റോബിന്‍ ജെഫ്രി India’s Newspaper revolution എന്ന പുസ്തകത്തില്‍, ഇന്ത്യന്‍ മാധ്യമങ്ങളിലെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത് ന്യൂസ് റൂമുകളിലെ ദളിത് മുസ്ലിം മാധ്യമ പ്രവര്‍ത്തകരുടെ എണ്ണക്കുറവാണ്. ഈയൊരു പ്രശ്‌നം ഏറെക്കുറെ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോവുകയും, പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളിലും ദളിതര്‍ക്ക് ജോലി ലഭിക്കുക എളുപ്പമല്ലാതിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജനസംഖ്യയില്‍ വലിയൊരു പങ്കും ആദിവാസി ഗോത്ര വര്‍ഗ്ഗങ്ങളും ദളിതരുമാണ്, അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ എത്ര മുഖ്യധാരാ പത്ര മാധ്യമങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരുണ്ട്. ചത്തിസ്ഗഢില്‍ നടക്കുന്ന സൈനിക സംഘര്‍ഷത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ മുഖ്യധാരാ ടി വി ചാനലുകള്‍ സൈനിക മേധാവിമാരുടെ ബൈറ്റ് നല്‍കി വാര്‍ത്ത അവസാനിപ്പിക്കാറുണ്ട്. പക്ഷേ ഇത്തരം പ്രതിസന്ധികളെയൊക്കെ തങ്ങളുടെ ദുര്‍ബലമായ ചെറുത്തുനില്‍പ്പ് കൊണ്ട് മറികടക്കുന്ന ഛത്തിസ്ഗഢ്, ബസ്തര്‍ അടക്കമുള്ള നിരവധി പ്രദേശങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിക്കാന്‍ സാഹസപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് അമിത് ടോപ്‌നോ(Amit Topno)യുടെ വധവും അതില്‍ ആരോപിക്കപ്പെടുന്ന ദുരൂഹതകളും ചര്‍ച്ചയാകേണ്ടത്. The News Laundry ഓണ്‍ലൈന്‍ പോര്‍ട്ടല്‍, Why was Amit Topno killed എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പ്രസക്തി ഏറെയാണ്. 101 reporters.com ലെ മാധ്യമ പ്രവര്‍ത്തകനായ മന്‍മോഹന്‍ സിങ്ങാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. December 9 ന് തന്റെ കൂടെ ജോലി ചെയ്യുന്ന വീഡിയോ വളന്റിയേഴ്‌സിനൊപ്പം വാര്‍ത്ത ശേഖരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അമിത് ടോപ്‌നോ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. കമ്മ്യൂണിറ്റി മീഡിയ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ വളന്റിയിറിംഗിന് പുറമേ ജാര്‍ഖണ്ഡിലെ മറ്റ് ചില പത്രങ്ങള്‍ക്ക് വേണ്ടിയും അമിത് റിപ്പോര്‍ട്ടുകള്‍ സംഭാവന ചെയ്യാറുണ്ടായിരുന്നു. അമിത് ടോപ്‌നോയുടെ കൊലപാതകത്തില്‍ പൊലീസിന് വലുതായി തെളിവുകളൊന്നും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജാര്‍ഖണ്ഡിലെ കുന്തി ജില്ലക്കാരനായിരുന്നു അമിത്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരം