ആത്മസംഘര്‍ഷങ്ങളില്‍ പുകഞ്ഞ കൗമാരമാണ് കെ പി രാമനുണ്ണി എന്ന സാഹിത്യകാരനെ സൃഷ്ടിച്ചത്. ആത്മാന്വേഷണങ്ങളെ മനോരോഗമായി കരുതി ഷോക്ട്ര ീറ്റ്മെന്റ് നല്കിയ വൈദ്യശാസ്ത്രത്തോട് അദ്ദേഹം ‘പകവീട്ടിയത്’ സര്‍ഗധന്യമായ സാഹിത്യസപര്യകൊണ്ടാണ്. എഴുത്തിലെ ആത്മീയ ചികിത്സയെയും യുക്തിവാദത്തിന്റെ നിരര്‍ത്ഥകതയെയും കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോള്‍ സാര്‍ത്ഥകമായ ആ ആത്മാന്വേഷണത്തിന്റെ പൊരുളുകള്‍ നമുക്കുമുന്നില്‍ തെളിഞ്ഞുവരും. എഴുത്തുകാരുടെ സാമ്പ്രദായിക മാര്‍ഗങ്ങളില്‍നിന്ന് വഴിമാറി നടക്കുന്ന കെ പി രാമനുണ്ണി തെളിമയുള്ള തന്റെ നിലപാടുകള്‍ ഊന്നിപ്പറയുന്നുണ്ട് മാധ്യമപ്രവര്ത്തകന് ഷിബു ടി ജോസഫുമായി നടത്തിയ ദീര്‍ഘമായ ഈ അഭിമുഖത്തില്‍.
വര്‍ത്തമാനകാലത്ത് മലയാളത്തില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട, വിമര്‍ശനം നേരിടേണ്ടിവന്ന എഴുത്തുകാരനാണ് കെ.പി. രാമനുണ്ണി. എഴുത്തുകാര്‍ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാറുണ്ട്, പ്രതികരിക്കാറുണ്ട്. എന്നാല്‍ കെ. പി. രാമനുണ്ണി അതിനും അപ്പുറത്താണ്. എഴുത്തുകാരന് നേരിട്ട് തെരുവില്‍ ഇറങ്ങുകയാണ്. ശബ്ദമുയര്‍ത്തി പ്രതിഷേധിക്കുകയാണ്. ജനമദ്ധ്യത്തിലേക്ക് പ്രവേശിക്കുകയാണ്. സാമ്പ്രദായിക എഴുത്തുകാരില്‍ നിന്ന് പൊതുസമൂഹവും വായനാസമൂഹവും ഇതൊന്നും പ്രതീക്ഷിക്കുന്നില്ല. എഴുത്തുകാരന് ഇങ്ങനെ തെരുവില്‍ ഇറങ്ങേണ്ട ആളല്ല എന്ന് കരുതുന്നവരാണ് ഏറെ.
ഒരെഴുത്തുകാരനാകുക എന്ന ലക്ഷ്യം വെച്ച് സാഹിത്യകൃതികള്‍ വായിക്കുകയോ എം.എ. മലയാളത്തിന് ചേരുകയോ ചെയ്തിട്ടില്ല. ഒരു ആക്സിഡന്റ് മൂലം ആകസ്മികമായി എഴുത്തിലേക്ക് വന്ന് വീഴുകയാണ് ഉണ്ടായതെന്ന് പറയാം. കുട്ടിക്കാലത്ത് ഒരു ശാസ്ത്രജ്ഞനോ ഡോക്ടറോ ആകാനായിരുന്നു ആഗ്രഹം. ഡോക്ടറാകാന്‍ വേണ്ടി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പെടുക്കുകയും ചെയ്തു. ആ കാലത്ത് എന്റെ ജീവിതത്തില്‍ ചില തകിടം മറികള്, ചിന്താപരമായ കുഴമറിച്ചിലുകള്‍ സംഭവിച്ചു. മരണത്തെ വരെ മുഖത്തോടു മുഖം കണ്ടു. ആ കറുത്ത കാലഘട്ടമാണ് എന്നെ കൂടുതല്‍ വെളിച്ചത്തിലേക്ക് കൊണ്ടെത്തിച്ചത്, ഒരു എഴുത്തുകാരനാക്കി പരിവര്‍ത്തിപ്പിച്ചത്. അതിനെക്കുറിച്ച് ആത്മകഥാപരമായ പുസ്തകത്തിലും പല ലേഖനങ്ങളിലും ഞാന്‍ വിശദമായി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മനഃശാസ്ത്ര- മനോരോഗ ചികിത്സാരംഗങ്ങളില്‍ പല ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും എന്റെ വെളിപ്പെടുത്തലുകള്‍ കാരണമായിട്ടുണ്ട്.
പൊന്നാനി എ.വി. ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. ക്ക് ഡിസ്റ്റിംഗ്ഷനും വാങ്ങിയാണ് ഞാന്‍ പ്രീഡിഗ്രിക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എത്തുന്നത്. അച്ഛന്റെ മരുമക്കളുടെ കോഴിക്കോട്ടുള്ള വീട്ടില്‍ താമസിച്ചായിരുന്നു പഠനം. അവിടെ വിവേകാനന്ദ സാഹിത്യ സര്‍വസ്വം, ശ്രീരാമകൃഷ്ണ വചനാമൃതം തുടങ്ങി ധാരാളം ആത്മീയ ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം വായിക്കും. അതോടൊപ്പം വൈരുദ്ധ്യാത്മക ഭൗതികവാദ കമ്മ്യൂണിസ്റ്റ് പുസ്തകങ്ങളും വായിക്കും. എഴുപതുകളുടെ ആദ്യപകുതിയാണ്. തീവ്രവാദ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സജീവമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിപ്ലവപുസ്തകങ്ങള് രഹസ്യമായി എത്തിക്കുന്ന ഒരു താടിക്കാരന് ക്രിസ്ത്യന്‍ കോളജിനടുത്ത് ലോഡ്ജ് മുറിയില്‍ താമസിച്ചിരുന്നു. പേരും നാളുമൊന്നും ആര്‍ക്കും അറിയില്ല. അയാളിലൂടെ കാമ്പസില്‍ പടരുന്ന സാഹിത്യങ്ങള്‍ ഞാനും രുചിച്ചിരുന്നു.
