സാമൂഹിക മാധ്യമങ്ങള്‍ നുണകളുടെ പ്രചാരണവേദികളായ കാലത്ത് അത്തരം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ ഉറവിടവും നിജസ്ഥിതിയും മനസിലാക്കുകയെന്ന ബാധ്യത അത് വായിക്കുന്ന ഒരോരുത്തരുടേതുമാണ്. നുണ വാര്‍ത്തകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി എന്താണ് വാസ്തവം എന്നു മനസിലാക്കാനുള്ള ഉദ്യമം മറ്റു മാധ്യമസ്ഥാപനങ്ങളിലും ഉണ്ടാവണം. ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ കൈമാറിക്കൊണ്ടിരുന്ന ഒരു ചിത്രമാണ്, അര്‍ധചന്ദ്രനൊപ്പം’ഐ ലവ് പാകിസ്ഥാന്‍’ എന്ന് മുദ്രണം ചെയ്ത ബലൂണ്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടന്ന കൊത്‌വാലി റോഡ് മേളയില്‍ വിറ്റഴിക്കപ്പെട്ടു എന്നു പൊലീസ് ആരോപിക്കുന്ന ബലൂണിന്റെ, യഥാര്‍ത്ഥ കഥ തേടി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വളരെ പ്രാധാന്യം ഉള്ളതാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തിന്റെ അപകടാവസ്ഥയുടെ മറുവശം തുറന്നുകാട്ടുന്നതായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട്. ഇത് ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിക്കുന്ന സമയത്ത് ഇന്ത്യാടുഡേ ഒരു റിപ്പോര്‍ട്ട് പുറത്തുവിടുകയുണ്ടായി. വളരെ സംശയകരമായി ബലൂണിന്റെ വരവിനെ നോക്കിക്കാണുന്ന റിപ്പോര്‍ട്ടില്‍ ബലൂണ്‍ ഒരു ഇസ്‌ലാംമത വിശ്വാസിയുടേതാണെന്നും, കൊത്‌വാലി റോഡ് മേളയില്‍ സാമുദായിക അസഹിഷ്ണുതകള്‍ക്കും കലാപത്തിനും ഇടയുണ്ടെന്നും ആശങ്കപ്പെടുന്നു. എന്നാല്‍ യുക്തിപരമായി ബലൂണ്‍ യഥാര്‍ത്ഥത്തില്‍ അപകടകരമാണോ എന്ന് ആഴത്തില്‍ പരിശോധിക്കുന്ന ഒന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. ഇവിടെയാണു ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഔചിത്യം.പ്രസ്തുത റിപ്പോര്‍ട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബലൂണിനു പുറകില്‍ വ്യക്തമായ അജണ്ടയുണ്ടായിരുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ ബലൂണ്‍ വില്‍പന നടത്തി എന്ന പേരില്‍ പൊലീസ് പിടികൂടിയ സത്താര്‍ എന്ന യുവാവ് നിരക്ഷരനാണ്, ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ‘ഐ ലവ് പാകിസ്ഥാന്‍’ എന്ന വാചകം അദ്ദേഹത്തിന് വായിക്കാന്‍ സാധിക്കില്ല, സത്താറിന്റെ ഭാര്യ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയപ്പെടുന്ന സലീം എന്ന ബലൂണ്‍ വില്‍പ്പനക്കാരന്റെ വാക്കുകളില്‍, അത്തരത്തിലൊരു ബലൂണ്‍ അയാള്‍ കണ്ടിട്ടില്ല, മറ്റാരെങ്കിലും കണ്ടതായി അയാള്‍ക്ക് അറിയില്ല. ഇന്നത്തെ കാലത്ത് ഒരാള്‍ക്ക് വ്യാജമായി സംഘടിപ്പിക്കാവുന്നതല്ലേയുള്ളൂ ആ ബലൂണ്‍ എന്നാണ് സലീം പറയുന്നത്.