സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത സര്‍ക്കാര്‍ തസ്തികകളില്‍ സേവനമനുഷ്ഠിച്ച ഒരാളാണല്ലോ. ഈ സമയത്തെല്ലാം ഒരുപാട് ജനങ്ങളുമായി ഇടപെടേണ്ടി വന്നിട്ടുണ്ടാകുമല്ലോ. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായും ജില്ലാ കലക്ടറായും മലപ്പുറം ജില്ലയില്‍ ഏറെ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്തായിരുന്നു മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി മലപ്പുറത്ത് ഉണ്ടായ സര്‍വീസ് അനുഭവങ്ങള്‍?
മറ്റു സ്ഥലങ്ങളിലെല്ലാം പോയി ജോലി ചെയ്യുമ്പോഴുണ്ടാവാത്ത ഹൃദ്യമായ ഒരനുഭവം മലപ്പുറത്ത് ജോലി ചെയ്യുമ്പോഴെന്നും ഉണ്ടാവാറുണ്ട്. ജനങ്ങളുമായുള്ള ആഴത്തിലുള്ള സ്നേഹവും അപരിചിതരുടെ പോലും നിശ്കളങ്കമായ ചിരിയും സൗഹൃദവും ഇവിടെ മാത്രമാണ് കൂടുതല്‍ അനുഭവിക്കാന്‍ സാധിക്കാറ്.
പ്രത്യേകിച്ചും ഇവിടെ വിവിധ സാമ്പത്തിക സ്ഥിതിയുള്ള വ്യത്യസ്ത വിശ്വാസ രീതി പിന്തുടരുന്ന ആളുകളുണ്ട്. എന്നാല്‍ അതൊന്നും തെല്ലും ബാധിക്കാത്ത രൂപത്തിലുള്ള ഒരു സ്നേഹ ബന്ധം എപ്പോഴും ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മലപ്പുറത്ത് ജനിച്ചു വളര്‍ന്ന ഒരു മലപ്പുറത്തുകാരന് എന്ന നിലയിലല്ല ഞാനിത് പറയുന്നത്. പുറമെ നിന്ന് വന്ന് ജോലി ചെയ്യുന്നവര്‍ക്ക് പോലും അവര്‍ പ്രതീക്ഷിക്കാത്ത രൂപത്തില്‍ ആതിഥ്യമരുളുന്ന സ്നേഹ പ്രകടനമാണ് മലപ്പുറത്തിന്റേത്.
പരസ്പരം സ്നേഹം മാത്രമല്ല, സഹായവും സഹകരണവും പങ്കുവെക്കലുകളുമെല്ലാം ഇവിടെ വ്യത്യസ്താനുഭവമായിരിക്കുമല്ലോ. വിശേഷിച്ചും പാലിയേറ്റിവ് സംഘങ്ങളും എന്‍ ജി ഒകളുമെല്ലാം സജീവമായി നിലനില്‍ക്കുന്ന ഒരു പ്രദേശമെന്ന നിലയില്‍.
ഒരു മാനദണ്ഡത്തിന്റേയും അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിച്ചു കാണുന്നില്ല എന്നതാണ് ഈ സഹായ സഹകരണങ്ങളുടേയെല്ലാം അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. മലപ്പുറത്തെ ജനങ്ങള്‍ക്കിടയില്‍ എന്തൊരു ആഘോഷ സമയമുണ്ടായാലും അയല്‍വാസികളെ, നാട്ടുകാരെ, അന്യരെ ഒക്കെ ചേര്‍ത്തു പിടിക്കുന്നത് കാണാറുണ്ട്. നോമ്പും പെരുന്നാളുമൊക്കെയാവുമ്പോള് സഹോദര മതത്തിലെ ആളുകളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നത് കല്യാണ വീട്ടിലും മരണവീട്ടിലും പരസ്പരം അറിഞ്ഞ് ആഴത്തില്‍ ഇടപഴകുന്നത് എല്ലാം വളരെ ഹൃദ്യമായ രംഗങ്ങളാണ്. ഞാന്‍ കലക്ടര്‍ ആയത്കൊണ്ടോ വലിയ ഉദ്യോഗസ്ഥനായത് കൊണ്ടോ എന്നെ ക്ഷണിക്കുകയല്ല അവര്‍, എന്റെയൊക്കെ കുട്ടിക്കാലം മുതലേ ഞാന്‍ ജീവിച്ചുവളര്‍ന്ന ചുറ്റുപാടിലുള്ള മുസ്ലിംകളും മറ്റും അവരുടെ സന്തോഷങ്ങളില്‍, ആഘോഷങ്ങളില്‍ എന്നെ, എന്റെ വീട്ടുകാരെ ഒക്കെ ചേര്‍ത്തു നിര്‍ത്താറുണ്ട്.
തിരുവനന്തപുരത്തൊക്കെ ജോലി ചെയ്യുന്ന സമയത്ത് ഒരാള്‍ ശരിക്ക് ചിരിച്ചുകാണാന്‍ നമ്മളാഗ്രഹിക്കുന്ന സന്ദര്‍ഭങ്ങളുണ്ടാവാറുണ്ട്. അവര്‍ അവരുടെ തിരക്കും അവരുടെ കുടുംബവുമായി നടക്കുന്നവരായിരിക്കും. പക്ഷേ, ഇവിടെ അതല്ല, ചുറ്റുമുള്ളവരുട വ്യവഹാരങ്ങളില്‍ വ്യാപൃതരാവുന്നവരെയാണ് ഇവിടെ ഏറെയും കാണാനാവുക.
