ഒടുങ്ങാത്ത രാഷ്ട്രീയ പിത്തലാട്ടങ്ങളുടെ അരങ്ങായി മാറിയ ഇന്ത്യന്‍ രാഷ്ട്രീയവേദി ആത്മവഞ്ചനകളുടെയും കാപട്യത്തിന്റെയും കൂത്തരങ്ങാണെന്ന് തെളിയിക്കുന്നതാണ് സവര്‍ണ, അധീശത്വവര്‍ഗത്തെ സന്തോഷിപ്പിക്കാന്‍ നരേന്ദ്രമോഡി ഭരണകൂടം കൊണ്ടുവന്ന സാമ്പത്തിക സംവരണം എന്ന സൂത്രവാക്യവും ആ കെണിവെപ്പില്‍ സ്വമേധയാ എടുത്തുചാടിയ പ്രതിപക്ഷത്തിന്റെ ഭോഷത്തരങ്ങളും. ജനകീയ അപ്രിയതയുടെ നിലയില്ലാ കയത്തില്‍ പിടിച്ചുനില്ക്കാന് പുല്‍ക്കൊടി തേടുന്ന ബി.ജെ.പി സര്‍ക്കാര്‍ ആര്.എസ്.എസിന്റെ ഇംഗിതങ്ങള്‍ക്കൊത്ത് ചുട്ടെടുത്തതാണ് മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം. ഇത് നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതി ബില്‍ എത്ര പെട്ടെന്നാണ് ലോക്സഭയില്‍ ചൂട്ടെടുത്തത്!. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍, സവര്ണതാല്പര്യങ്ങള്ക്കെതിരെ ഉരിയാടിയാല്‍ അവരുടെ രോഷം അശനിപാതമായി വന്നുപതിക്കുമെന്ന് പേടിച്ച് കൈകൊണ്ട ആത്മവഞ്ചനാപരമായ നയം, ഭരണഘടനാതത്വങ്ങളെ തള്ളിപ്പറയാനും പട്ടികജാതി, പട്ടിക വര്‍ഗങ്ങളോടും മറ്റു പിന്നോക്ക വിഭാഗങ്ങളോടും കൊടും ക്രൂരത കാട്ടാന്‍ ധൈര്യപ്പെട്ടു എന്നത് ഒരു പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് വന്‍പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാം. ജനുവരി എട്ടിനു ഉച്ചയോടെ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ കൂടുതല്‍ ചര്‍ച്ചക്കൊന്നും അവസരം നല്‍കാതെ രാത്രി പത്തുമണിയോടെ പാസാക്കിയെടുത്തപ്പോള്‍, പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള അന്തരം അലിഞ്ഞില്ലാതായി എന്നതില്‍നിന്ന് തന്നെ ‘സവര്‍ണരുടെ ദുസ്സ്വാധീനം’ നമ്മുടെ രാഷ്ട്രീയപാര്ട്ടികളുടെമേല് എത്രമാത്രമാണെന്ന് മനസ്സിലാക്കാം. ബില്ലിനെതിരെ പത്തരമാറ്റുള്ള സെക്കുലര്‍ പാര്‍ട്ടികള്‍ പോലും മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ വാചോടാപം നടത്തിയതല്ലാതെ, ആത്മാര്‍ഥമായി എതിര്‍ത്തില്ല എന്നതിന്റെ തെളിവാണ് 124ാം ഭരണഘടന ഭേദഗതി ബില്ലിന് 323വോട്ട് അനുകൂലമായും മൂന്നുവോട്ട് മാത്രം എതിരായും വീണത്. മുന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണത്തിന് അനുമതി നല്കുന്ന ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യുന്ന ബില്ലിനെ ഏതാണ്ടെല്ലാ പാര്‍ട്ടികളും പിന്തുണച്ചു എന്നത് ദേശീയരാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമായിട്ടായിരിക്കും ചരിത്രം അടയാളപ്പെടുത്തുക. അവര്ണരാഷ്ട്രീയത്തിന്റെ വക്താക്കളായ അണ്ണാ ഡി.