അങ്ങനെ ഒരു വശത്ത് ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും മറുവശത്ത് വൈരുദ്ധ്യാത്മക ഭൗതികവാദ പുസ്തങ്ങളും വാരി വലിച്ച് കയറ്റി ദഹനക്കേട് പിടിച്ചു. വയസ്സ് വെറും പതിനാറാണ്. ആത്മീയതയാണോ ഭൗതികതയാണോ ശരി എന്ന സംഘര്‍ഷത്തില്‍ നീറിപ്പുകഞ്ഞു. ഒടുവില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന കടുത്ത ഫിലോസഫിക്കല്‍ ഗട്ടറില്‍ ചെന്ന് ചാടി. സദാസമയവും ചിന്തിച്ചിരുന്നു. പല്ലുതേപ്പില്ല, കുളിയില്ല, ഫിസിക്സും കെമിസ്ട്രിയുമില്ല, സുവോളജിയുടെയും ബോട്ടണിയുടെയും റെക്കോര്‍ഡുകള്‍ വരപ്പില്ല. ഒടുവില്‍ കോളജില്‍ പോക്ക് തന്നെയില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിച്ചതിന് ശേഷം മതി ബാക്കി കാര്യങ്ങള്‍ എന്ന മട്ടായി.
കേരളത്തിലെ ആദ്യ ബാച്ച് സൈക്യാട്രിസ്റ്റുകള്‍ വിവിധ നഗരങ്ങളില്‍ പ്രാക്റ്റീസ് തുടങ്ങിയ കാലമായിരുന്നു അത്. എന്റെ അച്ഛന്റെ മരുമക്കള്‍ മണ്ടന്മാരായിരുന്നില്ല, വിദ്യാഭ്യാസമുള്ളവരായിരുന്നു. നല്ലവണ്ണം പഠിച്ചിരുന്ന കുട്ടി സംശയം, സംശയം എന്ന് പറഞ്ഞ് മൗനിയായി ഇരിക്കുന്നത് നല്ല ലക്ഷണമല്ലെന്ന് അവര്‍ മനസിലാക്കി. അവര്‍ എന്നെ കോഴിക്കോട് കുതിരവട്ടം മെന്റല്‍ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോക്ടര്‍ വിജയന്റെ അടുത്ത് കൊണ്ടുപോയി. എന്റെ പ്രശ്നം ദൈവം ഉണ്ടോ ഇല്ലയോ എന്ന ചിന്തയാണെന്ന് ധ്വനിപ്പിച്ചതോടെ ഓ, ശരി എന്ന് പറഞ്ഞ് അദ്ദേഹം ലെറ്റര്‍ പാഡ് വലിച്ച് കീറി മരുന്നുകള്‍ കുറിച്ചു. ആ മനോരോഗചികിത്സ പിന്നെ ഇന്‍സുലിന്‍ ട്രീറ്റ്മെന്റിലേക്കും ഷോക്ക് ട്രീറ്റ്മെന്റിലേക്കും നീണ്ടുപോയി. വ്യത്യസ്തമായ ചിന്താരീതികളെയും അനുഭൂതിപ്രപഞ്ചങ്ങളെയും മനോരോഗമാക്കി മുദ്രകുത്തി ചികിത്സിക്കുന്നത് ആധുനികസംസ്കൃതിയുടെ അധികാരപ്രയോഗമാണ്. മോഡേണ്‍ സിവിലൈസേഷന് പാകമുള്ള പ്രജകളെ ഉല്പാദിപ്പിക്കലാണ് ഈ പദ്ധതിയുടെ ഗൂഢലക്ഷ്യമെന്ന് ഫൂക്കോയെപ്പോലുള്ളവര് കണ്ടെത്തിയിട്ടുണ്ട്. ഞാനും മോഡേണ്‍ സൈക്യാട്രിക് മെഡിസിന്റെ ഇരയായിത്തീര്‍ന്നു. ഒടുവില്‍ നിരാഹാരം കിടന്നാണ് ഈ സഹനപര്‍വത്തില്‍ നിന്ന് രക്ഷപ്പെട്ട് സൈക്കോളജിസ്റ്റായ ഡോക്ടര്‍ പി.എം. മാത്യു വെല്ലൂരിനെ ശരണം പ്രാപിച്ചത്. അദ്ദേഹം ചെറിയ സൈക്കോതെറാപ്പിക് കൗണ്‍സിലിംഗിലൂടെ എന്നെ ശരിയാക്കിയെടുത്തു.
ഏതായാലും ആ കറുത്ത കാലഘട്ടം വാഴ്വിന്റെ വിധിവൈപരീത്യങ്ങളെ അഗാധമായി അഭിമുഖീകരിക്കാനുള്ള അവസരമാണ് എനിക്ക് നല്‍കിയത്. മനുഷ്യന്റെ നിസ്സഹായാവസ്ഥകളും അസ്വാതന്ത്ര്യങ്ങളും എന്നെ വല്ലാതെ ക്ഷോഭിപ്പിച്ചു. സ്വന്തം അനുഭവങ്ങളെയും ബോധ്യങ്ങളെയും ആവിഷ്ക്കരിക്കാനുള്ള അഭിവാഞ്ഛ പൊട്ടിപ്പുറപ്പെട്ട എനിക്ക് എഴുത്തുകാരനാകുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. അങ്ങനെ മനുഷ്യാഭിലാഷങ്ങളെ കൂച്ചുവിലങ്ങ് വെക്കുന്ന എല്ലാറ്റിനുമെതിരെ അക്ഷരസൃഷ്ടി ആരംഭിച്ച എനിക്ക് എഴുത്ത് ഒരു പ്രവര്‍ത്തനമായിരുന്നു. അല്ലാതെ പുസ്തകങ്ങള്‍ നിര്‍മിച്ച് വിറ്റ് റോയല്‍റ്റി അടിക്കുന്ന പരിപാടിയായിരുന്നില്ല. അപ്രതിരോധ്യമായി ഉള്ളില്‍ തോന്നുന്ന കാര്യങ്ങള്‍ ഉച്ചത്തില്പ്പറയുക എന്ന എഴുത്തിന്റെ വഴി തന്നെയാണ് ആക്റ്റിവിസത്തിലൂടെ ഞാന്‍ പൂര്‍ത്തീകരിക്കുന്നത്.
