സമ്പന്നമായിരുന്നു ആ അറബിമലയാളകാലം

സമ്പന്നമായിരുന്നു ആ അറബിമലയാളകാലം

മലബാര്‍! കേരളത്തിന്റെ വടക്കുഭാഗത്ത്, പടിഞ്ഞാറന്‍ കടല്‍തീരത്ത് തനിമ കൈവിടാതെ തലഉയര്‍ത്തി നില്‍ക്കുന്ന ദേശം! വിദേശികളുടെ കടല്‍കടന്നുള്ള വാണിജ്യബന്ധം മലബാറിനെ അനേകം ഭാഷകളുടെ സംഗമഭൂമിയാക്കി മാറ്റി. അറബിയാണ് മലബാറിനെ ആദ്യം ആകര്‍ഷിച്ചത്. മലയാളനാട് അറബിമലയാളമായി അതിനെ സ്വീകരിച്ചു. മറ്റുഭാഷകള്‍ അറബിമലയാളത്തില്‍ ചേര്‍ന്നുനിന്നു. ‘മലബാര്‍’ എന്ന വാക്കുതന്നെ ഭാഷകളുടെ ഉത്സവമാണ്. ‘പര്‍വതം’ എന്നര്‍ത്ഥമുള്ള ‘മല’ തമിഴനാണ്. ‘തീരം’ എന്നര്‍ത്ഥമുള്ള ‘ബാര്‍’ പേര്‍ഷ്യനും. ഇന്ന് ആ അറബിമലയാളം ആധുനികതയുടെ ചവിട്ടേറ്റ് ‘സീറ’കളും മാലകളുമായി പുസ്തകത്താളുകളില്‍ ചിതലരിക്കാനിരിക്കുന്നു.

പഴയകാലത്ത് സാക്ഷരതയുടെ മാനദണ്ഡം അറബിമലയാളമായിരുന്നു. എന്നല്ല ആ ഭാഷയിലില്ലാത്ത വിജ്ഞാനശാഖകളില്ലായിരുന്നു.
ഇന്ന് മദ്രസാ പാഠപുസ്തകത്താളുകളിലേക്ക് അവ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല, അതു കേവലം മലയാളമായി ചുരുങ്ങുകയും ചെയ്തു. മലബാറിലെ മുസ്‌ലിം സമൂഹത്തിന്റെ സാഹിത്യസാംസ്‌കാരിക മേഖലയില്‍ അറബിമലയാളം എങ്ങനെ സ്വാധീനിച്ചു? അതിന്റെ ശോചനീയാവസ്ഥക്കുള്ള കാരണമെന്ത്?

