തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ തുടരുകയാണ്, പ്രിയങ്കാ ഗാന്ധിയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം മുതല്‍ 2019ല്‍ ഇന്ത്യയുടെ ഭാവി ആരുടെ കൈകളിലേക്കാണെന്ന് ഉറ്റുനോക്കുകയാണ് മാധ്യമങ്ങള്‍. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാക്കുകള്‍ അളന്നും തൂക്കിയും വേണ്ട വിധം പ്രയോഗിക്കുന്ന മാധ്യമ സംസ്കാരം ഇന്ത്യയിലുണ്ട്. അതോടൊപ്പം വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സാധിക്കുന്ന മാധ്യമസ്ഥാപനങ്ങളുമുണ്ട്. അതിനു മികച്ചൊരു ഉദാഹരണമാണ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തൊഴിലില്ലായ്മ മുന്കാലഘട്ടത്തെക്കാളും രൂക്ഷമായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016ല്‍ സര്‍ക്കാറിന്റെ തൊഴില്‍ മന്ത്രാലയം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തൊഴില്‍വിവര കണക്കുകള്‍ നിര്‍ത്തലാക്കുകയുണ്ടായി. മുന്‍കാല സര്‍ക്കാറുകള്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രത്യേകമായ കാരണങ്ങള്‍ കൂടാതെ നിര്‍ത്തിവെക്കുന്നത് തന്നെ വലിയ അപാകതയാണ്. അതിനിടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത് സര്‍ക്കാറിന്റെ കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന National Sample Survey ആണ്. ഇന്ത്യയുടെ തൊഴിലില്ലായ്മ 6.1% ത്തില്‍ എത്തിനില്‍ക്കുകയാണ്. മാത്രമല്ല 1972-73 മുതലുള്ള കണക്കുകളില്‍ ഏറ്റവും രൂക്ഷമാണിത്. ഇന്ത്യന്‍ ജനത ഇന്നും നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ തൊഴിലില്ലായ്മയും, ദാരിദ്ര്യവും തന്നെയാണ്. ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതപ്രാരാബ്ധങ്ങള്‍ അളന്ന് നോക്കുക, കണക്കെടുപ്പ് നടത്തുക എന്നത് വളരെ ഭാരമേറിയ ജോലിയാണ്. ഇതിന്റെ പ്രധാന കാരണം ഇന്ത്യയിലെ ഭൂരിപക്ഷവും രാജ്യത്തെ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. മോഡി സര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക പരിഷ്കരണങ്ങളായി തുടക്കത്തില്‍ വിലയിരുത്തിയതും, പിന്നീട് പരാജയമാണെന്ന് തെളിയിക്കപ്പെട്ടതുമായ നോട്ട് നിരോധനവും, GST യും സാരമായി ബാധിച്ചത് അസംഘടിത മേഖലയെ ആയതുകൊണ്ട് തന്നെ അത്തരം ഇടങ്ങളിലേക്ക് തൊഴില്‍ തേടിയെത്തിയവരൊക്കെ തന്നെ അനിശ്ചിതത്വത്തിലായി. കേന്ദ്രസര്‍ക്കാറിന്റെ മുന്നോക്ക സമുദായങ്ങള്‍ക്ക് സാമ്പത്തിക സംവരണം നല്‍കാനുള്ള തീരുമാനത്തിനിടക്ക് തന്നെ ഉയര്‍ന്ന വന്ന സംഗതിയാണ് ഇന്ത്യയുടെ യുവജനത ആവശ്യപ്പെടുന്നത് സംവരണമല്ല, മറിച്ച് തൊഴിലാണെന്നത്. എന്നാല്‍ തൊഴില്‍ക്ഷാമത്തിന്റെ ഭയപ്പെടുത്തുന്ന കണക്കുകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാവാത്ത