ഇസ്‌ലാമിക തീവ്രവാദം എന്ന ആശയത്തിന് ഇന്ത്യന്‍ മണ്ണില്‍ വേരുകള്‍ നല്‍കാന്‍ ഒരു പക്ഷേ ആര്‍ എസ് എസിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെയാവും. ആഗോള തലത്തില്‍ മുസ്‌ലിംകളെ ബഹിഷ്‌കരിക്കാനും വേട്ടയാടാനും സെപ്റ്റംബര്‍ 11 ഉം അതിനെ തുടര്‍ന്നുണ്ടായ മാധ്യമ അജണ്ടകളും പ്രവര്‍ത്തിച്ചുവെങ്കില്‍, മുംബൈ ആക്രമണം മുതല്‍ ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ കൊലപാതകമടക്കമുള്ള സംഭവങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ മുസ്‌ലിം വിരുദ്ധത എത്രത്തോളമാണെന്ന് വെളിപ്പെടുത്തി. ദേശീയ പ്രാദേശിക ഭേദമന്യേ വാര്‍ത്തയുടെ തുടക്കത്തില്‍ മുഴച്ചു നില്‍ക്കാറുള്ളത് പൊലീസ് ഭാഷ്യമാണ്. മാധ്യമങ്ങള്‍ പൊലിപ്പിച്ചെഴുതിയ കഥകളില്‍ അധികവും വസ്തുതാപരമായി കോടതിയില്‍ തെളിയിക്കാന്‍ കഴിയാത്തത് കൊണ്ട് കുറ്റവിമുക്തരാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ ഏറെയാണ്, മായ്ച്ചു കളയാനാവാത്ത തീവ്രവാദ മുദ്രയില്‍ നിന്ന് അവരൊരിക്കലും മോചിതരാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാധ്യമങ്ങള്‍ വെറും സ്റ്റെനോഗ്രാഫറുകളായി മാറുമ്പോള്‍ സാധാരണ പൗരന്റെ ബോധ്യങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍മാരാകേണ്ടവര്‍ കുഴപ്പങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നവരുടെ കൂടെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെ പരിശോധിക്കാം : TheScroll.in എന്ന ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനം, മുംബൈയില്‍ നടന്ന 9 മുസ്‌ലിം യുവാക്കളുടെ അറസ്റ്റിനെ മാധ്യമങ്ങള്‍ എങ്ങനെയാണ് റിപ്പോര്‍ട് ചെയ്തതെന്ന് വ്യക്തമാക്കുന്ന ഒരു വിശകലന റിപോര്‍ട്ട് തയാറാക്കി. ദ ഇന്ത്യന്‍ എക്‌സ്പ്രസ്, ഡി എന്‍ എ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് രീതിയും അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. 100 മില്ലി ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ കുപ്പികള്‍, 30 മൊബൈല്‍ ഫോണുകള്‍, 30 സിം കാര്‍ഡുകള്‍ തുടങ്ങിയവയാണ് ഈ 9 പേരില്‍ നിന്നും പിടിച്ചെടുത്തതായി പോലീസ് പറയുന്ന വസ്തുക്കള്‍. അതില്‍ പ്രധാനമായും ആരോപിക്കപ്പെടുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ കണ്ടെത്തലാണ് 9 പേര്‍ക്കും ഇസ്‌ലാമിക്ക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്റെ കാതലായ തെളിവായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ദ സ്‌ക്രോളിന്റെ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഐ എസ് ഉത്തരവാദിത്വം ഏറ്റെടുത്ത