ആ കാഴ്ച ഭയാനകവും ഹൃദയഭേദകവുമാണ്. ഒരു നീഗ്രോ യുവാവിനെയും യുവതിയെയും അവരുടെ കൈയില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന കുഞ്ഞിനെയും ചങ്ങലക്കിട്ട നിലയിലാണ്. അവര്‍ അനുഭവിച്ചുതീര്‍ക്കുന്ന വേദനയുടെ തീഷ്ണത ആ മുഖഭാവങ്ങളില്‍നിന്ന് ആര്‍ക്കും വായിച്ചെടുക്കാനാവും. ഇരുള്‍മൂടിയ ഒരുകാലഘട്ടത്തിന്റെ വിഹ്വലതകള്‍ വിളിച്ചുപറയുന്ന ആ പ്രതിമകള്‍ ഓര്‍മകളെ ചരിത്രവത്കരിക്കുന്നതോടൊപ്പം വിസ്മരിച്ചുകളയാനുള്ളതല്ല ഇന്നലെകളുടെ ദുരന്താനുഭവങ്ങളെന്ന് ഓര്‍മപ്പെടുത്തുന്നു. ഇപ്പറയുന്ന കാഴ്ച യു.എസിലെ അല്‍ബാമയിലെ മൊണ്ട്ഗോമറി പട്ടണത്തില്‍ 2018ഏപ്രില്‍ 26ന് ആണ് സ്ഥാപിക്കപ്പെട്ടത്. ‘സമാധാനത്തിനും നീതിക്കുമായുള്ള ദേശീയ സ്മാരകം’ (The National Memorial for Peace and Justice) എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. ഇന്നലെകളിലെ നിലവിളി വരുംതലമുറയും അനുഭവിച്ചറിയുന്നതിലൂടെ നീതിയുടെയും സമാധാനത്തിന്റെയും പുലരികള്‍ക്കായി വര്‍ത്തിക്കട്ടെ എന്ന സന്ദേശമാണ് ഈ സ്മാരകത്തിന് കൈമാറാനുള്ളത്. കറുത്തവന്റെ ഇന്നലെകളിലേക്കാണ് ഇത് ശ്രദ്ധ ക്ഷണിക്കുന്നത്. അനീതി മാത്രം വാണരുളിയ ഇരുണ്ടകാലഘട്ടത്തിന്റെ കരാളത എന്തുമാത്രം മനുഷ്യത്വരഹിതമായിരുന്നുവെന്ന് ചരിത്രം ഒരിക്കലും മറക്കാന്‍ പാടില്ല എന്ന ശാഠ്യമാണ് ഇതിനു പിന്നില്‍. 1877നും 1950നുമിടയില്‍ ചുരുങ്ങിയത് നാലായിരം കറുത്തവര്‍ഗക്കാര്‍ ആള്‍ക്കൂട്ട കൊലക്ക് ഇരയായിട്ടുണ്ട്. ആള്‍ക്കൂട്ട കൊല എന്ന പ്രഹേളിക വാസ്തവത്തില്‍ വംശീയ ഭീകരതയാണ്. തൊലി വെളുത്തവന് കറുത്തവര്ഗക്കാരുടെമേല് അടിച്ചേല്പിച്ച കിരാതത്വം. ഒരപരാധവും ചെയ്യാത്ത കറുത്തവനെ വെള്ളക്കാര്‍ ജനം നോക്കിനില്‍ക്കേ അടിച്ചുകൊല്ലുമ്പോള്‍ ഉത്സവമേളകളായി അത് കൊണ്ടാടപ്പെട്ടു.