കേന്ദ്രസര്‍ക്കാര്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാക്കരുതെന്ന് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. Business Standard റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം മൗനം വെടിഞ്ഞ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രശ്നം ചര്‍ച്ചാവിഷയമാക്കി. സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടില്ല എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ ചുരുക്കം പേരാണ് മുന്‍പേജില്‍തന്നെ ഉള്‍പ്പെടുത്തിയത്. പ്രധാമന്ത്രിയുടെ 2014 തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഇന്ത്യയുടെ തൊഴില്‍ സംരംഭങ്ങള്‍ വികസിപ്പിക്കുമെന്നും, അവസരങ്ങള്‍ വര്ധിപ്പിക്കുമെന്നൊക്കെ മുഖ്യഅജണ്ടയായി അവതരിപ്പിച്ചിരുന്നു. പക്ഷെ അധികാരത്തിലെത്തിയതിനു ശേഷം, സര്‍ക്കാര്‍ ജോലികളിലെ ഒഴിവുകള്‍ പരസ്യപ്പെടുത്തുന്നതിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും തിരിമറികള്‍ നടന്നിരുന്നു. സര്‍ക്കാറിന്റെ കീഴിലുള്ളതല്ലാത്ത സംഘടനകളും സര്‍വകലാശാലകളും നടത്തിയ കണക്കെടുപ്പിലെ വിവരങ്ങളും ഭീതിദമാണ്. ഇന്ത്യയുടെ ജനജീവിതത്തെ, സാമൂഹിക-സാമ്പത്തിക-ആരോഗ്യ നിലയെ കടുത്ത രീതിയില്‍ ബാധിക്കുന്ന പ്രശ്നമാണ് തൊഴിലില്ലായ്മ. ഇതിനെ അതീവ ലാഘവത്തോടെ സമീപിച്ച്, അപക്വമായ സാമ്പത്തിക ‘പരിഷ്കരണങ്ങള്‍’ നടത്തി ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി എന്നതാണ് ഭരണം അവസാനത്തിലേക്കെത്തുമ്പോള്‍ ബി ജെ പി സര്‍ക്കാര്‍ ബാക്കിയാക്കുന്നത്, പുതിയൊരു ഭരണ മുന്നണി അധികാരത്തിലേറുകയാണെങ്കില്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എളുപ്പമല്ലാത്ത വിധമാണത്. ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ച് The New York Times പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലവാചകം ഇങ്ങനെയാണ് : ‘നിങ്ങള്‍ക്ക് കണക്കുകള്‍ മൂടി വെക്കാം, പക്ഷേ സത്യത്തെ മറച്ച് വെക്കാന്‍ സാധ്യമല്ല.’ യഥാര്‍ത്ഥത്തില്‍ ഇന്ന് മോഡി ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളെയാണ് ഇത്തരമൊരു തലക്കെട്ട് തുറന്നുകാട്ടുന്നത്. തങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രയാസമുള്ള ചോദ്യങ്ങളെ അയോഗ്യമാക്കുക, നിസ്സാരവത്കരിക്കുക എന്നീ സ്ഥിരം പ്രക്രിയ തൊഴിലില്ലായ്മയുടെ കണക്കുമായി ബന്ധപ്പെട്ടും ആവര്‍ത്തിക്കുകയാണ്. വേണ്ടുവോളം ‘രാജ്യസ്നേഹവും’, ഹിന്ദുത്വ ആദര്‍ശങ്ങളും കുത്തിനിറച്ച് ഇറങ്ങുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകരോട് കൂടിക്കാഴ്ച നടത്തിയും, സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്ക് വെച്ചും നടത്തുന്ന വ്യര്‍ത്ഥമായ നാടകമായി മാറുകയാണ് മോഡിയുടെ രാഷ്ട്രീയ ജീവിതം.
