ഹള്‌റമികളുടെ വ്യാപനം

ഹള്‌റമികളുടെ വ്യാപനം

ഹള്‌റമി സയ്യിദിന്റെ സാന്നിധ്യം അതാത് നാടുകളിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഭവിച്ചു. ദരിദ്രരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ നാനാജാതി മതസ്ഥരും അവരുടെ ആവലാതികള്‍ പറയാനും ആഗ്രഹ സാഫല്യത്തിനും വേണ്ടി ഹള്‌റമികളെ സമീപിച്ചുപോന്നു. ഇവര്‍ക്ക് മന്ത്ര ജപ ശക്തികൊണ്ട് രോഗങ്ങള്‍ സുഖപ്പെടുത്താനാകുമെന്നും കാര്യങ്ങള്‍ സാധിക്കാമെന്നും ജനങ്ങള്‍ വിശ്വസിച്ചു. ഇത്തരത്തില്‍ ഹള്‌റമികളുടെ പ്രാര്‍ത്ഥനയോടെ കാര്യങ്ങള്‍ സാധിച്ചുകിട്ടിയാല്‍ പലരും ഇസ്‌ലാം സ്വീകരിക്കാന്‍ മുന്നോട്ടുവരികയും ചെയ്തിരുന്നു. ഒരു സയ്യിദിന്റെ സാന്നിധ്യം തന്നെ മതി ഒരു ഗ്രാമം മുഴുവനായി ഇസ്‌ലാം സ്വീകരിക്കാന്‍. ഇങ്ങനെ മതം മാറുന്നവര്‍ക്ക് ആതിഥേയ മതക്കാര്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമായിരുന്നു. തെക്കു കിഴക്കനേഷ്യയിലെ തീരങ്ങളില്‍ ഇങ്ങനെയുള്ള മതം മാറ്റങ്ങളാണ് ആ പ്രദേശങ്ങളെ മുഴുവന്‍ ഇസ്‌ലാമികവത്കരിച്ചത്. ഇന്ത്യയിലും കിഴക്കനാഫ്രിക്കയിലും മുസ്‌ലിം തുരുത്തുകള്‍ പ്രത്യക്ഷപ്പെട്ടതും സയ്യിദുമാരുടെ സാന്നിധ്യത്തില്‍ നടന്ന മതം മാറ്റങ്ങളിലൂടെയാണ്. എന്നാല്‍ മതം മാറ്റം ഒരു പ്രൊഫഷനായി ഈ സയ്യിദുമാര്‍ സ്വീകരിച്ചു കാണുന്നില്ല. ജനസേവനമാണ് അവര്‍ മതത്തിന്റെ മുഖമുദ്രയായി കണ്ടത്. മതമോ നിറമോ നോക്കാതെ തങ്ങളുടെ സന്നിധിയില്‍ വന്ന ആര്‍ക്കും ആശ്വാസം നല്‍കാന്‍ സയ്യിദുമാര്‍ തയാറായി. ഇവരുടെ സ്‌നേഹവായ്പും സൗഹൃദവും സത്യസന്ധതയുമാണ് ജനങ്ങളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചത്. കൊളോണിയന്‍ ആധിപത്യം വന്നപ്പോള്‍ അവരുടെയും പ്രദേശിക രാജാക്കന്‍മാരുടെയും ഇടയ്ക്കുള്ള കണ്ണിയായി വര്‍ത്തിക്കാനും സയ്യിദുമാര്‍ക്ക് കഴിഞ്ഞു. ചലേടങ്ങളില്‍ കൊളോണിയല്‍വിരുദ്ധ സമരങ്ങളില്‍ സജീവമായെങ്കിലും പലേടത്തും കൊളോണിയലിസ്റ്റുകളുമായി സൗഹൃദം പുലര്‍ത്താനും സയ്യിദുമാരായിരുന്നു മുന്നില്‍. പല സയ്യിദുമാരെയും പദവികള്‍ നല്‍കി ബ്രിട്ടീഷ് ഗവണ്‍മെന്റ് ആദരിച്ചിരുന്നു. മലബാറില്‍ ബ്രിട്ടീഷുകാരുടെ ഇഷ്ടക്കാരായ സയ്യിദുമാര്‍ക്ക് ഖാന്‍ ബഹാദൂര്‍ തുടങ്ങിയ പട്ടങ്ങള്‍ നല്‍കിയിരുന്നു. അതേസമയം മലബാറിലെ ബ്രിട്ടീഷ്‌വിരുദ്ധരായ മമ്പുറം തങ്ങള്‍, പുത്രന്‍ ഫള്ല്‍ തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍ തുടങ്ങിയവരെ അനുനയിപ്പിക്കാനും ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. ഇവരോട് കര്‍ക്കശ നയം പുലര്‍ത്തുന്നത് കലാപങ്ങള്‍ക്ക് കാരണമാവുമെന്ന ഭയമായിരുന്നു ഇതിന് കാരണം.