PESA Act (1995), പ്രത്യേക അധികാരങ്ങള്‍ അനുവദിച്ചിട്ടുള്ള ഗോത്ര സമൂഹങ്ങളിലൊന്നാണ് കുന്തിയിലേത്. പക്ഷേ ഈ അധികാരങ്ങള്‍ നടപ്പില്‍ വരുന്നതില്‍ പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ടോപ്‌നോ തന്റെ ജനങ്ങളുടെ അവകാശ സമരങ്ങളില്‍ വ്യാപൃതനായിരുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു. അതുകൊണ്ടുതന്നെ ടോപ്‌നോയെ ഇല്ലാതാക്കുക എന്ന ആവശ്യവും മറ്റ് കക്ഷികള്‍ക്ക് അദ്ദേഹം ചെയ്തുകൊണ്ടിരുന്ന തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടായി. കഴിഞ്ഞ 8 വര്‍ഷത്തില്‍ കൂടുതലായി കുന്തി പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളും, അവരുടെ ആവശ്യങ്ങളും മുഖ്യധാരയിലേക്ക് ഉയര്‍ത്തിപ്പിടിക്കുക എന്ന സാഹസമായിരുന്നു ടോപ്‌നോ ചെയ്തിരുന്നത്. ടോപ്‌നോയുടെ ഇടപെടലുകളില്‍ ഏറ്റവും പ്രധാനമായി പരാമര്‍ശിക്കപ്പെടുന്നത് പതല്‍ഗഡി സമരമാണ്. ജനാധിപത്യ ഇന്ത്യക്ക് ആദിവാസി സമൂഹത്തോട് നീതി പുലര്‍ത്താന്‍ സാധ്യമല്ല എന്ന് നമുക്ക് കാണിച്ച് തന്ന സംഭവം. ഭരണഘടനയുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള അധികാരങ്ങളെ നടപ്പിലാക്കാന്‍ കഴിയാതെ, അവകാശപ്പെട്ട ഭൂമിയില്‍ പരമാധികാരം സ്ഥാപിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആദിവാസികള്‍ നടത്തിയ അവകാശ പോരാട്ടത്തെ പോലീസ് അക്രമാസക്തമായിട്ടാണ് നേരിട്ടത്. പതല്‍ഗഡി സമരത്തില്‍ മുന്നില്‍ നിന്ന യൂസഫ് പൂര്‍ത്തി അടക്കം 20 സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. കൊചാങ് കൂട്ട ബലാത്സംഗത്തിന്റെ പ്രതികളായി ഫ്രെയിം ചെയ്ത് കൊണ്ടാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഈയൊരു കെട്ടിച്ചമക്കലിന്റെ സത്യാവസ്ഥ ടോപ്‌നോ പരിശോധിക്കുകയുണ്ടായി. കൊചാങ് കേസില്‍ ജാര്‍ഖണ്ഡ് പോലീസിനടക്കമുള്ള പങ്കിനെ കുറിച്ച് മതിയായ തെളിവുകള്‍ ടോപ്‌നോ ശേഖരിച്ചു. കുന്തി ജില്ലയിലെ പതല്‍ഗഡി സമരവും ഭൂമി അവകാശവാദവുമൊക്കെ ജാര്‍ഖണ്ഡിലെ കുത്തക ഖനി മുതലാളിമാരുടെ ആവശ്യങ്ങള്‍ക്ക് തടയിടുമെന്നത് കൊണ്ടാണ് ഭരണകൂടം അടിച്ചമര്‍ത്തിയത് എന്ന് വൈകാതെ പുറത്ത് വന്നു. ടോപ്‌നോ ആദിവാസി സമൂഹത്തിന്റെ മാധ്യമ പ്രതിനിധിയാണ്. വളരെ ചുരുക്കം ടോപ്‌നോ മാരാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ പേരിനെങ്കിലും ഉള്ളത്. ഈ വിഷയം കൂടുതല്‍ ശക്തമായി ഉയര്‍ന്ന് വരേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വധത്തെ നിസ്സാരമായി കാണാന്‍ പോലീസിനെയും ഭരണകൂടത്തെയും മാധ്യമങ്ങള്‍ അനുവദിക്കരുത്.
നവോദയങ്ങള്‍ കെട്ടുപോവുന്നതെന്ത്?
