പരിഷ്‌കര്‍ത്താക്കളുടെ ശൈഖ്

പരിഷ്‌കര്‍ത്താക്കളുടെ ശൈഖ്

ആത്മമിത്രങ്ങള്‍
പ്രവാചകന്‍മാരുടെ ദൗത്യം ഏറ്റെടുത്ത് കൃത്യമായി നിര്‍വഹിക്കുന്ന പുണ്യാളന്മാരാണ് ഔലിയാക്കള്‍. വലിയ്യ് എന്നതാണ് ഏകവചനം. പ്രവാചകന്‍മാരില്‍ ഒരിടത്തിരുന്ന് ഇബാദത്ത് ചെയ്ത് കഴിച്ചുകൂട്ടുന്നവര്‍ മാത്രമായിരുന്നില്ല. ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചവരുമുണ്ടായിരുന്നു. അവരുടെ ജീവിതവിശുദ്ധിയും അധ്യാപനങ്ങളുടെ ആധികാരികതയും ഒന്നായിച്ചേര്‍ന്നപ്പോള്‍ ജനങ്ങള്‍ സത്യമാര്‍ഗം തിരിച്ചറിയുകയായിരുന്നു. ഔലിയാക്കളുടെ ചരിത്രവും ഇപ്രകാരമായിരുന്നു.

ഭൗതികതയുടെ ഊഷര മരുക്കാടുകളില്‍ ആത്മശാന്തിയുടെ ഹിമം തേടിയുള്ള നീണ്ട പ്രയാണങ്ങള്‍ക്കൊടുവില്‍ അമേയമായ ദിവ്യാനുരാഗത്തിന്റെ തുരുത്തുകളില്‍ ഇടം തേടിയ അല്ലാഹുവിന്റെ പ്രിയ അടിമകളോട് ഖുര്‍ആന്‍ സംസാരിക്കുന്നു: ‘അറിയുക, സത്യവിശ്വാസം കൈകൊള്ളുകയും അതിസൂക്ഷ്മജീവിതം നയിക്കുകയും ചെയ്ത അല്ലാഹുവിന്റെ മിത്രങ്ങള്‍ക്ക് ഭയമോ ദുഖമോ ഉണ്ടാവില്ല. ഭൗതികലോകത്തും പരലോകത്തും അവര്‍ക്ക് ശുഭവാര്‍ത്തയുണ്ട്'(വി.ഖു. 10: 62-64).

ഇസ്‌ലാമിക വിശ്വാസശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥം ‘ശറഹുല്‍ അഖാഇദ’-യില്‍ ‘വലിയ്യി’നെ നിര്‍വചിക്കുന്നുണ്ട്: ‘അല്ലാഹുവിനെയും അവന്റെ വിശേഷണങ്ങളെയും അറിഞ്ഞവരും ഇബാദത് പതിവാക്കിയവരും പാപങ്ങളില്‍ നിന്ന് ഉന്നതനാണ് ഒഴിഞ്ഞു നില്‍ക്കുന്നവരും ശരീരേച്ഛകളില്‍ നിന്നും ഭൗതിക സുഖാനുഭൂതികളില്‍ നിന്നും പൂര്‍ണമായും തിരിഞ്ഞുകളയുന്നവരുമാണവര്‍’.

അല്ലാഹുവിന്റെ ഔലിയാക്കളില്‍ ഉന്നതനാണ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ). ആത്മാവ് നഷ്ടപ്പെട്ട് സമൂഹം ഭൗതിക ഭ്രമങ്ങളില്‍ ആപതിച്ച ദശാസന്ധിയിലാണ് ശൈഖ് ജീലാനിയുടെ(റ) കര്‍മപഥം ആരംഭിക്കുന്നത്. മുസ്‌ലിമിന്റെ അസ്തിത്വത്തെയും ജീവിത പരിസരങ്ങളെയും ഗ്രസിച്ച ദുഷ്പ്രവണതകളെയും അന്ധവിശ്വാസങ്ങളെയും വിപാടനം ചെയ്ത് ആത്മീയതയിലേക്ക് അവരെ നയിക്കുകയായിരുന്നു ശൈഖ്. അചഞ്ചലമായ അര്‍പ്പണബോധവും നിസ്സീമമായ നിഷ്‌കളങ്കതയും മുഖമുദ്രയാക്കിയ ശൈഖ് കാതലായ സാമൂഹിക പരിവര്‍ത്തനത്തിന് മുമ്പില്‍ നിന്നു.

