ബാര്‍ക് ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനത്തിന് അപേക്ഷിക്കാം

ബാര്‍ക് ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനത്തിന് അപേക്ഷിക്കാം

രാജ്യത്ത് ആണവോര്‍ജ വികസന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിനു(ബാര്‍ക്) കീഴിലുള്ള ട്രെയിനിംഗ് സ്‌കൂളില്‍ ട്രെയിനി സയന്റിഫിക് ഓഫീസറാകാന്‍ ശാസ്ത്ര പ്രതിഭകള്‍ക്ക് അവസരം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആണവോര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തോടെ നിയമനം ലഭിക്കും.

ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. പരിശീലന കാലയളവില്‍ മികവു പുലര്‍ത്തുന്നവരെ കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഹോമി ഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംടെക് അല്ലെങ്കില്‍ എംഫില്‍ കോഴ്‌സുകള്‍ക്കു ചേരാനും അനുവദിക്കും.
രണ്ടുതരത്തിലാണു തിരഞ്ഞെടുപ്പ്. സ്‌കീം ഒന്നനുസരിച്ചു ബിടെക്, ഇന്റഗ്രേറ്റഡ് എംടെക്, എം.എസ്‌സി. പാസായവര്‍ക്ക് ബാര്‍ക്കിന്റെ മുംബൈ, കല്‍പാക്കം, രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ഇന്‍ഡോര്‍, ന്യൂക്ലിയര്‍ ഫ്യുല്‍ കോംപ്ലക്‌സ് ഹൈദരാബാദ്, അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഹൈദരാബാദ് എന്നിവിടങ്ങളില്‍ പരിശീലനം നല്‍കും.
സ്‌കീം രണ്ട് അനുസരിച്ചു പ്രവേശനം ലഭിക്കുന്നവര്‍ക്ക് എം.ടെക് അല്ലെങ്കില്‍ മാസ്റ്റര്‍ ഇന്‍ കെമിക്കല്‍ എന്‍ജിനിയറിംഗ് എന്നിവയില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കും. പഠനശേഷം കൂടുതല്‍ വേതനത്തോടെ ജോലിയില്‍ പ്രവേശിക്കാം. വിവിധ ഐ.ഐ.ടികള്‍, റൂര്‍ക്കി എന്‍.ഐ.ടി., മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി എന്നിവിടങ്ങളിലായിരിക്കും ഉപരിപഠനം.

മെക്കാനിക്കല്‍, കെമിക്കല്‍, മെറ്റലര്‍ജിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍, എന്‍ജിനിയറിംഗ് ഫിസിക്‌സ്, ഫുഡ് ടെക്‌നോളജി എന്നിവയില്‍ ബി ടെക്കോ, ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സസ്, ജിയോഫിസിക്‌സ്, അപ്ലൈഡ് ജിയോഫിസിക്‌സ്, ജിയോളജി, അപ്ലൈഡ് ജിയോളജി,അപ്ലൈഡ് ജിയോകെമിസ്ട്രി എന്നിവയില്‍ എംഎസ്‌സിയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.

ഗേറ്റ് സ്‌കോറിന്റെയും ഓണ്‍ലൈനായി നടത്തുന്ന അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. രണ്ടു പരീക്ഷക്കും ഉയര്‍ന്ന സ്‌കോര്‍ നേടിയെങ്കിലേ അഡ്മിഷന്‍ ലഭിക്കുകയുള്ളു. ഇന്റര്‍വ്യുവിനു ശേഷം തയാറാക്കുന്ന മെറിറ്റ് ലിസ്റ്റ് ബാര്‍ക്കിന്റെ പിഎച്ച്ഡി, ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ഫിസിക്‌സ് പ്രോഗ്രാമുകള്‍ക്കുള്ള അഡ്മിഷനും പരിഗണിക്കും.

ഓണ്‍ലൈനായി ജനുവരി 31 നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.barconlineexam.in.

ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ എല്‍.എല്‍.ബി.
ഖരഗ്പൂര്‍ ഐ.ഐ.ടിയുടെ കീഴിലുള്ള രാജീവ് ഗാന്ധി സ്‌കൂള്‍ ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലോ നടത്തുന്ന ത്രിവത്സര എല്‍എല്‍ബി കോഴ്‌സിനും ദ്വിവത്സര എല്‍.എല്‍.എം. കോഴ്‌സിനും അപേക്ഷിക്കാം.

