ഈ ലേഖനം എഴുതേണ്ടത് ഇങ്ങനെയല്ല. ഇനി നിങ്ങള്‍ വായിക്കാന്‍ പോകുന്ന ഭാഷയിലുമല്ല. കാരണം മലയാളത്തിലെ വാര്‍ത്താചാനലുകളെക്കുറിച്ചാണ് നമ്മള് സംസാരിക്കുന്നത്. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ എട്ടെണ്ണമുള്ള കേരളത്തിലിരുന്നാണ് നമ്മള് സംസാരിക്കുന്നത്. വാര്‍ത്താചാനലുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് നമ്മുടെ അന്വേഷണത്തിന്റെ കാതല്‍. വാര്‍ത്തകള്‍ അവയുടെ ഉറവിടത്തില്‍ നിന്ന് എത്തിക്കുക, വിശകലനം ചെയ്യുക, നിലപാടെടുക്കാന്‍ ജനങ്ങളെ സജ്ജരാക്കുക തുടങ്ങിയ പ്രാഥമിക ദൗത്യങ്ങളില്‍ നിന്ന് അവ ഒന്നാകെ അകന്നുപോകുന്നതിനെക്കുറിച്ചും വാര്‍ത്ത എന്ന ജീവനുള്ള, ചലനക്ഷമതയുള്ള വസ്തുതയെ, മാധ്യമം എന്ന മനുഷ്യനിര്‍മിതമായ പുരോഗമന ആശയത്തെ നമ്മുടെ വാര്‍ത്താചാനലുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നുമാണ് അന്വേഷിക്കുന്നത്. സംവാദത്തിന്റെ ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിച്ചുകൊണ്ട് വാര്‍ത്താചാനലുകള്‍ സൃഷ്ടിക്കുന്ന ശബ്ദഘോഷങ്ങള്‍ മാധ്യമങ്ങളുടെ നിലനില്പിനെയും വാര്‍ത്തകളുടെ വിശ്വാസ്യതയെയും എങ്ങനെ തകര്‍ക്കുന്നു എന്നാണ് പരിശോധിക്കുന്നത്. ഈ ലേഖകനോ നിങ്ങള്‍ ഓരോരുത്തര്‍ക്കുമോ അതൊരു വായനാവിഭവമല്ല, ദൈനംദിനാനുഭവമാണ്. ചില്ലുകൂട്ടിനകത്തെ അലര്‍ച്ചകളില്‍ നിങ്ങളിലെ ജനാധിപത്യ വിശ്വാസി എത്രയോ തവണ മുറിവേറ്റ് പിടഞ്ഞിരിക്കുന്നു. എത്രയോ തവണ കഠിനമായ രോഷത്താല്‍ നിങ്ങള്‍ പുകഞ്ഞിരിക്കുന്നു. നിങ്ങള്‍ ആര്‍ജിച്ചെടുത്ത സംസ്കാരത്തിന്റെയും ശീലങ്ങളുടെയും മുഖത്തുനോക്കി ആ ചില്ലുകൂടുകള്‍ അശ്ലീലം ചെയ്തിരിക്കുന്നു. നിങ്ങള്‍ ആദരിക്കുന്ന മനുഷ്യര്‍, നിങ്ങള്‍ ആദരിക്കുന്ന വിശ്വാസങ്ങള്‍ എന്നിവക്ക് മീതെ അല്പബുദ്ധികള് റാകിപ്പറക്കുന്നത് എത്രയോ തവണ നിങ്ങള്‍ കണ്ടുനിന്നിരിക്കുന്നു. അഹന്തയുടെയും അല്പജ്ഞാനത്തിന്റെയും ആക്രോശങ്ങള്‍ എത്രയോ തവണ നിങ്ങളുടെ കാതുകളെ വേദനിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഈ ലേഖനം ആവശ്യപ്പെടുന്നത് മുറിവേറ്റവരുടെ ഭാഷയാണ്. അത് രോഷത്തിന്റെതാണ്. നിങ്ങള്‍ ഞങ്ങളോട് എന്താണ് ചെയ്യുന്നത് എന്ന വിചാരണയുടെ ഭാഷയാണ്. നമ്മള് പക്ഷേ, അങ്ങനെ സംസാരിക്കുന്നില്ല.
സ്വകാര്യ ചാനലുകളുടെ വാര്‍ത്താവിപ്ലവം
വലിയ അര്‍ത്ഥതലങ്ങളുള്ള ഒരു വാക്കാണ് വിപ്ലവം. സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് തേഞ്ഞുപോയ ഒന്ന്. പക്ഷേ, എത്ര തേഞ്ഞാലും ചില വാക്കുകള്‍ ഭൂതകാലത്തില്‍ നിന്ന് അവ രൂപം കൊണ്ട കാലത്തെ ശക്തിയെ ഓര്‍മിപ്പിച്ചുകൊണ്ട് നമ്മെ പ്രലോഭിപ്പിക്കും. അതിനാലാണ് മലയാളത്തിലെ സ്വകാര്യ വാര്‍ത്താ ചാനലുകളുടെ വ്യാപനത്തെ വിപ്ലവമെന്ന് ഉറപ്പിച്ച് വിളിക്കുന്നത്. എല്ലാ വിപ്ലവങ്ങളുടെയും പല ഗതികേടുകളില്‍ ഒന്ന് അത് സ്ഥാപനവല്കരിക്കപ്പെടും എന്നതാണല്ലോ? സോവിയറ്റ് വിപ്ലവം ഓര്‍മിക്കുക. സ്ഥാപനവല്കരിക്കപ്പെട്ടാല് ആദ്യം പടിയിറങ്ങുക വിപ്ലവത്തിന്റെ വിപ്ലവാത്മകതയാണ്. അതോടെ അത് ജീര്‍ണിക്കാന്‍ തുടങ്ങും. വിപ്ലവം ജീര്‍ണിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ലോകചരിത്രം ശ്രദ്ധിച്ചിട്ടുള്ള നിങ്ങള്‍ക്ക് കൊണ്ടറിയാവുന്ന ഒന്നാണ്.
