എറണാംകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥി അഭിമന്യു ക്രൂരമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇര, കൈകളില്‍ ചോരക്കറയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാവുകയാണ്. ആര്‍ക്കും ആരെയും പഴിചാരാന്‍ ധാര്‍മികമായി അവകാശമില്ലാത്ത അവസ്ഥ. കൊലപാതകികള്‍ എതിരാളികളെ കൊന്നും നശിപ്പിച്ചും പാര്‍ട്ടി വളര്‍ത്തുമ്പോള്‍ മറ്റുള്ളവര്‍ രക്തസാക്ഷിത്വത്തെ ആഘോഷിച്ചും പ്രസ്താവനാ യുദ്ധങ്ങള്‍ നടത്തിയും പാര്‍ട്ടി വളര്‍ത്തുന്നു. മരിച്ചവരുടെ സ്വപ്നങ്ങളും അവരുടെ ബന്ധുക്കളുടെ ദീനരോദനങ്ങളും മാത്രം പൂരണങ്ങളില്ലാതെ ബാക്കിയാവുന്നു.
അഭിമന്യുവിന്റെ കൊലപാതകത്തെ പരമ്പരാഗത രാഷ്ട്രീയ കൊലപാതങ്ങള്‍ക്കപ്പുറം ഇസ്ലാമിക ഭീകരതയുടെ തെളിവായി ഉയര്‍ത്തിക്കാട്ടാനാണ് ചിലര്‍ക്ക് താല്പര്യം. എന്തിനും ഇസ്ലാമിനെ പ്രതിയാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ക്ക് പുതിയ ഇര കിട്ടിയ ആവേശമാണ്. ഇത്തരം സംശയ രോഗികളുടെ പശിയടക്കാന്‍ പാകത്തിലാണ് ചിലരുടെ പ്രവര്‍ത്തനങ്ങള്‍. കാമ്പസ് രാഷ്ട്രീയമാണോ മത തീവ്രതയാണോ വ്യക്തി വൈരാഗ്യമാണോ രാഷ്ട്രീയ വൈരമാണോ ഈ കൊലപാതകക്കേസിലെ യഥാര്‍ത്ഥ പ്രതി എന്ന് പരിശോധിക്കാനല്ല ഈ ലേഖനം. മറിച്ച്, ചിലരെങ്കിലും സംശയിച്ചത് പോലെ ഇത്തരം കൈരാതങ്ങള്‍ക്ക് ഇസ്ലാം തണല്‍ വിരിക്കുന്നു എന്ന ധാരണ മുച്ചൂടും അബദ്ധമാണെന്ന് സമര്‍ത്ഥിക്കാനാണ്. ആളെക്കൊല്ലാന്‍ കഠാരയുമായി നടക്കുന്ന ആള്‍ക്കൂട്ടത്തെ പടച്ചുവിടലാണ് ഇസ്ലാമിന്റെ പണി എന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. ആദര്‍ശപരവും കര്‍മശാസ്ത്രപരവും നയപരവുമായി ഇസ്ലാമിനോട് എത്രയോ അകലത്തില്‍ കഴയുന്ന, ഭൂരിപക്ഷ മുസ്ലിം മുഖ്യധാരയെ മുഖ്യ ശത്രുക്കളായി കണക്കാക്കുന്ന, മുസ്ലിം പേരുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ചില ആഗോള ഭീകര സംഘടനകളില്‍ നിന്ന് ഇസ്ലാമിനെ വായിച്ചെടുക്കാന്‍ ശ്രമിച്ചതാണ,് അതോടൊപ്പം പ്രാദേശികമായ രാഷ്ട്രീയ വൈരങ്ങളെപ്പോലും ആഗോള ഭീകരതയോട് കൂട്ടിക്കെട്ടാന്‍ ശ്രമിച്ചതാണ് ഇത്തരത്തിലുള്ള അബദ്ധ വായനകള്‍ക്ക് നിമിത്തം.
ഇസ്ലാമിനെ വായിക്കേണ്ടത്, മുസ്ലിംകളെത്തന്നെ ചുട്ട് ഭസ്മമാക്കാന്‍ അടുപ്പും വിറകുമായി നടക്കുന്ന, ജീവിതത്തില്‍ ഇസ്ലാം അന്യമായ ഇസ്ലാം വാദികളില്‍ നിന്നല്ല; പ്രത്യുത അതിന്റെ മൗലിക പ്രമാണങ്ങള്‍ തനതായ രൂപത്തില്‍ മനസിലാക്കുകയും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്ത യഥാര്‍ത്ഥ മുസ്ലിം ജീവിതങ്ങളില്‍ നിന്നാണ.് തിരുനബിയുടെ പാഠശാലയിലേക്ക് സ്വല്പ നേരം ശ്രദ്ധിച്ചിരുന്നാല്‍, ആ പാഠങ്ങള്‍ അതേപടി ജീവിതങ്ങളിലേക്ക് പകര്‍ത്തിയ അവിടുത്തെ തിരു സഖാക്കളുടെ ജീവിതം പരിശോധിച്ചാല്‍, അവയില്‍ നിന്നും മാതൃകകള്‍ സ്വീകരിച്ച് ആത്മീയതയുടെ ജീവിത സംസ്കാരം കെട്ടിപ്പടുത്ത സൂഫികളെയും അവരെ അനുധാവനം ചെയ്ത മുസ്ലിം മുഖ്യധാരയെയും പഠിച്ചാല്‍ ഇസ്ലാമിന്റെ സുന്ദര മുഖം അനാവൃതമാകും. ഭീകരതയുടെ വാക്താക്കള്‍ സമാധാനത്തിന്റെ ഈ ശാദ്വല തീരത്തു നിന്ന് എത്രയോ കാതങ്ങള്‍ അകലെയാണെന്നും അവര്‍ ഇസ്ലാമിനോടും അതിന്റെ സംസ്കൃതിയോടുമാണ് സമരം ചെയ്യുന്നതെന്നും സുതരാം ബോധ്യപ്പെടും.
