ഓര്‍മകള്‍ സമീപഭൂതമാവുക. ഓര്മിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും മീതെ ബഹളമയമായ വര്‍ത്തമാനം ആധിപത്യം നേടുക. ആ വര്‍ത്തമാനമാകട്ടെ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള ബാഹ്യസംവിധാനങ്ങളാല്‍ നിയന്ത്രിക്കപ്പെടുക. വര്‍ത്തമാനകാലം അല്പനേരം കൊണ്ട് ഓര്‍മയായി മാറുക. അങ്ങനെ എല്ലാ ചലനങ്ങളേയും സമീപഭൂതത്തിന്റെ താല്പര്യങ്ങള് വിഴുങ്ങുക. അപ്പോഴെന്തുണ്ടാവും? യഥാര്‍ത്ഥത്തില്‍ പരിഗണിക്കേണ്ടുന്ന ഭൂതകാലം നിത്യവിസ്മൃതിയുടെ കമ്പളമണിയും. സമീപഭൂതത്തിലെ അവഗണിക്കാവുന്ന അല്ലെങ്കില്‍ വരും കാലത്ത് കൂടുതല്‍ നല്ല പരിഹാരം സാധ്യമാവുന്ന സമസ്യകളിലേക്ക് മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കപ്പെടും. ഫലം, ചരിത്രരഹിതവും അകക്കാമ്പില്ലാത്തതുമായ പൊങ്ങുസമൂഹങ്ങള്‍ സംജാതമാവും.
സമൂഹനിര്‍മിതിയും ജനതയുടെ ഓര്‍മയും സാമൂഹ്യപഠനത്തിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സൈദ്ധാന്തിക-പ്രായോഗിക സമസ്യയാണ്. മാര്‍ക്സിസ്റ്റ് ഇതര സാമുഹ്യപഠനങ്ങള് ജനതയുടെ ഓര്‍മയെ കളക്ടീവായ ഒരു ശക്തിയായി പരിഗണിക്കാറുമുണ്ട്. നവലിബറല്‍ അനന്തര ലോകക്രമം ലിബറല്‍ ലോകത്തെപ്പോലെ തന്നെ മാര്‍ക്സിസ്റ്റല്ല എന്ന് നമുക്കറിയാം. നിങ്ങള്‍ എത്ര നിഷേധിച്ചാലും, എത്ര പ്രതിരോധിച്ചാലും യാഥാര്‍ത്ഥ്യം ഇതാണ്; ‘നമ്മള് ഒരു നവലിബറല്‍ ലോകജീവികളാണ്.’
നവലിബറല്‍ ലോകക്രമം എന്നത് ഒരു സാമ്പത്തിക വ്യവഹാരം മാത്രമല്ല എന്ന് നിങ്ങള്‍ ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ട് അല്ല; അത് ഒരു സാമൂഹ്യഘടനയുടെ സവിശേഷമായ മനോനില കൂടിയാണ്. അതുകൊണ്ടാണ് നവലിബറല്‍ സമൂഹങ്ങളുടെ, പ്രത്യേകിച്ച് നവലിബറല്‍ ചെറുസമൂഹങ്ങളുടെ നിര്‍മിതിയില്‍ ഓര്മ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആമുഖമായി പറഞ്ഞത്. സാമൂഹ്യപഠനങ്ങള്‍ സമീപ ഭൂതകാലത്തില്‍ മാത്രം അഭിരമിക്കുന്ന അനേകം ജനസമൂഹങ്ങളുടെ വ്യവഹാര സ്വഭാവത്തെ സൂക്ഷ്മമായി അപഗ്രഥിച്ചിട്ടുണ്ട്. അതിനെ ഇങ്ങനെ സംഗ്രഹിക്കാം.
