”ഹിന്ദുരാഷ്ട്രം കൊണ്ട് ഉദ്ദേശിക്കുന്നത് അവിടെ മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ല എന്നല്ല. അങ്ങനെ പറയുന്ന ആ ദിവസം, അത് ഹിന്ദുത്വ അല്ലാതെയാവുന്നു. ലോകമേ തറവാട് എന്ന ആശയത്തിലൂന്നിയാണ് ഹിന്ദുത്വ സംസാരിക്കുന്നത്.” ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ (സര്‍ക്കാരിന്റെ സുപ്രധാന ഔദ്യോഗിക പരിപാടികള്‍ നടക്കുന്ന വേദിയാണിത്) സെപ്റ്റംബര്‍ 17 – 19 തീയതികളില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് പ്രസംഗിച്ച വാക്കുകളാണിത്. മുസ്‌ലിംകള്‍ ഇല്ലാതെ ഹിന്ദുരാഷ്ട്രമില്ല എന്ന സര്‍സംഘ്ചാലകിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് എന്ന് വ്യാഖ്യാനിക്കാന്‍ ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ആവേശം കാട്ടിയത് ആസൂത്രിതനീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നുണ്ട്. സംഘടനാ ആസ്ഥാനമായ നാഗപൂര്‍ വിട്ട്, ഭരണാസ്ഥാനമായ ഡല്‍ഹിയിലേക്ക് വരാന്‍ ആര്‍.എസ്.എസ് തലവനെ േപ്രരിപ്പിച്ചത് തന്നെ ദേശീയമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാമെന്ന ചിന്തയാവാം. മുസ്‌ലിംകളോടുള്ള സമീപനത്തില്‍ കാതലായ മാറ്റമാണിതെന്ന വിലയിരുത്തല്‍ വിശകലനം ചെയ്യുന്നതിന് മുമ്പ്, ആര്‍.എസ്. എസ് പരിവര്‍ത്തനത്തിന്റെ വഴിയിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മോഹന്‍ ഭാഗവതിന്റെ സുപ്രധാനമായ മറ്റു പരാമര്‍ശങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഭരണഘടന മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിപ്രായസമന്വയമാണെന്നും എല്ലാവരും അത് അനുസരിക്കേണ്ടതുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഭരണഘടനയുടെ അപ്രമാദിത്വം അംഗീകരിച്ചുകൊണ്ടാണ് സംഘ് പ്രവര്‍ത്തിക്കുന്നതെന്നും അതിനെ മുഴുവനായും ആദരിക്കുന്നുണ്ടെന്നും ഓര്‍മിപ്പിക്കാന്‍ ഭാഗവത് മറന്നില്ല. ദ്വിതീയ സര്‍സംഘ്ചാലകും പ്രസ്ഥാനത്തിന്റെ ആശയാടിത്തറക്ക് ഊടുംപാവും നല്‍കിയ അമരക്കാരനുമായ എം.എസ് ഗോള്‍വാള്‍ക്കറുടെ ‘ചിന്താധാര’യെ തള്ളിപ്പറയാന്‍ ഭാഗവത് മുന്നോട്ടുവന്നത് വലിയ സംഭവമായി കൊട്ടിഘോഷിക്കപ്പെട്ടു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഗോള്‍വാള്‍ക്കര്‍ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം മാത്രമാണ് ചിന്താധാരയെന്നും അതിന് ശാശ്വതമായ സാധുത്വം കല്‍പിക്കാനാവില്ലെന്നുമാണ് ഭാഗവതിന്റെ കണ്ടുപിടിത്തം. കാലം മാറുന്നതിനനുസരിച്ച് ചിന്ത പരിവര്‍ത്തിതമാവും. മാറുന്ന കാലത്തിനനുസൃതമായി നീങ്ങാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സംഘ്സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഓര്‍മപ്പെടുത്തിയിരുന്നുവത്രെ. നാഗ്പൂരില്‍നിന്നല്ല ഡല്‍ഹി ഭരണം നടത്തുന്നതെന്ന് ഒരിക്കല്‍ കൂടി ആര്‍.എസ്.എസ് തലവന്‍ ആവര്‍ത്തിച്ചു. പ്രസ്ഥാനത്തിന് അധികാരരാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും ആവശ്യമെങ്കില്‍ ഉപദേശം നല്‍കുമെന്നല്ലാതെ, ഭരണത്തില്‍ ഇടപെടാറില്ലെന്നാണ് പറയാന്‍ ശ്രമിച്ചത്.