ബലൂണുകളെല്ലാം തന്നെ ചൈനയില്‍ നിന്നുമാണ് പതിവായി വരാറുള്ളത്. അതുകൊണ്ട് തന്നെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പൊലീസുകാരന്‍, ഇത് ഇന്ത്യയില്‍ കലാപം ഉണ്ടാക്കാനുള്ള ചൈനീസ് ഗൂഢ പദ്ധതിയാണെന്ന് വരെ പറയുകയുണ്ടായി. റിപ്പോര്‍ട്ട് പ്രകാരം ബലൂണ്‍ കൊണ്ട് ബുദ്ധിമുട്ടുണ്ടായത് സത്താറിനും കുടുംബത്തിനുമാണ്, മുസ്‌ലിം നാമധാരി, പാക്കിസ്ഥാനെ സ്‌നേഹിക്കുന്നു എന്ന് പതിച്ച ബലൂണ്‍ വിട്ടു എന്ന കുറ്റത്തിന് ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുള്ള തന്റെ വീടു ഒഴിഞ്ഞുകൊടുക്കാനുള്ള സമ്മര്‍ദത്തിലാണ്. സത്താറിന് മറ്റൊരു താമസ സ്ഥലം കണ്ടെത്തുക എന്ന ബാധ്യതയാണ് ആരോ പടച്ചുവിട്ട ബലൂണ്‍ കഥ മൂലം നേരിടേണ്ടി വന്നത്. ഒരുപക്ഷേ മാധ്യമങ്ങളാരും തന്നെ ബലൂണിന്റെ കഥ അന്വേഷിച്ചിറങ്ങിയില്ലെങ്കില്‍, ബലൂണിനൊപ്പം ഊതിവീര്‍പ്പിച്ച നിരവധി നുണകള്‍ സാമൂഹിക മധ്യമങ്ങളിലൂടെ കൂടുതലായി പടച്ചുവിട്ടേനെ. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും അന്വേഷണമില്ലാതെ കെട്ടിക്കിടക്കുന്ന അനേകം കേസുകള്‍ക്കുമെല്ലാം ഉപരിയായി, എവിടെ നിന്നോ തല പൊക്കിയ ഒരു ബലൂണ്‍ ആണ് യു.പി യിലെ ക്രമസമാധാനപാലകരെ വ്യാകുലപ്പെടുത്തുന്നത്.
അസീമിന്റെ കൊല
ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം എത്രത്തോളം മലീമസമായിരിക്കുന്നു എന്നതിന്റെ തെളിവാണ്, തലസ്ഥാന നഗരിയില്‍ മുഹമ്മദ് അസീം എന്ന പിഞ്ചു ബാലനെ കൊലപ്പെടുത്തിയ സംഭവം. വര്‍ഗീയാന്ധമായ രാഷ്ട്രീയ അന്തരീക്ഷം നഗരങ്ങളിലെ ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരികുവല്‍ക്കരിക്കാന്‍ കാരണമാകുന്നു. മുഹമ്മദ് അസീമിന്റെ കൊലപാതകം വലിയ ബഹളങ്ങളൊന്നും ഉണ്ടാക്കിയില്ല. മുസ്‌ലിംകള്‍ തെരുവില്‍ ബലിയാടുകളാകുന്നത് അസാധാരണമല്ല എന്നൊരു ഭയാനകമായ സൂചന അത്തരം നിശബ്ദതകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ലിബറല്‍ കാഴ്ചപ്പാടുകളില്‍ വ്യക്തമാവാത്ത, മുസ്‌ലിം വിഭാഗത്തിലുള്ള ഓരോ ഇന്ത്യക്കാരനും അനുഭവിക്കേണ്ടി വരുന്ന അനിര്‍വചനീയമായ ഭയത്തിന്റെ ആവരണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ പിടികൂടിയിരിക്കുന്നു. മുഹമ്മദ് അസീം വാര്‍ത്തകളിലുണ്ട്. പക്ഷേ എത്രത്തോളം പ്രാധാന്യത്തോടെയും ഗൗരവത്തോടെയുമാണ് ഉള്ളതെന്നാണ് പരിശോധിക്കേണ്ടത്. അസീമിന്റെ മരണത്തിനു ശേഷം വളരെ വൈകിയാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുഹമ്മദ് അസീമിന്റെ ഘാതകര്‍ ഒരുകൂട്ടം കുട്ടികളാണ്, ചേരിപ്രദേശത്തു താമസിക്കുന്ന ദളിതരായിട്ടുള്ള, സാമൂഹികമായും സാമ്പത്തികമായുമുള്ള അരക്ഷിതാവസ്ഥയില്‍ കഴിയുന്നവര്‍. എന്നാല്‍ തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ദ്രോഹവും ചെയ്തിട്ടില്ലാത്ത മുസ്‌ലിം വിഭാഗത്തോട് കഠിനമായ ശത്രുത പുലര്‍ത്താന്‍ കാരണമാകുന്നത് എന്താണെന്നതായിരിക്കണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. മുഹമ്മദ് അസീമിനെ കൊലപ്പെടുത്തിയ ചേരിയിലെ ഹിന്ദു സ്ത്രീ തങ്ങളെ ഭീഷണിപ്പെടുത്തിയതായി സമീപവാസിയായ മുസ്‌ലിം പറയുന്നു. എന്നാല്‍ സാമൂഹികമായി ഒരേ തട്ടില്‍ കഴിയുന്നവരെ തമ്മിലടിപ്പിക്കുന്നതിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ ആരുടേതാണ്? ഹിന്ദു മുസ്‌ലിം സ്പര്‍ധ വളര്‍ത്തി കലുഷിതമായ അന്തരീക്ഷം ലക്ഷ്യം കാണുന്നവര്‍ക്കുള്ള മുതലെടുപ്പുകളൊന്നും, മുഹമ്മദ് അസീമിന്റെ ഘാതകര്‍ക്കില്ല. കുട്ടികള്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായി എന്നു വിശ്വസിക്കാന്‍ കഴിയില്ല എന്ന പൊലീസ് ഭാഷ്യം വാസ്തവത്തില്‍ മറയിടലാണ്. പിഞ്ചുകുഞ്ഞുങ്ങളില്‍ പോലും വര്‍ഗീയത കുത്തി നിറക്കുന്ന രാജ്യത്ത്, കുഞ്ഞുങ്ങള്‍ വര്‍ഗീയമായി ധ്രുവീകരിക്കപ്പെടില്ല എന്നതൊക്കെ മിഥ്യാധാരണയാണ്. മുസ്‌ലിംകളെ തീവ്രവാദികളും വിഘടനവാദികളുമായി മുദ്രകുത്തിയതിന്റെ മുക്കാല്‍ പങ്കു ഉത്തരവാദിത്വവും മാധ്യമങ്ങള്‍ക്കാണ്. അസീമിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്, പ്രദേശത്തെ അധസ്ഥിതരായ ഹിന്ദു വിഭാഗക്കാരും മുസ്‌ലിംകളും തമ്മിലുള്ള പോരായിട്ടാവരുത്. മറിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങളെ അതീവ ലാഘവത്തോടെ നോക്കിക്കാണുന്ന സമൂഹത്തെയും പാകപ്പെടുത്തിയ ഭരണകൂടത്തിനും നേര്‍ക്കായിരിക്കണം വിരല്‍ ചൂണ്ടേണ്ടത്. പക്ഷേ മിക്ക വാര്‍ത്തകളും മദ്‌റസയിലും ബാല്‍മീകി ക്യാമ്പിലുമുള്ള കുഞ്ഞുങ്ങള്‍ തമ്മിലുള്ള കലഹത്തില്‍ ഒതുങ്ങുന്നതായിരുന്നു. ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ എത്ര പേരെ അറസ്റ്റ് ചെയ്തു, ആര്‍ക്കൊക്കെ ശിക്ഷ വാങ്ങിക്കൊടുത്തു, ആള്‍കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള നിയമനടപടികള്‍ എന്തൊക്കെയായിരുന്നു എന്നതിന്റെ വ്യക്തമായ കണക്കുകള്‍ മാധ്യമങ്ങള്‍ പുറത്തുവിടേണ്ടിയിരിക്കുന്നു. കൊലപാതകങ്ങളുടെ ആവര്‍ത്തനം നിഷ്പ്രയാസം കണ്ടുനില്‍ക്കാന്‍ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും സാധിക്കുന്നതുകൊണ്ടാണ് അത് വീണ്ടും സംഭവിക്കുന്നത്. അടിയന്തിരമായുള്ള സാമൂഹിക ഉദ്‌ബോധനം ആവശ്യമായിരിക്കുന്നു. വെറുപ്പിന്റെ മനഃശാസ്ത്രങ്ങളെ പിഴുതെറിയുന്ന, മാനുഷികതയുള്ള മാധ്യമപ്രവര്‍ത്തനത്തിനാവണം മാധ്യമങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത്. അന്യോന്യം വേര്‍തിരിവ് കാണിക്കാനും, വെറുക്കാനും പഠിപ്പിക്കുന്നവരെ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാണിക്കണം. ഇന്ത്യയില്‍ ഇതുവരെ പൊട്ടിപ്പുറപ്പെട്ട എല്ലാ കലാപങ്ങളിലും നഷ്ടം