36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ ഡസ്സോള്‍ട്ട് ഏവിയേഷനുമായി, നരേന്ദ്ര മോഡി സര്‍ക്കാറുണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ധാരണ. ഇതില്‍ 18 എണ്ണം നേരിട്ട് വാങ്ങാനും 108 എണ്ണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി ചേര്‍ന്ന് ഡസ്സോള്‍ട്ട് നിര്‍മിക്കാനുമായിരുന്നു ഉദ്ദേശ്യം. ഇതില്‍ മാറ്റം വരുത്തി 36 എണ്ണം നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വില മൂന്നിരട്ടിയോളം വര്‍ധിച്ചു. എച്ച് എ എല്ലിന് പകരം അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി, ഡസ്സോള്‍ട്ടിന്റെ ഇന്ത്യന്‍ പങ്കാളിയാകുകയും ചെയ്തു. ഇതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളാണ് സുപ്രീംകോടതി തള്ളിയത്. മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, പ്രശാന്ത് ഭൂഷണ് എന്നിവരും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരില്‍ ഉള്‍പെടും. ബി ജെ പി നേതാവ് കൂടിയായിരുന്ന അരുണ്‍ ഷൂരി, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദി വയറുമായി സംസാരിച്ചു. അതിന്റെ പ്രസക്തഭാഗങ്ങള്‍:
റാഫേലില്‍ സുപ്രീംകോടതിയുടെ വിധിയെക്കുറിച്ച് പൊതുവിലുള്ള പ്രതികരണം എന്താണ്?
തികച്ചും നിരാശനാണ്. ഒപ്പം അത്യധികം ആശ്ചര്യവും തോന്നുന്നു.
ആശ്ചര്യമോ, എന്തുകൊണ്ട്?
രേഖകളില്‍ തന്നെയുള്ള തെറ്റുകള്‍ കോടതി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അവിടെ നിന്ന് തുടങ്ങണം. ”പോര് വിമാനത്തിന്റെ അടിസ്ഥാന വില മാത്രമാണ് പാര്‍ലിമെന്റ് മുമ്പാകെ പോലും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുള്ളത് എന്നാണ് നമുക്ക് മുമ്പാകെ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് മനസിലാകുന്നത്. വില നിര്‍ണയിച്ചതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. അത്തരം വിവരങ്ങള്‍ രാജ്യ സുരക്ഷയെ ബാധിക്കുമെന്നാണ് സര്‍ക്കാറിന്റെ പക്ഷം. ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്റെ ലംഘനമാകുമെന്നും. വിലയുടെ വിശദാംശങ്ങള്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുമായി (സി എ ജി) പങ്കുവെച്ചിട്ടുണ്ട്. സി എ ജിയുടെ റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി) പരിശോധിച്ചുവരികയാണ്. റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തം പാര്‍ലിമെന്റിന് മുമ്പാകെ സമര്‍പ്പിച്ചു, അത് പരസ്യരേഖയാണ്” – ഇതാണ് സുപ്രീം കോടതി പറഞ്ഞത്.
സി എ ജി റിപ്പോര്‍ട്ട് ഇല്ല. പി എ സിയുടെ റിപ്പോര്‍ട്ടുമില്ല. ഒരു റിപ്പോര്‍ട്ടിന്റെയും സംക്ഷിപ്തം പാര്‍ലിമെന്റിന് മുമ്പാകെ വെച്ചിട്ടുമില്ല. യാതൊന്നും പരസ്യരേഖയായി പൊതുസമൂഹത്തിന് പരിശോധിക്കാവുന്ന വിധത്തില്‍ ഇല്ല. ഒരൊറ്റ ഖണ്ഡികയില്‍ നാല് തെറ്റുകള്‍!
കോടതി അങ്ങനെ തെറ്റുകള്‍ വരുത്തിയാല്‍ അതിനെന്താണ് പരിഹാരം?
അതിലേക്ക് വരാം. മേല്പറഞ്ഞത് വെറും തെറ്റുകള്‍ മാത്രമാണോ? അത് വെറും തെറ്റുകളാണെന്ന് പറയുന്നത്, റാഫേലിനെക്കുറിച്ച് ഇതിനകം തയാറാക്കിയ സിദ്ധാന്തങ്ങളെ ന്യായീകരിക്കലാണ്. ഈ ‘വിവരം’ കോടതിയ്ക്ക് നല്‍കിയതാരെന്ന് സുപ്രീം കോടതി തുറന്നുപറയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. നുണകളുടെ പരമ്പര അവതരിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചത് ആരായാലും അയാളെ കര്‍ശനമായി ശിക്ഷിക്കണം. മുദ്രവെച്ച കവറില്‍ എന്നൊക്കെ പറഞ്ഞ് സ്വകാര്യമായി വിവരം ശേഖരിക്കുന്നത് കൊണ്ടുകൂടിയാണ് ഇത്തരം പരിതാപകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നത്. ഈ റിപ്പോര്‍ട്ട് തുറന്ന കോടതിയില്‍ സമര്പ്പിക്കുകയായിരുന്നുവെങ്കില്, അതിലെ തെറ്റ് ഞങ്ങളെപ്പോലുള്ളവര്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടുമായിരുന്നു.
