മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ടു. നീതികരിക്കാനാവാത്തതും കരളുപിളര്ക്കുന്നതുമായ നീചകൃത്യം! സംഭവത്തിന് പിന്നാലെ വിവിധ പ്രതികരണങ്ങളും കേട്ടു. കൊല നടത്തിയവരെന്ന് ആരോപിക്കപ്പെടുന്ന എസ്.ഡി.പിഐയുടേതടക്കമുള്ള ന്യായീകരണങ്ങളും ഞങ്ങള്‍ അന്യായമായി വേട്ടയാടപ്പെടുന്നുവെന്ന പരിതപിക്കലുകളുമുണ്ടായി. മുഖ്യധാരാ പാര്‍ട്ടികളും സാംസ്കാരിക പ്രവര്‍ത്തകരും വിഷയത്തില്‍ രോഷം മറച്ചുവെച്ചില്ല. ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ വഴക്കും വക്കാണവുമുണ്ടായി. അപ്പോഴും എല്ലാവരും ഒറ്റസ്വരത്തില്‍ സമ്മതിക്കുന്നു, അങ്ങേയറ്റം അപലപനീയമാണിത്, സംഭവിക്കാന്‍ പാടില്ലാത്തത്. മുന്‍പും പല കൊലപാതകങ്ങളുണ്ടായപ്പോഴും നാമിത് കേട്ടിട്ടുണ്ട്. ജീവന് ആരുടേതായാലും വിലപ്പെട്ടതാണ്. അപ്പോള്‍ ഏതൊരു ജീവന് പൊലിയുമ്പോഴും അതിന്റെ പിന്നിലുള്ള ചേതോവികാരങ്ങളെ വിചാരണ ചെയ്യുന്നതും വിമര്‍ശിക്കുന്നതും സ്വാഭാവികം മാത്രം. ചര്‍ച്ചകളില്‍ ചിലരുടെയെങ്കിലും വാദങ്ങള്‍ തൊലിപ്പുറം മാത്രം തൊടുന്നതും സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായ നിലനിര്‍ത്തുവാന്‍ ഉദ്ദേശിച്ചുള്ളതുമായിരുന്നു. ഇവിടെ സവിശേഷമായ ചില വിചാരങ്ങള്‍ പങ്കുവയ്ക്കപ്പെടേണ്ടതുണ്ടന്ന് കരുതുന്നു. കൊലക്കുറ്റം ആരോപിക്കപ്പെട്ടവരുടെ മതവും മതത്തോടുള്ള സമീപനവും ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും .
എസ് ഡി പിഐയും അതിന്റെ വിദ്യാര്‍ത്ഥി സംഘടന എന്ന് കേരളജനത ഇത്രയുംകാലം കരുതിപ്പോന്ന കാമ്പസ് ഫ്രണ്ടും ആണല്ലോ ആരോപണവിധേയര്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ ഘടനയാണ് എസ്ഡിപിഐ. ഈ സംഘത്തിന്റെ രാഷ്ട്രീയ നിലപാടുകളെ ഇവിടെ വിശകലനം ചെയ്യുന്നില്ല. ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുന്നതാണ് തങ്ങളുടെ പാര്‍ട്ടി എന്ന് മറ്റുപല പാര്‍ട്ടികളെയും പോലെ പോപ്പുലര്‍ ഫ്രണ്ടും അവകാശപ്പെടുന്നു. അതിലെ ശരിതെറ്റുകളും ഈ ലേഖനത്തിന്റെ ഉള്ളടക്കമല്ല. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്തവരെന്ന് പൊലീസ് എണ്ണിപ്പറഞ്ഞവരില് കുറെ മുസ്ലിം പേരുകളുണ്ട്. അവ ഉള്വഹിക്കേണ്ടതും ഉയര്‍ത്തിപ്പിടിക്കേണ്ടതുമായ ചില സമീപനങ്ങളും രീതികളുമുണ്ട്; ഒരു മതസംസ്കാരവും! ആ മതവും സംസ്കാരവും ആണ് കൊലയുടെ രാസത്വരകങ്ങളെന്ന് വിമര്ശിക്കപ്പെടാനുള്ള സാഹചര്യത്തെയാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
കേരളത്തില്‍ നടന്നിട്ടുള്ള പ്രമാദമായ കൊലപാതകങ്ങളില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്തവരില്‍ ഇതുപോലുള്ള പേരുകള്‍ പറഞ്ഞു കേട്ടിട്ടില്ലേ? അപ്പോഴൊന്നും പരിശോധിക്കപ്പെടാത്ത ഒരു ഘടകം എന്തുകൊണ്ടാണ് അഭിമന്യുവിന്റെകൊലപാതകികളുടെ ചര്‍ച്ചയില്‍ പരിശോധിക്കപ്പെടുന്നത്? കാരണമുണ്ട്. പോപ്പുലര്‍ഫ്രണ്ടിന്റെ പിറവിയും അത് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഈ പരിശോധന അപ്രസക്തമല്ലെന്ന് എളുപ്പം ബോധ്യപ്പെടും. ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നപ്പോഴും ഈയൊരു ഘടകം ചര്‍ച്ചയ്ക്ക് വിഷയീഭവിച്ചിരുന്നു. അഭിമന്യുവിന്റെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തികച്ചും വിരുദ്ധധ്രുവങ്ങളില്‍ ഉള്ളവരാണ്. എന്നാല്‍ ഇവരുടെ രാഷ്ട്രീയത്തിലും രീതി ശാസ്ത്രങ്ങളിലും ഒരുപാട് സമാനതകളുമുണ്ട് . പോപ്പുലര്‍ ഫ്രണ്ട് നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യങ്ങള്‍ എല്ലാം നീതികേടാണെന്ന് അടച്ചാക്ഷേപിക്കുന്നില്ലെങ്കിലും പ്രതിയോഗികളെ സൃഷ്ടിക്കുന്നതിലും നിഷ്കാസനം ചെയ്യുന്നതിലും അത് വഴി കുഴപ്പങ്ങള്‍ പടച്ചുവിടുന്നതിലും ഇവര്‍ ഒരു തരം സംതൃപ്തി കണ്ടെത്തുന്നുണ്ടോ എന്ന് സംശയിക്കാവുന്ന സാഹചര്യങ്ങളുണ്ട്. രാജ്യത്തിന്റെ കറുപ്പാണ് ആര്‍എസ്എസ്. അതിന് ബദലാവാന്‍ പഠിക്കുന്നത് മതത്തിനും സമുദായത്തിനും രാഷ്ട്രത്തിനും യാതൊരു ഗുണവും ചെയ്യില്ല.
അഭിമന്യുവിന്റെ കൊലയിലേക്ക് തന്നെ വരാം. രാഷ്ട്രീയത്തിലും മതത്തിലും ഉയര്‍ന്ന നീതിബോധവും അവസരബോധവുമാണ് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് തന്നെയാണല്ലോ കുറ്റാരോപിതരായ എസ്.ഡി.പിഐയുടെയും സത്യവാങ്മൂലം. എന്നാല്‍ അവര്‍ ഏതൊരു സംസ്കാരത്തെയാണ് പ്രകടിപ്പിക്കുന്നത്? ഏതുതരം ദൗത്യമാണ് അവര്‍ നിര്‍വഹിക്കുന്നത്? തികച്ചും ഭീകരവും മതവിരുദ്ധവുമാണതെന്ന് പറയാതിരിക്കാനാവില്ല. അങ്ങനെ പറയാന്‍ കാരണങ്ങളുണ്ട്, കൈവെട്ടുകേസിന്റെ കാര്യത്തിലടക്കം മത ഭീകര പ്രസ്ഥാനമെന്ന് മുദ്രകുത്തപ്പെട്ട പാര്‍ട്ടി ഈ കറകള്‍ കഴുകിക്കളയാന്‍ ശ്രമിക്കുന്നതിനുപകരം കാമ്പസിലെ സംഘടനാ പ്രവര്‍ത്തനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ പത്തൊമ്പതുകാരനായ ഒരു വിദ്യാര്‍ത്ഥിയുടെ നെഞ്ച് തകര്‍ത്തു കൊല നടത്തിയിരിക്കുകയാണ്. പിടിക്കപ്പെട്ടവര്‍ എസ്ഡിപിഐ യുടെ ആളുകളാണെന്ന് തെളിയുന്ന പക്ഷം അവരെ പുറത്താക്കിയേക്കും. അതുകൊണ്ടാകുമോ? കാമ്പസ് ഫ്രണ്ട് ആണ് പ്രശ്നത്തിന് പിന്നിലെന്ന തിരിച്ചറിവില്‍ അത് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ലന്നു പറയാനുള്ള തൊലിക്കട്ടിയും നേതൃത്വത്തിനുണ്ടായി. രാഷ്ട്രീയ നേതൃത്വം തള്ളിപ്പറഞ്ഞിട്ടും കണ്ണൂരിലടക്കം പ്രാദേശിക തലങ്ങളില്‍ അരങ്ങേറുന്ന ആക്രമണങ്ങളെ കുറിച്ച് പറയുന്ന പോലെ, എന്തുകൊണ്ടാണ് മഹാരാജാസില്‍ ആരോപണവിധേയമായ പാര്‍ട്ടിയുടെ അടിത്തട്ടിലുള്ളവര്‍ ഈ തരത്തിലുള്ളൊരു അപരദ്വേഷം ഉള്ളില്‍ സൂക്ഷിക്കുന്നത്?. സഹപാഠി എന്ന, മറ്റേതിനെക്കാളും ഊഷ്മളവും ഉന്നതവുമായ ഒരു ബന്ധത്തെ മൂര്‍ച്ചയേറിയ കഠാരകൊണ്ട് അറുത്ത് മാറ്റുമ്പോള്‍, അതിനു കാരണക്കാരായ മുഹമ്മദിന്റെയും റിയാസിന്റെയും ബിലാലിന്റെയും മതം ചര്‍ച്ചക്ക് വരിക സ്വാഭാവികം. ആ ചര്‍ച്ചകള്‍ പക്ഷേ, ദോഷകരമായി ബാധിക്കുന്നത് ആ പാര്‍ട്ടിയെയല്ല, മതത്തെ തന്നെയാണ്.