എം.കെ സഭയില്‍നിന്ന് ഇറങ്ങിപ്പോയപ്പോള്‍ ബില്ലിനെ എതിര്‍ക്കാനുണ്ടായിരുന്നത് മുസ്ലിം ലീഗിന്റെ രണ്ടംഗങ്ങളും മജ്ലിസിന്റെ അസദുദ്ദീന്‍ ഉവൈസിയും മാത്രം. എല്ലാറ്റിനുമൊടുവില്‍, സവര്‍ണ സംവരണത്തിന് എതിരെ നില്‍ക്കുന്നത് മൂന്ന് മുസ്ലിംകള് മാത്രം എന്ന ദുരന്തത്തിനും രാജ്യം സാക്ഷിയായി. ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിച്ച കെ.വി തോമസ്, സാമ്പത്തിക സംവരണത്തിന്റെ ദിശയില്‍ കോണ്‍ഗ്രസ് മുമ്പ് നടത്തിയ ശ്രമങ്ങളെ അനുസ്മരിച്ച് ഇപ്പോഴത്തെ നീക്കത്തിന്റെ ക്രെഡിറ്റ് പങ്ക് വെക്കാന്‍ ശ്രമിക്കുകയും സാമ്പത്തിക സംവരണം എന്ന ഭരണഘടനാവിരുദ്ധ ഇടപാടിനെ തള്ളിപ്പറയാതെ, ബില്‍ അവതരിപ്പിച്ച രീതിയെ കുറിച്ച് മാത്രം പറഞ്ഞ് നടത്തി ആര്.എസ്.എസിന്റെ ചെല്ലപ്പദ്ധതിക്ക് പരോക്ഷ കൃപാശിസ്സുകള്‍ ചൊരിയുകയുമായിരുന്നു. ഇടതുപക്ഷത്തെ വീഴ്ത്താന്‍ മന്ത്രി അരുണ്‍ജെയ്റ്റ്ലി സെന്റിമെന്റ് കലര്‍ത്തി വാചാലനായത് കണ്ടില്ലേ? പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കുന്ന ലോകത്തെ ആദ്യപാര്ട്ടിയായി മാറാതിരിക്കാന്‍ ബില്ലിനെ പിന്താങ്ങണമെന്നാണ് ജയ്റ്റ്ലി അവരോട് പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ മാനിഫെസ്റ്റോയില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജാതിസംവരണത്തിന് മാത്രമാണ് അമ്പത് ശതമാനം എന്ന പരിധി വെച്ചിട്ടുള്ളതെന്നും ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്നും സംസ്ഥാനങ്ങളുടെ അംഗീകാരം വാങ്ങേണ്ടതില്ലെന്നും വാദിച്ചപ്പോള്‍ അതിനെ ഖണ്ഠിക്കാന്‍ ഒരാളും ഉണ്ടായില്ല എന്നത് നമ്മുടെ ജനാധിപത്യക്രമം അഭിമുഖീകരിക്കുന്ന വെല്ലുവിളിയുടെ ആഴം തൊട്ടുകാണിച്ചുതരുന്നു. അതുകൊണ്ട് വലിയ പ്രയാസമൊന്നും നേരിടാതെ, കുല്സിത അജണ്ട അംഗീകരിച്ചുകിട്ടിയപ്പോള്, പ്രധാനമന്ത്രി മോഡിക്ക് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിടാന്‍ ധൈര്യം വന്നു: ‘Bill is a landmark moment in our nation’s history. It sets into motion the process to achieve an effective measure that ensures justice for all sections of society’. 1990ല്‍ വി.