മലബാറിനെ ആശ്ലേഷിച്ച ഹള്‌റമികള്‍

മലബാറിനെ ആശ്ലേഷിച്ച ഹള്‌റമികള്‍

ഹള്‌റമി സയ്യിദുമാര്‍ അവരുടെ മുന്‍ഗാമിയായി എണ്ണുന്നത് പ്രവാചകന്റെ ആറാം തലമുറയില്‍ പെട്ട ഇമാം അലി ഉറൈദിയെയാണ്(മ.825).
ഇമാം അലി ഉറൈദി
ഇമാം ജഅ്ഫര്‍ സാദിഖ് (മ.765)
ഇമാം മുഹമ്മദ് അല്‍ ബാഖിര്‍ (മ.735)
ഇമാം അലി സൈനുല്‍ ആബിദീന്‍ (മ. 716)
ഇമാം ഹുസൈന്‍ (മ.680)
ഫാതിമത്തുസ്സഹ്‌റ
മുഹമ്മദ് നബി(സ്വ)
അലി ഉറൈദി മദീനയിലാണ് ജനിച്ചത്. പിതാവിന്റെ മരണ ശേഷം അദ്ദേഹം മദീനയില്‍ നിന്ന് നാല് കി.മീറ്റര്‍ അകലെയുള്ള ഉറൈദ് പട്ടണത്തിലെത്തി. അങ്ങനെയാണ് ഉറൈദി എന്നറിയപ്പെട്ടത്. ജ്ഞാനിയായ ഉറൈദി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ മുഹമ്മദ് ജമാലുദ്ദീന്‍ എന്ന മകന്‍ പിതാവിന്റെ മരണശേഷം ഉറൈദ് വിട്ട് ബസ്വറയിലെത്തി. അവിടെ സൂഫിയും പണ്ഡിതനുമായി അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ ഈസാ അല്‍നഖീബ് ബസറയില്‍ വിശ്രുതനായി. ഈസാ നഖീബിന്റെ മകന്‍ സയ്യിദ് അഹ്മദ് (മ.956) 930ലെ ഹജ്ജ് കര്‍മത്തിന് ശേഷം ഹളര്‍മൗതിലെത്തി. ഹളര്‍മൗതിലേക്ക് പ്രയാണം ചെയ്ത ആദ്യത്തെ സയ്യിദ് വംശജനായതിനാല്‍ അദ്ദേഹം മുഹാജിര്‍ (പ്രയാണം ചെയ്തയാള്‍) എന്നറിയപ്പെട്ടു. ഹുസൈസ എന്നസ്ഥലത്താണ് മുഹാജിറിന്റെ ഖബറിടം.

മുഹാജിറിന്റെ മകന്‍ സയ്യിദ് ഉബൈദുല്ലയുടെ(മ.993) മകന്‍ സയ്യിദ് അലവി പ്രശസ്ത ജ്ഞാനിയായി മാറി. അതോടെ ഈ സയ്യിദ് വംശം ബനൂ അലവി (ബാ അലവി) എന്നറിയപ്പെടാന്‍ തുടങ്ങി. ഹളര്‍ മൗതില്‍ ജനിച്ച ആദ്യത്തെ സയ്യിദ് വംശജനെന്ന ഖ്യാതിയും സയ്യിദ് അലവിക്കുണ്ട്. സയ്യിദ് ഉബൈദുല്ലയുടെ മറ്റു മക്കളിലൂടെയുള്ള വംശങ്ങള്‍ പിന്‍ഗാമികളില്ലാതെ പോയി. അതുകൊണ്ട് കൂടിയാണ് മുഹാജിറിന്റെ പിന്‍ഗാമികള്‍ ബാ അലവി എന്നറിയപ്പെട്ടത്. അതിനാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഹള്‌റമി സയ്യിദുമാര്‍ ബാ അലവികളാണ്.