ഹിന്ദുത്വയും മുസ്‌ലിംകളും
ഒരുക്കിനിറുത്തിയ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ന്യൂനപക്ഷങ്ങളെ കുറിച്ചു ചോദ്യമുയര്‍ന്നപ്പോള്‍ മോഹന്‍ ഭാഗവത് പറഞ്ഞത് മാറിയ രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടില്‍ അദ്ദേഹത്തിന് കുറെ സന്ദേശങ്ങള്‍ കൈമാറാനുണ്ട് എന്ന ധ്വനിയോടെയാണ്. താനോ തന്റെ സംഘടനയോ മുസ്‌ലിംകളെ ന്യൂനപക്ഷമായി പരിഗണിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തുടര്‍ന്നതിങ്ങനെ: ”ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പ് ന്യൂനപക്ഷങ്ങള്‍ എന്ന പ്രയോഗം ഇവിടെ ഉണ്ടായിരുന്നില്ല. വിഭജനത്തിനു ശേഷം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു എന്ന് ഞാന്‍ സമ്മതിക്കുന്നു. അകന്നുപോയവരെ അടുപ്പിക്കണമെന്നാണ് ആര്‍.എസ്.എസ് ചിന്തിക്കുന്നത്. ഇരുസമുദായവും ഇന്ത്യയുടെ സന്തതികളാണ്. മുസ്‌ലിം സമൂഹത്തില്‍ ആര്‍.എസ്.എസിനെ കുറിച്ച് നല്ല മതിപ്പില്ല എന്ന് എനിക്കറിയാം. ഒരുകാര്യമേ ഞാന്‍ പറയുന്നുള്ളൂ. നേരില്‍ വന്ന് ആര്‍.എസ്.എസിന്റെ അകത്തളം കാണൂ. ഭയലേശമന്യെ മുന്നോട്ടുവരുക. ഹിന്ദുത്വ മുസ്‌ലിംവിരുദ്ധമല്ല. ഇന്ത്യയെയും അതിന്റെ സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന എല്ലാവരുമായും ആര്‍.എസ്.എസ് സൗഹൃദത്തിലേര്‍പ്പെടുന്നു. എല്ലാവരെയും ആദരിക്കുന്ന, എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു ഇന്ത്യന്‍ സമൂഹത്തെ സൃഷ്ടിക്കലാണ് ഞങ്ങളുടെ ലക്ഷ്യം. മറ്റൊരു തരത്തിലുള്ള അപകടമുണ്ട്. നിങ്ങള്‍ നേരില്‍ വരുകയും ആര്‍.എസ്.എസിനെ പരിചയപ്പെടുകയും ചെയ്താല്‍ ജീവിതം മുഴുവനും ആര്‍.എസ്.എസിന്റെ ഭാഗമാവുമെന്ന ഒരപകടം ഉണ്ടെന്നും ഞാന്‍ പറയുന്നു.”
‘ഭവിഷ്യക് കാ ഭാരത്, രാഷ്ട്രീയ സ്വയംസേവക് സംഘ് കാ ദൃഷ്ടികോണ്‍ എന്നാണ് പരിപാടിയുടെ പ്രമേയം. ലിബറല്‍ വീക്ഷണഗതി വെച്ചുപുലര്‍ത്തുന്ന ഒരാളാണ് ഭാഗവത് എന്ന നിഗമനത്തിലെത്താന്‍ പോരുന്ന ചൊല്ലോ ചെയ്തിയോ ഇപ്പോഴും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഭരണഘടന വിഭാവന ചെയ്യുന്ന തുല്യപൗരന്മാരായി കാണുമെന്നോ അവസരസമത്വത്തിന്റെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ തുറന്നുവെക്കുമെന്നോ തെളിയിച്ചുപറയാന്‍ മോഹന്‍ ഭാഗവതിന് ആര്‍ജവമില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ന്യൂനപക്ഷത്തെ ഇതുപോലെ അരാജകത്വബോധവും നൈരാശ്യവും പിടികൂടിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. അവരുടെ ജീവനും സ്വത്തും അഭിമാനവും ഇന്ന് നിദാന്ത ഭീഷണിയിലാണ്. സാംസ്‌കാരിക സ്വത്വത്തെ കുറിച്ചുള്ള വര്‍ത്തമാനം പോലും നിലച്ച മട്ടാണ്. മുസ്‌ലിംകള്‍ ഇല്ലാതെ ഹിന്ദുരാഷ്ട്രം ഇല്ല എന്ന പറച്ചിലില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പരാധീനതകള്‍ക്ക് പ്രതിവിധിയില്ല. മതപരമായ വിവേചനമോ അതിക്രമങ്ങളോ ഉണ്ടാവില്ല എന്ന് ഉറപ്പുനല്‍കാന്‍ ആര്‍.എസ്.എസ് തലവന്‍ സന്നദ്ധമല്ല. സ്വന്തം വിശ്വാസസംഹിതയുമായി ജീവിച്ചുമരിക്കാന്‍ ആര്‍.എസ്.എസിന്റെ പിണിയാളുകള്‍ ന്യുനപക്ഷങ്ങളെ അനുവദിക്കുന്നില്ല എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണല്ലൊ ‘ഘര്‍വാപസി’യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ . മുസ്‌ലിംകളെ മുസ്‌ലിംകളായി അംഗീകരിക്കാന്‍ ഹിന്ദുത്വവാദികള്‍ തയാറാണെങ്കില്‍ പിന്നെ അവരെ ഹിന്ദുമതത്തിലേക്ക് മാര്‍ഗം കൂട്ടുന്നതിനെ കുറിച്ച് എന്തിനു ആലോചിക്കണം. ലവ് ജിഹാദിന്റെ പേരിലുള്ള കെട്ടിച്ചമച്ച മുറവിളി ഭൂരിപക്ഷ സമുദായത്തിലെ നേരെ ചൊവ്വെ ചിന്തിക്കുന്നവരില്‍ പോലും മുസ്‌ലിംകളെ കുറിച്ച് ഭീതിയും വെറുപ്പും സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ എസ് എസിനില്ലേ?