പി സിങ് മറ്റുപിന്നോക്കവിഭാഗങ്ങള്ക്ക് 27ശതമാനം സംവണം കൊണ്ടുവന്നപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധജ്വാലകള്‍ ഉയര്‍ത്തി, ബലിദാനികളെ സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികളെ തെരുവിലിറക്കിയ ഒരു പാര്‍ട്ടിയുടെ അമരക്കാരനാണ് ഇപ്പോള്‍ സവര്‍ണര്‍ക്ക് അവര്‍ ചോദിക്കാതെ വെള്ളിത്താലത്തില്‍ പത്തുശതമാനം സര്‍ക്കാര്‍ ജോലിയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റും കാണിക്കവെച്ച് ഇമ്മട്ടില്‍ ആഹ്ലാദം കൊള്ളുന്നത്. രാജ്യത്തെ 80ശതമാനം വരുന്ന അധസ്ഥിത വര്‍ഗത്തിന് മൊത്തം 50ശതമാനം സംവരണം വ്യവസ്ഥ ചെയ്യുമ്പോള്‍ 20ശതമാനത്തിന് താഴെ വരുന്ന സവര്‍ണവിഭാഗത്തിന് 10ശതമാനം മാറ്റിവെക്കുന്നതിന്റെ നീതിയും യുക്തിയും ആരാലും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. മാറിയ കാലാവസ്ഥയില്‍, ജനാധിപത്യ, മതേതര ഇന്ത്യയില്‍ എന്തും നടക്കുമെന്നും അതിനു കൊടിശ്ശീലകളുടെ നിറം തടസമാവില്ലെന്നും ഇത് തെളിയിക്കുന്നു.
എന്തിനു സംവരണം?
ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ മുഖമുദ്രയായ ജാതിവ്യവസ്ഥ സൃഷ്ടിച്ച അസമത്വവും തജ്ജന്യമായ പരാധീനതകളും തട്ടിനീക്കാന്‍ ആധുനിക രാഷ്ട്രശില്പികള് ഭരണഘടനയില്‍ എഴുതിവെച്ച ഒരുപാധിയാണ് സംവരണം (Reservation ) എന്നത്. സംവരണത്തിന്റെ ചരിത്രപശ്ചാത്തലത്തെ കുറിച്ച് പ്രസിദ്ധമായ ഇന്ദിരാസാഹ്നി കേസില്‍ സുപ്രീംകോടതി ആഴത്തില്‍ വിചിന്തനങ്ങള്‍ നടത്തുന്നുണ്ട്. ”അവര്‍ ( ഭരണഘടനാ ശില്പികള്) തങ്ങളുടെ സമൂഹത്തെകുറിച്ച് പരിപൂര്‍ണമായി മനസിലാക്കിയിട്ടുണ്ട്. സമൂഹത്തെ പിടികൂടിയ ചരിത്രപരമായ അനീതിയെയും അസമത്വത്തെയും കുറിച്ച് വേണ്ടവിധം ഉള്കൊണ്ടവരാണവര്. ഭരണഘടനയിലൂടെ അവ പരിഹരിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് അവര്‍ ചിന്തിച്ചത് അതല്ലായിരുന്നുവെങ്കില്‍ ഇവിടുത്തെ അവസ്ഥ അതിഭീകരമായിരിക്കുമെന്ന തിരിച്ചറിവ് കൊണ്ടാണ്. അജ്ഞത, നിരക്ഷരത, എല്ലാറ്റിനുമുപരി ദാരിദ്ര്യം- എല്ലാം തന്നെ അവരുടെ ശ്രദ്ധാപഥത്തില് തങ്ങിനിന്നു. ഭൂരിപക്ഷത്തിന്റെ മതമായ ഹൈന്ദവത, പ്രായോഗികജീവിതത്തില്‍ സമത്വഭാവനയുടെ പേരിലല്ല അറിയപ്പെടുന്നത്. അതിന്റെ അനുയായികളെ നാല് വെള്ളംകടക്കാത്ത അറകളില്‍ വേര്തിരിച്ചുനിറുത്തിയിരിക്കുകയായിരുന്നു. ഈ ചാതുര്‍വര്‍ണവ്യവസ്ഥക്ക് പുറത്തുനില്ക്കുന്നവര് (പഞ്ചമകള്) ഏറ്റവും താഴ്ന്നവരാണ്. അതിന്റെ മുഖം അശ്ലീലകരമായതിനാല് ഭരണഘടനാശില്പികള് ജാതിവ്യവസ്ഥയില്‍ വിശ്വസിച്ചിരുന്നില്ല. ഏറ്റവും താഴെതട്ടിലുള്ള ശൂദ്രരും പഞ്ചമകളും അവരുടെ പ്രവൃത്തികൊണ്ടല്ല, ജനനം കൊണ്ടാണ് ഈ നികൃഷ്ടത