എന്റെയൊക്കെ കുട്ടിക്കാലത്ത്, ഞാനൊക്കെ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ചുറ്റുപാടുകളിലുള്ള മുസ്ലിം വീടുകളില്‍ വിദേശത്ത് ജോലി ചെയ്യുന്നവരുണ്ടായിരുന്നു. അവര്‍ ഗള്‍ഫില്‍ നിന്നും വരുന്ന സമയത്ത് ഞങ്ങളുടെ നാട്ടിലുള്ള അനാഥരായ കുഞ്ഞുങ്ങള്‍ക്കും വിധവകള്‍ക്കും വയസ്സായവര്‍ക്കും പാവപ്പെട്ടവര്‍ക്കുമെല്ലാം വസ്ത്രമോ മറ്റോ കൊണ്ടുവരുമായിരുന്നു. ഗള്‍ഫില്‍ നിന്നും വന്ന ആളുടെ കുടുംബത്തില്‍പെട്ട ആളായിരിക്കില്ല അത്. എന്നിട്ടും പലവിധ കാരണങ്ങളാല്‍ നീറുന്ന ഒരാള്‍ക്ക് സന്തോഷത്തിന്റെ ചെറുകണമെങ്കിലുമെത്തിക്കാന് ഇവര്‍ ഗള്ഫുകാര് ശ്രമിച്ചിരുന്നു. മാത്രമല്ല, ഇവിടെ പ്രയാസപ്പെട്ടിരുന്ന ആളുകളെ വിദേശത്ത് നല്ല ജോലി കണ്ടെത്തി കരകയറ്റാനും ഈ ഗള്ഫുകാര് ശ്രദ്ധിച്ചിരുന്നു. ഇതെല്ലാം അവരെ നമ്മുടെ മനസിന്റെ ഭാഗമാക്കുന്നതിന്റെ ഫലമായി മാത്രം സംഭവിക്കുന്നതാണല്ലോ.
എന്റെ വീടിനടുത്ത് മോയിന്‍കുട്ടി ഹാജി എന്നൊരാളുണ്ടായിരുന്നു. ഞാന്‍ കോളജില്‍ പഠിക്കുന്ന സമയത്ത് അദ്ദേഹം ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ എനിക്കും വസ്ത്രം കൊണ്ടുവരുമായിരുന്നു. പാന്റ്സിന്റെ തുണി, ഷര്‍ട്ട്, സ്പ്രേ, സോപ്പ് തുടങ്ങിയവയൊക്കെ ഈ മോയിന്‍ഹാജി എനിക്ക് തന്നിരുന്നു. പിന്നീട് കുറെ കാലം കഴിഞ്ഞ് അദ്ദേഹത്തിന് ഗള്ഫെല്ലാം നഷ്ടപ്പെട്ട സമയത്ത് ഇവിടെ നാട്ടില്‍ ചെറിയൊരു കടയൊക്കെ ഇട്ട് കഴിഞ്ഞ് വരികയായിരുന്നു. ആ സമയത്താണ് ഞാന്‍ മലപ്പുറത്ത് കലക്ടറായി എത്തുന്നത്. ഞാനദ്ദേഹത്തെ മലപ്പുറത്തേക്ക് കൊണ്ട്പോയി. ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് അദ്ദേഹത്തിന് സൗകര്യമേര്‍പ്പെടുത്തി അവിടെ നിര്‍ത്തി. ഈ മോയിന്ഹാജിയും ഭാസ്കരന് എന്നു പറയുന്ന നാട്ടുകാരനുമാണ് ഞാന്‍ കലക്ടറായിരുന്ന സമയത്ത് കോട്ടക്കുന്നിലിപ്പോള് കാണുന്ന മരങ്ങളെല്ലാം വെച്ചുപിടിപ്പിച്ചത്. മൊട്ടക്കുന്നായി കിടന്നിരുന്ന പാഴ്മരങ്ങള്‍ വളര്‍ന്നിരുന്ന ആ സ്ഥലം സജ്ജീകരിച്ച് ഹരിതാഭമാക്കി മാറ്റിയത് ഇവരാണ്. ആളുകള്‍ തമ്മില്‍ ഒട്ടും അന്തരമില്ലാതെ അകല്‍ച്ചയില്ലാതെ എല്ലായ്പ്പോഴും ഐക്യപ്പെടുന്നുണ്ട് എന്നു പറയാനാണ് ഞാനിത് പറഞ്ഞത്. സാമ്പത്തികമായി ഉള്ളപ്പോഴോ ഇല്ലാത്തപ്പോഴോ ഇവിടുത്തെ മനസുകള്‍ക്ക് പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ബാധിച്ചിട്ടില്ല എന്നതാണ് സത്യം.
