സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ഇപ്പോള്‍

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ഇപ്പോള്‍

ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) ഓണ്‍ലൈന്‍ ആയി ഫെബ്രുവരി 15 വരെ രജിസ്റ്റര്‍ ചെയ്യാം. ജനറല്‍/ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസായി 750 രൂപയും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗങ്ങളില്‍പെടുന്നവര്‍ 375 രൂപയും ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷിക്കുന്നവര്‍ എല്‍.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് തിരുവനന്തപുരം എല്‍.ബി.എസ്. സെന്ററില്‍ തപാലിലോ/നേരിട്ടോ സമര്‍പ്പിക്കാം.

അപേക്ഷ 20നു വൈകുന്നേരം അഞ്ചിനു മുന്പ് എല്‍ബിഎസ് സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 15നു വൈകുന്നേരം അഞ്ചിനു മുമ്പായി പൂര്‍ത്തിയാക്കണം.

സെറ്റ് പരീക്ഷയ്ക്കു രണ്ടു പേപ്പറുകള്‍ ഉണ്ടാകും. പേപ്പര്‍ 1 എല്ലാവര്‍ക്കും പൊതുവായിട്ടുള്ളതാണ്. ഈ പേപ്പറിനു രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. എ. പൊതുവിജ്ഞാനം, ബി. അധ്യാപന അഭിരുചി. പേപ്പര്‍2 ബിരുദാനന്തര ബിരുദതലത്തില്‍ പഠിച്ച വിഷയം.

പേപ്പര്‍ 1 ഒരു ചോദ്യത്തിനു ഒരു മാര്‍ക്ക് എന്ന രീതിയില്‍ പാര്‍ട്ട് എയ്ക്കും പാര്‍ട്ട് ബിയ്ക്കും 60 ചോദ്യങ്ങള്‍ വീതം (ആകെ 120 ചോദ്യങ്ങള്‍) ഉണ്ടായിരിക്കും. പേപ്പര്‍ 2 കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ് ഒഴികെയുള്ള വിഷയങ്ങള്‍ക്ക് ഒരു ചോദ്യത്തിനു ഒരു മാര്‍ക്ക് എന്ന രീതിയില്‍ 120 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. കണക്കിനും സ്റ്റാറ്റിസ്റ്റിക്‌സിനും 1.5 (ഒന്നര) മാര്‍ക്ക് വീതമുള്ള 80 ചോദ്യങ്ങള്‍ ഉള്ള ഒബ്ജടീവ് ടൈപ്പ് പരീക്ഷ.
കണക്കും സ്റ്റാറ്റിസ്റ്റിക്‌സും ഒഴികെയുള്ള വിഷയങ്ങള്‍ക്ക് ഇരു പേപ്പറിനും ഒരു ശരിയുത്തരത്തിനു ഒരു മാര്‍ക്ക് എന്ന രീതിയായിരിക്കും. എന്നാല്‍, കണക്കിനും സ്റ്റാറ്റിക്‌സിനും (പേപ്പര്‍2) ഒരു ശരിയുത്തരത്തിനു 1.5 (ഒന്നര) മാര്‍ക്കായിരിക്കും നല്‍കുക. തെറ്റ് ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് കുറക്കില്ല. ഓരോ വിഷയത്തിനുമുള്ള അംഗീകരിച്ച സെറ്റ് സിലബസ് എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ്, കൂടാതെ ഏതെങ്കിലും വിഷയത്തില്‍ ബിഎഡും ഉണ്ടെങ്കില്‍ സെറ്റിന് അപേക്ഷിക്കാം. പി.ജി. ബിരുദം മാത്രം നേടിയവര്‍ ബി.എഡ്. കോഴ്‌സിന് അവസാന വര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്നവരാണെങ്കിലും അവസാന വര്‍ഷ പി.ജി. കോഴ്‌സിനു പഠിക്കുന്നവര്‍ ബി.എഡ്. ബിരുദം നേടിയവരാണെങ്കിലും അപേക്ഷിക്കാം. അന്യസംസ്ഥാനങ്ങളിലെ യോഗ്യത നേടിയവര്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതാണെന്നു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എന്‍.സി.ഇ.ആര്‍.ടി. അംഗീകരിച്ച റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്റെ കീഴില്‍ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് നേടി എം.എസ്‌സി. എം.എഡ്. വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. മേല്‍പറഞ്ഞ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നു ലൈഫ് സയന്‍സില്‍ എം.എസ്‌സി.എഡ്. ബിരുദമുള്ളവര്‍ക്ക് (50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ്) ബോട്ടണി/സുവോളജി എന്നീ വിഷയങ്ങളില്‍ അപേക്ഷിക്കാം.

കൊമേഴ്‌സ്, ഫ്രഞ്ച്, ജര്‍മന്‍, ജിയോളജി, ഹോം സയന്‍സ്, ജേര്‍ണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് സെറ്റ് പരീക്ഷ എഴുതുന്നതിനു ബി.എഡ്. യോഗ്യത നിര്‍ബന്ധമല്ല.