സുന്ദരമാണ് തിരുനബിയുടെ സാമൂഹ്യ പാഠങ്ങള്‍. വിശ്വാസ കര്‍മാനുഷ്ഠാനങ്ങളെ പോലെത്തന്നെ ഇസ്ലാം മുന്നോട്ട് വെക്കുന്ന സാമൂഹിക സംസ്കാരിക രാഷ്രടീയ കാഴ്ചപ്പാടുകള്‍ ഏറെ മനോഹരമാണ്. മനുഷ്യന് ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളാണെന്നും അവര്‍ക്ക് മേല്‍വിലാസം ഉണ്ടാവാനാണ് അവരെ വിവിധ ഗോത്രങ്ങളും വര്ഗങ്ങളുമാക്കിയതെന്നും ഖുര്‍ആന്‍ സിദ്ധാന്തിച്ചു. മനുഷ്യര്‍ക്കിടയില്‍ മനുഷ്യന് ഉണ്ടാക്കി വെച്ച ഉച്ചനീചത്വങ്ങളുടെ വന്‍ മതിലുകള്‍ അതു പൊളിച്ചുനീക്കി. വിടവാങ്ങല്‍ പ്രഭാഷണത്തില്‍ തിരുനബി പ്രഘോഷിച്ചു: ”മനുഷ്യരേ, നിങ്ങളുടെ നാഥന് ഒന്നാണ്. നിങ്ങളുടെ പിതാവും ഒന്നാണ്. നിങ്ങള്‍ തിരിച്ചറിയണം. അറബിക്ക് അനറബിയെക്കാള്‍ മഹത്വമില്ല. അനറബിക്ക് അറബിയെക്കാളും മഹത്വമില്ല. ചുവന്നവന് (വെളുത്തവന്) കറുത്തവനെക്കാളും മഹത്വമില്ല. കറുത്തവന് ചുവന്നവനെക്കാളും മഹത്വമില്ല. മഹത്വത്തിന്റെ അടിത്തറ ഭയഭക്തിയത്രെ.”
കൊള്ളയും കൊലയും ഗോത്രമഹിമയും വര്‍ഗീയതയും തിരുനബി അവസാനിപ്പിച്ചു. വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവനും വര്‍ഗീയതക്ക് വേണ്ടി പോരടിക്കുന്നവനും വര്‍ഗീയതക്ക് വേണ്ടി മരിക്കുന്നവനും നമ്മില്‍ പെട്ടവനല്ലെന്ന് ആ നബി പഠിപ്പിച്ചു. തന്റെ ജനതയെ അക്രമത്തിനു വേണ്ടി സഹായിക്കുന്നതാണ് വര്‍ഗീയതയെന്ന് അവിടുന്ന് നിര്‍വചിച്ചു. മനുഷ്യരുടെ അടിമത്വത്തില്‍ നിന്ന് സ്രഷ്ടാവിന്റെ അടിമത്വത്തിലേക്ക് അത് ജനങ്ങളെ ക്ഷണിച്ചു. കറുത്തവളുടെ മകനെ എന്ന് വിളിച്ച് തന്റെ ഭൃത്യനെ നിസാരപ്പെടുത്തിയ തന്റെ അനുചരന് അബൂദര്‍റിനെ ‘നിന്നില്‍ ജാഹിലിയ്യത്തുണ്ടെ’ന്ന് പ്രവാചകന് ശാസിച്ചപ്പോള്‍, മണ്ണില്‍ മലര്‍ന്ന് കിടന്ന് ആ ഭൃത്യനെ കൊണ്ട് തന്റെ കവിളില്‍ ചവിട്ടാന്‍ ആവശ്യപ്പെട്ടു; അബൂദര്. ഇസ്ലാമിന്റെ സാമൂഹിക പാഠങ്ങള്‍ ഏട്ടില്‍ കിടന്ന് വിശ്രമിക്കുകയായിരുന്നില്ല. മറിച്ച് പ്രയോഗ ജീവിതത്തില്‍ അതിന് എമ്പാടും ആവിഷ്കാരങ്ങളുണ്ടായി. മാനവികതയുടെ മഹോന്നത പാഠങ്ങള്‍ നെഞ്ചിലേറ്റിയ സമുദായം സഹോദര സ്നേഹത്തിന്റെ മഹത്തായ മാതൃകകള്‍ സൃഷ്ടിച്ചു.