നല്ലവള്‍; വികലാംഗ
പേര്‍ഷ്യയിലെ ജീലാനില്‍ ഹിജ്‌റ 470 റമളാന്‍ 1 നായിരുന്നു ശൈഖ് ജീലാനിയുടെ(റ) ജനനം. അബൂസ്വാലിഹ്(റ) പിതാവും സൗമാഇയുടെ(റ) മകള്‍ ഫാത്വിമ(റ) മാതാവുമാണ്. പിതാവിലൂടെ ഹസനിലും(റ) മാതാവിലൂടെ ഹുസൈനിലും(റ) ആ പരമ്പര സന്ധിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരി പഠനാര്‍ത്ഥം വൈജ്ഞാനിക നഗരമായ ബഗ്ദാദിലെത്തുകയും അബുല്‍ വഫാ ഇബ്‌നു അഖീല്‍(റ), മുഹമ്മദ് ബ്‌നു ഹസന്‍ ബാഖില്ലാനി(റ), അബൂസകരിയ്യ തിബ്‌രീസി(റ) തുടങ്ങിയ മഹാരഥന്‍മാരില്‍ നിന്ന് വിജ്ഞാനം കരഗതമാക്കുകയും ചെയ്തു. ശൈഖ് ഹമ്മാദുബ്‌നു മുസല്ലം(റ), ഖാളീ അബൂസഈദ്(റ) തുടങ്ങിയ ആത്മീയ ഗുരുവര്യന്മാര്‍ ശൈഖിനെ അടിമുടി സ്വാധീനിച്ചു.

ശൈഖിന്റെ മാതാപിതാക്കളും ഭയഭക്തിയും സൂക്ഷ്മതയും മുഖമുദ്രയാക്കി ജീവിച്ചവരായിരുന്നു. പുഴക്കരയിലൂടെ നടന്നുനീങ്ങുകയായിരുന്ന അബൂസ്വാലിഹ്(റ) ഒരു അത്തിപ്പഴം ഒഴുകി വരുന്നത് കണ്ടതും വിശപ്പിന്റെ ആധിക്യത്താല്‍ അതെടുത്ത് ഭക്ഷിച്ചതും പ്രപഞ്ചനാഥനെയോര്‍ത്ത് ഉടമസ്ഥന്റെ തൃപ്തിക്കായി പത്തു വര്‍ഷം തോട്ടത്തില്‍ ജോലിചെയ്തതും അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്ത സംഭവം വിശ്രുതമാണ്. വ്യവസ്ഥ അനുസരിച്ച് അംഗവൈകല്യമുള്ള സ്ത്രീയെയായിരുന്നു ഭാര്യയായി കിട്ടേണ്ടിയിരുന്നത്. എന്നാല്‍ കിട്ടിയത് സുന്ദരിയായ സ്ത്രീയെയായിരുന്നു. നിഷിദ്ധങ്ങളുമായി ബന്ധപ്പെട്ട കണ്ണും കാതും കൈകാലുകളും ഇല്ലാത്തവളാണ് എന്റെ മകളെന്ന് ആ പിതാവ് പിന്നീട് അബൂ സ്വാലിഹിനെ ധരിപ്പിച്ചു. സൂക്ഷ്മത പുലര്‍ത്തി ജീവിക്കുന്ന അദ്ദേഹത്തിന് ഇണങ്ങിയ ഭാര്യ. അതില്‍ പിറക്കുന്ന കുഞ്ഞിന് മഹത്വമില്ലാതിരിക്കുന്നതെങ്ങനെ?
ശൈഖ് ജീലാനി ശൈശവദശയില്‍ തന്നെ ഉയര്‍ന്ന നൈതിക ബോധവും സത്യസന്ധതയും ദീക്ഷിച്ചു. ബഗ്ദാദിലേക്ക് ഉപരിപഠനാര്‍ത്ഥം പോകുമ്പോള്‍ ഉമ്മ പണം നല്‍കിയതും കള്ളന്മാരുടെ മുമ്പില്‍ വെച്ച് തലയെടുപ്പോടെ സത്യം പറഞ്ഞതും കവര്‍ച്ചക്കാരുടെ മനസില്‍ മാറ്റങ്ങളുണ്ടാക്കിയതും ചരിത്രമാണ്.

