പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മറാഠാ സൈന്യം മൈസൂരിലെത്തുന്നത്. തിരിച്ചുപോകുംവഴി ശൃംഗേരി മഠത്തിനു നേരെ അവര്‍ ആക്രമണം അഴിച്ചുവിട്ടു. ആശ്രമം അടിച്ചുതകര്‍ത്തു. ചെറുക്കാന്‍ ശ്രമിച്ച സന്ന്യാസിമാരെ അരിഞ്ഞു വീഴ്ത്തി. പണവും സ്വര്‍ണവുമായി 60 ലക്ഷം രൂപ അപഹരിച്ചു.
ശങ്കരാചാര്യരുടെ പിന്‍ഗാമിയായി കരുതപ്പെടുന്ന മഠാധിപതി സഹായത്തിനു ചെന്നത് മൈസൂര്‍ ഭരിക്കുന്ന ടിപ്പു സുല്‍ത്താനു മുന്നിലാണ്. ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മഠത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ട നടപടികളെടുക്കാന്‍ ബിദനൂരിലെ ഗവര്‍ണര്‍ക്ക് ടിപ്പു നിര്‍ദേശം നല്കി. സാമ്പത്തിക സഹായം മാത്രമല്ല, സുരക്ഷയ്ക്കായി സൈന്യത്തെ വിട്ടുകൊടുക്കുകയും ചെയ്തു. നന്ദി പറഞ്ഞ്, അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് മഠാധിപതി ടിപ്പുവിന് കത്തയച്ചു. ടിപ്പുവിന് ശൃംഗേരി മഠം 1791ല്‍ അയച്ച കത്തുകള്‍ ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ അമൂല്യരേഖകളാണ്.
ദക്ഷിണേന്ത്യ മുഴുവന്‍ കാല്ക്കീഴിലാക്കാന് കൊതിച്ച സ്വേഛാധിപതിയായിരുന്നു, ടിപ്പു. അമുസ്ലിംകളോട് വിവേചനം കാണിച്ച മതവെറിയനായി ആ ഭരണാധികാരിയെ വിശേഷിപ്പിക്കുന്നവരുണ്ട്. ഹിന്ദുമതത്തിന്റെ പരമോന്നത പീഠങ്ങളിലൊന്നായ ശൃംഗേരി മഠവും ടിപ്പുവും തമ്മിലുണ്ടായിരുന്ന ബന്ധം ഈ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണെന്ന് ആധുനിക ദക്ഷിണേന്ത്യയുടെ ചരിത്രം പരിശോധിച്ചുകൊണ്ട് രാജ്മോഹന്‍ ഗാന്ധി പറയുന്നു.
അധികാരം കിട്ടിയ നാള് മുതല്‍ മരണം വരെ ടിപ്പുവിന്റെ മുഖ്യ സചിവന് പൂര്‍ണയ്യ എന്ന ബ്രാഹ്മണനായിരുന്നു. അയല്‍രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ടിപ്പു എപ്പോഴും അയച്ചത് പൂര്ണയ്യയെയാണ്. കൃഷ്ണ റാവു, അപ്പ റാവു എന്നിവരായിരുന്നു പ്രധാനപ്പെട്ട മറ്റു മന്ത്രിമാര്‍. ടിപ്പുവിന്റെ ഭരണ നേട്ടങ്ങളെ ശത്രുക്കളായിരുന്ന ബ്രിട്ടീഷുകാര്‍ പലവട്ടം പ്രശംസിച്ചിട്ടുണ്ട്.
ഒരിക്കലും ബ്രിട്ടീഷുകാരോട് സന്ധിക്കു തയാറാവാതിരുന്ന ഒരേയൊരു ദക്ഷിണേന്ത്യന്‍ ഭരണാധികാരിയായിരിക്കും ടിപ്പു സുല്‍ത്താന്‍. ബ്രിട്ടീഷ് സൈന്യത്തിന് ഏറ്റവുമധികം നാശംവരുത്തിയ ഇന്ത്യക്കാരനും അദ്ദേഹമായിരിക്കും. മറാഠകളുടെയും ഹൈദരാബാദിലെ നവാബുമാരുടെയും സഹായത്തോടെ നാലുപാടുനിന്നും ആക്രമിച്ചാണ് ഒടുവില്‍ ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ കീഴ്പ്പെടുത്തുന്നത്.
