ഏതൊക്കെ കാര്യങ്ങളാണ് അല്ലാഹുവിന് പ്രത്യേകമായിട്ടുള്ളത്, ഏതൊക്കെയാണ് മനുഷ്യന് ഉണ്ടാകാവുന്നത് എന്നേടത്ത് ചില ആശയക്കുഴപ്പങ്ങള്‍ സലഫികള്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇതിനായി രണ്ട് വാദമുഖങ്ങളാണ് പ്രധാനമായും ഉയര്‍ത്തപ്പെടാറുള്ളത്. വാദം ഒന്ന്: ആര് എവിടെ നിന്നു ഏത് ഭാഷയില്‍ എപ്പോള്‍ വിളിച്ചാലും അതൊക്കെയും മഹാന്മാര് ഉറപ്പായും കേള്‍ക്കും. അവര്‍ക്കൊക്കെയും അവര്‍ ഉറപ്പായും ഉടനടി ഉത്തരം ചെയ്യും; ഇതാണ് സുന്നികള്‍ വാദിക്കുന്നതെന്ന് പറയുക. ആ കഴിവ് അല്ലാഹുവിന് മാത്രമുള്ളതല്ലേ എന്നും ചോദിക്കുക. എല്ലാം അറിയുന്നവനും എല്ലാം കേള്‍ക്കുന്നവനും അല്ലാഹു മാത്രമാണല്ലോ.
സത്യത്തില്‍, ഇത് സംബന്ധമായ സുന്നി വാദം എന്താണ് എന്ന് വിശദീകരിക്കേണ്ടതുണ്ട്. ആര് ആരെ വിളിച്ചാലും. എവിടെനിന്ന് വിളിച്ചാലും, എപ്പോള്‍ വിളിച്ചാലും, കേള്ക്കുന്നവന് അത് കേള്‍ക്കണമെങ്കില്‍ അവന് കേള്‍ക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കണം. കേള്‍ക്കാനുള്ള കഴിവ് അല്ലാഹു നല്‍കണം. അതിന് ഉത്തരം ചെയ്യാനുള്ള ഉദ്ദേശ്യം അവരില്‍ അല്ലാഹു സൃഷ്ടിക്കണം. ഉത്തരം ചെയ്യാനുള്ള കഴിവും അല്ലാഹു സൃഷ്ടിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് കേള്‍ക്കാനും ഉത്തരം ചെയ്യാനും സാധിക്കുകയുള്ളൂ.
സാധാരണഗതിയില്‍ അടുത്തുനില്ക്കുമ്പോള് കേള്‍ക്കാനുള്ള കഴിവ് അല്ലാഹു നല്‍കാറുണ്ട്. മഹത്തുക്കള്‍ക്ക് അല്ലാഹുവിന്റെ അടുത്തുള്ള സ്ഥാനത്തിനനുസരിച്ച് അല്ലാഹുവിന്റെ ഉതവി പ്രകാരം അസാധാരണമായത് കേള്‍ക്കാനുള്ള കഴിവ് അല്ലാഹു നല്‍കാറുണ്ട്. അങ്ങനെയാണ് സാരിയ(റ) ഉമറിന്റെ(റ) വിളികേട്ടത്. അങ്ങനെയാണ് ഇബ്നുല്‍ അഖ്തഇന്റെ പരാതി തിരുനബി മുഹമ്മദ്(സ) പരിഹരിച്ചത്. ഓരോരുത്തരുടെ അനുഭവവും സൗകര്യവും പരിഗണിച്ച് കാര്യസാധ്യത്തിന് ഓരോ മാര്‍ഗങ്ങള്‍ മനുഷ്യന് സ്വീകരിക്കുന്നു.