ഉദ്ഭവം, ചരിത്രം
കടല്‍കടന്നുള്ള അറബികളുടെ കേരള വ്യാപാരം സുലൈമാന്‍ നബിയുടെ കാലം തൊട്ടേ ഉണ്ടായിരുന്നു. തമിഴിന്റെ ചുവയുള്ള നാടന്‍ സംഭാഷണ രീതിയായിരുന്നു കേരളത്തില്‍ എഡി 8ന് മുമ്പുണ്ടായിരുന്നത്. പിന്നീട് ഇസ്‌ലാം മതപ്രചരണാര്‍ത്ഥം അറബികള്‍ കേരളത്തിലെത്തിയപ്പോള്‍ പ്രബോധനത്തിന് തടസ്സമായത് ഭാഷയായിരുന്നു. മലയാളത്തിന് ഏകീകൃത ലിപിവ്യവസ്ഥ ഇല്ലാതിരുന്ന അക്കാലത്ത് ഇസ്‌ലാമിക ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തികൊടുക്കാന്‍ പര്യാപ്തമായ ഒരു ഭാഷ അനിവാര്യമായിത്തീര്‍ന്നു. അങ്ങനെ അറബിയിലെയും മലയാളത്തിലെയും പദങ്ങളും ആശയങ്ങളും ചേര്‍ത്ത് പുതിയ ഭാഷാ ഭേദം രൂപപ്പെട്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുഭാഷകളിലെയും പദങ്ങള്‍ ഉള്‍പ്പെടുത്തി നാട്ടുഭാഷയുടെ വ്യാകരണത്തോടെ അറബിലിപിയില്‍ പുതിയൊരു എഴുത്തു ശൈലിയും ഉടലെടുത്തു. ഈ ഭാഷാ സംവിധാനത്തിനാണ് അറബി മലയാളം എന്നുവിളിക്കുന്നത്. ഇതിന്റെ രൂപ പരിണാമത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
അറബിലിപിയെയും അക്ഷരങ്ങളെയും ആധാരമാക്കി മലയാള ഭാഷ എഴുതാന്‍ ഒരു ലിപിയുണ്ടാക്കിയതാണ് അറബിമലയാളം. അറബിയിലെയും മലയാളത്തിലെയും അക്ഷരങ്ങള്‍ എഴുതാവുന്ന രൂപത്തില്‍ അറബി അക്ഷരമാലയില്‍ ചില കൂട്ടിചേര്‍ക്കലുകളും മാറ്റങ്ങളും വരുത്തിയാണ് ഈ ലിപി രൂപപ്പെടുത്തിയത്. അറബി ലിപി പോലെ വലത്തു നിന്നും ഇടത്തോട്ട് തന്നെയാണ് അറബിമലയാളവും എഴുതുന്നത്.
മലയാളത്തില്‍ നിന്നും വ്യതിരിക്തമായൊരു സ്വതന്ത്ര ഭാഷയല്ലയിത്. ലിപി മാത്രമാണ് അറബി. അത് വായിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും ആശയവുമെല്ലാം മലയാളം തന്നെയാണ്.
ഇന്ത്യയിലെ പ്രഥമ മുസ്‌ലിം പള്ളിയെന്ന് ചരിത്രം അടയാളപ്പെടുത്തുന്ന ചേരമാന്‍ ജുമാമസ്ജിദിന്റെ നാമം അറബിമലയാളത്തില്‍ കൊത്തിവെച്ചിട്ടുണ്ടെങ്കില്‍ ഭാഷയുടെ വൈപുല്യം എത്രത്തോളമെന്ന് മനസിലാക്കാവുന്നതാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ(റ) രചനയില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ‘മൊഴിചൊല്ലല്‍’ എന്ന വാക്കിനെ നാട്ടില്‍ പ്രസിദ്ധമായത് എന്ന്പറഞ്ഞ് പരിചയപ്പെടുത്തുന്നതും അറബിമലയാളത്തിന്റെ അടിത്തറ എത്രത്തോളം ബലമുള്ളതാണെന്ന് അടയാളപ്പെടുത്തുന്നു.

രണ്ട് വീക്ഷണങ്ങള്‍
അറബിമലയാളത്തിന്റെ ഉത്ഭവത്തിന് രണ്ട് വീക്ഷണങ്ങളാണ് പ്രധാനമായും ഉള്ളത്.
പ്രാദേശിക ഭാഷ അതിന്റെ തന്നെ ലിപി ഉപയോഗിച്ച് എഴുതുന്നതിനു പകരം അറബിലിപി ഉപയോഗിച്ച് എഴുതുന്ന രീതി അറബികള്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ് പ്രാദേശിക ഭാഷക്ക് അറബിലിപി ഉപയോഗിക്കുന്ന സമ്പ്രദായം രൂപപ്പെട്ടത് എന്നു പറയുന്നു.
അറബിത്തമിഴ്, അറബിക്കന്നട, അറബി സിന്ധി, അറബി സിംഹള, അറബി പഞ്ചാബി തുടങ്ങിയ ലിപികള്‍ ഇതിനുദാഹരണമാണ്. ആശയ വിനിമയത്തിനും മതപ്രചരണത്തിനുമായി വിദേശ ഭാഷകള്‍ അറബിലിപിയില്‍ എഴുതല്‍ അറബികളുടെ പതിവായിരുന്നു.
അറബിലിപി വിജ്ഞാനം നേടിയ തദ്ദേശീയരുടെ വ്യവഹാരശ്രമത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് അറബിമലയാളം എന്നതാണ് മറ്റൊരു കാഴ്ചപ്പാട്. മതപരമായ ആവശ്യങ്ങള്‍ക്കായി മാപ്പിളമാര്‍ അറബിലിപി വിജ്ഞാനം സ്വായത്തമാക്കുകയും അവരുടെ വ്യവഹാര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.
രണ്ടായാലും ചരിത്രപരമായ അനിവാര്യത അറബിമലയാളത്തിന്റെ വളര്‍ച്ചയെ വളരെയധികം സ്വാധീനിച്ചു എന്ന് നിസ്സംശയം പറയാനാകും.

