അശുഭകരമായ ഒരു വിഷയം കൊണ്ട് ഈ അഭിമുഖം തുടങ്ങേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ മറ്റെന്തിനെക്കാളും ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു എന്നതിനാലാണ് ഞാനിത് ചോദിക്കുന്നത്. നമ്മുടെ സമൂഹം എത്രകണ്ട് സഹിഷ്ണുതാപരമാണ്? മുസ്ലിം പേരുണ്ടായതിന്റെ പേരില്‍ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന വര്, മതത്തിന്റെ പേരില്‍ കൂട്ടമാനംഭംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍, ജാതിയുടെ പേരില്‍ ജീവനോടെ കത്തിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍. നമുക്കെന്തു പറ്റിയതാണ്?
ഈ വിഷയത്തില്‍ നിങ്ങളൊരു ബാലന്‍സിംഗ് സെന്‍സ് പരിഗണിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു പ്രത്യേക വീക്ഷണകോണിലൂടെ ഈ വിഷയത്തെ നിരീക്ഷിച്ചാല്‍ അത് സാധ്യമാകും. നിങ്ങള്‍ പറഞ്ഞതൊക്കെ ഉള്ളതാണ്. ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, ഞാന്‍ വിശദമാക്കാം. നമ്മുടെ സ്വാതന്ത്ര്യസമരം ഇന്ത്യയെന്ന ആശയത്തെ പറ്റിയായിരുന്നു. ആ ആശയത്തിന്റെ സത്തയാകട്ടെ ഇവിടുത്തെ ബഹുസ്വരതയും.
നിങ്ങള്‍ എത്രകണ്ട് ആ ബഹുസ്വരതയെ ആഘോഷിക്കുന്നുവോ അത്രകണ്ട് രാജ്യവും മഹത്തരമാകും. നിങ്ങള്‍ എത്രകണ്ട് ഏകശിലാത്മകത നടപ്പിലാക്കുന്നുവോ അത്രമേല്‍ രാജ്യം അനൈക്യത്തിലാകും. ഇത് ചിരപുരാതനമായ ഒരു സംസ്കാരത്തിന്റെ യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ അഞ്ചോ അമ്പതോ വര്‍ഷത്തെ പറ്റിയല്ല, കുറഞ്ഞത് ഒരു അയ്യായിരം വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു സംസ്കാരത്തെയും അതിന്റെ സത്യത്തെയും പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത്.
പല സാമ്രാജ്യങ്ങള്‍ ഇന്ത്യയെ ഭരിച്ചപ്പോഴും ഇന്നീ കാണുന്ന ഇന്ത്യ യാഥാര്‍ത്ഥ്യമായിട്ടില്ല. കൊളോണിയല്‍ കാലത്തുമില്ല. അങ്ങനെ ഒരു രാഷ്ട്രീയ ഏകത ഇല്ലാതിരുന്നിട്ടും നമുക്കൊരു സംസ്കാരസ്വത്വം രൂപപ്പെടുത്താനായിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷം കൊണ്ട് രൂപപ്പെടുത്തപ്പെട്ട ആ സംസ്കാരം പക്ഷേ ഒരു പ്രകടന പത്രികയായി അവതരിപ്പിക്കപ്പെടുന്നതും അത് താത്വികമായി ഉയര്‍ത്തിക്കാണിക്കുന്നതും കോണ്‍ഗ്രസാണ്, സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍. പക്ഷേ, അന്ന് കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നില്ല എന്നത് മറക്കരുത്. സ്വാതന്ത്ര്യത്തിന് വേണ്ടി ദാഹിച്ചിരുന്ന നാനാതരം ആശയക്കാരെ ഉള്‍കൊള്ളുന്ന ഒരു ആല്‍മരം പോലെയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം വ്യത്യസ്ത ആശയങ്ങളെ പറ്റി സംവാദങ്ങളിലേര്‍പ്പെടാം എന്നായിരിക്കെ തന്നെ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ഇതര സംഘടനകളിലും ആശയധാരകളിലുമുള്ളവര്ക്ക് വന്നുചേരാനും പ്രവര്‍ത്തിക്കാനുമുള്ള ഇടം കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഉദാഹരണത്തിന് മുഹമ്മദലി ജിന്ന മുസ്ലിം ലീഗിലും കോണ്‍ഗ്രസിലും ഒരേസമയം അംഗമായിരുന്നു. മദന്മോഹന് മാളവ്യയും മറ്റും ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും അംഗങ്ങളായിരുന്നു. കൊളോണിയല്‍ ആധിപത്യം അവസാനിപ്പിക്കാന്‍ ഒത്തുചേര്‍ന്നവരായിരുന്നു അവര്‍. എങ്കിലും ഇന്ത്യ എങ്ങനെ ആയിത്തീരണം എന്നതിനെ പറ്റി ഗൗരവതരമായ ആലോചന കോണ്‍ഗ്രസിനകത്ത് രൂപപ്പെടുന്നുണ്ടായിരുന്നു.
പക്ഷേ ഒരു പ്രധാന വിഭാഗം മാറിനിന്നു. വി ഡി സവര്‍ക്കറുടെയും സംഘടനാപരമായി ഡോ. ഹെഡ്ഗെവാറിന്റെയും ഗോള്‍വാള്‍ക്കറിന്റെയും ധാരകളായിരുന്നു അവര്‍. സംഘപരിവാര്‍ എന്ന് നമ്മളിന്ന് വിളിക്കുന്ന അവര്‍ ഇന്ത്യയെന്ന മഹത്തായ, ബഹുസ്വരമായ നാനാത്വങ്ങളുടെ ആശയത്തെ നിരാകരിച്ചു.
വിഭജനത്തിന്റെ ഭയാനതകളെല്ലാം അനുഭവിച്ച ഇന്ത്യയിലെ പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ജനങ്ങള്‍ മുസ്ലിം പാകിസ്ഥാന് പകരം ഒരു ഹിന്ദു ഇന്ത്യ വേണമെന്ന് ആവശ്യപ്പെടുകയുണ്ടായില്ല. 1952ലെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരൊക്കെ വിഭജനത്തിന്റെ നേര്സാക്ഷികളായിരുന്നിട്ടുപോലും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയെന്ന സങ്കല്പത്തിന് വിപരീതമായി അവര്‍ ചിന്തിച്ചില്ല. ഇന്ത്യന്‍ നാഗരികതയുടെ ഒരു പ്രധാന ഉപവിഭാഗം ഹിന്ദു മതമാണെന്നിരിക്കെ തന്നെ എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും സമ്മേളിപ്പിച്ചുകൊണ്ടല്ലാതെ ആ സംസ്കാരം പൂര്‍ത്തീകരിക്കപ്പെടുകയില്ലെന്ന് കോണ്‍ഗ്രസിന് ബോധ്യമുണ്ടായിരുന്നു. പക്ഷേ സംഘപരിവാര്‍ ഹിന്ദുമതം മാത്രമാണ് ആധികാരിക സംസ്കൃതിയെന്ന് വാദിക്കുകയും മറ്റുള്ളവയോട് അസഹിഷ്ണുത പുലര്‍ത്തുകയും ചെയ്തു. എന്നിട്ടവര്‍ പുരാതന മതം എന്നര്‍ത്ഥം വരുന്ന സനാതന ധര്‍മം എന്നതിനെ വിളിച്ചുതുടങ്ങി. ഇവര്‍ ഒറ്റയ്ക്ക് അവകാശവാദമുന്നയിച്ച ഇന്‍ഡിക് സംസ്കാരമോ ഹിന്ദുസംസ്കാരമോ നോക്കൂ.അവരുടെ പേരുകള്‍ പോലും ഇന്ത്യനല്ല.