ഒരു മാധ്യമസ്ത്രീയുടെ സുരക്ഷ
പോലീസും പൊതുജനവും തമ്മില്‍ മുംബൈയില്‍ നടന്ന സംഘട്ടനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തക പ്രിയങ്കാ ബോര്പുജാരിക്ക് കോടതി ജാമ്യം അനുവദിച്ചു. 2016 ഡിസംബറില്‍ മുംബൈയിലെ ഹാന്‍സ് ഭുര്ഗാ മാര്‍ഗിലെ അധികാരികള്‍ ചേരിപ്രദേശം ഇടിച്ചുപൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു പ്രിയങ്ക. തന്റെ സെല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ പ്രിയങ്ക പോലീസിനെ കൃത്യനിര്‍വഹണ സമയത്ത് തടസ്സപ്പെടുത്തിയെന്നാരോപിച്ച് സമരം ചെയ്ത സമീപവാസികള്‍ക്കൊപ്പം അവരെയും അറസ്റ്റ് ചെയ്തു. പ്രിയങ്കയുടെ സെല്‍ഫോണ്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രിയങ്കയെ പോലീസ് വിട്ടയക്കുന്നത്. പക്ഷേ അതിന് ശേഷം ചേരി പ്രദേശവാസികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകളിലൊന്ന് തന്റെ ജോലി നിര്‍വഹിക്കുകയായിരുന്ന പ്രിയങ്കക്കെതിരെയും പോലീസ് ചുമത്തി. കേസിന് കോടതി പ്രഖ്യാപിച്ചിരിക്കുന്ന അടുത്ത അവധി 2019 ഫെബ്രുവരി 4 ആണ്. 2016ല്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അറസ്റ്റ് ചെയ്തുവെന്നതിന് പുറമെ യാതൊരു തെറ്റും ചെയ്യാതെ തന്നെ സമയം സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നത് വളരെ ഗുരുതരമായ നിയമ പാളിച്ചയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ഈയൊരു ഭരണകൂട കടന്നുകയറ്റത്തിനെതിരെ പേന ചലിപ്പിച്ചതായി കണ്ടില്ല. Free Speech Collective എന്ന മാധ്യമ കൂട്ടായ്മയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് കേസിനെ കുറിച്ചുള്ള വിശദാംശ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം ഇന്ത്യയില്‍ സ്വതന്ത്ര (freelance) മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്യുന്നത് ഒട്ടും എളുപ്പമല്ല എന്നാണ്. മാധ്യമങ്ങള്‍ തങ്ങളുടെ ചെയ്തികളെ റിപ്പോര്‍ട്ട് ചെയ്യരുതെന്ന പോലീസ് നയം ജനാധിപത്യപരമല്ല.
ഛത്തീസ്ഗഢിലെ ബസ്തര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി തടസ്സപെടുന്ന അന്തരീക്ഷമാണ് ഉണ്ടാവാറുള്ളത്. പോലീസ് അറസ്റ്റ് ചെയ്ത കൊള്ളക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരായ റാം പര്‍മാറിനെയും, ഹുസൈന് ഖാനിനെയും പല്‍ഗാര്‍ പോലീസ് ഈയിടെ അറസ്റ്റ് ചെയ്തു. The Hindu അടക്കം പല ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ നല്കുന്ന മാധ്യമപ്രവര്‍ത്തകയാണ് പ്രിയങ്ക. മുംബെയിലെ ചേരിപ്രദേശങ്ങള്‍ അധികാരികള്‍ തച്ചു തകര്‍ക്കുന്നതും, അതിലടങ്ങിയ അക്രമവും, അരികുവത്കരണവും പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ യത്നിക്കുന്നവരില്‍ ഉള്പ്പെടുന്നയാളുമാണ്. ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ അംഗീകൃത പ്രസ് കാര്‍ഡുകള്‍ ലഭിക്കല്‍ എളുപ്പമല്ല. പുരുഷമേധാവിത്വ സംവിധാനത്തില്‍ ഫ്രീലാന്‍സ് ജേണലിസ്റ്റുകളായ സ്ത്രീകള്‍ക്ക് വെല്ലുവിളികള്‍ ഇരട്ടിയാണ്. പ്രിയങ്കയെ കേസില്‍ നിന്ന് മോചിപ്പിക്കാനും, ഭാവിയില്‍ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനും, അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും മാധ്യമപ്രവര്‍ത്തക കൂട്ടായ്മകള്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്തേണ്ടതായിട്ടുണ്ട്.