ഭരണപിന്തുണയില്ലാത്ത ഭാഷ
ലോകത്ത് വികാസം പ്രാപിച്ച ഭാഷകള്‍ക്കെല്ലാം അധികാര പിന്തുണയുടെയും അടിച്ചേല്‍പ്പിക്കലിന്റെയും ഗന്ധമുണ്ടാകും. ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചും എഴുത്തുകാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കിയും ഭരണകൂടങ്ങള്‍ സ്വന്തം ഭാഷ അഭിവൃദ്ധിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തി. അധിനിവേശ മേഖലകളില്‍ ഭരണകൂട ഭാഷ അടിച്ചേല്‍പിച്ച ചരിത്രമുണ്ട്. എന്നാല്‍ യാതൊരുവിധ അധികാരലാളനയും ഏല്‍ക്കാതെയാണ് അറബിമലയാളം തഴച്ചുവളര്‍ന്നത്. പണ്ഡിതന്മാരുടെ അര്‍പ്പണബോധം കൊണ്ട് മാത്രമായിരുന്നു ആ വളര്‍ച്ച. അറക്കല്‍ രാജാവിന്റെ പിന്‍ഗാമികള്‍ കേരളം അടക്കിവാണിരുന്നെങ്കില്‍ മലയാളഭാഷയുടെ സര്‍വാംഗീകൃത ലിപി തന്നെ അറബിമലയാളമായി മാറുമായിരുന്നു എന്ന് ചരിത്രകാരന്‍ ശൂരനാട് കുഞ്ഞന്‍പിള്ള പറഞ്ഞിട്ടുണ്ട്(യുവകേരളം).

മലയാളസാഹിത്യത്തില്‍ ചൊലുത്തിയ സ്വാധീനം
മലയാള ഭാഷയുടെ ആശയ പ്രകാശന ശേഷിയും ഭാഷാസൗന്ദര്യവും ആഖ്യാന മാതൃകകളും പ്രമേയ വൈവിധ്യവും വര്‍ധിപ്പിക്കുന്നതില്‍ അറബിമലയാളം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മലയാളം ഒരു ജീവല്‍ഭാഷയായി മാറിയതിനു പിന്നില്‍ അറബിമലയാളത്തിന്റെ പ്രേരണ ചെറുതൊന്നുമല്ല. എഡി 1607ല്‍ ഖാളി മുഹമ്മദ് രചിച്ച മുഹ്‌യിദ്ദീന്‍ മാലയാണ് എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് പിറക്കാന്‍ ഹേതുകമായതെന്ന് ചരിത്രാവബോധമുള്ളവര്‍ക്കറിയാം. ഭക്ത കവികളായ ചെറുശ്ശേരിയും പൂന്താനവും മലബാറിന്റെ മണ്ണില്‍ കവിത വിരിയിച്ചപ്പോള്‍ അതിന് ഊര്‍ജമേകിയത് അറബിമലയാളത്തില്‍ പ്രചാരം നേടിയ ആത്മീയ കാവ്യങ്ങളായിരുന്നു. (ഡോ. സ്‌കറിയ സക്കറിയ, കേരള സംസ്‌കാര പഠനങ്ങള്‍ പുറം: 166-67).