ചിലര്‍ രോഗം വരുമ്പോള്‍ ഹോമിയോ ഡോക്ടറെ കാണിക്കുന്നു. മറ്റുചിലര്‍ പാരമ്പര്യവൈദ്യം ചെയ്യുന്നു.വേറെ ചിലര്‍ അലോപ്പതി സ്വീകരിക്കുന്നു. ചിലര്‍ മന്ത്രിക്കുന്നു. സംസം വെള്ളം കുടിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. മറ്റുചിലര്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹത്തുക്കളോട് സങ്കടം പറയുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ അവയ്ക്ക് പ്രതിവിധി ഉണ്ടാവുകയുള്ളൂ. ഈ സന്ദര്‍ഭങ്ങളിലെല്ലാം അല്ലാഹുവാണ് പ്രശ്നം പരിഹരിക്കുന്നവന്‍. മറ്റുള്ളവയെല്ലാം കാരണങ്ങള്‍ മാത്രം. ആയുര്‍വേദ ചികിത്സക്ക് ഫലമില്ല എന്ന് പറയേണ്ടത് അലോപ്പതി ചെയ്യുന്നവനല്ല.ചില വിഷയങ്ങള്‍ക്ക് ചിലരെ അല്ലാഹു തിരഞ്ഞെടുക്കുന്നതില്‍ മറ്റുള്ളവര്‍ കുശുമ്പു കാണിക്കേണ്ടതില്ല. ഇന്ന വിളികള്‍ മാത്രമേ കേള്‍പ്പിക്കാവൂ, ഇന്നവ കേള്‍പ്പിക്കരുത് എന്ന് അല്ലാഹുവിന് ആരും ചട്ടങ്ങള്‍ നല്‍കേണ്ടതുമില്ല.
അപ്പോള്‍ ഒരു ചോദ്യം: കേള്‍ക്കാന്‍ അല്ലാഹു കഴിവു കൊടുക്കുകയാണെങ്കില്‍ കേള്‍ക്കട്ടെ എന്ന് കരുതി കല്ലിനോട് ചോദിക്കാന്‍ പറ്റുമോ?
കല്ലിനോട് ചോദിക്കുന്നവന് ഒന്നുകില്‍ പൊട്ടനാണ്. സാധാരണഗതിയില്‍ കല്ല് ഉത്തരം തരില്ല എന്ന് മനുഷ്യര്‍ക്കറിയാം. അസാധാരണഗതിയില്‍ ഉത്തരം ചെയ്യാന്‍ കല്ല് മഹാത്മാവ് അല്ലല്ലോ. പൈശാചിക സേവയാണങ്കില് ഇസ്ലാം ആ വഴി കൊട്ടിയടച്ചതുമാണ്. എന്നാല്‍ കല്ല് വിഗ്രഹമാണെങ്കില്‍ അത് ബഹുദൈവാരാധകരുടെ മാത്രം പണിയായി. അത് ബഹുദൈവാരാധനയുമായി.
മുഴുവന്‍ അഭൗതിക പ്രവര്‍ത്തനങ്ങളുടെയും കര്‍ത്താവും സ്രഷ്ടാവുമൊക്കെ പടച്ചവന് മാത്രമാകുന്നു. അതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവില്‍ നിന്നേ ഉണ്ടാവൂ. അത് അല്ലാഹു അല്ലാത്തവര്‍ക്ക് ഉണ്ടാകും എന്ന് വിശ്വസിച്ചാല്‍ സ്രഷ്ടാവിന് മാത്രമുള്ള കഴിവ് സൃഷ്ടികള്‍ക്ക് കൊടുത്ത കാരണത്താല്‍ ആ വിശ്വാസം ബഹുദൈവാരാധനയായി എന്നാണ് വാദം.