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് ഇംഗ്ലീഷ് വിഷയത്തില്‍ സെറ്റ് പരീക്ഷ എഴുതാം. ഹിന്ദി, അറബി, ഉര്‍ദു എന്നീ ഭാഷകളില്‍ ഡി.എല്‍.ഇ.ഡി./ടി.ടി.സി. പരീക്ഷ പാസായിട്ടുള്ളവര്‍ക്ക് ബി.എഡ്. ബിരുദം ഇല്ലെങ്കിലും സെറ്റിന് അപേക്ഷിക്കാം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ ബി.എഡ്. ബിരുദം കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ളതിനാല്‍ ആ ബിരുദം നേടിയവരെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിക്കാത്ത കറസ്‌പോണ്ടന്‍സ് കോഴ്‌സ് വഴിയോ, ഓപണ്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നോ യോഗ്യത നേടിയവര്‍ സെറ്റ് പരീക്ഷക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. അംഗീകാരമുള്ള കറസ്‌പോണ്ടന്‍സ് കോഴ്‌സ് വഴിയോ, ഓപണ്‍ സര്‍വകലാശാല വഴിയോ കേരളത്തിനു പുറത്തുള്ള ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്നോ യോഗ്യത നേടിയവര്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നും ആ ബിരുദങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇപ്പോള്‍ അവസാന വര്‍ഷ ബിഎഡ് കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദാനന്തര ബിരുദമുള്ള (നിശ്ചിത മാര്‍ക്കോടുകൂടി) വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും (ബി.എഡ്. പരീക്ഷ പാസായിട്ടുണ്ടെങ്കില്‍) സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെറ്റ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.
സെറ്റ് പാസാകുന്നതിനുള്ള മാര്‍ക്കില്‍ ഇളവ് ലഭിക്കുന്നതിനു അര്‍ഹരായ പരീക്ഷാര്‍ത്ഥികളുടെ പരീക്ഷാഫലം അവര്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തയാറാക്കുക. വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ അപേക്ഷയും അനുബന്ധ രേഖകളും മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കൂ.
എസ്.എസ്.എല്‍.സി. ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരുതന്നെ ആയിരിക്കണം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷയില്‍ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം ലഭിക്കുന്ന അഡ്രസ് ലേബല്‍ അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് ഒട്ടിക്കേണ്ടതാണ്.എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, www.lbscentre.org എന്നീ വെബ്‌സൈറ്റുകള്‍ കാണുക.

നൈസറില്‍ സമ്മര്‍ പ്രോജക്ട്
ഭുവനേശ്വറിലുള്ള, സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ & റിസര്‍ച്ച് (നൈസര്‍) മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളിലെ അഡ്വാന്‍സ്ഡ് വിഷയങ്ങള്‍ പഠിക്കാന്‍ താത്പര്യമുള്ളവരില്‍നിന്നും, മെയ് 13 മുതല്‍ ജൂലായ് 19 വരെ നടത്തുന്ന സമ്മര്‍ പ്രോജക്ട് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നൈസറിലെ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് ആണ് പ്രോഗ്രാം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ സ്‌കൂളിലെ അധ്യാപകരുമായി സംവദിക്കാനുള്ള അവസരം ലഭിക്കും. അപേക്ഷകര്‍ ഇപ്പോള്‍, ഇന്റഗ്രേറ്റഡ് എം.എസ്‌സി./ബാച്ചിലര്‍/മാസ്റ്റേഴ്‌സ് ബിരുദകോഴ്‌സില്‍ പഠിക്കുന്നവരായിരിക്കണം. അപേക്ഷകര്‍ തുടക്കത്തില്‍ അപേക്ഷാര്‍ത്ഥി സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ ഒരു ഫാക്കല്‍ട്ടിയുമായി ബന്ധപ്പെട്ട്, സമ്മര്‍ പ്രോജക്ട് കാലയളവില്‍ തന്നെ സഹായിക്കുവാനുള്ള സന്നദ്ധത ഉറപ്പാക്കേണ്ടതുണ്ട്. ഇപ്രകാരം അനുമതി നല്‍കുന്നപക്ഷം, വിദ്യാര്‍ത്ഥി തന്റെ അപേക്ഷയും കരിക്കുലം വിറ്റയും ഇ-മെയില്‍ മുഖാന്തരം, മാര്‍ച്ച് 11നകം ലഭിക്കത്തക്കവിധം, ആ ഫാക്കല്‍ട്ടിക്ക് ഇമെയില്‍ ചെയ്തുകൊടുക്കണം. ബന്ധപ്പെട്ട ഫാക്കല്‍ട്ടി, വിദ്യാര്‍ത്ഥി നല്‍കുന്ന അപേക്ഷ, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിന്റെ ചെയര്‍പേഴ്‌സന് കൈമാറും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക, മാര്‍ച്ച് 26 ഓടെ, വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നൈസറില്‍ എത്തുമ്പോള്‍ നേരത്തേ മെയില്‍ ചെയ്തുകൊടുത്ത അപേക്ഷയുടെയും രേഖകളുടെയും അസ്സല്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പ്രോഗ്രാം കാലാവധി കുറഞ്ഞത് 8 ആഴ്ചയായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിത യാത്രാച്ചെലവും മറ്റ് സഹായവും നല്‍കുന്നതാണ്. നാമമാത്രമായ തുക സ്വീകരിച്ചുകൊണ്ട് താമസസൗകര്യവും ലഭ്യമാക്കും. പ്രോഗ്രാം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഒരു പ്രോജക്ട് റിപ്പോര്‍ട്ട് സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസില്‍ നല്‍കേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പ്രോജക്ട് പൂര്‍ത്തിയാക്കല്‍ സാക്ഷ്യപത്രവും സാമ്പത്തിക സഹായവും വിദ്യാര്‍ത്ഥിക്ക് അനുവദിക്കുകയുള്ളൂ. വിശദാംശങ്ങള്‍ക്ക് www.niser.ac.in എന്ന വെബ്‌സൈറ്റ് കാണുക.

റസല്‍

You must be logged in to post a comment Login