പേറുന്നതെന്നാണ് അവരെ പഠിപ്പിച്ചിരുന്നത്. മുന്ജന്മത്തില് ചെയ്ത കര്‍മത്തിന്റെ പാപമാണ് ഈ നിന്ദയുടെ നിദാനമെന്നും അവരെ കൊണ്ട് വിശ്വസിപ്പിച്ചു. പരമോന്നത നീതിപീഠം തുടര്‍ന്നു: Pity is, they believed all this. They were conditioned to believe it. This mental blindfold had to be removed first. This was a phenomenon peculiar to this country. Poverty there has been and there is in every country. But none had the misfortune of having this social division or as some call it, degradation superimposed on poverty. Poverty, low social status in Hindu caste system and the lowly occupation constituted and do still constitute a vicious circle. The founding fathers were aware of all this and more” ജാതിയുടെ പേരിലുള്ള വൃത്തികെട്ട ഈ സാമൂഹിക പ്രതിഭാസം നമ്മുടെ നാടിന്റെ മാത്രം പ്രത്യേകതയാണ്. ദാരിദ്ര്യം എല്ലാ രാജ്യത്തുമുണ്ട്. എന്നാല്‍, ദാരിദ്യ്രത്തിന്റെമേല് കൊത്തിവെച്ച ഈ സാമൂഹിക അധമത്വം ഹിന്ദു ജാതിവ്യവസ്ഥയുടെ മാത്രം ഉല്പന്നമാണ്. രാഷ്ട്രശില്പികള് ഇതും ഇതിനപ്പുറവും മനസിലാക്കിയിരിന്നു.
ദാരിദ്ര്യവും താഴ്ന്ന ജീവിതനിലവാരവുമെല്ലാം ജാതി അടിച്ചേല്പിച്ച പരാധീനതകളായിരുന്നു. പരിതാപകരമായ ഈ സാമൂഹികാവസ്ഥക്ക് പരിഹാരം കാണാന്‍ അടിയന്തര നടപടി വേണമെന്ന നവരാഷ്ട്രശില്പികളുടെ ബോധ്യമാണ് സംവരണം എന്ന സംവിധാനത്തിന് നിദാനം. ഈ ദിശയില്‍ മാര്‍ഗദര്‍ശനം നല്കുന്ന അടിസ്ഥാന തത്ത്വങ്ങള്‍ ഭരണഘടനയുടെ 14, 15(1), 16(1) , റ 16(2) അനുച്ഛേദങ്ങളില്‍ വായിച്ചെടുക്കാം. മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ പിറന്ന നാട്ടിന്റെയോ പേരില്‍ പൗരന്മാരെ വിവേചനത്തോടെ കാണില്ല എന്ന് പറഞ്ഞതിനു ശേഷം 16 (4) ഖണ്ഡികയില്‍ സുപ്രധാനമായ ഒരു വ്യവസ്ഥ അവതരിപ്പിക്കുന്നത് ഇങ്ങനെ: ‘Nothing in this article shall prevent the State from making any provision for the reservation of appointments or posts in favor of any backward class of citizens which, in the opinion of the State, is not adequately represented in the services under the State.’ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മതിയായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്ന് രാജ്യത്തിന് അഭിപ്രായമുണ്ടെങ്കില്‍ പിന്നോക്കവര്ഗത്തില്പെട്ട പൗരന്മാര്ക്ക് നിയമനങ്ങളിലും പോസ്റ്റുകളിലും സംവരണം ആവാമെന്ന് ഭരണഘടനയുടെ 340ാം ഖണ്ഡിക അനുശാസിക്കുന്നു. ഒരു കുടുംബത്തിലെ അവശത അനുഭവിക്കുന്ന അംഗത്തോട് മറ്റു കുടുംബാംഗങ്ങള്‍ കാണിക്കുന്ന ദയാവായ്പായാണ് സുപ്രീംകോടതി ഒരു വിധിന്യായത്തില്‍ സംവരണത്തെ വിശേഷിപ്പിച്ചത്. പടിഞ്ഞാറന്‍ ലോകത്ത് അളളശൃാമശേ്ല അരശേീി എന്ന പേരില്‍ ദുര്‍ബലവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസപ്രവേശനത്തിലും ജോലികാര്യങ്ങളിലും മുന്‍ഗണന നല്‍കുന്നത് നമ്മുടെ സംവരണതത്വത്തിന് സമാനമായ കാഴ്ചപ്പാടോടെയാണ്.
സംവരണത്തെ കുറിച്ച് ആമുഖമായി ഇത്രയും പറഞ്ഞത്, സംവരണവിഭാഗത്തിനു പുറത്തുള്ള, സവര്‍ണരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം വിദ്യാഭ്യാസത്തിലും ജോലിയിലും നീക്കിവെക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ പുതിയ തീരുമാനം സൃഷ്ടിക്കാന്‍ പോകുന്ന സാമൂഹികവും നിയമപരവുമായ പ്രശ്നങ്ങളിലേക്ക് സൂചന നല്‍കാനാണ്. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനു പിന്നിലെ രാഷ്ട്രീയലാക്കിന് വലിയ ഗവേഷണമൊന്നും വേണ്ട.സവര്‍ണ വിഭാഗം പാര്‍ട്ടിയില്‍നിന്ന് അകന്നുതുടങ്ങിയത് കൊണ്ടാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ സാമ്പത്തികസംവരണം എന്ന ‘വിലക്കപ്പെട്ട മേഖലയി’ലേക്ക് കടന്നുചെല്ലാന്‍ ഒരുമ്പെടുന്നത്. ആര്.എസ്.എസാണ് ഇതിനു പിന്നിലെ പ്രചോദകശക്തി. ജാതിസംവരണം നിര്‍ത്തലാക്കണമെന്നും സാമ്പത്തികാവസ്ഥയാണ് മാനദണ്ഡമാക്കേണ്ടതെന്നും സര് സംഘ്ചാലക് മോഹന്‍ ഭാഗവത് ബീഹാര്‍ തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായപ്പെട്ടതാണ്. ഹൈന്ദവസമൂഹത്തിന്റെ ഉന്നമനമാണ് ലക്ഷ്യമെന്ന് നാഴികക്ക് നാല്പതുവട്ടം ചന്ദ്രഹാസമിളക്കുമെങ്കിലും സവര്‍ണരുടെ അധികാരമോഹമാണ് സംഘ്പരിവാറിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് സുവിദിതമാണ്. പ്രമാദമായ ഇന്ദിരാസാഹ്നി കേസില്‍ (മണ്ഡല് കേസ് ) സംവരണം അമ്പത് ശതമാനത്തില്‍ കവിയാന്‍ പാടില്ല എന്ന് പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. ആ നിലക്ക് പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസായാല്‍ തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. ദാരിദ്ര്യം സംവരണത്തിന് ഒരിക്കലും മാനദണ്ഡമാക്കാന്‍ പറ്റില്ല എന്ന സുപ്രീകോടതിയുടെ തീര്‍പ്പ് പുറത്തെടുക്കുന്നതോടെ മോഡിസര്‍ക്കാരിന്റെ തീരുമാനം തള്ളപ്പെടാന്‍ സാധ്യതയുണ്ട്.