മറ്റൊന്ന് അന്യനെ സഹായിക്കാനും ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സന്തോഷമെത്തിക്കാനും മലപ്പുറത്തെ ആളുകള്‍ പരസ്പരം മത്സരിക്കുന്നുണ്ടെന്നതാണ്. അതിന്റെ ഭാഗമായാണ് പാലിയേറ്റീവ് കെയറുകളും പരസ്പര സഹായ സംഘങ്ങളുമൊക്കെ വരുന്നത്. എന്റെ നാട്ടില്‍ വഴിക്കടവില്‍ ‘പരിരക്ഷ’ എന്ന പേരില്‍ അത്തരത്തിലുള്ള ഒരു സംഘമുണ്ട്. കിടപ്പിലായ രോഗികളേയും വീല്‍ച്ചെയറില്‍ കഴിയുന്നവരേയും വീട്ടില്‍ ചെന്ന് കാണാനും വിനോദ സഞ്ചാരങ്ങളിലേക്കൊക്കെ കൂട്ടിക്കൊണ്ട് പോവാനും അവര്‍ ശ്രമിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.
പരസ്പരം വിശ്വാസവും നല്ലമനസ്കതയും സജീവമായി നിലനില്‍ക്കുന്ന മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ ഇതെല്ലാം കണ്ട് ജീവിച്ചതിനാലാവും എന്റെ സര്‍വീസ് സമയത്ത് ഓരോ ദിവസവും ഒരുപാട് തവണ ഓഫീസിലെത്തുന്ന ആളുകളെ കാണാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. കലക്ടറായിരിക്കുന്ന സമയത്ത് ഓഫീസില്‍ തുടര്‍ച്ചയായ സമയങ്ങളില്‍ മീറ്റിംഗ് വെക്കാന്‍ ഞാനനുവദിക്കാറില്ല. ഒരു അഞ്ച് മിനുട്ടെങ്കിലും ഇടവേളയിട്ടാണ് മീറ്റിംഗുകള്‍ സജ്ജീകരിക്കാറ്. കാരണം നമ്മെ പ്രതീക്ഷിച്ച് പല ദിക്കുകളില്‍ നിന്ന് ഒരുപാട് മോഹങ്ങളുമായി കുറേ പേര് വന്നിരിക്കുന്നുണ്ടാകും. അവരെയൊന്ന് കാണാന്‍, അവരുടെ ആവശ്യങ്ങളറിഞ്ഞ് എന്നാലാവുന്നത് ചെയ്യാന്‍ ഞാന്‍ എല്ലാ സമയത്തും ശ്രദ്ധിച്ചിരുന്നു. ഏത് സമയത്തും ആര്‍ക്കും കയറിവരാവുന്നതായിരുന്നു എന്റെ ഓഫീസ്. ഇങ്ങനെ ജനങ്ങളുമായി വളരെ സൗഹൃദത്തില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തണമെന്ന ധാരണ എന്റെ ഉള്ളില്‍ രൂപപ്പെടുന്നത് ഞാന്‍ ജനിച്ചു വളര്‍ന്ന സാഹചര്യത്തിലെ അതിരുകളില്ലാത്ത പരസ്പര ബന്ധവും സ്നേഹവുമായിരിക്കണം.
മറ്റൊന്ന് നമ്മളൊക്കെ പഠിക്കുന്ന സമയത്ത് സര്‍ക്കാര്‍ ഓഫീസുകളിലും ഒരു ഒപ്പിനോ സര്‍ട്ടിഫിക്കറ്റിനോ വേണ്ടി രാവിലെ മുതല്‍ വൈകുന്നേരം വരെ കാത്തിരുന്ന സന്ദര്ഭമുണ്ടായിട്ടുണ്ട്. ഈ ഒരവസ്ഥ എന്റെ ഓഫീസില്‍ വരുന്ന ആര്‍ക്കും ഉണ്ടാവരുതെന്ന് എനിക്ക് ജോലി ലഭിച്ച സമയത്തേ കരുതിയിരുന്നു.
മലപ്പുറത്തെ സാധ്യതകള്‍ എന്തെല്ലാമാണ്. ഏതൊക്കെ മേഖലകളില്‍ മലപ്പുറം ഇനിയും വളരേണ്ടതുണ്ട്.
അനന്ത സാധ്യതകളുള്ള ഒരു പ്രദേശമാണ് മലപ്പുറം ജില്ല. വലിയ അലോസരങ്ങളില്ലാത്ത, ആളുകള്‍ തമ്മില്‍ പ്രശ്നങ്ങളില്ലാത്ത ഒരിടമെന്ന നിലയില്‍ ഇവിടെ ഏത് സംരംഭം ആരംഭിക്കാനും പറ്റിയ ഇടമാണ്. ഇവിടുത്തെ ജനങ്ങളെല്ലാം ഒരൊറ്റ റേഷന്‍ കാര്‍ഡില്‍ ഉള്പ്പെട്ടവരെപ്പോലെയാണ്. പരസ്പരമറിഞ്ഞും സഹകരിച്ചും പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ജില്ലയെ മുന്നോട്ട് നയിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെയാവാം ഈ ഒരുകാലത്തിനിടയില് മലപ്പുറത്തിന് ഇത്രയും വികസിക്കാനായത്. മറ്റുള്ള ജില്ലകളുമായി മലപ്പുറത്തിന്റെ വികസനം താരതമ്യം ചെയ്യുമ്പോള്‍ നാം ഇവിടുത്തെ ജനസംഖ്യയെ കൂടി പരിഗണിക്കേണ്ടതുണ്ട്.