യുദ്ധത്തിന്റെ അവസാനദിവസം നേരം വെളുക്കുംമുമ്പ് ടിപ്പു പോയത് നഗരത്തിലെ വിഷ്ണു ക്ഷേത്രത്തിലേക്കായിരുന്നു. അവിടത്തെ പൂജാരിമാര്‍ക്ക് ദക്ഷിണ കൊടുത്ത ശേഷം അദ്ദേഹം തനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. അവിടന്ന് കുതിരപ്പുറത്ത് തോക്കുമായി കുതിച്ച ടിപ്പു വെടിയേറ്റുവീണു. പരിക്കേറ്റ ടിപ്പുവിനെ പല്ലക്കില്‍ കൊണ്ടുപോവുമ്പോള്‍ അജ്ഞാതനായ ഒരു ഇംഗ്ലീഷ് സൈനികനാണ് വെട്ടിക്കൊന്നത്. അപ്പോഴും ടിപ്പുവിന്റെ കൈയിലുണ്ടായിരുന്ന രത്നം പതിപ്പിച്ച ഉടവാള് കരസ്ഥമാക്കുകയായിരുന്നു ആ സൈനികന്റെ ഉദ്ദേശ്യം. 1799ലെ ടിപ്പുവിന്റെ പതനമാണ് ദക്ഷിണേന്ത്യയുടെ ചരിത്രം മാറ്റിമറിച്ചതെന്ന് രാജ്മോഹന്‍ ഗാന്ധി എഴുതുന്നു.
ദക്ഷിണേന്ത്യയുടെ കഴിഞ്ഞ നാനൂറു വര്‍ഷത്തെ സമഗ്രചരിത്രമാണ് രാജ്മോഹന്‍ ഗാന്ധിയുടെ പുതിയ പുസ്തകമായ മോഡേണ്‍ സൗത്ത് ഇന്ത്യ (Modern South India: A History from the 17th Century to Our Times) പറയുന്നത്. പൊതുവേ കരുതുംപോലെ ഏകരൂപമില്ലാതെ, ചെറുഖണ്ഡങ്ങളായി ചിതറിക്കിടക്കുന്ന, ഭൂഭാഗമല്ല ദക്ഷിണേന്ത്യയെന്ന് ഈ പുസ്തകത്തിലൂടെ അദ്ദേഹം സ്ഥാപിക്കുന്നു. ബ്രിട്ടീഷുകാര്‍ക്ക് മുമ്പ് ഏതെങ്കിലുമൊരു ഭരണാധികാരിക്കു കീഴില്‍ ദക്ഷിണേന്ത്യ എന്നു വിളിക്കാവുന്ന രാജ്യം ഉണ്ടായിരുന്നില്ല എന്നതു ശരിയാണ്. പക്ഷേ ഞാനൊരു ദക്ഷിണേന്ത്യക്കാരനാണ് എന്നു പറയാവുന്ന തരത്തില്‍ അന്നാട്ടുകാരില്‍ സ്വത്വബോധമുണ്ടാക്കാന് അതിനു കഴിഞ്ഞിരുന്നു. ഈ ഭൂഭാഗത്തിന് കൃത്യമായ അതിര്വരമ്പുകളുമുണ്ടായിരുന്നു. എന്നിട്ടും ദക്ഷിണേന്ത്യന്‍ ചരിത്രം അതിന്റെ സമഗ്രതയില്‍ ആരും പഠിച്ചില്ല.