1. അത്തരം സമൂഹങ്ങള്‍ ഇന്നലെ അല്ലെങ്കില്‍ അവര്‍ക്ക് സ്പര്‍ശിച്ച് ഓര്‍ക്കാന്‍ കഴിയുന്ന സമീപകാലത്തെ മാത്രമാണ് കൂട്ടമായി ഓര്‍മിക്കുന്നത്. സ്പര്‍ശിച്ച് ഓര്‍മിക്കുക എന്നത് ടച്ചിംഗ് മെമ്മറി എന്ന് വിശാലമായി മനസിലാക്കാം. ഉദാഹരണത്തിന് ഇപ്പോഴും കനത്ത വടുക്കള്‍ അവശേഷിക്കുന്ന ഒരു അപകടം. ശ്രദ്ധിക്കുക. കനത്ത വടുക്കള്‍ അവശേഷിക്കുന്ന അപകടമാണത്. ആ അപകടത്തിന്റെ വടുക്കള്‍ ഇല്ലാതായാല്‍ അവരില്‍ ഓര്‍മകളുടെ ഭാരമൊഴിയും. അതിനാല്‍ ആ വടുക്കളെ പ്രത്യക്ഷത്തില്‍ നിന്ന് മറച്ചു വെക്കുന്ന പ്രവൃത്തികളെ അവര്‍ അബോധമായി പിന്തുണക്കും.
2. നിങ്ങളെ ഇപ്പോഴും ഏതെങ്കിലും ബന്ധനത്തില്‍ മുറുക്കിയിടുന്ന അഭാവം. വ്യക്തിപരമായ കാര്യങ്ങളില്‍ മരണമാണെങ്കില്‍ മരണാനന്തരം അയാള്‍ ബാക്കിവെച്ച കഠിനമായ ബാധ്യത. സാമൂഹ്യമായി ആണെങ്കില്‍ വ്യക്തികള്‍ സാമ്പത്തികവും സാമൂഹികവുമായി ബാധ്യതപ്പെടുന്ന ഒന്ന്. ആ ബാധ്യതകള്‍ നീളുന്ന ആ കാലത്തോളം ആ ഓര്‍മകള്‍ കത്തി നില്ക്കും. ആ ബാധ്യതകളെ ഒഴിച്ചു കളഞ്ഞ് ഓര്‍മകളില്‍ നിന്ന് കുതറിത്തെറിക്കാനുള്ള പ്രവണതക്ക് സമൂഹം തയാറാവും.
3. തുടച്ചുനീക്കാന്‍ കഴിയാത്തവിധം ചിഹ്നങ്ങള്‍ ബാക്കിവെക്കുന്ന ഒരു സംഭവം. ചിഹ്നങ്ങള്‍ തുടച്ചുനീക്കും വരെ ഓര്‍മകള്‍ക്ക് ആ സംഭവത്തിലേക്ക് വേരുകളുണ്ട്. ആ ചിഹ്നങ്ങളെ തുടച്ചുമാറ്റുന്ന പ്രവൃത്തികളിലാവും അവരുടെ ഇടപെടല്‍. മണ്ണൊലിച്ച് രൂപപ്പെട്ട ഗര്‍ത്തങ്ങളില്‍ മണ്ണ് നിറക്കുക, വെള്ളമൊലിച്ച് തകര്‍ന്നുപോയ നിര്‍മിതികള്‍ അതേമട്ടില്‍ പുനര്‍നിര്‍മിക്കുക തുടങ്ങി നിരവധി പ്രതിപ്രവര്‍ത്തനങ്ങള്‍ നടക്കും. ചിഹ്നങ്ങള്‍ ഇല്ലാതാകുന്നതോടെ ആ ഓര്‍മകളും കരിമ്പടം പുതക്കും.