അടിസ്ഥാനപരമായി സ്വയം ഇന്ത്യക്കാരനെന്ന് സാക്ഷ്യപ്പെടുത്തിയ ഏതൊരാളും ഇന്ത്യക്കാരനാണ്. എന്നാല്‍ സംഘപരിവാറുകാര്‍, പറയും ഇന്ത്യ ഒരാള്‍ക്ക് പിതൃഭൂമിയും പുണ്യഭൂമിയും കൂടി ആവേണ്ടതുണ്ടെന്ന്. പ്രാര്‍ത്ഥനക്കായി മക്കയിലേക്ക് തിരിയുന്ന മുസ്ലിംകളെയും ആത്മീയകേന്ദ്രമായി റോമിനെ കാണുന്ന ക്രിസ്ത്യാനികളെയും ഇന്ത്യക്കാരല്ലാതാക്കാനുള്ള വഴിയാണവര്ക്കത്. ഈ രണ്ട് ആശയങ്ങളും തമ്മില്‍ സംവദിക്കപ്പെടുകയും നെഹ്റുവിന്റെ ദര്‍ശനം അതായത് അതിവിശാലമായ ഇന്ത്യാദര്ശനം വിജയിക്കുകയുമാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കാര്യങ്ങള്‍ മാറി. വളരെ ഇടുങ്ങിയ ഇന്ത്യാസങ്കല്പത്തിന്റെ വക്താക്കള്‍ അവര്‍ നേടിയെടുത്ത തിരഞ്ഞെടുപ്പ് വിജയത്തെ അടിസ്ഥാനപ്പെടുത്തി ഇന്ത്യക്കാരനാകുന്നതിന് പുതിയ മാനദണ്ഡങ്ങളുണ്ടാക്കുകയും രാജ്യത്തെ അധികം അപകടത്തിലേക്ക് തള്ളിവിടുകയും ചെയ്തു. എന്നാല്‍ അവര്‍ അധികാരത്തിലേറിയ അതേ ജനാധിപത്യസംവിധാനം അവരെ പുറത്താക്കുക തന്നെ ചെയ്യും. അസംബന്ധങ്ങളുടെ, അന്ധവിശ്വാസങ്ങളുടെ, നിരര്‍ത്ഥകതകളുടെ, അക്രമങ്ങളുടെ ഉപാസകരായ സംഘപരിവാര്‍ അധികാരത്തില്‍നിന്ന് പുറംതള്ളപ്പെടുമെന്നതില് എനിക്കുറപ്പുണ്ട്.
നിങ്ങള്‍ നേരത്തെ പറഞ്ഞതൊക്കെ ശരിയാണെന്നാലും വല്ലാതെ അസ്വസ്ഥനാകേണ്ടതില്ലെന്നാണ് എനിക്ക് പറയാനുള്ളത്. ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും.
പക്ഷേ, ന്യൂനപക്ഷങ്ങളുടെ അരക്ഷിതബോധത്തെ പറ്റിയാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഈ മണ്ണ് മതിയെന്ന് സ്വയം തിരഞ്ഞെടുത്ത പൗരന്മാരുടെ അരക്ഷിതബോധത്തെപ്പറ്റി.
അതെ, കടുത്ത അരക്ഷിതബോധം മുസ്ലിംകളെ ബാധിച്ചിട്ടുണ്ട്. അവരിവിടെ അതിഭീകരമായ ഒരു സാമൂഹിക സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. അതിന് കാരണം ഞാന്‍ നേരത്തെ പറഞ്ഞവരാണ്. ഹിന്ദുത്വത്തിന്റെ പ്രയോക്താക്കള്‍. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ നടക്കുന്ന അക്രമങ്ങളെയൊക്കെ അധികാരത്തിലുള്ള ഹിന്ദുത്വവാദികള്‍ പ്രോത്സാഹിപ്പിക്കുകയാണ്. അവര്‍ക്ക് മുസ്ലിംകള് ഇന്ത്യക്കാരല്ലല്ലോ. നിയമസാധ്യതകളെ ഗതികേടുകൊണ്ട് അംഗീകരിച്ചാലും ഉള്ളാലെ അങ്ങനെയല്ലല്ലോ. ന്യൂനപക്ഷവിരുദ്ധ അക്രമങ്ങളെ തടയുന്നതിന് പകരം അതാഘോഷിക്കുകയാണ് ഇവരുടെ ശീലം. യോഗി ആദിത്യനാഥിനെ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കിയതിലൂടെ അവര്‍ ചെയ്തത് അതല്ലേ? എന്നിട്ടയാളെ തിരഞ്ഞെടുപ്പ് കാമ്പയിനുകള്‍ക്ക് ആനയിക്കുകയാണ് വിഷം വിതയ്ക്കാന്‍. പക്ഷേ, യോഗി ചെല്ലുന്നിടത്തൊക്കെ അവര്‍ തോല്ക്കുന്നു എന്നതല്ലേ ഇപ്പോഴത്തെ കാഴ്ചകള്‍. അതാണ് ഞാന്‍ പറഞ്ഞത്, ഇന്ത്യ അതിജീവിക്കും.