ഞാന്‍ മലപ്പുറം കലക്ടറായിരിക്കുന്ന സമയത്താണ് ചെമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. പാലോളി മുഹമ്മദ് കുട്ടി സാറുടെ പരിശ്രമത്തിനും നിരന്തര അന്വേഷണത്തിന്റേയും പിന്‍ബലത്തില്‍ വളരെ വേഗത്തില്‍ തന്നെ ആ പദ്ധതി പൂര്‍ത്തീകരിക്കാനായി. ഈ പദ്ധതിയുടെ ഭാഗമായി ആ സ്ഥലം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗവണ്മെന്റിന് ഞങ്ങളന്ന് ഒരു പ്രപ്പോസല്‍ കൊടുത്തിരുന്നു. ഭാരതപ്പുഴ 192 കിലോമീറ്റര്‍ ഒഴുകിയാണ് ചെമ്രവട്ടത്തെത്തുന്നത്. ഭാരതപ്പുഴയിലെ മണല്തിട്ടകളൊക്കെ ഒഴുകിവന്ന് ഈ പദ്ധതി പ്രദേശത്ത് വലിയ തോതില്‍ അട്ടിയിട്ട് കിടന്നിരുന്നു. ഈ മണലെല്ലാം എടുത്ത് ബ്രാന്‍ഡ് ചെയ്ത് വിറ്റാല്‍ അത് വലിയ ഒരു വരുമാനമായിരിക്കും. നമ്മുടെ നാട്ടിലിപ്പോള്‍ മണല്‍കടത്തും മണല്‍ കരിഞ്ചന്തയും സജീവമാണല്ലോ. കൂടാതെ മണല്‍ വാരാന്‍ അനുമതിയില്ലാത്ത ഇടങ്ങളില്‍ നിന്ന് അപകടകരമായ വിധത്തില്‍ വ്യാപകമായി മണല്‍ കടത്തുന്നുമുണ്ട്. ഇതിന് പകരമായി ലഭ്യമായ ഇടങ്ങളില്‍ നിന്ന് മണല്‍ ശേഖരിച്ച് ആവശ്യാനുസരണം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയാണ് വേണ്ടിയിരുന്നത്. നമ്മുടെ നാട്ടിലൊരാള്ക്ക് ചിലപ്പോള്‍ ഒരു ചെറിയ ഷെഡ് നിര്‍മിക്കേണ്ട ആവശ്യമേ ഉണ്ടാവൂ. ഒന്നു രണ്ട് ചാക്ക് മണലിന്റെ ആവശ്യമെ അതിനുള്ളൂ. എന്നാല്‍ അയാള്‍ വലിയൊരു വണ്ടിയിലാണ് കൊണ്ടിടുക. ഇതിന് പകരം ഇത്തരം മണലുകള്‍ ശേഖരിച്ച് ബ്രാന്‍ഡ് ചെയ്ത് നമ്മളിപ്പോള്‍ സിമെന്റെല്ലാം വാങ്ങുന്ന രൂപത്തില്‍ ലഭ്യമാക്കിയാല്‍ മതി. അതായിരുന്നു അന്ന് ഞങ്ങള്‍ ഗവണ്മെന്റിന് നല്കിയ പ്രപ്പോസല്‍. മറ്റൊന്ന് റഗുലേറ്റര്‍ കം ബ്രിഡ്ജിനു മുകള്‍ഭാഗത്തായി 13 കിലോമീറ്റര്‍ നീളത്തിലും ഒരു കിലോമീറ്റര്‍ വീതിയിലുമാണ് വെള്ളം കെട്ടിക്കിടന്നിരുന്നത്. മഴക്കാലമായാല്‍ ഈവെള്ളമെല്ലാം നേരെ കടലിലേക്ക് വിടുകയാണ് ചെയ്യുന്നത്. നമ്മളുപയോഗപ്പെടുത്തുകയേ ചെയ്യുന്നില്ല. ഇതുകൊണ്ട് വലിയ മിനറല്‍ വാട്ടര്‍ യൂണിറ്റുകളൊക്കെ നമുക്ക് ആരംഭിക്കാമായിരുന്നു. തമിഴ്നാട്ടിലൊക്കെ കെട്ടിക്കിടക്കുന്ന വെള്ളത്തെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അവിടെ ലിറ്ററിന് അഞ്ച് രൂപക്കും ഏഴു രൂപക്കുമൊക്കെ വെള്ളം വിദ്യാലയങ്ങള്‍ക്കും മറ്റും ലഭ്യമാക്കുന്നുണ്ട്. കൂടാതെ കാര്‍ഷിക മേഖലയിലേക്കും ഈ വെള്ളം ഉപയോഗിക്കാം. അതെല്ലാം ഇപ്പോഴും നിലനില്‍ക്കുന്ന വലിയ സാധ്യതകളാണ്.