നുണകളുടെ നൈരന്തര്യമുള്ള ഈ ഖണ്ഡികയ്ക്ക് ശേഷമുള്ള വാചകങ്ങളിലും അതേ അപകടം ആവര്‍ത്തിക്കുന്നു. ”വിലയുടെ വിശദാംശം പരസ്യപ്പെടുത്തുന്നതിലുള്ള എതിര്‍പ്പ് വ്യോമസേനാ മേധാവിയും അറിയിച്ചതായാണ് കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. ആയുധങ്ങളുടെ വില സംബന്ധിച്ച കാര്യങ്ങളില്‍ പ്രത്യേകിച്ചും. ഈ വിവരങ്ങള്‍ പുറത്തുപോകുന്നത് രാജ്യസുരക്ഷയ്ക്ക് ദോഷമാണെന്നും വ്യോമസേനാ മേധാവി അറിയിച്ചതായി കോടതിയെ ധരിപ്പിച്ചിട്ടുണ്ട്” – സുപ്രീം കോടതി വിധി പ്രസ്താവത്തില്‍ പറയുന്നു.
വ്യോമസേനാ മേധാവി എതിര്‍പ്പ് അറിയിച്ചുവെന്ന് കോടതിയെ ധരിപ്പിച്ചത് ആരാണ്? ഇല്ലാത്ത പി എ സി റിപ്പോര്‍ട്ട് ഉണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച, മാപ്പര്‍ഹിക്കാത്ത തെറ്റുചെയ്തവര്‍ തന്നെയാണ് വ്യോമ സേനാ മേധാവിയുടെ എതിര്‍പ്പിനെ കുറിച്ച് കോടതിയെ ധരിപ്പിക്കുന്നത്. നുണ പറയുന്നതില്‍ സമാനതകളില്ലാത്ത റെക്കോര്‍ഡുള്ള അതേ സര്‍ക്കാര്‍ തന്നെ.
വ്യോമസേനാ മേധാവിയുടെ കത്ത് ഇത്ര രഹസ്യമാക്കിവെക്കേണ്ട കാര്യമെന്തായിരുന്നു? ആ കത്ത് പരാതിക്കാര്‍ക്ക് കൈമാറിയിരുന്നുവെങ്കില്‍ എന്തായിരുന്നു തകരാറ്? വ്യോമസേനാ മേധാവി കത്ത് എഴുതിയ തീയതിയെങ്കിലും പരാതിക്കാരെ അറിയിക്കാമല്ലോ! റാഫേല്‍ വിമാനങ്ങളുടെ വില സംബന്ധിച്ച വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറുന്നതിന് മുമ്പാണോ വ്യോമസേനാ മേധാവി ഈ കത്തെഴുതിയത്. അതോ അതിന് ശേഷമോ? ഈ വസ്തുത മാത്രം പുറത്തുവന്നാല്‍ അതൊരു വലിയ കഥയാകും.
റാഫേലില്‍ ഘടിപ്പിക്കാവുന്ന ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. പിന്നെയെന്തിനാണ് ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നൊക്കെ ഇവര്‍ കോടതിയെ അറിയിച്ചത്. അതൊരു തന്ത്രമായിരുന്നു. വിലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മറവുചെയ്യാനുള്ള തന്ത്രം.
ഇതുപോലുള്ള സംഗതികള്‍ വേറെയുണ്ടോ?
പലതുണ്ട്. ഒന്നുമാത്രം പറയാം. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കോടതിക്ക് പുറത്തുനിന്ന് ശേഖരിച്ചത് കൂടിയാണ്. ഇത് സര്‍ക്കാറുകള്‍ തമ്മിലുള്ള കരാറായതുകൊണ്ട് നിര്‍ദിഷ്ട നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ വാദത്തിന് മറുപടിയായി പ്രശാന്ത് ഭൂഷണ് ചില കാര്യങ്ങള്‍ കോടതിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാറുകള്‍ തമ്മിലുള്ള കരാറാകുന്നതിന് വേണ്ട പ്രധാനപ്പെട്ട മൂന്ന് മാനദണ്ഡങ്ങള്‍ ഈ കരാറില്‍ പാലിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയാണ് – ”ഈ വിഷയം ശ്രദ്ധയോടെ പഠിച്ചു. വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇതേക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. കരാറിന്റെ വിവിധ വശങ്ങളെക്കുറിച്ച് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്കി. നടപടിക്രമങ്ങളെക്കുറിച്ച് സംശയം തോന്നേണ്ട ഒന്നും ഇവിടെയില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. നേരിയ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അതൊന്നും കരാര്‍ റദ്ദാക്കാനോ വിശദമായ പരിശോധന നടത്താനോ തക്ക ഗൗരവം ഉള്ളതല്ല.”
