്. ജില്ലയോളംതന്നെ പഴക്കമുള്ള കാലിക്കറ്റ് സര്‍വകലാശാല (തേഞ്ഞിപ്പലം, 1968), മാതൃഭാഷക്ക് സ്വന്തമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല (തിരൂര്‍, 2012) എന്നിങ്ങനെ രണ്ട് യൂണിവേഴ്സിറ്റികള്‍. സ്വതന്ത്ര സര്‍വകലാശാലകളായി വളരുമെന്ന് സ്വപ്നം കാണുന്ന മലപ്പുറം അലിഗഢ് കേന്ദ്രം (പെരിന്തല്‍മണ്ണ, 2011), സംസ്കൃത സര്‍വകലാശാലാ പ്രാദേശിക കേന്ദ്രം (തിരൂര്‍, 1993), ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (പരപ്പനങ്ങാടി, 2016) എന്നീ മൂന്ന് പഠന കേന്ദ്രങ്ങള്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ മാത്രം 92 ആര്‍ട്സ് ആന്റ് സയന്‍സ് കോളജുണ്ട് ജില്ലയില്‍. (ഇതില്‍ 65 എണ്ണം അണ് എയ്ഡഡ് കോളജുകളാണ്.) മത-ഭൗതിക കരിക്കുലത്തിലൂന്നി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റികളും കേളജുകളും വേറെയും.
ഇതെല്ലാം ഉണ്ടായിട്ടും ഉന്നത വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്തിന്റെ അവസ്ഥയെന്താണ്? ജില്ലയ്ക്ക് ഇത്ര സ്ഥാപനങ്ങള്‍ മതിയോ എന്നതാണ് പ്രസക്തമായ ചോദ്യം. ജനസംഖ്യ, വിജയ ശതമാനം, ലഭ്യമായ സീറ്റുകള്‍, അപേക്ഷകരുടെ എണ്ണം എന്നിവ താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ പഠനാവസരം കുറവാണെന്ന് കണക്കുകള്‍ വിളിച്ചുപറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിന് അപേക്ഷിച്ച മൂന്നില്‍ രണ്ടുപേര്‍ക്കും സീറ്റ് കിട്ടിയിട്ടില്ല. ശാസ്ത്ര വിഷയങ്ങളുടെയും പ്രൊഫഷണല്‍ കോഴ്സുകളുടെയും കാര്യമാണ് ഏറെ ദയനീയം. പ്ലസ് ടുവിന് 80 ശതമാനംവരെ മാര്‍ക്ക് നേടിയവര്‍ക്കും ഇഷ്ട വിഷയത്തിന് പ്രവേശനം കിട്ടുന്നില്ല.
കാലിക്കറ്റിന് കീഴിലുള്ള 92 കോളജുകളില്‍ 65 എണ്ണവും അണ് എയ്ഡഡ് മേഖലയിലാണ്. ഉയര്‍ന്ന ഫീസ് നല്കി ഇവിടെ പഠിക്കാന്‍ എല്ലാവര്‍ക്കുമാകില്ലല്ലോ. സര്‍ക്കാര്‍ കോളജുകള്‍ എട്ടെണ്ണം മാത്രം. അതില്‍ അഞ്ചും (മങ്കട, താനൂര്‍, കൊണ്ടോട്ടി, തവനൂര്‍, മലപ്പുറം വനിതാ കോളജ്) അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത പുതിയ കോളജുകളാണെന്ന് ഓര്‍ക്കണം. കോഴിക്കോട് പത്തും പാലക്കാട് എട്ടും വീതം സര്‍ക്കാര്‍ കോളജുകളുണ്ട്. തെക്കന്‍ ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ അന്തരം/അസന്തുലിതാവസ്ഥ കൂടുതല്‍ പ്രകടമാണ്.
