കള്ളും കാലുറയ്ക്കാത്ത കള്ളങ്ങളും

കള്ളും കാലുറയ്ക്കാത്ത കള്ളങ്ങളും

മലയാളികള്‍ പലരും മദ്യത്തെ ആഘോഷത്തിന്റെ ഭാഗമാക്കി മാറ്റുന്നത് സാധാരണമായിരിക്കുന്നു. കുഞ്ഞ് ജനിച്ചാലും മരിച്ചാലും മദ്യപിക്കുന്നു. വിദേശ ജോലി കിട്ടുമ്പോഴോ സ്ഥാനക്കയറ്റം ലഭിക്കുമ്പോഴോ മദ്യം ആഘോഷവിഭവമാക്കി മാറ്റുന്നു. കല്യാണത്തലേന്നുകള്‍ പുതിയ കുടിയന്മാരെ ഉണ്ടാക്കുന്ന ഒരു വേളകൂടിയാണ്. പല ആഘോഷങ്ങളും ഒരുക്കൂട്ടുന്നത് മദ്യപിക്കാനാണെന്ന് വന്നിരിക്കുന്നു. ഇത്തരം ആഘോഷങ്ങള്‍ മദ്യപാനികളുടെ (ടീരശമഹ ഉൃശിസലൃ)െ എണ്ണം കൂടാന്‍ കാരണമാകുന്നുണ്ട്. സ്വാഭാവികമായും മദ്യപാനികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അമിത മദ്യാസക്തരുടെയും എണ്ണം കൂടുന്നു.

ഒരാള്‍ മദ്യാസക്തനായി മാറുന്നതിന് മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം, നിയന്ത്രിച്ചു കുടിക്കാത്തതുകൊണ്ടോ കുടിച്ചു കൂത്താടുന്നതുകൊണ്ടോ ആണ് എന്നാണ്. ഏത് മദ്യപാനിയും തുടക്കത്തില്‍ നിയന്ത്രിച്ചു കുടിക്കാനാണ് ശ്രമിക്കുക. വീട്ടുകാരെ അറിയിക്കാതിരിക്കാനും മദ്യപിച്ച് ബോധം നഷ്ടപ്പെടുന്നത് ഒഴിവാക്കാനും. ആദ്യമൊക്കെ സകലരും മദ്യപാനത്തിന് മീതെ നിയന്ത്രണം വെച്ച് പുലര്‍ത്തുന്നുണ്ട്. അത് സാധ്യമാണുതാനും. ആദ്യ മദ്യപാന സന്ദര്‍ഭങ്ങള്‍ ഒരിക്കലും കുടിച്ചുകൂത്താടാനോ ബഹളമുണ്ടാക്കാനോ അല്ല. മദ്യപാനം തുടരുകയും മറ്റ് പല ഉദ്ദേശ്യങ്ങളോടെ ആകുമ്പോഴുമാണ് അക്രമാസക്ത മദ്യപാനമായി പരിണമിക്കുന്നത്. മദ്യപാനത്തിന്റെ രണ്ടാം ഘട്ടമാകുന്നതോടെ പലര്‍ക്കും നിയന്ത്രണം നഷ്ടപ്പെടുന്നു. കുടിക്കുന്നതിന്റെ ഇടവേളകളിലെ സമയദൈര്‍ഘ്യം കുറയുന്നു. അടിക്കടിയുള്ളതും തുടര്‍ച്ചയായുള്ളതുമായ മദ്യപാനം ശീലമായി മാറും. അപ്പോള്‍ ഒരാള്‍ക്കും നിയന്ത്രിച്ച് കുടിക്കാന്‍ കഴിയുന്നില്ല. മദ്യത്തിന് മീതെ വെച്ചുപുലര്‍ത്തിയ എല്ലാവിധ നിയന്ത്രണങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു. അതാണ് അഡിക്ഷന്റെ അവസാന ഘട്ടം.
അമിത മദ്യാസക്തിയുടെ ലക്ഷണങ്ങളിലൊന്നാണ് മദ്യത്തിന് മീതെ സകല നിയന്ത്രണവും നഷ്ടപ്പെട്ടാലും തനിക്ക് ഏതു നിമിഷവും മദ്യം ഉപേക്ഷിക്കാന്‍ കഴിയും എന്ന വീമ്പ് പറച്ചില്‍. മദ്യപാനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് അയാള്‍ അമിത മദ്യാസക്തി എന്ന രോഗത്തിന് കീഴ്‌പ്പെടുന്നത്. അപ്പോഴേക്ക് മദ്യപാനത്താലുള്ള ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കും. അമിത മദ്യാസക്തി ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന ഒരു രോഗമായി മാറുന്നു. അപ്പോഴും പറയും: വേണമെങ്കില്‍ എനിക്ക് മദ്യമുപേക്ഷിക്കാനാവും! അമിതമദ്യാസക്തര്‍ പലവട്ടം അതിന് ശ്രമിച്ച് പരാജയപ്പെട്ടതാവും. കുറച്ച് കാലം മദ്യം ഉപേക്ഷിക്കാന്‍ പാടുപെട്ട് സുബോധാവസ്ഥ നിലനിര്‍ത്താനാവാതെ പുനര്‍പതനം(ഞലഹമുലെ) സംഭവിച്ചിട്ടുണ്ടാവും. അപ്പോഴും തനിക്ക് മദ്യമുപേക്ഷിക്കാന്‍ കഴിയുമെന്ന് പറയുന്നതും, അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും രോഗത്തിന്റെ ലക്ഷണമാണ്. അവര്‍ പറയുന്നത് പലപ്പോഴും മറ്റുള്ളവര്‍ വിശ്വസിച്ചുപോകും. വസ്തുതകളല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പറഞ്ഞ് സത്യമാക്കാന്‍ മദ്യപാനികള്‍ക്ക് സാധിക്കുന്നു.

