പറങ്കികളുടെ 1498ലെ ആഗമം ശരിക്കും അധിനിവേശം തന്നെയായിരുന്നു. അതുവരെ ഇന്ത്യയിലേക്ക് വന്ന വ്യാപാരികളോ സഞ്ചാരികളോ ഇവിടെ രാഷ്ട്രീയാധിപത്യത്തിന് ശ്രമിച്ചിട്ടില്ല. എല്ലാവരും നിലവിലുള്ള ഭരണ വ്യവസ്ഥ തന്നെ അംഗീകരിച്ചു. രാജ്യവികസനത്തിനുവേണ്ടി തങ്ങളാലാവുന്നതൊക്കെ ചെയ്തു. വ്യാപാരത്തിനപ്പുറം അധിനിവേശമോഹങ്ങളൊന്നും ആരെയും ബാധിച്ചിരുന്നില്ല. പറങ്കികളുടെ സ്ഥിതി മറിച്ചായിരുന്നു. മലബാറിനെ അധീനപ്പെടുത്തി ഇവിടെനിന്ന് അറബിവ്യാപാരികളെ തുരത്തുകയായിരുന്നു ലക്ഷ്യം. അതിന് പോര്‍ച്ചുഗല്‍ ഭരണകൂടം സര്‍വസഹായവും നല്കി. വാസ്കോഡ ഗാമക്ക് ആഫ്രിക്കന്‍ തീരത്ത് നിന്ന് ഇന്ത്യയിലേക്ക് വഴികാണിച്ച ഇബ്നുമാജിദ് എന്ന അറബി പോലും പറങ്കികള്‍ ശത്രുവാണെന്നറിഞ്ഞില്ല. എല്ലാ മതക്കാരെയും പറങ്കികള്‍ ദ്രോഹിച്ചു; മുസ്ലിംകളെ പ്രത്യേകിച്ചും. തങ്ങളുടെ വിഭാഗക്കാരല്ലാത്ത ക്രിസ്ത്യാനികളെ പല വിധേന പീഡിപ്പിച്ചു. പറങ്കികളുടെ കീഴിലുള്ള ജെസ്യൂട്ട് മിഷനറി മെനസിസിന്റെ നേതൃത്വത്തില്‍ കാത്തോലിക്കരുടേതല്ലാത്ത പല പള്ളികളും തകര്‍ത്തു. പലരെയും നിര്‍ബന്ധിച്ച് കത്തോലിക്കാ മതത്തില്‍ ചേര്‍ത്തു. സെന്റ് തോമസ് ക്രിസ്ത്യാനികളാണ് വാസ്കോഡഗാമക്ക് കൊച്ചിയില്‍ സര്‍വ സഹായങ്ങളും നല്‍കിയത്. എന്നാല്‍ ജെസ്യൂട്ട് മിഷനറിമാര്‍ അവര്‍ക്കെതിരെയും തിരിഞ്ഞു. അവരുടെ പള്ളികളും ലൈബ്രറികളും തകര്‍ത്തു. ചിലത് കത്തിച്ചു കളഞ്ഞു. നെസ്റ്റോറിയന്‍ ക്രിസ്ത്യാനികളുടെ സ്ഥിതിയും തഥൈവ. പലരേയും കുളങ്ങളിലും പുഴയിലും മുക്കിക്കൊന്നുവത്രേ.