സഞ്ചാരം
ഹള്‌റമി ബാഅലവി സയ്യിദ് കുടുംബങ്ങളുടെ കുടിയേറ്റം ഒരു ഗവേഷണ വിഷയം തന്നെയാണ്. പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിലാണ് ഏഷ്യ ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ള പലായനം കൂടുതലായി നടന്നത്. എന്നാല്‍ ഇന്ത്യ, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലേക്ക് പതിനേഴാം നൂറ്റാണ്ടു മുതലാണ് സഞ്ചാരം തുടങ്ങുന്നത്. ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തെ മൊഗാദിഷു, സന്‍സിബാര്‍, മഡഗാസ്‌കര്‍, കൊമോറോ, കെനിയ, കില്‍വ, മലാവി, മൊംബസ, സുഫാല എന്നിവിടങ്ങളിലേക്ക് നാല്‍പത് ബാഅലവി വംശങ്ങള്‍ വരെ കുടിയേറി. ഇന്ത്യയിലെ കുടിയേറ്റം നടന്നത് ബീജാപൂര്‍, അഹ്മദാബാദ്, ബ്രോച്ച്, ഹൈദരാബാദ്, ഗുജറാത്, ഡല്‍ഹി, ബറോഡ, കൊല്‍ക്കത്ത, മലബാര്‍, കൊറൊമാണ്ടല്‍ എന്നിവിടങ്ങളിലേക്കാണ്. തെക്കു കിഴക്കനേഷ്യയില്‍ മലായ്, ആഷെ, ജാവ, സുമാത്ര, ബ്രൂണെ, തിമോര്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍. ഹിജാസ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും ഹള്‌റമികള്‍ പേയി. റിച്ചാഡ് ബര്‍ട്ടന്റെ റിപ്പോര്‍ട്ട് പ്രകാരം 1430ല്‍ കിഴക്കന്‍ ആഫ്രിക്കയില്‍ 43 ഹള്‌റമി വംശങ്ങളുണ്ടായിരുന്നു. പത്താം നൂറ്റാണ്ടില്‍ ഹസ്രത് അലവി ഇബ്‌നു ഉബൈദുല്ലയുടെ 8300 പിന്‍ഗാമികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി മത പ്രബോധനത്തിലേര്‍പ്പെട്ടിരുന്നു എന്ന് സയ്യിദ് ഫസല്‍ രേഖപ്പെടുത്തുന്നു. 1400ന് ശേഷം ഹള്‌റമികള്‍ തങ്ങളുടെ ആത്മീയശക്തി ഭൗതികപുരോഗതിക്കായി ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു. വ്യാപാരത്തിലാണ് ഇതേറ്റവും പ്രകടമായത്. ഹള്‌റമികള്‍ തന്നെ പലരും ഇതുവഴി സമ്പന്നരാവുകയും ചെയ്തു. ഇവര്‍ സത്യസന്ധമായ വ്യാപാരം നടത്തിയതിനാല്‍ ചെറുകിട കച്ചവടക്കാരും നാട്ടുരാജാക്കന്‍മാരും ഇവരെ വിശ്വസിച്ചു. ഇക്കാലത്ത് തന്നെ ഇവര്‍ പേരിനൊപ്പം സാഹിബ് എന്ന് കൂടി വിശേഷിപ്പിക്കാന്‍ തുടങ്ങി. പിന്നീടത് എല്ലാവര്‍ക്കും ബഹുമാനപൂര്‍വം ഉപയോഗിക്കുന്ന ഒരു പദമായി മാറി. പതിനാറാം നൂറ്റാണ്ടോട് കൂടെ എഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഹള്‌റമികള്‍ ജനങ്ങളുടെയും നാടിന്റെയും തന്നെ സംരക്ഷകരായി. രാജാവും പ്രജയും അവരെ ആശ്രയിച്ചു പോന്നു. സാധാരണക്കാരില്‍ അവര്‍ അഭൂതപൂര്‍വമായ സ്വാധീനം തേടി.