രാജ്യത്തെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് അവസരങ്ങള്‍ നല്‍കുകയെന്ന പ്രധാന ഉദ്ദേശ്യത്തോട് കൂടിയാണ് രാജീവ് ഗാന്ധി ഭരണ കാലഘട്ടത്തില്‍ ജവഹര്‍ നവോദയ എന്ന വിദ്യാലയ സങ്കല്‍പ്പം രൂപീകരിക്കപ്പെടുന്നത്. ഇന്ത്യയിലെ ഓരോ ജില്ലയിലുമായി നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ജാതി മത ഭേദമന്യേ ഉന്നത വിദ്യാഭ്യാസം എന്ന അവകാശം നേടിയെടുക്കാനുള്ള സാധാരണക്കാരുടെ അവസരമായിരുന്നു അത്. നവോദയ വിദ്യാലയങ്ങള്‍ അത്തരമൊരു മാറ്റത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഡിസംബര്‍ 24ന് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം, നവോദയ വിദ്യാലയങ്ങളുടെ പ്രായോഗിക തലത്തിലുള്ള പുരോഗതിയെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും അധികാരികള്‍ ബോധവാന്മാരല്ല. 5 വര്‍ഷത്തിനിടെ നവോദയ വിദ്യാലയങ്ങളില്‍ 49 ആത്മഹത്യകള്‍ നടന്നു, അതില്‍ ഭൂരിഭാഗവും ദളിത് ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളാണ്. ഇത്തരമൊരു വാര്‍ത്ത വളരെ അസ്വാഭാവികതകള്‍ നിറഞ്ഞതാണ്. സാമൂഹികമായും സാമ്പത്തികമായും അസമത്വങ്ങള്‍ നേരിടുന്ന, അരികുവത്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്ക് ലഭിക്കുന്ന ഒരു കിനിച്ചില്‍ സൗകര്യം(trickle down) മാത്രമാണ് വിദ്യാഭ്യാസ സംവരണങ്ങള്‍. നവോദയ വിദ്യാലയങ്ങള്‍ ദളിത് ആദിവാസി സമൂഹത്തിനനുവദിച്ചിട്ടുള്ള സംവരണങ്ങള്‍ വലിയ രീതിയിലുള്ള സാമൂഹിക മുന്നേറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവോദയ വിദ്യാലയങ്ങള്‍ തങ്ങളുടെ വിദ്യാഭ്യാസ നയങ്ങള്‍ പുനഃ പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിദ്യാലയങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പങ്ക് വെച്ച അധികൃതരൊന്നും പേരും, വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ലക്‌നൗ, ഹൈദരാബാദ്, ഭോപാല്‍, ചണ്ഡീഗഢ്, പൂനെ, ഷിലോങ്ങ്, പാറ്റ്‌ന, ജയ്പൂര്‍ എന്നീ ജില്ലകളിലെ കണക്കുകള്‍ പ്രകാരം 2017 വരെ 49 ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. ഒരു വര്‍ഷം, ലക്ഷം കുട്ടികളില്‍ 6 പേര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രശ്‌നത്തിന്റെ മറ്റൊരു സങ്കീര്‍ണത ഇത് കുട്ടികളിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളാണ്. വിദ്യാലയങ്ങള്‍ക്കകത്ത് ഹോസ്റ്റല്‍ റൂമുകളില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ മറ്റ് സഹപാഠികളിലുണ്ടാക്കുന്ന അരക്ഷിത ബോധം ചെറുതല്ല. ആത്മഹത്യയുടെ കാരണങ്ങളായി ആരോപിക്കപ്പെടുന്നത് കുടുംബ പ്രശ്‌നങ്ങളും, വിദ്യാലയങ്ങളിലുള്ള മാനസികവും ശാരീരികവുമായ ശിക്ഷാ നടപടികളുമാണ്. നവോദയ വിദ്യാലയങ്ങളിലെ അധ്യാപകര്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ്. എന്നാല്‍, കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം നല്‍കിയത് കൊണ്ട് നവോദയ എന്ന വിദ്യാഭ്യാസ സങ്കല്‍പ്പം പൂര്‍ത്തിയാവുന്നില്ല. സാമൂഹിക വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ നിന്നും വരുന്ന കുട്ടികളുടെ മാനസികാരോഗ്യം കണക്കിലെടുത്തുള്ളതാവണം പാഠ്യ പദ്ധതികള്‍. തങ്ങളുടെ ശിഥിലമായ സാമൂഹിക പരിസരങ്ങളോട് പോരാടാനും, മികച്ച ജീവിത നിലവാരം കൈവരിക്കാനും വിദ്യാര്‍ത്ഥികളെ എത്രത്തോളം പരിപോഷിപ്പിക്കുന്നുണ്ട് എന്നതാണ് ചോദ്യം. ഇതല്ലാത്ത പക്ഷം എന്തിനാണോ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് അതിന് വിരുദ്ധമായ പരിണിത ഫലമായിരിക്കും ഉണ്ടാവുക.