1892 ഏപ്രില്‍ ഒന്നിന് ഓഹിയോവിലെ മില്സ്ബെര്ഗില് അന്നാട്ടിലെ ഏക കറുത്തയുവാവ് ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടപ്പോള്‍ എല്ലാവരും കൂടി അവന്റെ കഥ കഴിച്ചത് ‘പട്ടണത്തിലേക്ക് ഒളിച്ചുകടന്നു, ജനങ്ങളെ തുറിച്ചുനോക്കി’ എന്നീ കുറ്റം ചാര്‍ത്തിയാണ്.1918 മേയ് 18ന് ജോര്‍ജിയയില്‍ ഹാസല്‍ ടേണര്‍ എന്ന നീേഗ്രാ അടക്കം 11 പേരുടെ ജീവനെടുത്തത് വെള്ളക്കാരനായ കര്‍ഷകനെ ആരോ കൊന്നതിന്റെ പേരിലായിരുന്നു. ഭര്‍ത്താവ് നിരപരാധിയാണെന്നും കൊലയാളിയെ കാണിച്ചുതരാമെന്നും അയാളുടെ ഭാര്യ കരഞ്ഞുപറഞ്ഞിട്ടും ജനക്കൂട്ടം കേട്ടില്ല. പൂര്‍ണ ഗള്‍ഭിണിയായ ആ സ്ത്രീയുടെ വയറ് കത്തികൊണ്ട് പിളര്‍ന്നു. എട്ട് മാസം പ്രായമെത്തിയ കുഞ്ഞ് അതോടെ നിലത്തേക്ക് വീണു. ആള്‍ക്കൂട്ടം അമ്മയുടെ കൊല ആഘോഷിക്കുന്ന തിക്കിലും തിരിക്കിലും ആ ചോരക്കുഞ്ഞിനെ എല്ലാവരും കൂടി ചവിട്ടിമെതിച്ചു. മാംസവും രക്തവും നിരത്തിന്റെ നിറം കെടുത്തി. കാലം എത്ര കടന്നുപോയാലും മറക്കാനാവാത്ത ഇതുപോലെ എത്രയെത്ര ഭീകര അനുഭവങ്ങള്‍! ഏത് അമേരിക്കയെ കുറിച്ചാണോ ഇന്ന് ലോകം ഹര്ഷപുളകിതരാകുന്നത് അതിന്റെ മണ്ണിലും വിണ്ണിലും വംശീയ ക്രൂരതകളുടെ എത്രയെത്ര കൈയൊപ്പുകളാണ് ചാര്‍ത്തിയിരിക്കുന്നതെന്ന് ഇന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കാലമെത്ര പോയാലും മനുഷ്യരാശിയോട് ചെയ്യുന്ന ക്രൂരതകള്‍ ചരിത്രമായി കുറിക്കപ്പെടണമെന്ന സദുദ്ദേശ്യമാണ് നാഷണല്‍ മെമ്മോറിയലിനു പിന്നില്‍.
എന്തുകൊണ്ട് ഇന്ത്യയില്‍ ഇമ്മട്ടിലുള്ള ദേശീയ സ്മാരകങ്ങള്‍ ഉയരുന്നില്ല? എത്രയെത്ര മനുഷ്യര്‍ വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ ഇവിടെ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ട കൊലകളായിരുന്നില്ലേ സ്വതന്ത്ര ഇന്ത്യയില്‍ വാര്‍ഷികോത്സവം പോലെ മുറ തെറ്റാതെ ചോരച്ചാലുകളും കബന്ധങ്ങളും സൃഷ്ടിച്ചത്. വര്‍ഗീയ കലാപം എന്ന് മുഖ്യധാര മാധ്യമങ്ങള്‍ പരാവര്‍ത്തനം ചെയ്ത വര്ഗീയഭീകരതകളെല്ലാം യഥാര്‍ത്ഥത്തില്‍ ഏകപക്ഷീയ ആള്‍ക്കൂട്ട കൂട്ടക്കുരുതികളായിരുന്നില്ലേ? നിയമം കൈയിലെടുത്ത് ഓരോ അറുകൊലകളും അലീഗഢ്, ജാംഷഡ്പൂര്‍, ഭഗല്‍പൂര്‍, ഭീവണ്ടി, നെല്ലി എന്ന സ്ഥലനാമങ്ങളുടെ പേരില്‍ അറിയപ്പെട്ടപ്പോള്‍ ആരാണ് യഥാര്‍ത്ഥ അപരാധികളെന്നും ഏതുവിഭാഗമാണ് ഇരകളെന്നും തുറന്നുപറയാന്‍ ആരെങ്കിലും മുന്നോട്ട് വന്നോ? പേരിന് ഒരു ജുഡീഷ്യല്‍ അന്വേഷണം. പാര്‍ലമെന്റില്‍ ഏതാനും നിമിഷങ്ങള്‍ നീളുന്ന ബഹളം. തീര്‍ന്നു അവിടെ. വീണ്ടും മറ്റൊരു കലാപത്തിലേക്ക് നാടും നഗരവും നടന്നുനീങ്ങുമ്പോഴായിരിക്കാം പഴയ ദുരനുഭവങ്ങള്‍ ഒന്നും പഠിപ്പിച്ചിട്ടില്ല എന്ന സത്യം എല്ലാവര്ക്കും ബോധ്യംവരുന്നത്. മറവി ഇന്ത്യനവസ്ഥയില്‍ വന്‍ അപരാധങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണ്. നിയമം പോലും വര്‍ഗീയതയുടെ മുന്നില്‍ നിസ്സഹായത കാട്ടുമ്പോള്‍ തോല്‍ക്കുന്നത് ജനാധിപത്യവും നിയമവാഴ്ചയുമാണ്.