ഗോഡ് ഓഫ് സ്മോള്‍ തിംഗ്സിന് ശേഷം രണ്ടാമത്തെ നോവല്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ അരുന്ധതി റോയ് പറഞ്ഞത് നര്‍മദയില്‍ ചെന്ന് നോക്കാനാണ്. നര്‍മദാ ബചാവോ ആന്ദോളനിലെ പ്രവര്‍ത്തനത്തെയും പങ്കാളിത്തത്തെയുമായിരുന്നു അവര്‍ തന്റെ രണ്ടാമത്തെ കൃതിയായി സങ്കല്‍പ്പിച്ചത്. ഈയൊരു വീക്ഷണം ഉള്‍ക്കൊള്ളാന്‍ കേരളത്തിന് പൊതുവെ വിഷമമാണ്. മദ്ധ്യവര്‍ഗ മനസിന്റെ സകല ഇടുക്കങ്ങളും അല്പത്തരങ്ങളും നിറഞ്ഞതാണ് നമ്മുടെ സാംസ്കാരികമണ്ഡലം. അതുകൊണ്ടാണ് എഴുത്തിന്റെ അനുബന്ധം തന്നെയായ എന്റെ ആക്റ്റിവിസങ്ങള്ക്കെതിരെ പലരുടെയും പുരികങ്ങള്‍ ചുളിയുന്നത്. തങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലെ അസഹിഷ്ണുതയും കുറെ എഴുത്തുകാര്‍ക്കുണ്ട്.
എഴുത്തിന്റെ തുടര്‍ച്ച തന്നെയാണ് താങ്കളുടെ ആക്റ്റിവിസങ്ങള്‍ എന്നത് ഒന്ന് സ്ഥാപിക്കാമോ?
അതില്‍ യാതൊരു സംശയവുമില്ല. സൂഫി പറഞ്ഞ കഥയിലും ചരമവാര്‍ഷികത്തിലും ജീവിതത്തിന്റെ പുസ്തകത്തിലുമെല്ലാം ഞാന്‍ ഉയര്‍ത്തിപ്പിടിച്ചതായിരുന്നു പൊന്നാനിയുടെ മതസൗഹാര്‍ദ സംസ്കാരം. ആ സംസ്കാരത്തിന്റെ തുടര്‍പ്രവര്‍ത്തനമായാണ് മാറാട് വര്‍ഗീയപ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ വാവര് മുസ്ലിയാരുടെ വീട്ടില്‍ നിന്ന് കെട്ടുനിറച്ച് ശബരിമലക്ക് പോയത്. അല്ലാതെ ഉണ്ടിരിക്കുന്ന നായര്‍ക്ക് വിളി തോന്നി ചെയ്തതല്ല. അനുഭവപരമായ സത്യസന്ധത എഴുത്തുകാര്‍ എപ്പോഴും സൂക്ഷിക്കണമെന്ന നിഷ്ഠയുടെ ആവിഷ്ക്കാരമായാണ് ഇറോം ഷര്‍മിളക്ക് പിന്തുണയായി സമരം നടത്തിയത്. ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ഹൃദയത്തിലേറ്റിയാണ് മലയാളഭാഷക്ക് വേണ്ടി നിരാഹാരം കിടന്നത്. അക്കാദമി പുരസ്കാരത്തുക ജുനൈദിന്റെ ഉമ്മക്ക് സമര്‍പ്പിച്ചതിനും പ്രായശ്ചിത്തശയനപ്രദക്ഷിണത്തിനും എല്ലാം പിറകിലും സമാനമായ വീക്ഷണദാര്ഢ്യങ്ങളുണ്ട്.
രാമനുണ്ണിയുടെ കൃതികളില്‍ ശക്തമായ ഒരു ആത്മീയധാരയുണ്ട്. ഒറ്റനോട്ടത്തില്‍ മനുഷ്യന്റെ ലൗകികതൃഷ്ണകള് കത്തിക്കാളുന്ന, ജീവിതം ഒരു ആര്‍ത്തിക്കാരന്റെ കയ്യില്‍ ഏല്‍പ്പിക്കുന്ന രചനകളാണെങ്കിലും അതിനെയെല്ലാം അതിവര്‍ത്തിക്കുന്ന ആത്മീയതയുടെ ഒഴുക്ക് അതിനകത്തുണ്ട്. ചോദിക്കട്ടെ, താങ്കള്‍ ദൈവത്തില്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ. താങ്കള്‍ വിശ്വസിക്കുന്ന ദൈവം എന്താണ്?
ഈഫ് ഗോഡ് എക്സിസ്റ്റ്സ് ഇറ്റ് ഈസ് ദ ഗ്രേറ്റസ്റ്റ് ഡിസ്കവറി ഓഫ് മാന്‍കൈന്‍ഡ്. ഈഫ് ഗോഡ് ഡസിന്റ് എക്സിസ്റ്റ്സ് ഇറ്റ് ഈസ് ദ ഗ്രേറ്റസ്റ്റ് ഇന്വെന്ഷന് ഓഫ് മേന്‍കൈന്‍ഡ്. ഇതില്‍ ഗോഡ് ഈസ് ദ ഗ്രേറ്റസ്റ്റ് ഡിസ്കവറി ഓഫ് ദ മാന്‍കൈന്‍ഡ് എന്ന പക്ഷക്കാരനാണ് ഞാന്‍. ദൈവമില്ലാതെ എനിക്ക് ജീവിക്കാന്‍ വയ്യ. അനിശ്ചിതവും അസംബന്ധപൂര്‍ണവുമായ വിധിവിഹിതങ്ങള്ക്കിടയിലും പിശാചുക്കള്‍ പോലുള്ള മനുഷ്യര്‍ക്കിടയിലും ഒരു മൂല്യപ്പൊരുളിനെ ആഞ്ഞുപിടിക്കാതെ എങ്ങനെയാണ് ജീവിക്കുക?! ഇതിനപ്പുറം യാതൊന്നുമില്ലെന്ന് ഉറപ്പായാല്‍ ഞാന്‍ നേരെ പോയി ആത്മഹത്യ ചെയ്യും.
പിന്നെ ദൈവവിശ്വാസത്തില്‍ നിന്ന് ലഭിക്കുന്ന അപാരമായ ആനന്ദാനുഭൂതികള്‍ അത് ഉണ്ടോ ഇല്ലയോ എന്ന വിഷയം തന്നെ അപ്രസക്തമാക്കുന്നു. എന്റെ നാട്ടുകാരനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പറയാറുണ്ട് തൃക്കാവിലമ്മ നല്കുന്ന സൗന്ദര്യാനുഭൂതിക്ക് മുന്നില്‍ ദൈവാസ്തിത്വത്തെക്കുറിച്ചുള്ള തര്‍ക്കം തനിക്ക് പുല്ലാണെന്ന്. റോസാപുഷ്പം യാഥാര്‍ത്ഥ്യമായതു കൊണ്ടല്ലേ അതിന്റെ കാഴ്ച നമ്മെ ആകര്‍ഷിക്കുന്നത്. സംഗീതം യാഥാര്‍ത്ഥ്യമായതു കൊണ്ടല്ലേ അതിന്റെ കേള്‍വി നമ്മെ അലിയിക്കുന്നത്. പഞ്ചാരപ്പായസം യാഥാര്‍ത്ഥ്യമായതു കൊണ്ടല്ലേ അതിന്റെ രുചിയില്‍ ആളുകള്‍ നൊട്ടിനുണയുന്നത്. അതുപോലെ തന്നെ ദൈവം യാഥാര്‍ത്ഥ്യമായതു കൊണ്ട് തന്നെയാണ് അവനെ നിരൂപിക്കുമ്പോഴേക്ക് ഭക്തര്‍ക്ക് കണ്ണില്‍ വെള്ളം നിറയാനും തൊണ്ടയിടറാനും തുടങ്ങുന്നത്. മാത്രമല്ല വിശ്വാസം കനക്കുന്തോറും വിശ്വാസി പറ്റെ മാറിപ്പോകുന്നു. വിദ്യാഭ്യാസമില്ലാത്തവര്‍ പോലും ലോകോത്തര കാര്യങ്ങള്‍ പറയാനും അസാധാരണ സിദ്ധികള്‍ സ്വായത്തമാക്കാനും ആരംഭിക്കുന്നു. ശ്രീരാമകൃഷ്ണ വചനാമൃതം വായിച്ചാല്‍ സ്കൂളിന്റെ പടി കാണാത്തവനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസരെന്ന് ആരെങ്കിലും പറയുമോ? നിരക്ഷരകുക്ഷിയായ മുഹമ്മദ് നബി (സ) യിലൂടെയല്ലേ നൂറായിരം അത്ഭുതങ്ങള്‍ ഒളിച്ചിരിക്കുന്ന വിശുദ്ധ ഖുറാന് ഒഴുകിയെത്തിയത്? ഇത്ര നല്ലൊരു സാധനം നയാപൈസ ചെലവില്ലാതെ കിട്ടാനുള്ളപ്പോള്‍ എന്തിനാണ് അതിനെ കുതര്‍ക്കങ്ങള്‍ പറഞ്ഞ് തോട്ടിലെറിയുന്നത്?!
ഇതുകൊണ്ടാണോ താങ്കള്‍ എപ്പോഴും യുക്തിവാദികളോട് കയര്‍ക്കുന്നത്?
യുക്തിവാദികളോട് എനിക്ക് സഹതാപമുണ്ട്, അവര്‍ ഇങ്ങനെ ആയിപ്പോയതില്‍. യുക്തിവാദികളോട് എനിക്ക് രോഷമുണ്ട്, അവര്‍ മറ്റുള്ളവരെ ഇങ്ങനെ ആക്കാന്‍ ശ്രമിക്കുന്നതില്‍. തീറ്റയില്‍ നിന്നോ കുടിയില്‍ നിന്നോ ലൈംഗിക വേഴ്ചയില്‍ നിന്നോ ലഭിക്കാത്ത വലിയൊരു അനുഭൂതി പ്രപഞ്ചത്തിലേക്കുള്ള വഴിയാണ് അവര്‍ വെറുതെ കൊട്ടിയടക്കുന്നത്. വായില്‍ രസമുകുളങ്ങള്‍ ഇല്ലാത്തവന് പഞ്ചസാര വെറും ഹൈഡ്രജനും ഓക്സിജനും കാര്ബണുമാണെന്ന് തര്‍ക്കിച്ച് നടക്കുന്ന പോലെയാണ് അവരുടെ പ്രബോധനങ്ങള്‍. പഞ്ചസാര ഹൈഡ്രജന്റെയും ഓക്സിജന്റെയും കാര്ബണ്ന്റെയും സംയുക്തമല്ലേ എന്ന് ചോദിച്ചാല്‍ ആണ്. പക്ഷേ അതാണോ മധുരം?
