നല്ലൊരു തലക്കെട്ട് നല്‍കൂ
ആര്‍ക്കും എഴുതാം. പക്ഷേ, എല്ലാവര്‍ക്കും വായിപ്പിക്കാന്‍ കഴിയണമെന്നില്ല. വായിപ്പിക്കാനുള്ള ക്ഷമതയോ തന്ത്രമോ ഇല്ലാത്തതു കൊണ്ട് മാത്രം പല മഹത്തായ ആശയങ്ങളും വേണ്ടത്ര വായിക്കപ്പെടാതെ പോയിട്ടുണ്ട്. സാധാരണ, ആളുകള്‍ വായിക്കാന്‍ മടിയുള്ളവരാണ്. മടിയന്മാരെക്കൊണ്ട് വായിപ്പിക്കുക എന്നത് എഴുത്തുകാരന്റെ കഴിവാണ്. ഇത്തരം ഒരു സിദ്ധി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും വായിക്കാനാവും.
ആളുകളെക്കൊണ്ട് വായിപ്പിക്കുന്നതില്‍ തലക്കെട്ടിന് വളരെ വലിയ പങ്കുണ്ട്. തലക്കെട്ടില്‍ നിന്നാണ് ആളുകള്‍ നിങ്ങളുടെ രചനയെക്കുറിച്ച് ആദ്യ അഭിപ്രായം രൂപീകരിക്കുന്നത്. തലക്കെട്ട് രചനയുടെ തുറന്നിട്ട വാതിലോ ജാലകമോ ആണ്. മടിയനായ വായനക്കാരന്‍ ഇതിനുള്ളിലൂടെ ഒളിഞ്ഞു നോക്കുന്നു, ഉള്ളില്‍ എന്തൊക്കെയുണ്ടെന്നറിയാന്‍. അവന് പറ്റിയ വല്ലതുമുണ്ടെങ്കില്‍ മാത്രമേ വായനയെന്ന മെനക്കെടിലേക്ക് അവന്‍ കടക്കൂ.
തലക്കെട്ട് ശ്രദ്ധ കവരുന്നതായിരിക്കണം. എന്നു വിചാരിച്ച് ആളുകളുടെ തൊലിപ്പുറമെയുള്ള വികാരങ്ങള്‍ ഉണര്‍ത്തി കാര്യം നേടുന്ന തരത്തിലേക്ക് തരം താഴേണ്ട കാര്യമില്ല. കുറച്ചുമുമ്പ് മലയാളത്തില്‍ ‘രതി’ എന്ന വാക്ക് പ്രയോഗിച്ചുകൊണ്ടുള്ള തലക്കെട്ടുകള്‍ ധാരാളം ഇറങ്ങിയിരുന്നു. മൊത്തത്തില്‍ രതിമയം. ഇത് മുന്‍ചൊന്ന സൂത്രപ്പണിയും തരം താഴലുമാണ്. തലക്കെട്ടിന്റെ ഭാഷ ലളിതവും സുതാര്യവുമായിരിക്കുക. തലക്കെട്ടില്‍ നിന്ന് കഥയും കവിതയും ലേഖനവുമെഴുതുന്നവരുമുണ്ട്. രചന നിര്‍വ്വഹിച്ചതിനു ശേഷമോ രചനക്കിടയിലോ തലക്കെട്ട് നല്‍കാം. എന്നാല്‍ അത് വളരെ ആലോചിച്ച് മാത്രമേ രൂപകല്‍പന ചെയ്യാവൂ. തലക്കെട്ടിലെ കാലിക പ്രവണതകളെ അനുകരിക്കേണ്ടതില്ല. മലയാളത്തിലെ എല്ലാ പത്രങ്ങളിലും വാര്‍ത്തകള്‍ക്കിപ്പോള്‍ കഥയുടെ തലക്കെട്ടാണ്. ആളുകള്‍ വാര്‍ത്തയല്ല സ്റോറിയാണിപ്പോള്‍ പത്രങ്ങളില്‍ വായിക്കുന്നത്. ഈ പ്രവണത കുറച്ചുകാലം നീണ്ടു നിന്ന് മറ്റൊരു പ്രവണതക്ക് വഴിമാറിയേക്കാം. പ്രവണതയുടെ പിന്നാലെ പോകാതെ മൌലികമായ തലക്കെട്ടുകള്‍ കണ്ടെത്തുന്നതിലാണ് രചയിതാവിന്റെ വിജയം. കൂട്ടുകാരേ, തലക്കെട്ടില്ലാത്ത ഈ കുറിപ്പിന് നിങ്ങളുടെ വക നല്ലൊരു തലക്കെട്ട് നല്‍കിക്കൂടേ…?
‘പ്രണയം’ ഒരു ധീരശ്രമമാണ്. എത്രയോ തവണ പാടിപ്പഴകിയ ശൈലിയില്‍ ഇനിയും എഴുതരുത് എന്നാണ് ഇ എം സുഫിയാനോട് പറയാനുള്ളത്. ‘ഒളിക്കണ്ണും’ ‘കുടിയേറ്റ’വും പ്രതീക്ഷ നല്‍കുന്നു.
കാത്തിരിപ്പോടെ,
സ്വന്തം ചങ്ങാതി
ജാബിര്‍ ടി,
വെസ്റ് വെണ്ണക്കോട് ഐഎച്ച്ആര്‍ഡി, മുക്കം.
ഒളിക്കണ്ണ്
പോയ വര്‍ഷത്തെ
പഴയ നോട്ടു പുസ്തകത്തിന്റെ
പുറം ചട്ടമേല്‍
അശ്രദ്ധമായെഴുതി.
അതു നീ കണ്ടു.
ബസ്റോപ്പില്‍ ആരോ മറന്നുവച്ച
പ്ളാസ്റിക് കവറിലെ കടലാസു കഷ്ണങ്ങള്‍
നീ മാന്തി പുറത്തിട്ടു.
സുഹൃത്തിന്റെ കണ്ണുവെട്ടിച്ച്
കൈക്കലാക്കിയ മൊബൈല്‍ ഫോണിലെ
ഇന്‍ബോക്സ് നീ മനഃപാഠമാക്കി
പക്ഷേ…
പേമാരിയില്‍
കവര്‍ന്നു വീണ സ്വപ്നങ്ങളുടെ
ചെറുകൂരക്കടിയില്‍
ഞാനിരിക്കുന്നത് മാത്രം
നീ കണ്ടില്ല.
ഷേക്സ്പിയര്‍
വിവ. അന്‍വര്‍ ബുറൈകി
പ്രണയം
ആര്‍ത്തിപൂണ്ട സമയമേ
സിംഹത്തിന്റെ കാലടികള്‍
നിന്നിലാഴ്ന്നിറങ്ങട്ടെ
ഭൂമി മാധുര്യമാം സ്വസന്തതികളെ
കാര്‍ന്നു തിന്നുന്നു
ക്രൂരരായ കടുവകളുടെ
തേറ്റയില്‍ നിന്നു
സൂചിപ്പല്ലുകള്‍ നീ
പറിച്ചെടുത്തു.
ദീര്‍ഘകാലം ജീവിക്കുന്ന
ഫിനിസ്ക്സ് പക്ഷിയെപ്പോലുമതിന്റെ
രക്തത്തില്‍ നീ കരിച്ചു
പക്ഷിക്കൂട്ടത്തെ പ്പോലെ
സന്തോഷവും ദുഃഖകാലവും
നീ പരിണയിപ്പിച്ചു
എല്ലാ മാധുര്യവും വാടിപ്പോകുന്ന
വിശാലമായ ലോകത്തേക്ക്
വേഗത്തിലോടുമ്പോള്‍ നീ
എന്തെങ്കിലും ആഗ്രഹിപ്പിച്ചു
പക്ഷേ,
നീചമായ കൃത്യത്തില്‍ നിന്നും
നിന്നെ ഞാന്‍
തടഞ്ഞുവെക്കുന്നു.