ഇസ്ലാം മുന്നോട്ട് വെക്കുന്ന സുപ്രധാന മൂല്യങ്ങളാണ് സ്നേഹം, ദയ, സഹിഷ്ണുത, കാരുണ്യം എന്നിവയെല്ലാം. മക്കളോട്, കുടുബത്തോട്, അയല്‍വാസികളോട്, സമുദായത്തോട,് സമൂഹത്തോട്, സഹോദര സമുദായങ്ങളോട്, സഹജീവികളോട്, ജന്തുക്കളോട് എല്ലാം സ്നേഹ മസൃണമായി പെരുമാറാനും അവരോട് കാരുണ്യം ചെയ്യാനും ഇസ്ലാം പഠിപ്പിച്ചു. ‘കരുണ ചെയ്യുന്നവര്‍ക്ക് കാരുണ്യവാനായ അല്ലാഹു കരുണ ചെയ്യും.’ ‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ ചെയ്യൂ. ആകാശത്തിന്റെ അധിപന് നിങ്ങള്‍ക്കും കരുണ ചെയ്യും.’ തുടങ്ങിയവയാണ് തിരുനബിയുടെ അധ്യാപനങ്ങള്‍. പത്ത് മക്കളുണ്ടായിട്ട് ഒരാളെപ്പോലും ഞാന്‍ ചുംബിച്ചിട്ടില്ല എന്ന് പറഞ്ഞ അനുചരനോട് ‘കരുണ ചെയ്യാത്തവന് കാരുണ്യം ലഭിക്കുകയില്ല’ എന്ന് തിരു നബി പ്രതിവചിച്ചു. അവിടുന്ന് ജനങ്ങളില്‍ വെച്ചേറ്റവും ഉദാരനായിരുന്നു.
പൂച്ചയെ കെട്ടിയിടുകയും അതിന് ഭക്ഷണം കൊടുക്കുകയോ സ്വയം ഭക്ഷണം കഴിക്കാന്‍ അനുവദിക്കുകയോ ചെയ്യാതിരുന്ന മനുഷ്യന് അയാള്‍ ആരാധനകള്‍ നിര്വഹിക്കുന്നവനായിട്ട് പോലും നരകം പ്രഖ്യാപിച്ച തിരുനബി, കിണറ്റില്‍ ഇറങ്ങി ഷൂവില്‍ വെള്ളം എടുത്ത് അതു വായ കൊണ്ട് കടിച്ച് പിടിച്ച് പുറത്ത് കയറി ദാഹിച്ച പട്ടിക്ക് വെള്ളം കൊടുത്ത മനുഷ്യന് സ്വര്‍ഗം വാഗ്ദാനം ചെയ്തു; അയാള്‍ ദുര് നടപ്പുകാരനായിട്ട് പോലും. പച്ചക്കരളുള്ള (ജീവനുള്ള) എന്തിന്റെ കാര്യത്തിലും പ്രതിഫലമുണ്ടെന്ന് അവിടുന്ന് പഠിപ്പിച്ചു. കുഷ്ഠരോഗിയായ ഒരു പട്ടിയെ മരുഭൂമിയില്‍ ഒരു തമ്പ് കെട്ടി വെള്ളവും ഭക്ഷണവും മരുന്നും നല്കി നാല്പത് ദിവസത്തോളം ശുശ്രൂഷിച്ച ചരിത്രം അധ്യാത്മിക ഗുരു ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈയുടെ(ഖ.സി) ജീവിതത്തില്‍ വായിക്കാം. മൃഗങ്ങളോടുള്ള അനീതിക്കും പരലോകത്ത് വിചാരണ ഉണ്ട്. തങ്ങളെ പട്ടിണിക്കിട്ടോ അടിച്ചോ കഴിവിലുപരി പണിയെടുപ്പിച്ചോ ഉപദ്രവിച്ച മനുഷ്യരോട് പ്രതികാരം വീട്ടുവാന് മൃഗങ്ങള്‍ക്കും മറ്റു ജന്തുക്കള്‍ക്കും അല്ലാഹു അവസരം നല്‍കുമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രായാധിക്യം നിമിത്തം കായിക ശേഷിയറ്റു പ്രയോജന രഹിതമായാലും മൃഗത്തെ പരിപാലിക്കല്‍ ഉടമയുടെ കടമയാണെന്നാണ് ഇസ്ലാമിക കര്‍മ ശാസ്ത്രം.
