നിര്‍ണായകഘട്ടങ്ങളിലാണ് നേതൃഗുണം മാറ്റുരച്ച് പരിശോധിക്കപ്പെടുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന, അല്ലെങ്കില്‍ ചുമതല ഏല്പിക്കപ്പെട്ട വ്യക്തികളില്‍നിന്നുണ്ടാവുന്ന നിസ്സാര പാളിച്ച പോലും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്നത് കൂടിയാലോചനയുടെയോ ഗഹന ചിന്തകളുടെയോ അഭാവത്തിലാവാം. വിഭജനാനന്തര ഇന്ത്യയില്‍ മുസ്ലിംകളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മറ്റാരെക്കാളും സുപ്രധാന പങ്കുവഹിച്ച ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് ചുമലിലേറ്റിയ ദൗത്യം വളരെ വലുതായിരുന്നു. എല്ലാവരാലും വെറുക്കപ്പെടുകയും അവിശ്വസിക്കപ്പെടുകയും ചെയ്ത ആ കാലസന്ധിയില്‍, ഇടയനില്ലാത്ത ആട്ടിന്പറ്റങ്ങളായി ചകിതരായി പരക്കംപാഞ്ഞ അഞ്ചരക്കോടി മുസ്ലിംകള്ക്ക് ആശ്വാസവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. എന്നിട്ടും മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് നിര്‍ണായകഘട്ടത്തില്‍ ആവശ്യമായ ഗൃഹപാഠം നടത്താതെ, സ്വീകരിച്ച ചില കാല്വെപ്പുകളെ കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യന് കൂടിയായ മുഹമ്മദ് റസാഖാന് ‘വാട്ട് പ്രൈസ് ഫ്രീഡം’ എന്ന പുസ്തകത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. 1947 ആഗസ്തില്‍ ന്യൂനപക്ഷകാര്യങ്ങള്‍ നോക്കുന്ന സമിതി ഭാവിഇന്ത്യയില് മുസ്ലിംകള്ക്ക് പ്രത്യേക മണ്ഡലം (ടലുലൃമലേ ഋഹലരീേൃമലേ) ഉണ്ടാവില്ലെന്നും എന്നാല്‍ അവരുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പത്ത് കൊല്ലത്തേക്ക് സീറ്റ് സംവരണം ചെയ്യാമെന്നും നിര്‍ദേശം വെച്ചു. ‘മൈനോരിറ്റി അഫയര്സിന്റെ ചുമതല സര്‍ദാര്‍ വല്ലഭായി പട്ടേലിനായിരുന്നു. വിവിധ നിയമസഭകളെ പ്രതിനിധീകരിച്ച് ‘കോണ്‍സാംബ്ലി’യില്‍ എത്തിയ മുസ്ലിം ലീഗ് അംഗങ്ങള്‍ വിഭജന പശ്ചാത്തലത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച് വ്യക്തിപരമായ അഭിപ്രായങ്ങളാണ് ചര്‍ച്ചകളില്‍ മുന്നോട്ടുവെച്ചത്. അവരെ ഏകോപിപ്പിക്കനോ ന്യൂനപക്ഷങ്ങളുടെ മൊത്തം താല്പര്യം കണക്കിലെടുത്ത് അഭിപ്രായസമന്വയങ്ങളിലെത്തിക്കാനോ ഇസ്മാഈല്‍ സാഹിബിനും സാധിച്ചില്ല. അത്തരമൊരു സന്ദിഗ്ധാവസ്ഥയിലാണ് സ്വതന്ത്ര ഇന്ത്യയിലും പ്രത്യേക മണ്ഡലവും സീറ്റ് സംവരണവും വേണമെന്ന ആവശ്യം ഖാഇദെമില്ലത്ത് മുന്നോട്ടുവെച്ചത്. അതോടെ പട്ടേലുമായി ഏറ്റുമുട്ടി. പാകിസ്താന് രൂപവത്കരണത്തിനു ശേഷവും പ്രത്യേക ഇലക്ട്രേറ്റിനുവേണ്ടി വാദിക്കുന്നതിനെതിരെ അദ്ദേഹം കുരച്ചുചാടി. ഇസ്മാഈല്‍ സാഹിബിനെ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇനി പ്രത്യേക മണ്ഡലമോ സംവരണമോ പ്രതീക്ഷിക്കേണ്ടതില്ല എന്ന് പട്ടേല്‍ അറുത്തുമുറിച്ചുപറഞ്ഞു. മുസ്ലിംകളുടെ പേരില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പട്ടേലിനു എന്തവകാശമെന്നും ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിനു മുമ്പ് ആ വിഭാഗത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ എന്നുമൊക്കെ ഭരണഘടനാ നിര്‍മാണസഭയിലെ പ്രഗല്ഭനായ അംഗവും മുന്‍ അസം മുഖ്യമന്ത്രിയുമായ സഅദുല്ല ചോദിച്ചുവെങ്കിലും തൃപ്തികരമായ മറുപടി നല്‍കിയില്ല. ന്യൂനപക്ഷത്തിനു അസഹനീയമായ പ്രഹരം ഉണ്ടായത് യു.പിയില്‍നിന്നുള്ള അംഗം ബീഗം ഐജാസ് റസൂല്‍ എടുത്ത നിലപാടിലൂടെയാണ്. മുസ്ലിംകള്ക്ക് ഇനി സംവരണം വേണ്ടാ എന്ന് അവര്‍ വാദിച്ചു. ( അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. താന്‍ അന്നെടുത്ത നിലപാടില്‍ പശ്ചാത്തപിക്കുന്നതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു). മൗലാന അബുല്‍ കലാം ആസാദ് യോഗത്തിലുണ്ടായിരുന്നുവെങ്കിലും പട്ടേലിന്റെ വാദത്തെ നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ മൗനം ദീക്ഷിക്കുകയായിരുന്നു.
ഒരു ജനതയുടെ ഭാഗധേയത്തെ ബാധിക്കുന്ന ഒരു ഘട്ടത്തില്‍ ആവശ്യമായ ഗൃഹപാഠം നടത്താതെ, ഇസ്മാഈല്‍ സാഹിബ് എടുത്തുചാടി അനാവശ്യം പറഞ്ഞതായി അധിക്ഷേപിക്കുന്ന റാസാഖാന്‍ മുസ്ലിം അംഗങ്ങളില്‍ ഭൂരിഭാഗവും സീറ്റ് സംവരണത്തിനായി ഏകസ്വരത്തില്‍ വാദിച്ചിരുന്നുവെങ്കില്‍ അത് വകവെച്ചുകിട്ടുമായിരുന്നുവെന്നും ഇസ്മാഈല്‍ സാഹിബ് പ്രത്യേക മണ്ഡലത്തിനായി നിലകൊണ്ടതാണ് എല്ലാം നഷ്ടപ്പെടുത്തിയതെന്നും വിലപിക്കുന്നുണ്ട്. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കായി റാസാഖാന്റെ വരികള്‍ ഉദ്ധരിക്കട്ടെ: ” If really Mr.Ismail had confronted Sardar Patel with the question as to what Muslim openion he had consulted before coming to decession Sardar Patel would have found himself on very weak ground. Alternatively he might have made an offer to Sardar Patel and Constituent Assembly to convene a meeting of all the Muslim Members of Constituent Assembly and leave it to them to decide the issue whether reservation of seats for Muslims should continue or not.This would have placed the framers of the Constitution in a difficult position, for majority of Muslim Members would have favoured reservation. Far from it, by insisting on seperate electorate Mr.Ismail lost the whole game (“What price Freedom’ – പേജ് 415 )