പല കാരണങ്ങളാലും ഇന്ത്യയിലെ ഫാഷിസത്തിന് അതിന്റേതായ പ്രത്യേകതകളുണ്ട്. ക്ലാസിക്കല്‍ ഫാഷിസത്തിന്റെ അനവധി ലക്ഷണങ്ങളുണ്ടായിരിക്കെ തന്നെയാണിത്. രാഷ്ട്രീയമീമാംസാ പണ്ഡിതര്‍ക്കിടയില്‍ നടക്കുന്ന അതേ പറ്റിയുള്ള ചര്‍ച്ചകളും പ്രായോഗിക രാഷ്ട്രീയത്തിലെ അനുഭവങ്ങളും ഇന്ത്യയിലെ ഫാഷിസത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് പറഞ്ഞുതന്നേക്കും. അതായത് മണിശങ്കര്‍ അയ്യര്‍ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ‘നീഛെ ആദ്മി’ പ്രയോഗം നടത്തിയാല്‍ കോണ്‍ഗ്രസ് തിരുത്തുന്നു. ശശിതരൂര്‍ ‘ഹിന്ദു പാക്കിസ്ഥാന്’ എന്ന് പറയുമ്പോഴും കോണ്‍ഗ്രസ് നല്ലനടപ്പ് സൂചിപ്പിക്കും. അങ്ങ് കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ആന്‍ഡമാന്‍ നിക്കോബാര്‍ സന്ദര്ശനത്തിനിടയിലുമുണ്ടായിരുന്നല്ലോ വിവാദങ്ങള്‍. സെല്ലുലാര്‍ ജയിലിലെ സവര്‍ക്കറുടെ ഛായാചിത്രം മാറ്റുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലൊക്കെ ബഹളം ഉയര്‍ന്നപ്പോഴും പാര്‍ട്ടി കോംപ്രമൈസ് ചെയ്തു. ഇങ്ങനെ അത്യധികം ലഘൂകരിച്ച, അനുരഞ്ജനം ചെയ്യുന്ന രാഷ്ട്രീയമാണോ അതോ, അങ്ങ് ശീലിച്ച വളരെ തീവ്രമായ ആശയ പ്രതിരോധമാണോ ഇന്ത്യയില്‍ ഫാഷിസത്തിനെതിരെ ഒരു പ്രതിവ്യവഹാരം സാധ്യമാക്കുക?
ഞാനൊരു മതനിരപേക്ഷ മൗലികവാദിയാണ്. Confessions of a secular fundamentalist എന്ന ഒരു പുസ്തകം ഞാനെഴുതിയിട്ടുണ്ട്. ഞാനങ്ങനെ ആയതുകൊണ്ട് തന്നെ എന്റെ എഴുത്തിലും പ്രസംഗങ്ങളിലും എന്തിന് എന്റെ വിശ്വാസങ്ങളില്‍ വരെ നല്ല തീവ്രത കാണും. ഞാനതില്‍ അഭിമാനിക്കുന്ന ഒരാളാണ്. പക്ഷേ, രാഷ്ട്രീയത്തില്‍ കുറച്ചുകൂടി മിതത്വം വേണ്ടിവരും. എന്റെ പ്രകൃതത്തില്‍ പ്രാഥമികമായി വരുന്നത് പക്ഷേ, ആ മിതത്വം അല്ലതാനും. എങ്കിലും ഞാന്‍ നേരത്തെ പറഞ്ഞ ഇന്ത്യയെന്ന വിശാലമായ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ തീവ്രനിലപാടുകള്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും സുഖകരമായിരിക്കില്ല. എന്റെ ഉള്ളിന്റെയുള്ളില്‍ രാഷ്ട്രീയമായി ഒരു മിതത്വം അനിവാര്യമാണെന്ന ബോധ്യമെനിക്കുണ്ട്. നോക്കൂ, കോണ്‍ഗ്രസ് പാര്‍ട്ടി മൗലികമായി ഒരു മതനിരപേക്ഷ പാര്‍ട്ടിയാണ്(Fundamentally secular). എന്നാല്‍ മതനിരപേക്ഷ മൗലികവാദി(Secular Fundamentalist) ആകണമെന്നില്ല. എന്നാല്‍ കാവി രാഷ്ട്രീയം മൗലികമായി വര്‍ഗീയവാദികളാണ് താനും.
വര്‍ഗീയവാദികളെന്നു പറയുമ്പോള്‍ എന്റെ അഭിപ്രായത്തില്‍ ഒരു പ്രത്യേക ജനവിഭാഗങ്ങള്‍ക്കുവേണ്ടി നിലനില്ക്കുന്നു എന്നത് വര്‍ഗീയതയല്ല. ഇന്ത്യന്‍ യൂണിയന് മുസ് ലിം ലീഗ് ഒരുദാഹരണം. അവര്‍ മുസ്ലിംകള്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. പക്ഷേ അവര്‍ ഹിന്ദുക്കള്‍ക്കെതിരല്ല. എന്നാല്‍ സംഘപരിവാറോ. അവര്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നത് തന്നെ മുസ്ലിംകളെ എതിര്‍ക്കാനും അക്രമിക്കാനുമാണ്.
സെല്ലുലാര്‍ ജയിലിലെ സവര്‍ക്കര്‍ സംഭവത്തെപ്പറ്റി പറയാം. അന്ന് ഞാനാണ് സവര്‍ക്കറുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതും ചെയ്യിച്ചതും. ഇവിടെ ഡല്‍ഹിയില്‍ വലിയ പ്രശ്നമായി. പാര്‍ലമെന്റ് സ്തംഭിച്ചു. അഡ്വാനി വലിയ ബഹളമുണ്ടാക്കി. മാപ്പുപറയണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ ഞങ്ങളിരുന്ന് കുറച്ച് വാക്കുകളൊക്കെ കൂട്ടിവെച്ച് ഒരു പ്രസ്താവനയുണ്ടാക്കി. കോണ്‍ഗ്രസ് അന്ന് എന്നെ പൂര്‍ണമായി പിന്തുണച്ചു എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, യു പി എ ഭരണത്തിലിരുന്ന കാലത്തൊന്നും സവര്‍ക്കറുടെ പേരവിടെ വന്നില്ല. പിന്നീട് ബി ജെ പി വന്നപ്പോഴാണ് അത് നടന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് എന്നെ കൈവിട്ടു എന്നും ഞാന്‍ കരുതുന്നില്ല. ഈ സംഭവങ്ങളൊക്കെ വെച്ച് കോണ്‍ഗ്രസ് ഒരു ഹിന്ദു പാര്‍ട്ടിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് എല്ലാ ഇന്ത്യക്കാരുടെയും പാര്‍ട്ടിയാണ്. ആകെ ഇന്ത്യന്‍ ജനസംഖ്യയില്‍ 86 ശതമാനവും ഹിന്ദുക്കളാണ്. ഞങ്ങള്‍ ഹിന്ദു വിരുദ്ധരല്ല. മുസ്ലിം വിരുദ്ധരുമല്ല. ഞങ്ങളതുപോലെ ക്രിസ്ത്യന്‍ വിരുദ്ധരോ സിഖ് വിരുദ്ധരോ അല്ല. മതേരത്വം എന്നത് ഇതര വിശ്വാസങ്ങളെ അവര്‍ ചെയ്യുന്ന ആദരവിനെ വകവെച്ച് അനുവദിക്കലും ബഹുമാനിക്കലുമാണ്. അത് സഹവര്‍ത്തിത്വത്തിന്റെ സന്ദേശമാണ്. ഞാന്‍ പള്ളിയില്‍ പോകുമ്പോള്‍, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ക്കുള്ള ആത്മീയമായ അനുഭൂതി എനിക്കുണ്ടാകില്ല. പക്ഷേ നിങ്ങളുടെ ആത്മീയമായ വിശ്വാസത്തില്‍, അതിന്റെ ദൃഢതയില്‍ ഞാന്‍ തൃപ്തനായിരിക്കും.