വഴി തടസ്സപ്പെടുത്തുന്നവനോട് മാറിനില്ക്കൂവെന്ന് സ്നേഹത്തോടെ പറയുന്നതും, തങ്ങളോട് അനീതി കാട്ടിയവരോട് പോലും നീതിചെയ്തതും ആ തിരിച്ചറിവില്‍ ഈയൊരു ദര്‍ശനത്തെ എങ്ങനെ കൈവിടാനാകുമെന്ന ബോധ്യത്തില്‍ ഇസ്ലാം പുല്‍കിയതുമായ ചരിത്രമല്ലേ ഇസ്ലാമിന് പറയാനുള്ളത്. അംഗബലം ശുഷ്കിച്ച കാലത്ത് മാത്രമല്ല, ശക്തി കൈവന്ന ശേഷവും മദീനയിലെ വ്യവഹാരങ്ങളിലും ഇടപാടുകളിലും സ്നേഹാര്ദ്രമായിരുന്നല്ലോ തിരുനബിയുടെ നിലപാട്. ഒരു ദരിദ്ര കുടുംബത്തിന്റെ പ്രതീക്ഷയായ അഭിമന്യുവിന് നേരെ കഠാരയെടുക്കാന് എങ്ങനെ മുസ്ലിമിന് സാധിക്കുമെന്ന ചോദ്യമുയരുന്നത് അതുകൊണ്ടാണ്. കാമ്പസ് ഫ്രണ്ട് എന്ന സംഘടനയുടെ യാതൊരു പ്രവര്‍ത്തനങ്ങളും ഇവിടെ ഉണ്ടായിക്കൂടാ എന്ന പിടിവാശിക്കാരനായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവെന്ന് വാദിച്ചാല്‍ പോലും മതപരമായി നീതീകരിക്കാനാവുന്നതല്ല ക്രൂരമായ ഈ കൊലപാതകം.
ശാരീരികവും മാനസികവുമായി വേദനിപ്പിച്ചവരോടുള്ള തിരുനബിയുടെ സമീപനമെന്തായിരുന്നുവെന്ന് മതം പഠിച്ചവര്‍ക്കറിയാം. മാപ്പ്, ഇതായിരുന്നു തിരുനബിയുടെ രീതി. പല്ല് പൊട്ടിച്ചവര്‍ക്കും, പാദങ്ങളില്‍ ചോരയൊലിപ്പിച്ചവര്ക്കും, വഴിയില്‍ കിടക്കുന്ന മാലിന്യങ്ങള്‍ ശരീരത്തില്‍ കോരിയിട്ടവര്ക്കും, ഉരമുള്ള പുതപ്പ് ചുമലിലിട്ട് വലിച്ച് വേദനിപ്പിച്ചവര്ക്കുമൊക്കെ മാപ്പ് കൊടുത്ത തിരുനബിയുടെ അനുയായികള്‍ക്ക് കാമ്പസിലെ ചുമരെഴുത്ത് തടസ്സപ്പെടുത്തിയവരോട് ക്ഷമിക്കാനും പൊറുക്കാനും കഴിയേണ്ടതായിരുന്നു. അതെന്തുകൊണ്ട് സാധിച്ചില്ല? അത്തരം പാഠങ്ങള്‍ ഇവര്‍ പഠിപ്പിക്കപ്പെട്ടില്ലെങ്കില്‍ അവരെ നയിക്കുന്ന നേതൃത്വം തന്നെയാണ് അതിനു മറുപടി പറയേണ്ടത്.