ഇതേക്കുറിച്ച് വാദം നടന്ന ആ ദിവസം മുഴുവന്‍ ഞാന്‍ കോടതിയിലുണ്ടായിരുന്നു; വ്യോമസേനയുടെ ഉദ്യോഗസ്ഥരെ വിളിപ്പിച്ചപ്പോഴും. അവരോട് രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്. 1985ന് ശേഷം ഒരു വിമാനവും സേനയുടെ ഭാഗമാക്കിയിട്ടില്ല അല്ലേ എന്നായിരുന്നു ആദ്യത്തെ ചോദ്യം. അതില്‍ അല്പം ആശയക്കുഴപ്പം എനിക്കുണ്ടായി. ഭാഗമാക്കുക എന്ന് കോടതി ഉപയോഗിച്ചത് എന്ത് അര്‍ത്ഥത്തിലാണ് എന്ന ആശയക്കുഴപ്പം. ഈ പ്രശ്നം ഉത്തരം നല്കിയ വ്യോമസേനാ ഉദ്യോഗസ്ഥനുമുണ്ടായെന്ന് തോന്നുന്നു. അല്പം മടിച്ചുനിന്നതിന് ശേഷം അദ്ദേഹം പറഞ്ഞു, അതെ 1985ന് ശേഷം ഒരു വിമാനവും സൈന്യത്തിന്റെ ഭാഗമാക്കിയിട്ടില്ല. സുഖോയ് പോലുള്ള വിമാനങ്ങള്‍ എച്ച് എ എല്‍ നിര്‍മിക്കുന്നുണ്ടെന്നും അത് സൈന്യത്തിന്റെ ഭാഗമാക്കുന്നുണ്ടെന്നും എല്ലാവര്ക്കും അറിയാവുന്നതാണ്. പിന്നെ എന്തിന് ഈ ചോദ്യവും ഉത്തരവുമെന്ന സംശയം വീണ്ടുമെനിക്കുണ്ടായി.
രണ്ടാമത്തെ ചോദ്യം സുഖോയിയെ കുറിച്ച് തന്നെയായിരുന്നു. അത് നാലാം തലമുറ വിമാനമാണെന്ന് നിങ്ങള്‍ പറയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അതോ മൂന്നര തലമുറയിലുള്ള വിമാനമാണോ? ഈ ചോദ്യം രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കപ്പെട്ടു. നാലാം തലമുറയിലേത് എന്ന് ഉദ്യോഗസ്ഥന് ആദ്യം പറഞ്ഞു. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ ഉദ്യോഗസ്ഥന് കോടതിയുടെ വാക്കുകളിലേക്ക് മയപ്പെട്ടു. മൂന്നര തലമുറയിലുള്ള വിമാനമോ നാലാം തലമുറ വിമാനമോ ആകാമെന്നായി. ഇന്ത്യന്‍ വ്യോമസേന ഇത്രയും കാലം പറഞ്ഞതില്‍ നിന്ന് വിരുദ്ധമായ കാര്യമാണ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞത്. എന്തായാലും രണ്ട് ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ വന്നപ്പോള്‍ റാഫേല്‍ വിമാനങ്ങള്‍ അടിയന്തരമായി വാങ്ങേണ്ടതിന്റെ ആവശ്യകതയ്ക്ക് ബലമുണ്ടായി. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ മറികടന്നും പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതമായ അടിയന്തര സാഹചര്യം. എങ്കിലും കോടതി പറയുന്നത്, നടപടിക്രമങ്ങളില്‍ എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് അവഗണിക്കാവുന്നത്ര ചെറുത് മാത്രമാണ്!
ഇത് പറഞ്ഞതിന് ശേഷമാണ് നേരത്തെ പറഞ്ഞ വാചകത്തിലേക്ക് കോടതി എത്തുന്നത്. അത് ഞാന്‍ ആവര്‍ത്തിക്കാം – ”നടപടിക്രമങ്ങളെ സംശയിക്കേണ്ട സാഹചര്യമില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ചെറുവ്യതിയാനങ്ങളുണ്ടായിട്ടുണ്ടാകാം. പക്ഷേ അത് കരാര്‍ റദ്ദാക്കാനോ കോടതിയുടെ സൂക്ഷ്മമായ പരിശോധന ആവശ്യപ്പെടാന്‍ പാകത്തിലുള്ളതോ ആകുന്നില്ല” മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. പക്ഷേ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ച ഞങ്ങളാരും കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോടതിയുടെ വിശദമായ പരിശോധന വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കൂടി ഉള്‍പ്പെടുന്ന സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് ലളിത് കുമാരി കേസില്‍ പുറപ്പെടുവിച്ച വിധി പ്രകാരം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സി ബി ഐയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒരാവശ്യം കൂടി മുന്നോട്ടുവെച്ചു, അത് സി ബി ഐയുടെ ഇപ്പോഴത്തെ അവസ്ഥ നല്ലത് പോലെ അറിയാവുന്നത് കൊണ്ട് കൂടിയാണ്. സി ബി ഐ നടത്തുന്ന അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലുള്ളതാകണം.
പിന്നെ കോടതി പറയുന്ന ചെറിയ വ്യതിയാനങ്ങള്‍? ആ പ്രയോഗം വലിയ പ്രഹസനമാണ്. ആദ്യം ആലോചിച്ച് ഉറപ്പിച്ച കരാര്‍ ഒഴിവാക്കി പുതിയത് ഒപ്പിട്ടത് ഒരു നടപടിക്രമവും പാലിക്കാതെയാണെന്ന് കൃത്യമായി ഞങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഓരോ ഘട്ടങ്ങളും വിശദീകരിച്ച്, വിവിധ തീയതികളിലെടുത്ത തീരുമാനങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട്. ആദ്യത്തെ കരാറനുസരിച്ച് വ്യോമസേനയ്ക്ക് 126 വിമാനങ്ങള്‍ കിട്ടുമായിരുന്നു. അതിനെ 36 വിമാനങ്ങള്‍ മാത്രം വാങ്ങാനുള്ള കരാറായി മാറ്റി. ഈ മാറ്റം പൊടുന്നനെയായിരുന്നു. പ്രധാനമന്ത്രി പാരീസില്‍ എത്തിയതിന് ശേഷമുണ്ടായ മാറ്റം. എന്നാല്‍ ആദ്യത്തെ കരാറിന്മേലുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷത്തിലധികമായി തടസ്സപ്പെട്ടിരിക്കയായിരുന്നുവെന്നാണ് കോടതി പറയുന്നത്. ഇതാണ് നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം 2015 മാര്‍ച്ചില്‍ മുന്നോട്ടുവെക്കാനുള്ള കാരണമെന്നും കോടതി പറയുന്നു.
