ജനാധിപത്യ രാഷ്ട്രീയത്തില്‍ അഞ്ചുവര്ഷക്കാലമെന്നത് ഒരു ദീര്‍ഘകാലമാണ്. അധികാരത്തിന്റെ ഉത്തുംഗപഥങ്ങളിലേക്ക് അപ്രതീക്ഷിതമായി കുതിച്ചുയര്‍ന്നതും അവിടെനിന്ന് പുറത്തെറിയപ്പെടുന്നതും ഈ കാലയളവിന്റെ പരിധിയിലാണ്. അതിനാല്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാറ്റുമാറി വീശല്‍ പ്രക്രിയ ദേശീയ രാഷ്ട്രീയത്തില്‍ പുതുമയുള്ള കാര്യമല്ല.
പക്ഷേ കഴിഞ്ഞ ദിവസം ഹിന്ദി ഹൃദയഭൂമിയില്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ മൂന്നു സംസ്ഥാനങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുന്ന കാഴ്ച തീര്‍ത്തും അസാധാരണം തന്നെയായിരുന്നു. 2013ല്‍ വമ്പിച്ച ജനപിന്തുണയോടെ ബി ജെ പി അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും . മധ്യപ്രദേശിലും ഛത്തീസ്ഗഡിലും 15 വര്‍ഷമായി തുടര്‍ച്ചയായി ഭരണം കയ്യാളുന്നത് ആ പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ ഏറ്റവും സ്വീകാര്യതയുള്ള രണ്ട് നേതാക്കളായ ശിവരാജ് സിംഗ് ചൗഹാനും രമണ്സിംഗുമാണ് ഈ രണ്ട് സംസ്ഥാനങ്ങളും ഭരിച്ചത്. വികസനരംഗത്ത് അവരുടെ നേട്ടങ്ങള്‍ കുറവല്ല. രാജസ്ഥാനില്‍ വസുന്ധരരാജെ സിന്ധ്യയുടെ ഭരണശൈലിയെ സംബന്ധിച്ച് പാര്‍ട്ടിക്കകത്തും പുറത്തും പരാതികളുണ്ടായിരുന്നു. ബി ജെ പിയുടെ തന്നെ ദേശീയ നേതൃത്വം അവസാന നിമിഷം വരെ കണക്കുകൂട്ടിയത് രാജസ്ഥാനില്‍ തിരിച്ചടിയേല്‍ക്കുമെന്നും എന്നാല്‍ മധ്യപ്രദേശും ഛത്തീസ്ഡഢും നിലനിര്‍ത്തുമെന്നുമായിരുന്നു.
ഇപ്പോള്‍ ജനവിധി വളരെ വ്യക്തമായിരിക്കുന്നു. തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളില്‍ ബി ജെ പിക്കു ജനപിന്തുണയില്‍ വന്നുകൊണ്ടിരിക്കുന്ന തകര്‍ച്ച ഞെട്ടിപ്പിക്കുന്നതാണ്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ച അതേ മേഖലകളിലാണ് ഇത്തവണ ജനം പാര്‍ട്ടിയെ കൈവിട്ടത്. വളരെ കൃത്യമായ സൂചനകള്‍ നല്കുന്ന മാറ്റങ്ങളാണ് വന്നിരിക്കുന്നത്.
പാഠം ഒന്ന്: ഗ്രാമീണ ഇന്ത്യ ബി ജെ പിയെ പൂര്‍ണമായും കൈവിട്ടിരിക്കുന്നു. മധ്യപ്രദേശില്‍ കഴിഞ്ഞ തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിച്ച ബി ജെ പി ഇത്തവണ 57 സീറ്റ് നഷ്ടപ്പെട്ടു കോണ്‍ഗ്രസിന്റെ പിന്നിലായി. ഗ്രാമങ്ങളില്‍ നടത്തിയ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് വിജയത്തിന് പ്രധാന കാരണമായത്. ഇത്തവണ 115 സീറ്റ് നേടിയ കോണ്‍ഗ്രസിന് അതില്‍ 94ഉം നല്‍കിയത് ഗ്രാമീണരാണ്. കോണ്‍ഗ്രസിനു പിന്തുണ നല്കാനിടയുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ രണ്ടു വിജയവും ഗ്രാമീണ മേഖലയില്‍ തന്നെ.