ഈ അന്തക്കേടില്‍ നിന്നുള്ള ജീവിതവിരുദ്ധത കൊണ്ടായിരിക്കാം എപ്പോഴും യുക്തിവാദികളുടെ നിലപാടുകള്‍ പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആയിപ്പോകുന്നത്. മഹാത്മജിയുടെ ആദ്ധ്യാത്മികതയില്‍ നിന്ന് നെഹ്റുവിയന്‍ യുക്തിവാദത്തിലേക്കുള്ള സമീപനമാറ്റമല്ലേ ഹിന്ദുമതനവീകരണം പാതി വഴിക്ക് വിട്ട് പ്രതിലോമകരമായ ഹിന്ദുത്വത്തിന്റെ വളര്‍ച്ചക്ക് വഴിവെച്ചതെന്ന് ഇടക്ക് തോന്നാറുണ്ട്. വിശ്വാസികളെ തരംതാണവരായി ഇന്ത്യയിലെ ലിബറല്‍ ബുദ്ധിജീവികള്‍ പരിഗണിച്ചത് ഉണ്ടാക്കിത്തീര്‍ത്ത കെടുതികള്‍ സര്‍വധര്‍മ സമഭാവനയുടെ നയപ്രഖ്യാപന ലേഖനത്തില്‍ ബി. രാജീവന് വിശദീകരിക്കുന്നുണ്ട്. കാറല്‍ മാര്‍ക്സിന്റെ അവസാനകാലത്തെ കണ്ടെത്തലുകള്‍ അവഗണിച്ച് എപ്പോള്‍ പാശ്ചാത്യ ആധുനികതാപ്രചോദിതമായ യാന്ത്രിക ഭൗതികവാദത്തിലേക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വ്യതിചലിച്ചോ അവിടെയെല്ലാം അവര്‍ പാളിയിട്ടുണ്ട്. റഷ്യയിലും ചൈനയിലും അതാണ് സംഭവിച്ചത്. എന്തിന്, എപ്പോള്‍ യാന്ത്രികരായ മുഷ്ക്കന്മാരുടെ ലഘുബുദ്ധിയാല് സ്വാധീനിക്കപ്പെട്ടോ അപ്പോഴെല്ലാം കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനവും കുണ്ടില്‍ ചാടിയിട്ടുണ്ട്.
മനുഷ്യനില്‍ തൊണ്ണൂറ് ശതമാനവും വൈകാരികതയും പത്ത് ശതമാനം യുക്തിയുമാണത്രെ. അതുകൊണ്ടാണ് യുക്തിയെ മാത്രം അഭിസംബോധന ചെയ്യുന്ന സമീപനങ്ങള്‍ ആളുകളെ സ്പര്‍ശിക്കാതെ രാഷ്ട്രീയമായി തോറ്റ് തൊപ്പിയിടുന്നത്. നമ്മുടെ കണ്മുന്നില് നോക്കൂ, കഠിന യുക്തിവാദികളായ രവിചന്ദ്രന്മാരുടെ നിലപാടുകള്‍ ആത്യന്തികമായി സേവിക്കുന്നത് ഫാസിസ്റ്റുകളെയും കോര്പറേറ്റുകളെയുമാണെന്ന് കാണാം.
അവിശ്വാസികള്‍ക്ക് ഒരിക്കലും രാഷ്ട്രീയമായി ശരി പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നാണോ അപ്പോള്‍ താങ്കള്‍ പറയുന്നത്?
ഒരിക്കലുമല്ല. ദൈവത്തില്‍ വിശ്വസിക്കാത്തവരും അജ്ഞേയവാദികളുമായ എത്രയോ പേര്‍ക്ക് മനുഷ്യന്റെ വൈകാരികവും ആത്മീയവുമായ അനുഭൂതിതലങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രാപ്തിയുണ്ട്. സര്‍വധര്‍മ സമഭാവനയുടെ ആശയം കേരളത്തില്‍ മുന്നോട്ട് വെച്ചത് നിരീശ്വരവാദിയായ ബി. രാജീവനാണ്. വാക്കുകളും വസ്തുക്കളും എന്ന അദ്ദേഹത്തിന്റെ പുസ്തകം തന്നെ മുഖ്യധാരാ പാശ്ചാത്യ ആധുനികതയുടെ ഏകപക്ഷീയമായ വസ്തുവാദത്തോടുള്ള പോരാട്ടമാണ്. സച്ചിദാനന്ദനും വ്യവസ്ഥാപിതമായ അര്‍ത്ഥത്തില്‍ ഈശ്വരവിശ്വാസിയല്ലെങ്കിലും എന്റെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിനെ ഏതൊരു വിശ്വാസിയെക്കാളും ഗംഭീരമായി അദ്ദേഹം വ്യാഖ്യാനിച്ചിട്ടുണ്ട്. നോവലിലെ ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞരായ കുട്ടിശ്ശങ്കരനും ഹസ്സന്‍കുട്ടിയും ദൈവവിശ്വാസികളായതില് സച്ചിദാനന്ദന് ആഹ്ലാദിക്കുകയാണ് ചെയ്തത്. ഗുരുവായൂരപ്പന് വഴിപാട് നേരുകയും അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്യുന്ന അവര്‍ക്ക് ശാസ്ത്രത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കപ്പുറം മനുഷ്യഭാഗധേയത്തെ ദര്‍ശിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ദൈവവിശ്വാസിയല്ലാത്ത കെ.ഇ.എന്നിന്റെ ആദ്ധ്യാത്മികതയോടുള്ള എന്‍ഗേജ്മെന്റാണ് അദ്ദേഹത്തിന്റെ കവിതാമതം എന്ന പ്രയോഗത്തിലൂടെ അടുത്തകാലത്ത് പുറത്തുവന്നത്. പല യുക്തിവാദ കോടാലികളും ഇതിന്റെ പേരില്‍ കെ.ഇ.എന്നിന്റെ മേക്കിട്ട് കയറാന്‍ വന്നിട്ടുണ്ട്. യുക്തിവാദികളുടെ ധിക്കാരത്തെയും മണ്ടത്തരത്തെയും ഇന്ന് ഏറ്റവുമധികം ആക്രമിച്ചു കൊണ്ടിരിക്കുന്ന സിവിക് ചന്ദ്രനും ഈശ്വരവിശ്വാസിയൊന്നുമല്ല.
