ഇന്നത്തെ അറേബ്യന്‍ ഉപഭൂഖണ്ഡവും ഇറാനും ഇറാഖും ഇന്ത്യയും അറബിക്കടലിനെയും ഇന്ത്യാ മഹാ സമുദ്രത്തെയും തൊട്ടുരുമ്മിയാണ് കിടക്കുന്നത്. ഗ്രീക്കുകാരെയും റോമക്കാരെയും പേര്‍ഷ്യക്കാരെയും ഇന്ത്യക്കാരെയും അറബികളെയും ഒരുമിപ്പിച്ച് സാംസ്കാരിക വ്യാപാര വിനിമയങ്ങളുടെ കലവറ തീര്‍ത്തത് ഇന്ത്യന്‍ മഹാ സമുദ്രമാണ്. ഇന്ത്യന്‍ സമുദ്ര പഠനങ്ങള്‍ ഗവേഷകന്മാര് ആഘോഷിച്ചുകൊണ്ടിരിക്കുന്നത് ഇക്കാരണത്താലാണ്. സൈന്ധവ സംസ്കാര കാലം തൊട്ടേ ഇന്ത്യക്കാര്‍ യമനുമായും ബഹ്റൈനുമായും കച്ചവടം നടത്തിയിട്ടുണ്ട്. അത് ബി.സി 3000-മാണ്ടിനപ്പുറമായിരിക്കണം. അതിനപ്പുറം ഒരു കാലം പിന്നെ കുറിക്കാനില്ല. ഇന്ത്യയിലെ കാംബെ ഉള്‍ക്കടലിനടുത്ത് ലോത്തല്‍ പ്രദേശത്ത് നടത്തിയ ഖനനത്തില്‍ നിന്നാണ് ബഹ്റൈന്‍ സീല്‍ കണ്ടെത്തിയത്. സൈന്ധവ വ്യാപാരികള്‍ മെസൊപൊട്ടേമിയന്‍ ദേശത്ത് താമസിച്ചിരുന്നതായും സാംസ്കാരികമായ കൊള്ളക്കൊടുക്കലുകള്‍ വ്യാപാരത്തോടൊപ്പം നടത്തിയിരുന്നതായും പറയപ്പെടുന്നു. ഇറാഖിലെ ഉര് ദേശത്ത് ശക്തമായ ഇന്ത്യന്‍ സംസ്കാരം കണ്ടെത്തിയിരുന്നു. സുമേറിയന്‍- അക്കദിയന്‍- ബാബിലോണിയന്‍ സംസ്കാരങ്ങള്‍ക്ക് ശക്തമായ ഇന്ത്യന്‍ സ്വാധീനമുണ്ടെന്ന് ഇന്തോളജിസ്റ്റുകള്‍ വാദിക്കുന്നുമുണ്ട്. എന്തിന്, ഇബ്രാഹീം നബിയുടെ കുടുംബം തന്നെ ഇന്ത്യയില്‍ നിന്ന് കുടിയേറിയ ബ്രാഹ്മണരാണെന്നും അവര്‍ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടവരും പൂജാരികളുമാണെന്നും അവര്‍ ഉര് ദേശത്തും, പിന്നീട് ബാബിലോണിയയിലും അങ്ങനെ മധ്യ പൂര്‍വ ദേശത്തും എത്തിയതാണെന്നും പല ഗവേഷകരും പറയാന്‍ തുടങ്ങിയിരിക്കുന്നു. മക്കയിലെ കഅ്ബാ ദേവാലയത്തിന്റെ പ്രദക്ഷിണത്തിലും ഇഹ്റാം (ഹജ്ജ് വേളയില്‍ മുണ്ട് പ്രത്യേക രീതിയില്‍ ചുറ്റുന്നത്) സമ്പ്രദായത്തിലുമെല്ലാം ഇന്ത്യന്‍ സ്വാധീനം പ്രകടമാണെന്ന് ചിലര്‍. അതേസമയം ഈ ആചാരങ്ങളൊക്കെ അറേബ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയതാണെന്നും വാദമുണ്ട്. എങ്ങനെ വാദിച്ചാലും സാമ്യങ്ങളെ നമുക്ക് നിഷേധിക്കാനാവില്ല. വ്യാപാര ബന്ധങ്ങളെ കേവലം സാമ്പത്തികമായ വിനിമയങ്ങളായി മാത്രം കണ്ടാല്‍ പോര. അവയുടെ സാംസ്കാരിക പ്രാധാന്യം ഒട്ടും