സമുദായ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെട്ട നിമിഷം
ഏഴുപതിറ്റാണ്ടിനു മുമ്പുള്ള ഒരു ‘മുസ്ലിം അനുഭവം’ ഇവിടെ അനുസ്മരിച്ചത്, മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട വിവാദത്തിനിടയില്‍ മുസ്ലിം ധൈഷണിക മണ്ഡലത്തിന്റെ മുന്നൊരുക്കമില്ലായ്മ എത്ര ദയാര്ഹമായിരുന്നുവെന്ന് തൊട്ടുകാണിക്കാനാണ്. 20കോടി വരുന്ന ഒരു ജനതയെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്ന ഒരു നിയമനിര്‍മാണ വിഷയത്തില്‍ ഗഹനമായ ചര്‍ച്ചക്കോ കൂടിയാലോചനക്കോ മുസ്ലിം നേതൃത്വം സന്നദ്ധമായോ എന്ന ചോദ്യം ബാക്കിനില്ക്കുന്നു. ഖുര്‍ആനും ഹദീസും ഫത്വകളും ഉദ്ധരിച്ച് സുപ്രീംകോടതി ജഡ്ജിമാര്‍ മുത്തലാഖ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പ് കല്പിച്ചിട്ടും (ഭരണഘടനാവിരുദ്ധം എന്ന് എവിടെയും പറഞ്ഞിട്ടില്ല) എന്തുകൊണ്ട് ആ വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടാനോ പിന്നീട് കൊണ്ടുവന്ന മുത്തലാഖ് നിരോധന ഓര്ഡിന്നസിലെ/ബില്ലിലെ യുക്തിരഹിതമായ വ്യവസ്ഥകള്‍ കോടതിയില്‍ ചോദ്യം ചെയ്യാനോ ആരും മുന്നോട്ടുവന്നില്ല? ആ ദിശയിലുള്ള ചിന്ത പലവഴിക്കും സഞ്ചരിക്കുമ്പോഴാണ് മുത്തലാഖ് ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്ത് വോട്ടിനിട്ട ദിവസം മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സഭയില്‍നിന്ന് ‘മുങ്ങിയത്’ കേരളത്തില്‍ വലിയ കോലാഹലങ്ങള്‍ക്കും മാധ്യമവിചാരണക്കും വഴിയൊരുക്കിയത് സ്പര്ശിക്കേണ്ടിവരുന്നത്. സോഷ്യല്‍ ഓഡിറ്റിംഗിന്റെ അനിവാര്യതയെ കുറിച്ച് പൊതുസമൂഹത്തെ ചിന്തിപ്പിച്ച ഒരവസരമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ‘ സഭാ ബഹിഷ്കരണം’. മുത്തലാഖ് ബില്‍ ലോക്സഭയില്‍ വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ, തൃണമൂല്‍ അംഗങ്ങള്‍ ഇറങ്ങിപ്പോയെന്നും ഇടതുപക്ഷ അംഗങ്ങളും മുസ്ലിം ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീറും ഹൈദരാബാദില്‍നിന്നുള്ള അസദുദ്ദീന്‍ ഉവൈസിയുമടക്കം 11 അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്തുവോട്ട് ചെയ്തതെന്നുമുള്ള റിപ്പോര്‍ട്ടിനൊപ്പം ലീഗ് ലീഡര്‍ കുഞ്ഞാലിക്കുട്ടി കല്പകഞ്ചേരിയിലെ സുഹൃത്തിന്റെ മകന്റെ കല്യാണത്തിനു കൂടാന്‍ നാട്ടിലായിരുന്നുവെന്നുമുള്ള വാര്‍ത്ത പ്രചരിച്ചത് ലീഗണികളെയും പൊതുസമൂഹത്തെയും അമ്പരിപ്പിച്ചു. പിന്നീട് കെട്ടഴിഞ്ഞുവീണ മാധ്യമചര്‍ച്ചകള്‍ അമ്പരപ്പ് കൂട്ടി. മുത്തലാഖ് ബില്‍ പോലെ സുപ്രധാനമായൊരു നിയമനിര്‍മാണം ചര്‍ച്ചക്ക് വരുന്ന അവസരത്തില്‍ ലീഗിന്റെ രണ്ടംഗങ്ങളില്‍ ഒരാള്‍ വിട്ടുനിന്നതിലെ ഉദാസീനതയും അലംഭാവവും സമുദായനേതാക്കളുടെ പ്രതിബദ്ധതയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. മുസ്ലിം വ്യക്തിനിയമത്തില്‍ പച്ചക്ക് കൈകടത്തുന്ന മുത്തലാഖ് ബില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ അതിനാണോ പ്രാധാന്യം കല്പിക്കേണ്ടത് അതല്ല, സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തിനോ? സാമൂഹിക മാധ്യമങ്ങള്‍ അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്ത് ഹാര്ഡ്ന്യൂസുകള്ക്കല്ല, സിറ്റിസണ്‍ജേര്‍ണലിസത്തിന്റെ നാടന്‍ ഉല്പന്നങ്ങള്ക്കാണ് ജനപ്രിയത എന്നതുകൊണ്ട് ട്രോളന്മാര് ലീഗ്നേതാവിന്റെ മേല്‍ പൊങ്കാലയിട്ടു. താന്‍ പാര്‍ട്ടിപരമായ കാര്യങ്ങള്‍ക്കാണ് വിട്ടുനിന്നതെന്നും ‘വിദേശകാര്യപരമായ’ തിരക്കുകളുമുണ്ടായിരുന്നുവെന്നുമൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടും ജനം അതൊന്നും കാര്യമായി എടുത്തില്ല. ലീഗ് ലീഡറുടെ അപ്രമാദിത്വം അസ്തമിക്കുന്നതിന്റെ അടയാളപ്പെടുത്തലായി പോലും ചിലര്‍ പ്രതിഷേധങ്ങളെ വിലയിരുത്തി. എന്നാല്‍, അന്നത്തെ സൂര്യാസ്തമയം സംഭവിക്കുന്നതിനു മുമ്പേ പാണക്കാട്ടെ പ്രസിഡന്റ് തങ്ങള്‍ ഒരു കാര്യം മാലോകരോട് വെളിപ്പെടുത്തി; കുഞ്ഞാലിക്കുട്ടി നല്കിയ വിശദീകരണത്തോടെ തനിക്ക് തൃപ്തിയായി. അതോടെ, മുത്തലാഖ് വിഷയം തീര്‍ന്നിരിക്കുന്നു. എന്തുവിശദീകരണമാണ് ആവശ്യപ്പെട്ടതെന്നോ മറുപടി എന്താണ് നല്കിയതെന്നോ അറിയാത്ത രാഷ്ട്രീയ കേരളം ആത്മഗതമായി ഉച്ചത്തില്‍ പറഞ്ഞു; സമുദായപാര്ട്ടിയില്നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്ന നമ്മളല്ലേ വിഢ്ഡികള്‍!
വിസ്തരിക്കപ്പെടാതെ പോയ ക്രൂരനിയമം
മുത്തലാഖ് ബില്ലിലടങ്ങിയ ഹിന്ദുത്വ പ്രത്യയശാസ്ത്ര അജണ്ടയോ അതുള്‍വഹിക്കുന്ന ഭരണഘടനാവിരുദ്ധതയോ ഈ ചര്ച്ചയ്ക്കിടയിലൊന്നും ആഴത്തില്‍ സംവദിക്കപ്പെട്ടില്ല എന്ന ദുരന്തം മൂന്നാല് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത എനിക്കും അനുഭവവേദ്യമായി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സഭയിലെ അസാന്നിധ്യത്തിന് പ്രാധാന്യം കൈവന്നത് ചര്‍ച്ച മുത്തലാഖ് ബില്ലിന്മേലായിരുന്നു എന്നത് കൊണ്ടാണ്. എന്തായിരുന്നു മുത്തലാഖ് ബില്ലിന്റെ എടുത്തുപറയേണ്ട സവിശേഷത? ആ ബില്ലിനു പിന്നിലെ മോഡിസര്‍ക്കാരിന്റെ ഗൂഢലക്ഷ്യം തന്നെ. ഒറ്റതവണ മൂന്നുമൊഴിയും