ഇന്ത്യയിലായാലും കേരളത്തിലായാലും തൊണ്ണൂറ് ശതമാനവും മതവിശ്വാസികളും ദൈവവിശ്വാസികളുമാണെങ്കിലും അവരെ വെറും തൊമ്മികളാക്കുകയാണ് യുക്തവാദത്തിന്റെ അധീശത്വമെന്നാണല്ലോ സിവിക്കിന്റെയും മറ്റും ആക്ഷേപം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
വളരെ ആഴത്തില്‍ ചരിത്രപരമായി വിശകലനം ചെയ്യേണ്ട സംഗതി ഇതിനകത്തുണ്ട്. യുക്തിവാദത്തിന് പിറകില്‍ പ്രവര്‍ത്തിക്കുന്നത് പാശ്ചാത്യ മുഖ്യധാരാ ആധുനികതയാണ്. യൂറോപ്യന്‍ ജ്ഞാനോദയം ഉല്പാദിപ്പിച്ച മെയിന്‍ സ്ട്രീം വെസ്റ്റേണ്‍ മോഡേണിറ്റിയുടെ ഗര്ഭത്തിലാണ് സാമ്രാജ്യത്വം ജന്മമെടുത്തതെന്ന് പറയാം. സാമ്രാജ്യത്വഭരണം പോയെങ്കിലും സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്രമാണ് ഇന്നും നമ്മുടെ ബുദ്ധിമണ്ഡലത്തെ ഭരിക്കുന്നത്. അതില്‍ പാശ്ചാത്യ ആധുനികതാ ആശയങ്ങള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനെ തകര്‍ക്കാനായിരുന്നു മഹാത്മജി ഹിന്ദ് സ്വരാജിലൂടെയും മറ്റും ശ്രമിച്ചത്. പക്ഷേ പരാജയപ്പെട്ടു. ഇവിടെ അരാജകത്വം വരുകയാണെങ്കില്‍ വന്നോട്ടെ, നിങ്ങള്‍ നിങ്ങളുടെ ഭരണക്രമവും അതിന് പിറകിലെ ജീവിതവീക്ഷണവും എടുത്തുകൊണ്ട് പോകുന്നുണ്ടോ എന്നാണല്ലോ അദ്ദേഹം ചോദിച്ചത്. എടുത്തു കൊണ്ടുപോകാന്‍ ആകാത്തവിധം അത് നമ്മുടെ മസ്തിഷ്കത്തില്‍ കുഴിച്ചിട്ട് കഴിഞ്ഞിരുന്നു.
ഈ അടിമത്തം കൊണ്ടായിരുന്നു ജനാധിപത്യപരവും വിപ്ലവാത്മകവുമായ രീതിയില്‍ ഹിന്ദുമതത്തെ നവീകരിക്കാനുള്ള ഗാന്ധിയന്‍ പദ്ധതികള്‍ നമ്മള് ഉപേക്ഷിച്ചത്. തൊട്ടുകൂടാത്ത പ്രത്യയശാസ്ത്ര മിഥ്യയാക്കി മതവിശ്വാസത്തെ മാറ്റി നിര്‍ത്തിയതോടെ വര്‍ഗീയവാദികള്‍ക്ക് അവയെ വെടക്കാക്കി തനിക്കാക്കാന്‍ കഴിഞ്ഞു. ആ സൗകര്യമുപയോഗിച്ചാണ് കേന്ദ്രഭരണം വരെ ഭാവിയില്‍ പിടിച്ചടക്കാന്‍ ഹിന്ദുത്വഫാസിസ്റ്റുകള്‍ക്ക് സാധിച്ചത്.
മതവിശ്വാസസംബന്ധമായ എന്തും മോശമാണെന്ന ധൈഷണികരംഗത്തെ പൊതുബോധമാകണം ഇതിഹാസപുരാണങ്ങളെല്ലാം വെട്ടിനുറുക്കി ന്യൂനീകരിക്കുന്ന എഴുത്തുകളുടെ പ്രളയം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സൃഷ്ടിച്ചത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുള്ള അഭിനിവേശമല്ല ഭാരതീയ സംസ്ക്കാരത്തോടുള്ള സാമ്രാജ്യത്വത്തിന്റെ പരമപുച്ഛമായിരുന്നു എഴുത്താളികളുടെ വാടകബുദ്ധികളിലൂടെ കൂലം കുത്തിയത്. മതവിശ്വാസത്തെ രണ്ടാം കിട സാധനമായി കെട്ടിത്താഴ്ത്തുന്ന പ്രവണത വിശ്വാസികളെ കൂടുതല്‍ക്കൂടുതല്‍ അപകര്ഷതയിലെത്തിച്ചു. സാംസ്കാരികവും ബുദ്ധിപരവുമായ മണ്ഡലങ്ങളില്‍ അംഗീകരിക്കപ്പെടണമെങ്കില്‍ മതവിശ്വാസം ഒളിപ്പിച്ച് വെക്കണമെന്ന ബോധം വളര്‍ന്നു. വിശ്വാസികള്‍ അങ്ങനെ ഇരട്ടമുഖമുള്ള കപടന്മാരായി പരിണമിച്ചു. സ്വന്തം വിശ്വാസത്തെ ധൈഷണികമായി സമീപിക്കാതെ ഗുഹ്യരോഗം പോലെ കൊണ്ടുനടക്കുന്ന സ്വഭാവം മതവിശ്വാസികളെ വീണ്ടും ജീര്‍ണിപ്പിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമാണ് ഇടവരുത്തിയത്.