ചരിത്ര വഴികളിലൂടെ
സംവരണം എന്നും സംവാദവിഷയമാണ്. കാരണം, ജോലിയിലാവട്ടെ വിദ്യാഭ്യാസത്തിലാവട്ടെ അത് ഒരു വിഭാഗത്തിന് പ്രത്യേക അവകാശങ്ങള്‍ വകവെച്ചുനല്കുമ്പോള് മറുഭാഗത്ത് മുറുമുറുപ്പോ എതിര്‍പ്പോ ഉദ്ഭവിക്കുന്നു. അതേസമയം, ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട ഒരു ഭരണാധികാരിക്കും പ്രാന്തവത്കൃതസമൂഹത്തിന്റെ സവിശേഷാധികാരത്തെ നിരാകരിക്കാനോ അവരുടെ സാമൂഹികോല്കര്ഷം ലക്ഷ്യമിട്ടുള്ള ഭരണഘടനാസംവിധാനത്തെ കണ്ടില്ലെന്ന് നടിക്കാനോ സാധ്യമല്ല. അങ്ങനെയാണ്, 1953 ജനുവരിയില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്നവരുടെ അവസ്ഥ പഠിക്കാനും അവരെ കൈപിടിച്ചുയര്‍ത്തുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും വേണ്ടി കാക്കാകലേക്കര്‍ കമീഷനെ നിയോഗിക്കുന്നത്. 1955 മാര്‍ച്ചില്‍ നല്കിയ റിപ്പോര്‍ട്ടില്‍ കമീഷന്റെ പ്രധാനപ്പെട്ട കണ്ടെത്തല്‍, രാജ്യത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന 2399 ജാതികളുണ്ടെന്നാണ്. പിന്നോക്കാവസ്ഥ അളക്കുന്നതില്‍ പരമ്പരാഗത തൊഴില്‍, സാക്ഷരത നിരക്ക്, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയ ഘടകങ്ങള്‍ മാനദണ്ഡമായി എടുക്കണമെന്നാണ് കമീഷന്റെ മുഖ്യനിര്‍ദേശം. എന്നാല്‍, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഏതൊക്കെയോ ശക്തികള്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാവാം ജാത്യാടിസ്ഥാനത്തിലുള്ള സംവരണം രാജ്യതാല്പര്യത്തിന് ഗുണകരമല്ലെന്നും അതുകൊണ്ട് തന്റെ റിപ്പോര്‍ട്ട് തള്ളണമെന്നും കാക്കാകലേക്കര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. 1980ല്‍ സമര്‍പ്പിക്കപ്പെട്ട മണ്ഡല് കമീഷന് റിപ്പോര്‍ട്ടിലാണ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് കൂടി സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്ന നിര്‍ദേശം വെക്കുന്നത്. നിര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ, പത്തുവര്‍ഷക്കാലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഭരണകൂടം ആ റിപ്പോര്ട്ടിന്മേല് അടയിരുന്നു. ഒടുവില്‍ വി.പി. സിങ് പ്രധാനമന്ത്രിയായതോടെയാണ് ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണ വഴിയില്‍ നിര്‍ണായക ചുവടുവെപ്പായി കമീഷന് റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കുന്നത്. അങ്ങനെയാണ്, 1990 ആഗസ്റ്റ് 13നു സര്‍ക്കാര്‍ സര്‍വീസുകളില്‍ മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്ക് 27ശതമാനം സംവരണത്തിന് വ്യവസ്ഥ ചെയ്യുന്ന ഓഫിസ് മെമ്മോറാണ്ടം പുറത്തിറക്കുന്നത്.