പൊറുക്കാം; പക്ഷേ മറക്കാനാവില്ല
നെല്‍സണ്‍ മണ്ടേല നീണ്ട ജയില്‍വാസത്തിനു ശേഷം ഒരഭിമുഖത്തിനിടെ പറഞ്ഞ ഒരു താക്കീതുണ്ട്: ”കറുത്തവര്ഗത്തോട് വെള്ളക്കാരും അവരുടെ അപ്പാര്‍ത്തീഡ് ഗവണ്മെന്റും ചെയ്ത ക്രൂരതകള്‍ പൊറുത്തുകൊടുക്കാന്‍ ഞാനും എന്റെ ജനതയും തയാറാണ്. പക്ഷേ, എല്ലാം മറക്കണം എന്ന് മാത്രം പറയരുത്. അങ്ങനെ ഇന്നലെകളെ മറക്കാന്‍ മുന്നോട്ടുവന്നാല്‍ നാളെയും അപരാധങ്ങള്‍ ആവര്‍ത്തിക്കപ്പെടും.” നരേന്ദ്രമോഡിയുടെ അഞ്ചുവര്‍ഷത്തെ ഹിന്ദുത്വഭരണത്തിന് തിരശ്ശീല വീഴുമ്പോള്‍, നമുക്കൊരിക്കലും മറക്കാന്‍ സാധിക്കാത്ത പാപപങ്കിലത ഇവിടെ നടമാടിയിട്ടുണ്ടെന്ന് തുറന്നുപറയാന്‍ നമുക്കാവണം; വരും തലമുറക്കും സാധിക്കണം. അതിനു പാരസ്പര്യത്തിന്റെയും നീതിയുടെയും സ്മാരകങ്ങള്‍ നമുക്ക് പണിതുവെക്കേണ്ടതുണ്ട്. ഹിന്ദുത്വ കാപാലികരുടെ അടിയേറ്റ് മരിച്ചുവീണ ദാദ്രിയിലെ ഹതഭാഗ്യന് മുഹമ്മദ് അഖ്ലാഖിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കണമെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. പെരുന്നാള്‍ കൊണ്ടാടാന്‍ കുടുംബത്തിലേക്ക് മടങ്ങുകയായിരുന്ന ജുനൈദ് എന്ന കൗമാരപ്രായക്കാരന് തീവണ്ടിയില്‍ വര്‍ഗീയ കശ്മലന്മാരുടെ കൈയാല്‍ മരണത്തിലേക്ക് എടുത്തെറിയപ്പെട്ട ക്രൂരത ഒരു കാലഘട്ടത്തിന്റെ കരാളതയായി എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ എന്തുണ്ട് വഴി എന്നാണ് ചിന്തിക്കേണ്ടത്. ഇനിയും ജുനൈദുമാര്‍ ഉണ്ടാവില്ലെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയാത്തവിധം വടക്കേഇന്ത്യയുടെ സാമൂഹ്യാന്തരീക്ഷം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുകയാണ്. യോഗി ആദിത്യനാഥ് വാഴുന്ന ഉത്തര്‍പ്രദേശിലെ പൊതുഇടങ്ങള്‍ വര്ഗീയവിഷമയമാണിന്ന്. മനുഷ്യര്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം ജനം മതവും ജാതിയും തിരിച്ചാണെത്ര ചിന്തിക്കുന്നത്. വിഭജനത്തിനു തൊട്ടുപിറകെ, അതിര്‍ത്തി സംസ്ഥാനങ്ങളിലും ഹിന്ദിമേഖലയിലും ഉണ്ടായിരുന്ന അവസ്ഥയെക്കാള്‍ ഭയാനകമാണിതെന്ന് നിഷ്പക്ഷമതികള്‍ ചുടുനിശ്വാസത്തോടെ പറഞ്ഞുവെക്കുന്നു.