അക്രമങ്ങളില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് പക്ഷേ അതിലെ പ്രധാന ഘടകം TATP അഥവാ Triacetone triperoxide ആണ്. ഇങ്ങനെയൊന്ന് ഈ യുവാക്കളില്‍ നിന്ന് കണ്ടെത്തിയതായി യാതൊരു തെളിവുമില്ല. മുടിയിലും മുഖത്തുമൊക്കെ സൗന്ദര്യ പോഷകത്തിന് വേണ്ടിയുപയോഗിക്കുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്ന രാസപദാര്‍ത്ഥത്തെ ഭീതിജനിപ്പിക്കുന്ന ഒന്നായി അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. ജനുവരി 23ന് രേഖപ്പെടുത്തിയ അറസ്റ്റിന് കാരണമായി, മാധ്യമങ്ങള്‍ അവലംബിച്ച പൊലീസ് ഭാഷ്യം പറയുന്നത്, കുംഭമേളയെ ലക്ഷ്യം വെച്ച് കൊണ്ട് ഗംഗാ ജലത്തില്‍ വിഷാംശം കലര്‍ത്തുകയായിരുന്നു ഉദ്ദേശ്യമെന്നാണ്. ചില മുഖ്യധാരാ പത്രങ്ങള്‍ ആരോപണങ്ങളാണെന്ന വാല്‍ക്കഷ്ണം ചേര്‍ത്തപ്പോള്‍, അത് പോലും ഇല്ലാതെ വ്യക്തമാവാത്ത കേസിനെ കുറിച്ച് ഭാവനയിലുള്ളതൊക്കെയും അച്ചടിച്ച് വിടുകയായിരുന്നു മുംബൈ മിറര്‍ പത്രം. മുസ്‌ലിംകള്‍ അറസ്റ്റിലാവുന്ന ‘തീവ്രവാദ ബന്ധമുള്ള’ കേസുകളിലെല്ലാം തന്നെ പോലീസ് അല്ലെങ്കില്‍ നിയുക്ത അധികാരികളുടെ പ്രസ്താവനകള്‍ മുന്‍ വശത്തെ കോളങ്ങളില്‍ നിറക്കുകയും, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കുടുംബങ്ങളോ, സുഹൃത്തുക്കളോ ഉയര്‍ത്തുന്ന ചോദ്യങ്ങളെ ലഘൂകരിച്ച് ഉള്‍പേജുകളില്‍ ഒതുക്കുകയും ചെയ്യുന്നതാണ് മുഖ്യധാരാ പത്രങ്ങളില്‍ കണ്ട് വരുന്ന മറ്റൊരു രീതി, ബോധപൂര്‍വമുള്ള ഈ ‘അശ്രദ്ധ’ വ്യക്തമായ കണക്കുകൂട്ടലുകളുള്ള മാധ്യമ കുതന്ത്രങ്ങളാണ്. മാധ്യമങ്ങളുടെ സാമൂഹിക സ്വാധീനത്തെ പരിശോധിച്ച് കൊണ്ട് രൂപപ്പെട്ട തിയറികള്‍ പരിശോധിക്കുമ്പോള്‍, Agenda setting theory പറയുന്നത് പോലെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നിറക്കാനായി നടത്തുന്ന ക്രമീകരണങ്ങള്‍, ഓരോ വര്‍ത്തക്കും നല്‍കുന്ന പ്രാമുഖ്യം ഇതൊക്കെയും നിശ്ചിത മാധ്യമ സ്ഥാപനത്തിന്റെ അജണ്ടകളെ സംരക്ഷിക്കാനും, ദൃഢീകരിക്കാനും കൂടിയുള്ളതാണ്. ദ സ്‌ക്രോളിന്റെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നത് പോലെ തീവ്രവാദ കേസില്‍ മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഒരേ നീതിയല്ല, ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അത്തരത്തില്‍ അറസ്റ്റിലാവുകയാണെങ്കില്‍ അയാളെ മാധ്യമങ്ങള്‍ ക്രൂശിക്കുകയോ, കുടുംബത്തെ അതിന്റെ പേരില്‍ വേട്ടയാടുകയോ ചെയ്യില്ല. പൊതു മണ്ഡലത്തില്‍ അയാള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പ്രബലരായ വ്യക്തികള്‍ ഉണ്ടാകും അപ്പോഴും ‘തീവ്രവാദി’ എന്നത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിന് സംവരണം ചെയ്ത ഒരു വിളിപ്പേരായി തുടരും.