സര്‍ക്കാര്‍ വിലാസം വാര്ത്താപരിപാടികളെ നിങ്ങളിലെ നാല്പത് കഴിഞ്ഞവര്‍ ഓര്‍മിക്കുന്നുണ്ടാകും. മലയാളത്തില്‍ ദൂരദര്‍ശനായിരുന്നു ആ ഓര്മ. രാജേശ്വരി മോഹനും പില്ക്കാലത്ത് അളകനന്ദയും ബാലകൃഷ്ണനുമൊക്കെ വായിച്ചിരുന്ന വാര്‍ത്തകള്‍. അന്ന് അവതരിപ്പിക്കലല്ല, വായിക്കലാണ്. ദിനപത്രങ്ങളുടെ കാലമായിരുന്നു അത്. ഇന്നോര്ത്താല് വിസ്മയപ്പെട്ടുപോകുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഭൂതം. അക്കാലത്തെ അടിയോടെ പിഴുതുകൊണ്ടാണ് എഷ്യാനെറ്റിന്റെ വരവ്. ദുരദര്ശന്റേത് ആകാശവാണിയുടെ ദൃശ്യരൂപമായിരുന്നല്ലോ? അവിടേക്കാണ് സ്വകാര്യ മൂലധനത്തിന്റെ അനന്തസാധ്യതകളുമായി ഏഷ്യാനെറ്റ് വലയെറിഞ്ഞത്. അന്ന് ശശികുമാര്‍ മുതല്‍ സക്കറിയ വരെ മാധ്യമ-സാഹിത്യ ലോകത്തെ വലിയ പേരുകള്‍ അമരത്തുണ്ടായിരുന്ന ഏഷ്യാനെറ്റാണ് വാര്‍ത്താധിഷ്ഠിത പരിപാടികളുടെ പുത്തന്‍ അനുഭവത്തെ മലയാളത്തിലെത്തിച്ചത്.
ഒമ്പതാംക്ലാസിലെ ചരിത്ര പുസ്തകത്തിലേതുപോലെ വിരസമായ വിവരങ്ങള്‍. അതെ. ചില ഓര്‍മിപ്പിക്കലുകള്‍ വിരസമാണ്. പക്ഷേ, അനിവാര്യവുമാണ്. മലയാളിയുടെ വാര്ത്താശീലങ്ങള് വേരോടെ പിഴുതെറിയപ്പെട്ടതിന്റെ ചരിത്രമാണ് നമ്മള് ഓര്‍ത്തെടുക്കുന്നത്. ഇന്ത്യാവിഷന് അതിന്റെ നെടുനായകത്വത്തിലേക്ക് വന്നതിന്റെയും. അക്കാലമാകുമ്പോഴേക്കും ലോകം കുറേക്കൂടി വെളിപ്പെട്ടുകഴിഞ്ഞിരുന്നു. ബി.ബി.സി മുതല്‍ അല്‍ജസീറ വരെയുള്ള ലോകവാര്‍ത്താ വിപ്ലവങ്ങളിലേക്ക് മലയാളി കണ്ണുതുറന്നു. ആ ചലനങ്ങളെ അതേ മട്ടില്‍ പകര്‍ത്തി ഏഷ്യാനെറ്റും ഇന്ത്യാവിഷനും സമാനമായ സെഗ്മെന്റുകള്‍ സൃഷ്ടിക്കുന്നു.സി.പി.എം ചാനല്‍ എന്ന ഭാരത്തില്‍ നിന്ന് പുറത്തുവന്നെങ്കിലും വലിയ ബഹളങ്ങളില്ലാതെ കൈരളി ഏറെക്കുറെ ശാന്തമായി ഒഴുകുന്നു. പില്ക്കാലത്ത് കളത്തിലിറങ്ങിയ മനോരമയും മാതൃഭൂമിയും ഇന്ത്യാവിഷന് വേഷം മാറിയപോലെ രൂപപ്പെട്ട റിപ്പോര്‍ട്ടറും മുഖ്യധാരയില്‍ നിറഞ്ഞു. അപ്പോഴും വാര്ത്താസെഗ്മെന്റുകളുടെ സ്വഭാവവും സമയക്രമവും ഒരേ അച്ചില്‍ തുടര്‍ന്നു. വ്യത്യാസങ്ങള്‍ ഇല്ലെന്നല്ല. പരസ്യദാതാക്കളുടെ ഇടപെടലും കടുത്ത മല്‍സരവും സമാന സമയത്തെ സമാന പരിപാടി എന്ന ദുര്യോഗത്തിലേക്ക് വാര്‍ത്താ ചാനലുകളെ എത്തിച്ചു. പ്രേക്ഷകന്റെ വിരല്‍ത്തുമ്പാണ് റേറ്റിംഗിന്റെ ദൈവം. ആ ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആഭിചാരങ്ങള്‍ ക്രൈം വാര്‍ത്തകളായും പൊളിറ്റിക്കല്‍ സറ്റയറുകളായും ഒമ്പതുമണിച്ചര്ച്ചകളായും മാറി. ഒരേ വിഗ്രഹത്തിന്റെ പല പ്രതിഷ്ഠകള്‍.