സാമൂഹിക മനോഘടനയെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള വിചാരങ്ങളില്‍ ചിലത് ആമുഖമായി പറഞ്ഞത് മറ്റൊരു കാര്യം പറയാനാണ്. അത് പ്രളയത്തെക്കുറിച്ചും പ്രളയാനന്തര കേരളത്തെക്കുറിച്ചുമാണ്. പ്രളയാനന്തര കേരളം, പ്രളയം എന്നീ വാക്കുകളില്‍ നിര്‍ത്തി നമ്മള് ആദ്യം പറഞ്ഞ ഓര്‍മയെക്കുറിച്ചുള്ള വിശദീകരണത്തിലേക്ക് ഒന്ന് പോയി നോക്കൂ. വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത വിധം വസ്തുതകള്‍ നമ്മെ അമ്പരപ്പിക്കും. ”നൂറ്റാണ്ടിന്റെ പ്രളയമാണ് കഴിഞ്ഞത്” എന്ന് നമ്മളിപ്പോള്‍ നിസംഗമായി എഴുതാനും നിസംഗമായി വായിക്കാനും ശീലിച്ചിരിക്കുന്നു. പ്രളയത്തിന്റെ മഹാവടുക്കള്‍ ശരീരത്തിലും സ്ഥാവര ജംഗമങ്ങളിലും അവശേഷിക്കുന്നവര്‍ ഒഴികെ മുഴുവന്‍ മനുഷ്യരിലും ഈ നിസംഗത അല്ലെങ്കില്‍ മറവി പൊതിഞ്ഞിട്ടുണ്ടാവാം.
കാരണമുണ്ട്. കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ രണ്ട് ശതമാനത്തില്‍ താഴെ മനുഷ്യരെ മാത്രമാണ് പ്രളയം തരിപ്പണമാക്കിയത്. അതെ. കണക്കുകള്‍ അങ്ങനെയാണ്. ബാക്കി മനുഷ്യരുെട കൈതാങ്ങിലാണ് പ്രളയബാധിതര്‍ ജലത്തിന് മീതെയും മണ്ണിനും മരങ്ങള്‍ക്കും ഇടയിലൂടെയും തല പൊന്തിച്ചത്. ശ്വാസം തിരിച്ചെടുത്തത്. ഈ ൈകതാങ്ങ് പ്രളയകാലത്ത് സ്വാഭാവികമായി ഉണ്ടായ ഒന്നല്ല എന്ന് നമ്മള് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. അപകടമുഖത്ത് മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്ന അടിസ്ഥാനചോദനയാണ് ആ ൈകതാങ്ങിന്റെ അടിസ്ഥാന ബലം. ആ ചോദനയെ സജീവമാക്കി നിര്‍ത്തിയത് കേരളത്തിന്റെ പൊതുബോധമാണ്. ആ പൊതുബോധത്തിന്റെ ഇന്ധനമാകട്ടെ സദാസജ്ജമായിരുന്ന മാധ്യമങ്ങളും നാനാവിധ സംഘാടനങ്ങളുമാണ്. അതെ. സംഘടനകളും മാധ്യമങ്ങളും. പ്രളയകാലത്തിന്റെ മുന്‍ഗണന പ്രളയം മാത്രമായിരുന്നു. മനുഷ്യന് എന്ന അടിസ്ഥാന ബോധ്യത്തിലേക്ക് കുത്സിതമായ അധികാര താല്പര്യങ്ങളെ പങ്ക് ചേര്‍ത്ത ചില സംഘങ്ങളൊഴികെ ബാക്കിയെല്ലാ മനുഷ്യരും അവരുടെ പ്രാഥമിക മുന്‍ഗണനയിലേക്ക് പ്രളയത്താല്‍ തകര്‍ന്ന നിരാലംബരായ മനുഷ്യരെയും പ്രളയം തകര്‍ത്ത ഭൂഭാഗങ്ങളെയും ചേര്‍ത്തുവെച്ചു. ഈ മുന്‍ഗണനയെ നിര്‍മിച്ചതില്‍ ഈ നാട്ടിലെ മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും വലിയ പങ്കുമുണ്ടായിരുന്നു. ൈകകാലിട്ടടിച്ച് വിലപിച്ച മനുഷ്യരെ മനുഷ്യന് എന്ന ഒറ്റ യൂണിറ്റായി മനസിലാക്കി ൈക പിടിച്ചുകയറ്റി. നമ്മള് മനുഷ്യരാണ്. നമ്മള് ദുരന്തമുഖത്താണ് എന്ന് പരസ്പരം പറഞ്ഞുകൊണ്ടിരുന്നു.