കശ്മീര്‍: സൈനിക പെല്ലറ്റുകള്‍ മാധ്യമങ്ങള്‍ക്ക് നേരെ
നീലപെന്‍സിലിന്റെ മുന്‍ കോളത്തില്‍ ഒരിക്കല്‍ സൂചിപ്പിച്ചത് പോലെ, ഏറെ സാഹസികം നിറഞ്ഞതാണ് കശ്മീരിലെ മാധ്യമപ്രവര്‍ത്തനം. നേരിനെ നേര്‍ക്ക് നേരെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണെങ്കില്‍ പ്രത്യേകിച്ചും. കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരില്‍ നിന്ന് പെല്ലറ്റ് ആക്രമണത്തിനിരയായ ഫോട്ടോ ജേണലിസ്റ്റുകള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെ. തൊഴിലിലേര്‍പ്പെട്ട് കൊണ്ടിരിക്കുമ്പോള്‍ സൈന്യത്തില്‍ നിന്നും ബോധപൂര്‍വമുള്ള ആക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് പെല്ലറ്റ് ഏറ്റ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. കണ്ണില്‍ ബാന്‍ഡേജ് ചുറ്റികൊണ്ട് തന്റെ തൊഴില്‍ തുടരുന്ന ഫോട്ടോ ജേണലിസ്റ്റിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ ഏറെ പ്രചരിക്കുകയുണ്ടായി. ഭരണകൂട ധാര്‍ഷ്ട്യത്തിന്റെ, ഞങ്ങള്‍ ഒന്നിനും മറുപടി നല്‍കേണ്ടവരല്ല എന്ന അധികാരബോധത്തെ മാറ്റിയെഴുതേണ്ടതുണ്ട്.
ആക്രമണത്തിനിരയായ വസീം അന്ദ്രാബി (Hindustan Times), ജുനൈദ് ഗുല്‍സാര്‍ (Kashmir Essence), മീര്‍ ബുര്‍ഹാന്‍ (Asian News Network) ഖൈസര്‍ മീര്‍(ലോക്കല്‍ ജേണലിസ്റ്റ്) എന്നിവര്‍ക്ക് പറയാനുള്ളത് : സൈനികര്‍ക്ക് നേരെ കല്ലുകള്‍ ഉന്നം വെക്കുന്ന യുവാക്കള്‍ക്കിടയിലൂടെ ഞങ്ങള്‍ നീങ്ങുമ്പോള്‍ സുരക്ഷിതരാണ്. മാധ്യമ പ്രവര്‍ത്തകരാണെന്ന് സൂചിപ്പിക്കാന്‍ സംഘട്ടന പ്രദേശങ്ങളില്‍ പേനയും, പുസ്തകവും, ക്യാമറകളുമാണ് അടയാളങ്ങളാവാറുള്ളത്. എന്നാല്‍ ഇരു തോളിലും ക്യാമറ തൂക്കിയിട്ടിട്ടും ഞങ്ങള്‍ക്ക് നേരെ സൈന്യത്തിന്റെ പെല്ലെറ്റുകള്‍ ലക്ഷ്യം വെക്കുകയായിരുന്നു. സംഘര്‍ഷ മേഖലയില്‍ നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്നതാണ് നല്ലതെന്ന അധികാര സ്വരം തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. കശ്മീരിലെ സത്യങ്ങള്‍ പുറം ലോകത്ത് എത്താതിരിക്കാനുള്ള ശ്രമങ്ങളുടെ ആവര്‍ത്തനമാണിതും. സൈനികര്‍ എന്തിനാണ് തങ്ങളുടെ കയ്യിലുള്ള തോക്കുകളേക്കാള്‍ ക്യാമറകളെ ഭയക്കുന്നത്? ഡല്‍ഹിയില്‍ നിന്നും പടച്ച് വിടുന്ന കശ്മീരിനെ കുറിച്ചുള്ള കഥകളുടെ മറുപുറം തേടി ആരും വരേണ്ടതില്ലെന്നാണ് അവര്‍ പറയാന്‍ ശ്രമിക്കുന്നത്. 