സയ്യിദുമാര്‍ വരുന്നത് വരെ ഹളര്‍മൗതില്‍ സ്വാധീനം മശാഇഖുമാര്‍ എന്നറിയപ്പെട്ടവര്‍ക്കായിരുന്നു. അവരാണ് മതകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ബാ ഫള്ല്‍ എന്നാണിവരറിയപ്പെട്ടിരുന്നത്. ഇവര്‍ പദവികളെല്ലാം സയ്യിദുമാര്‍ക്ക് ഒഴിഞ്ഞു കൊടുക്കുകയും അവരെ ആദരപുരുഷന്‍മാരായി വാഴ്ത്തുകയും ചെയ്തു. അതുവരെ കൈയോ മുട്ടുകളോ ചുംബിക്കാനുള്ള അവകാശം (തഖ്ബീല്‍) ഈ മശാഇഖന്‍മാര്‍ക്കായിരുന്നു. ആ പദവിയും ഇവര്‍ സയ്യിദുമാര്‍ക്ക് നല്‍കി. ഒപ്പം ഹബീബ് (പ്രിയപ്പെട്ടവന്‍) എന്ന സ്ഥാനപ്പേരും കൊടുത്തു. പതിനേഴാം നൂറ്റാണ്ടു മുതലാണ് ഹള്‌റമികള്‍ ഹബീബ് എന്നുകൂടി അറിയപ്പെട്ടത്.

ബാ അലവികള്‍ ശാഫീ കര്‍മമാര്‍ഗമാണ് പൊതുവേ പിന്തുടരുന്നത്. ഇവരുടെ വരവോടെ ഹളര്‍മൗതിലുണ്ടായിരുന്ന ഇബാദീ, ഷിയാ വിഭാഗങ്ങളുടെ സ്വാധീനമില്ലാതായി. മത നിഷ്ഠയിലും ജനസേവനത്തിലും അവര്‍ വ്യാപൃതരായി. ജനങ്ങളുടെ ആത്മീയമായും മത പരവുമായ നേതൃത്വം ഏറ്റെടുത്തതിനാല്‍ ഈ രണ്ട് വിഷയങ്ങളിലും കാര്‍ക്കശ്യം വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ശാഫീ കര്‍മങ്ങളെ ആധാരമാക്കിയുള്ള ഗ്രന്ഥങ്ങള്‍ അവര്‍ നിര്‍ബന്ധമായും പഠിച്ചു. അതോടൊപ്പം ഇമാം ഗസ്സാലിയുടെ കൃതികളും, കിതാബുത്തന്‍ബീഹ്, അല്‍മുഹാസിബ്, അല്‍ബസീത്, അല്‍വാജിസ്, അല്‍ഖുലാസ എന്നിവയും പഠിച്ചു. ബാ അലവികള്‍ അവരുടെ കുടുംബ റജിസ്റ്ററുകളും വംശാവലിയും കണിശമായും സൂക്ഷിച്ചുപോന്നു. ഇവരിലെ സഖാഫ്, അയ്ദറൂസ്, ബാ അലവി എന്നീ കുടുംബങ്ങളാണ് പ്രബോധനത്തിലും പ്രചാരണത്തിലും മുന്നിട്ടുനിന്നത്.