ചൊല്ലി ദാമ്പത്യം അവസാനിപ്പിക്കുന്ന രീതി (തലാഖു ബിദ്അ) നിയമപരമായി നിലനില്‍ക്കില്ല എന്നാണ് അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് തീര്പുകല്പിച്ചത്. അതായത്, ഒരാള്‍, കെട്ടിയവളെ മുത്തലാഖ് ചൊല്ലി പറഞ്ഞയച്ചാലും അവള് അയാളുടെ ഭാര്യതന്നെയാണ്. (ഇസ്ലാമിക കര്‍മശാസ്ത്രമനുസരിച്ച് തീര്‍പ്പ് മറ്റൊന്നാണ്.) അതുകൊണ്ട് തന്നെ മുത്തലാഖ് നിരോധിക്കേണ്ട ആവശ്യമില്ല. വിവാഹം വിച്ഛേദിക്കപ്പെടുന്നില്ലെങ്കില് മൂന്നുമൊഴി ചൊല്ലുന്ന ഏര്‍പ്പാടിന് അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു. പിന്നെന്തിന് അതു വിലക്കുന്ന ഒരു നിയമം കൊണ്ടുവരണം? അതിന്റെ പേരില്‍ ഭര്‍ത്താവിനെ മൂന്നുവര്‍ഷം ജയിലലടക്കുകയും പിഴ ഈടാക്കുകയും വേണം. തീര്‍ത്തും അപ്രസക്തവും യുക്തിരഹിതവുമായ ഒരു നിയമനിര്‍മാണമാണിതെന്ന് ചുരുക്കം. മുസ്ലിം പുരുഷന്മാരോട് വിരോധം തീര്‍ക്കാനുള്ള ഒരുപകരണമായി അതോടെ ഈ നിയമം ക്രൂരമുഖം എടുത്തണിയുകയാണ്. ഹിന്ദുത്വ അജണ്ടയുടെ ബീഭല്‍സ മുഖമാണ് ഇത് അനാവൃതമാക്കുന്നത്. ‘മെജോറിറ്റേനിയസ’ത്തിന്റെ അഥവാ ഭൂരിപക്ഷ അധീശത്വവ്യവഹാരത്തിന്റെ അതിസങ്കീര്‍ണമായ ഇടപെടലുകളെയാണ് ഇത്തരം നിയമനിര്‍മാണങ്ങള്‍ അടയാളപ്പെടുത്തുന്നത്. തങ്ങളുടെ കൈയിലുള്ള അധികാരമുപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്തും ചെയ്യാന്‍ തയാറാണ് എന്ന പരോക്ഷ മുന്നറിയിപ്പ് ഇത്തരം ഭരണകൂട നീക്കങ്ങള്‍ ഉള്‍വഹിക്കുന്നുണ്ട്. ജനാധിപത്യവത്കരിക്കപ്പെടാത്ത ഹൈന്ദവസമൂഹത്തിന്റെ കൈയില്‍ രാഷ്ട്രീയജനാധിപത്യം എത്തിപ്പെട്ടാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് ബാബാസാഹബ് അംബേദ്കര്‍ ഓര്‍മപ്പെടുത്തിയത് വൃഥാവിലായില്ല എന്ന് സാരം. അംബേദ്കര്‍ പറഞ്ഞു: ”ഹിന്ദുത്വം സാമ്രാജ്യത്വത്തിന്റെ ഒരു വകഭേദമാണ്. ഹിന്ദുക്കള്‍ക്ക് സഹജവും രൂഢമൂലവുമായ ഒരു യാഥാസ്ഥിതികതയുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുമായി, അതായത് ജനാധിപത്യവുമായി സഹവര്‍ത്തിത്വം സാധ്യമല്ലാതാക്കുന്ന ഒരു മതവുമുണ്ട്. അസമത്വം ലോകത്തെല്ലായിടത്തുമുണ്ട്. അത് ഏറിയകൂറും സ്ഥിതിഗതികളും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ അതിനു മതത്തിന്റെ പിന്തുണ ഉണ്ടായിട്ടില്ല. ഹിന്ദുക്കളുടെ കാര്യം വ്യത്യസ്തമാണ്. ഹിന്ദുസമൂഹത്തില്‍ അസമത്വമുണ്ടെന്ന് മാത്രമല്ല, ഹിന്ദുമതത്തിന്റെ ഔദ്യോഗിക സിദ്ധാന്തം തന്നെയാണ് അസമത്വം. ഹിന്ദുക്കള്‍ സമത്വം ആഗ്രഹിക്കുന്നില്ല. അവരുടെ ചായ്വും മനോഭാവവും ഒരു മനുഷ്യന് ഒരു മൂല്യം എന്ന