ലോകം മാറി. ദൃശ്യവിപ്ലവത്തിലേക്ക് ഇന്റര്‍നെറ്റ് പ്രവേശിച്ചു. വാര്‍ത്താചാനലുകളുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കാലം പിറന്നു. റോയിട്ടേഴ്സ് ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് ജേണലിസത്തിലെ റസ്മസ് ക്ലീസ് നീല്‍സണും കാര്‍ഡിഫ് സര്‍വകലാശാലയിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് സംബ്രോക്കും 2016-ല്‍ ഈ ദശാസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പരമ്പരാഗത ടെലിവിഷന്‍ കാണല്‍ പ്രക്രിയ സമ്പൂര്‍ണമായി അവസാനിച്ചു എന്ന് അവര്‍ പ്രഖ്യാപിച്ചു. What Is Happening to Television News? എന്ന പഠനം അമേരിക്കയിലെയും ബ്രിട്ടണിലെയും വാര്‍ത്ത കാണല്‍ നിരക്കില്‍ വന്ന ഗണ്യമായ കുറവിനെ ചൂണ്ടിക്കാട്ടി.
”For half a century, traditional television news has been the most widely used, most important, and most shared source of news in most countries. That is not going to change overnight, and television remains an important part of people’s media use and an important source of news for many. But audiences – especially younger audiences – are increasingly moving away from traditional television and towards digital platforms.
Television news providers have yet to find their place in this changing environment. If they do not, they risk irrelevance. And losing touch with the audience will undermine the journalistic mission of television news, as well as the commercial business models and public service justifications for funding it. എന്നായിരുന്നു അവരുടെ ചൂണ്ടിക്കാട്ടല്‍. അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന ചാനല്‍ വാര്‍ത്ത എന്ന മാധ്യമ പ്രതിഭാസം ഒറ്റ രാത്രികൊണ്ട് അവസാനിക്കില്ല. പക്ഷേ, ചെറുപ്പക്കാര്‍ പുതിയ വഴികള്‍ തേടുകയാണ്. അവര്‍ വാര്‍ത്തക്ക് ചാനലുകളെ കൂടുതലായി ആശ്രയിക്കുന്നില്ല. മാറുന്ന പരിസ്ഥിതിക്കനുസരിച്ച് വാര്‍ത്താ ചാനലുകളും മാറണം. പ്രേക്ഷകര്‍ ഇല്ലാതാവുന്നത് നിലനില്പിനെ എല്ലാ അര്‍ത്ഥത്തിലും ബാധിക്കും. അതായിരുന്നു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയ ആ മുന്നറിയിപ്പ്. കേരളത്തിലെ ചാനലുകളുടെ ജനിതകത്തെ നിര്‍ണയിച്ചതും ആ മുന്നറിയിപ്പാണ്.അല്ലെങ്കില്‍ ആ മുന്നറിയിപ്പിലേക്ക് നയിച്ച സാഹചര്യമാണ്.
കേരളത്തിലേക്ക് വരാം. മൂന്ന് ചാനലുകള്‍ക്കാണ് ഈ തീരെ ചെറിയ ഭാഷാഭാഗത്തിന്റെ വാര്ത്താകുത്തക. ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ എന്നതാണ് ക്രമം. രണ്ടും മൂന്നും സ്ഥാനത്തിലാണ് മല്‍സരമുള്ളത്. തീരെച്ചെറുതാണ് മലയാളത്തിന്റെ ൈദനംദിന ടെലിവിഷന്‍ വാര്ത്താസാക്ഷരത. പിടിച്ച് നില്ക്കണമെങ്കില് വമ്പന്‍ മൂലധനത്തിന്റെ പിന്തുണ അനിവാര്യം. എന്നാല്‍ വാര്‍ത്ത ഇതര ടെലിവിഷന്റെ നില ഭദ്രമാണ്. ലോകത്ത് എല്ലായിടത്തുമെന്നപോലെ അത് ലാഭകരവുമാണ്. വിനോദത്തിനായി ടെലിവിഷന്‍ ഉപയോഗിക്കുന്നവരാണ് കൂടുതല്‍. അവരുടെ സമയമാണ് വൈകിട്ട് ഏഴുമുതല്‍ പതിനൊന്നുവരെയെങ്കിലും നീളുന്ന പ്രൈംടൈം. സൂര്യയും ഏഷ്യാനെറ്റും മഴവില്‍ മനോരമയും അടക്കിവാഴുന്ന ഇടം. ആ സമയത്തോടാണ് വാര്‍ത്താചാനലുകളുടെയും മല്‍സരം.