മറുപടി: മുഅ്ജിസത്തുകള്‍- പ്രവാചകന്മാര്ക്കുള്ള അമാനുഷിക സിദ്ധികള്‍ അഭൗതിക കാര്യങ്ങളാണല്ലോ. അവയില്‍ ധാരാളം കാര്യങ്ങള്‍ പ്രവാചകന്മാര് തന്നെ നേരിട്ട് ചെയ്യുന്നതാണ്. ഉദാഹരണം പറയാം. നബി മുഹമ്മദ്(സ) തന്റെ പിറകിലുള്ളത് കാണുന്നു. അഭൗതികമായ കാഴ്ചയല്ലേ? ആരാണ് കണ്ടത്? തിരുനബി! നാളെ ബദ്റില്‍, അബൂജഹ്ല് എവിടെയാണ് കൊല്ലപ്പെടുക എന്ന് തിരുനബി ഇന്ന് പറയുന്നു. അഭൗതികമായ അറിവാണിത്. ആരാണ് അറിഞ്ഞത്? തിരുനബി തന്നെ.7 ദിവസമുള്ള യാത്ര ഒരു ദിവസം കൊണ്ട് ഒരു മഹാത്മാവ് സഞ്ചരിക്കുമ്പോള്‍ അവിടെ സഞ്ചരിക്കുന്നത് ആരാണ്? വലിയ്യ് തന്നെ. അല്ലാഹു സഞ്ചരിക്കുകയല്ലല്ലോ. ഇത്തരം കാഴ്ചകളും അറിവുകളും കഴിവുകളും മറ്റും എപ്പോഴെങ്കിലും തിരുനബി മുഹമ്മദ്(സ) അറിയാതെ അവിടുത്തെ മേല്‍ പൊട്ടിവീഴുന്നതൊന്നുമല്ല. അതവരുടെ കഴിവില്‍ പെട്ട കാര്യങ്ങളാണ് എന്നതാണ് പണ്ഡിത പക്ഷം. ഇമാം ആമിദി(റ) ഈ പക്ഷമാണ് ശരിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അടിമകള്‍ ഫര്‍ളുകളും സുന്നത്തുകളും പതിവാക്കി അല്ലാഹുവിലേക്ക് അടുക്കുമ്പോള്‍ ദൂരെയുള്ളത് കാണാനും കേള്‍ക്കാനും പറ്റും വിധം അവരുടെ അവയവങ്ങള്‍ക്ക് അല്ലാഹു ശക്തി പകരുമെന്ന് ഇമാം റാസി, ഇബ്നു ഹജറില്‍ അസ്ഖലാനി തുടങ്ങിയ പണ്ഡിതര്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാഴ്ച, കേള്‍വി തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകമായ സിദ്ധി തന്നെ പ്രവാചകന്മാര്ക്ക് അല്ലാഹു നല്‍കിയതായി ഇമാം ഗസ്സാലിയും(റ) വ്യക്തമാക്കിയിട്ടുണ്ട്. അമാനുഷിക സിദ്ധിയാല്‍ ഒരു മഹാത്മാവ് പറക്കുന്നു എന്ന് സങ്കല്പിക്കുക. മനുഷ്യന് പറക്കാന്‍ കഴിയില്ല, അല്ലാഹുവിന് മാത്രമേ അഭൗതിക കാര്യങ്ങള്‍ കഴിയൂ എന്ന് പറഞ്ഞാല്‍ പറക്കുന്നത് അല്ലാഹുവാണ് എന്ന് പറയേണ്ടിവരില്ലേ?
അമാനുഷികമായ സിദ്ധികള്‍ അല്ലാഹുവിന്റെ മാത്രം കഴിവാണെന്നും അല്ലാഹു ഒരോ സന്ദര്‍ഭത്തിലും അവയെ പ്രവാചകന്മാരില് സൃഷ്ടിക്കുകയാണന്നും വാദത്തിന് വേണ്ടി സങ്കല്പിക്കുക. എന്നാല്‍ തന്നെയും പ്രവാചകന്മാരോട് അല്ലാഹു നല്കുന്ന മുഅ്ജിസത് കൊണ്ട് സഹായിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ അത് ബഹുദൈവാരാധനയാവുമോ?