ജനാധിപത്യസിദ്ധാന്തത്തിന് എതിരാണ്. ഓരോ ഹിന്ദുവും സാമൂഹികമായി ടോറിയും രാഷ്ട്രീയമായി വിപ്ലവകാരിയുമാണ്.” ആധുനിക ജനാധിപത്യമൂല്യങ്ങള്‍ കൊണ്ട് ടോറി സ്വഭാവം മറികടക്കാന്‍ സാധിക്കുമെന്ന നവഭാരത ശില്പികളായ മതനിരപേക്ഷവാദികളുടെ കണക്കുകൂട്ടലുകളാണ് തെറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ് ആ വഴിക്ക് ചിന്തിക്കുകയും ഏതാനും കാതം സഞ്ചരിക്കുകയും ചെയ്തെങ്കിലും ആര്.എസ്.എസിന്റെ മാര്‍ഗദര്‍ശനത്തിലൂടെ രാഷ്ട്രീയം കൈയാളുന്ന ബി.ജെ.പി അതിന്റെ ആദിമസ്വത്വത്തിലേക്ക് തന്നെ മടങ്ങിപ്പോയി. അതുകൊണ്ടാണ് മുസ്ലിംകളെയും ദളിതുകളെയും മറ്റു ദുര്‍ബല വിഭാഗങ്ങളെയും തുല്യപൗരന്മാരായി കാണുന്നതില്‍ പരാജയപ്പെടുന്നത്. അതിന്റെ പരിണിതിയാണ് മൂന്നുവട്ടം ഭാര്യയെ മൊഴിചൊല്ലുന്ന പുരുഷനെ മൂന്നു വര്‍ഷം കാരാഗൃഹത്തിലടയ്ക്കുന്ന നിയമം കൊണ്ടുവരാന്‍ ആവേശം കാട്ടുന്നത്. അതേസമയം വിവാഹപ്പിറ്റേന്ന് കെട്ടിയവളെ വീട്ടിലാക്കി നാടുവിട്ട നരേന്ദ്രമോഡി പിന്നീട് ആ വഴിക്കു തിരിഞ്ഞുനോക്കാതെപോയത് ഒരപരാധമായി ആരും ഗണിക്കുന്നില്ല. എന്നല്ല, ആര്.എസ്.എസ് വിഭാവന ചെയ്യുന്ന ബ്രഹ്മചര്യത്തിന്റെ കപടഉത്തരീയമണിയിച്ച് ആ ക്രൂരതക്കുമേല്‍ പാവനത ചാര്‍ത്താനാണ് സമൂഹവും അതിനെ താങ്ങിനിര്‍ത്തുന്ന മാധ്യമങ്ങളും ശ്രമിക്കുന്നത്. മോഡി ജീവിതപ്പെരുവഴിയില്‍ തള്ളിവിട്ട യശോദര എന്ന സ്ത്രീക്കു വേണ്ടി എന്തേ ആരും ഒരിറ്റ് കണ്ണീര് വാര്‍ക്കുന്നില്ല? ഇവിടെയാണ്, ഒരുതരം പ്രതികാരബുദ്ധിയോടെ, അല്ലെങ്കില്‍ വിദ്വേഷം നിറഞ്ഞുതുളുമ്പുന്ന മനസോടെ ന്യൂനപക്ഷസമൂഹത്തെ കുരിശിലേറ്റാന്‍ ഹിന്ദുത്വവാദികള്‍ നടത്തുന്ന നിഗൂഢപദ്ധതികളെ കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടത് അനിവാര്യമായി വരുന്നത്. മുത്തലാഖിന് നിലനില്പില്ല എന്ന് തീര്പ്പുകല്പിച്ച പരമോന്നത നീതിപീഠം നിയമനിര്‍മാണത്തിലൂടെ അതിനു വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മുസ്ലിം വ്യക്തിനിയമത്തിന്റെ ക്രോഡീകരണത്തെ കുറിച്ചാണ് ഓര്‍മിപ്പിച്ചത്. ആ ദിശയില്‍ കാല്‍വെപ്പുകള്‍ നടത്തുന്നതിന് മുസ്ലിം സമൂഹത്തിലെ മതരാഷ്ട്രീയ നേതൃത്വവുമായി സംവദിക്കുന്നതിനു പകരം കഠിന വ്യവസ്ഥകളുള്‍പ്പെടുത്തി നിയമനിര്‍മാണം കൊണ്ടുവരാന്‍ ശ്രമിക്കുന്നതും ആ നീക്കം പരാജയപ്പെടുമ്പോള്‍ ഓര്‍ഡിനന്‍സിലൂടെ അടിച്ചേല്പിക്കുന്നതും ശുദ്ധ വര്‍ഗീയപ്രയോഗമാണ്. ഇതു മനസിലാക്കാനും തദനുസൃതമായി തന്ത്രങ്ങള്‍ മെനയാനും കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമൊക്കെ സാധിക്കുന്നുണ്ടോ എന്നതാണ് സൂക്ഷ്മമായി പരിശോധിക്കേണ്ടത്.