നമ്മുടെ അധികാരകേന്ദ്രീകൃത രാഷ്ട്രീയത്തില്‍ എന്തുസംഭവിച്ചാലും നമുക്ക് സുരക്ഷിതമായ കുറച്ച് ഭരണഘടനാ സ്ഥാപനങ്ങളുണ്ടല്ലോ എന്ന ധൈര്യമുണ്ടായിരുന്നു. എന്നാല്‍ ഈ ഭരണകാലത്ത് നാം കണ്ടത് അവ ഓരോന്നും കൈയേറുന്നതോ തകിടം മറിക്കുന്നതോ ആണ്. ജുഡീഷ്യറി പോലും സംശയത്തിന്റെ, ദുരൂഹതകളുടെ, പക്ഷപാതിത്വങ്ങളുടെ നിഴലില്‍ വരുന്ന സ്ഥിതി എന്തുമാത്രം അരക്ഷിതമാണ്. ഇതെങ്ങനെ സംഭവിച്ചു. ഒരു ഗൂഢാലോചനയുണ്ടോ അതില്‍?
ഗൂഢാലോചനയൊന്നുമില്ല. ഇത് രണ്ട് വിരുദ്ധ ആശയങ്ങളുടെ പോരാട്ടമാണ്. നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം അതിഭീകരമാം വിധം തുരങ്കം വെക്കപ്പെട്ടിട്ടുണ്ട്. അത് മറച്ചുവെക്കാന്‍ അവര്‍ ഭരണഘടനാദിനം ആചരിക്കും. ഭരണഘടനയുടെ കാവലാളുകളാണവര് എന്ന് പറയും. പക്ഷേ അവരാരും തന്നെ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളായിരുന്നില്ല. മാത്രമല്ല, അവരുടെ ഔദ്യോഗിക നിലപാട് തന്നെ മനുസ്മൃതിയുള്ളപ്പോള്‍ പിന്നെ മറ്റൊരു ഭരണഘടന എന്തിന് എന്നായിരുന്നു. അപ്പോള്‍ പിന്നെ അവര്‍ക്ക് ഇത്രയൊക്കെയേ ഈ ഭരണഘടനയോട് പ്രതിബദ്ധത കാണൂ. രാഷ്ട്രത്തിന്റെ അഖണ്ഡത സംരക്ഷിക്കപ്പെടേണ്ട വിധത്തില്‍ ഓരോ ഭരണഘടനാസ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വബോധമാണ് ആവശ്യം. ഏത് നിയമം എങ്ങനെ ഉപയോഗിക്കണം എങ്ങനെ ഉപയോഗിച്ചുകൂടാ എന്ന് മനസ്സിലാക്കാന്‍ കഴിയണം. ഈ ഭരണഘടന ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും അധികാരമാണ്. ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്ന അതിന്റെ പ്രയോഗത്തില്‍ എല്ലാ ഇന്ത്യക്കാരും ഉള്പെടുമല്ലോ. അല്ലാതെ ഏക് സൗ തീസ് കറോര്‍ ഹിന്ദുസ്ഥാനി(നൂറ്റിമുപ്പത് കോടി ഇന്ത്യക്കാര്‍) എന്ന് പ്രസംഗിച്ചിട്ട് ഹാ, അതില്‍ നൂറ് കോടി കൊള്ളാം ബാക്കി മുപ്പത് കോടി ശരിയല്ല എന്ന് പറയുന്നത് എന്തുമാത്രം വലിയ കാപട്യമാണ്. ഈ കപടതയോടാണ് നാം പോരാടുന്നത്. എനിക്കുറപ്പുണ്ട് നമ്മളതില് വിജയിക്കുമെന്ന്. കാരണം നമുക്ക് ഇന്ത്യയും അതിന്റെ ചരിത്രവുമാണ് കൈമുതല്‍.
ഇനി മോഡിനോമിക്സിനെ പറ്റിയാണ് ചോദിക്കുന്നത്. ലോകത്ത് ഏതെങ്കിലുമൊരു രാഷ്ട്രത്തിന്റെ തലവന്‍ അവതരിപ്പിച്ച ഏറ്റവും വലിയ വിഡ്ഢിത്തമാണ് ഈ സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍. നോട്ടുനിരോധനം ഒരുഭീകര അഴിമതിയായിരുന്നു എന്നതിനെ പറ്റിയ സംശയമേയില്ല. നൂറിലധികം പേരാണ് ഇതുമൂലം മരണപ്പെട്ടത്. ലക്ഷക്കണക്കിന് തൊഴില്‍ നഷ്ടങ്ങളും ലക്ഷോപലക്ഷം സാമ്പത്തിക ബാധ്യതയുമുണ്ടായി. കോടിക്കണക്കിന് രൂപ നമ്മുടെ പൊതുഖജനാവില്‍നിന്ന് നഷ്ടം വന്നു. ഇതെല്ലാം മറച്ചുവെയ്ക്കാനായി അതിര്‍ത്തിയിലെ പട്ടാളക്കാരെ കടുത്ത അരക്ഷിതാവസ്ഥയിലേക്കും കലഹങ്ങളിലേക്കും തള്ളിവിടുകയും എന്നിട്ട് അത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്തു. ഈ സര്‍ക്കാര്‍ തിരക്കിട്ട് നടപ്പിലാക്കിയ ജി എസ് ടി ബില്‍ ആകട്ടെ നമ്മുടെ ഫെഡറല്‍ സംവിധാനത്തെ കുറെക്കൂടി കുടുസ്സാക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സാമ്പത്തിക രംഗം എവിടെ ചെന്ന് നില്‍ക്കുമെന്നാണ് കരുതുന്നത്?
സാമ്പത്തിക രംഗത്ത് ബി ജെ പി ഉണ്ടാക്കിയ ഈ അബദ്ധങ്ങള്‍ ഓര്‍ത്ത് എനിക്ക് നല്ല സന്തോഷമുണ്ട്. കാരണം ഇത് തന്നെയാണ് വരുന്ന ഏപ്രിലില്‍ അവരെ തോല്പിക്കാന് പോകുന്നതും. നമ്മുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ച സാമ്പത്തിക നീക്കങ്ങളാണ് ഇവര്‍ നടത്തിയത്. റിസര്‍വ് ബാങ്കിന്റെ കാര്യത്തിലൊക്കെ എന്തുമാത്രം അപകടകരമായ ചെയ്ത്താണവരുടെ ഭാഗത്തുനിന്നുണ്ടായത്. ജി എസ് ടിയുടെ കാര്യത്തിലും നോട്ടുനിരോധനത്തിന്റെ കാര്യത്തിലും കണ്ട കാഴ്ചകള്‍, കാര്‍ഷിക രംഗത്തെ പാടെ അവഗണിച്ചത്, വ്യവസായ രംഗത്തുണ്ടായ സ്തംഭനങ്ങള്‍, റാഫേല്‍ വിഷയത്തില്‍ എടുത്ത ആന്റി മേക്കിംഗ് തീരുമാനം എന്നിങ്ങനെ എല്ലാ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കുന്ന കാര്യം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പറ്റിയോ സാമ്പത്തിക രംഗത്തെ പറ്റി മൊത്തത്തില്‍ തന്നെയോ അറിയാത്ത ഒരു രാഷ്ട്രീയപാര്ട്ടിയാണിതെന്നാണ്. എന്തായാലും 2014ല്‍ തുടങ്ങിയ ഈ ദുരന്തം ഈ വര്‍ഷം അവസാനിക്കുകയാണെന്നോര്ത്ത് സമാധാനിക്കാം.