ഇസ്ലാം ദുര്‍ബ്ബലരുടെ പക്ഷത്ത് നില്ക്കുന്നു. മര്‍ദിതര്‍ക്കൊപ്പം നിന്ന് മര്‍ദകരോട് അടരാടിയ ശ്രേഷ്ഠ വ്യക്തിത്വങ്ങളെ ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്നു. ഫറോവയുടെ അധികാര മുഷ്ക്കിനോടും നംറൂദിന്റെ ക്രൗര്യത്തോടും ചെറുത്ത് നിന്ന് സത്യത്തിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ ഉറച്ചു നിന്ന മൂസാ നബിയും(അ) ഇബ്റാഹീം നബിയും(അ) ഉദാഹരണം. എന്നെ ദുര്‍ബലര്‍ക്കിടയില്‍ നിങ്ങളന്വേഷിക്കുക എന്നാണ് തിരുനബി പറഞ്ഞത്. നിങ്ങളിലെ ദുര്ബലരെക്കൊണ്ടാണ് നിങ്ങള്‍ക്ക് സഹായവും അന്നവും ലഭിക്കുന്നതെന്നും പഠിപ്പിച്ച് ദുര്‍ബലരോട് ചേര്‍ന്നു നില്‍ക്കാനും അവര്‍ക്ക് കൈത്താങ്ങ് നല്‍കാനും പ്രചോദിപ്പിക്കുന്ന തിയറികള്‍ മനസുകളില്‍ പ്രതിഷ്ഠിച്ചു.
ഖുര്‍ആന്‍ ചോദിക്കുന്നു:
‘അല്ലാഹുവിന്റെ മാര്‍ഗത്തിലും മര്‍ദിതരായ സ്ത്രീ പുരുഷന്മാരുടെയും കുഞ്ഞുങ്ങളുടെയും കാര്യത്തിലും നിങ്ങളെന്തു കൊണ്ട് സമരം ചെയ്യന്നില്ല? നാഥാ, മര്‍ദകരുടെ ഈ നാട്ടില്‍ നിന്ന് ഞങ്ങളെ പുറത്തെത്തിക്കണേ, ഞങ്ങള്‍ക്ക് നിന്റെ ഭാഗത്ത് നിന്നൊരു ആത്മ മിത്രത്തെയും സഹായിയെയും നല്‍കണേ എന്നവര്‍ കേണുകൊണ്ടിരിക്കുന്നു. (വി.ഖുര്‍ആന്‍ ആശയം 4:75)
അനാഥകള്‍ക്ക് അത്താണിയാവാനും ഏഴകള്‍ക്ക് തോഴനാവാനും അശരണര്‍ക്ക് ശരണമാകാനും രോഗികളുടെ ശുശ്രൂഷകനാകാനും പൊതു ജനസേവകനാകാനും ഏറെ പ്രോത്സാഹനം നല്കിയ മതമാണ് ഇസ്ലാം. പാവങ്ങളെ പരിഗണിക്കാത്തവനെ മതത്തെ നിഷേധിക്കുന്നവനായി പരിചയപ്പെടുത്തുന്നതാണ് ഖുര്‍ആനിലെ 107-ാം അധ്യായം. അതിന്റെ ആശയം ഇങ്ങനെ വായിക്കാം:
‘മതത്തെ നിഷേധിക്കുന്നവനെ അങ്ങ് കണ്ടുവോ?
അനാഥയെ ആട്ടുന്നവനും അശരണര്‍ക്ക് അന്നം കൊടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാത്തവനുമത്രെ അവന്. നിസ്കാരത്തെക്കുറിച്ച് അശ്രദ്ധരാകുന്ന നിസ്ക്കാരകാര്ക്കാണ് നാശം. അവര്‍ ലോകമാന്യത്തിന്റെ ആളുകളാണ്. പരോപകാര വസ്തുക്കള്‍ പോലും തടഞ്ഞുവെക്കുന്നവര്‍!
360 സന്ധികള്‍ മനുഷ്യ ശരീരത്തിലുണ്ട്. ഓരോന്നിനും ദാനധര്‍മം ചെയ്യേണ്ടതുണ്ട് എന്ന് പഠിപ്പിച്ച തിരുനബി(സ) ഒരിക്കല്‍ പറഞ്ഞു: ‘രണ്ടു പേര്ക്കിടയില് നീതി ചെയ്യുന്നത് ദാനമാണ്, ഒരാളെ യാത്രക്ക് സഹായിക്കുന്നതും അയാളെ വാഹനത്തില്‍ കയറ്റുന്നതും അയാളുടെ ഭാരങ്ങള്‍ അതിലേക്ക് എടുത്ത് വെച്ചുകൊടുക്കുന്നതും ദാനമാണ്, നല്ല വാക്ക് ദാനമാണ്, നിസ്കാരത്തിലേക്കുള്ള ഓരോ ചുവടുകളും ദാനമാണ്, വഴിയിലെ തടസ്സങ്ങള്‍ നീക്കുന്നതും ദാനമാണ്.’
‘മാപ്പ് ചോദിച്ചവന് മാപ്പ് കൊടുക്കണം. വിട്ടു വീഴ്ചയും സഹനവും സഹിഷ്ണുതയും മാപ്പ് നല്‍കലും ഇസ്ലാമിന്റെ പൈതൃകമാണ്. സൃഷ്ടികളോട് മാപ്പ് ചെയ്താല്‍ സ്രഷ്ടാവായ ഉടമ നമ്മോടും മാപ്പ് ചെയ്യും. അല്ലാഹുവേ നീയാണ് മാപ്പ് നല്കുന്നവന്. (ഞങ്ങള്‍ പരസ്പരം) മാപ്പ് നല്‍കുന്നതിനെ നീ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നീ ഞങ്ങള്‍ക്ക് മാപ്പാക്കേണമേ’എന്ന് പ്രാര്‍ത്ഥിക്കാനാണ് തിരുനബി പഠിപ്പിച്ചത്.അല്ലാഹുവിനോട് മാപ്പിരക്കുന്നതിന്റെ ഇടയില്‍ പറഞ്ഞ വാചകം ശ്രദ്ധേയമാണ്. ഞങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാനും മാപ്പ് നല്‍കാനും ഞങ്ങള്‍ സന്നദ്ധരാണ്. അതിനാല്‍ നിന്റെ മാപ്പ് ഞങ്ങള്‍ക്കും വേണമെന്ന തേട്ടം അതിലുണ്ട്.