കോണ്‍ഗ്രസ് ഒളിച്ചുകളി തുടരുകയാണ്
ജനാധിപത്യത്തില്‍ വോട്ടെടുപ്പിന് വലിയ മൂല്യമുണ്ട്. ഒരു നിലപാടിനോട് എത്രപേര്‍ യോജിക്കുന്നു; എത്ര പേര് വിയോജിക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ് നയപരിപാടികള്‍ കൊള്ളുന്നതും തള്ളുന്നതും. എതിര്‍ക്കപ്പെടേണ്ട നിയമനിര്‍മാണമാണ് ഭരണകൂടം കൊണ്ടുവരുന്നതെങ്കില്‍ ശക്തമായി എതിര്‍ത്ത് വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് ജനായത്ത രീതി സാര്‍ത്ഥകമാകുന്നത്. വോട്ടെടുപ്പിന്റെ ഊഴം വരുമ്പോള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി തടി സലാമത്താക്കാന്‍ ശ്രമിക്കുന്ന ഏര്‍പ്പാട് അഴകൊഴമ്പന്‍ നയത്തിന്റെ ഭാഗമാണ്; കാപട്യത്തിന്റെ അംശം അതുള്വഹിക്കുന്നുണ്ട്.
മുത്തലാഖ് ബില്ലിനോട് ആത്മാര്‍ഥമായ എതിര്‍പ്പുണ്ടെങ്കില്‍ വോട്ടിനിട്ട് ആ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് ശരിയായ ജനാധിപത്യം. എന്നാല്‍ കോണ്‍ഗ്രസും മതേതരത്വം അവകാശപ്പെടുന്ന മറ്റു പല കക്ഷികളും ചെയ്തത് മുസ്ലിംകളുടെ കണ്ണില്‍ പൊടിയിടാന്‍ മുത്തലാഖ് ബില്ലിനെ എതിര്‍ക്കുകയും വോട്ടെടുപ്പിന്റെ സന്ദര്‍ഭം വന്നപ്പോള്‍ ഒഴിഞ്ഞുമാറുകയുമായിരുന്നു. ഇത്തരമൊരു ബില്ലിനെ എതിര്‍ത്താലുള്ള പ്രത്യാഘാതത്തെ ഇക്കൂട്ടര്‍ ഭയക്കുന്നുണ്ട് എന്ന് സാരം. ഈ ഇരട്ടത്താപ്പിന്റെ കപടപാത പിന്തുടര്‍ന്നതാണ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് സംഭവിച്ച ഗുരുതര വീഴ്ച. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വസമീപനത്തെ ചാണിനു ചാണ് പിന്‍പറ്റുന്ന രീതി വിട്ട് പാര്‍ട്ടിയുടെ അന്തസ്സും അസ്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍ജവമുള്ള നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ചരിത്രത്തിന്റെ കുഞ്ഞേടുകളില്‍ സ്വന്തം നാമം ആലേഖനം ചെയ്യാന്‍ സാധിക്കുമായിരുന്നില്ലേ? ഇടതുപക്ഷവും ആര്.എസ്.പിയും മുസ്ലിം ലീഗിലെ ഇ.