മോഡിയുടെ, അധികാരഭ്രാന്തു തലയ്ക്കു പിടിച്ച സ്തുതിപാഠകവൃന്ദം റഫേല്‍ വിവാദത്തില്‍ ഗ്ലാഡിയേറ്റര്‍ ചലച്ചിത്രത്തിലെ ചക്രവര്‍ത്തി കൊമോഡസ് അഭിമുഖീകരിച്ച അതേ ധര്‍മസങ്കടമാണ് നേരിടുന്നത്. വിഷമത്തിലായ ചെറുപ്പക്കാരന് സീസര്‍, ജനറല്‍ മാക്സിമസിനോട് ചോദിക്കുന്നുണ്ട്:”ഞാന്‍ നിങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യും? നിങ്ങള്‍ മരിക്കാനേ തയാറല്ലല്ലോ.” ചലച്ചിത്രത്തിലേതു പോലെ ആള്‍ക്കൂട്ടം ചക്രവര്‍ത്തിയുടെ ഓരോ ചലനവും നോക്കിക്കൊണ്ടിരിക്കുകയാണ്.
റഫേല്‍ വിവാദം മാഞ്ഞുപോകാന്‍ വിസമ്മതിക്കുകയാണ്. പുകയുന്ന തോക്ക് പുറത്തുകാണിക്കാന്‍ പ്രതിപക്ഷത്തിനും വിമര്‍ശകര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും. റഫേല്‍ ഇടപാടില്‍ ‘ക്വത്റോച്ചി അമ്മാവന്’ ഇല്ലെന്നാണ് ഒരു മന്ത്രി ഉറപ്പു നല്‍കിയത്. പക്ഷേ, അത് വിവാദത്തെ കെടുത്താന്‍ ഒട്ടും സഹായിച്ചില്ല. രാജകൊട്ടാരത്തിലെ വിദൂഷകരുടെ ബഹളവും അതിനെ കുറച്ചില്ല. കാരണം ലളിതമാണ്: ആ ഇടപാടിനു മേല്‍ സംശയത്തിന്റെ കരിനിഴല്‍ പരത്തുന്നത് ഒരു വന്‍ കോര്‍പറേറ്റിന്റെ സാന്നിധ്യമാണ്. ചിലപ്പോളതില്‍ ഒരു ‘കുംഭകോണ’ മില്ലാതിരിക്കാം. പക്ഷേ, തീര്‍ച്ചയായും അപവാദമുണ്ട്.
പ്രധാനമന്ത്രിയുടെ അധികാരം 2015 എപ്രിലില്‍ പാരീസില്‍ വെച്ച് നരേന്ദ്ര മോഡി ഉപയോഗിച്ച രീതിയിലാണ് കുഴപ്പമുള്ളത്. അങ്ങനെയാണ് ‘മോഡിയുടെ രീതി’ എന്ന ബിജെപിയുടെ നിലപാടാകട്ടെ അതിനെക്കാള്‍ വിവാദമുയര്‍ത്തി.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സും അധികാരവും തിരിച്ചുനല്‍കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. പ്രധാനമന്തിയുടെ പരമാധികാരത്തെക്കാള്‍ കൂട്ടായ ഉത്തരവാദിത്വം ഇഷ്ടപ്പെട്ട മന്മോഹന് സിംഗ് ആ അധികാരത്തില്‍ വെള്ളം ചേര്‍ത്തുവെന്ന് അവര്‍ വാദിച്ചു. 2014 ലെ ജനവിധി അധികാരത്തോടെയും തന്നിഷ്ടത്തോടെയും ആക്രമാസക്തമായി പോലും പെരുമാറാന്‍ മോഡിക്കുള്ള സമ്മതപത്രമാണെന്ന് അവര്‍ സമര്‍ത്ഥിച്ചു. അതങ്ങിനെത്തന്നെയിരിക്കട്ടെ.
പക്ഷേ, നിശ്ചയദാര്‍ഢ്യമുള്ള പ്രധാനമന്ത്രി എന്ന വാഗ്ദാനത്തിനപ്പുറം ഇന്ത്യ തിരഞ്ഞെടുത്തത് ഒരു ഫറവോയെ അല്ലെന്ന് വ്യക്തമായി പ്രസ്താവിക്കേണ്ടതുണ്ടെന്നു തോന്നുന്നു.
പ്രധാനമന്ത്രിയുടെ അധികാരത്തിന്റെ സ്വഭാവം എല്ലായ്പ്പോഴും തര്‍ക്കവിഷയമായിരുന്നു. 1950 കളുടെ ആദ്യ ആഴ്ചകളില്‍ ഇന്ത്യന്‍ ഫോറിന് സര്‍വീസിലെ ഒഴിവുകള്‍ നികത്താന്‍ കഴിവും പ്രവൃത്തിപരിചയവും കാര്യക്ഷമതയുമുള്ളവരെ പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ കഴിയാത്തതില്‍ നിരാശനായിരുന്നു നെഹ്റു. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ സമയമെടുക്കുന്നതായിരുന്നു. അതു കൊണ്ട് ഫെഡറല്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ (ഇന്നത്തെ യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന്) മറികടക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അപ്പോള്‍ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ അദ്ദേഹത്തിന് മികച്ച ഒരു ഉപദേശം നല്കി:” നമുക്കിപ്പോള്‍ ഒരു ഭരണഘടനയുണ്ട്. ഇതിനര്‍ത്ഥം ഓരോ ഭരണകാര്യ തീരുമാനത്തിനും നിയമപരമായ അനുമതി വേണമെന്നാണ്.” ഭരണഘടനാപരമായ വ്യവസ്ഥയില്‍ ഭരണപരമായ അധികാരങ്ങള്‍ തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാനാകില്ലെന്നാണ് സര്‍ദാര്‍ നെഹ്റുവിനെ ഓര്‍മിപ്പിച്ചത്. ഭരണാധികാരിയുടെ ഉദ്ദേശ്യങ്ങള്‍ എത്ര തന്നെ നല്ലതാണെങ്കിലും തീരുമാനങ്ങള്‍ നിയമവാഴ്ചയുടെ ഭാഗമായി എടുക്കേണ്ടതാണ്.
റഫേല്‍ ഇടപാടിന്റെ ഏറ്റവും മോശമായ വശം ഇതുതന്നെയാണ്. പാരീസില്‍ വെച്ച് പെട്ടെന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ മാത്രമാണ്. അതിനാവശ്യമായ ‘അവശ്യനടപടിക്രമങ്ങള്‍’ പ്രധാനമന്ത്രി കൈക്കൊണ്ടിട്ടില്ലെന്ന് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ് തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി ചിത്രത്തിലേ ഉണ്ടായിരുന്നില്ല. വിദേശകാര്യസെക്രട്ടറിയും ആഭ്യന്തരസെക്രട്ടറിയും പ്രധാനമന്ത്രി ഫ്രഞ്ചുകാരുമായി ഏര്‍പ്പെട്ട പുതിയ ഇടപാടിന്റെ കുറിച്ച് അജ്ഞരായിരുന്നു. റഫേല്‍ ഇടപാടിനെക്കുറിച്ചുള്ള ബിജെപിയുടെ വാദങ്ങളൊന്നും തന്നെ ആ തീരുമാനമെടുത്ത തിടുക്കത്തെ സാധൂകരിക്കുന്നില്ല.
പോര്‍വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്ന് 36 ആക്കി കുറച്ചതിന്റെ സാംഗത്യം ആര്‍ക്കും മനസിലാകുന്നില്ല. എന്തെല്ലാം പറഞ്ഞാലും 126 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം സ്ഥാപിതമായ നടപടിക്രമങ്ങളുടെ ഫലമായിരുന്നു. ആ ഇടപാടില്‍ സംശയത്തിന്റെ നേരിയ നിഴല്‍ പോലുമുണ്ടാകാതിരിക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ ശ്രമമുണ്ടായിരുന്നു. ആ തീരുമാനത്തില്‍ വ്യോമസേനയുടെ പങ്കാളിത്തമുണ്ടായിരുന്നു.
പെട്ടെന്ന് പോര്‍വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നമ്മുടെ ദേശീയ സുരക്ഷയുടെ ഉത്തരവാദിത്വമുള്ളവര്ക്കിടയില് ബൗദ്ധികമായ ആര്‍ജവത്തിന് യാതൊരു സ്ഥാനവുമില്ലേ? ഇടപാടുകളുറപ്പിക്കാന് പ്രധാനമന്ത്രിക്ക് പരമാധികാരമുണ്ടെന്ന ബിജെപിയുടെ വാദമാണ് അസ്വസ്ഥതയുണര്ത്തുന്നത്. അത് അപകടകരമായ അവസ്ഥയാണ്. നമ്മുടെ റിപ്പബ്ലിക്കിന്റെ ഹ്രസ്വമായ ചരിത്രത്തില്‍ അത്തരം ചതിക്കുഴികള്‍ അടിയന്തിരാവസ്ഥക്കു മുമ്പും അടിയന്തിരാവസ്ഥക്കാലത്തുമുണ്ടായിട്ടുണ്ട്.
നമ്മുടെ ഭരണഘടനാപരമായ പ്രത്യേകതകളെ മികച്ച രീതിയില്‍ വിലയിരുത്തിയിട്ടുള്ള ഗ്രാന്‍വില്‍ ഓസ്റ്റിന്‍ ഒരു പ്രധാനമന്ത്രിയുടെ അധികാരത്തിന്റെ ഘടകങ്ങള്‍ പരിശോധിക്കുന്നുണ്ട്:
ഒരു രാഷ്ട്രീയ നേതാവ് മഹാനാകാന്‍ അയാളില്‍ അല്പം കാര്ക്കശ്യമുണ്ടാകേണ്ടതുണ്ട്. അത് മന്ത്രിമാരിലും ഉദ്യോഗസ്ഥന്മാരിലും പാര്‍ലമെന്റംഗങ്ങളിലും പേടിയും ബഹുമാനവും ആരാധനയുമുണ്ടാക്കും. അല്ലെങ്കില്‍ ആ നേതാവ് മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടും. പക്ഷേ, മഹാനായ ഒരു നേതാവില്‍ ഈ സ്വഭാവസവിശേഷതകളോടൊപ്പം ദേശീയമൂല്യങ്ങളെ കുറിച്ചുള്ള അവബോധവും നിയമങ്ങളോടും ദേശീയ ഇച്ഛകളോടും ആദരവുമുണ്ടാകും.’ ഇക്കാര്യം മനസിലാക്കിയിരുന്നുവെങ്കില്‍ ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയോ ജനാധിപത്യത്തിനെതിരെ നടത്തിയ അതിക്രമങ്ങള്‍ വിജയമായി മാറുമെന്നു കരുതി 1977 ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ ചെയ്യുമായിരുന്നില്ല. ആ ‘ഇന്ദിരാഗാന്ധി നിമിഷ’ ത്തിലാണ് ഇപ്പോള്‍ ഇന്ത്യ.
പാരീസില്‍ വെച്ച് പോര്‍വിമാനങ്ങളുടെ ഇടപാടില്‍ എണ്ണം കൊണ്ടമ്മാനമാടിയ നരേന്ദ്രമോഡി വഴി തെറ്റിപ്പോയ പ്രധാനമന്ത്രിയാണ്. ബിജെപിയും മാധ്യമങ്ങളും ആ മനുഷ്യന്റെ സ്തുതി പാടിക്കൊണ്ടിരിക്കുകയാണ്. താക്കീതും മുന്നറിയിപ്പും നല്‍കുന്നത് പുറമെയുള്ളവരാണ്. 2015 മെയ് മാസത്തിലെ മുഖ്യലേഖനത്തില്‍ ദി ഇക്കണോമിസ്റ്റ് ‘ഇന്ത്യയിലെ ഒറ്റയാള്ഭരണ’ ത്തിന്റെ അപകടത്തെ കുറിച്ച് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
2015 ഏപ്രിലില്‍ തന്നിഷ്ടപ്രകാരം നടന്ന ഇടപാടിനെ കുറിച്ച് ആരും സംശയമുയര്‍ത്താത്തതിനാല്‍ പ്രധാനമന്ത്രി സ്വാഭാവികമായും കൂടുതല്‍ കൂടുതല്‍ പരമാധികാരം കയ്യാളാന്‍ തുടങ്ങി. ശക്തനും ശാഠ്യക്കാരനുമായ നേതാവിന്റെ ആരാധനയില്‍ പെട്ടുഴലുന്ന നമുക്ക് ജാഗരൂകരായിരിക്കാനുള്ള നിര്‍ദേശമാണ് റഫേല്‍ വിവാദം.
ഹരീഷ് ഖരേ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകനാണ്. ദി ട്രിബ്യൂണിന്റെ പത്രാധിപരായിരുന്നു.
ഹരീഷ് ഖരേ
You must be logged in to post a comment Login