The Caravan മാസികയുടെ ഏറ്റവും പുതിയ പതിപ്പ്, ഇന്ത്യന്‍ മാധ്യമങ്ങളെ കുറിച്ചുള്ള വിശേഷാല്‍പ്രതിയാണ്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വിശ്വാസത്തെയും എത്രമേല്‍ ബാധിച്ചിട്ടുണ്ടെന്ന് ഈ പതിപ്പിലെ ഗഹനമായ റിപ്പോര്‍ട്ടുകള്‍ തുറന്നുകാട്ടുന്നു. കാരവനുവേണ്ടി ജോസി ജോസഫ് എഴുതിയ കുറിപ്പിന്റെ പ്രസക്തമായ ഭാഗങ്ങള്‍ പരിശോധിക്കാം. ജോസി ജോസഫിന്റെ മാധ്യമ പ്രവര്‍ത്തനം ഇന്ത്യന്‍ മാധ്യമങ്ങളിലെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ മികച്ച ഉദാഹരണമാണ്. The Hindu വിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്റര്‍ ആയിരുന്ന ജോസി താന്‍ തല്‍സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്നും, മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് ഒരു ഡിജിറ്റല്‍ സംരംഭത്തിന് തുടക്കം കുറിക്കുകയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജോസിയുടെ മാധ്യമ ജീവിതവും അതിന്റെ രാഷ്ട്രീയ പ്രസക്തിയുമൊക്കെ അദ്ദേഹത്തിന്റെ പുസ്തകമായ’Feast of Vultures: The hidden business of democracy in India’, സൃഷ്ടിച്ച വിവാദങ്ങളിലൂടെ വ്യക്തമാവുന്നതാണ്. ജോസി ജോസഫിന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു ലേഖനം ഡിസംബറില്‍ The caravan മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. The byline is dead എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ ഇന്ത്യന്‍ മാധ്യമ ലോകത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയാണ് ജോസി പങ്കുവെക്കുന്നത്. തന്റെ മാധ്യമ ജീവിതത്തിന്റെ തുടക്ക നാളുകളില്‍തന്നെ നേരിടാനുള്ള കടമ്പകളെ കുറിച്ച് വ്യക്തമായ ബോധ്യം ജോസിക്കുണ്ടായിരുന്നു. Byline എന്നതിലൂടെ രചയിതാവിന്റെ അസന്ദിഗ്ധമായ കാഴ്ചപ്പാടുകളാണ് വായനക്കാരോട് സംവദിക്കുക. അത് മാധ്യമ പ്രവര്‍ത്തകരുടെ വാര്‍ത്തകളിലേക്കും അന്വേഷണങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അതിന്റെ കരുത്ത് വര്‍ധിക്കുന്നു. ജോസി ജോസഫ് ഒരു ദശകം മുന്നേ തന്റെ കമ്പ്യൂട്ടറില്‍ ‘Morque’ (ചരമ വാര്‍ത്തകള്‍) എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മിക്കുകയുണ്ടായി. എല്ലാ വിധ വാര്‍ത്ത പ്രാധാന്യവുമുണ്ടായിട്ടും വെളിച്ചം കാണാതെ പോയ റിപ്പോര്‍ട്ടുകളെ അതില്‍ അദ്ദേഹം ക്രോഡീകരിക്കാന്‍ തുടങ്ങി. തന്റെ ജോലി വ്യത്യസ്ത സ്ഥാപനങ്ങളിലേക്ക് മാറ്റിയപ്പോഴും ‘Morque’ ല്‍ കുമിഞ്ഞ് കൂടുന്ന വാര്‍ത്തകളില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഒരു റിപ്പോര്‍ട്ടറുടെ ജോലി വാര്‍ത്തയുടെ വിവിധ വശങ്ങളെ പരിശോധിക്കുന്നതിന് പകരം കോളങ്ങളെ കുത്തി നിറക്കുക എന്നതിലേക്ക് അപകടകരമായി ചെറുതാക്കപ്പെട്ടിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കണമെന്ന ആപ്തവാക്യം ഗതി മാറി താന്‍ സ്വയം സെന്‍സര്‍ഷിപ്പ് നടത്തണം എന്ന രീതിയിലായി കഴിഞ്ഞിരിക്കുന്നു. വളരെയധികം സല്‍പ്പേരുള്ള മാധ്യമ സ്ഥാപനത്തില്‍ തന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുംവിധമുള്ള വാര്‍ത്തകള്‍ക്ക് വേണ്ടി പൊരുതാന്‍ പാടില്ല എന്ന തിരിച്ചറിവാണ് പുതു തലമുറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജോസി വെളിപ്പെടുത്തുന്ന മറ്റൊരു കാര്യം സാമൂഹിക മാധ്യമങ്ങളാണ് ഇന്ന് മാധ്യമ പ്രവര്‍ത്തകരുടെ മുഖ്യ ഉറവിടങ്ങള്‍. ട്വിറ്ററിലും ഫേസ്ബുക്കിലുമായി പ്രധാനമന്ത്രിയും ഇതര മന്ത്രിമാരും ട്വീറ്റ് ചെയ്യുന്നതിനെ മുന്‍നിര്‍ത്തിയുള്ള വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങളുടെ മുന്‍വശങ്ങളില്‍ ഇടംപിടിക്കുന്നത്. വാര്‍ത്ത തേടുക/കണ്ടെത്തുക എന്ന നിര്‍വചനങ്ങളെ തിരുത്തി കൊണ്ട് വാര്‍ത്തകളെ ഭരണകൂടങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുക എന്നതായിരിക്കുന്നു പുത്തന്‍രീതികള്‍. ദേശീയ മാധ്യമങ്ങളുടെ ബ്യൂറോകളില്‍ സമര്‍ത്ഥരായ റിപ്പോര്‍ട്ടര്‍മാരെ പിന്തള്ളിക്കൊണ്ട് Access journalism എന്ന പ്രതിഭാസം വളര്‍ന്നു കൊണ്ടിരിക്കുന്നു. Access Journalism, മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യത്തെയും നൈതികതയെയും ചോദ്യം ചെയ്യുന്നുണ്ട്. ആര്‍ക്കാണോ വന്‍ രാഷ്ട്രീയ വ്യക്തിത്വങ്ങളെ എളുപ്പം കാണാനും സംവദിക്കാനും തക്കമുള്ള കുറുക്കുവഴികളുള്ളത് അവര്‍ക്കാണ് രാഷ്ട്രീയ രംഗത്തെ വാര്‍ത്തകളെ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന കുറുക്കുവഴികള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതക്ക് കോട്ടം വരുത്തുന്നു, ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തകരുടെ ധാര്‍ഷ്ട്യത്തെ ഊട്ടിയുറപ്പിക്കുന്നു. ഇന്ത്യന്‍ നിയമ വ്യവസ്ഥിതി Whistle blowers ന്റെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള കൂടുതല്‍ നടപടികള്‍ കൈകൊള്ളേണ്ടിയിരിക്കുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് തങ്ങളുടെ ജോലിയെയും ജീവനെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യയിലെ Whistle blowers ന് നല്ല ബോധ്യമാണ്. അതുകൊണ്ട് തന്നെ ഡല്‍ഹിയിലെ ഉയര്‍ന്ന ജീവിത നിലവാരമുള്ളവരുടെ വിഹാര കേന്ദ്രമായ ഖാന് മാര്‍ക്കറ്റില്‍ യു പി എ സര്‍ക്കാരിന്റെ കാലത്തുള്ളത് പോലെ കോഫീ ഷോപ്പുകളില്‍ മാധ്യമങ്ങളോട് രഹസ്യ വിവരങ്ങള്‍ പങ്കു വെക്കാനാരുമില്ല. ഇത്തരത്തില്‍ രഹസ്യ വിവരങ്ങള്‍ പങ്കു വെക്കുന്നതില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരും മറ്റും വിട്ടു നില്ക്കുമ്പോള്, തെളിവുകളായി ലഭിക്കേണ്ട രേഖകളൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണാനോ വായിക്കാനോ, വിശകലനം ചെയ്യാനോ സാധിക്കില്ല. വിവരാവകാശ നിയമത്തിന്റെ പരിധികള്‍ക്ക് പുറത്തുള്ള രേഖകള്‍ വരെ മാധ്യമ പ്രവര്‍ത്തകര്‍ ഒരു കാലത്ത് നേടിയെടുത്തിരുന്നു, വിനോദ് റായ് എന്ന സാഗ് തലവനാണ് 2 ജി സ്പെക്ട്രം അഴിമതിയുടെ പ്രധാന വിവരങ്ങള്‍ കൈമാറ്റം ചെയ്തത്. ഭരണകൂടത്തിന്റെ രഹസ്യ ഉടമ്പടികളെ ചോര്‍ത്തി തരുന്നവരെ ഇന്ന് വിളിച്ചാല്‍ അവരുടെ മറുപടി വളരെ തണുത്ത മട്ടിലുള്ളതാണ്. ഇങ്ങനെ പോകുന്നു ജോസി വൈകാരികമായി അനുഭവപ്പെടുന്ന കുറിപ്പില്‍ വ്യക്തമാക്കുന്ന വസ്തുതകള്‍. ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ അന്വേഷണാത്മക പത്ര പ്രവര്‍ത്തനം ഒരു മിഥ്യയായി മാറി കൊണ്ടിരിക്കുകയാണ്.
കാരവന് പ്രസിദ്ധീകരിച്ച ഹരീഷ് ഖരേയുടെ ലേഖനം വിരല്‍ ചൂണ്ടുന്ന വ്യവഹാരങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ അടിസ്ഥാനപരമായ നിലനില്പിനെയും ഇടപെടലുകളെയും മുന്‍നിര്‍ത്തിയുള്ളതാണ്. രാജ്യത്ത് ബ്രിട്ടീഷ് അധിനിവേശ കാലഘട്ടം മുതല്‍ക്ക് നടത്തിയ ധീരമായ ചെറുത്തുനില്‍പ്പുകളുടെ പാരമ്പര്യം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുണ്ട്. പ്രസ്തുത കാലയളവുകളില്‍ അത്തരമൊരു മാധ്യമ പ്രവര്‍ത്തനം സാധ്യമാക്കിയത് ദീര്‍ഘ വീക്ഷണമുള്ള എഡിറ്റര്‍മാരുടെ സാന്നിധ്യമായിരുന്നു. സാമ്പ്രദായിക ഭരണകൂട നയങ്ങളെ ചോദ്യം ചെയ്യാനും തിരുത്താനും, വാര്‍ത്തകളെ കൊന്നു തള്ളാതെ അവയെ മാനിച്ചത് എഡിറ്റര്‍മാരുടെ ഒരു സംഘം തന്നെയായിരുന്നു. ഇന്ന് മാധ്യമ ലോകത്ത് എഡിറ്ററിന്റെ പദവിയെക്കാളും ഉയര്‍ന്നു നില്‍ക്കുന്നത് മാര്‍ക്കറ്റിംഗ് തലവന്മാരുടെ തീരുമാനങ്ങളാണ്. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ് Times Group മേധാവി വിനീത് ജയിന് നിര്‍ലജ്ജമായി പറഞ്ഞ വാക്കുകള്‍, ‘ഞങ്ങളിവിടെ വാര്‍ത്തകളെ സംരക്ഷിക്കാന്‍ വേണ്ടിയല്ല പരസ്യങ്ങളെ വിപണനം ചെയ്യാനാണുള്ളത്’ എന്നായിരുന്നു. മാധ്യമങ്ങളുടെ ഉടമകള്‍ തന്നെ സ്വയം പ്രഖ്യാപിത എഡിറ്റര്മാരാകുമ്പോഴുള്ള ആശയ സംഘട്ടനങ്ങള്‍ വാര്‍ത്തകളുടെ അന്ത്യത്തിന് കാരണമാകുന്നു. ഇവയൊക്കെ അത്യന്തം ഗുണകരമായി തീരുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. സാങ്കേതിക വിദ്യ വഴി തങ്ങള്‍ക്ക് നേടാന്‍ കഴിയുന്ന ഗുണങ്ങളെ കുറിച്ച വ്യക്തമായ ധാരണ രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപ്തിയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയത് നരേന്ദ്ര മോഡിയാണ്. ഇന്ത്യന്‍ മാധ്യമ രംഗത്തെ ഉറച്ച ശബ്ദങ്ങളെന്ന് സ്ഥാപിക്കപ്പെട്ട കരണ്‍ ഥാപ്പറും രജ്ദീപ് സര്‍ദേശായിയുമൊക്കെ തന്നില്‍ മതിപ്പുള്ളവരാണെന്ന പ്രതീതി ഉണ്ടാക്കാന്‍ നരേന്ദ്ര മോഡിക്ക് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ മോഡി നടത്തിയ വാണിജ്യ സംരംഭകര്‍ക്കുള്ള അവസരങ്ങളുടെ വാര്‍ത്തയും, അതിലൂടെ സൃഷ്ടിച്ച വികസന നയങ്ങളും, പൊതു ബോധവുമെല്ലാം ഗുജറാത്തിന് പുറമെ ദേശീയ തലത്തില്‍ പ്രതിഫലിപ്പിക്കാന്‍ മോഡിക്ക് വിജയകരമായി സാധിച്ചിട്ടുണ്ട്. ഹരീഷ് ഖരേയുടെ നിരീക്ഷണത്തില്‍ ഗുജറാത്തില്‍ വളരെ പ്രചാരത്തിലുള്ള ‘സന്ദേശ്’, ‘ഗുജറാത്ത് സമാചാര്‍’ എന്നീ പത്രങ്ങളെ തന്ത്രപരമായി പിന്തള്ളിയാണ് ദൃശ്യ മാധ്യമങ്ങളില്‍ തന്റെ ഇടം മോഡി കണ്ടെത്തിയത്. നരേന്ദ്ര മോഡി ഇന്ന് വരെ മാധ്യമങ്ങളോട് തുറന്ന സംവാദത്തിനോ ചോദ്യങ്ങളെ അഭിമുഖീകരിക്കാനോ തയാറായില്ലെങ്കിലും, 2014 ല്‍ അധികാരം കൈ വന്നപ്പോള്‍ ചെയ്തത് ഡല്‍ഹിയിലെ പ്രമുഖ മാധ്യമങ്ങളുടെ പ്രവര്‍ത്തകരെ വളരെ സൂക്ഷ്മമായി പഠിക്കുക എന്നതായിരുന്നു. ഒട്ടു മിക്ക ദേശീയ മാധ്യമങ്ങളിലും ഭരണകൂടത്തിനെതിരെയുള്ള വാര്‍ത്തകളെ വിഴുങ്ങി കളയാന്‍ തന്റെ പ്രത്യേക വൃത്തങ്ങളില്‍ മോഡിക്ക് ആളുകളുണ്ടായിരുന്നു. ഹരീഷ് ഖരേ എന്‍ ഡി ടി വിയുടെ നിലപാടുകളെ കുറിച്ച് നടത്തുന്ന വിമര്‍ശനങ്ങള്‍ വലിയ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യയില്‍ പുരോഗമനപരമായ കാഴ്ചപ്പാടുകളുടെ വക്താക്കളായി സ്വയം പ്രതിനിധീകരിക്കുന്ന എന്‍ ഡി ടി വിക്ക് 2014 ലെ മോഡി ഭരണകൂടത്തോടുള്ള നയം എന്താണെന്ന് അവ്യക്തമാണ്. 