ആ പൊതുബോധത്തിന്റെ പതാകയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും അതിന്റെ മുഖ്യമന്ത്രിയും പാറിച്ചുകൊണ്ടിരുന്നത്. മാധ്യമങ്ങളോടും പൊതുസംവാദങ്ങളോടും പൊതുവില്‍ മുഖം തിരിക്കുന്നയാള്‍ എന്ന ഇമേജില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് പുറത്തുവന്നു. അനിതര സാധാരണമായ നേതൃൈവഭവത്തോടെ പ്രളയകേരളത്തെ അദ്ദേഹം അഭിമുഖീകരിച്ചു. നമ്മള് എന്ന പദം ഓരോ വാചകത്തിലും സത്യസന്ധമായി പരിലസിച്ചു. പ്രകോപിതമാകാമായിരുന്ന സന്ദര്‍ഭങ്ങളെ അതിജീവിച്ചു. നമ്മള് എന്ന ബോധത്തിലേക്ക് മലയാളിയെ പ്രളയകാലത്ത് വളര്‍ത്തിയെടുക്കാന്‍ പിണറായി വിജയന് കഴിഞ്ഞു. സര്‍വപരിമിതികളെയും മറികടന്ന് മനുഷ്യരെ രക്ഷപ്പെടുത്തി. ആ പൊതുബോധത്തിന്റെയും അതിന് ലഭിച്ച സര്‍ക്കാര്‍ പിന്തുണയുടേയും ബലത്തിലാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷയിലേക്ക് തുഴയെറിഞ്ഞത്. അവരെ കേരളത്തിന്റെ ൈസന്യം എന്ന് വിളിച്ച് മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. കേരളം കയ്യടിച്ചു. ആരെയും പിണക്കാത്ത നയതന്ത്ര ൈവഭവവും അദ്ദേഹം പ്രകടിപ്പിച്ചു. സഹായിക്കൂ എന്ന് നിരന്തരം അപേക്ഷിച്ചു. ഓരോ കുഞ്ഞുസഹായത്തിനും ഉള്ളില്‍ തട്ടി നന്ദി പറഞ്ഞു. സഹായങ്ങളെ സംഹരിക്കാനുള്ള പ്രതികാര നടപടികള്‍ പലരും കൈക്കൊണ്ടെങ്കിലും കേരളം തോറ്റുപോയില്ല. ചെറിയ ചെറിയ കൂട്ടിവെക്കലുകള്‍ പോലും നിധിയായി പരിണമിച്ചു. സോഷ്യല്‍ മീഡിയ മുഴുവന്‍ യൗവനത്തെയും രക്ഷാസജ്ജരാക്കി. മനുഷ്യരെ മരണമുഖത്ത് നിന്ന് രക്ഷിച്ചു. തീര്‍ന്നില്ല. പ്രളയം ബാക്കിെവച്ച വീട്ടിടങ്ങളിലേക്ക് മടങ്ങിപ്പോകാനും സര്‍ക്കാറും പൊതുസമൂഹവും മാധ്യമങ്ങളും കൈപിടിച്ചു. ലോകചരിത്രത്തിലെ ഏറ്റവും സംഘടിതമായ ദുരിതാശ്വസപ്രവര്ത്തനത്തിനാണ് കുട്ടനാട് മാത്രം സാക്ഷിയായത്. തകരാത്ത വീടുകള്‍ ആവാസ യോഗ്യമാക്കാനുള്ള ഭഗീരഥ പ്രയത്നങ്ങള്‍ നടന്നു. നടക്കുന്നു. കയ്യും മെയ്യും മറന്നുള്ള സഹായപ്രവാഹം. ജാഗ്രതയുടെയും കൂട്ടിരിപ്പിന്റെയും ഒരു മാസമാണ് കടന്നുപോകുന്നത്. പ്രളയത്തിന്റെകാഠിന്യവും കേരളത്തിന്റെ ഭൂപ്രകൃതിയും കണക്കിലെടുക്കമ്പോള്‍ ഐതിഹാസികം എന്ന് വിളിക്കാവുന്ന അത്ര വലിയ രക്ഷാ-പുനരധിവാസ പ്രക്രിയയാണ് നടന്നത്. മരണസംഖ്യ പിടിച്ച് നിര്‍ത്തി. പ്രളയാനന്തരം ലോകത്ത് എല്ലായിടത്തും പതിവായ പകര്‍ച്ചവ്യാധികള്‍ കേരളത്തെ അധികമൊന്നും കഷ്ടപ്പെടുത്തിയില്ല. ജാഗ്രതയും കൂട്ടുചേരലുമാണ് അതും സാധ്യമാക്കിയത്. ”നമ്മളെല്ലാവരും കൂടി അരങ്ങേറുകയല്ലേ” എന്ന പ്രതിധ്വനികള്‍ സൃഷ്ടിച്ച വാചകത്തിന്റെ പ്രകമ്പനമായി മാറി ഈ പ്രവര്‍ത്തനങ്ങള്‍.