കേരളം വാര്‍ത്തയുടെ പിടിയിലാവുന്നത് മാസത്തില്‍ ഒന്നോരണ്ടോ തവണയെന്ന കണക്കിലാണ്. അങ്ങനെയാണ് സ്ഥിതിവിവര പഠനങ്ങള്‍. ആ പിടി നീണ്ടുനില്‍ക്കുന്ന കാലത്ത് മാത്രമാണ് വിനോദ ടി.വിയുടെ പിടിയില്‍ നിന്ന് വാര്‍ത്താ ടി.വിയുടെ പിടിയിലേക്ക് റിേമാട്ട് കണ്ട്രോള് എത്തുക. കുടുംബത്തിനകത്താണ് തൊണ്ണൂറ് ശതമാനം ടി.വി കാഴ്ചയും. അവിടെത്തന്നെയാണ് റേറ്റിംഗിന്റെ ഇണ്ടാസുമുള്ളത്. മധ്യവര്‍ഗ വീടുകളിലെ പുരുഷനാണ് വാര്‍ത്താ ചാനലുകളുടെ മുഖ്യ ഉപഭോക്താവ്. മധ്യവര്‍ഗ വീടുകളാണല്ലോ ചാനല്‍ പരസ്യങ്ങളുടെയും പ്രധാന ടാര്‍ഗറ്റ് ഗ്രൂപ്പ്. കുടുംബ പരിപാടികള്‍ അരങ്ങുവാഴുന്ന വൈകിട്ട് ഏഴുമുതല്‍ ഒമ്പത് വരെയാണ് മധ്യവര്‍ഗ പുരുഷന്റെയും വീട്ടക സമയം. ആ അസമയത്ത് ആ പുരുഷനെ റിമോട്ട് കണ്ട്രോളിന് മേല്‍ അധികാരം പ്രയോഗിക്കാനും വാര്‍ത്ത കേള്‍ക്കാനും പ്രേരിപ്പിക്കുക എന്ന ഹിമാലയന്‍ ടാസ്കാണ് കേരളത്തിലെ ഓരോ വാര്‍ത്താചാനലിന് മുന്നിലും ഉള്ളത്.
ആ ഹിമാലയന്‍ ടാസ്കാണ് അപമാനകരമായ ഒരു അവസ്ഥയിലേക്ക് വാര്‍ത്താചാനലുകളെ തള്ളിയിട്ടത്. വാര്‍ത്തയും വാര്‍ത്തേതര ടെലിവിഷനിലെ ജനപ്രിയ പരിപാടികളും തമ്മിലെ അതിര്‍ത്തി മാഞ്ഞുതീര്‍ന്നു. പ്രൈം ടൈമില്‍ മധ്യവര്‍ഗ പുരുഷനെ ആകര്‍ഷിക്കാനുള്ള ചേരുവകളിലേക്ക് വാര്‍ത്താസംഘത്തിന് സഞ്ചരിക്കേണ്ടി വന്നു. അത് ഒഴിവാക്കാനാവാത്ത ഒന്നായിരുന്നില്ല. കൃത്യമായ അഭിരുചി നിര്‍മാണത്തിന് ശേഷിയുള്ള മാധ്യമമാണ് വിഷ്വല്‍ മീഡിയ. യഥാര്‍ത്ഥ വാര്‍ത്തകളും അവയുടെ യഥാര്‍ത്ഥ വിശകലനങ്ങളും മാത്രമേ ഞങ്ങള്‍ നല്‍കൂ എന്ന് അവര്‍ക്ക് തീരുമാനിക്കാമായിരുന്നു. അത് പക്ഷേ ഒറ്റക്ക് ഒരു ചാനലിന് സാധ്യമാവണമെന്നില്ല. അതിന് ശ്രമിച്ച പലരും മുന്‍പേ ഗമിക്കുന്ന ഗോവിന്റെ പിമ്പേ നടക്കുന്ന ഗോക്കളായി മാറിയത് നാം കണ്ടതാണ്.
മലയാളി അഭിരുചിയുടെ അടിസ്ഥാന സ്വഭാവം സംബന്ധിച്ച വലിയ തെറ്റിദ്ധാരണയും വാര്‍ത്താ ചാനലുകളുടെ ഉള്ളടക്കത്തെ വലിയ തോതില്‍ മലീമസമാക്കി എന്നതും കാണാതിരുന്നുകൂടാ. അതിലൊന്ന് മലയാളിയുടെ വോയര്‍ കൗതുകത്തെ വാര്‍ത്തയിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ്. ഒളിഞ്ഞുനോട്ട തൃഷ്ണ. മലയാളി മധ്യവര്‍ഗത്തിന്റെ ഭദ്രലോകത്തിന് അപരരുടെ സദാചാരപരവും ധാര്‍മികവുമായ വീഴ്ചകള്‍ കാണുമ്പോള്‍ ഒളിഞ്ഞുനോട്ട തൃഷ്ണയുടെ ആളിക്കത്തലുകള്‍ സംഭവിക്കുമെന്ന് പൊതുവേ ഒരു ധാരണയുണ്ട്. സാമൂഹിക മനശ്ശാസ്ത്ര അന്വേഷണങ്ങള്‍ ആ നിഗമനത്തെ ശരിവെച്ചിട്ടുമുണ്ട്. ജനപ്രിയ സിനിമകളുടെ കഥാഘടന ആലോചിച്ചാല്‍ അത് മനസിലാക്കാം. വീഴ്ച സദാചാരപരമാണെങ്കില്‍ ഗൂഡാഹ്ലാദം ഇരട്ടിക്കും. ൈലംഗികതയുടെ സൂചനകളുള്ള, സ്ത്രീശരീരത്തിന്റെ സാന്നിധ്യമുള്ള വാര്‍ത്തകളോട് ചാനലുകള്‍ കാണിക്കുന്ന ആര്‍ത്തി ഓര്‍മിക്കുക. നിഷ്ഠൂരമായ, ജനാധിപത്യത്തെ വില്പനക്ക് വെച്ച രാഷ്ട്രീയ അഴിമതി ചര്‍ച്ചയായ കാലത്ത് അതില്‍ പങ്കാളിയായ സ്ത്രീയുടെ അഴകളവും രതിജീവിതവുമാണ് മലയാളിയുടെ സ്വീകരണമുറിയില്‍ നിറഞ്ഞാടിയത്. സോളാര്‍ കേസ് ഓര്‍മിക്കുക. വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് ആകാശം മുട്ടിയ കാലം. പത്തുമണിയിലെ ക്രൈം വാര്‍ത്തകള്‍ ഈ കൗതുകത്തിന്റെ സാക്ഷാത്കാരമാണ്. എന്താണ് ആ വാര്‍ത്താപരിപാടി വാര്‍ത്ത എന്ന സാമൂഹ്യസ്ഥാപനത്തിന് നല്കുന്ന സംഭാവന എന്ന് ആലോചിച്ചിട്ടുണ്ടോ? അപകടകരമായ മനോനിലകളുടെ വളര്‍ത്തലും വിപണനവുമാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ?