2016 ഒക്ടോബറില്‍ എന്‍ ഡി ടി വി മുന്‍ കേന്ദ്ര ധന മന്ത്രി പി. ചിദംബരവുമായി നടത്തിയ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് വിട്ടു നിന്നു. കാരണം വ്യക്തമല്ല. പക്ഷേ ഭരണകൂട സമ്മര്‍ദത്തിന്റെ സാധ്യതകള്‍ വലുതാണ്. ഇത്തരത്തില്‍ തീര്‍ത്തും അനിശ്ചിതത്വത്തില്‍ നില്ക്കുന്ന ഇന്ത്യന്‍ മാധ്യമ ലോകത്തെ കുറിച്ച് കാരവന് റിപ്പോര്‍ട്ടര്‍ അതുല്‍ ദേവ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അധികാര വ്യവസ്ഥയെയും യഥാര്‍ത്ഥത്തില്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് തുറന്നുകാട്ടുന്നതാണ്. ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ Hindustan Times നെ കുറിച്ചാണ് അടുത്തത്. റിപ്പോര്‍ട്ടില്‍ Hindustan Times ന്റെ ചരിത്രത്തെ വ്യക്തമായി പരിശോധിക്കുന്നുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിക്ക് എതിരെ ചെറുതായി പോലും ശബ്ദിക്കാന്‍ കെല്പില്ലാത്തതായിരുന്നു പത്രത്തിന്റെ മാധ്യമ നയം. തന്റെ പിതാവില്‍ നിന്നും കൈമാറ്റം ചെയ്തു കിട്ടിയ ഉടമസ്ഥാവകാശം HT യുടെ മേധാവിയായ Shobana Bhartia വിവിധ സന്ദര്‍ഭങ്ങളില്‍ The Washington Post ന്റെ ഉടമയായ Katherine Graham മായി തന്നെ ഉപമിക്കാറുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ Washington Post പെന്റഗണ്‍ പേപ്പേഴ്സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അതോടൊപ്പം തന്നെ അമേരിക്കയിലെ മുതിര്‍ന്ന രാഷ്ട്രീയ വ്യവസായ പ്രമുഖരുമായുള്ള തന്റെ ബന്ധം കലുഷിതമാക്കാന്‍ തയാറായിട്ടുമുണ്ട്. Shobana Bhartia യോട് വളരെ വലിയ ആത്മബന്ധം സൂക്ഷിക്കുന്ന രാഷ്ട്രീയ നേതാവാണ് അരുണ്‍ ജെയ്റ്റ്ലി. അതുകൊണ്ട് തന്നെ ധന മന്ത്രാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിവാദപരമായ ഒരു വാര്‍ത്തയും HTയുടെ പേജുകളില്‍ കണ്ടെത്താന്‍ കഴിയില്ല. അരുണ്‍ ജെയ്റ്റ്ലി എന്ന വ്യക്തിത്വത്തെ വളരെ നല്ല രീതിയില്‍ ലേഖനം അവലോകനം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് രക്ഷപെടുന്നതിന് മുമ്പ് താന്‍ ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്ന വിജയ് മല്ല്യയുടെ ആരോപണ സമയത്ത് ഹിന്ദുസ്ഥാന്‍ ടൈംസ് ഒഴികെ മറ്റ് പത്രങ്ങളൊക്കെ അത് വലിയ വാര്‍ത്തയാക്കി. എന്നാല്‍ HT മുന്‍ഗണന കൊടുത്തത് Arun Jaitley യുടെ പൊള്ളയായ വാദങ്ങള്‍ക്കായിരുന്നു.
ഈയടുത്ത് ചീഫ് എഡിറ്റര്‍ പദവിയില്‍ നിന്നും ഒഴിവായ HTഎഡിറ്റര്‍ ബോണി ഘോഷിന്റെ രാജി കാരണവും പത്രവും ഭരണകൂടവും നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഫലമായാണ്.