കരാര്‍ പ്രാബല്യത്തിലാക്കുന്നതിനുള്ള ശ്രമം മൂന്ന് വര്‍ഷത്തിലേറെയായി സ്തംഭിച്ചിരിക്കയായിരുന്നുവെന്ന് ഇപ്പോള്‍ ഉറപ്പിച്ചുപറയുന്നത് എങ്ങനെയാണ്? മൂന്നര വര്‍ഷത്തിന് മുമ്പാണ് ആലോചനകള്‍ 95 ശതമാനവും പൂര്‍ത്തിയായെന്നും കരാറിന്റെ അന്തിമരൂപം ഉടനുണ്ടാകുമെന്നും ഡസ്സോള്‍ട്ടിന്റെ സി ഇ ഒ പറഞ്ഞത്. അത് പറയുമ്പോള്‍ വ്യോമസേനയുടെ മേധാവിയും എച്ച് എ എല്ലിന്റെ തലവനും ഡസ്സോള്‍ട്ടിന്റെ സി ഇ ഒക്ക് ഒപ്പമുണ്ടായിരുന്നു. അതിന് ശേഷം അടിവരയിടുന്നത്, ആദ്യത്തെ കരാറിലെ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ 2015 മാര്‍ച്ചില്‍ തുടങ്ങിയെന്നതിനാണ്. അതങ്ങനെ തുടങ്ങിയിരുന്നുവെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ഡെയും പാരീസില്‍ കരാറിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയതിന് പിറകെ, അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന് എല്ലാം പ്രധാനമന്ത്രിയുടെ തീരുമാനമാണ്, താനതിനെ പിന്തുണയ്ക്കുന്നുവെന്ന് പറയേണ്ടി വരുമായിരുന്നോ? പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും നടത്തിയ ചര്‍ച്ചകളുടെ ഫലമായിരിക്കും ഈ തീരുമാനമെന്നും പരീക്കര്‍ പറഞ്ഞിരുന്നു. പുതിയ കരാറുമായി മുന്നോട്ടുപോകുന്നതിന് ലഭിച്ചുവെന്ന് പറയപ്പെടുന്ന അനുമതികളൊക്കെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം തട്ടിക്കൂട്ടിയതാണ്. സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് തന്നെ ഇതൊക്കെ വ്യക്തമാണ്.
അനിവാര്യമായ ഘട്ടങ്ങളില്‍ നടപടിക്രമങ്ങളില്‍ വിട്ടുവീഴ്ചകളാകാമെന്ന് പ്രതിരോധ സംഭരണ നയവും അതിന്റെ ഭാഗമായ മാര്‍ഗനിര്‍ദേശങ്ങളും തന്നെ പറയുന്നുണ്ടല്ലോ. പ്രതിരോധ സംഭരണ നയവും മറ്റും നിങ്ങള്‍ തന്നെ കോടതിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഈ വിഷയം ഉന്നയിച്ചത് നന്നായി. അനിവാര്യമായ ഘട്ടങ്ങളില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കുന്ന വ്യവസ്ഥയെ ആശ്രയിക്കുക വഴി കോടതി അപകടകരമായ ചുവടുവെപ്പ് നടത്തിയെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ പ്രധാനമന്ത്രിയെപോലെ സര്‍ക്കാറിനെ പൂര്‍ണമായി നിയന്ത്രിക്കുന്ന ഏത് വ്യക്തിക്കും ബ്ലാങ്ക് ചെക്ക് നല്‍കുകയാണ് കോടതി ചെയ്തത്. നിര്‍ദിഷ്ട നടപടിക്രമങ്ങളില്‍ നിന്ന് മാറ്റമുണ്ടായാല്‍ അക്കാര്യം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അനുമതിക്കായി സമര്‍പ്പിക്കാമെന്ന വ്യവസ്ഥ കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ, ഇതുപോലുള്ള ഇളവുകള്‍ അടിയന്തര സാഹചര്യം നേരിടാനുള്ളതാണ്. ഉദാഹരണത്തിന് കാര്‍ഗില്‍ പോലൊരു സന്ദര്‍ഭം ആവര്‍ത്തിക്കപ്പെട്ടുവെന്ന് കരുതുക. നമുക്ക് ആയുധങ്ങള്‍ വേണ്ടിവരും, കൈവശമുള്ള ആയുധങ്ങളുടെ ഘടകങ്ങള്‍ വേണ്ടിവരും. അതൊക്കെ ടെന്‍ഡര്‍ ക്ഷണിച്ച്, വിശദമായി പരിശോധിച്ച് വാങ്ങാന്‍ സാധിക്കില്ല. അപ്പോഴെടുക്കുന്ന തീരുമാനങ്ങള്‍ പിന്നീട് ഡിഫന്‍സ് കൗണ്‍സിലിന്റെ അനുമതി വാങ്ങി ക്രമപ്പെടുത്തും. അതുപോലെയാണോ 30 മുതല്‍ 40 വരെ വര്‍ഷം ആയുസുള്ള പോര്‍വിമാനങ്ങളുടെ കാര്യം? ഈ വിമാനങ്ങളുടെ കൈമാറ്റം ആരംഭിക്കുന്നത് കരാറൊപ്പിട്ട് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷവുമാണ്. റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ അടിയന്തരമായി തീരുമാനിച്ചതാണെന്ന് ബോധ്യപ്പെടുക പ്രയാസമാണ്.