ബി. ജെ.പിയുടെ നേതൃത്വത്തില്‍ രാമക്ഷേത്ര പ്രക്ഷോഭം അന്തിമഘട്ടത്തിലെത്തിയ കാലസന്ധിയായിരുന്നു അത്. മണ്ഡലും ‘കമണ്ഡലും ‘ ഏറ്റുമുട്ടിയ ആ നിര്‍ണായക ഘട്ടത്തില്‍ വി.പി സിങ് എടുത്ത ധീരമായ തീരുമാനത്തോടെയാണ് സ്വത്വരാഷ്ട്രീയത്തിന്റെ പുതിയൊരു അധ്യായം ഉത്തരേന്ത്യയില്‍ തുറക്കപ്പെടുന്നത്. പഴയ സോഷ്യലിസ്റ്റ് ചേരി സാമൂഹിക നീതിയുടെ ധ്വജം പൊക്കിപ്പിടിച്ച് പുതിയ സോഷ്യല്‍ എഞ്ചിനിയറിങ്ങിന്റെ ദൗത്യവാഹകരായി രംഗത്തുവന്നപ്പോള്‍ മുലായം സിങ്ങും നിതീഷ്കുമാറും ലാലുപ്രസാദ് യാദവും ദേവഗൗഡയുമെല്ലാം ദേശീയ രാഷ്ട്രീയത്തിലെ താരങ്ങളായി ഉദിച്ചു.1996ല്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള അംഗസംഖ്യ തികയാതെ വരുകയും ബി.ജെ.പി പിന്തുണ ലേശമന്യേ തിരസ്കരിക്കപ്പെടുകയും ചെയ്ത ഘട്ടത്തില്‍ ദേവഗൗഡയുടെയും ഐ.കെ ഗുജ്റാലിന്റെയും നേതൃത്വത്തില്‍ കൂട്ടുകക്ഷി സര്‍ക്കാരുകള്‍ മൂന്നുവര്‍ഷം രാജ്യം ഭരിച്ചത് മണ്ഡല് സൃഷ്ടിച്ച ഓളങ്ങളുടെ കരുത്തിലായിരുന്നു. വി.പി സിങ്ങിന്റെ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍, പി.വി നരസിംഹറാവു അവസരം മുതലെടുത്ത് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി. 1991 സെപ്റ്റംബര്‍ 25ന് റാവുസര്‍ക്കാര്‍ മുന്‍ ഒഫീഷ്യല്‍ മെമ്മോ തിരുത്തിക്കൊണ്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സംവരണ ഇതര വിഭാഗത്തിന് 10ശതമാനം ജോലിയും സീറ്റും നീക്കിവെക്കാന്‍ പഴുതുണ്ടാക്കി. ഉത്തരവിന്റെ വരികള്‍ കാണുക. ‘10% vacancies in civil posts and services under the Government of India shall be reserved for other economically backward sections of the people who are not covered by any existing schemes of reservation’. മോഡിസര്‍ക്കാരിന് ഇപ്പോള്‍ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ മാര്‍ഗദര്‍ശനം നല്‍കിയത് കോണ്‍ഗ്രസാണെന്ന് ചുരുക്കം. പക്ഷേ സുപ്രീംകോടതി സാമ്പത്തിക സംവരണം എന്ന ആശയത്തെ തള്ളിപ്പറഞ്ഞ്, ആ നീക്കത്തിന് തടയിടുകയായിരുന്നു. ദാരിദ്ര്യം സ്ഥായിയായ ഒരു പ്രതിഭാസമല്ലെന്നും സംവരണത്തിന് അത് മാനദണ്ഡമായി എടുക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഇന്ദിരാസാഹ്നി കേസില്‍ റാവുസര്ക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയും വി.പി സിങിന്റെ നടപടിയെ ശരിവെക്കുകയുമായിരുന്നു.
