അതിജീവനം

കവിത/ അബൂബക്കര്‍ പി പാറ

തറയില്‍ വീണ
രക്തം കണ്ട്
തലചുറ്റിവീണയാളെ
താങ്ങിയെടുത്തിരുത്തിയപ്പോള്‍
പറഞ്ഞയാള്‍ എനിക്ക്
രക്തം കാണാന്‍ കഴിയില്ല.

ചങ്ക് പൊട്ടുന്ന
ഛര്‍ദ്ദികേട്ടു
ഛര്‍ദ്ദിച്ചവശയായ
സഹയാത്രിക പറഞ്ഞെനിക്കു
ഛര്‍ദ്ദി കേള്‍ക്കാനാവില്ല

ആര്‍ത്തു കരഞ്ഞുപാഞ്ഞ
ആംബുലന്‍സിന്റെ
ആര്‍ത്തനാദം കേട്ടപ്പോള്‍
കുട്ടി പറഞ്ഞു, മടങ്ങാം
എനിക്കാ ശബ്ദം പേടിയാണ്.

പോയി മറഞ്ഞു ഈ
‘ഭീരു’ക്കളിന്നലെകളിലിനി-
യവശേഷിക്കുന്നത-
തിജീവനം നേടിയ-
യിത്തിരി ധീരന്മാര്‍

You must be logged in to post a comment Login