ഓ… മൂല്യവത്തായ
എന്റെ പ്രണയത്തിലെ
നിന്റെ മണിക്കൂറുകള്‍
ആയുധങ്ങള്‍ക്കു തുല്യമാവില്ല
പ്രാകൃതമായ പേനകൊണ്ട്
ഒരുവര പോലും
ഞാന്‍ വരയ്ക്കുന്നില്ല
വിജയിപ്പിക്കുന്ന
സൌന്ദര്യശ്രേണിക്കുവേണ്ടി
നിന്റെ ഗതിയില്‍ കറപറ്റാന്‍
അവനെ നീ അനുവദിക്കൂ
എന്നിട്ടും
നിന്റെ തെറ്റിനു പകരമായി
സമയം നീ നഷ്ടമാക്കുന്നു.
എന്റെ പ്രണയം
യുവത്വത്തോടൊപ്പം
എന്റെ വരികളിലുണ്ടാവും
കട്ടായം!
താജുദ്ദീന്‍ ബല്ലാകടപ്പുറം
കുടിയേറ്റം
നിരാശകള്‍ കുമിഞ്ഞുകൂടി, ഞാന്‍
ഓടിയകന്നു.
വീട്, നാട്
ബന്ധുക്കള്‍, ബന്ധങ്ങള്‍
വെടിഞ്ഞു,
കുടിയേറ്റക്കാരനാണു ഞാന്‍.
മരുഭൂമിയില്‍-
വിയര്‍പ്പിന്റെ അരുവികള്‍ ജനിക്കുന്നു.
വിണ്ടുകീറിയ പാദങ്ങള്‍-
പൂഴിയില്‍ ആണ്ടുപോയി,
ഞാന്‍ പ്രവാസി
ബദുക്കള്‍, അന്യവത്കരണ-
ത്തീക്കനലുകളെറിഞ്ഞു,
ചകിതഹൃദയം കുറുകി
അസദിന്റെ1 മക്കയോ
മുസഫറിന്റെ2 മരുഭൂമിയോ
നജീബിന്റെ3 ജീവിതമോ
ഞാന്‍ വായിച്ച ഗള്‍ഫ്?
1. മുഹമ്മദ് അസദ്- ദി റോഡ് റ്റു മക്ക
2. മുസഫര്‍ – മരുഭൂമിയുടെ ആത്മാവ്
3. ബെന്യാമിന്‍ – ആടു ജീവിതം.
ഇ എം സുഫിയാന്‍
കദന കഥ
രക്തപടലങ്ങള്‍ പാടുവീഴ്ത്തിയ
താഴ്വരകള്‍ക്കൊരു
തലമുറയുടെ ചരിത്രം
പറയാനുണ്ടായിരുന്നു.
വെടിയൊച്ച മുഴങ്ങിയ
മലഞ്ചെരിവുകള്‍ക്കൊരു
പച്ചപ്പിന്റെ രാഗം
മൂളാനുണ്ടായിരുന്നു.
ബോംബുകള്‍ നെഞ്ചില്‍ തുളച്ച
ഭൂമിയമ്മക്കൊരു
നൊമ്പര ചരിതം
പാടാനുണ്ടായിരുന്നു.
കരഞ്ഞു കലങ്ങിയ
പിഞ്ചു കണ്ണുകള്‍ക്കൊരു
കുളിര്‍മ്മക്കഥ വിവരിക്കാനുണ്ടായിരുന്നു.
ചോരതെറിച്ച നെഞ്ചുകള്‍ക്കൊരു
യോദ്ധാവിന്‍ ചരിത്രം
ഓര്‍മ്മയുണ്ടായിരുന്നു.
താഴെ ചെഞ്ചോരപ്പുഴകള്‍ കണ്ട്
അകലെ ആകാശം
അശ്രു പൊഴിച്ചിരുന്നു.
നസീക്ക് മുതുവാട്ട്
നജാത്ത് പെരുവള്ളൂര്‍
വില്‍പനക്ക്
കനകം നിറച്ച്,
കനവിനാല്‍ പൊതിഞ്ഞ്,
രണ്ടു ഹൃദയങ്ങള്‍ കത്തിച്ച്
സഹനത്തില്‍ പൊരിച്ച
ഒരു ഗര്‍ഭപാത്രം
സമൂഹത്തില്‍ തൂക്കിനോക്കി.
എങ്കിലും,
ഉയര്‍ച്ച അപ്പുറം തന്നെ.
beautiful site,different articles