ഏറ്റവും കൂടുതല്‍ പീഡനമനുഭവിച്ചത് മുസ്ലിംകളായിരുന്നു. യഹൂദന്മാരെയും വിട്ടില്ല. ഗവര്‍ണര്‍ അല്‍ബുക്കര്‍ക്ക് യഹൂദന്മാര് ക്രിസ്തീയരുമായി ചേര്‍ന്ന് വ്യാപാരം നടത്തുന്നത് ഒരു പള്ളി തിട്ടൂരത്തിലൂടെ നിരോധിച്ചു. ക്രിസ്തീയ പ്രദേശങ്ങളില്‍ നിന്ന് യഹൂദരെ മാറ്റണമെന്ന് സഭകള്‍ക്ക് നിര്‍ദേശം നല്കി. യഹൂദന്മാരെ പിടിച്ച് കത്തോലിക്കരാക്കി. പരൂരിലെ യഹൂദ പള്ളിയിലെ ചടങ്ങുവേളയില് ക്രിസ്ത്യാനികളെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് പറങ്കികള്‍ പള്ളിക്ക് തീവയ്ക്കുകയും യഹൂദരെ കശാപ്പു ചെയ്യുകയും ചെയ്തുവത്രേ. ഹിന്ദുക്കളോട് ഒരു മമതയും പറങ്കികള്‍ക്കുണ്ടായില്ല. സാമൂതിരി മുസ്ലിംകളോട് കാണിച്ച അനുഭാവം തന്നെയാണ് പ്രധാനകാരണം. ക്ഷേത്രം കണ്ടപ്പോള്‍ അതൊരു ചര്‍ച്ചാണെന്ന് നിരൂപിച്ചത് ഹിന്ദുവിനോട് ആദ്യമൊക്കെ അനുകമ്പ കാണിക്കാന്‍ കാരണമായി. പിന്നെ ബ്രാഹ്മണരെ ചോദ്യം ചെയ്തപ്പോഴാണ് ഹിന്ദുക്കള്‍ അപരിഷ്കൃതരാണെന്ന് പറങ്കികള്‍ വിധിയെഴുതിയത്. നായന്മാരെ പലരെയും നിര്‍ബന്ധിച്ച് മതം മാറ്റി. ബ്രാഹ്മണരെ പിടിച്ച് പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലേക്ക് കൊണ്ടു പോയി. അവര്‍ പലരും മതം മാറി. കാരണം കടല്‍ കടന്നതോടെ അവര്‍ അശുദ്ധരായി കഴിഞ്ഞിരുന്നു.
നാട്ടിലെ പരമ്പരാഗത രീതികളെയും നിയമങ്ങളെയും പറങ്കികള്‍ തെല്ലും ഗൗനിച്ചില്ല. ഇഷ്ടമുള്ള സ്ത്രീകളെ പിടിച്ചുകൊണ്ടുപോവുന്നു. ഏത് വീട്ടിലും കയറിച്ചെല്ലുന്നു. കത്തോലിക്കാ ആചാരങ്ങളൊന്നും അവര്‍ അനുഷ്ഠിച്ചില്ല. കാത്തോലിക്കാ വര്‍ഗീയതയാണ് അവര്‍ നാട്ടില്‍ നടപ്പാക്കിയത്. അതിനാല്‍ മറ്റ് ക്രിസ്തീയ വിഭാഗങ്ങള്‍ക്കും മതക്കാര്‍ക്കും ഒരു സ്വാതന്ത്ര്യവും നല്‍കിയില്ല. ക്ഷേത്രങ്ങളും പള്ളികളും അശുദ്ധമാക്കാനും പുണ്യഗ്രന്ഥങ്ങളെ അവമതിക്കാനും മടിച്ചില്ല. പറങ്കിപ്പട്ടാളം വീടുകളില്‍ കയറി പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടു പോവുന്നത് പതിവാക്കിയപ്പോള്‍ അവരുടെ വൈസ്രോയിക്ക് തന്നെ അത് നിയന്ത്രിക്കേണ്ടി വന്നുവെന്ന് പറങ്കി തന്നെയായ ഗാസ്പര്‍ കോറിയ ഏഴുതുന്നു. ഈ അതിക്രമത്തിന് പരിഹാരമായി 1545ന് ശേഷം പോര്‍ച്ചുഗല്‍ രാജാവ് അനാഥ പറങ്കിപെണ്കുട്ടികളെ മലബാറിലേക്കയച്ചു കൊടുത്തു. പറങ്കി പുരോഹിതന്മാരിലും സദാചാരികള്‍ കുറവായിരുന്നു.