മികച്ച അധ്യാപകന്‍
അധാര്‍മികതയുടെ നീര്‍ച്ചുഴികളില്‍ പെട്ട് ദിശയറിയാതെ ലോകം വഴിമുട്ടിയപ്പോഴെല്ലാം പ്രപഞ്ചനാഥന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. വൈജ്ഞാനിക രംഗങ്ങളും ഭരണ-രാഷ്ട്രീയ മണ്ഡലങ്ങളുമെല്ലാം നിരവധി വിമോചകരിലൂടെ സമൂലമായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായി. അക്കാലത്തെ ധൈഷണിക തലങ്ങളെ മുച്ചൂടും ഗ്രസിച്ചിരുന്ന യവനദര്‍ശനങ്ങളിലധിഷ്ടിതമായ തത്വചിന്തകളുടെ നിരര്‍ത്ഥകതയെ ഇമാം ഗസ്സാലി(റ) ബൗദ്ധിക സംഘട്ടനങ്ങളിലൂടെ അനാവരണം ചെയ്യുകയും ഇഹ്‌യ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ആത്മീയതയുടെ സുതാര്യ വശങ്ങള്‍ പൊതുബോധത്തിലവതരിപ്പിക്കുകയും ചെയ്തു. അതിനു ശേഷവും, ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്ന് അന്യമായ ഭരണരീതികളിലൂടെയും സമ്പത്തിന്റെ ആധിക്യത്തിലൂടെയും ഉടലെടുത്ത ഭൗതികതയുടെ വേലിയേറ്റങ്ങളില്‍ പെട്ട് നേര്‍വെളിച്ചം നിഷ്പ്രഭമായി. ഇത്തരുണത്തില്‍, ഹൃദയങ്ങളില്‍ ഇസ്‌ലാമിന്റെ തനിമയാര്‍ന്ന ആത്മാവിനെ ചേര്‍ത്തുവെച്ച ഒരു നവോത്ഥാന നായകനെ കാലം തേടുന്ന സന്ദര്‍ഭത്തിലാണ് ശൈഖ് ജീലാനി(റ) കര്‍മരംഗത്ത് വരുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പഠന സപര്യകള്‍ക്ക് ശേഷം ഗുരു അബൂസഈദ്(റ) ബാബുല്‍ അസ്ജില്‍ സ്ഥാപിച്ച വിദ്യാലയത്തിന്റെ മേല്‍നോട്ടമേറ്റെടുത്തു. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ആ വിജ്ഞാന സദസ്സ് വിശ്വപ്രസിദ്ധിയാര്‍ജിക്കുകയും വൈജ്ഞാനിക ആധ്യാത്മിക നേതൃത്വം ശൈഖിന് കൈവരികയും ചെയ്തു. ലക്ഷങ്ങള്‍ സംഗമിക്കുന്ന ആ സദസ്സില്‍ രാജാക്കന്മാരും പ്രജകളും പണ്ഡിതരും പൊതുജനങ്ങളും പങ്കെടുത്തിരുന്നു.

മാറ്റങ്ങളുടെ ദര്‍ബാര്‍
വൈജ്ഞാനിക ലക്ഷ്യപ്രാപ്തി കൈവരിക്കുന്നത് ആത്മീയതയിലൂടെയാണെന്ന് നിരന്തരം ഉണര്‍ത്തിയ ശൈഖ് സമൂഹത്തിലെ അരാജകത്വങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ രാജാക്കന്‍മാരെയും പ്രഭുക്കന്‍മാരെയും വരെ ചോദ്യം ചെയ്തു. പണത്തിനും അധികാരത്തിനും വേണ്ടി രാജാക്കന്‍മാര്‍ക്ക് പാദസേവ ചെയ്തിരുന്ന പണ്ഡിതരെയും വിശ്വാസചൂഷകരെയും നിശിതമായി വിമര്‍ശിച്ചു.