കാലിക്കറ്റിന്റെ പരിധിയില്‍വരുന്ന കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളേക്കാള്‍ ബിരുദ സീറ്റുകള്‍ കുറവാണ് മലപ്പുറത്ത്. അപേക്ഷകരാകട്ടെ കൂടുതലും. അഞ്ച് ജില്ലകളിലായി കഴിഞ്ഞവര്‍ഷം ബിരുദത്തിന് അപേക്ഷിച്ചത് 1.20 ലക്ഷം പേരാണ്. ഇതില്‍ 35,476 പേരും മലപ്പുറത്തായിരുന്നു. പ്രവേശനം കിട്ടിയവര്‍ 12,000 -ത്തിലും താഴെ.
നഷ്ടപ്പെട്ട മൂന്ന് യൂണിവേഴ്സിറ്റികള്‍
രാഷ്ട്രീയ ഇച്ഛാശക്തിയും കൂട്ടായ പരിശ്രമവും ഇല്ലാത്തതിനാല്‍ ഇക്കാലത്തിനിടെ മൂന്ന് സര്‍വകലാശാലകളാണ് മലപ്പുറത്തിന് നഷ്ടമായത്.
1. ഇഫ്ളു
ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബിക് തുടങ്ങി 13 വിദേശ ഭാഷകള്‍ പഠിക്കാനൊരിടം. ഒപ്പം, ഗവേഷണ സൗകര്യങ്ങളും. അതായിരുന്നു ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) മലപ്പുറം കാമ്പസ്. കേന്ദ്രം യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പിച്ചതാണ്. പക്ഷേ, അതൊരു പാഴ്ക്കിനാവ് മാത്രമായി അവസാനിച്ചു.
കാമ്പസിനായി സംസ്ഥാന സര്‍ക്കാര്‍ പാണക്കാട്ട് 75 ഏക്കര്‍ സ്ഥലം ഇഫ്ളുവിന് നല്‍കിയിരുന്നു. 2013 മാര്‍ച്ച് 10-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് രേഖകള്‍ കൈമാറി. വാടക കെട്ടിടത്തില്‍ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രൊഫിഷ്യന്‍സി കോഴ്സുകളും തുടങ്ങി.
കേന്ദ്രത്തില്‍ ഭരണം മാറിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യു.പി.എ. സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതി എന്‍.ഡി.എ. ഏറ്റെടുത്തില്ല. ഹൈദരാബാദിലെ ഇഫ്ളു സര്‍വകലാശാലയുടെ താല്പര്യക്കുറവും തിരിച്ചടിയായി. പ്രൊഫിഷ്യന്‍സി കോഴ്സ് ഒരൊറ്റ ബാച്ചില്‍ അവസാനിച്ചു. കാമ്പസ് വരില്ലെന്ന് ഉറപ്പായതോടെ 75 ഏക്കര്‍ വ്യവസായ വകുപ്പ് തിരിച്ചുപിടിച്ചു.
2. ആയുര്‍വേദ സര്‍വകലാശാല
ആയുര്‍വേദത്തിന്റെ മണ്ണായ കോട്ടയ്ക്കലില്‍ ആയുര്‍വേദ സര്‍വകലാശാല വരുമെന്നായിരുന്നു പ്രതീക്ഷ. ശതാബ്ദിയുടെ നിറവിലെത്തിയ കോട്ടയ്ക്കല്‍ പി.എസ്. വാരിയര്‍ ആയുര്‍വേദ കോളജ് യൂണിവേഴ്സിറ്റിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങളും തുടങ്ങിയിരുന്നു. 2012-ല്‍ സര്‍വകലാശാലക്കായി യു.ഡി.എഫ്. സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു. 2015-ല്‍ സ്പെഷ്യല്‍ ഓഫീസറുടെ കാര്യലയവും തുറന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ പക്ഷേ, അതേറ്റെടുത്തില്ല. കണ്ണൂരില്‍ ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ തുടങ്ങാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാറിന് കീഴില്‍ തൃപ്പൂണിത്തുറയില്‍ മറ്റൊരു കേന്ദ്രവും വരുന്നുണ്ട്. കോട്ടയ്ക്കലിന്റെ പ്രതീക്ഷ സ്വപ്നം മാത്രമായി അവശേഷിക്കുന്നു.