ഭൂപ്രകൃതി നോക്കുകയാണെങ്കില്‍ എല്ലാ വിധത്തിലുമുള്ള ഭൂവിഭാഗവുമുണ്ടിവിടെ. മത്സ്യസമ്പത്തുമുതല് വനസമ്പത്ത് വരെ ഇവിടെയുണ്ട്. അതെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. കൂടാതെ കാര്‍ഷിക രംഗത്ത് നാമിനിയും ഏറെ മുന്നേറേണം. ഇവിടെ ഒന്നും ഉണ്ടാവില്ല എന്ന ധാരണയിലിരിക്കുകയാണ് നാം. ഉണ്ടാക്കി നോക്കിയാലല്ലേ അറിയൂ. അത് ചെയ്യുകയില്ല. ഒരു കറിവേപ്പ് വരെ നാം സ്വയം കൃഷി ചെയ്തുണ്ടാക്കില്ല. കോട്ടക്കുന്നില്‍ ഇപ്പോള്‍ കാണുന്ന മരങ്ങളെല്ലാം വെച്ചുപിടിപ്പിക്കുന്ന ഉദ്യമവുമായി മുന്നിട്ടിറങ്ങിയപ്പോഴും പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. ‘സാറേ അതിനൊന്നും മെനക്കെടേണ്ട. അവിടൊന്നും ഒന്നും ഉണ്ടാകില്ലെന്ന്’ എന്നാലിപ്പോള്‍ അവിടെ നോക്കൂ. പച്ചപിടിച്ച് നില്‍ക്കുന്നത് കാണാം. കഴിഞ്ഞ വര്‍ഷം മാത്രം ആ മരങ്ങളില്‍ ചിലത് ഒരു കോടി എട്ട് ലക്ഷം രൂപക്ക് ലേലം വിളിച്ചു. നമ്മള് മുന്നിട്ടിറങ്ങാത്തത് കൊണ്ട് മാത്രമാണ് കാര്‍ഷിക രംഗത്ത് നാം വികസിക്കാത്തത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പ്രവാസം മലപ്പുറത്തിന്റെ വികസനത്തിന് വിലയ സംഭാവന നല്കിയിട്ടില്ലേ, പ്രവാസം ജില്ലയുടെ പുരോഗതിയെ എത്രത്തോളമാണ് സ്വാധീനിച്ചത്.
മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ നമ്മളീ കാണുന്നതെല്ലാം പ്രവാസിയുടെ അധ്വാനത്തില്‍ നിന്നും ഉയര്‍ന്ന് വന്നവയാണ്. ഇവിടെ കാണുന്ന വാഹനങ്ങളും കെട്ടിടങ്ങളും എല്ലാം പ്രവാസികള്‍ മുഖേനെ ഉണ്ടായതാണ്. അതല്ലാതെ നമുക്കിവിടെ പറയത്തക്ക വ്യവസായ സ്ഥാപനങ്ങളില്ല. വരുമാനം നേടി ജീവിക്കാന്‍ പാകത്തില്‍ കൃഷി വികസിച്ചിട്ടില്ല. മലപ്പുറത്തെ ഓരോ ഉന്നമനത്തിന് പിന്നിലും പ്രവാസികളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണയുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രവാസം മുമ്പത്തെയത്ര സജീവമല്ലാത്ത ഇന്ന്, നമ്മുടെ ചെറുപ്പക്കാരെല്ലാം നാട്ടിലേക്ക് മടങ്ങിവരുന്ന ഈ അവസ്ഥയില്‍ നമ്മളിവിടെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. ചിലയിടത്തെല്ലാം ഇത്തരം ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് തോന്നുന്നത്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം എന്നും കഷ്ടപ്പാടാണ്. അയാളിവിടുന്ന് കുടുംബത്തെയും കുട്ടികളേയും പിരിഞ്ഞാണ് അവിടെ കഷ്ടപ്പെടുന്നത്. എന്നിട്ടോ, നാട്ടിലുള്ളവര്‍ക്ക് എന്നും പ്രവാസിയെ കുറിച്ച് പരാതികളാണ്. ‘അവനെനിക്ക് അത് തന്നില്ല, ഇത് തന്നില്ല, അതിന് സഹകരിച്ചില്ല’ എന്ന മട്ടില്‍. മറ്റുള്ളവരുടെ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടി എന്തൊക്കെ ചെയ്താലും അവസാനം പരാതികള്‍ മാത്രമാവും അവന്റെയടുത്ത് ശേഷിക്കുക.
മറ്റൊന്ന്, പ്രവാസമാണ് മലപ്പുറത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്കുവഹിച്ച ഒരു ഘടകം. രണ്ടു തരത്തിലുണ്ട് അത്. ഒന്ന് ഞാന്‍ കഷ്ടപ്പെട്ട രൂപത്തില്‍ എന്റെ മക്കള്‍ കഷ്ടപ്പെടരുത്, അവര്‍ക്ക് നല്ല ജോലി ലഭിക്കണം എന്ന ചിന്തയില്‍ ഓരോ പ്രവാസിയും അവരുടെ മക്കളുടെ കെ ജി മുതലുള്ള പഠനത്തില്‍ വലിയ പണം ചിലവഴിച്ചു. മറ്റൊന്ന് പ്രവാസികളുടെ കൂട്ടായ്മയുടേയും പ്രവാസി മുതലാളിമാരുടേയും പിന്‍ബലത്തില്‍ ഈയിടെ ഉന്നത കലാലയങ്ങള്‍ അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നു. നമ്മുടെ നാടുകളില്‍ നോക്കൂ. എത്രമാത്രം ആധുനിക സൗകര്യങ്ങളുള്ള ഇംഗ്ലീഷ് മീഡിയങ്ങളുണ്ട് ഓരോനാട്ടിലും. ഇവിടുത്തെ പ്രവാസ സമ്പത്ത് കണ്ട് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മലപ്പുറം ജില്ലയില്‍ അവരുടെ സ്ഥാപനങ്ങള്‍ തുടങ്ങി. ഉന്നത പഠനത്തിനുള്ള കോച്ചിംഗ് സെന്ററുകളൊക്കെ ഇവിടെ അങ്ങനെ വന്നതാവാം.