ഉത്തരേന്ത്യയ്ക്ക് അതിരിടുന്നത് ഹിമാലയമാണെങ്കില്‍ ദക്ഷിണേന്ത്യയുടെ അതിര് സമുദ്രങ്ങളാണ്. പോര്‍ച്ചുഗലിന്റെയും ഹോളണ്ടിന്റെയും ഫ്രാന്‍സിന്റെയും ഒടുവില്‍ ബ്രിട്ടന്റെയും സാന്നിധ്യം ഇവിടെ എളുപ്പമാക്കിയത് ഈ സമുദ്ര സാമീപ്യമാണ്. മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്ന് വ്യതിരിക്തമാണ് ദക്ഷിണേന്ത്യന്‍ ഭാഷകള്‍. അവയുടെ വേര് സംസ്കൃതത്തെക്കാള്‍ ദ്രാവിഡ ഭാഷകളിലാണ് ചെന്നുനില്ക്കുന്നത്. ഈ ഭാഷകളില്‍നിന്ന് ഉരുത്തിരിയുന്ന കന്നട, തമിഴ്, മലയാളി, തെലുങ്ക് സംസ്കാരങ്ങളുടെ കഥയാണ് ദക്ഷിണേന്ത്യന്‍ ചരിത്രം. അതില്‍, കൊഡഗു, കൊങ്കിണി, തുളു, മറാഠി, ഒറിയ സംസ്കാരങ്ങളും ഇടകലരുന്നു. ഈ സംസ്കാരങ്ങള്‍ക്കെല്ലാം പൊതുവായ ചില അന്തര്‍ധാരകളുണ്ട്. ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ പാരസ്പര്യമുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ഈ സംസ്കാര സങ്കരത്തിലൂടെ, വിവിധ കാലങ്ങളിലൂടെയുള്ള സഞ്ചാരമാണ് രാജ്മോഹന്‍ ഗാന്ധിയുടെ പുസ്തകം.
കെ.എ. നീലകണ്ഠ ശാസ്ത്രിയുടെ എ ഹിസ്റ്ററി ഓഫ് സൗത്ത് ഇന്ത്യ (A History Of South India)യാണ് ഇതിനു മുമ്പുള്ള സമഗ്ര ദക്ഷിണേന്ത്യന്‍ ചരിത്രം. ചരിത്രാതീത കാലത്തു തുടങ്ങി വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ച വരെയുള്ള ചരിത്രമാണ് അതില്‍ പ്രതിപാദിക്കുന്നത്. ശാസ്ത്രി നിര്‍ത്തിയിടത്തുനിന്ന് തുടങ്ങി ഇന്നത്തെ കാലം വരെയുള്ള യാത്രയാണ് രാജ്മോഹന്‍ ഗാന്ധി നടത്തുന്നത്.
വിജയനഗര സാമ്രാജ്യത്തെ തകര്‍ക്കാന്‍ ഒന്നിച്ച ബീജാപൂരിലെയും അഹമ്മദ് നഗറിലെയും ഗോല്‍ക്കൊണ്ടയിലെയും ബിദാറിലെയും സുല്ത്താന്മാര് ഏറെ താമസിയാതെ തമ്മില്‍ത്തല്ലു തുടങ്ങി. യൂറോപ്പിലെ പ്രബലന്മാരായ പോര്‍ച്ചുഗലും ഹോളണ്ടും ഫ്രാന്‍സും ഇംഗ്ലണ്ടും ആധിപത്യത്തിനായി പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. വ്യാപാരത്തിലെ മേല്ക്കോയ്മയ്ക്കുവേണ്ടി ഇന്ത്യയിലും അവര്‍ മത്സരിച്ചു. അതേ കാലത്തുതന്നെയാണ് മുഗള്‍ രാജാക്കന്മാര് തെക്കേ ഇന്ത്യയിലേക്ക് സാമ്രാജ്യം വികസിപ്പിക്കാന്‍ ശ്രമിച്ചത്. മറാഠാ സാമ്രാജ്യം ഉദയംകൊണ്ട കാലവും അതുതന്നെയായിരുന്നു. അതിനിടയില്‍ പരസ്പരം തമ്മില്‍ത്തല്ലിക്കൊണ്ടിരുന്ന നാടുവാഴികളുംകൂടി ചേരുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുന്നു. ഇവരില്‍ ചിലരെ ഒപ്പം നിര്‍ത്തിയും മറ്റുള്ളവരെ അടിച്ചമര്‍ത്തിയുമാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ കീഴടക്കുന്നത്.