തീര്‍ന്നില്ല. ജനപ്രിയ സിനിമകളോട് കെട്ടുപിണഞ്ഞുള്ള ഒരു മനോഭാവം മധ്യ-കീഴ്വര്‍ഗ സമൂഹത്തിലുണ്ട്. രണ്ടായിരത്തില്‍ യുവാവായ മലയാളി ഉള്‍പ്പെടെ പിന്നോട്ടുള്ള ഭൂരിഭാഗം പേരും ജനപ്രിയ സിനിമകളുടെ വലിയ ആരാധക സമൂഹമാണ്. അലറി വിളിക്കുന്ന, അധികാരങ്ങളെ ചോദ്യം ചെയ്യുന്ന വീരനായകന്മാര് വെള്ളിത്തിര വാണകാലത്തിന്റെ ഓര്‍മകളുണ്ട് അവരുടെ പൊതു അവബോധത്തില്‍. വീരാരാധനയും താരാരാധനയും അതിന്റെ ഭാഗമാണ്. ആണ്വീറുകള് അഴിഞ്ഞാടിയ തൊണ്ണൂറുകളുടെ ഒടുക്കം വരെയുള്ള സിനിമാ നായകരില്‍ വീരത്വം ദര്‍ശിക്കുന്ന ഒരു മനോനില. എല്ലാ അധികാരികളേയും അറഞ്ചം പുറഞ്ചം ചോദ്യം ചെയ്യുന്ന നായകന്മാര്, ആ നായകന്മാരെ കണ്ണിമ പൂട്ടാതെ അനുകരിക്കുന്ന നായികമാര്‍. അവരുടെ നിലക്കാത്ത ഓറല്‍ ഡയേറിയ. അധികാരികളുടെ മുന്നില്‍ അനീതികളുടെ മുന്നില്‍, അവര്‍ അഴിച്ചുവിട്ട അക്രമോല്സുക ഡയലോഗുകള്‍ക്ക് കയ്യടിച്ച ഭൂതകാലം. നിര്‍ത്താതെ സംസാരിക്കുന്ന നായകന്മാര്ക്ക് പേരുകേട്ടതാണല്ലോ ദക്ഷിണേന്ത്യന്‍ സിനിമ. ഒരു സമൂഹം സത്താപരമായി പുരോഗമിക്കുമ്പോള്‍ ഊരിക്കളയേണ്ട ഒന്നാണ് അത്തരം ആരാധനകള്‍. അത്തരം ഊരിക്കളയലിന് കളമൊരുക്കേണ്ടവരാണ് മാധ്യമങ്ങള്‍. പക്ഷേ, ആ നായകത്വത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ കോട്ടിട്ട് കുടിയിരുത്തുകയാണ് വിപണിയുടെ സമ്മര്‍ദം ചെയ്തത്. ഇ. സനീഷ്, വേണു ബാലകൃഷ്ണന്, ഷാനി തുടങ്ങിയ അവതാരകരെ ഉപയോഗിച്ചുള്ള പ്രൊമോകള്‍ ഓര്‍മിക്കുക. അവരുടെ ചലനങ്ങളും പശ്ചാത്തല സംഗീതവും ശ്രദ്ധിക്കുക.