ടി മുഹമ്മദ് ബഷീറും മാത്രമാണ് സഭയില്‍ തന്നെ ഇരുന്ന് വോട്ടെടുപ്പില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് കൂടി അതിനു തയാറായിരുന്നുവെങ്കില്‍ ബില്ലിനെതിരായ ശക്തമായ പ്രതിഷേധമായി അതിനെ മാറ്റിയെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ബില്‍ ആദ്യമായി സഭയില്‍ അവതരിപ്പിച്ചപ്പോഴും കോണ്‍ഗ്രസ് ഈ അഴകൊഴമ്പന്‍ നയം തന്നെയാണ് സ്വീകരിച്ചതെന്ന് ഓര്‍ക്കണം. മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്നതിന് എതിരെ നോട്ടീസ് നല്കാന് അംഗങ്ങള്‍ക്ക് സ്പീക്കര്‍ സുമിത്ര മഹാജന് അവസരം നല്‍കിയിട്ടും പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസ് ആ വഴിക്കൊന്നും ചിന്തിച്ചില്ല. ബില്ലിന്മേല് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതിക്ക് പരമാവധി കിട്ടിയത് നാല് വോട്ടാണെന്നോര്ക്കണം. പ്രതിപക്ഷം അല്പം ജാഗ്രവത്തായിരുന്നുവെങ്കില് 150ലേറെ അംഗങ്ങളെ ഏകോപിപ്പിച്ചുനിറുത്തി ഭരണകക്ഷിക്കെതിരായ വികാരം പ്രകടിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ഭേദഗതിയെ പരാജയപ്പെടുത്താന്‍ ഭരണപക്ഷത്ത് 240അംഗങ്ങള്‍ ഒന്നിച്ചണിനിരക്കുന്ന കാഴ്ചയും അന്ന് നാം കണ്ടു. മോഡിസര്‍ക്കാരിനെ പിന്തുണക്കുന്ന എ.ഐ.എ.ഡി.എം.കെയുടെ 37അംഗങ്ങളും ബിജുജനതാദളിലെ 20അംഗങ്ങളും ബില്ലിനെതിരായ നിലപാട് സ്വീകരിച്ച അനുകൂലാവസ്ഥ മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. 33മെമ്പര്‍മാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സഭയില്‍ പൂര്‍ണ നിസംഗത പാലിച്ചത് തങ്ങളുടെ രക്തത്തിലും കോണ്‍ഗ്രസ് കാപട്യ വൈറസുകള്‍ ഓടുന്നുണ്ട് എന്ന സൂചനയോടെയാണ്. ഹൈദരാബാദിലെ മജ്ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസിയും സി.പി.എം അംഗം എ. സമ്പത്തും മാത്രമാണ് ഭേദഗതി വോട്ടിനിടണമെന്ന് അന്നാവശ്യപ്പെട്ടത്. പത്ത് ഇടതുഅംഗങ്ങള് ഉണ്ടായിരുന്നിട്ടും സമ്പത്തിനു കിട്ടിയതോ നാല് വോട്ടും.
ചുരുക്കത്തില്‍ ഇത്തരം നിയമനിര്മാണങ്ങൡലൂടെ ലോകത്തിനു മുന്നില്‍ പരിഹസിക്കപ്പെടുന്നത് നമ്മുടെ ജനായത്ത ക്രമം തന്നെയാണ്. ജനാധിപത്യത്തിന്റെ പേരില്‍ ഇവിടെ അരങ്ങുതകര്‍ക്കുന്നത് വെള്ളം ചേര്‍ക്കാത്ത കാപട്യമല്ലേ? സ്വസമുദായത്തെ മനസു കൊണ്ട് മൂന്നും ചൊല്ലി എന്നോ വേര്‍പിരിഞ്ഞ നേതൃത്വത്തിനു പിന്നില്‍ അണിനിരക്കേണ്ടിവരുന്ന ഒരു സമൂഹത്തിന്റെ സഹതാപാര്‍ഹമായ അവസ്ഥക്കു മാറ്റം വരുത്താന്‍ ആര്‍ക്കാണ് സാധിക്കുക?
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login