മദ്യാസക്തിയും ചികിത്സയും
ചികിത്സയെക്കുറിച്ചും പലവിധ മുന്‍വിധികളുണ്ട്. അവയിലൊന്നാണ് അമിതമദ്യാസക്തന്‍ ശരിക്കും വിചാരിക്കാത്തതുകൊണ്ടും ആഗ്രഹിക്കാത്തതുകൊണ്ടുമാണ് മദ്യവിമുക്തി അസാധ്യമാകുന്നതെന്ന്. മദ്യപാനിയുടെ മനഃശക്തിക്കുറവാണ് മദ്യം ഉപേക്ഷിക്കാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണമെന്നും ചിലര്‍ കരുതാറുണ്ട്. ജീവിതത്തിന്റെ പലകാര്യങ്ങളിലും മദ്യപിക്കുമ്പോഴും അമിതമദ്യാസക്തിയുടെ ആദ്യഘട്ടങ്ങളിലും മനഃശക്തി കാണിച്ചവരായിരിക്കും ഇവര്‍ എന്നത് പലരും മറക്കുന്നു. മദ്യത്തിന് മുന്നില്‍ മാത്രമായിരിക്കും ഇവര്‍ അശക്തര്‍. അത് രോഗ ലക്ഷണമാണുതാനും.

മദ്യപാന ചികിത്സയെക്കുറിച്ചുള്ള അബദ്ധധാരണകളിലൊന്നാണ്, മദ്യപാനമുപേക്ഷിക്കുമ്പോള്‍ ഹൃദ്രോഗമോ ഹൃദയസ്തംഭനമോ ഉണ്ടാകുമെന്നത്. നല്ലപോലെ കുടിക്കുമ്പോള്‍ പെട്ടെന്ന് നിര്‍ത്തിയാല്‍ തനിക്ക് പ്രശ്‌നങ്ങളുണ്ടാവുമെന്ന് മദ്യപന്മാരും ‘ഭീഷണിപ്പെടുത്തുന്നു.’ മദ്യപാനം ഉപേക്ഷിക്കുമ്പോള്‍ ചെറുതോ വലുതോ ആയ പിന്‍മാറ്റ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായേക്കും. വിറയല്‍, തലവേദന, വയറുവേദന, സന്ധിവേദന, എരിപൊരിച്ചില്‍ തുടങ്ങിയ ശാരീരിക വിഷമങ്ങള്‍ ചിലര്‍ക്ക് ഉണ്ടാവാനിടയുണ്ട്. അവ പിന്മാറ്റ അസ്വാസ്ഥ്യങ്ങളാണ്. വൈദ്യശാസ്ത്രചികിത്സയാണ് അതിന് അഭികാമ്യം.