മൂന്നാമതായി നവലിബറലൈസേഷന്റെ കാര്‍മികത്വത്തില്‍ രൂപപ്പെട്ട ഒരു പൊങ്ങു സമൂഹത്തിന്റെ സാന്നിധ്യമാണ്. അഥവാ അത്തരം സമൂഹത്തിന്റെ മേല്‍ക്കൈ ആണ്. വിപണി കേന്ദ്രിതമായ ലോകത്തെ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ നവലിബറല്‍ മൂല്യവ്യവസ്ഥ പലതരം യുദ്ധമുറകള്‍ പയറ്റും. അതിലൊന്നാണ് പൊങ്ങുസമൂഹങ്ങളുടെ നിര്‍മാണം. സ്വന്തം വീട്ടകത്തിന് പുറത്തുള്ള ഒന്നും തങ്ങളുടെ പ്രശ്നമല്ല എന്ന അവസ്ഥയാണത്. ഞാനും കെട്ട്യോളും ഞങ്ങടെ തട്ടാനും എന്ന നില. ലോകത്തെ മറ്റെന്തും ഒരു തൊലിപ്പുറ അനുഭവത്തിനപ്പുറത്തേക്ക് പോകുന്നില്ല. അത് പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം ആയാല്‍ പോലും. അപ്പോള്‍ പ്രളയ കാലമോ എന്ന ചോദ്യം ഉയരാം. നവലിബറലിസത്തിന്റെ തറവാടായ ക്യാപ്പിറ്റോള്‍ കുന്നിനെ മുക്കാന്‍ കരുത്തുണ്ട് വെള്ളത്തിന് എന്നാണ് മറുപടി. എന്നിട്ടും പ്രളയം കഴിഞ്ഞ് വെറും ഒന്നരമാസം പിന്നിട്ട കേരളത്തില്‍ പ്രളയം ബാധിക്കാത്തവര്‍ക്ക് പ്രളയത്തോടുള്ള മനോഭാവം എന്ത് എന്ന് ഓര്‍മിക്കുക. ഈ പൊങ്ങു സമൂഹത്തിന് വാര്‍ത്തയും ഒരു തൊലിപ്പുറ അനുഭവമാണ്. അത് പിന്തുടരേണ്ട ഒന്നല്ല. പ്രളയകാലത്തെ മാധ്യമാനുഭവം മറ്റൊരു വിഷയമാണ്. ശിരസ്സറ്റം വെള്ളം പൊങ്ങിയാല്‍ പിന്നെന്ത് വിപണി? ഇതൊന്നും പുതിയ കാര്യങ്ങളല്ല. നിരവധി അന്വേഷണങ്ങള്‍ നടന്നുകഴിഞ്ഞ മാധ്യമ പഠനമാണ്. അതിനാല്‍ തിയറിയാണ്.
ഈ മനോനിലകളെ നിര്‍ലജ്ജം വിറ്റു എന്നതാണ് മലയാളി സമൂഹത്തോട് വാര്‍ത്താ ചാനലുകള്‍ ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന അപരാധം. തുടക്കത്തില്‍ നാം പറഞ്ഞു ഈ ലേഖനം ആവശ്യപ്പെടുന്ന ഭാഷയിതല്ല എന്ന്. മറിച്ച് വിനു വി. ജോണ്‍ എന്ന അവതാരകന്റെ മുന്‍വിധികളും അദ്ദേഹത്തിന്റെ അനവസരത്തിലുള്ള വെല്ലുവിളികളും വര്‍ഷങ്ങളുടെ പ്രവര്‍ത്തന ചരിത്രമുള്ള മനുഷ്യരോടുള്ള അല്പത്തത്തിന്റെ പരകോടിയിലുള്ള പുച്ഛവും വാര്‍ത്തകളെ, ചര്‍ച്ചകളെ വഴിതിരിച്ച് ബഹളമയവും ഒരുവേള കടുത്ത തെറിവിളികള്‍ പോലുമാക്കാന്‍ പയറ്റുന്ന ഉല്‍സാഹവും പച്ചക്ക് പറഞ്ഞ് വിചാരണ ചെയ്യുകയാണ് വേണ്ടത്. താനൊഴികെയുള്ള കേരളം എത്ര മലീമസമാണ്, വോട്ട് ചെയ്യല്‍ ഒഴികെ തനിക്ക് ഒരു പങ്കില്ലാത്ത രാഷ്ട്രീയം എത്ര കെട്ടതാണ് എന്ന മധ്യവര്‍ഗ അബോധത്തെ ആളിക്കത്തിക്കുക വഴി വിനു ചെയ്യുന്ന ദ്രോഹങ്ങളെ തുറന്നുകാട്ടുകയാണ് വേണ്ടത്. വോട്ട് എന്നാല്‍ ഒരു വില്പനവസ്തുവാണ് പ്രതിഫലം നിര്‍ബന്ധമാണ് എന്ന ജനാധിപത്യ വിരുദ്ധവും അജ്ഞതയില്‍ നിന്ന് ഉടലെടുക്കുന്നതുമായ മിഡില്‍ ക്ലാസ് ബോധത്തെ ഊട്ടിയുറപ്പിക്കുക വഴി അദ്ദേഹം മാധ്യമ നൈതികതയടെ കടക്കല്‍ കത്തിവെക്കുകയാണ് എന്ന് പറയുകയാണ് വേണ്ടത്. അത് പക്ഷേ, നമ്മള് ചെയ്യില്ല. കാരണം ഈ കുറ്റകൃത്യത്തില്‍ വിനു. വി. ജോണ്‍ എന്ന മാധ്യമ ്രപവര്ത്തകന് മുഖ്യ പ്രതിയല്ല. വലിയ അര്‍ത്ഥത്തില്‍ പ്രതിപോലുമല്ല. നമ്മള് ആദ്യം പറഞ്ഞ വിപണി മല്‍സരത്തിന്റെ ഇരയാണ്.