നെയ്റോബി അറ്റാക്ക്
New York Times, നെയ്റോബിയില്‍ നടന്ന അല്‍ശബാബിന്റെ ഹോട്ടല്‍ ആക്രമണത്തെപ്പറ്റി നടത്തിയ റിപ്പോര്‍ട്ടിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇരകള്‍ക്ക് മാനുഷിക പരിഗണന നല്കാതെയുള്ള ചിത്രങ്ങളാണ് പത്രം പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. മാധ്യമപ്രവര്‍ത്തനത്തില്‍ തുടക്കകാലം മുതല്‍ നല്കി വരുന്ന നിര്‍ദേശങ്ങളാണ് ആളുകളുടെ സ്വകാര്യതയെ ബഹുമാനിക്കണം എന്നുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും വ്യക്തിജീവിതങ്ങളെ അസാധാരണമായ രീതിയില്‍ അവരുടെ സമ്മതപ്രകാരമല്ലാതെ പ്രസിദ്ധീകരിക്കുന്നതില്‍ പരിമിതികളുണ്ട്. പ്രധാനമായും മരിച്ചവരോട്. നെയ്റോബി ഹോട്ടല്‍ ആക്രമണത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളെ ഭയം തോന്നും വിധം പ്രസിദ്ധീകരിച്ചുവെന്നത് നിരുത്തരവാദിത്വപരമാണ്. ഇതില്‍ തന്നെ പ്രധാനമായും ഉയരുന്ന വിമര്‍ശനം പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ആഫ്രിക്കന്‍ ജനങ്ങളെയും സംസ്കാരത്തെയും വേണ്ട വിധം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ല എന്നാണ്. ഇത്തരം ചിത്രങ്ങള്‍ പുറത്തുവിട്ടത് New York Times മാത്രമല്ലെങ്കില്‍ കൂടിയും ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിട്ടത് അവരാണ്. അതിന്റെ കാരണം New York Times പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പത്രപ്രവര്‍ത്തന പാരമ്പര്യത്തില്‍ ആഫ്രിക്കന്‍ ജനതയെ കുറിച്ച് സംസാരിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയില്ലെന്നുള്ളത് കൊണ്ടാണ്. കാലങ്ങളോളം പാശ്ചാത്യ മാധ്യമങ്ങളുടെ ബോധപൂര്‍വമുള്ള വാസ്തവവിരുദ്ധമായ കെട്ടിപ്പടുക്കലില്‍ കുടുങ്ങിപ്പോയവരാണ് ആഫ്രിക്കന്‍ ജനത. അവരെ കുറിച്ചുള്ള മുന്‍വിധികള്‍ അങ്ങനെ രൂപപ്പെട്ടു വന്നതാണ്. ഈ നൂറ്റാണ്ടിലും അതിന്റെ അംശം അമേരിക്കയിലെ മികച്ച മാധ്യമ സ്ഥാപനങ്ങളില്‍ പോലും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. AJ Plus പുറത്തുവിട്ട വീഡിയോ റിപ്പോര്‍ട്ടിലാണ്, New York Times തങ്ങളുടെ ജനതയെ നിന്ദമായ രീതിയില്‍ പ്രസിദ്ധീകരിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യത്തോട് പത്രം പ്രതികരിച്ചത് ഇങ്ങനെയാണ്: ‘ഞങ്ങള്‍ ഇത്തരം ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ അത് തീവ്രവാദത്തിന്റെ പ്രത്യാഘാതങ്ങളെ മറച്ച് വെക്കലാകും. മാത്രമല്ല അത് തീവ്രവാദം ഹിംസാത്മകമല്ല എന്ന തെറ്റിദ്ധാരണകള്‍ക്കും സംവാദങ്ങള്‍ക്കും വഴി വെക്കും’. ഇത്തരമൊരു മറുപടി സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. തങ്ങളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട നെയ്റോബികളോട് തങ്ങളുടെ പത്രപ്രവര്‍ത്തനം പിഴച്ചിട്ടില്ലെന്ന് പറയുന്ന ചലം ഥീൃസ ഠശാല െന്റെ തീരുമാനം സഹിഷ്ണുതയുള്ള മാധ്യമപ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ല.
നബീല പാനിയത്ത്
You must be logged in to post a comment Login