ഏറ്റവും കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്. പക്ഷേ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ഇത്ര വഷളായ കാലം വേറെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. നമ്മുടെ ചൈന, പാകിസ്ഥാന് അതിര്‍ത്തികളില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിത്തീര്‍ന്നു. ചേരിചേരാ നയത്തിന്റെയൊക്കെ ഭാഗമായി നമുക്കുണ്ടായിരുന്ന ഫലസ്തീന് നയമൊക്കെ മാറി നയതന്ത്ര ബന്ധങ്ങളുടെ കാര്യത്തില്‍ രാജ്യം എവിടെയാണ്?
ഒരുരാജ്യത്തിന്റെ വിദേശകാര്യമെന്ന് പറയുന്നത് ആ രാജ്യത്തിന്റെ ആഭ്യന്തര അഖണ്ഡതയുടെ പ്രതിഫലനമാണ്. കോണ്‍ഗ്രസ് ലോകത്തെ നോക്കിക്കാണുന്നതും ബി ജെ പി ലോകത്തെ നോക്കിക്കാണുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ടാകും.
കോണ്‍ഗ്രസ് കാലങ്ങളായി വിഭാവനം ചെയ്ത് നടപ്പിലാക്കിക്കൊണ്ടുവന്ന വിദേശനയങ്ങളെ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് കാറ്റില്‍ പറത്തുകയാണ് മോഡി ചെയ്തത്. അതിനിടക്ക് അടല്‍ ബിഹാരി വാജ്പേയിക്ക് വിദേശനയത്തിലൊക്കെ നല്ല സംഭാവന നല്കാന് കഴിഞ്ഞിട്ടുണ്ടായിരുന്നു. കാവി രാഷ്ട്രീയക്കാരില്‍ താരതമ്യേന മിതവാദികളായതിനാലാവാം അത്. എന്നാല്‍ ഇത്തവണ എല്ലാം തകിടം മറിഞ്ഞു.
പാകിസ്ഥാന് ബന്ധം ദുരന്തസമാനമായിരിക്കുകയാണ്. നേപ്പാളിനോടുള്ള സമീപനവും തഥൈവ. ബീഹാറില്‍ നിന്നും മറ്റും നേപ്പാളി പൗരന്മാരെ തിരഞ്ഞുപിടിച്ച് പുറത്താക്കുന്ന പണിയാണ് ബി ജെ പിക്കാര്‍ക്ക്. നേപ്പാള്‍ നമ്മുടെ ഒരു പരമ്പരാഗത സുഹൃത്തായിരുന്നുവെന്ന് ഓര്‍ക്കണം. ഇപ്പോള്‍ ചൈന നേപ്പാളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതാണ് കാണുന്നത്. ഇനി ചൈനയുടെ കാര്യത്തില്‍ നിറയെ ആശയക്കുഴപ്പങ്ങളാണ്. മോഡി ഇടയ്ക്കിടെ അവിടെ പോകുന്നു. ‘ഷി’യെ കാണുന്നു എന്നല്ലാതെ എന്തെങ്കിലും ഗുണമുണ്ടാകുന്നതായി അറിവില്ല. എങ്കിലും ദോഖ്ലാം നടപടികളിലൂടെ ചൈനയുടെ മുട്ടുവിറച്ച് തുടങ്ങുന്നു എന്ന് തോന്നിയിരുന്നു. പക്ഷേ അതും ഇന്തോ- ചൈനീസ് ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നത് ഒരു പ്രധാന വിഷയമാണ്.
ശ്രീലങ്കയുടെ കാര്യത്തില്‍ നമുക്ക് ഒരു പുരോഗതിയുമില്ല. തമിഴ് വിഷയം ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ഭൂട്ടാന് തീര്‍ത്തും അസന്തുഷ്ടരാണ്. ദോഖ്ലാം വിഷയം അവരെ കൂടുതല്‍ അതൃപ്തിയിലാക്കിയിരിക്കുന്നു. ഭൂട്ടാന് വാഗ്ദാനം ചെയ്ത പതിനായിരം മെഗാവാട്ട് വൈദ്യുതിയുടെ നിരക്കും കുറച്ചു. ബംഗ്ലാദേശിന്റെ കാര്യത്തില്‍ ശൈഖ് ഹസീനയോട് സൗഹൃദം നിലനിര്‍ത്താന്‍ ഇവര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെങ്കില്‍ കൂടി തീസ്ത പ്രശ്നം അടക്കം ഒന്നും പരിഹരിക്കപ്പെട്ടിട്ടില്ല. നാഷണല്‍ രജിസ്ട്രാര്‍ ഓഫ് സിറ്റിസണ്‍(NRC) പ്രകാരം പൗരന്മാരല്ലാതാകുന്ന ആളുകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഇന്ത്യന്‍ സര്‍ക്കാറും ഒരാളെപ്പോലും എടുക്കില്ലെന്ന് ബംഗ്ലാദേശും. ഇതാണ് സാഹചര്യം.
പക്ഷേ, മാലിദ്വീപില്‍ കുറച്ചെന്തെങ്കിലുമൊക്കെ നടന്നിട്ടുണ്ട്. അവിടെ ജനാധിപത്യം പുനസ്ഥാപിക്കാനും പാര്‍ലമെന്ററി സ്ഥാപനങ്ങള്‍ പുനസംഘടിപ്പിക്കാനും നമുക്ക് കഴിഞ്ഞു. പക്ഷേ, അതുകൊണ്ട് ഇന്ത്യക്ക് വലിയ കാര്യമൊന്നുമില്ല.