1989 മുതല്‍ക്കിങ്ങോട്ട് ഇന്ത്യന്‍ യൂണിയനെതിരെ കശ്മീരിന്റെ സ്വാതന്ത്ര്യം അവകാശപ്പെട്ടു കൊണ്ട് തുടങ്ങിയ സമരങ്ങളില്ലാം തന്നെ സാധാരണ പൗരന്മാരോടൊപ്പം നിരവധി മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിലേറ്റവും നടക്കമുണ്ടാക്കിയ ഒന്നായിരുന്നു ഷുജാത്ത് ബുഖാരിയുടേത്. ഫ്രീപ്രസ് കശ്മീര്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കൊപ്പം തന്നെ ഭീതിതമായ രീതിയില്‍ മാധ്യമങ്ങളുടെ തൊഴില്‍ അവകാശങ്ങളെ ഇല്ലായ്മ ചെയ്യപ്പെടുന്നുവെന്ന വെല്ലുവിളിയും കശ്മീരില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. ഒരു മാസത്തിലധികമായി മേഘാലയയിലെ ഋമേെ ഖമശിശേമ ഒശഹഹ െജില്ലയിലെ ഖനികളില്‍ കുടുങ്ങിയിരിക്കുന്ന തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. The arre.com എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വടക്ക് കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജീവിതങ്ങളെയും, അവരുടെ ക്ലേശങ്ങളെയും മുഖ്യധാരാ ഇന്ത്യ വളരെ നിസ്സാരമായേ പരിഗണിക്കുന്നുള്ളൂ എന്നാണ്. ഖനികളിലെ ഗര്‍ത്തങ്ങളില്‍ അകപ്പെട്ടു പോയവര്‍ക്ക് വേണ്ടി രക്ഷാ പ്രവര്‍ത്തനം സജ്ജമാക്കിയത് പോലും വളരെ വൈകിയാണ്. മുഖ്യധാരാ ചാനലുകളില്‍ ആദ്യത്തെ കുറച്ചുദിവസം നിറഞ്ഞു നിന്ന വിഷയം, ആളുകളെ രക്ഷിക്കാന്‍ കഴിയാതിരുന്നിട്ട് കൂടി പിന്നീട് വാര്‍ത്താ പ്രാധാന്യമുള്ള ഒന്നായി കണ്ടില്ല. ഖനിയിലകപ്പെട്ടു പോയ തൊഴിലാളികളെല്ലാം തന്നെ തുച്ഛമായ വേതനത്തിന് കുത്തക മുതലാളികള്‍ക്ക് വേണ്ടി പണിയെടുക്കുന്നവരാണ്. പുതുവത്സര ക്രിസ്തുമസ് അവധിക്കാല തിരക്കുകളില്‍ രാജ്യം വലിയ രീതിയിലൊന്നും ഖേദം രേഖപ്പെടുത്താന്‍ താല്പര്യപെടാത്ത സംഭവങ്ങളെ മാധ്യമങ്ങളും തഴഞ്ഞു പോകുന്നുവെന്നത് ദുഃഖകരമാണ്. സര്‍ക്കാരുകളുടെ നെറികേടുകളെ തുറന്ന് കാട്ടാന്‍ പോന്ന, ഖനികളുടെ ഉടമസ്ഥതയെയും, പ്രവര്‍ത്തനത്തെയും സംബന്ധിച്ച ചോദ്യങ്ങളൊക്കെയും മാധ്യമങ്ങള്‍ സൗകര്യപൂര്‍വം ഉന്നയിക്കാന്‍ മറക്കുകയാണ്. ഖനികളില്‍ അകപ്പെട്ടുപോയ മനുഷ്യര്‍ സാമൂഹികമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ളവരല്ല, മറിച്ച് തങ്ങളുടെ മൗലികമായ അവകാശങ്ങള്‍ പോലും നിരാകരിക്കപ്പെട്ട, സാമൂഹിക അസമത്വത്തിന്റെ കുഴിയില്‍ വീണു പോയവരാണ്. ഗുഹയിലകപ്പെട്ടു പോയ തായ്‌ലന്‍ഡിലെ കുഞ്ഞുങ്ങളുടെ ജീവനോട് അവര്‍ കാണിച്ച ഉത്കണ്ഠയുടെ ഒരു ചെറിയ ശതമാനം പോലും ജീവിക്കാന്‍ വേണ്ടി ഈ പ്രയാസം നിറഞ്ഞ ഖനികളില്‍ ഇറങ്ങേണ്ടി വരുന്നവരോട് നമുക്കില്ല. മാധ്യമങ്ങളും അത് തന്നെ പ്രതിഫലിപ്പിക്കുന്നു.