അതേസമയം പ്രവാസം മലപ്പുറത്തെ ജനങ്ങളുടെ സ്വഭാവ-ചിന്താ പ്രകൃതത്തെ മാറ്റിയിട്ടില്ലേ.
ഒരു പരിധിവരെ ആഡംബരം നമ്മെ പിടികൂടിയത് ഈ അടുത്തകാലത്താണ്. സമ്പത്ത് വര്‍ധിച്ചപ്പോള്‍ അന്യരെ പരിഗണിക്കാനുള്ള മനസ് ചിലര്‍ക്കെങ്കിലും കുറഞ്ഞ് വന്നു. ‘ഞാനും എന്റെ വീടും എന്റെ ഭാര്യയും മക്കളും’ എന്ന ചിന്തയിലേക്ക് ചിലരെങ്കിലും ചുരുങ്ങി എന്നത് സങ്കടകരമാണ്. ഇവിടെയിപ്പോള്‍ ഒരു അടിച്ചുപൊളി സംസ്കാരം വന്നു. ഭക്ഷണത്തിലും വസ്ത്രത്തിലും അനാവശ്യമായ ഒട്ടേറെ പ്രവണതകള്‍ രൂപപ്പെട്ടു. ഷോപിഗും സംസ്കാരത്തിന്റെ ഭാഗമായി. അത്ര അത്യാവശ്യമില്ലാത്ത വസ്തുക്കള്‍ പോലും നമ്മുടെ വീടുകളിലേക്കെത്തി. അല്പകാലംകൊണ്ടുതന്നെ അത് കുപ്പത്തൊട്ടിയിലേക്കും.
സാമ്പത്തിക സ്ഥിതി വര്‍ധിച്ചതിനനുസരിച്ച് ഇവിടുത്തെ ജനങ്ങളുടെ പരിസ്ഥിതി മനോഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. പണ്ടൊക്കെ ഒരു മാങ്ങയോ ചക്കയോ തിന്നാല്‍ അതിന്റെ വിത്ത് പറമ്പിലെവിടെയെങ്കിലും പൂഴ്ത്താന്‍ സമയം കണ്ടെത്തിയിരുന്നു. ഇന്ന് അതൊന്നുമില്ല. പൂഴ്ത്താന്‍ പറമ്പ് തന്നെ ഇല്ലാതായി. മുറ്റത്തിനു ചുറ്റും ഇന്റര്‍ലോക്കിട്ട് വീടിന് ചുറ്റും ഒന്നും നട്ടുപിടിപ്പിക്കാനാവാതായി.
മലപ്പുറത്തിന് പുറത്ത് നിന്നുള്ളവര്‍ ജില്ലയെ വീക്ഷിക്കുന്ന മനോഭാവം വേറെയല്ലേ. ഇത്രയൊക്കെ വികസിച്ചുവെന്നും നമ്മുടെ നാട്ടില്‍ ചേരിതിരിഞ്ഞ സൗഹൃദമല്ല ഉള്ളതെന്നും നാം പറയുമ്പോഴും പുറത്തുനിന്ന് കാണുന്നവര്‍ മലപ്പുറത്തെ ഇപ്പോഴും ഒരു പിന്തിരിപ്പന് പ്രദേശമായല്ലേ കാണുന്നത്. പ്രത്യേകിച്ചും സിനിമകളിലും എഴുത്തിലുമൊക്കെ. വാക്സിനേഷന്റെ വിഷയത്തിലും നമ്മള് അങ്ങിനെ കണ്ടല്ലോ. കൂടാതെ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ഉന്നത റാങ്ക് വാങ്ങുമ്പോള്‍ അതെല്ലാം വളഞ്ഞ വഴിയിലൂടെ വാങ്ങിയതാണെന്ന പരമാര്ശമുണ്ടാവാറുണ്ടല്ലോ.