ഫലസ്തീന്റെ കാര്യത്തില്‍ ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ വ്യക്തിപരമായി യാസര്‍ അറഫാത്തിനോട് അപേക്ഷിച്ചിരുന്നു. ഇസ്രയേലുമായി നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍നിന്ന് നരസിംഹറാവുവിനെ പിന്തിരിപ്പിക്കാന്. അദ്ദേഹം അന്നെന്നോട് വെറുതെ ചിരിച്ചതേയുള്ളൂ. കാരണം അറഫാതും റാവുവും ആ വിഷയം നേരത്തെ ചര്‍ച്ച ചെയ്യുകയും ഇസ്രയേല്‍ നയതന്ത്രത്തിന് തയാറാവുകയും ചെയ്തിരുന്നു.
പക്ഷേ അപ്പോഴും ഫലസ്തീന് ജനതയോട് നാം നല്ല ബന്ധവും പിന്തുണയും പുലര്‍ത്തിയിരുന്നു. അറബ് ലോകത്തിന് പുറത്തുള്ള ആദ്യത്തെ ഫലസ്തീന് എംബസി ഇന്ത്യയിലായിരുന്നു. അന്ന് അത് സ്ഥാപിക്കാന്‍ നാമവരെ സഹായിച്ചു. എക്കാലവും ആ ഊഷ്മളബന്ധം ഫലസ്തീന് ജനതയോട് തുടര്‍ന്ന് പോന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് നോക്കൂ.
എല്ലാം നേരെ തിരിഞ്ഞു. നമ്മളിപ്പോള്‍ ഏതാണ്ട് ഇസ്രയേല്‍ ക്യാമ്പ് പോലെയുണ്ട്. ഫലസ്തീന് ജനതയോട് നാം ഈ ചെയ്തത് ഏറെ ദുഃഖകരമാണ്. അതുപോലെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് തുടക്കത്തില്‍ തോന്നിപ്പിച്ചിരുന്നെങ്കിലും ഒന്നും നടക്കുന്നില്ലെന്ന് ബോധ്യമായി. പ്രധാനമന്ത്രി എല്ലായിടത്തും ഒന്നും രണ്ടും വട്ടമൊക്കെ പോകുന്നുണ്ടെന്ന് മാത്രം. നമ്മുടെ പരമ്പരാഗത സുഹൃത്തായ റഷ്യന്‍ ഫെഡറേഷനുമായുള്ള ബന്ധം ദുര്‍ബലപ്പെട്ടിട്ടുണ്ട്. അമേരിക്കയുമായി എന്തെല്ലാമോ കാട്ടിക്കൂട്ടലുകളാണ്. റിപബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് ട്രംപിനെ ക്ഷണിച്ചപ്പോള്‍ ട്രംപ് അത് നിരസിച്ചത് കണ്ടില്ലേ? അല്ലെങ്കിലും എന്തിനാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടാമതും ഒരു യു എസ് പ്രസിഡന്റിനെ തന്നെ വിളിച്ചുവരുത്തുന്നത്. ഇലക്ഷന് പരിപാടികള്‍ കേമമാക്കാനല്ലാതെ മറ്റെന്തിന്? അതുകൊണ്ടാണ് ട്രംപ് പറഞ്ഞത്, നിങ്ങളുടെ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്പെടാവുന്ന ഒരു ടൂളല്ല ഞാന്‍ എന്ന്. ഇവര്‍ പറയുന്ന കാരണം, ദില്ലിയിലെ മലിനീകരണം പറ്റാത്തതുകൊണ്ടാണ് വരാതിരിക്കുന്നതെന്ന്.
ഇത് ഒരു പക്വമായ നയതന്ത്രമല്ല. അവിടെയും ഇവിടെയും പോകുന്നു. കാണുന്നവരെയൊക്കെ ആലിംഗനം ചെയ്യുന്നു. ഇതൊന്നുമല്ല നയതന്ത്രം. എന്തുമാത്രം നാണക്കേടാണ് ഇതുകൊണ്ടൊക്കെ ഉണ്ടാകുന്നത്. ഇതിപ്പോള്‍ ലോകനേതാക്കള്ക്കൊക്കെ മനസിലായിട്ടുണ്ട്, ഇയാള്‍ ഒരു താല്കാലിക പ്രധാനമന്ത്രിയാണെന്ന്.
എന്‍ ഡി എ സര്‍ക്കാര്‍ ക്രോണികാപിറ്റലിസത്തിന്റെ പ്രായോജകരും പ്രചാരകരുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. നിരന്തരം അവര്‍ പറയുന്നുണ്ട്. സത്യത്തില്‍ കോണ്‍ഗ്രസിന് ഒരു ബദല്‍ സാമ്പത്തിക പദ്ധതിയുണ്ടോ?
1991ല്‍ നമ്മളൊരു പുതിയ ഘട്ടം തുടങ്ങുകയായിരുന്നു. അന്നുമുതല്‍ 2014 വരെ കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോഴെല്ലാം രാജ്യത്തിന്റെ സാമ്പത്തിക രംഗം ഏറ്റവും മെച്ചപ്പെടാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് അങ്ങനെയുണ്ടായതാണ്. വ്യാവസായിക സേവന മേഖലകളില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായി. 2018ലെ ഇന്ത്യയല്ല 1991ന് മുമ്പത്തെ ഇന്ത്യ. അതിനിടക്ക് എത്രയോ മാറ്റങ്ങള്‍. വളര്‍ച്ചകള്‍. പക്ഷേ നൂറുകോടി ജനങ്ങള്‍ അപ്പോഴും പ്രതീക്ഷിച്ച വളര്ച്ചയിലേക്കെത്തിയിട്ടില്ല. മുന്നൂറ് ദശലക്ഷം ആളുകള്‍ക്കുണ്ടായി എന്ന് പറയപ്പെടുന്ന ഐശ്വര്യം വലിയ ഒരു വിഭാഗത്തെ ബാധിച്ചിട്ടില്ല. ഇത് വലിയ പ്രശ്നമായിരുന്നു. ഉയര്‍ന്ന വളര്‍ച്ചയുടെയും വിപ്ലവത്തിന്റെയും പ്രധാന ബുദ്ധികേന്ദ്രങ്ങളിലൊന്നായ പി ചിദംബരം പോലും ആ യാഥാര്‍ത്ഥ്യം മനസിലാക്കുകയും വരുമാനത്തിന്റെ കാര്യത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അസമത്വം കുറക്കുകയും ഇല്ലാതാക്കുകയും ചെയ്യണമെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. മന്മോഹന് സര്‍ക്കാറിന്റെ അടുത്ത ഘട്ടം തന്നെ അതായിരുന്നല്ലോ. എന്നുകരുതി മന്മോഹന് സിംഗിന്റെ കാലത്ത് പാവപ്പെട്ടവര്‍ക്കായി ഒന്നും ചെയ്തില്ല എന്നല്ല. ലോകത്ത് ഏറ്റവും മികച്ച ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞമാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഭക്ഷ്യസുരക്ഷാ ബില്‍, വിദ്യാഭ്യാസം അവകാശമാക്കിക്കൊണ്ടുള്ള ബില്‍ അങ്ങനെ കുറേ നല്ല പദ്ധതികളുണ്ടായിരുന്നു. പക്ഷേ കുറേക്കൂടി ശ്രദ്ധ വേണമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്. അതിന് പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്താനാകും. കോണ്‍ഗ്രസിന് അതിന്റെ വീക്ഷണ ശക്തിയുണ്ട്. കോണ്‍ഗ്രസിന് സാമ്പത്തിക പരാധീനതകള്‍ക്കുള്ള മറുപടിയും പരിഹാരവുമുണ്ട്.