ലിപി പരിഷ്‌കരണം
അറബി അക്ഷരമാലയിലെ അ, ബ, ത, ജ, ദ, റ, സ, ശ, ക, ല, മ, ന, വ, ഹ, യ എന്നീ പതിനഞ്ച് അക്ഷരങ്ങള്‍ക്കു മാത്രമേ സമാനമായ മലയാള ശബ്ദമുള്ളൂ. അവശേഷിക്കുന്ന പതിമൂന്ന് അക്ഷരങ്ങളെ പ്രതിനിധീകരിക്കാന്‍ പര്യാപ്തമായ മലയാള ലിപിയില്ല. അറബിമലയാളത്തിന് ഈ വക ന്യൂനതകളൊന്നുമില്ല. ഏത് ഭാഷാരൂപത്തെയും ഉള്‍കൊള്ളാനുള്ള ശേഷിയുണ്ടതിന്.
ഇരുപത്തെട്ട് അക്ഷരത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് അറബിമലയാളം തുടക്കം കുറിച്ചത്. ‘എ’ കാരവും ‘ഒ’ കാരവുമില്ല. പകരം ‘യാ’ ഉം ‘വാ’ ഉം ഉപയോഗിച്ചു. ശേഷം ള, ര, ണ, ട, ച, ങ്ങ എന്നീ ആറക്ഷരങ്ങളും ഞ്ച, റ്റ എന്നിവയും എ, ഒ എന്നിവക്ക് സ്വര ചിഹ്നങ്ങളും വര്‍ധിപ്പിച്ച് അറബിമലയാള ലിപി വിപുലീകരിച്ചു. പുരാതന അറബിമലയാളത്തിലുള്ള വെള്ളാട്ടി മസ്അല, നിസ്‌കാരപ്പാട്ട്, ഇശ്‌റൂനസ്സ്വിഫാത്, വാജിബാതുല്‍ മുസ്‌ലിമീന്‍ എന്നിവ രചിക്കപ്പെട്ടത് ഇവ്വിധമാണ്.

ഹിജ്‌റ: പതിനാലാം നൂറ്റാണ്ടിലാണ് ലിപി പരിഷ്‌കരണം പൂര്‍ണമാകുന്നത്. 51 അക്ഷരങ്ങളാണല്ലോ മലയാളത്തിലുള്ളത്. പതിനഞ്ച് സ്വരങ്ങളും മുപ്പത്തിയാറ് വ്യഞ്ജനങ്ങളും. അതില്‍ പതിനഞ്ച് അക്ഷരങ്ങള്‍ക്ക് സമാനമായ അറബി അക്ഷരങ്ങളുണ്ടെന്ന് നാം കണ്ടു. ബാക്കി വന്ന മുപ്പത്താറ് അക്ഷരങ്ങള്‍ക്ക് രൂപം കണ്ടെത്തി. അതിഖരങ്ങളും ഘോഷങ്ങളുമായ അക്ഷരങ്ങള്‍ക്ക്(ഖ, ഛ, ഠ, ഥ, ഫ, ഘ, ഝ, ഢ, ധ, ഭ) അവയുടെ വര്‍ഗാക്ഷരങ്ങളുടെ (ക, ച, ദ, ത, പ)അവസാനത്തില്‍ ‘ഹാഅ്’ ചേര്‍ത്തും ഖരങ്ങളായ ച, ട, പ, മൃദുവായ ഡ, അനുനാസികങ്ങളായ ങ്ങ, ഞ, ണ, മറ്റു വ്യഞ്ജനങ്ങളായ ര, ഷ, ഴ, ള എന്നിവ സദൃശങ്ങളായ അറബി അക്ഷരങ്ങള്‍ക്ക് ഒന്നുമുതല്‍ നാലുവരെ പുള്ളികള്‍ ചേര്‍ത്തും ‘ഗാ’ ക്ക് ‘ക’ കാരത്തിനു മുകളില്‍ ഒരു വരയിട്ടും രൂപപ്പെടുത്തി. എ, ഏ, ഒ, ഓ എന്നിവക്ക് സ്വരചിഹ്നങ്ങള്‍ ഉണ്ടാക്കി. ഋ, ഐ, ഔ, അം എന്നിവക്ക് രണ്ടക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചു. അഃ യിലെ പുള്ളിക്കു പകരം ഹാഅ് കൊടുത്തതാണ് ഒടുവില്‍ നടന്ന പരിഷ്‌കരണം. അതിന്റെ ഉപജ്ഞാതാവ് കക്കാട് അബ്ദുല്ല മൗലവിയാണ്.
ലിപി പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയിരുന്നത് കേരളത്തിലെ മുസ്‌ലിം ഉന്നമനത്തിന് അഹോരാത്രം പരിശ്രമിച്ചിരുന്ന ആത്മീയ പണ്ഡിതന്മാരായിരുന്നു. ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദലവി തങ്ങളും പുത്രന്‍ ഫള്ല്‍ പൂക്കോയ തങ്ങളുമാണ് ലിപി നവീകരണത്തിന്റെ ആദ്യകാല നേതാക്കള്‍. വെളിയങ്കോട് ഉമര്‍ ഖാളി, പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാര്‍, മഖ്ദൂം കുടുംബത്തിലെ അബ്ദുറഹ്മാന്‍ മഖ്ദൂം, ശുജായി മൊയ്തു മുസ്‌ലിയാര്‍ എന്നിവരും ലിപി വികസിപ്പിക്കാന്‍ കനപ്പെട്ട സേവനങ്ങളര്‍പ്പിച്ചു. തലശ്ലേരി കാരക്കല്‍ മമ്മദ് സാഹിബും മുഹമ്മദ് നൂഹ് കണ്ണ് മുസ്‌ലിയാരും പ്രസ്തുത ഗണത്തിലുണ്ട്. മക്തി തങ്ങളും വക്കം മൗലവിയും ലിപിക്ക് രൂപം കൊടുത്തെങ്കിലും പൊതുജന സ്വീകാര്യത ലഭിച്ചില്ല.