മലപ്പുറത്തെ ശരിക്കും അനുഭവിക്കാത്തത് കൊണ്ടാണ് പുറമെ നിന്നുള്ളവര്‍ വസ്തുതാ വിരുദ്ധമായി വിലയിരുത്തുന്നത്. അനുഭവിച്ചാല്‍ മാത്രമേ മലപ്പുറത്തെ അടുത്തറിയാനാവൂ. മറ്റൊന്ന് ‘കൊട്ടയിലൊന്ന് ചീഞ്ഞാല്‍ മതിയല്ലോ’, എല്ലാം നാശമാവാന്‍. ഈ നാല്പത്തിയഞ്ച് ലക്ഷം ജനങ്ങളില്‍ ഒന്നോ രണ്ടോ ആളുകള്‍ ചെയ്യുന്ന പ്രവൃത്തിയാണ് എല്ലാവര്‍ക്കുമുള്ള പഴിയായി കണക്കാക്കുന്നത്. ഇത്രയധികം ജനസംഖ്യയുണ്ടാകുന്നത് കൊണ്ട് ഏതെങ്കിലും ഒരു മൂലയില്‍ ഒരാള്‍ വല്ല കുരുത്തക്കേടും കാണിച്ചാല്‍ അത് മുഴുവന്‍ മലപ്പുറത്തു കാര്‍ ചെയ്ത പോലെയാകും പുറത്തുനിന്നുള്ളവര്‍ കാണുക. അതൊക്കെ ആളുകളുടെ മനോഭാവത്തില്‍ നിന്നുണ്ടാവുന്നതാണ്. ഇത്രയധികം കാലം മലപ്പുറത്തിന്റെവിവിധയിടങ്ങളില് സേവനമനുഷ്ഠിച്ച ഒരാളെന്ന നിലയിലും മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരാളെന്ന നിലയിലും ഞാന്‍ പറയും മലപ്പുറത്തിന്റെ മനസ്, അവിടുത്തെ ജനങ്ങളുടെ സ്വഭാവം എല്ലാം ഹൃദ്യമാണെന്ന്. പുറത്തുനിന്നുള്ളവര്‍ പലപ്പോഴും സത്യമറിയാതെയാണ് പ്രതികരിക്കുന്നത്.
മലപ്പുറത്ത് വിശേഷിച്ചും കാണാവുന്ന മുസ്ലിം രാഷ്ട്രീയവും മതനേതൃത്വത്തിന്റെ ആക്ടിവിസവും ജില്ലക്ക് മൊത്തത്തില്‍ ഗുണകരമായി ഭവിക്കുന്നുണ്ടോ.
ജില്ലയെ മൊത്തത്തില്‍ ബാധിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളില്‍ മുസ്ലിം സമുദായത്തെ ബോധവത്കരിക്കാന്‍ മറ്റും മത നേതൃത്വത്തിന്റെ സഹായം ഭരണകൂടങ്ങള്‍ തേടാറുണ്ട്. കൂടാതെ വര്‍ഗീയമായി ആളുകള്‍ ചിന്തിക്കുന്ന സമയത്ത് അതില്‍ നിന്ന് പിന്തിരിപ്പിക്കാനും അക്രമാസക്തതയില്‍ നിന്ന് മാറ്റാനും മത നേതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സാധിക്കും. പാണക്കാട് തങ്ങന്മാരും ഇപ്പോള്‍ മഅ്ദിന്‍ പോലോത്ത സ്ഥാപനങ്ങളും ചെയ്യുന്നതാണ്. എന്നാല്‍ അതിനുമാത്രമൊന്നും സാമുദായിക പ്രശ്നങ്ങള്‍ ഇവിടെ ഉടലെത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ മലപ്പുറം ജില്ലയില്‍ താങ്കള്‍ സേവനമനുഷ്ടിച്ച സമയത്തുണ്ടായ മനസിനെ സ്പര്‍ശിച്ച അനുഭവങ്ങള്‍ വല്ലതും.
കോളജില്‍ പഠിക്കുന്ന സമയത്ത് തഹസീല്‍ ദാറായി ഫസ്റ്റ് റാങ്കോടെ എനിക്ക് ജോലി ലഭിച്ചു. ട്രൈനിംഗിന്റെ ഭാഗമായി മഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ഞാന്‍ കുറച്ച് കാലമുണ്ടായിരുന്നു. കൊല്ലത്തു നിന്നുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അന്നവിടെ സപ്ലൈ ഓഫീസര്‍. ഒരു തിങ്കളാഴ്ച ഞാന്‍ ഓഫീസില്‍ ഇരിക്കുന്ന സമയത്ത് പത്തിരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന് ഓഫീസിലെത്തി. തിങ്കളാഴ്ച ആയതിനാല്‍ സപ്ലൈ ഓഫീസറടക്കമുള്ള ദൂരദിക്കുകളില്‍ നിന്നുള്ള ജീവനക്കാര്‍ ഓഫീസില്‍ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. ഓഫീസിലെത്തിയ ചെറുപ്പക്കാരന് ‘എന്റെ റേഷന്‍ കാര്‍ഡ് ശരിയായിട്ടില്ല, മൂന്നാല് പ്രാവിശ്യമായി