കോണ്‍ഗ്രസിനെതിരെയുള്ള പ്രധാന വിമര്‍ശനം തന്നെ കോണ്‍ഗ്രസ് അതിന്റെ മതേതര ദര്‍ശനങ്ങളില്‍നിന്ന് പിന്നോട്ട് പോകുന്നു എന്നതാണ്. മതേതരത്വത്തെ പറ്റി പറയാന്‍ പാര്‍ട്ടിക്ക് ആത്മവിശ്വാസക്കുറവുള്ളതുപോലെ. ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പ് കാലത്ത് അങ്ങനെ ചില ആരോപണങ്ങള്‍ ശക്തിയായി ഉയര്‍ന്നുകേട്ടു. പക്ഷേ, തെലങ്കാനയിലെത്തുമ്പോള്‍ കാര്യം വ്യത്യസ്തമാണ്. അവിടെ അസ്ഹറുദ്ദീന് പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കപ്പെടുന്നു. പക്ഷേ, ഇനിയും തെക്കോട്ട് പോകുമ്പോള്‍ കേരളത്തില്‍ ശബരിമല വിഷയത്തിലൊക്കെ പാര്‍ട്ടി ആകെ ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു.
എന്നോട് ക്ഷമിക്കണം, ഞാനിക്കാര്യത്തില്‍ നിങ്ങളോട് വിയോജിക്കുന്നു. വര്‍ഗീയത എന്ന് പറയുന്നത് ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ താല്പര്യങ്ങളെ പരിഗണിക്കുന്നതല്ല. അതിന് വേണ്ടി മറ്റൊന്നിനെ വകവരുത്തുന്നതാണ്. ഇസ്ലാം വിരുദ്ധമായ, മുസ്ലിം വിരുദ്ധമായ ഒരു പ്രസ്താവനയും കൊണ്ട് ഒരു കോണ്‍ഗ്രസ് നേതാവിനെ നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ പറ്റുമോ? കോണ്‍ഗ്രസ് ഒരു ഹിന്ദു വിരുദ്ധ പാര്‍ട്ടിയല്ല. കോണ്‍ഗ്രസ് ഒരു മുസ്ലിം അനുകൂലവും ഹിന്ദു വിരുദ്ധവുമാണെന്ന് ബി ജെ പി തെറ്റിദ്ധരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ക്കും എതിരല്ല എന്ന് തെളിയിക്കുന്നതില്‍ എന്താണ് തെറ്റ്? മതേതരത്വം എന്നാല്‍ ഹിന്ദു വിരുദ്ധതയല്ലല്ലോ. അത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ ഒരു മതത്തോടും എതിരാകാതിരിക്കലാണ്. രാഹുല്‍ ഗാന്ധി ഹിന്ദു വോട്ടര്‍മാരുടെ ഹൃദയം കീഴടക്കുന്നത് കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധമല്ല എന്ന് തെളിയിക്കാനാണ്. അവിടെ മുസ്ലിം വിരുദ്ധത എന്താണ്. അതെങ്ങനെ മൃദുഹിന്ദുത്വമാകും. ഞങ്ങള്‍ മുസ്ലിംകള്ക്കും, ഹിന്ദുക്കള്‍ക്കും, സിഖുകാര്‍ക്കും നാസ്തികര്‍ക്കും അങ്ങനെ എല്ലാവര്ക്കും അനുകൂലമാണ്. പിന്നെ അശരണരായ ഒരു വിഭാഗത്തെ പ്രത്യേകം പിന്തുണക്കുകയും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നതും മതേതരത്വത്തിന്റെ ഭാഗം തന്നെയാണ്. മുസ്ലിംകളോട് അങ്ങനെയൊരു നയമുണ്ടെന്ന് കരുതി കോണ്‍ഗ്രസ് മറ്റുള്ളവര്ക്കെതിരാണെന്നും പറഞ്ഞുകൂടാ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വയം തകര്‍ക്കപ്പെട്ട മുസ്ലിംകള്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ജിന്നയും മുസ്ലിം ലീഗും ഇല്ലായിരുന്നെങ്കില്‍ മുസ്ലിംകള് ഇന്ത്യയില്‍ ഇത്ര ദുര്ബലമാവുമായിരുന്നില്ല. 1948ലെയും 1971ലെയും വിഭജനങ്ങളോടെ മുസ്ലിംകള് 20-20-20 കോടി ജനതയായി വിഭജിക്കപ്പെട്ടു. പ്രത്യേകിച്ചും ഇന്ത്യയിലെ മുസ്ലിംകള് നിരാലംബരെ പോലെയായി.
പലരും അസദുദ്ദീന്‍ ഉവൈസിയെ വര്‍ഗീയവാദിയെന്ന് വിളിക്കാറുണ്ട്. പക്ഷേ ഞാന്‍ പറയുന്നത് ഉവൈസി മുസ്ലിംകള്ക്ക് വേണ്ടി ശക്തമായി ശബ്ദിക്കുന്നതുകൊണ്ട് അയാള്‍ വര്ഗീയവാദിയാകുന്നതെങ്ങനെ? അയാളൊരു ഹിന്ദുവിരുദ്ധനല്ലല്ലോ.
പിന്നെ ഹിന്ദി ഹൃദയഭൂമിയിലെ കാര്യം. മധ്യപ്രദേശില്‍ 96 ശതമാനം ഹിന്ദുക്കളാണ് വോട്ടര്‍മാര്‍. അവിടെ എത്ര മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് ഹിന്ദുമതത്തെ കാണുന്നതും സംഘപരിവാര്‍ കാണുന്നതും ഒരേപോലെയാണെന്ന് ധരിച്ചുവെച്ചുള്ള സംസാരം തന്നെ അബദ്ധമാണ്.
കഴിഞ്ഞ ദിവസം ഒരു വിവാഹ സല്‍കാരത്തിനിടെ ഒരു മുസ്ലിം യുവതി എന്നോട് വന്ന് മുത്തലാഖ് പാസാക്കിയതില്‍ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞു. ഞാനാകെ അത്ഭുതപ്പെട്ടു. അപ്പോള്‍ അവര്‍ തുടര്‍ന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിങ്ങള്‍ ബി ജെ പിയെ മുത്തലാഖ് ചൊല്ലിയതാണ് പറഞ്ഞത് എന്ന്. ഞാന്‍ കുറെ നേരം ചിരിച്ചു.