കൊടിയ കുറ്റങ്ങള്‍ക്കു പോലും മാപ്പു കൊടുത്ത അനുഭവങ്ങള്‍ ഇസ്ലാമിക ചരിത്രത്തിലുണ്ട്. തിരുനബിയെ ആക്ഷേപിച്ച് കവിത ചൊല്ലി നടക്കുകയും എവിടെ കണ്ടാലും വധിച്ചുകളയാന്‍ തിരുനബി ഉത്തരവിടുകയും ചെയ്ത കഅ്ബ് ബ്നു സുഹൈറിന് അവിടുന്ന് മാപ്പ് നല്കി. ത്വാഇഫില്‍ വെച്ച് ശത്രുക്കള്‍ തിരുനബിയെ അപമാനിച്ചു, കല്ലെറിഞ്ഞു, കൂക്കിവിളിച്ചു, കാലില്‍ നിന്ന് നിണം ഒലിച്ചിട്ടും ആക്ഷേപങ്ങളെമ്പാടും കോരിച്ചൊരിഞ്ഞിട്ടും അവിടുന്ന് മാപ്പ് നല്കി. മക്കാ ഫതഹ് വേളയില്‍ കൊടുംകുറ്റവാളികള്‍ മുഴുവന്‍ തന്റെ മുമ്പില്‍ ഹാജറാക്കപ്പെട്ടിട്ടും കാരുണ്യത്തിന്റെ പ്രവാചകന് അവര്‍ക്കെല്ലാം മാപ്പരുളി. ആരെയും ബന്ധിയാക്കിയില്ല, ആരെയും വധിച്ചില്ല, ആരോടും പക വീട്ടിയില്ല, ഒരു വാക്കുകൊണ്ടു പോലും വേദനിപ്പിച്ചില്ല. തന്റെ താങ്ങും തണലുമായിരുന്ന പിതൃവ്യനെ കുത്തിമലര്‍ത്തി കരള്‍ പിഴുതെടുത്ത് ചവച്ചുതുപ്പിയവള്ക്ക് പോലും അവിടുത്തെ മാപ്പ് ലഭിച്ചു. എല്ലാവരോടുമായി അവിടുന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘എന്റെ സഹോദരന് യൂസുഫ്(അ) തന്നെ അക്രമിച്ചവരോട് പറഞ്ഞതു പോലെ ഞാനും പറയുന്നു. ഇന്ന് പ്രതികാരമില്ല. നിങ്ങള്‍ക്കു പോകാം. നിങ്ങള്‍ വിമോചിതരാണ്. മിസ്തഹിന്ന്(റ) ചെലവ് കൊടുത്തിരുന്ന ആളാണ് അബൂബക്കര്‍ (റ). പക്ഷേ, സ്വന്തം മകളായ ആഇശാ ബീവിക്കെതിരെ വ്യഭിചാരാരോപണം ഉണ്ടായപ്പോള്‍ കപടന്മാരുടെ പ്രചരണത്തില്‍ പലരെപ്പോലെ മിസ്തഹും(റ) പെട്ടുപോയി. ഇതറിഞ്ഞ അബൂബക്കര്‍(റ) മിസ്തഹിന് ഇനിമുതല്‍ ചെലവു കൊടുക്കില്ലെന്നു സത്യം ചെയ്തു. അബൂബക്കര്‍ (റ)വിന്റെ തീരുമാനത്തെ തിരുത്തിക്കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. കഴിവും മഹത്വവുമുള്ള ആളുകള്‍ അശരണര്‍ക്ക് അന്നം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. ഈ സൂക്തം അവതരിച്ചപ്പോള്‍ അബൂബക്കര്‍(റ) പശ്ചാതപിക്കുകയും മിസ്തഹിന്(റ) മാപ്പ് പ്രഖ്യാപിക്കുകയും ചെലവ് പൂര്‍വോപരി ഭംഗിയായി നല്‍കുകയും ചെയ്തു.