ഘോഷ് അന്താരാഷ്ട്ര മാധ്യമ ലോകത്ത് അറിയപ്പെടുന്ന വ്യക്തിത്വവും, The Quartz ന്റെ മാനേജിംഗ് എഡിറ്ററുമായിരുന്നു. എന്നാല്‍ HT യിലേക്കുള്ള മാറ്റം 14 മാസത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഘോഷ് HT യില്‍ പ്രവേശിച്ചതിന് ശേഷം ചെയ്ത വളരെ പ്രധാനപ്പെട്ട റിപ്പോര്‍ട്ട് ആയിരുന്നു Hate Tracker എന്ന പേരില്‍ പത്രത്തിന്റെ വെബ്സൈറ്റില്‍ ആരംഭിച്ച പരമ്പരകള്‍. രാജ്യത്ത് മോഡി സര്‍ക്കാരിന്റെ കാലഘട്ടത്തിലുണ്ടായ വെറുപ്പിന്റെ രാഷ്ട്രീയവും, മനുഷ്യാവകാശ ധ്വംസനങ്ങളും വ്യക്തമായ കണക്കുകളിലൂടെ ക്രോഡീകരിക്കുകയാണ് Hate Tracker ചെയ്തത്. ഇത് മോഡി സര്‍ക്കാരിന് വളരെയധികം അലോസരം സൃഷ്ടിച്ചു. മോഡി HT യുടെ ലീഡര്‍ഷിപ്പ് സമ്മിറ്റിന്റെ ക്ഷണം നിരസിച്ചു. തുടര്‍ന്ന് കേള്‍ക്കാന്‍ സാധിച്ചത്, ബോണി ഘോഷ് രാജിവെച്ചു എന്നാണ്. ഘോഷിന്റെ രാജിക്ക് ശേഷം പത്രം Hate Tracker യാതൊരു അറിയിപ്പും നല്‍കാതെ പിന്‍വലിച്ചു. HTയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു റിപ്പോര്‍ട്ടര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: അവര്‍ക്ക് Hate Trackerന്റെ റിപ്പോര്‍ട്ടിങ്ങ് നിര്‍ത്തി വെക്കാമായിരുന്നു. പക്ഷേ അവര്‍ വെബ്സൈറ്റില്‍ നിന്ന് എല്ലാ വിവരങ്ങളും നീക്കം ചെയ്തു കളഞ്ഞു. HT യിലെ പത്രപ്രവര്‍ത്തകര്‍ക്കെല്ലാം തന്നെ Hate Tracker മായി ബന്ധപ്പെട്ട യാതൊരു ട്വീറ്റുകളും നടത്തരുതെന്ന നിര്‍ദേശമുള്ള ഒരു ഇ-മെയിലും ലഭിക്കുകയുണ്ടായി. ഇതിന് ശേഷമാണ് നരേന്ദ്ര മോഡി ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ തയാറായത്. ഒഠയുടെ പ്രധാന ആഡംബര പരിപാടിയായ ലീഡര്‍ഷിപ്പ് സമ്മിറ്റിന് രാഷ്ട്രീയക്കാരെ ക്ഷണിക്കുക എന്ന ജോലിയാണ് പത്രത്തിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ പൊതുവില്‍ ചെയ്തു വരുന്നത്. ഒഠയുടെ മുന്‍ പൊളിറ്റിക്കല്‍ എഡിറ്ററും ‘മീ ടൂ’ ആരോപിതനുമായ പ്രശാന്ത് ഝായും ഇത് സമ്മതിക്കുന്നു. പത്രത്തിന്റെ ഉടമസ്ഥാവകാശത്തെ മറ്റൊരു രീതിയിലും ലേഖനം പരിശോധിക്കുന്നു, ശോഭനയുടെ ഭര്‍ത്താവ് ശ്യാം സുന്ദറും സഹോദരന് ഹരിയും വളര്‍ന്നു വരുന്ന Jubilient Bhartia Group ന്റെ ഉടമസ്ഥരാണ്. കമ്പനി വിവിധങ്ങളായ മേഖലകളില്‍ നിക്ഷേപം നടത്തുന്നവരുമാണ്. ഗവണ്മെന്റ് ബാങ്കുകളില്‍ 1340 കോടി രൂപയുടെ വായ്പാ ഇരുവര്‍ക്കുമുണ്ട്. അത് കൊണ്ട് തന്നെ തങ്ങളുടെ രാഷ്ട്രീയ ബന്ധത്തിന് വിള്ളലേല്പിക്കാന് HT തയാറാവില്ല. ഇന്ത്യയില്‍ മാധ്യമ സ്ഥാപനങ്ങളില്‍ ഉടമസ്ഥതയുണ്ടാവുക എന്നത് തങ്ങളുടെ വ്യവസായ രംഗത്തെ പരിപോഷിപ്പിക്കാന്‍ വേണ്ടിയാണെന്ന നയമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