2019നെ പറ്റിയുള്ള പ്രതീക്ഷകളെന്തൊക്കെയാണ്?
2014ല്‍ ബി ജെ പിയുടെ വോട്ട് വിഹിതം 31 ശതമാനവും കോണ്‍ഗ്രസിന്റേത് 19 ശതമാനവും ആയിരുന്നു. 12 ശതമാനത്തിന്റെ മാത്രം വ്യത്യാസം. സീറ്റുകളുടെ കാര്യത്തില്‍ വലിയ അന്തരമുണ്ടായിരുന്നു എന്നത് മറക്കുന്നില്ല. എങ്കിലും ആ പന്ത്രണ്ട് ശതമാനം കുറക്കാന്‍ ബി ജെ പിയുടെ നിലവിലുള്ള ആറ് ശതമാനം വോട്ടേ നേടേണ്ടതുള്ളൂ. അതില്‍ രണ്ട് ശതമാനം ഘര്‍വാപസി. ബി ജെ പിക്ക് വോട്ട് ചെയ്തവരെ തിരികെ കൊണ്ടുവരിക. രണ്ട് ശതമാനം ഭരണവിരുദ്ധ വികാരത്തിന്റെ വഴിക്ക്. രണ്ട് ശതമാനം സഖ്യങ്ങളിലൂടെയും. അതോടെ കാര്യങ്ങള്‍ എളുപ്പമാകും.
ദേശീയതലത്തില്‍ ഒരു പക്ഷേ ഒരു വലിയ സഖ്യം സാധ്യമല്ല എന്നുവരും. പക്ഷേ, സംസ്ഥാന തലങ്ങളില്‍ അത് സാധ്യമാകാനും ഇടയുണ്ട്. ബി ജെ പി വിരുദ്ധ സഖ്യങ്ങള്‍ പലയിടത്തും ഉണ്ടാക്കാം. ഉദാഹരണത്തിന് തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയമാണ് ശക്തി. പക്ഷേ അവര്‍ക്ക് ആന്ധ്രയില്‍ ഒരുസീറ്റുപോലും കിട്ടില്ല. ആന്ധ്രയിലെ തെലുഗുദേശ പാര്‍ട്ടിക്ക് ഒഡീഷയിലോ ഒഡീഷയിലെ നവീന്‍ പട്നായികിന് ബംഗാളില്‍ ജയിക്കാന്‍ പറ്റുമോ? ബംഗാളിലോ മമത ഏറെ ശക്തയാണ്. പക്ഷേ പുറത്ത് ശക്തിയില്ല. ബീഹാറിലെ ലാലുവോ നിതീഷോ ഡോണ്‍ നദിയുടെ ഇപ്പുറത്ത് ഒറ്റ സീറ്റിലും ജയിക്കില്ല. അതിനപ്പുറത്ത് മായാവതിയെയോ അഖിലേഷിനെയോ പരാജയപ്പെടുത്താനാകില്ല. എന്ന്കരുതി യു പിയിലെ ശക്തി മുഗള്‍ സാരായിയ്ക്കിപ്പുറം കാണുമോ അവര്‍ക്ക്? ഡല്‍ഹിയില്‍ എ എ പിയാണ് മുഖ്യകക്ഷി.
ഇപ്പറഞ്ഞ ആളുകളൊക്കെ ബി ജെ പി വിരുദ്ധരാണ്. അനിവാര്യമായ ഈ മാറ്റത്തിന് ഇവരെയെല്ലാം കൂട്ടുപിടിക്കണം. പ്രാദേശിക പാര്‍ട്ടികള്‍ എന്നല്ല ഇവയെ വിളിക്കേണ്ടത്. സംസ്ഥാന പാര്‍ട്ടികളെന്നാണ്. ഇവയില്‍ ഡി എം കെ, ടി ഡി പി, ബി ജെ ഡി എന്നിവ കോണ്‍ഗ്രസിന്റെ കൂടെയുണ്ടാകും. മമത കോണ്‍ഗ്രസിന്റെ കൂടെ നിന്നില്ലെങ്കിലും ബി ജെ പിക്ക് ഒപ്പം പോകില്ല. ബീഹാറില്‍ ശക്തമായ പ്രതിപക്ഷ സഖ്യമുണ്ട്. യു പിയില്‍ കോണ്‍ഗ്രസ് ഇല്ലാതെ തന്നെ അഖിലേഷ്- മായാവതി- ആര് എല്‍ ഡി സഖ്യം ബി ജെ പിക്ക് കനത്ത പ്രഹരം കൊടുക്കും. കഴിഞ്ഞ തവണ അപ്നാ ദളിന്റെ കൂടെ 80 ല്‍ 73ഉം ജയിച്ച ബി ജെ പിക്ക് ഇത്തവണ പത്ത് സീറ്റേ കിട്ടൂ. മോഡിയുടെ ഏറ്റവും വലിയ പരാജയം യു പിയിലായിരിക്കും. പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയം തുടരും. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തിസ്ഗഡിലും ഞങ്ങള്‍ ജയിച്ചുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഞങ്ങളും എന്‍ സി പിയും സഖ്യത്തിലാവുകയും ശിവസേനയും ബി ജെ പിയും പിണക്കം തുടരുകയും ചെയ്താല്‍ അവിടെയും ഏറെ സന്തോഷം ഉണ്ടാകും. കര്‍ണാടകയില്‍ സഖ്യം ശക്തമാണ്. കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുണ്ട് കൂടെ. കേരളത്തില്‍ ആര് ജയിച്ചാലും ദേശീയ രാഷ്ട്രീയത്തില്‍ ഗുണം നമുക്കാണ്.
പ്രധാനമന്ത്രി ആരാകുമെന്ന് ഞാന്‍ പറയുന്നില്ല. അത് കക്ഷികളുടെ സീറ്റ് നില അനുസരിച്ചിരിക്കും. ഒന്നുറപ്പാണ്, ഈ അതിഭയാനകമായ അഞ്ച് വര്‍ഷം അവസാനിക്കുന്നു. ഈ ‘പാഞ്ച് നീച് സാല്’ വിരാമമാകുന്നു. അതോടെ മോഡിയും ബുലേ ബിസറയില് ചേരും. കിഴവന്മാരുടെയും മറവിക്കാരുടെയും ഇടമാണ് ബുലേ ബിസറ. ഒരിക്കല്‍ മോഡിയോട് പാര്‍ലമെന്റില്‍ ചോദ്യമുന്നയിച്ചപ്പോള്‍ മോഡി എന്നെ പരിഹസിച്ചത് അങ്ങനെയായിരുന്നു. അതെ ഞാന്‍ 2016ല്‍ ചേര്‍ന്നു. മോഡിക്ക് 2019ല്‍ വന്നുചേരാം.
എന്‍ എസ് അബ്ദുല്‍ഹമീദ്
You must be logged in to post a comment Login