2018ല്‍ സംഭവിച്ചത് പോലെ ഒരു പതിറ്റാണ്ടിനിടയില്‍ വിദ്വേഷ േപ്രരിതമായി ഇത്രയധികം കൊലകളും അക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന് ‘ഒമലേ ഇൃശാല ണമരേവ’ എന്ന കൂട്ടായ്മ വരച്ചുകാട്ടുന്നു. 30പേര്‍ക്ക് വര്‍ഗീയ തേരോട്ടത്തില്‍ ജീവന് നഷ്ടപ്പെട്ടു. 30പേര്‍ക്ക് പരിക്കേറ്റു. ഇരകളില്‍ 75ശതമാനവും മുസ്ലിംകളാണ്. യോഗി ആദിത്യനാഥിന്റെ യു.പിയിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത്. 27. തൊട്ടടുത്ത് നില്‍ക്കുന്നത് ബി.ജെ.പിയും ജനതാദള്‍ യൂവും ഭരിക്കുന്ന ബിഹാറിലാണ്. രാജസ്ഥാനിലും ഗുജറാത്തിലുമാണ് ഹിന്ദുത്വശക്തികളുടെ അഴിഞ്ഞാട്ടം പിന്നീട് കൂടുതല്‍ കാണുന്നത്. കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും ഭരിക്കുന്ന കര്‍ണാടക വിദ്വേഷരാഷ്ട്രീയത്തിന്റെ പറുദീസയായി മാറിക്കൊണ്ടിരിക്കയാണെന്ന് കണക്കുകള്‍ ഓര്‍മപ്പെടുത്തുന്നു. രാജ്യത്തെ ജനസംഖ്യയുടെ 14ശതമാനമാണ് ഔദ്യോഗികകണക്കനുസരിച്ച് മുസ്ലിംകളുടെ അംഗബലം. 2009നു ശേഷമുള്ള വര്‍ഗീയ അക്രമങ്ങളില്‍ 66ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ് ഇരകളായത്. 2009നു ശേഷമുള്ള കണക്കെടുത്ത് പരിശോധിച്ചാല്‍ 27ശതമാനം അക്രമങ്ങള്‍ (75 ) ഗോസംരക്ഷണത്തിന്റെ പേരിലാണെന്ന് കാണാം. പശുവെന്ന നാല്കാലി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുപോലെ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഒരു കാലസന്ധി ഇതിനുമുമ്പുണ്ടായിട്ടില്ല. മതത്തിനു അതീതമായ ബന്ധങ്ങള്‍, പ്രേമവിവാഹവും മറ്റും വര്‍ഗീയവാദികള്‍ക്ക് അഴിഞ്ഞാടാന്‍ സാഹചര്യമൊരുക്കിയപ്പോള് നാല്പതിലേറെ അക്രമസംഭവങ്ങളുണ്ടായി. മതംമാറി എന്നാരോപിച്ച് 26 അക്രമങ്ങള്‍ നടമാടി എന്നും ‘ഹേറ്റ് ക്രൈം വാച്ച്’ സാക്ഷ്യപ്പെടുത്തുന്നു. ‘ലവ് ജിഹാദി’ന്റെ പേരിലും ‘ഘര്‍വാപസി’യുടെ ലേബലിലും എത്രയെത്ര നിഷ്ഠുരതകളാണ് പോയവര്‍ഷം പുറത്തെടുത്തത്. ഹാദിയ എന്ന മലയാളിപെണ്‍കുട്ടി അനുഭവിച്ച മാനസിക പീഡനങ്ങളും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുപോലുമുണ്ടായ അരുതായ്മകളും ഒരു രാജ്യത്തിന്റെ മുന്നോട്ടുള്ള ഗമനത്തില്‍ രേഖപ്പെടുത്താതെ പോകുന്നത് എന്തുമാത്രം അനീതിയായിക്കും!
കത്വയിലെ പെണ്‍കുട്ടിയെ എങ്ങനെ മറക്കും?