മുഹമ്മദേ, നീ നീതി പാലിച്ചില്ലെന്ന കടുത്ത വാക്കുപയോഗിച്ച് തിരുനബിക്കുനേരെ തിരിഞ്ഞ മനുഷ്യനെക്കുറിച്ച് ചരിത്രത്തിലുണ്ട്. വിശ്വാസികളെ അങ്ങേയറ്റം മുറിവേല്‍പ്പിക്കുന്നതായിരുന്നു ആ മനുഷ്യന്റെ വാക്കുകള്‍. തിരുനബിയുടെ അനുയായികള്‍ അയാളെ വകവരുത്തട്ടേയെന്ന് സമ്മതമാരാഞ്ഞപ്പോള് പ്രവാചകര്‍ വിലക്കുകയാണുണ്ടായത്. ആശയപരമായോ ,സംഘടനാപരമായോ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ നിഗ്രഹിക്കുന്നത് ഇസ്ലാമിന്റെ സംസ്കാരമല്ല. പോപ്പുലര്‍ ഫ്രണ്ടിനെ മുസ്ലിം സംഘടനയായി ധരിച്ചവര്‍ അവരുടെ അക്രമപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്ലാമിനെ സംശയിക്കും. അതുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ അതീവഗുരുതരമായിരിക്കും.
ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്ലിം എങ്ങനെ ജീവിക്കണമെന്നതിന് ഇസ്ലാമിക കര്‍മശാസ്ത്രത്തിന് ക്യത്യമായ ചട്ടക്കൂടുണ്ട്. അതുപക്ഷേ, അടഞ്ഞതല്ല. എല്ലാ ദേശത്തേക്കും ഒരേ നിയമവുമല്ല. ഇസ്ലാമിക രാജ്യത്തെ അതേനിയമങ്ങള്‍ ബഹുസ്വര സമൂഹത്തില്‍ അനുവര്‍ത്തിക്കേണ്ടതില്ല. മറിച്ചാകുമ്പോള്‍ അത് മതവിരുദ്ധമാവുകയാണ്. ആത്മരക്ഷക്കുള്ള പ്രതിരോധമാണിതെന്ന് ന്യായീകരിക്കാനും വഴിയില്ല. പിടിച്ചുവെക്കുന്നവനില് നിന്ന് കുതറി മാറാനുള്ള കേവല ബുദ്ധി പ്രകൃതിപരമാണ്. മനുഷ്യനില്‍ മാത്രമല്ല ജീവനുള്ള സര്‍വ വസ്തുക്കളിലും സ്രഷ്ടാവ് അത് സംവിധാനിച്ചിട്ടുണ്ട്.
അക്രമിക്കാന്‍ വരുന്നവരില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗം ഇരുട്ടിന്റെ മറവില്‍ പരിശീലിപ്പിക്കപ്പെടേണ്ടതല്ല, അത്തരമൊരു മാതൃക മുസ്ലിം ഉമ്മത്തിന്റെ മുന്ഗാമികളില് നാം കാണുന്നില്ല. ആസൂത്രണം ചെയ്തു കൊണ്ടുള്ള നീക്കങ്ങളും ഭീകരാന്തരീക്ഷം ഉണ്ടാക്കുന്നതുമായ ആര് എസ് എസ് രീതിക്ക് ബദലന്വേഷിക്കാന്‍ മുസ്ലിം വിലാസം ദുരുപയോഗിക്കുന്നവര്‍ ഫലത്തില്‍ ഇസ്ലാമിന് അപകീര്‍ത്തിയുണ്ടാക്കുകയാണ്.
പാരമ്പര്യ ഇസ്ലാമില്‍ നിന്ന് വഴിമാറി നടക്കാനുള്ള ‘പുരോഗമന ഇസ്ലാമിന്റെ’ തിടുക്കങ്ങള്‍ സലഫിസത്തെയും മൗദൂദിസത്തെയുമൊക്ക എവിടെക്കൊണ്ടെത്തിച്ചു എന്നതിന് ഉദാഹരണങ്ങള്‍ ഏറെയുണ്ട്. അതിന്റെ തന്നെ തുടര്‍ച്ചയായാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും രാഷ്ട്രീയരൂപമായ എസ് ഡി പി ഐയുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത്. ആധികാരിക പണ്ഡിത നേതൃത്വത്തിന്റെ അഭാവം ഒരു പ്രസ്ഥാനത്തെ എങ്ങനെയെല്ലാം വഴിതെറ്റിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പ്രസ്ഥാനം. ഒരിസ്ലാമികപ്രസ്ഥാനത്തെ നയിക്കാനും ജനതയെ വഴിനടത്താനും രാഷ്ട്രീയമായ ജ്ഞാനം മാത്രം മതിയാകുമെന്ന അബദ്ധധാരണയുടെ ചെളിക്കുണ്ടിലാണ് ഇവരും വീണുകിടക്കുന്നത്.