ബാ അലവി സൂഫീമാര്‍ഗം
ബാ അലവികള്‍ അതേ പേരില്‍ തന്നെയുള്ള ഒരു കുടുംബ സൂഫീമാര്‍ഗ (ബാ അലവി/ അലവിയ്യ)മാണ് പിന്തുടരുന്നത്. ഇത് സ്ഥാപിച്ചത് ഫഖീഹ് മുഖദ്ദം എന്ന സയ്യിദ് മുഹമ്മദ് ബാഅലവിയാണ്(മ.1255). സൂഫി വിശ്രുതന്‍ അബ്ദുല്‍ഖാദിര്‍ ജീലാനിയുടെ ശിഷ്യനും ശാദിലീ സൂഫികളുടെ ഗുരുവുമായ അബൂമദ്‌യനില്‍(മെറോക്കോ) നിന്നാണ് അദ്ദേഹം സൂഫിസത്തിനുള്ള അംഗീകാരം (ഇജാസ) വാങ്ങുന്നത്. അതിനാല്‍ ബാ അലവി മാര്‍ഗത്തിന് ഖാദിരീ, ശാദിലീ സൂഫീമാര്‍ഗങ്ങളോടാണ്(ത്വരീഖ) കൂടുതല്‍ അടുപ്പം. ബാ അലവി മാര്‍ഗം ഹളര്‍മൗതില്‍ പ്രചാരപ്പെട്ടതോടെ അവിടത്തെ ഗോത്ര സംഘട്ടനങ്ങള്‍ക്ക് തെല്ലൊരു അയവ് വന്നു. അറബികളെപ്പോലെ വാള്‍ ധരിക്കുന്ന സമ്പ്രദായം തന്നെ അലവി സയ്യിദുമാര്‍ ഉപേക്ഷിച്ചു. ഫഖീഹ് മുഖദ്ദം തന്നെ താന്‍ ധരിച്ച വാള്‍ പൊട്ടിച്ചു കളഞ്ഞു. പിന്നീടങ്ങോട്ട് ആരും വാള്‍ കൂടെ കൊണ്ടുനടക്കാതായി. തരീം പട്ടണം സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും കേന്ദ്രങ്ങളായി. സയ്യിദന്‍മാരുടെ ഖബറിടങ്ങള്‍ കൂടുതല്‍ പ്രസിദ്ധമാവുകയും തീര്‍ഥാടനകേന്ദ്രങ്ങളായി മാറുകയും ചെയ്തു.
ഹള്‌റമികളുടെ ജീവിതം മാതൃകാപരമായിരുന്നു. അവര്‍ സമാധാനപ്രിയരും, അല്പം മാത്രം സംസാരിക്കുന്നവരും, ജനക്കൂട്ടത്തില്‍ നിന്നും വഴക്കുകളില്‍ നിന്നും മാറിനില്‍ക്കുന്നവരും സൗമ്യരുമായിരുന്നു. കുടുംബ കാര്യങ്ങളിലും അവര്‍ നന്നായി ശ്രദ്ധിച്ചു. എല്ലാ വിഭാഗത്തില്‍ പെട്ടവരുമായും അയല്‍ക്കാരുമായും നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തു. ഇവരുടെ സൂഫീമാര്‍ഗം വളരെ ലളിതമായിരുന്നു. ഏകാന്തമായ ധ്യാനരീതികളൊന്നുമുണ്ടായിരുന്നില്ല. സ്‌തോത്രങ്ങളും സ്തുതികളുമായിരുന്നു മുഖ്യം. അവരുടേതായ സ്‌തോത്രങ്ങള്‍ തന്നെ ആവിഷ്‌കരിച്ചിരുന്നു. അവരുടെ ഭക്തി സദസ്സുകളില്‍ പൂര്‍വ പിതാവായ സയ്യിദ് അലവിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥനകളര്‍പ്പിക്കുമായിരുന്നു.
ആത്മീയതയുടെ മുഖ്യഗുരുവായി എല്ലാ സൂഫികളും കാണുന്നത് ഹസ്രത് അലിയെയാണ്. ഫഖീഹ് മുഖദ്ദമിന്റെ സൂഫീ പരമ്പരയും ഹസ്രത് അലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. (ഹസ്രത് അലി(റ), അബൂസൈദ് ഹസന്‍, അബൂമുഹമ്മദ് സൈദ് അല്‍അജമി, അബൂസുലൈമാന്‍ ദാവൂദ് ബ്ന്‍ നാസിര്‍, മഅ്‌റൂഫ് ഖര്‍ഖി, അബൂഹസന്‍ അല്‍സിര്‍റി, അബുല്‍ ഖാസിം ജുനൈദി, അബൂബക്കര്‍, അബൂതാലിബ് അല്‍മക്കി, അബൂമുഹമ്മദ് അബ്ദുല്ലാ അല്‍ജൗനി, അബ്ദുല്‍മലിക് ഇമാമുല്‍ ഹറമൈന്‍, അബൂഹാമിദ് അല്‍ഗസ്സാലി, മുഹമ്മദ് ബിന്‍ അബ്ദുല്ലാ മുആഫിരി, അബീ ഹസന്‍ അലി, അബൂ യസ്സാ, ശുഅയ്ബ് ബിന്‍ അബൂമദ്‌യന്‍, അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ഹള്‌റമി മഗ്‌രിബി, അബ്ദുല്ലാ സാലിഹ് ബിന്‍ മഗ്‌രിബി, മുഹമ്മദ് ബിന്‍ അലി ഫഖീഹ് മുഖദ്ദം). പതിനേഴാം നൂറ്റാണ്ടില്‍ ഉമര്‍ ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അഖീല്‍ അത്വാസും (മ.1661), അബ്ദുല്ലാ ബിന്‍ അലവി അല്‍ഹദ്ദാദും (1719) ബാ അലവി മാര്‍ഗത്തില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടു വന്നു. അവര്‍ കൂടുതല്‍ സ്‌തോത്രങ്ങളും മന്ത്രങ്ങളും ഉള്‍പെടുത്തി. ഇവ റാതിബുല്‍ അത്വാസ്, റാതിബുല്‍ ഹദ്ദാദ് എന്നീ പേരുകളിലറിയപ്പെടുന്നു. അനുഷ്ഠാനങ്ങളില്‍ നിഷ്ഠ പുലര്‍ത്താതെ ആര്‍ക്കും തസവ്വുഫില്‍(സൂഫിസം) പ്രവേശിക്കാനാവില്ലെന്ന് അല്‍ഹദ്ദാദ് നിഷ്‌കര്‍ഷിച്ചിരുന്നു. പറങ്കികളും ബ്രിട്ടീഷുകാരും യമന്‍ ദേശത്ത് സ്വാധീനം നേടുന്ന കാലത്താണ് അല്‍ഹദ്ദാദ് ജീവിച്ചത്. ബ്രിട്ടീഷുകാരുമായി ബന്ധപ്പെടുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതോടൊപ്പം ഭരണാധികാരികള്‍ ജനതാല്പര്യം ഹനിക്കുമ്പോള്‍ വിമര്‍ശിക്കാനും മടിച്ചില്ല.

കേരളത്തില്‍
പതിനെട്ടാം നൂറ്റാണ്ടോടെ കേരളം ഹള്‌റമി സൂഫികളുടെ കുടിയേറ്റ കേന്ദ്രമായി. മലബാര്‍ കേന്ദ്രമായുള്ള ആഗോള വ്യാപാരവും, ഇവിടെ പ്രദേശിക രാജാക്കന്‍മാര്‍ മത പ്രബോധനത്തിനും വ്യാപാരത്തിനും നല്‍കിയ സൗകര്യങ്ങളുമാണ് ഹള്‌റമികളെ ഇങ്ങോട്ടാകര്‍ഷിച്ചത്. അതോടൊപ്പം മലബാറിലെ സുരക്ഷിതത്വവും അതിന്റെ ഭൂപ്രകൃതിയും സുഗന്ധദ്രവ്യങ്ങളും വിദേശത്ത് നിന്നുള്ളവരെ ഇങ്ങോട്ടാകര്‍ഷിച്ചിരിക്കാം. കേരളത്തില്‍ ആദ്യം വന്നത് ബുഖാറയില്‍ നിന്നുള്ള സയ്യിദ് വംശജനായ ജലാലുദ്ദീന്‍ ബുഖാരിയാണ്. മധ്യേഷ്യയിലെ ബുഖാറയില്‍ നിന്ന് വന്നത് കൊണ്ട് ഇവര്‍ ബുഖാരികള്‍ എന്നറിയപ്പെട്ടു. ഹള്‌റമി സയ്യിദ് വംശം പിന്നീടാണ് വരുന്നത്. സയ്യിദ് ജലാലുദ്ദീന്‍ 1521ല്‍ കണ്ണൂരിലെ വളപട്ടണത്ത് വന്നു. അവരെ കണ്ണൂരിലെ ജനങ്ങള്‍ ബഹുമാന പൂര്‍വം തങ്ങള്‍ എന്ന് വിളിച്ചു. മേല്‍ ജാതിക്കാരെ അങ്ങനെ സംബോധന ചെയ്യുന്ന രീതി ആ പ്രദേശത്തുകാര്‍ക്കുണ്ടായിരുന്നു. പിന്നീട് കേരളത്തില്‍ എത്തിയ സയ്യിദ് വംശജരെയെല്ലാം തങ്ങന്‍മാര്‍ എന്ന് വിളിക്കാന്‍ തുടങ്ങി.