ബധിരനായ ഒരാളോട് എന്നെ സഹായിക്കണേ എന്ന് വിളിച്ചാര്‍ത്താല്‍ ശിര്‍ക്കാവുമോ? അയാള്‍ക്ക് കേള്‍ക്കാനുള്ള ശക്തി സാധാരണഗതിയില്‍ നല്‍കിയിട്ടില്ല എന്നത് കൊണ്ട് അല്ലാഹു ഒരിക്കലും നല്‍കില്ല എന്നില്ലല്ലോ. വല്ലപ്പോഴെങ്കിലും നല്കാമല്ലോ. നല്കിയാല് കേള്‍ക്കാമല്ലോ. ഇനി തീരെ കേട്ടില്ല എന്നത് കൊണ്ട് അയാളെ സഹായം കിട്ടില്ല എന്നല്ലാതെ ശിര്‍ക്കാണെന്ന് എങ്ങനെയാണാവോ വരിക!
എന്നാല്‍ ചില അമാനുഷിക സിദ്ധികളുണ്ട്. അവയുടെ കര്‍ത്താവ് തന്നെ അല്ലാഹുവാണ്. മരിച്ചവരെ ജീവിപ്പിക്കുന്നത് പോലെ. വഴിപിഴച്ചവരെ ഹിദായത്തിലേക്ക് ചേര്‍ക്കുന്നത് പോലെ. രോഗികളെ ഭേദമാക്കുന്നത് പോലെ. ഇവിടെ പ്രവാചകന്മാര് ഇക്കാര്യങ്ങള്‍ നേരിട്ട് ചെയ്യുന്നില്ല. അതിന് കാരണങ്ങളായി അല്ലാഹു നിശ്ചയിച്ച പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഉദാഹരണം ഈസാ നബി മൃതദേഹത്തോട് ‘ഖും ബി ഇദ്നില്ലാഹ്’ എന്നുപറയുമ്പോള്‍ മരിച്ച മനുഷ്യന് എഴുന്നേല്ക്കുന്നു. ഇവിടെ പറയുന്നത് ഈസാനബിയും ജീവിപ്പിക്കുന്നത് അല്ലാഹുവുമാണ്. തിരുനബിയെ ഒരാള്‍ സമീപിക്കുന്നു, അവിടുന്ന് അദ്ദേഹത്തോട് മാന്യമായി പെരുമാറുന്നു. അദ്ദേഹം ഇസ്ലാം സ്വീകരിക്കുന്നു. ഇവിടെ തിരുനബിയുടെ പെരുമാറ്റം കാരണമായി അദ്ദേഹത്തെ ഇസ്ലാമിലേക്ക് ഹിദായത്താക്കുന്നത് അല്ലാഹുവാണ്. ഈസാനബി കുഷ്ഠരോഗിയെ തടവുന്നു. അദ്ദേഹത്തിന്റെ രോഗം സുഖമാവുന്നു.ഇവിടെ തടവുന്നത് ഈസാനബിയും രോഗം മാറ്റുന്നത് അല്ലാഹുവുമാണ്. എങ്കിലും ഈസാ നബി ജീവിപ്പിച്ചു, സുഖപ്പെടുത്തി, തിരുനബി ഹിദായത്താക്കി എന്നൊക്കെ നമ്മള് പറയാറുണ്ട്. ഖുര്‍ആനിലും ഹദീസിലും ഇത്തരം പ്രയോഗങ്ങള്‍ എമ്പാടുമുണ്ട്. ഡോക്ടര്‍ രോഗം സുഖപ്പെടുത്തി എന്നു പറയുമ്പോഴും വിഷയം ഇപ്രകാരം തന്നെയാണ്.സാധാരണമായ പ്രയോഗമാണ് അത്.