ഇനി മൂന്നാം ഘട്ടമാണ്. ഏത് ദുരന്തത്തിനും ലോകത്ത് എവിടെയായാലും സാധാരണമായ ഒന്ന്. രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നാണ് ആ ഘട്ടങ്ങളുടെ രീതി. ആദ്യഘട്ടം അതീവ വിജയമായിരുന്നു കേരളത്തില്‍. രണ്ടാം ഘട്ടം സ്വാഭാവികമായ ചില പരാതികളെ ഒഴിച്ചാല്‍ വിജയമായിരുന്നു. തകരാത്ത വീടുകളില്‍ ആളുകള്‍ പാര്‍പ്പുതുടങ്ങി. യുദ്ധങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും ആദ്യ ഇരകളായ കുഞ്ഞുങ്ങള്‍ അതീജീവിക്കപ്പെട്ടു. ഏത് ദുരന്തങ്ങളുടെയും ബാക്കിപത്രമായ മാനസികാഘാതം കേരളത്തിലെ കുഞ്ഞുങ്ങളെ കാര്യമായി സ്പര്‍ശിച്ചിട്ടില്ല. അതും സംഘടിതമായ പ്രവര്‍ത്തനങ്ങളുടെ ഫലം തന്നെയാണ്. അവരിതാ ഇപ്പോള്‍ സ്കൂളുകളിലുണ്ട്. ജീവിതം സാധാരണ നിലയുടെ തീരത്തേക്ക് തുഴഞ്ഞടുക്കുകയാണ്. കിതപ്പുകള്‍ ബാക്കിവെച്ചാണങ്കിലും പ്രളയഭൂമിയില്‍ മിക്കതിലും ജീവിതം തളിര്‍ക്കുകയാണ്. അപ്പോഴാണ് മൂന്നാം ഘട്ടത്തെക്കുറിച്ച് നമ്മള് സംസാരിക്കുന്നത്.
നവകേരള നിര്‍മിതിയാണ് ലക്ഷ്യം. മുഖ്യമന്ത്രി ആവര്‍ത്തിക്കുന്ന വാക്കുകള്‍. ഒരു ‘പക്ഷേ’ പോലുമില്ലാതെയാണ് കേരളം രണ്ടു ഘട്ടങ്ങളിലും കൈകോര്‍ത്തത്. ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും. ഉയര്‍ന്ന ചില ‘പക്ഷേ’ കളെ കേരളം ചെറുത്തുതോല്പിച്ചു. ഭരണകൂടത്തിന് ഒപ്പം നിന്നു. ഒപ്പം നില്ക്കുന്ന, ഒപ്പം നിര്‍ത്തുന്ന മഹാശക്തികളോട് തോന്നുന്ന ഒരു ചോദനയാണത്. ചരിത്രത്തില്‍ തെളിവുണ്ട്. എന്നാല്‍ മൂന്നാം ഘട്ടം ഒരു ‘പക്ഷേ രഹിത’ കൂട്ടായ്മ ആവശ്യപ്പെടുന്നുണ്ടോ?