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ അനിഷേധ്യ വ്യക്തിത്വം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാണ് ജനപ്രീതി നേടിയ ആധുനിക അറബിലിപി. ഹിജ്‌റ 1311ല്‍ അദ്ദേഹം തസ്വ്‌വീറുല്‍ ഹുറൂഫ് എന്നപേരില്‍ ആദ്യത്തെ അറബി അക്ഷരമാല രചിച്ചു. മക്തിതങ്ങള്‍ പരിഷ്‌കരിച്ച ലിപിയുടെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചും ഉറുദു ഭാഷാ പഠനം സുഗമമാക്കാനും വേണ്ടി അദ്ദേഹം അറബിമലയാളത്തില്‍ തന്നെ രചിച്ച കൃതിയാണ് തസ്ഹീലു അദ്ഹാനില്‍ ഇഖ്‌വാന്‍ ഫീ തഅ്‌ലീമിസ്സ്വിബ്‌യാനി ഹിന്ദുസ്ഥാനി. ഇതിലൂടെ അറബിമലയാള ലിപി വികസിപ്പിക്കുകയും ഒപ്പം ഉറുദുഭാഷ പഠിക്കാന്‍ മാപ്പിളമാരോട് ആഹ്വാനം നടത്തുകയും ചെയ്തു.

വരമൊഴിയിലെ സ്വീകാര്യത
മലയാളഭാഷയുടെ ഭേദങ്ങളില്‍ ഒന്നായ മാപ്പിളമലയാളത്തിന്റെ വരമൊഴി രൂപങ്ങളില്‍ ഒന്നിനെയാണ് അറബിമലയാളം എന്ന് വിവക്ഷിക്കുന്നത്. മലയാളത്തിന്റെ മറ്റു ഭേദങ്ങള്‍ക്കൊന്നും സ്വന്തമായി ഒരു ലിപി ഇല്ല എന്നതിനാല്‍ മാപ്പിള മലയാളത്തിന്റെ മേന്മയായി അറബിമലയാളം കൊണ്ടാടപ്പെടുന്നു. അതുകൊണ്ട് തന്നെ മാപ്പിളമലയാളത്തിന്റെ ഗ്രന്ഥസമ്പത്തില്‍ ഏറെയും അറബിമലയാളത്തില്‍ എഴുതപ്പെട്ടവയാണ്. 1950കള്‍ക്കു ശേഷമാണ് ആധുനിക അച്ചടി മലയാളത്തില്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അതുവരെയും ലിഖിത രൂപത്തില്‍ അറബിമലയാളത്തിന്റെ അപ്രമാദിത്വം തന്നെയായിരുന്നു നിലനിന്നിരുന്നത്.

മതപ്രചാരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി യൂറോപ്യന്‍ പാതിരിമാര്‍ അറബിമലയാളത്തിലും ബൈബിള്‍ പ്രസിദ്ധീകരിച്ചു എന്നുള്ളത് അറബിമലയാളത്തിന് സമൂഹത്തിലുണ്ടായ സ്വാധീനം വിളിച്ചോതുന്നുണ്ട്. മാത്രവുമല്ല, കേരളത്തിലെ സസ്യലതാദികളുടെയെല്ലാം വിവരശേഖരണം നടത്തിയ ഡച്ചുകാര്‍ ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന പേരില്‍ ഒരു ഗ്രന്ഥം തയാറാക്കിപ്പോള്‍ അതിലെ ഓരോ ഇനത്തിന്റെയും പേരുവിവരങ്ങള്‍ അറബിമലയാളത്തില്‍കൂടി അച്ചടിച്ചു എന്നുള്ളത് ഒരു ഭാഷാഭേദത്തിന്റെ വരമൊഴി രൂപമായിരുന്നിട്ടുകൂടി അറബിമലയാളത്തിനുള്ള സ്വീകാര്യത വെളിപ്പെടുത്തുന്നു.