3. അറബിക് യൂണിവേഴ്സിറ്റി
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ സംസ്ഥാനത്തൊരു അറബിക് സര്‍വകലാശാല തുടങ്ങാന്‍ ആലോചിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകൂടി കണക്കിലെടുത്തായിരുന്നു അത്. ഏറ്റവുമധികം അറബിക് കോളജുകളുള്ള മലപ്പുറത്ത് യൂണിവേഴ്സിറ്റി വരുമെന്നായിരുന്നു പ്രതീക്ഷ. ഇഫ്ളു കാമ്പസിന് മാറ്റിവെച്ച 75 ഏക്കര്‍ ഭൂമി അതിനായി ഉപയോഗിക്കാമെന്നും നിര്‍ദേശമുയര്‍ന്നു. പക്ഷേ, വിവാദങ്ങളില്‍പെട്ട് പദ്ധതി മാറ്റിവെച്ചു.
താണ്ടുവാന്‍ ഇനിയുമുണ്ടേറെ
അമ്പത് വര്‍ഷത്തിനിടെ മലപ്പുറം ഒരുപാട് മുന്നോട്ടുപോയി. തിരിഞ്ഞുനോക്കുമ്പോള്‍ എണ്ണിപ്പറയാന്‍ നേട്ടങ്ങള്‍ നിരവധി. യാത്ര പക്ഷേ, മുന്നോട്ടാണ്. പിന്നിടാന്‍ ഇനിയുമുണ്ടേറെ. അധികാര പങ്കാളിത്തവും ഭരണ സ്വാധീനവും ഉണ്ടായിരുന്നിട്ടും പല കാര്യങ്ങളും മലപ്പുറത്തിന് നേടാനായില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേന്ദ്രമന്ത്രിയടക്കം എട്ട് മന്ത്രിമാര്‍ ജില്ലയില്‍ നിന്നുണ്ടായി. ആറ് വിദ്യാഭ്യാസ മന്ത്രിമാരും നമുക്കുണ്ടായിരുന്നു.
* എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ സംസ്ഥാന ശരാശരിക്കും മുകളിലാണ് പലപ്പോഴും ജില്ലയുടെ വിജയ ശതമാനം. നാലഞ്ച് വര്‍ഷമായി മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ എ പ്ലസുകാര്‍. പക്ഷേ, നന്നായി പഠിച്ച് കഴിവ് തെളിയിക്കുന്നവര്‍ക്ക് പോലും തുടര്‍പഠനത്തിന് അവസരമില്ല. ഇത്തവണ 81,895 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. എന്നാല്‍, ജില്ലയില്‍ പ്ലസ് വണ്ണിന് 52,486 സീറ്റുകള്‍ മാത്രമാണുള്ളത്. ഇതില്‍ 11,286 സീറ്റുകള്‍ അണ് എയ്ഡഡ് മേഖലയിലുമാണ്. സീറ്റുക്ഷാമം ചര്‍ച്ചയാകുമ്പോള്‍ അതത് സര്‍ക്കാറുകള്‍ 10 ഉം 20 ഉം ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാറുണ്ട്. പക്ഷേ, ഇത്തരം താത്കാലിക നടപടികള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് പറയാതെ വയ്യ.
* മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകളില്‍ റാങ്കുകളുടെ പെരുമഴക്കാലം തന്നെയുണ്ട് മലപ്പുറത്ത്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ഒരു എന്‍ജിനീയറിംഗ് കോളജ് പോലും മലപ്പുറത്തില്ല. കേരളത്തിലെ 12 കോളജുകളും ജില്ലയ്ക്ക് പുറത്താണ്. 2013 ല്‍ തുടങ്ങിയ മഞ്ചേരി മെഡിക്കല്‍ കോളജ് ഇന്നും അസൗകര്യങ്ങളുടെ നടുവിലാണ്.
* പഠിച്ചുയരുന്നത് ചെറിയൊരു വിഭാഗം മാത്രമാണ്. ആദിവാസി, തീരദേശ മേഖലകളില്‍ വിജയക്കുതിപ്പ് കാണുന്നില്ല.
* മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളടക്കം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷംപേരും തൊഴില്‍ രംഗത്തെത്തുന്നില്ല. വിദ്യാഭ്യാസത്തിനൊപ്പം ജോലികൂടി ഉണ്ടെങ്കിലേ ശാക്തീകരണം സാധ്യമാകൂ.
* പെരിന്തല്‍മണ്ണ അലിഗഢ് കേന്ദ്രത്തില്‍ ജില്ലക്കാര്‍ക്ക് പഠനാവസരം കുറവ്. 2011 മുതല്‍ ഇതുവരെ 25 ശതമാനം മാത്രമാണ് മലയാളി വിദ്യാര്‍ത്ഥി പ്രാതിനിധ്യം. അലിഗഢ് സ്കൂളില്‍ പഠിച്ചവര്‍ക്കുള്ള 50 ശതമാനം സംവരണമാണ് മലയാളിക്ക് തിരിച്ചടി. പെരിന്തല്‍മണ്ണയില്‍ ഇനിയും സ്കൂള്‍ തുടങ്ങാനായില്ല.
* മലയാള സര്‍വകലാശാല, അലിഗഢ് കേന്ദ്രം, പുതിയ അഞ്ച് സര്‍ക്കാര്‍ കോളേജുകള്‍ തുടങ്ങി ജില്ലയിലെ മിക്ക സ്ഥാപനങ്ങളും ഇപ്പോഴും ശൈശവാസ്ഥയിലാണ്. പലതും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തില്‍.
* എട്ട് സര്‍ക്കാര്‍ കോളജുകളിലും ന്യൂജന്‍ കോഴ്സുകള്‍ നന്നേ കുറവ്. ഭൂരിഭാഗവും സാമ്പ്രദായിക ആര്‍ട്സ്, കൊമേഴ്സ്, ശാസ്ത്ര വിഷയങ്ങളാണ്. മൈക്രോബയോളജി, ബയോടെക്നോളജി, പോളിമര്‍ കെമിസ്ട്രി തുടങ്ങിയ സ്പെഷ്യലൈസ്ഡ് മേഖലയിലെ പഠനത്തിന് എയ്ഡഡോ അണ് എയ്ഡഡോ തന്നെയാണ് ശരണം. എയ്ഡഡ് കോളജുകളില്‍പോലും ഇത്തരം പുതുതലമുറ കോഴ്സുകള്‍ സ്വാശ്രയ മേഖലയിലാണ് നടത്തുന്നത്.
* സിവില്‍ സര്‍വീസ് പോലുള്ള ഉയര്‍ന്ന തൊഴില്‍ മേഖലയിലെത്തുന്നവര്‍ വളരെ കുറവാണ്. നിരുപമ റാവു, ടി.വി. അനുപമ, മുഹമ്മദലി ഷിഹാബ് തുടങ്ങി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഈ രംഗത്ത് മുന്‍പേ നടന്നവര്‍. അഞ്ചുവര്‍ഷമായി ഈ രംഗത്ത് ജില്ല കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നത് എടുത്തുപറയണം. ജില്ലാ പഞ്ചായത്തടക്കമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നുണ്ട്.
* ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്തും സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കേളജില്ല. വണ്ടൂര്‍, ഏറനാട്, വള്ളിക്കുന്ന്, വേങ്ങര, തിരൂരങ്ങാടി, കോട്ടയ്ക്കല്‍, പൊന്നാനി, മഞ്ചേരി എന്നിവയാണവ.
* എട്ട് ഗവ. കേളജുകളില്‍ അഞ്ചിടത്തും ബിരുദാനന്തര ബിരുദ കോഴ്സുകളില്ല. പുതുതായി തുടങ്ങിയ എയ്ഡഡ് കോളജുകളിലും ഇതാണവസ്ഥ. 2313 എണ്ണം മാത്രമാണ് ജില്ലയിലെ പി.ജി. സീറ്റുകള്‍.
ഫഹ്മി റഹ്മാനി
മാതൃഭൂമി ദിനപത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍
You must be logged in to post a comment Login