ചോര്‍ത്തിത്തരുന്നവരെ കാണുക
രാജ്യത്ത് നടന്ന ഏറ്റവും നിഗൂഢമായ വിദ്യാഭ്യാസ അഴിമതിയുടെ കഥയാണ് ‘വ്യാപം’ (വ്യാവസായിക് പരീക്ഷാ മണ്ഡക്) മധ്യ പ്രദേശ് സര്‍ക്കാരിന്റെ മെഡിക്കല്‍, ഗവണ്‍മെന്റ് ജോലികളിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ നടന്ന നിയമ ലംഘനങ്ങളുടെ കഥ. 1995 മുതല്‍ കണക്കുകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും, 2000 ത്തിലാണ് കേസിന് എഫ് ഐ ആര്‍ തയാറാക്കുന്നത്. 2018 ലും കേസില്‍ കാര്യമായ പുരോഗതിയൊന്നും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുള്ള നിരവധി പേരുകള്‍ വ്യാപം അഴിമതിയുടെ നിഴലിലുണ്ട്. കേസിലെ മറ്റൊരു പ്രധാന പ്രശ്‌നം, മാധ്യമങ്ങള്‍ക്കും അധികാരികള്‍ക്കും വിവരങ്ങള്‍ കൈമാറിയ whistle blowers ന്റെ ജീവനുള്ള ഭീഷണിയാണ്. അഴിമതിയാരോപിച്ച് 8 പേര്‍ക്കെതിരെ പരാതി നല്‍കിയ (ഇതില്‍ Shivraj Singh ന്റെ ബന്ധുവും ഉള്‍പ്പെടും) ആശിഷ് ചതുര്‍വേദിയുടെ ജീവന്‍ ഇന്നും അപകടത്തിലാണ്. ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന ചതുര്‍വേദിയെ കുറിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റമശഹ്യഛ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. രാജ്യത്ത് അഴിമതികള്‍ വെളിപ്പെടുത്താനും അതിനെതിരെ പോരാടാനും തയാറായ ഒരു സാധാരണ പൗരന്റെ നിസ്സഹായതയാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ചതുര്‍വേദി നരേന്ദ്ര മോഡിക്കും മോഹന്‍ ഭഗവതിനുമൊക്കെ നിരന്തരമായി അയച്ച കത്തുകള്‍ക്കൊന്നും അദ്ദേഹത്തിന് മറുപടി ലഭിച്ചിട്ടില്ല. മാത്രമല്ല ഗ്വാളിയോറിലെ പ്രാദേശിക ആര്‍ എസ് എസ് പ്രവര്‍ത്തകരില്‍ നിന്നും ശാരീരികമായ അക്രമങ്ങള്‍ നേരിടുകയും ചെയ്തു. താന്‍ സ്വായത്തമാക്കിയ ആര്‍ എസ് എസ് ആദര്‍ശങ്ങളില്‍ അഴിമതി തെറ്റാണെന്നും തുടര്‍ന്ന് പോരാടുമെന്നുമാണ് ചതുര്‍വേദിയുടെ വാദം.
പക്ഷേ മറുവശത്ത് അതിനെ സംരക്ഷിക്കാന്‍ ചതുര്‍വേദിയുടെ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നവര്‍ തന്നെയാണ് ശ്രമിക്കുന്നത്. മധ്യപ്രദേശിലെ ഭരണ മാറ്റവും, പുതിയ സര്‍ക്കാര്‍ അഴിമതികളെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. വ്യാപം അഴിമതിയില്‍ ബി ജെ പിയെ പഴിചാരുമ്പോഴും, ചില കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കുള്ള പങ്കും വെളിപ്പെട്ടതാണ്. ംവശേെഹല യഹീംലൃ െനെ തേടിപ്പോകാനും, വാര്‍ത്തകളെ കുത്തിത്തുറക്കാനുമുള്ള ആര്‍ജ്ജവം മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരിക്കണം.
ദ പ്രിന്റ്: കാലുഴിയുന്നു