കോടതിയുടെ നിലപാട് സുപ്രധാനം
സാമ്പത്തിക സംവരണം എന്ന ആശയം ഭരണഘടന വിഭാവന ചെയ്യുന്ന സമത്വകാഴ്ചപ്പാടിന് എതിരാണ്. സഹസ്രാബ്ദങ്ങളായി അടിച്ചമര്‍ത്തപ്പെടുന്ന പട്ടികജാതി, വര്‍ഗത്തിനും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും അധികാരത്തില്‍ പങ്ക് പറ്റാനും പ്രാതിനിധ്യജനാധിപത്യം എന്ന ഉന്നതാശയം പ്രയോഗവത്കരിക്കാനുമുള്ള ഉപാധിയായാണ് പിന്നോക്കസംവരണത്തെ ഭരണഘടനാ ശില്പികള് പരികല്പന ചെയ്തത്. അല്ലാതെ, ദാരിദ്ര്യം തുടച്ചുമാറ്റാനുള്ള കുറുക്കുവഴിയായിട്ടല്ല. മുന്നോക്കസമൂഹങ്ങള് ഈ ദിശയില്‍ എന്നോ ശാക്തീകരിക്കപ്പെട്ടവരാണ്. അവരിലെ പട്ടിണിപാവങ്ങള്‍ക്ക് ജീവസന്ധാരണത്തിന് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ, സംവരണത്തിന്റെ മറവില്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നോക്കക്കാരിലെ സമ്പന്നവര്‍ഗത്തെ കുത്തിത്തിരുകലല്ല. എട്ട്ലക്ഷം രൂപ വാര്‍ഷികവരുമാനമുള്ള, അഞ്ചേക്കര്‍ ഭൂമിയുള്ള ‘പാവങ്ങള്‍ക്ക്’ ആണ് മോഡി സംവരണം ഏര്‍പ്പെടുത്താന്‍ പോകുന്നത്. പരമോന്നത നീതിപീഠം ബില്‍ മുന്നോട്ടുവെക്കുന്ന മാനദണ്ഡം ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല. കമീഷനെ വെക്കുകയോ പഠനം നടത്തുകയോ ചെയ്യാതെയാണ് മാനദണ്ഡം ഉണ്ടാക്കിയിരിക്കുന്നത്. ജാര്‍ഖണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന സംവരണ വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സുപ്രീംകോടതി പറഞ്ഞത്, മന്ത്രിസഭക്ക് അങ്ങനെയൊരു നിയമനിര്‍മാണം വേണമെന്ന് തോന്നിയത് കൊണ്ട് മാത്രം അതിന് ഭരണഘടനയുടെ അംഗീകാരം കിട്ടില്ല എന്നാണ്. കോടതിക്ക് ബോധ്യപ്പെടുന്ന കാരണങ്ങള്‍ നിരത്തണം. നിരത്തി എന്ന ബോധ്യപ്പെടാത്ത കാലത്തോളം നിയമം നിലനില്‍ക്കില്ല എന്ന് പറയുന്നത് കാണുക:
‘The State has failed to show any new circumstances except for a bald statement that the same was done after careful application of mind and due deliberation by the highest policymaking body, that is, the council of ministers. There are no materials or empirical data to indicate that the circumstances had been changed and the State has not undertaken any study, research or work. In such circumstances to merely suggest that the council of ministers had applied their minds and had reached a decision is arbitrary and unreasonable.’
ഭൂരിപക്ഷം വരുന്ന അധഃസ്ഥിത ജനവിഭാഗത്തോട്, ഈ രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ഒത്തൊരുമിച്ച് ചെയ്യുന്ന അനീതിയെയും ഭരണഘടനാ ലംഘനത്തെയും വീറോടെ എതിര്‍ക്കേണ്ടതുണ്ട്. നിയമത്തിന്റെ മാര്‍ഗമാണ് അതിന് അഭികാമ്യം. അതോടൊപ്പം തന്നെ, ഭരണകൂടവഞ്ചനയെ തുറന്നുകാട്ടുക എന്നതും നീതിയുടെ പക്ഷത്ത് അണിനിരന്നവരുടെ കടമയാണ്.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login