ഇവിടെ കോടതി എത്തിയ നിഗമനം അംഗീകരിക്കുകയാണെങ്കില്‍, ആര്‍ക്കും എന്ത് തീരുമാനവുമെടുക്കാനാകും. അടിയന്തര സാഹചര്യമെന്ന ന്യായം പറഞ്ഞ് പിന്നീട് അനുമതി വാങ്ങിയെടുത്താല്‍ മതി. റബര്‍ സ്റ്റാമ്പ് പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ കൂടിയായാല്‍ കാര്യങ്ങള്‍ എളുപ്പമാകും. പ്രത്യേകിച്ച് ഇപ്പോഴത്തെ പ്രധാനമന്ത്രിയെപോലുള്ള വ്യക്തികള്‍ക്ക്.
പക്ഷേ കോടതി പ്രധാനമായും ഉന്നയിച്ച കാര്യം വിട്ടുകളയാനാകുമോ. മൂന്നര വര്‍ഷത്തെ സ്തംഭനത്തെക്കുറിച്ച് പറഞ്ഞതിന് ശേഷം രണ്ട് കാര്യങ്ങള്‍ കോടതി പറയുന്നുണ്ട്. എതിരാളികള്‍ നാലാം തലമുറയിലെയും അഞ്ചാം തലമുറയിലെയും പോര്‍വിമാനങ്ങള്‍ സ്വന്തമാക്കിയ ശേഷവും നമുക്ക് അതൊന്നുമില്ലാത്ത സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. പ്രതിരോധ രംഗത്ത് വേണ്ട തയാറെടുപ്പില്ലാത്ത രാജ്യമായി എത്രകാലം തുടരാനാകുമെന്നാണ് കോടതി ചോദിച്ചത്.
കോടതിയുടെ ആദ്യത്തെ ചോദ്യമെടുക്കാം. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന് വ്യോമസേന ആവശ്യപ്പെട്ട വിമാനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് നരേന്ദ്ര മോഡി പിന്നാക്കം പോയെന്നായിരുന്നു ഞങ്ങളുടെ വാദം. ആദ്യം നിര്‍ദേശിക്കപ്പെട്ട കരാറില്‍ മൂന്ന് കാര്യങ്ങളുണ്ടായിരുന്നു. 126 വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുക. റാഫേല്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ പൂര്‍ണമായും ഇന്ത്യക്ക് കൈമാറുക. അവയുടെ നിര്‍മാണം ഇന്ത്യയില്‍ നടത്തുക എന്നിങ്ങനെ. ഇതില്‍ രണ്ടും മൂന്നും ലക്ഷ്യങ്ങള്‍ വളരെ പ്രധാനമായിരുന്നു. രാജ്യസുരക്ഷയെക്കുറിച്ച് സുപ്രീം കോടതി ഉന്നയിച്ച ആശങ്കകള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതുമായിരുന്നു. നമ്മുടെ എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള കഴിവ് നേടാന്‍ സഹായിക്കുന്നത്. മോഡി ഇതെല്ലാം ഇല്ലാതാക്കി. 126 പോര് വിമാനങ്ങളെന്നത് 36 എന്ന് ചുരുക്കി. സാങ്കേതികവിദ്യാ കൈമാറ്റം ഇല്ലാതാക്കുകയും 108 വിമാനങ്ങളുടെ നിര്‍മാണം ഇന്ത്യയില്‍ നടക്കുക എന്നത് ഒഴിവാക്കുകയും ചെയ്തു. വിദേശ വിതരണക്കാരുടെ ദയ കാക്കുന്ന രാജ്യമായി ഇന്ത്യയെ നിലനിര്‍ത്തുകയാണ് മോഡി ചെയ്തത്.