എന്തിനാവണം വേണു ബാലകൃഷ്ണന് എന്ന മാധ്യമപ്രവര്ത്തകന് ന്യൂസ് റൂമില്‍ ഇത്ര അഗ്രസീവാകുന്നത്? പതിറ്റാണ്ടുകളുടെ ഇടപെടല്‍ പാരമ്പര്യമുള്ള മനുഷ്യരെ ഇങ്ങനെ അപമാനിക്കുന്നത്? അവരെ വിളിച്ചിരുത്തിയിട്ട് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നില്‍ക്കാതെ അവരില്‍ നിന്ന് അഹന്തയോടെ മുഖം തിരിക്കുന്നത്. പറയാന്‍ വന്നത് പറയട്ടേ എന്ന് യാചിക്കുന്ന വലിയ നേതാക്കളോട് ക്ഷുഭിതനാകുന്നത്? ആദ്യമായി ചാനല്‍ വെളിച്ചത്തില്‍ പകച്ചുപോകുന്ന മനുഷ്യരെ കുറ്റവാളിയെപ്പോലെ വിചാരണ ചെയ്യുന്നത്? കോടതിയില്‍ നടക്കാനിരിക്കുന്ന കേസില്‍ വിധി പറയുന്നത്? എന്തിനാണ് അദ്ദേഹം അടിയന്തിരാവസ്ഥയിലെ ഉരുട്ട് ബെഞ്ചുകളായി ചര്ച്ചാമുറികളെ മാറ്റുന്നത്? എന്തായിരിക്കാം അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിറഞ്ഞുനില്ക്കുന്ന ധാര്‍ഷ്ട്യത്തിന്റെ കാരണം? ഈ ലേഖനം വാസ്തവത്തില്‍ ആവശ്യപ്പെടുന്നത് ഈ ചോദ്യങ്ങള്‍ ചോദിക്കലാണ്. വേണു ഉപയോഗിക്കുന്ന അതേ ഭാഷയില്‍ ചോദിക്കലാണ്. പക്ഷേ, നമുക്കത് വയ്യ. കാരണം മധ്യവര്‍ഗ വോയര്‍ കൗതുകങ്ങളെ, മധ്യവര്‍ഗ വീരാരാധനകളെ, മധ്യവര്‍ഗ അധികാര വിരോധത്തെ തൃപ്തിപ്പെടുത്തുന്ന ദൗത്യം അറിയാതെ നിര്‍വഹിക്കേണ്ടി വരുന്ന ശരീരമായി നമുക്ക് അദ്ദേഹത്തെ മനസിലാക്കേണ്ടതുണ്ട്. നിപ ഭീതി പടര്‍ത്തിയ കാലത്ത് മനോരമയിലെ നിഷ എന്തിനാണ് അത്ര നിരുത്തരവാദപരമായി സംസാരിച്ചത് എന്ന ചോദ്യത്തിനും ഇത് തന്നെയാണ് നമ്മുടെ ഉത്തരം.
സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രസ്താവനകള്‍ക്ക് കുപ്രസിദ്ധനാണ് പി.സി ജോര്‍ജ്. അങ്ങനെ സംസാരിക്കുന്നതിന് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ന്യായങ്ങളുണ്ട്. എന്നിട്ടും അദ്ദേഹം അത്തരം വിഷയങ്ങളിലെ ചര്‍ച്ചകളില്‍ നിരന്തരം അതിഥിയാവാന്‍ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? അദ്ദേഹം അതേ പറയൂ എന്ന് ഉറപ്പിച്ചാണ് അദ്ദേഹത്തെ ചാനലുകള്‍ വിളിക്കുക. മലയാളി ജീവിതത്തെ മതപരമായി പിളര്‍ത്താന്‍ പരിശ്രമിക്കുന്ന ഒരു യുവാവിനെ, ദീര്‍ഘമായും സ്ഫുടമായും സംസാരിക്കാന്‍ ശേഷിയുള്ള ആ ത്രന്തികുടുംബാംഗത്തെ വീഡിയോ ജോക്കിയില്‍ നിന്ന് ഹിന്ദു വക്താവായി മാറ്റിയത് ആരാണ് എന്ന് ഓര്‍ക്കുക. പ്രകോപനത്തെക്കാള് നല്ല വോയര്‍ വിഭവം മറ്റൊന്നുമില്ല എന്നും തിരിച്ചറിയുക. വിടുവായത്തങ്ങള്‍ക്കും പ്രകോപനപരമായ വെല്ലുവിളികള്‍ക്കും വിവാദം വിളിച്ചു വരുത്താവുന്ന പ്രസ്താവനകള്ക്കുമായാണ് ഓരോ ഒമ്പതുമണി നേരത്തും ചാനലുകള്‍ കാത്തിരിക്കുന്നത്. പാനല്‍ സംബന്ധിച്ച ചര്‍ച്ച മുതല്‍ തുടങ്ങുന്നു ഈ കരുതല്‍. കാര്യമാത്ര പ്രസക്തമായി സംസാരിക്കാന്‍ കഴിവുള്ള പൊതുബുദ്ധിജീവിതങ്ങളെ നിങ്ങള്‍ അവിടെ കാണില്ല. പകരം പ്രകോപനം സൃഷ്ടിക്കാന്‍ കഴിയുന്ന, വിവരക്കേടുകള്‍ ഉളുപ്പില്ലാതെ ആവര്‍ത്തിക്കുന്ന ബഹളങ്ങളില്‍ അഭിരമിക്കുന്നവരാണ് അവിടെയധികമുണ്ടാവുക. ചാനലുകളില്‍ വലിയ സ്വീകാര്യതയുള്ള ചര്‍ച്ചക്കാരെ ഓര്‍ക്കുക. ജയശങ്കറിനെപ്പോലുള്ള പരിണിത പ്രജ്ഞരെപ്പോലും കോമാളി വേഷത്തിലേക്ക് ഉന്തിയിടാന്‍ പോന്ന പ്രകോപനങ്ങള്‍ക്ക് ചാനലുകള്‍ തിരക്കഥ ഒരുക്കാറുണ്ട്.