മതവിശ്വാസമുണ്ടെങ്കിലും മതവിശ്വാസത്തെ പരിചരിക്കുന്ന കൃതികളെ സാംസ്കാരികരംഗത്ത് ഉയര്‍ത്തിപ്പിടിക്കാനോ ആഘോഷിക്കാനോ ഉള്ള വിമുഖത വിശ്വാസികള്‍ക്കിടയില്‍ പൊതുവെ ഉണ്ട്. കേരളത്തില്‍ വിശേഷിച്ചും ഉണ്ട്. വിശ്വാസത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന മുസ്ലിംകള്ക്കിടയില് പോലുമുണ്ട്. അങ്ങനെ ചെയ്താല്‍ പൊതുബോധ സാംസ്കാരികതയുടെ കമ്മീഷണര്‍മാര്‍ക്കിടയില്‍ കൊച്ചായിപ്പോകുമോ എന്നാണ് പേടി. ദൈവത്തിന്റെ പുസ്തകം പുറത്തിറങ്ങിയപ്പോള്‍ ഈയൊരു മനോഭാവത്തിന്റെ വിളയാട്ടം ഞാന്‍ ശരിക്കും കണ്ട് പകച്ചിട്ടുണ്ട്.
എന്താണത്. ഒന്ന് തെളിയിച്ച് പറയുമോ?
മറുപടി- ശ്രീകൃഷ്ണനെയും മുഹമ്മദ് നബിയെയും ഏറ്റവും ഉദാത്തരായി, കരുണാമയരായി ആവിഷ്ക്കരിക്കുന്ന നോവലാണല്ലോ ദൈവത്തിന്റെ പുസ്തകം. വിശ്വാസികളായ എത്രയോ ഹിന്ദുക്കളും മുസ്ലിംകളും ഇതിന്റെ പേരില്‍ എന്നെ അനുമോദിച്ച്, ഹൃദയും അലിയുന്ന വാക്കുകള്‍ ഉച്ചരിച്ചിട്ടുണ്ട്. സ്വാഭാവികമായും മുസ്ലിം വായനക്കാരില്‍ നിന്നാണ് കൂടുതല്‍ ആവേശകരമായ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഞങ്ങളുടെ റസൂലിനെ പന്നിയായും പട്ടിയായും ചിലര്‍ അവഹേളിച്ചു കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ ഏറ്റവും ഗുണവാനായി ചിത്രീകരിച്ചല്ലോ, ദൈവം സഹായിക്കുമെന്ന് കണ്ണീരോടെ പറഞ്ഞായിരുന്നു ഒരാള്‍ ഗള്‍ഫില്‍ നിന്ന് വിളിച്ചത്. സ്വര്‍ണക്കടലാസില്‍ പൊതിഞ്ഞ് നോവലിനെ വീട്ടിലെ പൂമുഖത്ത് മറ്റൊരാളെക്കൊണ്ട് വെപ്പിക്കാന്‍ തക്കവണ്ണമായിരുന്നു ഈ ഹൃദയവികാരം.
എന്നാല്‍ സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്ലിംകള്ക്ക്, അവര്‍ മഹാബഹുഭൂരിപക്ഷവും വിശ്വാസികളാണെങ്കിലും, അത്രത്തോളം ദൈവത്തിന്റെ പുസ്തകത്തെ ആഘോഷിക്കാന്‍ കയ്യുറച്ചിട്ടില്ലെന്ന് കണക്കുകള്‍ കാണിക്കുന്നു. വേഗത്തില്‍ എഡിഷനുകള്‍ വരുന്നുണ്ടെങ്കിലും അവിശ്വാസദര്ശനം കാമ്പില്‍ കിടക്കുന്ന മറ്റു കൃതികള്‍ പോലെ തന്നെയേ ദൈവത്തിന്റെ പുസ്തകവും വിറ്റുപോകുന്നുള്ളു. വിശ്വാസികളുടെ അനുപാതം വെച്ച് നോക്കുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് കോപ്പികള്‍ ഈ കൃതി പ്രചരിക്കേണ്ടതായിരുന്നു. ഇപ്പോഴും ഇത്ര കോപ്പിയേ ആയിട്ടുള്ളു ഈ പുസ്തകം അങ്ങനെയല്ലല്ലോ വേണ്ടത് എന്ന് സാധാരണക്കാരനായ ഒരു മുസ്ലിം സുഹൃത്ത് ആശ്ചര്യപ്പെട്ടപ്പോഴാണ് ഞാനും ആ വഴിക്ക് ചിന്തിച്ചത്.
അതെ, സാഹിത്യ സാംസ്കാരിക ധൈഷണിക മണ്ഡലത്തിലുള്ള മുസ്ലിംകള്ക്ക് നബിസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ദൈവത്തിന്റെ പുസ്തകത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ലജ്ജയും ജാള്യവും തോന്നാവുന്നതാണ്. അങ്ങനെ ചെയ്താല്‍ തങ്ങള്‍ മോശക്കാരാകുമോ എന്ന ആശങ്കയാണ് പലര്‍ക്കും. അവിശ്വാസിയും അള്‍ട്രാ സെക്കുലറിസ്റ്റും മതവിശ്വാസത്തെ മറച്ച് പിടിക്കുന്നവനുമാണല്ലോ മുഖ്യധാരാ പൊതുബോധത്തിലെ മഹാന്. വിശ്വാസം പുറത്തുകാട്ടിയാല്‍ മുഖ്യധാരാ പണ്ഡിറ്റുകള്‍ക്ക് ചതുര്‍ത്ഥിയാകും. അതുകൊണ്ടാണ് വന്‍നഗരങ്ങളില്‍ അക്കാദമിക, മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിശ്വാസികളായ മുസ്ലിംകള്ക്ക് അവരുടെ മുസ്ലിം ഐഡന്റിറ്റി ഗോപ്യമാക്കി വെക്കേണ്ടിവരുന്നത്. തൊപ്പിയോ തലേക്കെട്ടോ ഒഴിവാക്കി സായിപ്പിന്റെ വേഷം കെട്ടേണ്ടിവരുന്നത്. സാമ്രാജ്യത്വ ആധുനികതയുടെ പോറ്റുമക്കളായ സിനിക്കല്‍ അവിശ്വാസികള്‍ ന്യൂനപക്ഷമാണെങ്കിലും അവരല്ലേ സാഹിത്യസാംസ്കാരിക മണ്ഡലങ്ങളിലെ ഭരണകര്‍ത്താക്കള്‍?