അപ്രധാനമല്ല. അറേബ്യയിലെ മനാഥ വിഗ്രഹമാണ് ഗുജറാത്തില്‍ സോമനാഥനായി വന്നതെന്നും, ക്ഷേത്ര നാമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പൗരാണിക അറബികളുടെ ആചാരങ്ങളുമായി ബന്ധമുണ്ടെന്നും കണ്ടെത്താന്‍ പ്രയാസമില്ല. അറബ് ദേശങ്ങളില്‍ ഇന്ത്യക്കാരുടെ കുടിയേറ്റ കേന്ദ്രങ്ങളുണ്ടായിരുന്നുവെന്ന് പുരാവസ്തു പഠനങ്ങളില്‍ തെളിയുന്നുണ്ട്. ഏതാദ്യം എന്ന് സ്ഥാപിക്കുമ്പോഴേ തര്‍ക്കമുള്ളൂ. കാറ്റ് ഒരു ഭാഗത്തേക്കു മാത്രമല്ല വീശിയത്; പടിഞ്ഞാറ് നിന്ന് കിഴക്കോട്ടും ഇവിടന്നങ്ങോട്ടും വീശിയിരുന്നുവെന്ന് സമ്മതിക്കുന്നതാവും നല്ലത്.
സമുദ്രവ്യാപാരവും കരവ്യാപാരവും ഒന്നിച്ചു തന്നെയാണ് നീങ്ങിയത്. ഇന്ത്യയില്‍ നിന്ന് പേര്‍ഷ്യന്‍ തീരങ്ങളിലേക്കും ചൈനയിലേക്കും അവിടെ നിന്ന് കര വഴി മധേഷ്യയിലേക്കും ഇന്ത്യന്‍ ചരക്കുകള്‍ പോയിരുന്നു. മറ്റൊരു വഴി അറബിക്കടലിലൂടെ കിഴക്കോട്ട് ഇന്നത്തെ ഇന്തോനേഷ്യ, മലേഷ്യാ ഭാഗങ്ങളിലേക്ക്. മറ്റൊന്ന് മെസൊപൊട്ടേമിയ, പേര്‍ഷ്യന്‍ ഭാഗങ്ങളിലേക്ക്. എറ്റവും പ്രധാനപ്പെട്ടത് ഇന്ത്യാ സമുദ്രം വഴി ഒമാന്‍- യമന്‍ നാടുകളിലേക്കും അവിടന്ന് കര മാര്‍ഗം മക്കയിലൂടെ ഗസ്സയിലേക്കും ഈജിപ്തിലേക്കും റോമിലേക്കുമുള്ള വ്യാപാര സഞ്ചാരമാണ്. ബി.സി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച യൂസുഫ് നബിയുടെ കാലം തൊട്ട് അറബികള്‍ സിറിയയും ഈജിപ്തുമായി കച്ചവട ബന്ധം പുലര്‍ത്തിയിരുന്നത് യമന്‍ വഴി വന്ന ഇന്ത്യന്‍ ചരക്കുകളുപയോഗിച്ചാണ്. ഫിനീഷ്യക്കാരുമായി ബി.സി ഇരുപതാം നൂറ്റാണ്ട് തൊട്ടേ ദക്ഷിണേന്ത്യക്ക് ബന്ധമുണ്ടായിരുന്നത്രേ. പത്താം നൂറ്റാണ്ടില്‍ സുലൈമാന്‍ (സോളമന്) നബിയുടെ സമകാലികനായ ഇറമിലെ രാജാവ് ദക്ഷിണേന്ത്യയുമായി നിരന്തര കച്ചവടം നടത്തിയിരുന്നു. കുരുമുളക്, ഇഞ്ചി, രത്നങ്ങള്‍, ആനക്കൊമ്പ്, സ്വര്‍ണം, മയില്‍, ആള്‍ക്കുരങ്ങ്, തേക്ക്, ചന്ദനം, അരി തുടങ്ങിയവയെല്ലാം ദക്ഷിണേന്ത്യയില്‍ നിന്ന് നാനാദിക്കിലേക്കും കയറ്റുമതി ചെയ്തു വന്നു. എന്നാല്‍ ഏറ്റവും പ്രധാനമായി ലോകത്തെ ആകര്‍ഷിച്ചത് കറുത്ത മുത്തായ കുരുമുളക് തന്നെ. കൂടാതെ യമനില്‍ നിന്നുള്ള കുന്തിരിക്കവും. യമന്‍ പ്രദേശത്തുള്ള ഒരു മരക്കറയാണ് കുന്തിരിക്കം.