15ശതമാനം വരുന്ന മുസ്‌ലിംകളെ അല്ലെങ്കില്‍ 19ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങളെ പൂര്‍ണമായും പുറമ്പോക്കിലേക്ക് പുറന്തള്ളി സ്ഥാപിക്കപ്പെടുന്ന രാഷ്ട്രീയ വ്യവസ്ഥിതിയെ അല്ലേ ആര്‍.എസ്.എസ് തലവന്‍ ഹിന്ദുത്വ എന്ന വിളിക്കുന്നത്? ‘റാംസാദെഹറാംസാദെ’ ദ്വന്ദങ്ങള്‍ക്ക് പിന്നിലെ കുനുഷ്ട്ബുദ്ധി ആര്‍.എസ്.എസിന്റെ ചിന്താവൈകൃതമല്ലേ? പശുവിന്റെ പേരില്‍ ലോകത്ത് ഏതെങ്കിലും ഒരു ജനത ഇമ്മട്ടില്‍ വേട്ടയാടപ്പെടുന്നുണ്ടോ? ഗോരക്ഷഗുണ്ടകളുടെ തോന്നിവാസങ്ങളെ മോഹന്‍ ഭാഗവത് തള്ളിപ്പറയുന്നത് കേട്ടു. മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടപ്പോള്‍ ഗോഹത്യയുടെ ശിക്ഷ കൊലയാണെന്ന് പറയാന്‍ ആര്‍.എസ്.എസിനേ ധൈര്യമുണ്ടായിരുന്നുള്ളൂ.
പുതിയൊരു പ്രതിച്ഛായ തേടുമ്പോള്‍
ഏറെ പ്രതീക്ഷയോടെ അധികാരത്തിലെത്തിയ നരേന്ദ്രമോഡി കടുത്ത അസ്തിത്വപ്രതിസന്ധിയിലാണെന്ന് എല്ലാവരെക്കാളും നന്നായി അറിയുന്നത് സര്‍സംഘ്ചാലകിനാണ്. ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ഒരു അധികാരവ്യവസ്ഥിതി അഞ്ചുവര്‍ഷത്തെ ആയുസ്സിന് ശേഷം ചരിത്രത്തില്‍ തിരോഭവിക്കുന്നത് അലോസരപ്പെടുത്തുക സ്വാഭാവികം. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിയില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന അസ്തിത്വമാണ് തങ്ങളുടേതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭാഗവത് ചില ഗിമ്മിക്കുകള്‍ പുറത്തെടുക്കുന്നതും. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ മുദ്രാവാക്യം കഴമ്പില്ലാത്തതാണെന്ന് വരെ പറയാന്‍ അഭ്യാസങ്ങള്‍ നടത്തുന്നത്. ഭ്രാന്തമായ ദേശീയതയിലും കോര്‍പ്പറേറ്റ് വികസന അജണ്ടയിലും കെട്ടിപ്പടുത്ത നിലവിലെ രാഷ്ട്രീയസാമ്പത്തിക അടിത്തറയുടെമേല്‍ പുതിയ അധികാരഹര്‍മ്യങ്ങള്‍ സ്വപ്‌നം കാണാന്‍ സാധിക്കില്ലെന്ന് ആര്‍.എസ്.എസ് തിരിച്ചറിയുന്നുണ്ട്.