മതപ്രവര്‍ത്തനം മുഖ്യ കര്‍മപദ്ധതിയായി സ്വീകരിച്ച സുന്നിപ്രസ്ഥാനം ഒരു ബഹുസ്വരസമൂഹത്തില്‍ ഇസ്ലാമും മുസ്ലിമും എങ്ങനെയായിരിക്കണമെന്ന് കൃത്യമായി വരച്ചിടുന്നുണ്ട്. കണിശവും കര്‍ക്കശവുമായ നിലപാടുകാരെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും, പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പോലും അതിരുകവിഞ്ഞിട്ടില്ല സുന്നിസമൂഹം. കുറെ അനുയായികള്‍ അരുംകൊല ചെയ്യപ്പെട്ടിട്ടും, മോശമല്ലാത്ത ആള്‍ബലമുള്ള പ്രസ്ഥാനത്തിന്റെ താഴെ തട്ടിലുള്ളവരില്‍ നിന്ന് പോലും ഇത്തരത്തിലുള്ള ഒരു നീചക്യത്യമോ അതിനുള്ള ഗൂഢാലോചനയോ ഉണ്ടായിട്ടില്ല. ഹ്യദയം തകര്‍ക്കുന്ന വിധത്തിലുള്ള കൊടും ക്രൂരതകള്‍ക്കും വേട്ടയാടലുകള്‍ക്കും ഇരയായ ഘട്ടങ്ങളില്‍ പോലും സംയമനം പാലിച്ചുകൊണ്ട് ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക സംസ്കാരത്തിന് കൊടി പിടിക്കുകയായിരുന്നു സുന്നി പ്രസ്ഥാനം ചെയ്തത്. ഒപ്പം നീതിയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം ധീരമായി നടത്തുകയും ചെയ്യുന്നു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പടെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ഭീരുത്വം എന്ന് വ്യാഖ്യാനിക്കുന്ന ആ സംയമനം സമാധാനത്തിനു വേണ്ടിയുള്ള മതബദ്ധമായ വിട്ടുവീഴ്ചയായിരുന്നുവെന്ന് എല്ലാവര്ക്കും ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. ഇതുവരെയും ബോധ്യമാകാത്തവര്‍ക്ക് അഭിമന്യു വധാനന്തരമെങ്കിലും അതുള്ക്കൊള്ളേണ്ടിവന്നിരിക്കുന്നു.
ഒരു പ്രസ്ഥാനം അതിന്റെ അനുയായികളെ എങ്ങനെ വളര്‍ത്തുന്നു എന്നത് തന്നെയാണ് പ്രശ്നം. ഇരുട്ടിന്റെ മറവില്‍ ആയുധ പരിശീലനം നടത്തി വേണം ഇസ്ലാമിക പ്രവര്‍ത്തനവും അതിനു വേണ്ടിയുള്ള രാഷ്ട്രീയപ്രവര്ത്തനവുമെങ്കില് ,അപ്പോള്‍ മാത്രമെ മുസ്ലിമിനും ഇസ്ലാമിനും ഉണര്‍വുണ്ടാകൂ എന്നുമാണങ്കില് ആവഴിക്ക് ചിന്തിക്കേണ്ടവര്‍ അതാതു കാലത്തെ ഉലമാക്കളായിരുന്നു. കേരളത്തിലെ ഇരുസമസ്തക്കും നേതൃത്വം നല്കുന്ന നൂറു കണക്കിന് ഉലമാക്കള്‍ തീര്‍ത്തും ഭീരുക്കളാണെന്നും മുസ്ലിം ഉമ്മത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അവര്ക്കാകില്ലന്നും പറയുന്നത് ശുദ്ധ അസംബന്ധമാണ്. മതത്തെ അറിയുന്നവര്‍ മുസ്ലിം ഉമ്മത്തിന് നേതൃത്വം നല്കട്ടെ, സമാധാനം പുലരും. ഇസ്ലാമിന്റെ സ്നേഹഗീതം കേട്ട്, മതത്തെ തെറ്റിദ്ധരിച്ചവര്‍ പോലും തിരുത്തും. അതാണ് യഥാര്‍ത്ഥ വഴി, മുസ്ലിം ജനത ഈ വഴിക്ക് സഞ്ചരിക്കട്ടെ!
എന്‍ എം സ്വാദിഖ് സഖാഫി
You must be logged in to post a comment Login