കോദറുടെ അഭിപ്രായത്തില്‍ ആദ്യത്തെ യഹൂദ കോളനി മലബാറില്‍ സ്ഥാപിക്കുന്നത് ബി.സി പത്താം നൂറ്റാണ്ടില്‍ സോളമന് പ്രവാചകന്റെ കാലത്താണ്.( എസ് എസ് കോദര്, കേരള ആന്റ് ഹെര്‍ ജ്യൂസ്, 1965) മെസൊപൊട്ടേമിയയിലെ ഉറിലെ രാജാവായ നബുക്കദ് നസ്സാറിന്റെ (ബി.സി 604-542) കൊട്ടാരം ദക്ഷിണേന്ത്യയില്‍ നിന്നുള്ള തേക്ക് കൊണ്ടാണത്രേ അലങ്കരിച്ചിരുന്നത്. ബി.സി 539 ല്‍ ബാബിലോണിയയില്‍ സൈറസ് രാജാവ് നടത്തിയ പീഡനങ്ങളുടെ ഫലമായി കുറേ യഹൂദന്മാര് മലബാറിലെത്തി. പില്ക്കാലത്ത് പുരാതന ഈജിപ്തുകാരും ഗ്രീക്കുകാരും പിന്നീട് റോമക്കാരും വന്ന് വ്യാപാരം സ്വന്തമാക്കി. ബി.സി മുപ്പതില്‍ റോമക്കാര്‍ ഈജിപ്ത് പിടിച്ചപ്പോഴാണ് അവരും കൂടി അറബി കച്ചവടത്തില്‍ പങ്കു ചേരുന്നത്. ഓരോ വര്‍ഷവും ശരാശരി 120 കച്ചവടക്കപ്പലുകള്‍ ഈജിപ്തില്‍ നിന്ന് മലബാറിലെത്തിയിരുന്നു. മലബാറില്‍ നിന്ന് കണ്ടെടുത്ത നൂറുകണക്കിന് റോമന്‍ നാണയങ്ങള്‍ ഇത് ശരിവയ്ക്കുന്നു. അഗസ്റ്റസ് (ബി.സി 27-14), ടിബേരിയസ് (എ.ഡി 14- 37) എന്നിവരുടെ കാലത്താണ് മലബാര്‍-റോമന്‍ വ്യാപാരം ഉച്ചിയിലെത്തിയത്. പിന്നെയും കഴിഞ്ഞാണ് അറബികള്‍ തങ്ങളുടെ അപ്രമാദിത്വം തിരിച്ചു പിടിക്കുന്നത്. പക്ഷേ, ഗ്രീക്കുകാര്‍ക്ക് മുമ്പുള്ള അറബി കച്ചവടത്തെക്കുറിച്ച് ചരിത്രകാരന്മാര് പൊതുവേ അജ്ഞരാണ്. അതാണ് വ്യാപാരത്തിന്റെ ആരംഭം പലരും ഗ്രീസില്‍ നിന്ന് തുടങ്ങുന്നത്. അക്കാലം തൊട്ടുള്ള സഞ്ചാരക്കുറിപ്പുകളെ അവലംബമാക്കിയാണ് ഈ വിശകലനമെല്ലാം. എന്നാല്‍ പുരാവസ്തു പഠനങ്ങള്‍ ചരിത്ര പഠനത്തിലെ പാരമ്പര്യമായ അനുമാനങ്ങളെ വഴി തിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചു നൈല്‍ തീരത്തും ഇന്ത്യന്‍ തീരത്തും പുതിയ ഉത്ഖനനങ്ങള്‍ നടത്തിയ പശ്ചാതലത്തില്‍. ഇന്നത്തെ അറേബ്യാ ഉപഭൂഖണ്ഡത്തിലെ വ്യാപാരികള്‍ എങ്ങനെയാണ് ഭൂഖണ്ഡങ്ങളെ ഒന്നിപ്പിച്ചതെന്നും സാംസ്കാരിക വിനിമയങ്ങളില്‍ അവരുടെ സാന്നിധ്യം എന്താണെന്നും അങ്ങനെ തെളിയിക്കപ്പെടാനാവും. അത് വരെ സഞ്ചാര കൃതികളെ അപ്പടി അംഗീകരിക്കേണ്ട ഗതികേട് തുടര്‍ന്ന് കൊണ്ടിരിക്കും.
ഗ്രീക്കുകാര്‍ ചെങ്കടല്‍ തീരത്ത് സൊകോത്ര (സുഖതാര- സംസ്കൃതം) എന്ന ഒരു കോളനി സ്ഥാപിച്ചിരുന്നതായി അബൂഉബയ്ദ് അല്സിറാഫി (877)പറയുന്നുണ്ട്. യമനിലും സൊകോത്രയിലും സിന്ധ് നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ സമൃദ്ധി നേടുകയും ചെയ്തിരുന്നു. പേര്‍ഷ്യക്കാരും ആഫ്രിക്കക്കാരും, അറബികളും ചൈനക്കാരും, റോമക്കാരുമെല്ലാം ഇവിടെ വിലസിയിരുന്നത്രേ. ഇന്ത്യയും ഈജിപ്തുമായുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ച് പഴയ നിയമത്തില്‍ നിന്ന് തന്നെ വായിച്ചെടുക്കാമെന്നാണ് സയ്യിദ് സുലൈമാന്‍ നദ്വി പറയുന്നത്. അലക്സാണ്ടറുടെ (ബി.സി 323) കാലത്ത് തന്നെ അറബികള്‍ വ്യാപാരത്തില്‍ വ്യാപൃതരായിരുന്നുവെന്ന് നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഹൗറാനിയും കുറിക്കുന്നുണ്ട് (ജോര്‍ജ് ഫദ്ലോ ഹുറാനി, അറബ് സീ ഫെയറിങ്ങ് ഇന്‍ ദി ഇന്തോനേഷ്യന്‍, 1996) എ.ഡി 50-60 കാലത്ത് നബാതികളും അറബികളുമൊക്കെ കച്ചവടത്തില്‍ നിറഞ്ഞുനിന്ന കാര്യം അക്കാലത്തെ കൃതിയായ പെരിപ്ളസ് ഓഫ് എരിത്രിയന്‍ സീയിലും പറയുന്നുണ്ട്. ഇതേകാലത്ത് തന്നെ മുസിരിസിന്റെ പ്രാധാന്യം ടോളമിയും പ്ളീനിയും വിവരിക്കുന്നു. അവിടെയൊക്കെ മുഖ്യ വ്യാപാരികള്‍ അറബികള്‍ തന്നെ. ബംഗാളിലും, ശ്രീലങ്കയിലും, തെക്കുകിഴക്കനേഷ്യയിലും ഒന്നാം നൂറ്റാണ്ടില്‍ തന്നെ അറബികപ്പലുകള്‍ അവരുടെ മേധാവിത്തം ഉറപ്പിച്ചിരുന്നു. അബൂസെയ്ദ് സിറാഫി ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ശ്രീലങ്കന്‍ തീരത്ത് വന്നിരുന്ന ഒമാനി വ്യാപാരികള്‍ തേങ്ങ അറേബ്യയിലേക്ക് കയറ്റിക്കൊണ്ടിരുന്നതായി പറയുന്നു. (സുലൈമാന്‍ താജിര്‍, സില്‍സിലതു തവാരിഖ് എം. റെയ്നോഡ്, 1994). എ.ഡി പത്തൊമ്പതില് ഹദര്‍മൗതിലെ രാജാവ് ഒരു ഇന്ത്യന്‍ രാജാവിനെ യമനിലേക്ക് ക്ഷണിച്ചതായ ശിലാരേഖയും ഈ ബന്ധത്തെ സുദൃഢമാക്കുന്നു. (ജവാദ് അലി, അല്‍ മുഫസ്സല്‍ ഫില്‍ താരീഖില്‍ അറബ്, വാ. 4, 1980)
അറബികള്‍ വ്യാപാരികളാവുന്നത്
അറബികള്‍ വ്യാപാരികളാവുന്നത് മുഖ്യമായും ഇന്ത്യയെ ആശ്രയിച്ചുകൊണ്ടാണ്. ഇന്ത്യയെ മാറ്റി നിറുത്തിയാല്‍ സമുദ്ര വ്യാപാരം വട്ടപ്പൂജ്യമാണ്. ഇന്ത്യയായിരുന്നു ഉല്പന്നങ്ങളുടെ ഉദ്ഭവ സ്ഥാനം. അറബ്ദേശത്തെ ജനങ്ങളുടെ വംശീയ ചരിത്രം പഠിക്കുമ്പോള്‍ അവരില്‍ ഇന്ത്യന്‍ രക്തം വ്യക്തമായും അലിഞ്ഞു ചേര്‍ന്നത് കാണാനാവും. കറുത്തവരായ വ്യാപാരികളെ പൊതുവേ ഹിന്ദികളെന്നാണ് വിളിച്ചിരുന്നത്. അബ്സീനിയക്കാരും സോമാലിയക്കാരുമൊക്കെ പലപ്പോഴും ഇന്ത്യന്‍ വംശജരായാണ് അറിയപ്പെട്ടത്. അറബി കച്ചവടക്കാര്‍ക്കൊപ്പം വ്യാപാര രംഗത്ത് ചൈനക്കാരും പേര്‍ഷ്യക്കാരും സജീവമായിരുന്നു. മുഹമ്മദ് നബിക്ക് തൊട്ട് മുമ്പുള്ളകാലത്ത് വ്യാപാര രംഗത്തെ അറബി സാന്നിധ്യം പിന്നോട്ടായിരുന്നു. ദക്ഷിണ അറേബ്യന്‍ രാജവംശങ്ങളുടെ പതനം കൊണ്ടു കൂടിയായിരുന്നു ഈ ഉള്‍വലിയല്‍. അറബികളുടെ അസാന്നിധ്യം നികത്താന്‍ ഇക്കാലത്ത് അബ്സീനിയക്കാര്‍ ശ്രമിച്ചെങ്കിലും പേര്‍ഷ്യക്കാരുടെ അപ്രമാദിത്വം മൂലം എല്ലാവര്ക്കും പിന്തിരിയേണ്ടി വന്നു. നബിയുടെ കാലത്ത് പേര്‍ഷ്യന്‍ വംശജരായിരുന്നു വ്യാപാരത്തില്‍ മുന്‍പന്തിയില്‍. ഇക്കാലത്ത് ഇസ്ലാമിന്റെ പ്രചാരണം നിര്‍വഹിച്ചവര്‍ അറബികളായാണ് അറിയപ്പെടുന്നതെങ്കിലും അവരൊക്കെ പേര്‍ഷ്യന്‍ വംശജര്‍ തന്നെയാണ്. കേരളത്തിലെത്തിയ മാലിക് ദീനാറും കൂട്ടരും പേര്‍ഷ്യക്കാരായ മുസ്ലിംകളാണ്. മക്ക ഉള്‍ക്കൊള്ളുന്ന വടക്കന്‍ അറേബ്യയിലെ അറബികള്‍ സമുദ്ര വ്യാപാര രംഗത്ത് തീരെ പിന്നിലായിരുന്നു. ദക്ഷിണ അറേബ്യയിലെ സനാ, മുഖല്ല തുറമുഖങ്ങളിലിറക്കുന്ന ചരക്കുകള്‍ കര മാര്‍ഗം റോമിലേക്കും മറ്റും എത്തിക്കുന്ന കര വ്യാപാരികളായിരുന്നു അവര്‍. ചെങ്കടല്‍ തീരവുമായി ബന്ധമുണ്ടായിരുന്നെങ്കിലും സമുദ്രവ്യാപാരത്തില്‍ മക്കന്‍ അറബികള്‍ ആദ്യ കാലത്ത് താല്പര്യം കാണിച്ചില്ല. ഈജിപ്തിലേക്കുള്ള കപ്പലുകള്‍ പലപ്പോഴും ചെങ്കടല്‍ തീരത്ത് വച്ച് അപകടത്തില്‍ പെടുമായിരുന്നു. അങ്ങനെ കരക്കടിഞ്ഞ കപ്പലുകള്‍ മക്കയിലെ അറബികള്‍ സ്വന്തമാക്കി അവശിഷ്ടങ്ങള്‍ കൊണ്ടു പോവും. അവ വീടുണ്ടാക്കാനും മറ്റും ഉപയോഗിക്കും. അപ്രകാരം കരക്കണിഞ്ഞ ഒരു ഗ്രീക്ക് കപ്പലിന്റെ അവശിഷ്ടമാണ് അവര്‍ കഅ്ബാ ദേവാലയത്തിന്റെ മേല്‍ക്കൂര പണിയാനുപയോഗിച്ചത് (George Foadilo Haurani). അബ്ബാസികള്‍ ബാഗ്ദാദില്‍ ഖിലാഫത്ത് ഏറ്റെടുത്തത് മുതലാണ് അറബി-പേര്‍ഷ്യന്‍ കച്ചവടം വീണ്ടും വികസിച്ചു വന്നത്. പേര്‍ഷ്യക്കാരും അറബികളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇസ്ലാം തല്ക്കാലം ഇല്ലാതാക്കിക്കഴിഞ്ഞിരുന്നു. അറബി ഭാഷ ഇരു കൂട്ടരുടെയും വാമൊഴിയായും വര മൊഴിയായും മാറിക്കഴിഞ്ഞു. ഇവരൊത്ത് ചേര്‍ന്ന് വ്യാപാര രംഗത്തും സംസ്കാരിക രംഗത്തും മറ്റു രാജ്യക്കാരെ പിന്നിലാക്കി. എല്ലാവര്ക്കും അറബികളെ ആശ്രയിക്കേണ്ടതായും വന്നു.