സാഹിത്യരംഗത്തെ അതിജീവനം
ചരിത്രത്തില്‍ അറബിമലയാളം അടയാളപ്പെടുന്നതു തന്നെ ഒരു പാട്ടുകൃതിയിലൂടെയാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറബിമലയാളത്തില്‍ എഴുതപ്പെട്ട പ്രഥമ കൃതി മുഹ്‌യിദ്ദീന്‍ മാലയാണെന്നാണ് ഭാഷ്യം.
എഴുത്തുകാരന്റെ പേരും രചനാ കാലവും കൃതിയില്‍ കൃത്യമായി കൊടുത്തിരിക്കുന്നു.

കണ്ടന്‍ അറിവാളന്‍ കാട്ടിത്തരുമ്പോലെ
ഖാളിമുഹമ്മദ് അതെന്ന് പേരുള്ളോവര്‍. .
കൊല്ലം എളുന്നൂറ്റി എണ്‍പത്തി ലണ്ടില്‍ ഞാന്‍.
കോര്‍ത്തേന്‍ ഈ മാലനേ നൂറ്റമ്പത്തഞ്ചുമ്മല്‍.

എഡി 1607ല്‍ (കൊല്ലവര്‍ഷം 782) 155 ഈരടികളിലായി ഖാളി മുഹമ്മദ് കോര്‍ത്തെടുത്ത കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല. ഇതിന് മുമ്പ് എഴുതപ്പെട്ട കൃതികള്‍ കണ്ടെടുക്കാത്തതിനാല്‍ അറബിമലയാള സാഹിത്യത്തെ കുറിച്ചുള്ള ഔപചാരിക വര്‍ത്തമാനം 1607ന് അപ്പുറത്തേക്ക് കടക്കാറില്ല.

മുഹ്‌യിദ്ദീന്‍ മാലക്ക് ശേഷം നിരവധി മാലകളും മാപ്പിളപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും മലബാറിന്റെ വിരിമാറില്‍ സാഹിത്യത്തിന്റെ തേന്മഴ വര്‍ഷിപ്പിക്കുകയായിരുന്നു.
മാപ്പിളമാര്‍ക്ക് മുഖ്യധാരയിലേക്കുള്ള മാര്‍ഗം അറബിമലയാളം തുറന്നിടുകയായിരുന്നു. സാഹിത്യം, സംഗീതം, മതപഠനം തുടങ്ങി സകലവിഷയങ്ങളിലും മുസ്‌ലിം സമൂഹം അവരുടേതായ സംഭാവനകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളത്തിലെ മുഖ്യധാരാ രചനകളില്‍ പോലും സ്ത്രീസാന്നിധ്യം വിരളമായിരുന്ന 1920കള്‍ക്കു മുമ്പ് മാപ്പിളകവയത്രികള്‍ മലബാറിന്റെ മണ്ണില്‍ ഉണ്ടായിരുന്നു എന്നത് ഇതിനെ സാധൂകരിക്കുന്നുണ്ട്.
‘ചന്ദിര സുന്ദര മാല’ രചിച്ച പികെ ഹലീമ, ‘ഫാത്തിമാബീവിയുടെ വഫാത്ത്മാല’ എഴുതിയ വി. ആയിശക്കുട്ടി, ‘ബദര്‍ ഖിസ്സ’ രചിച്ച കുണ്ടില്‍ കുഞ്ഞാമിന, പുത്തൂര്‍ ആമിന, സിഎച്ച് കുഞ്ഞായി ആമിനക്കുട്ടി തുടങ്ങിയ ധാരാളം കവയത്രികള്‍ അറബിമലയാള ഭാഷക്കും മാപ്പിളസാഹിത്യത്തിനും അനര്‍ഘമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