തമിഴ്, കന്നട, മലയാളം, തെലുങ്ക് രാജ്യങ്ങളിലൂടെ മാറിമാറി സഞ്ചരിച്ചാണ് രാജ്മോഹന്‍ ഗാന്ധി ദക്ഷിണേന്ത്യയുടെ കഥ പറയുന്നത്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ വഴി ആദ്യകാല യൂറോപ്യന്‍ അധിനിവേശങ്ങളെല്ലാം മധ്യേന്ത്യയെയും വടക്കേ ഇന്ത്യയെയും അപേക്ഷിച്ച് ദക്ഷിണേന്ത്യയിലായിരുന്നു. എന്നിട്ടും ഇന്ത്യാചരിത്രത്തില്‍ ദക്ഷിണേന്ത്യ അവഗണിക്കപ്പെട്ടു. രാജ്യത്തിന്റെ കിഴക്കും, പടിഞ്ഞാറുമുള്ള പ്രദേശങ്ങള്‍ക്കും ഇതേ അവഗണന നേരിടേണ്ടിവന്നു. ദക്ഷിണേന്ത്യയില്‍ നിലനിന്ന വ്യത്യസ്ത സംസ്കാരങ്ങളെ കുറിച്ച് പ്രത്യേകമായി പഠനം നടന്നെങ്കിലും ദക്ഷിണേന്ത്യയുടെ പൊതുവായ സാംസ്കാരിക ചരിത്രം പഠനവിധേയമാക്കപ്പെട്ടില്ല. എക്കാലവും ഇന്ത്യയുടെ രാഷ്ട്രീയാധികാരം കയ്യാളിയിരുന്നത് വടക്കന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു എന്നതാവും ഈ അവഗണനയ്ക്കു കാരണം.
ദക്ഷിണേന്ത്യയുടെ ആധികാരികവും സമഗ്രവുമായ ചരിത്രം ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മാത്രമല്ല സാധാരണവായനക്കാര്‍ക്കും ഇഷ്ടമാകുന്ന രീതിയിലാണ് രാജ്മേഹന്‍ ഗാന്ധി എഴുതിയിട്ടുള്ളത്. മൈസൂര്‍ ഭരണാധികാരികളായിരുന്ന ടിപ്പു സുല്‍ത്താനും പിതാവ് ഹൈദരാലിയ്ക്കും ദക്ഷിണേന്ത്യന്‍ ചരിത്രത്തിലുള്ള സ്ഥാനം വളരെ വ്യക്തമായി പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. ടിപ്പുവിന്റെ പതനവും 1857ലെ സ്വാതന്ത്ര്യ സമരവും വൈക്കം സത്യാഗ്രഹവുമെല്ലാം വിശദാംശങ്ങളോടെ കടന്നുവരുന്നു. 1924-25 വര്‍ഷങ്ങളിലായി നടന്ന വൈക്കം സത്യാഗ്രഹത്തോടെയാണ് സാമൂഹിക പരിഷ്കരണ പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും കൈകോര്‍ക്കുന്നതെന്ന് രാജ്മോഹന്‍ ഗാന്ധി പറയുന്നു.
മഹാത്മാഗാന്ധിയുടെയും സി. രാജഗോപാലാചാരിയുടെയും കൊച്ചുമകനായ രാജ്മോഹന്‍ ഗാന്ധി മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലും യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിലും പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ആണ്. ഗാന്ധിജിയെപ്പറ്റിയും രാജഗോപാലാചാരിയെപ്പറ്റിയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പറ്റിയും പണ്ഡിതോചിതമായ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അണ്ടര്‍സ്റ്റാന്‍ഡിംഗ് മുസ്ലിം മൈന്‍ഡ് (Understanding the Muslim Mind), F-bväv sse-hv-kv (Eight Lives: A Study of the Hindu-Muslim Encounter), റിവഞ്ച് ആന്‍ഡ് റികണ്‍സിലിയേഷന്‍( Revenge & Reconciliation: Understanding South Asian History) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രശസ്ത കൃതികള്‍.
വി ടി സന്തോഷ്
You must be logged in to post a comment Login