അങ്ങനെ പറയുമ്പോള്‍ ഈസാനബി/ തിരുനബി /ഡോക്ടര്‍ എന്നിവര്‍ യഥാക്രമം ജീവന് ലഭിക്കുന്നതിന് / ഹിദായത്ത് ലഭിക്കുന്നതിന് /രോഗം സുഖമാകുന്നതിന് കാരണക്കാരായി എന്നുമാത്രമേ വിശ്വാസികള്‍ മനസിലാക്കുന്നുള്ളൂ. ഇത്തരം കാര്യങ്ങളില്‍ പ്രവാചകന്മാര്ക്ക് സ്വേച്ഛ പോലെ(കസ്ബ്) ചെയ്യാനാവില്ല. എങ്കിലും അതിന്റെ കാരണങ്ങളില്‍ അവര്‍ക്ക് സ്വേച്ഛമാവാം. മാത്രവുമല്ല ആ പ്രവര്‍ത്തനവുമായി ബന്ധപ്പെടുമ്പോള്‍ ആ അത്ഭുതം സംഭവിക്കാന്‍ അവര്‍ക്ക് തേടുകയോ ആഗ്രഹിക്കുകയോ(ത്വലബ്, തമന്നീ) ചെയ്യാം. അപ്പോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് അല്ലാഹു അത് സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. ഈ വിശാല അര്‍ത്ഥത്തില്‍ പ്രവാചകന്മാര്ക്കും മഹാത്മാക്കള്‍ക്കും അമാനുഷിക സിദ്ധികളില്‍(മുഅ്ജിസത്ത്, കറാമത്) ഇഖ്തിയാര്‍ ഉണ്ടെന്ന് പറയാം. ഇമാം നവവിയും ഇബ്നുല്‍ ഹജറില്‍ അസ്ഖലാനിയുമൊക്കെ അക്കാര്യം (ഇഖ്തിയാര്‍ ഉണ്ടെന്ന കാര്യം) തുറന്നുപറഞ്ഞിട്ടുമുണ്ടല്ലോ.
അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങള്‍ അവരോട് ആവശ്യപ്പെടുന്നത് ഫലപ്രദം തന്നെയാണ്; ശിര്‍ക്കാണെന്ന് പറയാന്‍ ഒരു ന്യായവുമില്ല. അല്ലാഹുവിന് പ്രത്യേകമായ കാര്യം മഹാന്മാര് ചെയ്യണമെന്ന് ഇവിടെ ആവശ്യപ്പെടുന്നില്ല. മറിച്ച് അല്ലാഹു അത്തരം കാര്യങ്ങള്‍ സാധിപ്പിച്ചു തരാന്‍ ഇവര്‍ കാരണക്കാര്‍ ആവണമെന്നാണ് തേടുന്നത്. ഈസാനബിയേ, എന്റെ കുഞ്ഞിനെ ജീവിപ്പിച്ചു തരണേ എന്ന് ഒരാള്‍ ആവശ്യപ്പെട്ടാല്‍, അല്ലാഹു എന്റെ കുഞ്ഞിനെ ജീവിപ്പിക്കാന്‍ നിങ്ങള്‍ കാരണമായി വര്‍ത്തിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. കാരണം ആവുകയെന്നത് അല്ലാഹുവിന്റെ പണിയല്ല. കാരണങ്ങള്‍ സൃഷ്ടിക്കുന്നവനാണ് അല്ലാഹു. അപ്പോള്‍ സൃഷ്ടികള്‍ക്ക് കഴിയുന്നതേ സൃഷ്ടിയോട് ചോദിക്കുന്നുള്ളൂ. ഡോക്ടറേ, എന്റെ രോഗം സുഖപ്പെടുത്തി തരണേ എന്ന് ഒരു മുസ്ലിം ആവശ്യപ്പെട്ടാലും ഇതുതന്നെയാണ് വിവക്ഷ. എന്റെ രോഗം മാറ്റുന്നവന് അല്ലാഹുവാണ്. അവന് എന്റെ രോഗം മാറ്റുവാന്‍ നിങ്ങള്‍ കാരണമാകണം. നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ (പരിശോധന, രോഗ നിര്‍ണയം, മരുന്ന് എഴുത്ത് തുടങ്ങിയവ) ചെയ്യണേ എന്നാണതിനര്‍ത്ഥം. സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിന് പുറത്തുള്ള കാര്യങ്ങള്‍ ഇവിടെ ആരും അല്ലാഹുവല്ലാത്തവരോട് ചോദിക്കുന്നില്ല. അതുകൊണ്ടുതന്നെ സലഫികള്‍ പടച്ചുണ്ടാക്കിയ പുതിയ നിര്‍വചനപ്രകാരവും ശിര്‍ക്ക് ആവുന്നില്ല.