The Print ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മാധ്യമ പ്രവര്‍ത്തക ജ്യോതി മല്‍ഹോത്ര ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൗലികമായ വ്യത്യാസങ്ങള്‍ ചൂണ്ടികാണിച്ചു കൊണ്ടോരു റിപ്പോര്‍ട്ട് തയാറാക്കി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമൂഹ മാധ്യമങ്ങളില്‍ രാജ്യത്തെ എല്ലാ ക്രിസ്തുമത വിശ്വാസികള്‍ക്കും ക്രിസ്ത്മസ് ദിനാശംസകള്‍ നേര്‍ന്ന് കൊണ്ടൊരു പോസ്റ്റ് ഇടുകയുണ്ടായി. The Print ന്റെ റിപ്പോര്‍ട്ടില്‍ ഇമ്രാന്‍ ഖാന്റെ ഇത്തരമൊരു ‘സങ്കുചിത മനോഭാവത്തെ’ ജ്യോതി മല്‍ഹോത്ര ‘വിശദമായി പരിശോധിക്കുകയാണ്.’ ഇമ്രാന്‍ ഖാന്‍ ലോകത്ത് വ്യത്യസ്തരായ എല്ലാ മതക്കാരും ക്രിസ്ത്മസ് ആഘോഷിക്കും എന്ന ലോക വിവരം ഇല്ലാത്തയാളാണെന്ന അധിക്ഷേപാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഇവിടെ വളരെ രസകരമായി തോന്നുന്ന കാര്യം എന്തെന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമാണ് ആശംസകള്‍ നേര്‍ന്നത്. അതുകൊണ്ട് മോഡി ഇമ്രാനെക്കാള്‍ മെച്ചപ്പെട്ടതാണെന്ന ജ്യോതിയുടെ നിരീക്ഷണമാണ്. രാജ്യത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങളും, ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ അതില്‍ തന്നെ, ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ഉത്തരേന്ത്യയില്‍ വ്യാപകമായി നടന്ന അക്രമങ്ങളും ജ്യോതിയെ ആശങ്കപ്പെടുത്തി കാണില്ല. പാകിസ്ഥാന്‍ ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണെന്നുള്ളത് കൊണ്ട് അതിനൊരിക്കലും ബഹുസ്വരതയെ കുറിച്ച് സംസാരിക്കാനുള്ള അര്‍ഹതയില്ല എന്നൊക്കെയുള്ള എഴുത്തുകളുടെയൊക്കെ രാഷ്ട്രീയം എന്താണ്? ഇമ്രാന്‍ ഖാന്റെ ഭരണത്തിലും, നയങ്ങളിലുമുള്ള പോരായ്മകളെ യുക്തിപരമായി വിമര്‍ശിക്കാവുന്നതാണ്. റിപ്പോര്‍ട്ടിന്റെ അവസാനം സിഖ് മതത്തിന്റെ വിശ്വാസ അവകാശങ്ങളോട് ബഹുമാനം പുലര്‍ത്തികൊണ്ട്, അവരുടെ വിശുദ്ധ സ്ഥലമായ കര്‍ത്തര്‍പുര്‍ മുസ്‌ലിംകള്‍ക്ക് മദീന പോലെ വിശുദ്ധമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതിനെയും വിമര്‍ശിക്കുന്നു. ഒരു ബഹുസ്വര രാഷ്ട്രമല്ലെങ്കില്‍ ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കഴിയുകയില്ല എന്ന തരത്തിലാണ് എഴുത്ത്. മാധ്യമ പ്രവര്‍ത്തനത്തെ തന്റെ താല്‍പര്യങ്ങളും, രാഷ്ട്രീയവും സംവദിക്കാനുള്ള ഇടമാക്കി മാറ്റരുത്. മറിച്ച് ആരോപണങ്ങള്‍ മാറ്റി നിര്‍ത്തി, വസ്തുതകളെ കൃത്യമായി അന്വേഷിച്ചുള്ള വിമര്‍ശനങ്ങള്‍ ആയിരിക്കണം നടത്തേണ്ടത്.
ഇന്ത്യന്‍ മാധ്യമങ്ങളില്‍ jingositic (തീവ്ര ദേശീയ വാദം) പ്രവണതകള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഇത്തരം വാര്‍ത്തകള്‍. ‘ശത്രു’ രാജ്യത്തെ കുറിച്ച് വാര്‍ത്താ പ്രാധാന്യം ഇല്ലാത്ത സംഭവങ്ങളെ ഊതി വീര്‍പ്പിച്ച് വാര്‍ത്തകളുണ്ടാക്കുന്നതില്‍ യുക്തിയെക്കാളും അജണ്ടകള്‍ക്കാണ് മുന്‍ഗണന എന്ന് പറയേണ്ടതില്ലല്ലോ.