ശൈഖ് ജീലാനിയുടെ(റ) നവോത്ഥാന പ്രവര്‍ത്തനം അക്കാലത്തോടെ അവസാനിച്ചില്ല. ശിഷ്യഗണങ്ങള്‍ ഇസ്‌ലാമിക പ്രബോധന ദൗത്യവുമായി ലോകത്തിന്റെ വിദൂര ദിക്കുകളിലേക്ക് കടന്നുചെന്നു. ആഫ്രിക്ക, ഇന്തോനേഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ പല പ്രദേശങ്ങളിലും ഇസ്‌ലാമിന്റെ വ്യാപനത്തിന് നിദാനമായത് അവരുടെ പ്രവര്‍ത്തനങ്ങളാണ്.
ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ താര്‍ത്താരികള്‍ ഇസ്‌ലാമിക നാഗരികതയെ നാമാവശേഷമാക്കിയ ആപല്‍ഘട്ടത്തില്‍ അവരുടെ ഹൃദയങ്ങളിലേക്ക് ഇസ്‌ലാമിക സംസ്‌കൃതിയുടെ തേന്‍ പകര്‍ന്നു നല്‍കി ശൈഖിന്റെ ശിഷ്യരാണ്. ആ താര്‍ത്താരികളില്‍ നിന്നാണ് പിന്നീട് ഇസ്‌ലാമിക ചരിത്രത്തിലെ വീരേതിഹാസങ്ങള്‍ രചിച്ച ഗജകേസരികള്‍ ഉണ്ടായത്.

വിട
ഹിജ്‌റ 561 റബീഉല്‍ ആഖിര്‍ 10 ന് ഇശാഅ് നിസ്‌കാരാനന്തരം ശൈഖ് ജീലാനി(റ) ഈ ലോകത്തോട് വിടപറഞ്ഞു. രോഗശയ്യയിലായിരിക്കേ, മകന്‍ അബ്ദുല്‍ വഹാബിനോട്(റ) വസ്വിയ്യത്ത് ചെയ്തത് ഇപ്രകാരമായിരുന്നു:

‘അല്ലാഹുവിനെ മാത്രം ഭയപ്പെടുക. തഖ്‌വ – സൂക്ഷ്മത ജീവിതമുദ്രയാക്കുക. അല്ലാഹുവില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് അവനോട് മാത്രം ആവലാതികള്‍ ബോധിപ്പിക്കുക. ഹൃദയകവാടങ്ങള്‍ അല്ലാഹുവിലേക്ക് മലര്‍ക്കേ തുറന്നാല്‍ പരിഹാരത്തിന്റെയും ലക്ഷ്യപ്രാപ്തിയുടെയും വഴികള്‍ കടന്നുവരും’.

അവിശ്വാസികളെയും ആത്മശോഷണം ബാധിച്ച വിശ്വാസികളെയും നന്മയിലേക്ക് നയിച്ച ആ ഉപദേശങ്ങളിലും ഫൂതൂഹുല്‍ ഗൈബ്, ഫത്ഹുറബ്ബാനി തുടങ്ങിയ അവിടുത്തെ ഗ്രന്ഥങ്ങളിലും തൗഹീദിന്റെ സുബോധനങ്ങളും ഇലാഹീ പ്രണയത്തിന്റെ സുവിശേഷങ്ങളും നിറഞ്ഞുനിന്നു. ശൈഖ് പറയുന്നു:

‘ദുന്‍യാവ് നിന്റെ കരങ്ങളിലും കീശയിലും പടിവാതിലിലും അനുവദനീയമാണ്. എന്നാല്‍ ഹൃദയത്തിന്റെ അകത്തളങ്ങളിലേക്കും പടിവാതിലിനപ്പുറത്തേക്കും അത് നിഷിദ്ധമാണ്. അനുഗ്രഹങ്ങള്‍ വരുമ്പോള്‍ അല്ലാഹുവിനെ ഓര്‍ക്കുക. പ്രയാസങ്ങളില്‍ പ്രതീക്ഷ കൈവിടാതെ പ്രാര്‍ത്ഥിക്കുക. ക്ഷമിക്കുക. സഹോദരങ്ങളെ തെറ്റിദ്ധരിക്കരുത്’.

പടുത്തുയര്‍ത്താം
ഉമ്മത്തിന്റെ അശുഭകരമായ സഞ്ചാരം കണ്ട് ശൈഖ് പറഞ്ഞു: ‘ഇസ്‌ലാമിന്റെ ഭിത്തികള്‍ക്ക് വിള്ളല്‍ വീണിരിക്കുന്നു. അടിത്തറകള്‍ക്ക് കോട്ടം സംഭവിച്ചിരിക്കുന്നു. ഭൂനിവാസികളേ മുന്നിട്ട് വരിക. തകര്‍ന്ന ആ വിശുദ്ധസൗധത്തെ നമുക്ക് പുനസ്ഥാപിക്കാം.’

സുഹൈല്‍ അലനല്ലൂര്‍

You must be logged in to post a comment Login