എന്നാല്‍, മുസ്‌ലിംകളെ സംഘടനയോട് അടുപ്പിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടത് ഈ വിഭാഗത്തോടുള്ള ആര്‍.എസ്.എസിന്റെ സമീപനഫലമാണെന്ന് അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.എസ്.എസും മുസ്‌ലിംകളും തമ്മിലുള്ള അകല്‍ച്ച തീര്‍ക്കുന്നതിന് വേണ്ടി , നാഗ്പൂര്‍ ഗുരുക്കളുടെ ആശീര്‍വാദത്തോടെ 2002ല്‍ രൂപവത്കൃതമായ ‘മുസ്‌ലിം രാഷ്ട്രീയ മഞ്ചി’നെ ഒന്നര പതിറ്റാണ്ടിനുശേഷവും സംഘ്പരിവാരത്തിലേക്ക് കയറ്റിയിട്ടില്ല. ഇപ്പോഴും പടിക്കുപുറത്താണ്.
പ്രചാരകനും ആര്‍.എസ്.എസ് സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ഇന്ദ്രേശ് കുമാറാണ് മഞ്ചിന്റെ മാര്‍ഗചാലക് (മാര്‍ഗദര്‍ശി) ആയി ഇതുവരെ പ്രവര്‍ത്തിച്ചത്. എന്നാല്‍, സംഘിന്റെ ഔദ്യോഗിക പട്ടികയില്‍ മുസ്‌ലിം മഞ്ചിന്റെ പേര് കാണില്ല. ഇസ്‌ലാമിനെ കുറിച്ചും ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ചും നല്ല മതിപ്പില്ലാത്ത വലിയൊരു വിഭാഗം ആര്‍.എസ്.എസ് നേതാക്കളുടെ കണ്ണില്‍ മഞ്ച് ഇപ്പോഴും കരടായി തുടരുന്നു. ഇന്ത്യയിലെ മുസ്‌ലിംകളെ കുറിച്ച് ആര്‍.എസ്.എസിനെ പരമ്പരാഗതമായി കൈമാറ്റപ്പെട്ട ഒരു കാഴ്ചപ്പാടുണ്ട്. അതുകൊണ്ട് തന്നെ മുസ്‌ലിംകളെ ബാധിക്കുന്ന വിഷയം വരുമ്പോള്‍ ഏകകണ്ഠമായ അഭിപ്രായമല്ല സംഘടനയില്‍ പൊന്തിവരുക.
മുസ്‌ലിംകള്‍ ഞങ്ങളുടെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമാണെന്ന് മുമ്പ് ആര്‍.എസ്.എസ് തലവന്‍ പുറമേ പറഞ്ഞെങ്കിലും അവരുടെ രക്തവും മാംസവും കൊതിച്ചാണ് കാലമത്രയും കഴിച്ചുകൂട്ടിയത്. മുസ്‌ലിംകളെ കുറിച്ചുള്ള സംഘ്പരിവാറിന്റെ കാഴ്ചപ്പാടിന് ഈടും പാവും നല്‍കിയത് സവര്‍ക്കറും ഗോള്‍വാള്‍ക്കറുമാണ്. ‘ചിന്താധാരയില്‍’ ഗോള്‍വാള്‍ക്കര്‍ പരസ്യമായി മുസ്‌ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യുകയും അഞ്ചാംപത്തിയായി മുദ്രകുത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ജീവിക്കുകയാണെങ്കില്‍ രണ്ടാം കിട പൗരന്മാരായി, പ്രത്യേക പദവികളോ അവകാശമോ ഇല്ലാതെ, ജീവിതം കഴിച്ചുൂകൂട്ടാമെന്നാണ് അദ്ദേഹത്തിന്റെ വീക്ഷണഗതി. വി.ഡി സവര്‍ക്കറുടെ ‘ഹിന്ദുത്വ’ എന്ന പുസ്തകത്തില്‍ തന്നെ ഹിന്ദുരാഷ്ട്രത്തില്‍ മുസ്‌ലിംകളുടെ സ്ഥാനമെന്തായിരിക്കുമെന്ന് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ക്രിസ്ത്യാനികളും മുസ്‌ലിംകളും ഹിന്ദുത്വയില്‍ പങ്കാളികളാവാന്‍ അര്‍ഹതപ്പെട്ടവരല്ല എന്ന് തെളിയിച്ചുപറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര പ്രസ്ഥാനമായി വാള്‍ട്ടര്‍ കെ. ആന്‍ഡേഴ്‌സണ്‍ വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസിന്റെ അടിസ്ഥാന ലക്ഷ്യവും ഇതഃപര്യന്ത പ്രവര്‍ത്തനാനുഭവങ്ങളും വിസ്മരിച്ച്, സര്‍സംഘ് ചാലക് ജനസമ്പര്‍ക്കം ലക്ഷ്യമിട്ട് നടത്തുന്ന പ്രസ്താവങ്ങളെ മുന്‍നിറുത്തി സംഘത്തെ വിലയിരുത്തുന്നത് ചതിക്കുഴിയില്‍ വീഴാന്‍ കാരണമാകും.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login