തിരുനബി അയല്‍വാസികളുടെ കാര്യം സഗൗരവം ഓര്‍മപ്പെടുത്തിയിരുന്നു. തന്റെ ശല്യങ്ങളില്‍ നിന്ന് അയല്‍വാസി നിര്‍ഭയനാവുന്നത് വരെ ഒരാള്‍ സത്യവിശ്വാസിയാവുകയില്ലന്ന് മൂന്നു വട്ടം ആവര്‍ത്തിച്ചു പറഞ്ഞു. അയല്‍വാസിയുടെ അവകാശങ്ങള്‍ തിരുനബി എണ്ണി എണ്ണി പഠിപ്പിച്ചു. അവന് രോഗിയായാല്‍ സന്ദര്‍ശിക്കണം. മരിച്ചാല്‍ മരണാനന്തര കര്‍മങ്ങള്‍ ചെയ്യണം. കടം ചോദിച്ചാല്‍ കടം കൊടുക്കണം. അവന് വസ്ത്രം ഇല്ലെങ്കില്‍ വസ്ത്രം നല്‍കണം. അവന് നന്മകള് ലഭിച്ചാല്‍ അവനെ അഭിനന്ദിക്കണം. പ്രയാസങ്ങള്‍ വന്ന് ഭവിച്ചാല്‍ അവനെ ആശ്വസിപ്പിക്കണം. അവന്റെ വീടിനെക്കാള്‍ ഉയര്‍ന്ന വീടുണ്ടാക്കി അവന്റെ കാറ്റ് തടയരുത്. നിന്റെ അടുക്കളയിലെ ഭക്ഷണത്തിന്റെ മണം കാരണമായി അവനെ പ്രയാസപ്പെടുത്തരുത്. തനിക്ക് താന്‍ ഇഷ്ടപ്പെടുന്നത് തന്റെ അയല്‍വാസിക്കും ഇഷ്ടപ്പെടുന്നത് വരെ ഒരാളും സത്യവിശ്വാസിയാവുകയില്ല എന്നും ഇസ്ലാം സിദ്ധാന്തിച്ചു. കറിയുണ്ടാക്കുമ്പോള്സ്വല്പം നീട്ടിയുണ്ടാക്കി അയല്‍വാസിയെ കൂടി പങ്ക് ചേര്‍ക്കണം എന്ന് പഠിപ്പിച്ച തിരുനബി അമുസ്ലിമിനും അയല്‍വാസിയുടെ അവകാശങ്ങള്‍ ബാധകമാണെന്ന് മറ്റൊരു ഹദീസിലൂടെ ഉദ്ബോധിപ്പിച്ചു.
അയല്‍വാസിയായ അമുസ്ലിമിന് മാത്രമല്ല മുസ്ലിംകളോട് യുദ്ധം ചെയ്യുകയോ അവരെ നാട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരല്ലാത്ത അമുസ്ലിംകളോട് നന്മ ചെയ്യാനും നീതി പുലര്‍ത്താനുമാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഖുര്‍ആന്‍ പറയുന്നു: മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നന്മ ചെയ്യുന്നതിനും അവരരോട് നീതി കാണിക്കുന്നതും അല്ലാഹു തടയുന്നില്ല. തീര്‍ച്ചയായും നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു(മുംതഹിന:8). ‘മതത്തിന്റെ കാര്യത്തില്‍ ബലാല്‍ക്കാരമില്ല.’ സത്യം അസത്യത്തില്‍ നിന്ന് വേര്‍തിരിഞ്ഞിരിക്കുന്നു എന്ന ഖുര്‍ആനിക സൂക്തം (അല്‍ബഖറ:256) ഏറെ വിശ്രുതമാണല്ലോ. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരുടെ ആരാധ്യ വസ്തുക്കളെ പഴിക്കരുതെന്നാണ് ഖുര്‍ആനികാധ്യാപനം(അന്‍ആം:108).
അധികാരവും ഭരണവുമെല്ലാം ലഭിച്ചതിനു ശേഷവും നബി(സ) തങ്ങളുടെ ഇസ്ലാമിക സാമ്രാജ്യത്തില്‍ അമുസ്ലിംകള്‍ക്ക് ജീവിക്കാനും മുസ്ലിംകളുമായി വിനിമയം നടത്താനും സ്വാതന്ത്ര്യമുണ്ടായിരുന്നു. വഫാത്താകുമ്പോള് തിരുനബിയുടെ പടയങ്കി ഒരു ജൂതന്റെ അടുക്കല്‍ പണയത്തിലായിരുന്നു എന്ന ചരിത്ര സംഭവം ഈ വസ്തുതക്ക് അടിവരയിടുന്നു. വെറുതെ കടം കൊടുക്കാന്‍ വിസമ്മതിക്കുമ്പോഴാണല്ലോ പണയം വെക്കേണ്ടിവരിക. രാഷ്ട്ര നേതാവിനോട് തന്റെ വിസമ്മതം അറിയിക്കാനുള്ള സ്വാതന്ത്ര്യം പോലും അമുസ്ലിമിന് ഉണ്ടായിരുന്നുവെന്നും സാമ്രാജ്യങ്ങള്‍ കാല്ക്കീഴിലായിട്ടും പശിയടക്കാന്‍ വകയില്ലാത്ത വിധം ലളിത ജീവിതമാണ് ഇസ്ലാമിക ഭരണാധികാരി നയിച്ചതെന്നും ഈ സംഭവം തെളിയിക്കുന്നു. തിരുനബിയുടെ കാലത്തു മാത്രമല്ല ഇസ്ലാമിക സാമ്രാജ്യം കൂടുതല്‍ വികസിതമായ ഖുലഫാക്കളുടെ കാലത്തും സഹോദര സമുദായങ്ങള്‍ വിസ്മയകരമായ മതസ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട്. ഖലീഫാ ഉമര്‍ ഈലിയാ നിവാസികള്‍ക്ക് എഴുതിക്കൊടുത്ത കരാര്‍ വ്യവസ്ഥയില്‍ കാണാം.