എന്നാല്‍ ഇത്തരം തേട്ടങ്ങളില്‍ മുന്‍ഗാമികള്‍ സൂക്ഷിച്ച അദബും സൂക്ഷ്മതയും ഈയിടെ നഷ്ടപ്പെട്ടതായി കാണപ്പെടുന്നു. ‘ദുആ’ അല്ലാഹു അല്ലാത്തവരോട് ചെയ്യുന്നത് ശിര്‍ക്കാണെന്ന് ഖുര്‍ആനില്‍ നിന്ന് വ്യക്തമാണ്. ഭാഷാര്‍ത്ഥത്തിലുള്ള എല്ലാ ദുആയും ശിര്‍ക്കിന്റെ പരിധിയില്‍ പെടില്ല എന്നതും വ്യക്തമാണ്. ദൈവികഗുണങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ശക്തിക്കുള്ള തേട്ടങ്ങളാണ് സാങ്കേതികര്ത്ഥത്തിലുള്ള ദുആ (ആരാധനയായ ദുആ). ദൈവത്തിന് സവിശേഷമായ ഗുണങ്ങള്‍ മഹാത്മാക്കളില്‍ ഉണ്ടെന്ന് വിശ്വസിച്ച് കൊണ്ട് ഒരു സുന്നിയും ഒരു മഹാത്മാവിനോടും ഒന്നും തേടുന്നില്ല; അങ്ങനെ ആരെങ്കിലും തേടുന്നുണ്ടെങ്കില്‍ അവന് സുന്നിയുമല്ല.
എന്നാല്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി മേല്വിശ്വാസമില്ലാതെ ആരോടും എന്തും എപ്പോഴും എങ്ങനെയും തേടാമെന്ന് അര്‍ത്ഥമില്ല. അലങ്കാരങ്ങള്‍ സര്‍വസാധാരണമായ കവിതകളില്‍ ഇത്തരം പ്രയോഗങ്ങള്‍ ധാരാളമുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, ഒരു ലൈസന്‍സുമില്ലാതെ ചേക്കേറിക്കൊണ്ടിരിക്കുന്ന മുന്‍മാതൃകകളില്ലാത്ത ഉത്തരാധുനിക ഇസ്തിഗാസകള്‍ അപകടങ്ങള്‍ വിളിച്ചുവരുത്തും. ആലങ്കാരികമായി മാത്രം സൃഷ്ടികള്‍ക്ക് പറയപ്പെടുന്ന കാര്യങ്ങള്‍, പച്ചമലയാളത്തില്‍, കൈകളുയര്‍ത്തി, ജനാവലിയെ മുന്നില്‍ നിര്‍ത്തി, പൊതുസ്റ്റേജുകളില്‍ വെച്ച് ഉപ്പാപ്പാ എന്ന് നീട്ടി വിളിച്ചു തേടുകയും അതുകേട്ട് സാധാരണക്കാരായ ജനങ്ങള്‍ ആമീന്‍ പറയുകയും ചെയ്യുമ്പോള്‍ അത് സാങ്കേതികാര്‍ത്ഥത്തില്‍ ഉള്ള പ്രാര്‍ത്ഥനയായി ആരെങ്കിലും തെറ്റിദ്ധരിക്കാനുള്ള സാധ്യത വിദൂരമല്ല. അതിനെ പ്രാര്‍ത്ഥന എന്ന് നമ്മള് തന്നെ വിശേഷിപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും. ഇത്തരം വിളിച്ചു