ആദ്യം കേരളത്തിലെത്തിയ ഹള്‌റമി വംശജന്‍ സയ്യിദ് അബ്ദുറഹ്മാന്‍ അയ്ദറൂസി (16871751)യാണ്. തരീമിലെ അബൂബക്ര്‍ സുക്‌റാന്റെ മകന്‍ അബ്ദുല്ലാ അയ്ദറൂസിന്റെ പരമ്പരയിലാണ് അദ്ദേഹം വരുന്നത്. (ഹസന്‍, അഹ്മദ്, മുഹമ്മദ്, അലി, ഹുസൈന്‍, അലി, അബ്ദുറഹ്മാന്‍ അയ്ദറൂസ്).അയ്ദറൂസ് വംശത്തില്‍ നിന്ന് ആദ്യമായി എത്തിയതും അദ്ദേഹം തന്നെ. 1703ല്‍ കോഴിക്കോട്ടെത്തിയ അയ്ദറൂസി കൊയിലാണ്ടിയില്‍ ചെന്ന് തന്റെ ആത്മീയഗുരു മുഹമ്മദ് വഹ്ഫിയോടൊപ്പം താമസിച്ചു. പിന്നീട് പൊന്നാനിയില്‍ വന്ന് താമസമാക്കിയ ഇദ്ദേഹം മഖ്ദൂം കുടുംബത്തില്‍ നിന്നും ചാവക്കാട് ഉത്വങ്ങാനകം കുടുംബത്തില്‍ നിന്നും വിവാഹം ചെയ്തു. സയ്യിദ് മുഹമ്മദ്, സയ്യിദ് അലവി, സയ്യിദ് അബൂബക്കര്‍, സയ്യിദ് ഹുസൈന്‍, സയ്യിദ് അലി, സയ്യിദ് മുസ്തഫ എന്നീ മക്കളുണ്ടായി. ഇതില്‍ ആദ്യം പറഞ്ഞ മൂന്ന് പേരിലൂടെയാണ് കേരളത്തില്‍ അയ്ദറൂസ് വംശം നിലനില്‍ക്കുന്നത്. പൊന്നാനി, പൂക്കോട്ടൂര്‍, പൂക്കോട്ടുപാടം, പരപ്പനങ്ങാടി ചെട്ടിപ്പടി, പെരിന്തല്‍മണ്ണ, താഴക്കോട്, കക്കൂത്ത്, മാനത്തുമംഗലം, കിടങ്ങയം, എടക്കഴിയൂര്‍, വടക്കേകാട്, പരൂര്‍, വാടാനപ്പള്ളി, കൊച്ചിനക്യാവ്, ആലുവ തോട്ടുമുക്കം, ആലപ്പുഴ, തൊടുപുഴ, മണ്ണഞ്ചേരി, കൊയിലാണ്ടി, താമരശ്ശേരി, കൊടുവള്ളി, കല്ലക്കട്ട, കാസര്‍കോട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ അയ്ദറൂസ് വംശജര്‍ താമസിക്കുന്നു. പൊന്നാനിയിലെ വലിയ ജാറം സമുച്ചയത്തിലാണ് അയ്ദറൂസിയുടെ ഖബറിടം. യമനില്‍ നിന്ന് ഗുജറാത്തിലെ സൂറത്ത് വഴി കോഴിക്കോട്ടെത്തിയ സയ്യിദ് അഹ്മദ് ബിന്‍ ഹസന്‍ ഫഖ്‌റുല്‍ വുജൂദും പിന്‍ഗാമികളുമാണ് മറ്റൊരു അയ്ദറൂസി കുടുംബം.
ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login