പറങ്കികളുടെ കാലത്ത് മുസ്‌ലിം വ്യാപാരത്തില്‍ ഇടിവ് സംഭവിച്ചെങ്കിലും ഹദ്‌റമികളുടെ സഞ്ചാരത്തെ അതൊട്ടും ബാധിച്ചില്ല. അതേസമയം പറങ്കികള്‍ക്കെതിരായ ചെറുത്തുനില്പുകള്‍ക്ക് ഇവര്‍ ഇന്തോനേഷ്യന്‍ ദ്വീപുകളിലും മറ്റും നേതൃത്വം നല്‍കി. പറങ്കികളുടെ പതനത്തോടെ മുസ്‌ലിം കച്ചവടത്തിന് തിരിച്ചുവരവുണ്ടായി. സംരക്ഷണം നല്‍കാന്‍ മുസ്‌ലിംകള്‍ക്കേ കഴിയൂ എന്ന് ചെറുത്തു നില്‍പുകളില്‍ നിന്ന് വ്യാപാരികള്‍ മനസിലാക്കുകയും ഇസ്‌ലാമിന്റെ ആത്മീയമായ വിസ്മയങ്ങളെ അവര്‍ കൂടുതല്‍ മുറുകെ പിടിച്ചു പോരുകയും ചെയ്തു. മതം മാറിയില്ലെങ്കിലും മറ്റു വ്യാപാരികളും ആത്മീയപുരുഷന്‍മാരായ ഹള്‌റമികളെ തങ്ങളുടെ സംരക്ഷണം ഏല്‍പിച്ചു. ഇവരുടെ ഉറുക്കുകളും, മന്ത്രച്ചരടുകളും കപ്പലുകളില്‍ സൂക്ഷിച്ചുപോന്നു. മുസ്‌ലിംകള്‍ ഹള്‌റമികളുടെ ബാ അലവി സൂഫീ മാര്‍ഗം പിന്തുടര്‍ന്നുകൊണ്ട് അവരുടെ ദിക്‌റുകളും കീര്‍ത്തനങ്ങളും സ്വീകരിച്ചു. സ്തുതി കീര്‍ത്തനങ്ങളും ഭക്തികാവ്യങ്ങളും വ്യാപകമായി. ശൈഖ് മുഹ്‌യിദ്ദീന്‍, സയ്യിദ് അലവി, അലവി ഹദ്ദാദ്, ശാദുലി തുടങ്ങിയ സൂഫീ ഗുരുവര്യന്‍മാര്‍ കൂടുതല്‍ വാഴ്ത്തപ്പെട്ടു. ഇത്തരം കാവ്യങ്ങളടങ്ങിയ ഏടുകളും പുസ്തകങ്ങളും കപ്പലുകളില്‍ സൂക്ഷിക്കുകയും പതിവായി പാരായണം ചെയ്യുകയും ചെയ്തു. ഈ പുസ്തകങ്ങള്‍ സഫീന എന്നറിയപ്പെട്ടു. സഫീന എന്നാല്‍ കപ്പല്‍ എന്നര്‍ത്ഥം. പറങ്കികളും പിന്നീട് ഡച്ചുകാരും ബ്രിട്ടീഷുകാരും ഹള്‌റമികളുടെ സ്വാധീനം മുന്‍നിറുത്തി അവരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചു. ഗോവയിലെ പറങ്കി ഭരണകൂടം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവും സൃഷ്ടിച്ചില്ല. അങ്ങനെ മാര്‍ട്ടിന്‍ രേഖപ്പെടുത്തിയ പോലെ പറങ്കികളുടെ കാലത്ത് ദുര്‍ബലമായ മുസ്‌ലിം വ്യാപാരത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശക്തി പകര്‍ന്നതും സഹായിച്ചതും ഹള്‌റമികളായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ ഹള്‌റമികളുടെ സഞ്ചാരം വര്‍ധിക്കുകയും അവര്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലാകെ ഒരു ശൃംഖല തന്നെ സ്ഥാപിക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടില്‍ കിഴക്കനാഫ്രിക്കയില്‍ എത്തിയ ജമലുല്ലൈലി വംശം അവരുടെ സ്വാധീനം മലബാറിലേക്കും ഇന്തോനേഷ്യയിലേക്കും വ്യാപിപ്പിച്ചു. ഇന്തോനേഷ്യയിലെ ആഷെയില്‍ അവര്‍ ഭരണം തന്നെ സ്ഥാപിച്ചു. ആഷെയില്‍ നിന്നാണ് ജമലുല്ലൈലി കുടുംബം മലബാറിലെത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തടി, അരി വ്യാപാരത്തില്‍ മുസ്‌ലിംകളും ബ്രിട്ടീഷുകാരും കൈകോര്‍ത്തിരുന്നു. ഹദ്‌റമികളും ഈ വ്യാപാരത്തില്‍ മുന്നോട്ടുവന്നു. ഇക്കാലത്ത് മലബാറിലേക്കും തെക്കു കിഴക്കനേഷ്യയിലേക്കും ഹള്‌റമികളുടെ വ്യാപകമായ കുടിയേറ്റമുണ്ടായി. മലബാറില്‍ ബാഫഖി, ജിഫ്രി കുടുംബവും മലായ് ദേശത്ത് സഖാഫ് കുടുംബവും വ്യാപാരത്തില്‍ മുന്നിട്ടുനിന്നു. അരി വ്യാപാരത്തില്‍ മുന്നിട്ടുനിന്ന ബാഫഖി വംശത്തിന് മലായ്, ബര്‍മ, സിംഗപ്പൂര്‍, കറാച്ചി ലക്ഷദ്വീപ് എന്നിവിടങ്ങളിലും പാണ്ടികശാലകളുണ്ടായിരുന്നു.