The Print ഇന്ത്യയിലെ അടുത്ത തലമുറയിലെ ചിന്തകര്‍ (Intellectuals) എന്ന പേരില്‍ 2018 അവസാനിക്കാനിരിക്കെ ഒരു പട്ടിക പ്രസിദ്ധീകരിക്കുകയുണ്ടായി. പട്ടികയില്‍ ആദ്യത്തെയാള്‍ 81 കാരനായ ആശിഷ് നന്ദയാണ്. രാമചന്ദ്ര ഗുഹ അടങ്ങിയ നിരവധി ചരിത്ര ശാസ്ത്ര സാമൂഹിക പ്രഗത്ഭരുടെ പട്ടികയാണിത്. എന്നാല്‍ Print ന്റെ തിരഞ്ഞെടുപ്പുകളില്‍ നിശ്ചിത താല്‍പര്യങ്ങളുണ്ടായിരുന്നു. പട്ടിക പുറത്തു വിട്ടതിന് ശേഷമുയര്‍ന്ന പ്രധാന വിമര്‍ശനം അതിലെ ലിംഗ സമത്വ പ്രശ്‌നങ്ങളാണ്. ഗുര്‍മെഹര്‍ ഖൗര്‍ (Small acts of freedom രചയിതാവ് / സാമൂഹ്യ പ്രവര്‍ത്തക) ഒഴിച്ച് മറ്റൊരു സ്ത്രീയും 50 ഓളം പേരുകളുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതിനെതിരെ പ്രതിഷേധം രേഖപെടുത്തിയവരോട് ഠവല ജൃശി േസമൂഹ മാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെയാണ്, ഞങ്ങള്‍ ഒരുപാട് സ്ത്രീകളെ സമീപിച്ചെങ്കിലും പേരുള്‍പെടുത്താന്‍ അവര്‍ വിസ്സമ്മതിച്ചു. പക്ഷേ, പുരുഷന്മാരില്‍ നിന്നും അതുണ്ടായില്ല. വളരെ നിസ്സംഗമായി നല്‍കിയ ഇത്തരമൊരു മറുപടി കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയാണ്. അതോടൊപ്പം തന്നെ Bibek Debroy അടക്കമുള്ളവര്‍ ആഭിമുഖ്യം പുലര്‍ത്തുന്ന രാഷ്ട്രീയവും, അവര്‍ വിഭാവനം ചെയുന്ന സാമ്പത്തിക നയങ്ങളും ഇന്ത്യയുടെ ഉപരിവര്‍ഗത്തിന് വേണ്ടിയുള്ളതാണ്. പുതു തലമുറയുടെ ഇന്ത്യയെ സ്വാധീനിക്കുന്ന ചിന്തകരില്‍ ആദിവാസി ദളിത് മുസ്ലിം, മറ്റ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരുമുണ്ട് എന്നാല്‍ ജൃശി േന്റെ കാഴ്ച്ചപ്പാടില്‍, മത ജാതി സാമൂഹിക തലത്തെ കൂടി പരിഗണിച്ചേ വ്യക്തികള്‍ സ്വാധീനിക്കാന്‍ എത്രത്തോളം ‘ഉത്തമാരാണ്’ എന്ന് പറയാനാവൂ. Print ഇത്തരമൊരു പട്ടിക പുറത്ത് വിട്ടതിന് ശേഷം News Laundry ഇന്ത്യന്‍ മാധ്യമങ്ങളില്‍ കണ്ടുവരുന്ന സവര്‍ണ്ണ ഭ്രമത്തെ പരിഹസിച്ചു കൊണ്ട് ഹാസ്യാത്മകമായ കുറിപ്പ് തയാറാക്കുകയുണ്ടായി. ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2018 അവസാനിക്കുമ്പോള്‍ ഭാവി ഇന്ത്യയെ സ്വാധീനിക്കുന്നത് രാമചന്ദ്ര ഗുഹയെ പോലുള്ളവര്‍ മാത്രമാണെന്ന ധാരണ മൗഢ്യമാണ്. ഗുഹയുടെ എഴുത്തുകള്‍ പരമ്പരാഗതമായ ഗാന്ധിയന്‍ ചിന്തകളെ നിരന്തരമായി അവര്‍ത്തിക്കുകയെന്നല്ലാതെ മറ്റൊന്നുമല്ല. ഇന്ന് ഇന്ത്യന്‍ യുവത്വം കാഞ്ച ഇളയ്യയെ പോലുള്ളവരെയാണ് വായിക്കുന്നതെന്ന കാര്യം വിസ്മരിക്കപ്പെടുന്നു. Print പ്രസിദ്ധീകരിച്ചു എന്ന കാരണം കൊണ്ട് ഇന്ത്യയുടെ സാമൂഹിക ഭാവി അങ്ങനെയായിക്കൊള്ളണമെന്നില്ല, പക്ഷേ ഓണ്‍ലൈന്‍ ഇടങ്ങളില്‍ തങ്ങളുടേതായ സ്ഥാനം നേടിക്കൊണ്ട് വളര്‍ന്നു വരുന്ന മുതിര്‍ന്ന പത്ര പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് The Print പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ Print നടത്തുന്ന എഡിറ്റോറിയല്‍ തീരുമാനങ്ങള്‍ പൊതു മണ്ഡലങ്ങളില്‍ വിമര്‍ശിക്കപ്പെടേണ്ടതുണ്ട്.
നബീല പാനിയത്ത്
You must be logged in to post a comment Login