ഇന്ത്യയില്‍ വിമാനം നിര്‍മിക്കുക എന്നത് കൂടുതല്‍ സമയമെടുക്കുന്ന പ്രക്രിയയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്താണോ പറഞ്ഞത്, അത് ആവര്‍ത്തിക്കുക മാത്രമാണ് കോടതി ചെയ്തത്. ഒരു റാഫേല്‍ നിര്‍മിയ്ക്കുന്നതിന് ഡസ്സോള്ട്ടിനുവേണ്ടി വരുന്ന തൊഴില്‍ദിനങ്ങളുടെ 2.7 ഇരട്ടി വേണ്ടിവരും എച്ച് എ എല്ലിനെന്നാണ് വിധിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 30ഉം 40ഉം വര്‍ഷം ആയുസ്സുള്ള പോര്‍വിമാനങ്ങളുടെ കാര്യത്തില്‍ തൊഴില്‍ദിനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയാണോ മാനദണ്ഡമാകേണ്ടത്? അതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതിനൊക്കെ സമയമെടുക്കും. അത് തുടക്കത്തിലെ കാര്യമാണ്. ഭാവിയില്‍ എന്താകും സ്ഥിതി? നമുക്ക് സാങ്കേതികവിദ്യയുണ്ട്, പശ്ചാത്തലസൗകര്യമുണ്ട്. നമ്മുടെ ആവശ്യത്തിനുള്ള പോര് വിമാനങ്ങള്‍ നിര്‍മിക്കാനുള്ള അവസ്ഥ നമുക്കുണ്ടാകും. മോഡിയുടെ തീരുമാനം കൊണ്ട് എന്തുണ്ടായി? വിദേശ വിതരണക്കാരന്റെ കടാക്ഷം കാത്തുനില്ക്കാന് വിധിക്കപ്പെട്ടുവെന്ന് മാത്രമല്ല, രാജ്യമിനി ഡസ്സോള്ട്ടിനു മുന്നിലെ വരിയില്‍ ചേരേണ്ടിവരും. ഈജിപ്തില്‍ നിന്നും ഖത്തറില്‍ നിന്നും ഡസ്സോള്ട്ടിന് ഓര്‍ഡറുകളുണ്ട്. അതിന് ശേഷമേ അവര്‍ ഇന്ത്യക്ക് നല്‍കേണ്ട പോര്വിമാനങ്ങളെക്കുറിച്ച് ചിന്തിക്കൂ.
വിമാനവില മൂന്നിരട്ടി വര്‍ധിച്ചുവെന്നതായിരുന്നു നിങ്ങളുടെ വിമര്‍ശനങ്ങളില്‍ പ്രധാനം. ഇക്കാര്യത്തില്‍ കോടതിയുടെ കണ്ടെത്തല്‍ എന്തായിരുന്നു?
നിലവിലില്ലാത്ത പി എ സി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള കഥ ഓര്‍ത്തുകൊണ്ടാണ് കോടതി പറയുന്നത്. ആ റിപ്പോര്‍ട്ട് വിലവിവരം സൂക്ഷ്മമായി പരിശോധിച്ചുവെന്ന്. പിന്നെ സര്‍ക്കാറിന്റെ അവകാശവാദം ആവര്‍ത്തിക്കുകയാണ്. 36 പോര്‍വിമാനങ്ങള്‍ വാങ്ങുന്നത് വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുന്നുണ്ട്. അറ്റകുറ്റപ്പണി, പോര്‍വിമാനത്തില്‍ ഘടിപ്പിക്കുന്ന ആയുധങ്ങള്‍ എന്നിവയിലൊക്കെ കൂടുതല്‍ മികവ് പുതിയ കരാറിന്റെ ഭാഗമായി ഉണ്ടാകുന്നുവെന്ന വാദവും കോടതി സ്വീകരിക്കുന്നു. ഔദ്യോഗിക വിശദീകരണങ്ങളുടെ സാധുത ഞങ്ങള്‍ ചോദ്യം ചെയ്തിരുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ഈ വാദമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. പക്ഷേ, വിലകളുടെ താരതമ്യം കോടതിയുടെ ജോലിയല്ലെന്ന് വ്യക്തമാക്കുകയാണ് കോടതി ചെയ്തത്.
ഇവ്വിധമൊക്കെ പറയുന്ന കോടതി, 126 പോര്‍വിമാനങ്ങള്‍ വേണമെന്ന ആവശ്യം പൊടുന്നനെ 36ലേക്ക് ചുരുക്കിയതിന്റെ യുക്തി എന്തെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നത് രസകരമായാണ്. ആദ്യത്തെ കരാര്‍ പ്രാബല്യത്തിലാക്കുന്നതിലുണ്ടായ മൂന്നര വര്‍ഷത്തെ കാലതാമസത്തെക്കുറിച്ചും സി എ ജിയുടെയും പി എ സിയുടെയും റിപ്പോര്ട്ടുകളെക്കുറിച്ചുമുള്ള സര്‍ക്കാര്‍ കഥകള്‍ സ്വീകരിച്ച കോടതി, എതിരാളികളുടെ ശേഷിക്കൊത്ത് തയാറെടുക്കാത്ത രാജ്യത്തെക്കുറിച്ച് പരിതപിച്ച ശേഷമാണ് 126ല്‍ നിന്ന് 36ലേക്ക് താഴ്ന്നതിനെക്കുറിച്ച് പറയുന്നത്. 126ന് പകരം 36 എണ്ണം മതിയെന്ന് തീരുമാനിച്ചതിന് പിറകിലെ ബുദ്ധിയെക്കുറിച്ച് വിധിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. 126 എണ്ണം തന്നെ വാങ്ങണമെന്ന് സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ കോടതിക്ക് സാധിക്കുകയുമില്ല. 126 വിമാനങ്ങള്‍ തന്നെ വാങ്ങാന്‍ നിര്‍ബന്ധിക്കണമെന്ന് കോടതിയോട് ആരെങ്കിലും ആവശ്യപ്പെട്ടോ?