മുസ്ലിംകളുമായി ശത്രുത നിലനില്ക്കുമ്പോള്തന്നെ ചില മുസ്ലിംവര്ത്തകരുമായി വ്യാപാരത്തിലേര്‍പ്പെടാന്‍ പറങ്കികള്‍ മടിച്ചില്ല. അവരുടെ പ്രധാന ഏജന്റുമാരില്‍ മുസ്ലിംകളുമുണ്ടായിരുന്നു. കോയപക്കി (ഖോജാ ഫഖീഹ്) പറങ്കി സേവകനായിരുന്നു. കോഴിക്കോട് നിന്ന് രക്ഷപ്പെട്ടു വന്ന കോയ പക്കിക്ക് പറങ്കികളാണ് അഭയം കൊടുത്തത്. സാമൂതിരിയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി പറങ്കികള്‍ക്ക് നല്കുന്ന ചതിയും കോയപക്കി നടത്തിയിരുന്നു. താനൂരിലെ ഒരു കുട്ട്യാലി വലിയ മുസ്ലിം വര്‍ത്തക പ്രമുഖനായിരുന്നു. അദ്ദേഹമാണത്രേ പറങ്കികള്‍ക്ക് മദ്യവും മറ്റ് സുഖസൗകര്യങ്ങളും ഒരുക്കിയിരുന്നത്. മുസ്ലിം സ്ത്രീകളെ നിര്‍ബന്ധിച്ച് മതംമാറ്റി വിവാഹംചെയ്യുന്ന പതിവും പറങ്കികള്‍ പുലര്‍ത്തി. സാമൂതിരിക്ക് പറങ്കികളോടുള്ള വൈരം മുതലെടുത്ത് അറക്കല്‍ ബീവിയും കൊച്ചിരാജാവും കൊല്ലം രാജ്ഞിയും പറങ്കികളുമായി നല്ല ബന്ധം പുലര്‍ത്തി. ഒമാനിലെ സൂറില്‍ മലബാറിലെ മരവും ആലാത്തും ആണിയും ഉപയോഗിച്ച് അറബികളെപ്പോലെ പറങ്കികളും തകൃതിയായി കപ്പല്‍ നിര്‍മാണം തുടങ്ങി. കോഴിക്കോട്ടെ ബേപ്പൂരും കപ്പല്‍ നിര്‍മാണത്തിന് ശ്രുതിപ്പെട്ടു. കപ്പലുണ്ടാക്കാന്‍ മലബാറിലെ തേക്കും ആഞ്ഞിലിയും(Andira vermifuga)തന്നെ വേണം. ഈ മരങ്ങളുപയോഗിച്ച് പറങ്കികള്‍ കോഴിക്കോട്ടും കൊച്ചിയിലും കപ്പല്‍ നിര്‍മാണം തുടങ്ങി.
ഈ വൈരങ്ങള്‍ക്കിടയിലും പറങ്കികള്‍ മലബാര്‍തീരത്ത് അവരുടേതായ സംഭാവനകള്‍ നല്കി. അവര്‍ നാണ്യവിളകളുടെ കൃഷി വികസിപ്പിച്ചു. തെങ്ങുകൃഷി വ്യാപിപ്പിച്ചു. പല വിത്തുകളും കേരളത്തിലെത്തിച്ചു. പറങ്കിയണ്ടി, പപ്പായ, പേരയ്ക്ക, പറങ്കി മുളക്, ചാമ്പയ്ക്ക, തക്കാളി, മല്ലി, ചുവന്നുള്ളി, വെള്ളുള്ളി എന്നിവ ഉദാഹരണം. പറങ്കിപ്പുണ്ണെന്ന ലൈംഗികരോഗം പറങ്കികളാണ് യൂറോപ്പില്‍നിന്ന് ഇന്ത്യയില്‍ പടര്‍ത്തിയത്. ആഫ്രിക്കയില്‍നിന്ന് നല്ലയിനം തേങ്ങവിത്തുകള് കൊണ്ടുവന്നു. കോട്ടകള്‍ നിര്‍മിച്ചുകൊണ്ട് നിര്‍മാണവൈദഗ്ധ്യവും പറങ്കികള്‍ കേരളത്തിന് നല്കി. പലതരം മരുന്നുകളും അവര്‍ കൊണ്ടുവന്നു. മുറിവുണക്കാന്‍ ചൂടുള്ള വെളിച്ചെണ്ണയില്‍ നാരങ്ങനീരുചേര്ത്ത് മുറിവില്‍ പുരട്ടുന്ന രീതി പറങ്കികള്‍ വ്യാപകമാക്കി. കണ്ണൂര്‍, കൊല്ലം, കൊടുങ്ങല്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ പറങ്കി മാതൃകയില്‍ കോട്ടകളും കെട്ടിടങ്ങളും വന്നു. കേരളീയ രീതിയില്‍ നിന്ന് ഭിന്നമായിരുന്നു കെട്ടിടങ്ങളുടെ രൂപകല്പന. ബിസ്കറ്റ്, ചോക്കലേറ്റ്, ബ്രെഡ് തുടങ്ങിയ ബേക്കറി പലഹാരങ്ങള്‍ കൊണ്ടുവന്നതും പറങ്കികള്‍. മലയാളഭാഷയുടെ വികസനത്തിന് പറങ്കികള്‍ വിലപ്പെട്ട സംഭാവന നല്കി. മലയാളം ഹീബ്രുവില്‍ എഴുതുന്ന രീതി ആദ്യം ഇവര്‍ സ്വീകരിച്ചു. ഫ്രാന്‍സിസ് സേവിയര്‍ ക്രിസ്തീയ ആരാധനാരീതികളൊക്കെ മലയാളത്തിലാക്കി. പല പറങ്കി നാമങ്ങളും മലയാളത്തില്‍ ഇടം പിടിച്ചു. അറബി മലയാളത്തില്‍ പോലും ഈ പദങ്ങള്‍ കടന്നുകൂടി, ആയ, അലമാര, അല്‍ത്താറ, കപ്പിത്താന്, ചായ, ചാവി, ചാക്ക്, ഇസ്തിരി, സ്കൂള്‍, ജനല്‍, മേശ, കപേള, കറുപ്പ്, കസേര, കടലാസ്, കോപ്പ, കൊന്ത, തണ്ടാസ്, കുശിനി, പേന, പിക്കാസ്, റാന്തല്‍, വരാന്ത, വീപ്പ, വികാരി, വിനാഗിരി തുടങ്ങിയവ ഉദാഹരണം.
പറങ്കികള്‍ക്ക് ശേഷം
പറങ്കി അധിനിവേശത്തോടെ മുസ്ലിംവ്യാപാരത്തിന്റെ സ്വാധീനം കുറഞ്ഞുവെങ്കിലും താമസിയാതെ തന്നെ പറങ്കികളുമായും ഡച്ചുകാരുമായും രാജിയാവാന്‍ തീരദേശ മുസ്ലിംകള് മുന്നോട്ടുവന്നു. രണ്ടുവിഭാഗങ്ങളുടെയും പുരോഗതിക്ക് ഈ സൗഹൃദം അനിവാര്യമായിരുന്നു. പോര്‍ച്ചുഗീസ് കാലത്ത് ഒമാനും മസ്കത്തും മുഖ്യവ്യാപാര കേന്ദ്രങ്ങളായി. പുതിയ ഉല്പന്നങ്ങളുടെ കച്ചവടവുമായി അറബികള്‍ വീണ്ടും രംഗത്തെത്തി. പറങ്കികളാവട്ടെ അപ്പോഴേക്കും ഏറെ ക്ഷയിച്ചിരുന്നു. വേണ്ടത്ര കപ്പലുകളുണ്ടായില്ല. പകര്‍ച്ച വ്യാധികള്‍ മൂലവും അവര്‍ നിരന്തരം നശിച്ചുകൊണ്ടിരുന്നു. തുര്‍ക്കികളോടും മുസ്ലിം ശക്തികളോടും തുടര്‍ച്ചയായുള്ള യുദ്ധങ്ങളിലൂടെ തളര്‍ന്നിരിക്കുമ്പോഴാണ് ഡച്ചുകാരുടെ വരവ്. പറങ്കികള്‍ പിന്മാറ്റം തുടങ്ങിയപ്പോള്‍ ബാക്കിവന്ന പത്തേമാരികളും നാവികക്കോപ്പുകളും അറബികളും തുര്‍ക്കികളും പങ്ക് വച്ചു.
ഹുസൈന് രണ്ടത്താണി
You must be logged in to post a comment Login