ഇല്ല. കാരണം നവകേരള നിര്‍മിതി ഒരു ദുരന്താശ്വാസ പ്രവര്‍ത്തനമല്ല. അത് വരുംകാലത്തേക്കുള്ള കരുതല്‍ ആവശ്യമായ ഒരു രാഷ്ട്രീയ- സാമ്പത്തിക പ്രവര്‍ത്തനമാണ്. അതെ. ദുരന്തനിവാരണം ഒരു പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമല്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ദുരന്തമുഖത്ത് സ്വീകരിച്ച നിലപാട് മറന്നുകൂട. ദുരിതാശ്വാസവും അങ്ങനെയല്ല. പക്ഷേ, നവകേരള സൃഷ്ടി നൂറ് ശതമാനം രാഷ്ട്രീയം ഉണ്ടായിരിക്കേണ്ട ഒരു പ്രവൃത്തിയാണ്. രാഷ്ട്രീയത്തിലെ പരമപ്രധാനമായ വാക്കും നിലപാടുമാണ് പക്ഷേ എന്നത്.
എന്തായിരിക്കണം നവകേരള നിര്‍മിതി, എങ്ങനെയായിരിക്കണം നവകേരളം നിര്‍മിക്കേണ്ടത് എന്തെല്ലാമായിരിക്കണം അതിന്റെ താല്പര്യങ്ങള് എന്നത് ഏകപക്ഷീയമായി തീര്‍ച്ചപ്പെടുത്തേണ്ട ഒന്നല്ല. പ്രളയത്തിന് നല്കിയ പിന്തുണ എല്‍.ഡി. എഫ് സര്‍ക്കാരിന് നല്കിയ ഒരു ബ്ലാങ്ക് ചെക്കാണ് എന്ന് നമ്മളോ സര്‍ക്കാരോ കരുതരുത്. അങ്ങനെയല്ല. ദുരന്തമുഖത്തെ കൈത്താങ്ങുകളിലൂടെ പ്രസരിച്ച സഹായമാണ് നവകേരള നിര്‍മിതിയുടെ അടിസ്ഥാനമൂലധനം. അത് കേരളത്തിന്റെ പൊതുമനസിന്റെ മൂലധനമായി സര്‍ക്കാര്‍ മനസിലാക്കണമല്ലോ?
ഇപ്പോഴിത് പറയാന്‍ കാരണം ഈ കുറിപ്പിന്റെ ആരംഭത്തില്‍ നമ്മള് സംസാരിച്ച ഓര്‍മയുടെ രാഷ്ട്രീയമാണ്. പ്രളയകാലത്ത് നമ്മെ ഒന്നിച്ച് നിര്‍ത്തിയ പൊതുബോധം പിന്‍വാങ്ങിയിരിക്കുന്നു എന്നത് സത്യമാണ്. അന്നത്തെ പൊതുബോധ്യങ്ങളെ നിര്‍ണയിക്കാന്‍ മുന്നില്‍ നിന്ന മാധ്യമങ്ങളില്‍ നിന്ന് പ്രളയം വഴിമാറിയിട്ടുണ്ട്. അത് സ്വാഭാവികവുമാണ്. ഭരണകൂടം അതിന്റെ സ്ഥിരം സ്ഥാനമായ പ്രതിക്കൂട്ടിലേക്ക് വന്നിരിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാത്സംഗക്കേസ്, സി.പി.എം എം.എല്‍.എ പി.കെ ശശി പ്രതിയായ പീഡനാരോപണം തുടങ്ങിയ നൂറ് കണക്കിന് സംഭവവികാസങ്ങള്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് ഇത്തരം സംഭവങ്ങള്‍ കൂടിയാണ്. പ്രളയകാലത്തെ സമചിത്തത അദ്ദേഹത്തില്‍ നമുക്ക് ആഗ്രഹിക്കാം എന്നല്ലാതെ സാധ്യമാകണം എന്നില്ല. അതും അവസ്ഥകള്‍ സങ്കീര്‍ണമാക്കും. ൈകത്താങ്ങുകളുടെ ബലം കുറയും.