‘ഈ വ്യവസ്ഥയനുസരിച്ച് അവരുടെ ശരീരങ്ങളും സ്വത്തുക്കളും ആരാധനാലയങ്ങളും കുരിശുകളും സുരക്ഷിതമായിരിക്കും. കുരിശുകള്‍ നശിപ്പിക്കുകയോ മതം മാറ്റത്തിന് അവരെ നിര്‍ബന്ധിക്കുകയോ ഇല്ല. അവര്‍ക്ക് ഒരു വിധത്തിലുള്ള നാശനഷ്ടങ്ങളും വരുത്തുകയില്ല. ഈലിയാ നിവാസികളാരെങ്കിലും ഗ്രീക്കുകാരോടൊപ്പം രാജ്യം വിടാന്‍ വിചാരിക്കുന്നുവെങ്കില്‍ സുരക്ഷിത സ്ഥാനത്തെത്തുന്നതു വരെ അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉണ്ടായിരിക്കുന്നതാണ്. അവര്‍ ജിസ്യ നല്കുന്ന കാലത്തോളം ഈ കരാറിലെ വ്യവസ്ഥകള്‍ പാലിക്കപ്പെടും. മരണത്തോട് മല്ലിടുന്ന സമയത്ത് ഭാവി ഭരണാധികാരികള്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പോലും അമുസ്ലിംകളുടെ അവകാശങ്ങളെ കുറിച്ച് ഖലീഫാ ഉമര്‍(റ) പറയുന്നുണ്ട്. അമുസ്ലിംകള്‍ക്ക് തങ്ങളുടെ ആരാധനകള്‍ നടത്താന്‍ പൂര്‍ണമായ സ്വാതന്ത്ര്യവും അനുവാദവുമുണ്ടായിരുന്നു.
ഖലീഫ അലിയുടെ(റ) വിസ്മയ കഥ വായിക്കാം. ഭരണാധികാരിയായ അലി(റ) കൂഫയിലെ അങ്ങാടിയിലേക്ക് ഇറങ്ങിയപ്പോള്‍ യുദ്ധ വേളയില്‍ നഷ്ടപ്പെട്ട തന്റെ പടയങ്കി ഒരു ജൂതന് വില്‍ക്കുന്നത് കണ്ടു. അലി(റ) ആ പടയങ്കി തന്റേതാണെന്ന കാര്യം ജൂതനെ ഉണര്‍ത്തി. ജൂതന് നിഷേധിച്ചു. കേസ് കോടതിയിലെത്തി. വിശ്രുതനായ ഖാളി ശുറൈഹായിരുന്നു ന്യായാധിപന്. പടയങ്കി തന്റേതാണെന്നതിന് തെളിവുണ്ടോ എന്ന് ഖലീഫയോട് കോടതി ചോദിച്ചു. ഖലീഫ രണ്ട് സാക്ഷികളെ ഹാജറാക്കി. ഒന്ന് മകന് ഹുസൈന് മറ്റൊന്ന് ഭൃത്യന് ഖുന്‍ബുര്‍. രണ്ട് പേരും സാക്ഷിക്ക് യോഗ്യരല്ലെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു. സ്വര്‍ഗത്തിലെ യുവാക്കളുടെ നേതാവാണെന്ന് തിരു നബി പ്രഖ്യാപിച്ച ഹുസൈന്റെ(റ) സാക്ഷിത്വം എന്തു കൊണ്ട് സ്വീകരിച്ചുകൂടാ എന്നായി ഖലീഫ. പിതാവിന് വേണ്ടി മകന്റെ സാക്ഷ്യവും യജമാനന് വേണ്ടി ഭൃത്യന്റെ സാക്ഷ്യവും സ്വീകാര്യമല്ലെന്ന് ജഡ്ജ് തുറന്നു പറഞ്ഞു. തന്റെ കയ്യില്‍ വേറെ സാക്ഷികളില്ലെന്നും പടയങ്കി അദ്ദേഹം തന്നെ എടുത്തോട്ടെ എന്നുമായി ഖലീഫ. ഇതെല്ലാം കേട്ട് ജൂതന് വിസ്മയപ്പെട്ടു. അമുസ്ലിമായ എന്നില്‍ നിന്ന് തന്റെ അമൂല്യമായൊരു സമ്പത്ത് തിരിച്ചു കിട്ടാന്‍ വേണ്ടി മുസ്ലിംകളുടെ രാജാവ് കോടതി കയറേണ്ടി വരുന്നു. രണ്ട് സത്യസന്ധരായ സാക്ഷികളെ ഹാജരാക്കിയിട്ടു പേലും അവര്‍ പരാതിക്കാരനുമായി അടുത്ത ബന്ധമുള്ളവരാണെന്ന കാരണത്താല്‍ ഖലീഫ തന്നെ നിശ്ചയിച്ച ന്യായാധിപന് ഖലീഫക്കനുകൂലമായി വിധിക്കുന്നില്ല. ഇതെന്തൊരു മതമാണ്! താന്‍ ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു:’ഇത് ഖലീഫയുടെ പടയങ്കി തന്നെയാണ് എന്നതിന് ഒരു സാക്ഷിയുണ്ട്; ഞാന്‍ തന്നെ. സ്വിഫ്ഫീനിലേക്കുള്ള യാത്രയില്‍ ഖലീഫയുടെ ഒട്ടകപ്പുറത്ത് നിന്ന് വീണപ്പോള്‍ എടുത്തതാണ് ഞാന്‍.’ ഉടനെഖലീഫ പ്രതികരിച്ചു: ‘നീ ഇസ്ലാം സ്വീകരിച്ചുവെങ്കില് ആ പടയങ്കി നിനക്ക് സമ്മാനമാണ്; ഒപ്പം ഈ കുതിരയും!’