”There are moments in the life of every nation when it either upholds the boundaries defined by humanity, or violates them. These moments define the future of the nation for better, or for worse- എല്ലാ രാജ്യത്തിന്റെ ജീവിതത്തിലും ചില നിമിഷങ്ങളുണ്ട്; മനുഷ്യത്വം നിര്‍വചിച്ച അതിരുകള്‍ ഒന്നുകില്‍ ഉയര്‍ത്തിപ്പിടിക്കും; അല്ലെങ്കില്‍ ഉല്ലംഘിക്കും. ഇത്തരം നിമിഷങ്ങളാണ് ആ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത്; ഒന്നുകില്‍ നല്ലതിനു വേണ്ടി; അല്ലെങ്കില്‍ നാശത്തിനായി” നബാര്‍ഡ് മുന്‍ ചെയര്‍മാനായിരുന്ന യശ്വന്ത് തോറാത് രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ഉത്ക്കണ്ഠാകുലനായ നിമിഷം ജമ്മുവിലെ കത്വയില്‍ എട്ടുവയസ്സുള്ള ഒരു പെണ്‍കുട്ടി വര്ഗീയകശ്മലന്മാരുടെ അരക്കെട്ടിന്റെ ഭാരമേറ്റ് പിടിഞ്ഞുമരിച്ച ദുരന്തത്തിന്റെ വര്‍ത്തമാനം അറിഞ്ഞപ്പോഴാണ്. പിന്നാക്കസമുദായമായ ഗുജ്ജാറുകളില്പ്പെട്ട ഈ മുസ്ലിം പെണ്‍കുട്ടിക്ക് ഒരു പേരുണ്ടായിരുന്നു. അതിക്രൂരമായി ബലാത്സംഗത്തിനിരയായി അന്ത്യശ്വാസം വലിച്ചപ്പോള്‍ നിയമപാലകരുടെ ഒരുത്തരവുണ്ടായി; ആ പേര് പറഞ്ഞ് കുട്ടിയെ ‘അപമാനിക്കരുത്’ എന്ന്. നമ്മുടെ നിയമസംഹിത അത്രമാത്രം ഉദാത്തമാണെത്ര. 60വയസ്സിനു മുകളിലുള്ള ഒരു റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും രണ്ടുപൊലീസുകാരും കുട്ടിയെ പീഡിപ്പിച്ച ഹീനകൃത്യത്തില്‍ പങ്കാളികളായിരുന്നുവെന്ന ഞെട്ടിക്കുന്ന സത്യത്തിനു മുന്നിലാണ് രാജ്യത്തിന്റെ ശിരസ്സ് താനേ കുനിഞ്ഞ അതിനീചകൃത്യം സ്വര്‍ണത്തളിക കൊണ്ട് മൂടിവെക്കാന്‍ ഭരണകൂടം ഒരുമ്പെട്ടത്. എന്നല്ല, പ്രതികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ദേശീയ പതാകയുമേന്തി എം.എല്‍.എമാരും അഭിഭാഷകരും സ്ത്രീ നേതാക്കളുമടക്കം പ്രകടനം നടത്തിയത് രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചിട്ടില്ല. കാരണം ഞെരിഞ്ഞമര്‍ന്നത് തന്റെ കൊച്ചുകുതിരയെ മേയ്ക്കാന്‍ പോയ ഒരു നാടോടി മുസ്ലിം പെണ്‍കുട്ടിയായിപ്പോയി. യശ്വന്ത് തോറാത് എന്ന മനഃസാക്ഷി മരവിക്കാത്ത മനുഷ്യന്, രാജ്യം നടന്നെത്തിയ വന്‍ദുരന്തത്തിന്റെ ആഴം തൊട്ടുകാണിക്കുന്നത് ഇങ്ങനെ:
‘The truth is that whichever way you toss the coin, you are forced to conclude that the eightyearold child in Kathua was not raped, brutalised and killed merely because she was a child, but because a certain ‘anger’ had to be vented against a community. No doubt, the facts of rape and murder are important – but more important is the politics underlying the facts – the politics which shaped and drove them. The discussion in the media is focused on the manner and method employed to crush a fragile life. Such a debate is no doubt relevant but what is crucial is not ‘how’ she was raped or ‘how many times’, but why. What is crucial are the