മദ്യം ഉപേക്ഷിക്കുന്നവര്‍ വീണ്ടും കുടിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കുടുംബാംഗങ്ങളടക്കം പലരും കരുതുന്നത്, പുനര്‍ പതനം വീണ്ടുമുണ്ടാവുമ്പോള്‍ അതിരൂക്ഷമായ മദ്യപാനവും പ്രത്യാഘാതങ്ങളും ഉണ്ടാവും എന്നാണ്. അതിനുള്ള പ്രധാന കാരണം, മദ്യമുപേക്ഷിക്കുമ്പോള്‍ കുടുംബാംഗങ്ങളും, ചിലപ്പോള്‍ രോഗിതന്നെയും, അമിത മദ്യാസക്തി എന്നത് ഒരു രോഗമാണെന്ന് മറക്കുന്നതും, ഉപേക്ഷിക്കുമ്പോഴേക്ക് അമിത പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നതും കൊണ്ടാണ്. പുനര്‍ പതനത്തിന്റെ ആദ്യനാളുകളില്‍ ഒരാള്‍ അല്‍പം കൂടുതല്‍ മദ്യപിക്കാനിടയുണ്ടെങ്കിലും അത് കൂടുതലാവാനിടയില്ല. പഴയപോലെയുള്ള മദ്യപാനമേ അവര്‍ക്ക് സാധിക്കൂ.

മദ്യനിരോധനത്തിനെതിരെ
മദ്യനിരോധനത്തെക്കുറിച്ച് മദ്യപന്മാരെക്കാള്‍ കൂടുതല്‍ വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമാണ് തെറ്റിദ്ധാരണകള്‍ പരത്തുന്നത്. അതിലൊന്നാണ് മദ്യനിരോധനം ടൂറിസത്തെ ബാധിക്കുമെന്നത്. കേട്ടാല്‍ ശരിയാണെന്ന് തോന്നിയേക്കാനുമിടയുണ്ട്. വിദേശികളെല്ലാം മദ്യപാനികളാണെന്നാണ് പലരും കരുതുന്നതും, പ്രചരിപ്പിക്കുന്നതും. ടൂറിസ്റ്റുകളിലും എപ്പോഴെങ്കിലും മദ്യപിക്കുന്നവരുണ്ടാവാം. അമിത മദ്യാസക്തര്‍ക്ക് രാജ്യാന്തര യാത്ര എളുപ്പവുമല്ല. ഇനി എപ്പോഴെങ്കിലും മദ്യപിക്കുന്നവര്‍ക്ക് ഇന്ത്യന്‍ മദ്യങ്ങളോട് അമിതാസക്തിയൊന്നും ഉണ്ടാവാനിടയില്ല. സാംസ്‌കാരികമായ താല്‍പര്യങ്ങളും ചരിത്രപരമായ കൗതുകങ്ങളും പ്രകൃതി സൗന്ദര്യത്തോടുള്ള ആഭിമുഖ്യവുമാണ് വിദേശികളെ ഇന്ത്യയിലെത്തിക്കുന്നതെന്ന് നിരീക്ഷിക്കാനായിട്ടുണ്ട്. മദ്യം അവരുടെ യാത്രയിലെ അവിഭാജ്യഘടകമല്ല. ചിലര്‍ക്ക് ബിയര്‍ ശീലമായിട്ടുണ്ടാകാമെങ്കിലും. ടൂറിസം തകരുമെന്ന ഭീഷണി, അക്കാര്യം കൊണ്ടല്ല മറ്റ് പല കാര്യങ്ങള്‍കൊണ്ടുമാണ് മദ്യനിരോധനത്തിന്റെ എതിരാളികള്‍ പ്രയോഗിക്കുന്നത്.