വൈജ്ഞാനികഗ്രന്ഥങ്ങള്‍
അറബിമലയാളത്തിന്റെ വൈജ്ഞാനിക മണ്ഡലം അനവധി ഗ്രന്ഥങ്ങള്‍ കൊണ്ട് വിശാലമായിരുന്നു. ഖുര്‍ആന്‍ പരിഭാഷകള്‍, വ്യാഖ്യാനങ്ങള്‍, നബിവചനങ്ങള്‍, ചരിത്രം, തത്വശാസ്ത്രം, നീതിചിന്ത, കര്‍മശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ആ പരിധിക്കുള്ളിലുണ്ടായിരുന്നു. മുസ്‌ലിം സമൂഹത്തിനാവശ്യമായ സകലവിഷയങ്ങളിലും അറബിമലയാളത്തില്‍ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു.
തലശ്ശേരി വലിയപുരയില്‍ മായിന്‍കുട്ടി ഇളയാവ് വിശുദ്ധഖുര്‍ആനിനു പരിഭാഷയും വ്യാഖ്യാനവും എഴുതുമ്പോള്‍ അച്ചടിശാല നിലവില്‍ വന്നിട്ടില്ല. എട്ട് വാള്യങ്ങളുള്ള ആ ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതികളാണ് അന്നു പ്രചരിച്ചത്. മനോഹരമായ കൈപ്പടയിലെഴുതിയ അതിന്റെ പ്രതികള്‍ മലബാറിലെ പ്രാമാണിക മുസ്‌ലിം കുടുംബങ്ങള്‍ക്കും പണ്ഡിത മഹത്തുക്കള്‍ക്കും ചില പള്ളികള്‍ക്കും അദ്ദേഹം സൗജന്യമായി നല്‍കുകയായിരുന്നു. ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ തനിക്കുള്ള കഴിവിന്റെ പരിമിതിയില്‍ സംശയം തോന്നിയ അദ്ദേഹം പിന്നീട് അതിന്റെ പ്രചാരം നിര്‍ത്തിവെച്ചു.
ഖുര്‍ആനാനന്തര പ്രാധാന്യം മുസ്‌ലിംകള്‍ക്ക് നബിവചനങ്ങളാണ് എന്ന് വിവരിച്ചുകൊണ്ട് ചാലിലകത്ത് മുഹമ്മദ് മുസ്‌ലിയാര്‍ രചിച്ച ഗ്രന്ഥമാണ് ‘അഖ്ബാര്‍ അഹമ്മദിയ്യ്.’ മൂലാമ്പത്തു കുഞ്ഞാമു സീറത്തുന്നബവിയ്യ എന്നപേരില്‍ രചിച്ച നബിചരിത്രവും വേറിട്ടതു തന്നെയാണ്. പ്രവാചകന്‍ പ്രതിപാദ്യമായിട്ടുള്ള കൃതികള്‍ അധികവും സാഹിത്യസമ്പന്നമായിരുന്നു.
പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച തുഹ്ഫതുല്‍ മുജാഹിദീന്‍ അറബിമലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കെ മൂസാന്‍കുട്ടിയാണ്. കേരളത്തിലെ ഇസ്‌ലാംമത പ്രചാരണാരംഭ ചരിത്രം എന്നായിരുന്നു അതിന്റെ പേര്. ഫത്ഹുല്‍ഫത്താഹ്, മനാഖിബുസ്സ്വിദ്ദീഖ്, ദുറൂസുത്താരീഖില്‍ ഇസ്‌ലാമിയ്യ തുടങ്ങിയ ചരിത്രഗ്രന്ഥങ്ങള്‍ മതചരിത്രശാഖയെ സമ്പുഷ്ടവും സമ്പൂര്‍ണവും ആക്കിത്തീര്‍ത്തു.
കര്‍മശാസ്ത്രമേഖലയില്‍ കനപ്പെട്ട ഗ്രന്ഥങ്ങളായിരുന്നു അറബിമലയാളത്തിലുണ്ടായിരുന്നത്. കര്‍മപരവും വിശ്വാസപരവുമായ നൂറ്റിനാല്‍പത്തിയൊന്ന് വിഷയങ്ങളെ ആധികാരികമായി പരാമര്‍ശിക്കുന്ന പാടൂര്‍ കോയക്കുട്ടി തങ്ങളുടെ ബൈതുല്യം എന്ന ഗ്രന്ഥം അറബിമലയാളത്തിലെ ആധികാരിക ഗ്രന്ഥം തന്നെയായിരുന്നു.
നോമ്പിന്റെ വ്യവസ്ഥകളെ വിവരിക്കുന്ന തുഹ്ഫതുസ്സാഇമീന്‍ തലശ്ലേരിക്കാരനായ അരയാല്‍പുറത്ത് ചെറിയടി മമ്മദ് മുസ്‌ലിയാര്‍ രചിച്ചപ്പോള്‍ ഇമാം ഗസ്സാലിയുടെ ഇഹ്‌യാഉലൂമിദ്ദീനില്‍ നിന്ന് നോമ്പിന്റെ അധ്യായം ഭാഷാന്തരപ്പെടുത്തി മൂലാമ്പത്ത് കുഞ്ഞാമു അറബിമലയാളത്തിന് സംഭാവനചെയ്തു. ‘ഇബ്‌ലീസ് നാമം, കിനാവിന്റെ തഅ്‌വീല്‍’ തുടങ്ങിയവ അദ്ദേഹത്തിന്റെ വിശ്വാസ ഗ്രന്ഥങ്ങളാണ്.