വില താരതമ്യം ചെയ്യുക തങ്ങളുടെ ജോലിയല്ലെന്ന് കോടതി പറയുന്നു. 126 പോര് വിമാനങ്ങളെന്ന ആവശ്യം 36ലേക്ക് ചുരുക്കിയതിന്റെ യുക്തി പരിശോധിക്കാന്‍ കോടതിക്കാവില്ലെന്നും. അനില്‍ അംബാനിയുടെ കമ്പനിയെ പങ്കാളിയായി നിശ്ചയിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോടുള്ള സമീപനം എന്തായിരുന്നു?
ഇക്കാര്യത്തിലുള്ള വിധി ഒട്ടും വിശ്വാസം ജനിപ്പിക്കുന്നതല്ല. വസ്തുതകളില്‍ ഒന്ന് പോലും പരിഗണിച്ചില്ല. എന്നിട്ടും നല്ല നടപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നു. ഇന്ത്യയിലെ യോജിച്ച പങ്കാളിയാരെന്ന് നിശ്ചയിക്കാനുള്ള അധികാരം ഡസ്സോള്ട്ടിനായിരുന്നു. ഇക്കാര്യം ഏറെ വൈകിയാണ് കേന്ദ്രസര്‍ക്കാര്‍ അറിയുന്നത് എന്നതായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ വാദം. അതപ്പടി അംഗീകരിക്കുകയാണ് കോടതി ചെയ്തത്.
ഇത്തരമൊരു കരാറിന്റെ ഭാഗമായി രൂപംകൊള്ളുന്ന സംയുക്ത സംരംഭത്തിലെ പങ്കാളിയെ നിശ്ചയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. പങ്കാളിയാരെന്നും നിര്‍ദിഷ്ട ജോലി ചെയ്യുന്നതിന് അവര്‍ക്കുള്ള യോഗ്യതയെന്താണെന്നും നേരത്തെ തന്നെ വ്യക്തമാക്കാന്‍ ഡസ്സോള്‍ട്ട് ബാധ്യസ്ഥമാണ്. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നയാളിന് ഇത് ബോധ്യപ്പെടുകയും വേണം. പങ്കാളിയായി തിരഞ്ഞെടുത്ത കമ്പനി കഴിഞ്ഞ ആറുമാസം നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അത് പ്രതിരോധ മന്ത്രി കണ്ട് യോഗ്യത ഉറപ്പുവരുത്തുകയും വേണം. ഈ കരാറിന്റെ ഭാഗമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജോലികള്‍ ചെയ്യുന്നതിന് പങ്കാളിയായി നിര്‍ദേശിക്കപ്പെട്ട സ്ഥാപനത്തിന് കഴിയില്ലെന്നാണ് തോന്നുന്നതെങ്കില്‍ അവരെ മാറ്റണമെന്ന് ആവശ്യപ്പെടാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനുണ്ട്. ഈ വ്യവസ്ഥകളൊക്കെ മാറ്റിയാണ് അനില്‍ അംബാനിയുടെ കമ്പനിയെ കൊണ്ടുവന്നത്. വ്യവസ്ഥകള്‍ മുന്‍കാല പ്രാബല്യത്തോടെ മാറ്റുകയാണ് ചെയ്തത്. ഞങ്ങളൊന്നും അറിഞ്ഞിട്ടില്ല, അറിയേണ്ട കാര്യവുമില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് നടിയ്ക്കാന്‍ വേണ്ടിയാണ് മുന്‍കാല പ്രാബല്യത്തോടെ വ്യവസ്ഥകള്‍ മാറ്റിയത്. ഇക്കാര്യം ഞങ്ങള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പങ്കാളിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളില്‍ മുന്‍കാല പ്രാബല്യത്തോടെ മാറ്റം വരുത്തുക എന്ന നാണമില്ലാത്ത പ്രവൃത്തി ചെയ്തതിന് ശേഷവും പങ്കാളിയാകുന്ന കമ്പനിക്ക് നിര്‍ദിഷ്ട യോഗ്യതകള്‍ വേണമെന്ന വ്യവസ്ഥ തുടര്‍ന്നിരുന്നു. ഇതൊന്നും പാലിക്കാന്‍ അനില്‍ അംബാനിയുടെ കമ്പനിക്കായില്ല. മുകേഷ് അംബാനിയുടെ സമ്പന്നമായ റിലയന്‍സുമായി അനില്‍ അംബാനിയുടെ കടം കയറിയ റിലയന്‍സിനെ ചേര്‍ത്തുവെക്കുകയാണ് കോടതി വിധി ചെയ്യുന്നത്. അതിനുശേഷം, എച്ച് എ എല്ലിനെക്കുറിച്ച് പൊടുന്നനെയുണ്ടായ സംശയങ്ങളെ സ്വീകരിക്കുകയും. എച്ച് എ എല്ലിന്റെ കാര്യത്തില്‍ ആദ്യം നിര്‍ദേശിച്ച കരാറില്‍ തന്നെ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കരാര്‍ പ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എച്ച് എ എല്ലിന് സാധിക്കില്ലെന്ന സംശയം വളര്‍ത്തിയെടുക്കാനും. എച്ച് എ എല്ലിന്റെ കഴിവുകളെക്കുറിച്ച് ഡസ്സോള്‍ട്ടിന്റെ സി ഇ ഒ പറഞ്ഞ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മറച്ചുവെച്ചു. എച്ച് എ എല്ലുമായി ജോലി പങ്കിടല്‍ കരാറില്‍ ഡസ്സോള്‍ട്ട് ഏര്‍പ്പെട്ടു കഴിഞ്ഞിരുന്നുവെന്നതും മറച്ചുവെച്ചു.