അതിനാല്‍ പ്രളയമുഖത്ത് എന്നതുപോലെ നമ്മുടെ കൈകള്‍ ഉയരണം. നിര്‍മിക്കേണ്ട കേരളം എന്തായിരിക്കണം എന്ന് പറയണം. ആ പറച്ചിലുകള്‍ കേള്‍ക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. കേരളത്തിന്റെ പാരിസ്ഥിതിക പ്രത്യേകതയും ചരിത്രവും കേരളീയ ജീവിതത്തിന്റെ സവിശേഷതകളും അറിയാത്ത, മൂലധന-ലാഭതാല്പര്യങ്ങള് മാത്രമുള്ള ഏതെങ്കിലും കണ്‍സള്‍ട്ടന്‍സിയുടെ ആശയമല്ല കേരളത്തെ നിര്‍മിക്കേണ്ടത്. അത് നമ്മള് ഉയര്‍ത്തേണ്ട പ്രധാനപ്പെട്ട ഒരു പക്ഷേ ആണ്.
വികസനത്തിന് ലോകത്തിന് മുന്നില്‍ കേരളം വെച്ച ഒരു മാതൃകയെ നമ്മള് മറക്കരുത്. ജനകീയ ആസൂത്രണം എന്നാണ് അതിന്റെ പേര്. കാലം എല്ലാറ്റിനെയും കെട്ടുകാഴ്ചയാക്കും എന്നതുപോലെ ജനകീയാസൂത്രണവും ഒരു രാഷ്ട്രീയ വഴിപാടായി മാറിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയ പ്രളയത്തില്‍ മുങ്ങിപ്പോയ ജനകീയാസൂത്രണത്തെ നവകേരളത്തിന്റെ നിര്‍മാണ മേല്‍നോട്ടം ഏല്പിക്കാന് എന്താണ് പ്രശ്നമെന്ന് നമുക്ക് ചോദിക്കാം. തകര്‍ന്ന് പോയത് കേരളം ഒന്നാകെയല്ല. കേരളത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണ്. ഓരോ പ്രദേശവും പ്രാദേശികമായി തകര്‍ച്ചയെ പഠിക്കട്ടെ. അവര്‍ക്ക് അത് നിസ്സാരമാണെന്ന് മറക്കരുത്. ഒരോ പഞ്ചായത്തും വാര്‍ഡുകളുടെ സമുച്ഛയമാണല്ലോ? തകരാനുള്ള നിര്‍മാണങ്ങള്‍ ഇനി വേണ്ട എന്ന ജനേച്ഛയായി മാത്രമേ നവകേരളം ഉയരാവൂ. അതിന് ഉയരേണ്ട പക്ഷേകള്‍ ഉയരുക തന്നെ വേണം.
ഓര്‍മകളും മറവികളും അത്ര സ്വാഭാവികമായ ഒന്നല്ല. നിര്‍മിക്കപ്പെടുന്നതാണ്. സെലക്ടീവാണ്. അതിന് ഭരണകൂടത്തിന്റെ കാര്‍മികത്വം ഉണ്ടാകാറുമുണ്ട്. പ്രളയത്തിന്റെ ഓര്‍മകള്‍ മറവിയാക്കി മാറ്റപ്പെടാന്‍ സാധ്യതയുണ്ട്. മാധ്യമങ്ങള്‍ക്ക് വേറെയും പണിയുള്ളതിനാല്‍ പ്രത്യേകിച്ചും. ഒരു നവലിബറല്‍ രാഷ്ട്രീയ പരിപാടിയായി, പരിസ്ഥിതി വിരുദ്ധമായി നവകേരളം സൃഷ്ടിക്കാനും ഭരണകൂടമുപയോഗിക്കുക മറവിയെ ആണ്. മറവികള്‍ക്കെതിരെ ഓര്‍മകൊണ്ട് സമരം ചെയ്യലാണ് മുന്നിലുള്ള വഴി.
കെ കെ ജോഷി
You must be logged in to post a comment Login