ഇങ്ങനെ സ്വന്തം സ്വത്വാഭിമാനം ദമിതമാക്കി വെക്കുമ്പോഴാണ് അത് നിഷേധാത്മക രൂപം പൂണ്ട് ചിലരിലൂടെ പൊട്ടിത്തെറിക്കുന്നത്. ജോസഫിന്റെ കൈ വെട്ടലിലൂടെയും മറ്റും. നബി നിന്ദക്ക് മറുപടി നല്‍കേണ്ടത് ആളുകളുടെ കയ്യും കാലും വെട്ടിയിട്ടാണോ, അതോ നബിയെ മഹത്വവല്‍ക്കരിക്കുന്ന എഴുത്തുകള്‍ ആഘോഷിച്ചാണോ വേണ്ടതെന്നത് നിര്‍ണായകമായൊരു ചോദ്യമാണ്.
ദൈവത്തിന്റെ പുസ്തകത്തെ വിശ്വാസികള്‍ വേണ്ടവണ്ണം പരിഗണിച്ചിട്ടില്ലേ?
അങ്ങനെ ഒരിക്കലും പറയരുത്. ഈ നോവലിനെ ആസ്പദമാക്കിയാണ് എനിക്ക് എസ്.എസ്.എഫിന്റെ സാഹിത്യപുരസ്കാരം ലഭിച്ചത്. സദാഭാവനാ (സൗദി അറേബ്യ) അവാര്‍ഡും കടുവാപ്പള്ളി പുരസ്കാരവും ദൈവത്തിന്റെ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്. വി.ആര്. കൃഷ്ണയ്യര്‍ അവാര്‍ഡിന്റെയും ബി.വി. അബ്ദുല്ലക്കോയ അവാര്‍ഡിന്റെയും നിര്‍ണയത്തിന് പിറകിലും നോവലിലെ കാഴ്ചപ്പാടുകളോടുള്ള മതിപ്പുണ്ടായിരിക്കും.
എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞ കോംപ്ലക്സ് ഒരു വസ്തുതയാണെന്ന കാര്യം നാം അംഗീകരിക്കണം.
പക്ഷേ മുഖ്യധാരാ പൊതുബോധത്തിന്റെ അസഹിഷ്ണുതയെപ്പോലും ദൈവാധീനം മറികടക്കുമെന്ന് ദൃഷ്ടാന്തം. അല്ലാഹുവും റസൂലും ഒത്താല്‍ പിന്നെ ഒരു രക്ഷയുമില്ലെന്ന് പൊന്നാനിയില്‍ ഒരു പറച്ചിലുണ്ട്. ദൈവത്തിന്റെ പുസ്തകത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതും അങ്ങനെ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലാഹുവും റസൂലും മാത്രമല്ല കൃഷ്ണനും ഒത്തിരിക്കും.
എന്നാലും ദൈവത്തിന്റെ പുസ്തകം ഇങ്ങനെയൊന്നും പ്രചരിച്ചാല്‍ പോരെന്ന ധ്വനി താങ്കളുടെ വാക്കുകളിലില്ലേ? അതിന്റെ പേരില്‍ നേരിയ പരാതിയും. ആളുകള്‍ താങ്കള്‍ക്ക് നേരെ തിരിയാതിരിക്കുമോ?!
ഓ, ദൈവത്തിന്റെ പുസ്തകം രമണന്റെയോ ഖസാക്കിന്റെയോ പോലെ ആകണമെന്ന വ്യാമോഹമാണ് രാമനുണ്ണിക്കെന്ന് വേണമെങ്കില്‍ ദുഷിക്കാം. എല്ലാ എഴുത്തുകാര്‍ക്കും തങ്ങളുടെ പുസ്തകം ഏറ്റവുമധികം പ്രചരിക്കണമെന്ന ആഗ്രഹമുണ്ടാകും. എനിക്കും അങ്ങനെ തന്നെ. പറയാന്‍ ലജ്ജയില്ല. ഈ നോവലിന്റെ കാര്യത്തില്‍ വിശേഷിച്ചും. ദൈവത്തിന്റെ പുസ്തകം എഴുതിയത് ഞാനെന്ന എളിയ എഴുത്തുകാരനാണെങ്കിലും അതിലെ കഥാപാത്രങ്ങള്‍ ലോകോത്തര ഔന്നത്യമുള്ളവരാണല്ലോ. കൈകാര്യം ചെയ്യുന്ന പ്രമേയം അതീവ പ്രസക്തവും. ഓരോ വീട്ടിലും ഓരോ കോപ്പിയുണ്ടായിരിക്കേണ്ട പ്രാധാന്യം ഇന്നത്തെ കാലത്ത് ഈ കൃതിക്കുണ്ട്. ഇങ്ങനെ സ്വന്തം പുസ്തകത്തിന്റെ പ്രമോട്ടറാകാന് ആത്മാഭിമാനപ്രശ്നമില്ലേയെന്ന് വിമര്‍ശിക്കാം. ഇല്ല, എനിക്ക് മാനക്കേടില്ല. കാരണം ദൈവത്തിന്റെ പുസ്തകത്തിലെ കഥാപാത്രങ്ങള്‍ തങ്ങളുടെ സന്ദേശദൗത്യങ്ങള്ക്ക് വേണ്ടി ഇതിലും അപമാനവും നാണക്കേടും സഹിച്ചവരാണ്. കൗരവ രാജധാനിയില്‍ ദൂതിന് പോയ ശ്രീകൃഷ്ണന് എത്ര പരിഹാസ്യനായി. തന്റെ സത്യസന്ദേശങ്ങള്‍ എത്തിക്കാന്‍ മുഹമ്മദ് നബി അഹന്ത കൈവെടിഞ്ഞ് എത്രവട്ടം ലോകരാജാക്കന്മാര്ക്ക് എഴുതിക്കൊണ്ടേയിരുന്നു. പിന്നെ ഈ ചെറിയവനാണോ ഗര്‍വിന്റെ പ്രശ്നം?
കെ പി രാമനുണ്ണി/ ഷിബു ടി ജോസഫ്
You must be logged in to post a comment Login