video footage of lawyers preventing the police from filing the chargesheet and the judge accepting the same only after the high court intervened, raising a doubt as to whether the accused were in fact innocent or were ‘being supported’ because they belonged to a faith different from that of the girl? കേവലം എട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടി ഇമ്മട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത് അവള് പെണ്‍കുട്ടിയായത് കൊണ്ട് മാത്രമല്ല. ഒരു സമുദായത്തിന് എതിരെയുള്ള ‘രോഷം’ ആണ് മുഖ്യമായും ഈ ക്രൂരതക്കു പിന്നില്‍ വര്‍ത്തിച്ചത്. ക്രൂരതയിലേക്ക് നയിച്ച രാഷ്ട്രീയമാണ് പ്രധാനം. എങ്ങനെയാണ് അവള് ബലാത്സംഗത്തിന് ഇരയായത് എന്നതോ എത്രതവണ പീഡിപ്പിച്ചെന്നോ അല്ല പ്രധാനകാര്യം. പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അഭിഭാഷകര്‍ തടയുന്നതിന്റെ വീഡിയോവും ഹൈകോടതിയുടെ ഇടപെടലിനു ശേഷം മാത്രമാണ് കീഴ്ക്കോടതി ചാര്‍ജ് ഷീറ്റ് സ്വീകരിച്ചതെന്നുമുള്ള വസ്തുത വളരെ പ്രധാനപ്പെട്ടതാണ്. പെണ്‍കുട്ടിയുടെ മതത്തില്‍നിന്ന് വ്യത്യസ്തമാണ് പ്രതികളുടെ മതം എന്ന ഒരൊറ്റ കാരണത്താലാണ് അവര്‍ക്കു എല്ലാ മേഖലകളില്‍നിന്നുമുള്ള അകമഴിഞ്ഞ പിന്തുണ ലഭിച്ചത്.
ഇവിടെയാണ് മറവി ഒരു മഹാപാപമായി മാറുന്നത്. കത്വയിലെ പെണ്‍കുട്ടിയുടെ ജീവിതദുരന്തം ഒരു കാലഘട്ടത്തിന്റെ ആസുരതകളാണ് അനാവൃതമാക്കുന്നത്. മഹ്ബൂബ മുഫ്തി എന്ന മുസ്ലിം വനിത ജമ്മുകശ്മീരിന്റെ മുഖ്യമന്ത്രിയായി ഭരിക്കുമ്പോഴായിരുന്നു ഈ സംഭവം. കത്വ കേസിന്റെ ഗതി എന്തായി എന്ന് പോലും ആരും അന്വേഷിക്കുന്നില്ല. ആ പൂമൊട്ട് പിച്ചിച്ചീന്തിയവര്‍ നാളെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയോ മന്ത്രിയോ ആയി ഉയര്ത്തപ്പെടില്ലെന്ന് ആര്‍ക്ക് ഉറപ്പുനല്കാനാവും?
അംനീഷ്യ ഒരു രോഗം മാത്രമല്ലെന്നറിയുക
ബിരിയാണിച്ചെമ്പുകളില് കൈയിട്ട് ഇറച്ചി പശുവിന്റേതാണോ അതല്ല പോത്തിന്റേതോ എന്ന് മണത്തുനടന്ന ദിവസങ്ങള്‍ വിദൂര അനുഭവങ്ങളായിരുന്നില്ല. ഫ്രീസറുകളില്‍ വെച്ച ഇറച്ചി ഏതുനിമിഷവും പൊലീസ് ഓഫീസര്‍ വന്ന് എടുത്തുകൊണ്ടുപോയി പരിശോധിക്കുന്ന ഒരു ജീവിതപശ്ചാത്തലം ഒരു രാഷ്ട്രീയവിചാരഗതിയുടെ ഉല്പന്നമാണെന്ന് തിരിച്ചറിയാത്തവര്‍ ഇനിയുമുണ്ടോ എന്ന് സംശയമാണ്. രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍ സിനിമ തീയറ്ററില്‍ ഓരോ ഷോയുടെ തുടക്കത്തിലും ദേശീയഗാനം ആലപിക്കണമെന്ന് ആജ്ഞാപിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലസന്ധി കഴിഞ്ഞുപോയതേയുള്ളൂ. എല്ലാം ഓര്‍ക്കാനുള്ളതാണ്. അംനീഷ്യ (മറവിരോഗം) ഒരു മഹാവ്യാധി മാത്രമല്ലെന്നും രാഷ്ട്രീയ അപചയത്തിന്റെ മറുപേരാണെന്നും തിരിച്ചറിയുമ്പോഴാണ് കറുത്തവര്ഗക്കാരെന്റ മോചനമാര്ഗത്തില് സ്മാരകങ്ങള്‍ വലിയ പങ്കുവഹിച്ചുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ നാം സത്യസന്ധമായി നേരിടുന്നത്.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login