നബിയുടെ മുമ്പുള്ള അറബി കവിതകളില്‍ കപ്പലിനെകുറിച്ചും കടലിനെ കുറിച്ചും വര്‍ണനകള്‍ കാണാം(സയ്യിദ് സുലൈമാന്‍ നദ്വി, അറബികളുടെ കപ്പലോട്ടം മലയാളം വിവര്‍ത്തനം). ഖുര്‍ആന്‍ വേദത്തിലും കപ്പലിനെ കുറിച്ചും കപ്പല്‍ നിര്‍മാണത്തെകുറിച്ചും കടല്‍ യാത്രയെ കുറിച്ചും വിവരണങ്ങളുണ്ട്. ഖലീഫാ ഉമറിന്റെ കാലത്ത് പേര്‍ഷ്യയും റോമും അറബികള്ക്കധീനമായതോടെ പ്രധാന തുറമുഖങ്ങളെല്ലാം മുസ്ലിം ഭരണത്തിന്റെ കീഴിലായി. ഇറാഖിലെ അല്‍ ഉബുല്ല തുറമുഖം ക്രിസ്തുവര്‍ഷം 636 ല്‍ ഖലീഫയുടെ കീഴിലായി. ഉബുല്ല അന്ന് ഇന്തോ ചീനാ വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു. ഇബ്നു റുസ്ത (903) പറയുന്നത് അല്‍ ഉബുല്ലയില്‍ നിന്ന് ഇന്ത്യയിലേക്കും ടൈഗ്രീസിലേക്കും മദ്യനിലേക്കും കച്ചവടം പൊടിപൊടിച്ചിരുന്നു എന്നാണ് (അതേ കൃതി). ഈ തുറമുഖത്തിന് ഫര്‍ജുല്‍ ഹിന്ദ് (ഇന്ത്യയിലേക്കുള്ള സഞ്ചാരം) എന്നൊരു പേരുണ്ടായിരുന്നെന്ന് തബരി രേഖപ്പെടുത്തുന്നു. അറബ് യാത്രക്കാരനോട് ഖലീഫാ ഉമര്‍ ഇന്ത്യയെ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞുവത്രേ: ‘അതിന്റെ നദികളില്‍ നിറയെ മുത്തുകളാണ്. മലകളില്‍ നിറയെ മരതകമാണ്. മരങ്ങളിലോ സുഗന്ധവും’ (ദിനാവരി, കിതാബുല്‍ അഖ്ബാറുത്തിവാല്, 1959) 636ല്‍ ബഹ്റയ്ന് ഗവര്‍ണര്‍ ഉസ്മാന് അല്‍സഖഫി തന്റെ രണ്ടു സഹോദരന്മാരെ ഇന്ത്യന്‍ തീരങ്ങളിലേക്കയച്ചു. അവരില്‍ ഹകം ബ്രോച്ചിലും മുഗീറ ദേബലിലുമെത്തി.
കൊള്ളക്കാരില്‍ നിന്ന് മാറി സുരക്ഷിതയാത്രക്ക് അറബികള്‍ തിരഞ്ഞെടുത്തത് മലബാര്‍ തീരം വഴിയുള്ള യാത്രയായിരുന്നു. ചൈനയിലേക്ക് പോകും വഴി കൊല്ലത്ത് വിശ്രമിക്കും. സിറാഫിലെ പേര്‍ഷ്യന്‍ കച്ചവടക്കാര്‍ ദേബല്‍, മലബാര്‍, ശ്രീലങ്ക എന്നീ പ്രദേശങ്ങളിലൂടെയാണ് സഞ്ചരിച്ചത്. 851ല്‍ സുലൈമാന്‍ താജിര്‍ എഴുതിയ അഖ്ബാറുല്‍ സീന്‍ വല്‍ ഹിന്ദ് എന്ന കൃതിയിലും മലബാറിന്റെ പ്രാധാന്യം പരാമര്‍ശിക്കുന്നു. തെക്കന്‍ തീരത്തെ മസ്കത്, ഷഹര്‍, ഹൊര്‍മൂസ്, മൈബല്‍, മന്‍സൂറ (ളഫാര്‍) എന്നീ തുറമുഖങ്ങളിലൂടെ ചൈനയിലേക്കുള്ള കപ്പലുകള്‍ കൊല്ലത്ത് (കൂലം മാലി)യില്‍ എത്തുമായിരുന്നു. യു.എ.ഇയില്‍ പെടുന്ന ദിബ്ബ, കോര്‍ഫഖാന്‍, ഫുജൈറ, കല്ബാഅ് എന്നീ പ്രദേശങ്ങളും വ്യാപാര കേന്ദ്രങ്ങളായിരുന്നു. കൊല്ലത്ത് നിന്ന് ചൈനീസ് കച്ചവടക്കാരധികം ചരക്കുകളുമായി ശ്രീലങ്കയിലെത്തും. അവിടെ നിന്നാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചത്. (9995946382)
ഹുസൈന് രണ്ടത്താണി
You must be logged in to post a comment Login