സയന്‍സ്, ടെക്‌നോളജി, മാനേജ്‌മെന്റ്, ലോ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള എല്‍.എല്‍.ബി. പാഠ്യപദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള പ്രഥമ സംരംഭമാണ് ഈ കോഴ്‌സ്.

ഫസ്റ്റ് ക്ലാസ് ബിടെക് അല്ലെങ്കില്‍ എം.ബി.ബി.എസ്. ബിരുദം അല്ലെങ്കില്‍ സയന്‍സിലോ ഫാര്‍മസിയിലോ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.ബി.എ. പാസായവര്‍ക്ക് അപേക്ഷിക്കാം. 3000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി വര്‍ഗക്കാര്‍ക്ക് 1500 രൂപ. മാര്‍ച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 20നു നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ, ഗ്രൂപ് ഡിസ്‌കഷന്‍, ഇന്റര്‍വ്യു വഴിയാണ് അഡ്മിഷന്‍.
ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഇംഗ്ലീഷ് (60 മാര്‍ക്ക്), ലോജിക്കല്‍ റീസണിംഗ് (20 മാര്‍ക്ക്), മാത്തമാറ്റിക്കല്‍ എബിലിറ്റി (15 മാര്‍ക്ക്), ബേസിക് സയന്‍സ് (35 മാര്‍ക്ക്), ലീഗല്‍ ആപ്റ്റിറ്റിയൂഡ് (70 മാര്‍ക്ക്) എന്നിങ്ങനെയാണു പരീക്ഷയുടെ ഘടന. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണു പരീക്ഷ.
കോര്‍പറേറ്റ് ലോ, കോംപറ്റീഷന്‍ ലോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി, കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ, ടാക്‌സേഷന്‍, ക്രിമിനല്‍ ലോ ആന്‍ഡ് ജസ്റ്റീസ്, ഇന്റര്‍നാഷണല്‍ ലോ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് എല്‍.എല്‍.എം. കോഴ്‌സിന്റെ ഘടന. ഫസ്റ്റ് ക്ലാസോടെ പഞ്ചവത്സര എല്‍.എല്‍.ബി. പാസായവര്‍ക്കും സയന്‍സിലോ ഹ്യുമാനിറ്റീസിലോ കൊമേഴ്‌സിലോ ബിരുദവും ഫസ്റ്റ് ക്ലാസോടെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സും പാസായവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
3000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി വര്‍ഗക്കാര്‍ക്ക് 1500 രൂപ. മാര്‍ച്ച് 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 20 നു ഓണ്‍ലൈനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. നിയമ അഭിരുചി അളക്കുന്നതിനുള്ള 120 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹി, ബംഗളൂരു, കൊല്‍കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. വിലാസം: ഡീന്‍, രാജീവ് ഗാന്ധി സ്‌കൂള്‍ ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലോ, ഐഐടി ഖരഗ്പൂര്‍, ഖരഗ്പൂര്‍ 721302. വെബ്‌സൈറ്റ്: www.rgsoipl.iitkgp.ernet.in.

കിക്മയില്‍ എം.ബി.എ.
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2019-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

50 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദവും, കെമാറ്റ്/സിമാറ്റ്/ക്യാറ്റ് ഉള്ളവര്‍ക്കും, അതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും കോളെജില്‍ നിന്നും നേരിട്ടോ, വെബ്‌സൈറ്റില്‍ ഓണ്‍ലൈനായോ ലഭിക്കും. സഹകരണ മേഖലയിലുള്ള ആശ്രിതര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഡയറക്ടര്‍, കിക്മ, നെയ്യാര്‍ഡാം എന്ന വിലാസത്തില്‍ ജനുവരി 15 നകം നല്‍കണം ഫോണ്‍: 8547618290, 9995302006.

ടെലിവിഷന്‍ ജേര്‍ണലിസം:കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം .ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാം. www.ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോറം ലഭിക്കും. ക്ലാസുകള്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കും. കെ എസ് ഇ ഡി സി ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജനുവരി 31നകം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം 695014. ഫോണ്‍: 0471 2325154,0471 2325154,8137969292, 9746798082.

റസല്‍

You must be logged in to post a comment Login