സൗഹാര്‍ദം താത്വികം മാത്രമായിരുന്നില്ലെന്നും പ്രയോഗതലത്തില്‍ അത് നടപ്പിലാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് പറഞ്ഞുവരുന്നത്. ആഗോള തലത്തില്‍, ഇന്ത്യയില്‍ വിശേഷിച്ചും ഇസ്ലാം ഏറെ വ്യാപിച്ചത് സൂഫികളിലൂടെയാണ്. സഹോദര സമുദായങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് സൂഫികള്‍ പുലര്‍ത്തിയത്. സൂഫീ മന്ദിരങ്ങള്‍ ഹിന്ദുവിനും മുസ്ലിമിനും അഭയകേന്ദ്രമായിരുന്നു. സക്കീ സര്വാ എന്ന പേരിലറിയപ്പെട്ട സയ്യിദ് സുല്‍ത്താന്‍ അഹ്മദിന്റെ ശിഷ്യന്മാരില് ഒട്ടേറെ ഹിന്ദുക്കളുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ ‘ലക്കി ദാദ’ എന്നു വിളിച്ചു. കല്‍ഹോര രാജാക്കന്മാരുടെ അക്രമണം മൂലം പൊറുതിമുട്ടിയ സിന്ദിലെ ഹിന്ദുക്കള്‍ക്ക് അഭയം നല്‍കിയിരുന്നത് സൂഫിയായ ഇനായത് ശാ ആയിരുന്നത്രെ. ഇതേ സംസ്ക്കാരമാണ് കേരളത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും ഖാളി മുഹമ്മദും മമ്പുറം തങ്ങളുമൊക്കെ കാഴ്ചവെച്ചത്.
എല്ലാ നന്മകളെയും ഇസ്ലാം നട്ടുവളര്‍ത്തുന്നു. എല്ലാ തിന്മകളുടെയും വേരറുക്കുന്നു. തീവ്രവാദവും ഭീകരവാദവും ഇസ്ലാമിനന്യമാണ്. അകാരണമായി ഒരു മനുഷ്യനേയും വേദനിപ്പിക്കരുതെന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്. ഭൂമിയില്‍ വിനാശം വിതക്കുകയോ ആളെ കൊല്ലുകയോ ചെയ്തതിന് പകരമായിട്ടല്ലാതെ വല്ല ഒരുത്തനേയും ഒരാള്‍ കൊന്നുകഴിഞ്ഞാല്‍ അവന് മനുഷ്യരാശിയെ മൊത്തം കൊന്നതിനു തുല്യമാണെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. മോഷണവും പിടിച്ചുപറിയും ഇസ്ലാം വിലക്കി. കൊള്ളക്കും കൊലക്കും കവര്ചക്കും കടുത്ത ശിക്ഷാ നടപടികളാണ് ഇസ്ലാം സ്വീകരിച്ചത്. പാരത്രിക ലോകത്തെ അതികഠിനമായ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ് നല്കി. മതം ബലാല്‍ക്കാരമായി അടിച്ചേല്പിക്കുകയല്ല ഇസ്ലാം ചെയ്തത്. വേണമെങ്കില്‍ വിശ്വസിക്കാം. ഇല്ലെങ്കില്‍ അവിശ്വസിക്കാം. വിശ്വസിച്ചവര്‍ക്ക് സ്വര്‍ഗവും അവിശ്വസിച്ചവര്‍ക്ക് നരകവും എന്നാണ് അത് മുന്നോട്ടുവെക്കുന്ന ആശയം. ഇസ്ലാം മാത്രമേ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതമുള്ളൂ എന്നു പറയുമ്പോഴും ഇസ്ലാം സ്വീകരിക്കാത്തവരെയൊക്കെ നിഷ്കാസനം ചെയ്യുക എന്ന നിലപാട് അതിനല്ല. ഇസ്ലാമിക പ്രമാണങ്ങളും പാരമ്പര്യ മുസ്ലിം സമൂഹങ്ങളും ഉയര്‍ത്തിപ്പിടിച്ച ഈ സംസ്കാരത്തിനെതിരെ ചിലരുന്നയിക്കുന്ന ഒറ്റപ്പെട്ട വാദങ്ങള്‍ ഇസ്ലാമല്ല.
ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി
You must be logged in to post a comment Login