ഇതേ പാറ്റേണ്‍ തന്നെയാണ് രാജസ്ഥാനിലും ഛത്തീസ്ഗഢിലും ദൃശ്യമായത്. കോണ്‍ഗ്രസിനു കിട്ടിയ 99 സീറ്റില്‍ 86ഉം വന്നത് ഗ്രാമീണ മേഖലയില്‍ നിന്നാണ്. ബി ജെ പിക്ക് ഈ മേഖലയില്‍ നിന്ന് കിട്ടിയത് 56 സീറ്റുകള്‍ മാത്രം. സി പി എമ്മിനു കിട്ടിയ രണ്ടു സീറ്റും ഗ്രാമീണ മേഖലയില്‍നിന്നു തന്നെ. സമീപ കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങളെ സംഘടിപ്പിക്കുന്നതില്‍ സി പി എം നേതൃത്വത്തിലുള്ള കര്‍ഷക സംഘം വഹിച്ച നേതൃത്വപരമായ പങ്ക് കര്‍ഷകര്‍ വിസ്മരിക്കുന്നില്ല എന്ന് തീര്‍ച്ച. കോണ്‍ഗ്രസിനെ പിന്തുണക്കാനിടയുള്ള ബി എസ് പിയുടെ ആറു സീറ്റുകളും ഗ്രാമീണ മേഖലയില്‍ നിന്നുതന്നെ. ഛത്തീസ്ഗഢില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയെടുക്കുന്നത്. മൊത്തം 90 സീറ്റില്‍ 68ഉം അവര്‍ നേടിയെടുത്തു. കാരണം ലളിതം: ഈ സംസ്ഥാനം ആദിവാസികളുടെയും ഗ്രാമവാസികളുടെയുമാണ്.
പാഠം രണ്ട്: പ്രതിമ നിര്‍മാണമല്ല രാഷ്ട്ര നിര്‍മാണം. ബി ജെ പിയുടെ തന്നെ ഒരു ലോകസഭാംഗം തിരഞ്ഞെടുപ്പില്‍ തോല്‍വി അറിഞ്ഞയുടനെ നടത്തിയ പ്രതികരണം കൃത്യമായി കാര്യങ്ങളെ സൂചിപ്പിക്കുന്നുണ്ട്. ഈ പരാജയം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ നേതൃത്വത്തിന്റെ പരാക്രമം മാത്രമല്ല. ഇത് ബി ജെ പിയുടെ ദേശീയ നേതൃത്വത്തിന്റെയും കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ അവര്‍ സ്വീകരിച്ച നയസമീപനങ്ങളുടെയും പരാജയമാണ്. എവിടെയാണ് പരാജയം എന്നറിയാന്‍ ആരാണ് ബി ജെ പിയെ കൈവിട്ട് കോണ്‍ഗ്രസിനെ അഭയം പ്രാപിച്ച ജനവിഭാഗം തന്നെ നോക്കിയാല്‍ മതി. രാഹുല്‍ ഗാന്ധി തന്റെ ആദ്യ പ്രതികരണങ്ങളില്‍ തന്നെ പറഞ്ഞത് യുവാക്കളും കര്‍ഷകരും ചെറുകിട കച്ചവടക്കാരും ഒക്കെ തങ്ങളുടെ വിജയത്തിന് കാരണമായി എന്നാണ്. അവരുടെ ജീവിത ദുരന്തങ്ങളാണ് ഭരണകക്ഷിയെ വലിച്ചെറിഞ്ഞ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതീക്ഷകളര്‍പ്പിക്കാന്‍ അവര്‍ക്ക് പ്രേരകമായത്.