ശാരീരികമായി വിമര്‍ശിക്കപ്പെടുന്നു എന്നതിനാലാണ് വിനു വി.േജാണും വേണു ബാലകൃഷ്ണനും വ്യക്തിതലത്തില്‍ ഇവിടെ പരാമര്ശിതരായത്. ലക്ഷ്യം വ്യക്തിയല്ല. വിഷയം ജനാധിപത്യമാണ്. സംവാദമാണ് ജനാധിപത്യത്തിന്റെ കാതല്‍. ആ സംവാദത്തെ ചലിപ്പിക്കുന്നത് മാധ്യമങ്ങളാണ്. ഒരു ദൃശ്യമാധ്യമത്തിന്റെ എഡിറ്റോറിയലാണ് പാനല്‍ ചര്‍ച്ചകള്‍. പ്രേക്ഷകരോടും നാടിനോടും ചാനല്‍ നടത്തുന്ന സംവാദമാണത്. നിലവില്‍ ആ ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയെ, സംവാദപരതയെ തകര്‍ക്കുകയാണ്. ചര്‍ച്ചയായി മാറേണ്ട വിഷയത്തെത്തന്നെ ഇല്ലാതാക്കുകയാണ്. സംവാദത്തിന്റെ സഹിഷ്ണുവായ അന്തരീക്ഷം ഇല്ലാതായാല്‍ അത് ജനാധിപത്യത്തെ ബാധിക്കും. ജനാധിപത്യം ചാനലുകളുടെ ഒരു മാര്‍ക്കറ്റ് വിഷയമല്ല.
ഓരോ വിഷയവും ആവശ്യപ്പെടുന്ന അക്കാദമികവും പ്രായോഗികവുമായ അനുഭവങ്ങളുണ്ട്. ആ അനുഭവമുള്ളവരുടെ സംവാദമാണ് വിഷയം അര്‍ഹിക്കുന്നത്. തട്ടിക്കൂട്ടുന്ന ആസ്ഥാന കോമാളികളുടെ അതിസാരത്തെ സംവാദമെന്ന് പേരിട്ട് ചാനലുകള്‍ അടിച്ചേല്പിക്കരുത്. ഒന്നോ രണ്ടോ വിഷയ വിദഗ്ധരും അതിലേറെ അതിസാരക്കാരുമെന്ന മട്ടിലെ പാനല്‍ നിര്‍ണയം ജനാധിപത്യത്തെ കുരുതികൊടുക്കലാണ്. വിദഗ്ധരെ വിളിച്ചിരുത്തുക. അവരോട് അവതാരകന് നെടുങ്കന്‍ പ്രഭാഷണം നടത്തുക. അവര്‍ വിഷയം അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോഴേക്ക് ആസ്ഥാന വിദ്വാനിലേക്ക് മൈക്ക് തിരിക്കുക, അയാളെ പ്രകോപിപ്പിക്കും വിധം കമന്റുകള്‍ നടത്തുക, അയാള്‍ പ്രകോപിതനായി പറയുന്ന വിടുവായത്തങ്ങള്‍ തലയാട്ടി കേള്‍ക്കുക. റേറ്റിംഗ് ഭൂതത്തെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന ഈ ആഭാസങ്ങള്‍ മാധ്യമങ്ങളുടെ നിലനില്പിന്റെ വേരറുക്കും എന്ന സൂചനകള്‍ വന്നുകഴിഞ്ഞു.
അതിനാല്‍ മാധ്യമങ്ങളേ വിപണിയുടെ അധികാരത്തെ നിങ്ങള്‍ അവഗണിക്കുക. ആ അധികാരികള്‍ക്കുവേണ്ടി ന്യൂസ് റൂമുകളെ അടിയന്തിരാവസ്ഥയിലെ ഉരുട്ടുബെഞ്ചുകളാക്കി മാറ്റാതിരിക്കുക. അധികാരത്തോട് സമരം ചെയ്താണ് മാധ്യമപ്രവര്‍ത്തനം എന്നും പുലര്‍ന്നത്. സന്ധിചെയ്തല്ല. വിപണിയധികാരത്തോടുള്ള സന്ധികള്‍ നിങ്ങളെ ഇല്ലാതാക്കും. നിങ്ങളുടെ വിശ്വാസ്യതയെ ഇല്ലാതാക്കും. അത് സംഭവിക്കുന്നുണ്ടെന്ന് മനസിലാക്കണം. ന്യൂസ്റൂമുകളില്‍ നിന്ന് ഒമ്പതുമണിച്ചര്ച്ചയിലൂടെ പുറത്ത് വരുന്ന ജനാധിപത്യ വിരുദ്ധതയുടെ അടയാളങ്ങളായി നിങ്ങളുടെ ക്യാമറകളേയും റിപ്പോര്‍ട്ടര്‍മാരെയും ജനങ്ങള്‍ സമീപിച്ചു തുടങ്ങി. ചോദ്യങ്ങള്‍ ചോദിക്കണം. ഉത്തരങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ കണ്ടെത്തണം. പക്ഷേ, ഒന്നും ആരുടേയും അവകാശമല്ല. പറയുന്നവനും ചോദിക്കുന്നവനും തമ്മിലെ ജനാധിപത്യ പരമായ വിനിമയത്തിലേക്കാണ് നിങ്ങള്‍ സ്വയം പരിശീലിക്കേണ്ടത്. സ്വയം പരിശീലനത്തോളം വലിയ പ്രതിരോധമില്ല.
ബിനോജ് സുകുമാരന്‍
You must be logged in to post a comment Login