സാധാരണക്കാര്‍ക്കായിരുന്നു എന്ന ബോധ്യം അവരിലുണ്ടാക്കേണ്ടതുണ്ട്. മുഹമ്മദ് അസീമിന്റെ മരണം സാമുദായിക വിദ്വേഷത്തിന് ആക്കം കൂട്ടുന്നതായിരിക്കരുത്, പകരം ബാല്‍മീകി കോളനിയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതായിരിക്കണം. എരിവു ചേര്‍ക്കാനായി വാര്‍ത്തകളില്‍ തിരുകി കയറ്റുന്ന വര്‍ഗീയച്ചുവയുള്ള വാക്കുകളും പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങളും സാമൂഹികമായ എന്ത് മൂല്യമാണ് ഉള്‍കൊള്ളുന്നത്? ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, മുസ്‌ലിം ബാലന്റെ കൊലപാതകം, പ്രദേശത്തെ വര്‍ഗീയ സ്പര്‍ധ പുനരാരംഭിക്കുന്നു എന്നാണ് കൊടുത്തത്. ഇത് വളരെയധികം വിഷലിപ്തമായ ഒരു തലവാചകമാണ്. ഇത്തരം വിനാശകരമായ വാര്‍ത്തകള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുകയല്ലേ വേണ്ടത്?
മുസ്‌ലിം വോട്ട് ബാങ്ക്
ഔട്ട്‌ലുക്ക് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ പരിശോധിച്ചു കൊണ്ടു പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ മുസ്‌ലിം വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കുറിച്ച് നടത്തിയ അവലോകനം വളരെയധികം പ്രാധാന്യമുള്ളതാണ്. ഹിന്ദുക്കള്‍ക്ക് 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വാഗ്ദാനം അയോധ്യയില്‍ നിയമമാര്‍ഗത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കുമെന്നുള്ളതാണ് എന്ന നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ട്. രാജസ്ഥാനില്‍ മൂന്ന് ആള്‍കൂട്ട കൊലപാതകങ്ങള്‍ നടന്നിട്ടും, ഭരണപക്ഷത്തെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അശോക് ഗെഹ് ലോട്ടിന് സംസ്ഥാനത്തെ പ്രയാസകരമായ അവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്നില്ല. മുസ്‌ലിംകളെ പ്രീതിപ്പെടുത്തുന്ന പ്രസ്താവനകള്‍ തങ്ങളുടെ ഹിന്ദു വോട്ടുകളില്‍ ഇടിവുവരുത്തും എന്ന ഭയമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിനും മുസ്‌ലിംകള്‍ ബാധ്യതയാകുന്നു എന്ന സ്ഥിതിയിലായി കാര്യങ്ങള്‍. മധ്യപ്രദേശില്‍ മുസ്‌ലിംകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാണ്. വലിയ രീതിയിലുള്ള സ്വാധീനങ്ങളൊന്നും തന്നെ രാഷ്ട്രീയരംഗത്തില്ല. നിരന്തരമായ ഭയത്തോടുകൂടി ജീവിച്ചുപോകേണ്ട അനിശ്ചിതത്വമുള്ള രാഷ്ട്രീയ ഭാവിയാണ് മധ്യപ്രദേശിലുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യാതൊരു പരിഗണനയും ലഭിക്കില്ല എന്നത് പ്രശ്‌നങ്ങളുടെ സങ്കീര്‍ണത വെളിപ്പെടുത്തുന്നു. ഔട്ട്‌ലുക്ക് നടത്തിയ അന്വേഷണങ്ങളും, രാഷ്ട്രീയ പരിശോധനകളും ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ന്യൂനപക്ഷങ്ങളെ ഇരകളാക്കുന്നവരെ തുറന്നുകാണിക്കുന്നതാണ്.