നിസ്‌കാരത്തിന്റെ വ്യവസ്ഥകളെ വിവരിച്ചുകൊണ്ട് പുനടത്തില്‍ കുഞ്ഞിമൂസ മുസ്‌ലിയാര്‍ രചിച്ച ‘ഉംദതുല്‍ മുസ്വല്ലീന്‍’, കുളങ്ങരവീട്ടില്‍ മൊയ്തു മുസ്‌ലിയാര്‍ രചിച്ച ‘നഹ്ജുദ്ദഖാഇഖ്, ഫൈളുല്‍ഫയ്യാള്, ഗൗളുസ്സബാഹ്,’ പുതിയോട്ടില്‍ മരക്കാര്‍ മുസ്‌ലിയാരുടെ ‘വാജിബാതൂല്‍ മുഅല്ലിഫീന്‍’ തുടങ്ങിയവ അറബിമലയാളത്തിലെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെയും വൈദ്യശാസ്ത്ര രംഗത്ത് നിരവധി രചനകള്‍ അറബിമലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ മിക്കതും 1950 കള്‍ക്ക് ശേഷം പുന:പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കോഴിക്കോട് പരപ്പില്‍ സ്വദേശി മുഹമ്മദുബ്‌നു അബ്ദില്‍ഖാദിര്‍ മുസ്‌ലിയാര്‍ രചിച്ച കിതാബു ത്വിബ്ബുന്നബവിയ്യയാണ് പ്രഥമ വൈദ്യശാസ്ത്ര ഗ്രന്ഥം.

പട്ടാലത്ത് കുഞ്ഞിമാഹിന്‍കുട്ടി വൈദ്യന്‍ രചിച്ച വൈദ്യജ്ഞാനം പാട്ടുരൂപത്തിലാണ്. വൈവിധ്യമാര്‍ന്ന ഇശലുകളില്‍ വ്യത്യസ്ത രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെയും പരാമര്‍ശിക്കുന്നുണ്ട്. എം. കെ കുഞ്ഞിപോക്കര്‍ 1935ല്‍ രചിച്ച വസൂരിചികിത്സാ കീര്‍ത്തനവും തഥൈവ. സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ‘അഷ്ടാംഗഹൃദയം’ എന്ന ആയുര്‍വേദ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അധികവും രചിക്കപ്പെട്ടിട്ടുള്ളത്. അഷ്ടാംഗഹൃദയം പോലുള്ള വിഖ്യാതമായ ആയുര്‍വേദഗ്രന്ഥം പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത് സംസ്‌കൃത പഠനം സവര്‍ണര്‍ക്ക് മാത്രം ലബ്ധമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ ക്ലേശകരം തന്നെയായിരുന്നു. ഈ സാഹചര്യത്തിലും സംസ്‌കൃതം പഠിച്ചുകൊണ്ട് മുസ്‌ലിംകള്‍ അറിവിനെ ജനാധിപത്യവത്കരിക്കാന്‍ തയാറായത് മറക്കാന്‍ പാടില്ലാത്ത വിപ്ലവം തന്നെയാണ്.

ഹാഫിള് അബ്ദുറഹീം സി ഊരകം

You must be logged in to post a comment Login