പ്രാര്‍ത്ഥനകള്‍ ഒന്നും മുന്‍ഗാമികളായ കേരളീയ പണ്ഡിതന്മാര് നമ്മെ പഠിപ്പിച്ചിട്ടില്ല. ഇസ്തിഗാസയും ദുആയും രണ്ടായി തന്നെ ജനങ്ങള്‍ക്ക് മനസിലാകുന്ന രൂപത്തിലാണ് മുന്‍ഗാമികള്‍ നമ്മെ പഠിപ്പിച്ചത്. ഇത് സംബന്ധമായ ഒരു ചോദ്യത്തിന് ഉസ്താദ് കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര് പറഞ്ഞത് പോലെ, ഇര്‍തകബ്തു അടക്കമുള്ള ഇസ്തിഗാസകള്‍ ചെയ്ത നമ്മള് അവസാനം കൈകള്‍ ഉയര്‍ത്തി അല്ലാഹുവിനോട് ദുആ ചെയ്യാറുണ്ട്. ഖുത്ബിയ്യത്തില്‍ ആയിരം വട്ടം ശൈഖിനെ വിളിച്ച (ഇസ്തിഗാസ ചെയ്ത) ശേഷം അവസാനം ദുആ ചെയ്യുന്നത് അല്ലാഹുവിനോടാണ്. സാധാരണക്കാര്‍ തെറ്റിദ്ധരിക്കുന്ന അവസ്ഥ ഒഴിവാക്കണം.
അല്ലാഹു അല്ലാത്തവരോട് ഒരു മുസ്ലിമും പറയുന്നത് കേള്‍ക്കാന്‍ സാധിക്കുകയില്ല എന്നാണ് മൂസാന്‍ കുട്ടി മുസ്ലിയാര് തന്റെ ഗ്രന്ഥത്തില്‍ പറയുന്നത്. അല്ലാഹുവല്ലാത്തവരോട് സുന്നികള്‍ നടത്തുന്ന പ്രാര്‍ത്ഥനക്ക് തെളിവുണ്ടോ എന്ന് വഹാബി സ്റ്റേജില്‍നിന്ന്/പേജില്‍ നിന്ന് ചോദിക്കുമ്പോള്‍ അതെ എന്നു പറഞ്ഞ ഉത്തരങ്ങള്‍ നമുക്ക് സ്വതന്ത്രമായി എവിടെയും ആ പദങ്ങള്‍ ഉപയോഗിക്കാം എന്നതിന് അനുവാദപത്രം അല്ല. അവര്‍ പ്രയോഗിക്കുന്ന പ്രാര്‍ത്ഥന എന്നത് നമ്മള് ചെയ്യുന്ന ഇസ്തിഗാസയാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അങ്ങനെ ഉത്തരങ്ങള്‍ വരുന്നത്. അത്തരം ചില പ്രത്യേകസാഹചര്യങ്ങളില്‍ നടത്തപ്പെടുന്ന പ്രയോഗങ്ങളെ സാമാന്യവല്‍കരിക്കുന്നത് ഉചിതമല്ല.പ്രത്യക്ഷത്തില്‍ രണ്ടിനെയും രണ്ടാക്കി മനസിലാക്കാനുള്ള ബാഹ്യ അടയാളങ്ങളെയും ഇല്ലാതാക്കുന്ന ന്യൂ മോഡല്‍ ഇസ്തിഗാസകള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. പലപ്പോഴും അവ അപകടകരമാണ്.
ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി
You must be logged in to post a comment Login