പത്രത്തിന്റെ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളെ കീറിമുറിച്ച് പരിശോധിക്കുന്ന ലേഖനം ഇന്ത്യയിലെ വ്യവസായികളുടെ കയ്യിലുള്ള മാധ്യമങ്ങള്‍ എല്ലാ ദിവസവും വാര്‍ത്തകളെ തങ്ങള്‍ക്ക് വേണ്ട രീതിയില്‍ മറച്ചു വെക്കുന്നുണ്ടെന്നുള്ളതാണ് വ്യക്തമാക്കുന്നത്.
ഒരര്‍ത്ഥത്തില്‍ മാധ്യമ പ്രവര്‍ത്തനം പരാജയപ്പെട്ടു പോകുന്നു എന്ന സൂചനകളാണ് വിവിധ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. മാധ്യമ പ്രവര്‍ത്തകരായ Paranjoy Guha Thakurta bpw Sourya Majumder ഉം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകമായ, Loose Pages: The court cases that could have shaken India എന്ന പുസ്തകം, ഇന്ത്യയിലെ വളരെ വിവാദമായ Sahara Birla Papers നെ കുറിച്ചുള്ളതാണ്. ഭരണകൂടവും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള രഹസ്യ ഇടപെടലുകളില്‍ നീതി ന്യായ വ്യവസ്ഥിതിയും എത്രമാത്രമാണ് ബന്ധപ്പെട്ട് കിടക്കുന്നതെന്ന ചോദ്യമാണ് പുസ്തകം ഉയര്‍ത്തുന്നത്. Sahara Birla Papers ഉം വിജിലന്‍സ് കമ്മീഷനും ഉള്‍പ്പെടുന്ന കേസിന് വായനക്കാര്‍ക്ക് എളുപ്പം മനസിലാവുന്ന രീതിയില്‍ എഴുതുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് എഴുത്തുകാര്‍ പറയുന്നു. അവിടെയും പ്രധാനപ്പെട്ട ചോദ്യമാണ് Sahara Birla papers പൊതു മണ്ഡലത്തില്‍ ലഭ്യമായിട്ടും ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ എന്തുകൊണ്ട് അതിലെ അഴിമതിയുടെ എണ്ണമറ്റ കണക്കുകള്‍ പരിശോധിക്കാന്‍ തയാറാവുന്നില്ല എന്നത്.
രാഷ്ട്രീയ നിക്ഷിപ്ത താല്പര്യങ്ങള്ക്ക് മുന്നില്‍ തങ്ങളുടെ ജോലിയോട് സമവായം നടത്താത്ത മാധ്യമ പ്രവര്‍ത്തകര്‍ അവശേഷിക്കുകയാണെങ്കില്‍ മാത്രമേ ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ നടക്കുന്നുണ്ട് എന്ന് അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂ.
നബീല പാനിയത്ത്
You must be logged in to post a comment Login