മദ്യനിരോധനം വാറ്റുചാരായത്തിന്റെ പ്രചാരണത്തിനും വിഷമദ്യദുരന്തങ്ങള്‍ക്കും കാരണമാകുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാറുണ്ട്. വാറ്റുചാരായം ഉണ്ടാക്കപ്പെടുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരാജയപ്പെടുന്നതുകൊണ്ടാണ്. ജനകീയമായ ഇടപെടലുകള്‍ ഉണ്ടാകാത്തതുകൊണ്ടുമാണ്. വിഷമദ്യദുരന്തങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുടെ ദുര്‍ബലതകളില്‍ നിന്നാണ്. മദ്യമാഫിയയും നിയമ പാലകരും തമ്മിലുള്ള ബാന്ധവമാണ് ഇത്തരം ദുരന്തങ്ങളുടെ പ്രധാന ഹേതു. എന്നാല്‍ മദ്യനിരോധനം മദ്യപിക്കുന്നവുരടെ എണ്ണം കുറക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നത് അമിത മദ്യാസക്തരുടെ എണ്ണവും കുറക്കുന്നു. നമ്മുടെ നാട്ടില്‍ സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ജനകീയ കൂട്ടായ്മകളും വെച്ചുപുലര്‍ത്തുന്ന ഉദാസീനതയും അലംഭാവവും മാറ്റുമ്പോള്‍, വാറ്റുചാരായക്കച്ചവടമോ മദ്യക്കടത്തോ വിഷമദ്യദുരന്തങ്ങളോ ഇല്ലാതാക്കാന്‍ കഴിയും എന്നതാണ് വാസ്തവം. മലയാളി അബോധമനസില്‍ പൊതുവെ മദ്യപാനത്തെ പിന്താങ്ങുന്നവരായി മാറിക്കൊണ്ടിരിക്കുന്നു. അവരതിന് വലിയ വിലയും കൊടുക്കേണ്ടിവരുന്നു.

മദ്യകച്ചവടത്തെക്കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണയാണ് മദ്യനിരോധനം സര്‍ക്കാര്‍ റവന്യൂ ഇല്ലാതാക്കുമെന്നത്. ശരിയാണ്. തീരുവ ഇനത്തില്‍, ടാക്‌സ് വകയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വലിയ സംഖ്യ ലഭിക്കാതെയാകും. എന്നാല്‍ മദ്യം വിറ്റുണ്ടാക്കുന്ന വരുമാനത്തെക്കാള്‍ കൂടുതലാണ് മദ്യപാനമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും നല്‍കുന്ന വില. നമ്മുടെ പ്രൈമറി ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലുമെത്തുന്ന രോഗികളില്‍ ഭൂരിപക്ഷവും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ മദ്യപാനത്താലുണ്ടാവുന്ന പ്രത്യാഘാതങ്ങളുമായി വരുന്നവരാണ്. ശാരീരിക സാമൂഹിക ആരോഗ്യരക്ഷക്ക് പലപ്പോഴും മദ്യം വിറ്റ് ലഭിക്കുന്ന വരുമാനത്തെക്കാള്‍ കൂടുതല്‍ ചെലവാക്കുന്നുവെന്ന് കണക്കാക്കാനാവും.
മലയാളി വെച്ചുപുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വസ്തുനിഷ്ഠാപരമല്ലാത്ത കാര്യങ്ങളും മണ്ടത്തരങ്ങളുമാണ് പലപ്പോഴും കൂടുതല്‍ സാമൂഹികമായി അപകടകരമായി വരുന്നത്. ഈ തിരുമണ്ടത്തരങ്ങളും കുപ്രചരണങ്ങളും ഇല്ലാതാക്കുകയെന്നത് മദ്യനിരോധനത്തെക്കാള്‍ പ്രയാസകരമായ ഒരു കാര്യമായി വന്നിരിക്കുന്നു. കാരണം അത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതവും സംഘടിതവുമായ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉണ്ട് എന്നതിനാല്‍.

എന്‍ പി ഹാഫിസ് മുഹമ്മദ്‌

You must be logged in to post a comment Login