വരുന്നു’ എന്നൊക്കെ പറഞ്ഞുഅല്പം ചൂടായി സംസാരിച്ചു. മാത്രമല്ല ഓഫീസില്‍ മുണ്ട് മടക്കിക്കുത്തിയാണ് അവന് നിന്നിരുന്നത്. അവന്റെ ഈ ചൂടാവലും വേഷവും എനിക്കത്ര പിടിച്ചില്ല. ഒരു ഓഫീസില്‍ നമ്മളങ്ങനെയല്ലല്ലോ കടന്നു ചെല്ലേണ്ടത്. ആ ദേഷ്യത്തില്‍ ഞാനവനോട് പറഞ്ഞു ”നീ നാലല്ല, നാല്പത് പ്രാവശ്യം വന്നാലും നിന്റെയൊന്നും റേഷന്‍ കാര്‍ഡ് ശരിയാവുമെന്ന് തോന്നുന്നില്ല.” അത് കേട്ടപ്പോള്‍ അവന് മനസിലായി മുണ്ട് മടക്കിക്കുത്തിയത് കണ്ടാണ് ഞാനിത് പറഞ്ഞതെന്ന്. മനസില്ലാ മനസോടെ മുണ്ടിന്റെ മടക്ക് അഴിച്ചിട്ടു. മടക്കുത്തഴിച്ചപ്പോഴാണ് മുണ്ടിന്റെ മേല്‍ഭാഗം മുഴുവന്‍ കീറി കൈത്തുഞ്ഞ് തുന്നിയത് ഞാന്‍ കണ്ടത്. ഈ കൈത്തുഞ്ഞ് കാണാതിരിക്കാന്‍ വേണ്ടിയായിരുന്നു അവന് മുണ്ട് മടക്കിക്കുത്തിയതെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഇത് കണ്ടപ്പോള്‍ എനിക്കകെ വിഷമമായി. നമ്മളും കുറേ ബുദ്ധിമുട്ടിയൊക്കെ വന്നതാണല്ലോ. ഞാന്‍ അവനോട് അവിടെ നില്ക്കാന് പറഞ്ഞു. സപ്ലൈ ഓഫീസര്‍ വന്നയുടനെ അവന്റെ അവസ്ഥ പറഞ്ഞ് ആ റേഷന്‍ കാര്‍ഡ് വേഗത്തിലൊന്ന് ശരിയാക്കാന്‍ പറഞ്ഞു. അങ്ങനെ പതിനഞ്ച് മിനുട്ടിനുള്ളില്‍ അവന്റെ റേഷന്‍കാര്‍ഡ് ശരിയാക്കിക്കൊടുത്തു.
ഈ ദുരനുഭവത്തിന് ശേഷം ഞാന്‍ ഓഫീസിലെത്തുന്ന ആരുടേയും വസ്ത്രമോ കോലമോ പെരുമാറ്റമോ ശ്രദ്ധിക്കാറില്ല. അവരുടെ ആവശ്യങ്ങളറിഞ്ഞ് അതിന് പരിഹാരം കാണാനാണ് ശ്രമിക്കാറ്. കാരണം പലരുടേയും ഉള്ള് നമുക്കറിയില്ലല്ലോ. പലവിധ ആവശ്യങ്ങളുമായാവും ഓരോരുത്തരും ഓഫീസുകളിലെത്തുക.
ഞാന്‍ ഏത് പോസ്റ്റിലായിരുന്ന സമയത്തും എന്റെ ഓഫീസ് തുറന്ന് കൊടുക്കാനും എന്നെതേടി എത്തുന്ന ആര്‍ക്കും ചെവി കൊടുക്കാനും അവരുടെ ആവശ്യങ്ങളറിഞ്ഞ് കഴിയുന്ന സഹായം ചെയ്യാനും എന്നെ പ്രേരിപ്പിച്ചത് ആ സംഭവമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ പള്ളി നിര്‍മിക്കാനുള്ള അനുമതിയൊക്കെ തേടി പലരും വരുമായിരുന്നു. ആ സമയത്തൊക്കെ വളരെ ഉദാരാമായാണ് ഞാനവരോട് പെരുമാറിയത്. ആരാധനാലയങ്ങള്‍ക്ക് അനുമതി നല്കുമ്പോള് ഞാന്‍ ചിന്തിക്കാറ് ഇതുകാരണം മൂന്നാല് ആളുകള്‍ക്ക് ഉപജീവനം നടത്താമല്ലോ എന്നാണ്. ഒരു പള്ളി ഉണ്ടായാല്‍ അവിടെ ഒരു ഇമാമിനും മുക്രിക്കും ചിലവ് കൊണ്ടുവരുന്ന ആള്‍ക്കും ജോലി ഉണ്ടാകുമല്ലോ. അങ്ങനെ പത്ത് പള്ളി വന്നാല്‍ മുപ്പതും നാല്പതും ആളുകള്‍ക്ക് ജോലി ലഭിക്കും. ഈ ഒരു ചിന്ത വെച്ചാണ് ഞാന്‍ വളരെ ഉദാരമായി ആരാധനാലയങ്ങള്ക്കൊക്കെ അനുമതി നല്‍കിയത്.
സര്‍വീസ് സമയത്തെ ദുഃഖകരമായ അനുഭവം കുറ്റിപ്പുറം മദ്യദുരന്തമായിരുന്നു. മദ്യവുമായി ഒരിക്കലും രജ്ഞിപ്പിലെത്താന്‍ എനിക്കാവില്ല. പഠന സമയത്തും നല്ല വെറുപ്പായിരുന്നു. അതിനാല്‍ ആ സംഭവം എന്നെ വളരെ വിഷമിപ്പിച്ചു.
അഭിമുഖം = എം സി മോഹന്‍ദാസ്
തയാറാക്കിയത്: മുബശിര്‍ മുഹമ്മദ്
You must be logged in to post a comment Login