1809ലെ വഹാബി ആക്രമണ കാലത്ത് നിരവധി കുടുംബങ്ങള്‍ ഹൈദരാബാദിലേക്ക് വന്നു. അവരെ ഹൈദരാബാദ് നൈസാം സൈനിക സേവനത്തിന് നിയമിച്ചു. കുറേ പേര്‍ വ്യാപാരത്തിലും പലരും ആത്മീയ സേവനത്തിലും മുഴുകി. പത്തൊമ്പതാം നൂറ്റാണ്ട് കാലത്ത് ഹളര്‍മൗതില്‍ ക്ഷാമം വര്‍ധിക്കുകയായിരുന്നു. ആഭ്യന്തര യുദ്ധങ്ങള്‍ മൂലം കൃഷി നശിക്കുകയും ചെയ്തു. ഇക്കാലത്ത് ചെറുപ്പക്കാരായ സയ്യിദുകളടക്കമുള്ള ഒട്ടേറെ പേര്‍ ഹിജാസ്, ഇന്ത്യ, കിഴക്കനാഫ്രിക്ക, ഏദന്‍, തെക്കു കിഴക്കനേഷ്യ എന്നിവിടങ്ങളിലേക്ക് കുടിയേറി. പലരും തങ്ങളുടെ പൂര്‍വികരെ തേടിയാണ് ഈ സ്ഥലങ്ങളിലെത്തിയത്. ഇക്കാലത്ത് തന്നെ കിഴക്കനാഫ്രിക്കയിലെ കൊമോറോയില്‍ സുല്‍ത്താന്‍ സയ്യിദ് അഹ്മദും, തെക്കുകിഴക്കനേഷ്യയിലെ പെര്‍ലിസില്‍ സയ്യിദ് ഹുസൈന്‍ ജമലുല്ലൈലിയും സുല്‍ത്താന്‍മാരായി. മലയയിലെ ജോഹോറിലുള്ള ഒരു സയ്യിദ് വംശജന്‍ ഫിലിപ്പൈന്‍സിലെ മെയിന്‍ദാനോയില്‍ ചെന്ന് അവിടത്തെ ഭരണാധികാരിയുടെ മകളെ വിവാഹം ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് സയ്യിദ് വംശജരുടെ കുടിയേറ്റ കേന്ദ്രങ്ങളായ മസ്‌കത്ത്, കിഴക്കനാഫ്രിക്ക, തെക്കുകിഴക്കനേഷ്യ, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ക്കധീനമായി കഴിഞ്ഞിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യാപാരത്തെ ഏകോപിപ്പിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തിന്റെ ഫലമായി ആവിക്കപ്പലുകളടക്കം സഞ്ചാരം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ കൊണ്ടുവന്നു. ഇത് ഹള്‌റമികളുടെ സഞ്ചാരത്തിനും ആക്കം കൂട്ടി. ഇന്ന് ഹളര്‍മൗതിലുള്ളതിനെക്കാള്‍ കൂടുതല്‍ ഹദ്‌റമികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലായുണ്ട്. ഇവര്‍ പതിനഞ്ച് ദശലക്ഷത്തോളം വരും. അവരിന്നും അവരുടെ കുടുംബ മഹിമ ഉയര്‍ത്തിപ്പിടിച്ചു തന്നെ ജീവിക്കുന്നു.

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login