എന്താണ് ഈ ജീവിതാനുഭവങ്ങള്‍? വ്യാപകമായ തൊഴിലില്ലായ്മ, കാര്ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച, ചെറുകിട വ്യാപാര മേഖലയിലെ പൂര്‍ണമായ മരവിപ്പ്. സമീപകാലത്ത് ഒരിക്കലുമുണ്ടായിട്ടില്ലാത്ത വിധം സാധാരണ ജനങ്ങളുടെ ജീവിതത്തെ അതികഠിനമായി ബാധിക്കുന്ന സാമ്പത്തിക സാമൂഹിക നയങ്ങളാണ് ബി ജെ പി ഭരണകൂടം നടപ്പിലാക്കി വന്നത്. അതിന്റെ ആഘാതം ആര്‍ക്കും താങ്ങാവുന്നതിനപ്പുറമായിരുന്നു. പ്രതിവര്‍ഷം രണ്ടു ദശലക്ഷം (20 ലക്ഷം) തൊഴിലുകള്‍ ഉണ്ടാക്കുമെന്ന വാഗ്ദാനം ബി ജെ പി പിന്നീട് ഒരിക്കലും ഓര്‍ക്കുകയുണ്ടായില്ല. കാര്‍ഷിക മേഖലയില്‍ വരുമാനം ഇരട്ടിയാക്കി മാറ്റുമെന്ന വാഗ്ദാനവും കാറ്റത്തെ കരിയില പോലെ പാറിപ്പോയി. പകരം സംഭവിച്ചത് ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങളുടെ തകര്‍ച്ചയാണ്. അവയുടെ പ്രതിസന്ധി സ്വയം കൃതാനര്‍ത്ഥമായിരുന്നു.
2016 നവംബര്‍ 7ന്റെ നോട്ടുനിരോധനത്തെ തുടര്‍ന്നാണ് കാര്‍ഷിക മേഖലയിലും ചെറുകിട വ്യവസായ, വ്യാപാര മേഖലകളിലും പ്രതിസന്ധി ശക്തമായത്. തുടര്‍ന്ന് ആറുമാസത്തിനകമാണ് പുതിയ ജി എസ് ടി നടപ്പിലാക്കിയത്. അതോടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി. ചരക്കുനീക്കം നിലച്ചു. കാര്‍ഷിക വിപണി തകര്‍ന്നു. ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി.
പകരം ജനങ്ങള്‍ക്ക് ഭരണാധികാരികള്‍ നല്കിയതെന്താണ്? അറബിക്കടലിന്റെ തീരത്ത് കാക്കകള്‍ക്ക് കാഷ്ടിക്കാനും കടലിലെ തിരയെണ്ണി ജീവിതം കഴിച്ചുകൂട്ടുന്നവര്‍ക്ക് തണലേകാനുമായി ലോകത്തെ ഏറ്റവും വലിയ പ്രതിമയുണ്ടാക്കി. ഗുജറാത്തിലെ പഴയ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ കൊണ്ട് നാട്ടിലെ സാധാരണക്കാര്‍ക്ക് എന്തു പ്രയോജനമാണുള്ളത്? 3000 കോടിയിലധികമാണ് പ്രതിമയുണ്ടാക്കാന്‍ ചെലവഴിച്ചത്. ഗുജറാത്തുകാരായ മോഡിയും അമിത്ഷായും ഡല്‍ഹിയില്‍ രാജ്യഭരണം തുടങ്ങിയിട്ടും തങ്ങളുടെ പ്രാദേശിക മനസ്ഥിതി ഉപേക്ഷിക്കുകയുണ്ടായില്ല എന്ന വസ്തുത മാത്രമാണ് അത് വെളിപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരിലെ എല്ലാ സുപ്രധാന സ്ഥാനങ്ങളും ഗുജറാത്തികള്‍ കയ്യടക്കി. ഗുജറാത്തിലെ പ്രഭുക്കന്മാരായ അംബാനിയും അദാനിയും ദശലക്ഷം കോടികളുടെ അധിപന്മാരായി. അവര്‍ക്ക് ഈരേഴു പതിനാലു ലോകങ്ങളിലും സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കേന്ദ്രഭരണകൂടം പരവതാനി വിരിച്ചു. ഇത്രയേറെ ഇടുങ്ങിയ പ്രാദേശികതയും വര്‍ഗീയതയും ഇന്നുവരെ ഒരു രാഷ്ട്രീയ നേതൃത്വത്തിലും രാജ്യം ദര്‍ശിക്കുകയുണ്ടായില്ല. ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യങ്ങളും നാനാത്വത്തിലെ ഏകത്വവുമാണെന്ന് കണ്ടെത്തിയത് വിദേശശക്തികള്‍ക്കെതിരെ നടന്ന ദേശീയ പ്രക്ഷോഭകാലത്ത് അതിന്റെ നേതൃത്വമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ ഭരണകക്ഷികളുടെ പൂര്‍വസൂരികളായ ആര് എസ് എസും ഹിന്ദു മഹാസഭയും ബ്രിട്ടീഷ് പാദസേവയുടെ പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. അതിനാല്‍ ഇന്ത്യയുടെ നാനാത്വം തിരിച്ചറിയാതെ ഹിന്ദുത്വ വര്‍ഗീയതയുടെ ഒരേയൊരു തുരുപ്പുശീട്ടുമായാണ് അവര്‍ കളത്തിലിറങ്ങിയത്.
പാഠം മൂന്ന്: വര്‍ഗീയതകൊണ്ട് നാട് ഭരിക്കാനാവില്ല. ആ പാഠം നരേന്ദ്രമോഡി നേരത്തെ പഠിക്കേണ്ടതായിരുന്നു. കാരണം രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരിലുള്ള പ്രക്ഷോഭവും ബാബരി ധ്വംസനത്തിനു ശേഷമുള്ള ഹിന്ദുത്വശാക്തീകരണവും ഉപയോഗിച്ചാണ് ബി ജെ പി 1980കളുടെ അവസാനം മുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ മുന്‍നിരയിലെത്തിയത്. 1999ല്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തിന്റെ വിജയത്തിലേക്ക് നയിച്ചതും അതുതന്നെ. പക്ഷേ ഇത്തരം വൈകാരിക വിഷയങ്ങള്‍കൊണ്ട് ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. വിശപ്പും തൊഴിലില്ലായ്മയും അസഹ്യമായ ജീവിത പരിസരങ്ങളുമാണ് രാജ്യത്തെ സാധാരണ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഗാന്ധിജി അക്കാര്യം തുറന്നു പറയുകയുണ്ടായി: ‘വിശക്കുന്നവന്റെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് അപ്പത്തിന്റെ രൂപത്തിലാണ്.’ എന്നാല്‍ മോഡി ഭരണകാലത്തോ? വിശക്കുന്നവന്റെ മുന്നില്‍, തൊഴില്‍ തേടുന്നവന്റെ മുന്നില്‍, കൃഷി തകര്‍ന്ന് നട്ടെല്ലൊടിഞ്ഞവന്റെ മുന്നില്‍, കച്ചവടം പൂട്ടി കുത്തുപാളയെടുത്തവന്റെ മുന്നില്‍ ഭരണകൂടം പ്രത്യക്ഷമായത് അംബാനിയുടെ രൂപത്തിലാണ്. പഞ്ചനക്ഷത്ര വാസഗൃഹങ്ങളുടെ രൂപത്തിലാണ്. ആയിരം വിമാനങ്ങള്‍ ഒന്നിച്ചുപറന്നിറങ്ങുന്ന കോര്‍പറേറ്റ് വിവാഹ മാമാങ്കങ്ങളുടെ രൂപത്തിലാണ്. അവിടെ സേവകവൃന്ദമായി താടി തടവി നില്ക്കുന്ന ദേശീയ നേതൃത്വത്തിന്റെ രൂപത്തിലാണ്. സ്വര്‍ണ കുടുക്കും സ്വര്‍ണ നൂലുമുള്ള അവരുടെ കുപ്പായത്തിന്റെയും കിന്നരിത്തലപ്പാവിന്റെയും രൂപത്തിലാണ്. നടുതകര്‍ന്ന കര്‍ഷകന്റെ മുന്നില്‍ ഭരണകൂടം പ്രത്യക്ഷപ്പെട്ടത് ചാവാലിക്കാലികളെ വിറ്റ് കന്നുകുട്ടികളെ വാങ്ങാന്‍ പോകുന്നവന്റെ മുന്നില്‍ ചാട്ടവാറുമായി നില്ക്കുന്ന ഗോരക്ഷക ഗുണ്ടകളുടെ രൂപത്തിലാണ്. അവന്റെ കിടപ്പാടം തട്ടിയെടുക്കുന്ന മാഫിയകളുടെ രൂപത്തിലാണ്. അവന്റെ അവസാനത്തെ തുള്ളി രക്തവും ഊറ്റിയെടുക്കുന്ന ബാങ്കുകളുടെ രൂപത്തിലാണ്. അങ്ങനെ പറഞ്ഞാലൊടുങ്ങാത്ത ദുരിതങ്ങള്‍ക്ക് ഒരു ചെറിയ പ്രതികാരം ചെയ്യാന്‍ സാധാരണക്കാരന് അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ് അവര്‍ ഉപയോഗപ്പെടുത്തുന്നത്. പാമ്പിനെ തല്ലുമ്പോള്‍ തലമണ്ടയ്ക്കുതന്നെ തല്ലണം എന്ന് ഈ നാട്ടില്‍ ആരും കര്‍ഷക ജനതയോടു പറഞ്ഞുകൊടുക്കേണ്ടതില്ല.
പാഠം നാല്: വാചകമടിയല്ല രാഷട്രീയം. കഴിഞ്ഞ അഞ്ചുവര്‍ഷം ഈ നാട്ടിലെ ജനങ്ങള്‍ നിരന്തരം കണ്ടതും കേട്ടതും നരേന്ദ്ര മോഡിയുടെ ആള്‍രൂപവും വാചകമടിയും മാത്രമായിരുന്നു. ബി ജെ പിക്ക് നേതാക്കള്‍ ഒരുപാടുണ്ട്. അവര്‍ മിക്കവാറും മൂലയില്‍ ഒതുങ്ങി.
അദ്വാനിയെപോലുള്ളവരെ ഒതുക്കി. കേന്ദ്ര മന്ത്രിസഭയില്‍ നൂറിലേറെ ആളുണ്ട്. പക്ഷേ അവരില്‍ വിരലില്‍ എണ്ണാവുന്ന ഏതാനും ചിലര്‍ ഒഴിച്ച് മറ്റുള്ളവരുടെ പേരുപോലും നാട്ടിലെ ജനം ഓര്‍ക്കുന്നില്ല. ജനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് പരിചിതമായ മുഖങ്ങള്‍ വേണം. തങ്ങളുടെ ഭാഷയും വേഷവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന നേതാക്കള്‍ വേണം. പക്ഷേ ഇവിടെ മോഡി, മോഡി മാത്രം. രാജ്യത്തെ 15 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളും അതേപോലെ പ്രബലരായ ദളിതുകളും പൂര്‍ണമായും ദേശീയ ജീവിതത്തില്‍നിന്ന് അപ്രത്യക്ഷരായി. ഏതാനും ചിലര്‍ നിലനിന്നത് ഈ പ്രമാണികളുടെ പാദസേവകര്‍ എന്ന നിലയില്‍ മാത്രമാണ്. പണ്ട് ചക്കയുടെ സമൃദ്ധി കാലത്ത് ഒരാള്‍ പറഞ്ഞ മാതിരി രാവിലെ ചക്കപ്പുഴുക്ക്, ഉച്ചക്ക് ചക്കക്കൂട്ടാന്‍, രാത്രി ചക്കത്തോരന്‍. അങ്ങനെ എല്ലാം ചക്കമയമായ കാലം പോലെ എല്ലാം മോഡിമയമായ കാലത്ത് ജനത്തിന് ബോറടിക്കാതിരിക്കുന്നതെങ്ങനെ?