കരാര്‍ പാലിക്കപ്പെടുമെന്ന കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ഉറപ്പ് വാങ്ങണമെന്ന് നിയമ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിയമപരമായി നിലനില്‍ക്കാത്ത ഒരു കത്തുമാത്രമാണ് ഫ്രഞ്ച് ഗവണ്മെന്റില് നിന്ന് കിട്ടിയത്. ഇക്കാര്യം കോടതിക്ക് മുമ്പാകെ ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ താത്പര്യങ്ങള്‍ ഏത് വിധത്തിലാണ് അവഗണിക്കപ്പെട്ടത് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു നേര്‍ക്ക് കണ്ണടയ്ക്കുകയാണ് കോടതി ചെയ്തത്.
ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പുതിയ സമവാക്യത്തിന്റെ ഭാഗമായിരുന്നു അനില്‍ അംബാനിയുടെ കമ്പനിയെന്ന മുന്‍ പ്രസിഡന്റ് ഒളാന്ഡെയുടെ പ്രസ്താവന കോടതി തള്ളിക്കളയുകയാണ് ചെയ്തത്. ഇതിനു കോടതി പറയുന്ന കാരണം, ഈ പ്രസ്താവനയെ കരാറിന്റെ ഭാഗമായവരെല്ലാം ശക്തമായി തള്ളിക്കളഞ്ഞിട്ടുണ്ട് എന്നതാണ്. കരാറിന്റെ ഭാഗമായിരുന്നവരെന്നാല് ആരോപിക്കപ്പെടുന്ന അഴിമതിക്കും ക്രമക്കേടിനും ഗൂഢാലോചന നടത്തിയവരാണ്. ഇന്ത്യാ ഗവണ്മെന്റും ഡസ്സോള്‍ട്ടും അനില്‍ അംബാനിയും!
ഇനിയെന്താണ് മാര്‍ഗം. നിങ്ങള്‍ പുനഃപരിശോധനാ ഹരജി നല്കുന്നുണ്ടോ?
പുനഃപരിശോധനാ ഹരജി നല്‍കണമോ എന്നത് വിധി പഠിച്ചതിന് ശേഷം പ്രശാന്ത് ഭൂഷണ് നല്കുന്ന അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനിക്കുക. പുനപ്പരിശോധനാ ഹരജി നല്കിയാലും അത് ഈ ജഡ്ജിമാര്‍ അംഗങ്ങളായ ബഞ്ചാണ് പരിഗണിക്കുക. എന്റെ അഭിപ്രായത്തില്‍ ഇതല്ല പരിഹാരമാര്‍ഗം. വിധി സൂക്ഷ്മമായി പഠിക്കുകയും അതേക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്.
ഇപ്പോഴത്തെ ഘട്ടത്തില്‍ വലിയ തിരിച്ചടിയാണെന്ന് സമ്മതിക്കുന്നുണ്ടോ. കോടതിയെ സമീപിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
വിധിയും ആ തീരുമാനത്തിലേക്കെത്താന്‍ കോടതി പ്രയോഗിച്ച യുക്തിയും വലിയ നിരാശയുണ്ടാക്കുന്നു. ‘തിരിച്ചടി’. ‘പരാജയം’ എന്നീ വാക്കുകള്‍ ഉപയോഗിക്കണമോ? വീണ്ടും കോടതിയെ സമീപിക്കണോ? എന്നീ ചോദ്യങ്ങളെ ഞാന്‍ വേറൊരു വീക്ഷണത്തിലൂടെയാണ് കാണുന്നത്. വസ്തുതകള്‍ ഇത്രയും വ്യക്തമായിരിക്കെ കോടതിയില്‍ നമുക്കുള്ളത് രണ്ട് സാധ്യതകളാണ്. ഒന്ന്, നമ്മുടെ അപേക്ഷ കോടതി സ്വീകരിക്കുന്നു. അങ്ങനെയെങ്കില്‍, തെറ്റുകാണിച്ചവരെ കണ്ടെത്താനുള്ള രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കാനാകും. വസ്തുതകളുണ്ടായിട്ടും എതിരായ തീരുമാനമാണ് ഉണ്ടാകുന്നതെങ്കിലും നമ്മുടെ ഭാഗം, ഒരു വിധത്തില്‍ തെളിയിക്കപ്പെടുകയാണ്. നമ്മുടെ സ്ഥാപനങ്ങളുടെ അവസ്ഥയെന്താണെന്ന് ജനങ്ങള്‍ക്ക് കണ്ടുമനസിലാക്കാനുള്ള ഒരവസരം കൂടി നമ്മള് സൃഷ്ടിക്കുകയാണ്. ഒരുകാര്യം ഓര്‍ക്കണം; നമ്മള് മാത്രമല്ല വിചാരണ നേരിടുന്നത്, കോടതി കൂടിയാണ്.
അരുണ്‍ ഷൂരി
കടപ്പാട്: ദി വയര്‍
You must be logged in to post a comment Login