വെള്ളം കുടിക്കാനില്ല
എ ജെ പ്ലസ് റിപ്പോര്‍ട്ട് പ്രകാരം മധ്യ അമേരിക്കന്‍ രാഷ്ട്രമായ എല്‍സാര്‍വദോര്‍ കടുത്ത ജലക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നത്. അവിടെയുള്ള ഭൂരിപക്ഷ ജലാശയങ്ങളും കുടിവെള്ള യോഗ്യമല്ല. പ്രശ്‌നം ജലാശയങ്ങളുടെ വിതരണത്തിലുള്ള അനീതിയാണ്. പാവങ്ങള്‍ക്ക് നല്‍കാതിരിക്കുകയും കുത്തകകള്‍ക്ക് രാജ്യത്തെ പ്രധാന ജലാശയങ്ങള്‍ തീറെഴുതി കൊടുക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ നയങ്ങളാണ് രാജ്യത്തെ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചത്. എല്‍സാര്‍വദോറിന്റെ നീരുറവകളെ പിഴിഞ്ഞെടുക്കുന്നതില്‍ അമേരിക്കന്‍ കുത്തക കമ്പനികളായ ഇീരീ രീഹമ പോലുള്ളവക്ക് തന്നെയാണ് മുഖ്യപങ്കും. കാലാവസ്ഥാ വ്യതിയാനം കാരണം വരും തലമുറ വലിയ അഭയാര്‍ത്ഥി പ്രതിസന്ധി നേരിടാന്‍ പോകുന്നുവെന്ന് അതുമായി ബന്ധപ്പെട്ട നിരീക്ഷകര്‍ പറയുന്നു. ലോകത്തെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, എല്‍സാര്‍വദോറിലെ കൃഷിയിടങ്ങളെ നല്ല വണ്ണം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. എ ജെ പ്ലസിന്റെ ദൃശ്യങ്ങളില്‍ എല്‍സാര്‍വദോറിലെ റോഡുകളില്‍ നിറഞ്ഞു കിടക്കുന്ന വന്‍കിട കമ്പനികളുടെ വാഹനങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപെടുന്നത് പ്ലാസ്റ്റിക്ക് പാത്രങ്ങളുമായി കുട്ടികളെയും ചുമന്ന് വെള്ളം തേടിയിറങ്ങിയ അവിടുത്തെ ഗോത്ര ജനങ്ങളെയാണ്. മുതലാളിത്തത്തിന്റെ ചൂഷണ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ അവകാശ ലംഘനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്ന ഗോത്ര വിഭാഗങ്ങള്‍ തന്നെയാണ് ഇവിടെയും തെരുവിലിറങ്ങിയും, സമരം ചെയ്തും ജീവന്‍ നിലനിര്‍ത്താന്‍, പ്രാഥമിക ആവശ്യമായ കുടിവെള്ളത്തിനുള്ള അവകാശത്തിനായി പൊരുതുന്നത്. കുടിവെള്ളമില്ലാത്ത രണ്ടില്‍ കൂടുതല്‍ ദിവസങ്ങള്‍ തങ്ങള്‍ക്ക് സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് എല്‍സാര്‍വദോറിലെ ഒരു സ്ത്രീ പറയുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മറ്റൊരു സംഭവം കുടിവെള്ള പ്രശ്‌നത്തെ പരിഹരിക്കാന്‍ വേണ്ടി പൊരുതുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഭീഷണിയാണ്. സാമൂഹ്യ പ്രവര്‍ത്തകര്‍ അപ്രത്യക്ഷമാവുന്നതും, കൊല ചെയ്യപ്പെടുന്നതും എല്‍സാര്‍വദോറില്‍ നിത്യേനയുള്ള സംഭവങ്ങളാണ്. അവിടുത്തെ വിഭവങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടം ചെറുതല്ല. അത്തരം പോരാട്ടങ്ങളുടെയും, പ്രതിഷേധങ്ങളുടെയും കൃത്യമായ രേഖപെടുത്തലുകളാണ് എ ജെ പ്ലസിന്റെ ഇത്തരത്തിലുള്ള ഗഹനമായ റിപ്പോര്‍ട്ടുകള്‍.
നബീല പാനിയത്ത്
You must be logged in to post a comment Login