പാഠം അഞ്ച്: പ്രതിപക്ഷം പപ്പുവല്ല; പുലിയാണ്. ഒരുപക്ഷേ ജനാധിപത്യ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പാഠമാണിത്. നിങ്ങളുടെ എതിരാളിയെ മാനിക്കുക. എതിരാളിയുടെ ശക്തി തിരിച്ചറിയുക. തന്ത്രങ്ങള്‍ കാലദേശത്തിനനുസരിച്ചു രൂപപ്പെടുത്തുക. മോഡിയും ബി ജെ പിയും മറന്നുപോയത് ജനാധിപത്യത്തിലെ ഈ നിര്‍ണായകമായ പാഠമാണ്. സ്വാതന്ത്ര്യാനന്തരം, നിരവധി പതിറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസ് ആണ്. ആ പാര്‍ട്ടിയുടെ വേരുകള്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ കിടക്കുന്നു. ജനങ്ങള്‍ കോണ്‍ഗ്രസിനോട് പിണങ്ങുമ്പോള്‍ അവരെ തൂത്തെറിയും. പക്ഷേ ജനഹൃദയങ്ങളില്‍ ആ പാര്‍ട്ടിക്ക് ഇന്നും വലിയ സ്ഥാനമുണ്ട്. അതിനാല്‍ കോണ്‍ഗ്രസിന്റെ യുവനേതാവിനെ പപ്പുവെന്ന് വിളിച്ച് കളിയാക്കുമ്പോള്‍ ഒരു രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയാണ് നിങ്ങള്‍ കൡയാക്കുന്നത്. രാഹുല്‍ഗാന്ധിയുടെ അച്ഛനും മുത്തശ്ശിയും രാജ്യസേവനത്തിനിടയില്‍ ജീവന് നല്കിയ രണ്ടുപേരാണ്. നെഹ്റു കുടുംബത്തിന്റെ കുടുംബാധിപത്യ പ്രവണതയെ വിമര്‍ശിക്കുന്നത് ശരി; പക്ഷേ ചരിത്രത്തിലെ അവരുടെ സംഭാവനകളെ വിസ്മരിക്കരുത്.
അത് മറന്ന് പ്രതിപക്ഷത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവിനെ കളിയാക്കാന്‍ മാത്രം ശ്രമിച്ചപ്പോള്‍ ജനങ്ങള്‍ പുതിയ നേതാവിനെയാണ് രാഹുല്‍ഗാന്ധിയില്‍ കണ്ടത്. അതുകൊണ്ടാണ് 133 വര്‍ഷം പ്രായമായ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി രാഹുല്‍ജി സ്ഥാനമേറ്റ ഡിസംബര്‍ 11ന്റെ ഒന്നാം വാര്‍ഷിക വേളയില്‍ തന്നെ ജനങ്ങള്‍ അദ്ദേഹത്തിന് അതിഗംഭീരമായ ഒരു സമ്മാനം നല്‍കിയത്. ഇതൊരു വലിയ വാഗ്ദാനവും അതേസമയം ഉത്തരവാദിത്വവുമാണ് രാജ്യത്തെ നയിക്കാന്‍ രാഹുല്‍ജിക്ക് പ്രാപ്തിയുണ്ട് എന്ന് ജനത വിധിയെഴുതിക്കഴിഞ്ഞു എന്നാണ് ഈ തിരഞ്ഞെടുപ്പിന്റെ ഫലം നല്കുന്ന ഏറ്റവും പ്രധാന സൂചന.
എന്‍ പി ചെക്കുട്ടി
You must be logged in to post a comment Login