യു എസിലെ മേല്‍ക്കോയ്മാ രാഷ്ട്രീയം
അമേരിക്കന്‍ ജനതയുടെ യഹൂദ വിരോധം രൂക്ഷമാവുകയാണ്. ആഗസ്തില്‍ യു എസിന്റെ വിവിധ ഭാഗങ്ങളായ ഇവമൃഹീേേല്െശഹഹല, ഢശൃഴശിശമ എന്നിവിടങ്ങളില്‍ വെള്ളക്കാരുടെ മേല്‍ക്കോയ്മ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ അക്രമാസക്തമായ പ്രകടനങ്ങള്‍ക്ക് ശേഷം പീറ്റേഴ്‌സ്ബര്‍ഗിലെ യഹൂദരുടെ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. നടുക്കം സൃഷ്ടിക്കുന്ന സംഭവത്തിന്റെ കാരണക്കാര്‍ ട്രംപ് ഭരണകൂടമാണെന്നാണ് ദ ഗാര്‍ഡിയന്‍ അടക്കം വിവിധ മാധ്യമങ്ങളുടെ നിരീക്ഷണം. അമേരിക്കയിലെ ഫെഡര്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ കണക്കുപ്രകാരം 54 ശതമാനത്തോളം കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാവുന്നത് യഹൂദരും മുസ്‌ലിംകളുമാണെന്നാണ്. ജൂതന്മാരെ കൊന്നൊടുക്കണം എന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോട് നിസ്സംഗമായി പ്രതികരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ വളര്‍ന്നുവരുന്ന നാസി അനുഭാവത്തെ പരിപോഷിപ്പിക്കുകയാണ്. ഇത് വളരെ അപകടകരവും അതിജീവിക്കാന്‍ പര്യാപ്തമല്ലാത്ത വംശീയ, വര്‍ഗീയ വിഭജനത്തിലേക്ക് ലോക രാഷ്ട്രങ്ങളെ എത്തിച്ചേക്കും. തെരുവുകളില്‍ മനുഷ്യ ജീവനുകള്‍ക്കു നേരെ നിറയൊഴിക്കാന്‍ സംവിധാനമൊരുക്കുന്ന ഭരണകൂടം രാജ്യത്തെ നിലനില്‍പിനും ജനങ്ങളുടെ സമാധാനത്തിനും എതിരെയാണ് നില്‍ക്കുന്നത്. മാധ്യമങ്ങളോട് ട്രംപിന്റെ പ്രതികരണം മതിയായ സുരക്ഷാഭടന്മാരുടെ അഭാവമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ ട്രംപിനെ പോലുള്ള ഭരണാധികാരികള്‍ ജനങ്ങളില്‍ സൃഷ്ടിക്കുന്ന വെറുപ്പും വിവേചനവുമാണ് ഇത്തരത്തിലുള്ള അക്രമങ്ങളില്‍ കലാശിക്കുന്നത്. തുറന്നുപറയാന്‍ മാധ്യമങ്ങള്‍ മടിക്കുകയാണ്. അമേരിക്കന്‍ ദേശീയ മാധ്യമങ്ങളില്‍ വെളുത്തവരുടെ മേല്‍ക്കോയ്മാ രാഷ്ട്രീയത്തെ മിക്കവരും ചര്‍ച്ചാ വിഷയമാക്കാറില്ല. ട്രംപിനെതിരെ ഉയരുന്ന എതിര്‍ശബ്ദങ്ങളെ തുറുങ്കിലടക്കുമ്പോഴും അമേരിക്കന്‍ ചാനലുകളില്‍ അത് വലിയ ചര്‍ച്ചാ വിഷയമാകുന്നില്ല. ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുന്ന അമേരിക്കന്‍ സാമൂഹിക സംവിധാനം, വിഷയത്തിലുള്ള തങ്ങളുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
നബീല പാനിയത്ത്
You must be logged in to post a comment Login