ഭിന്ന വികാരങ്ങളാല്‍ സമ്മിശ്രമാണ് മനുഷ്യഹൃദയങ്ങള്‍. സന്തോഷവും സന്താപവും അതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. സന്തോഷമുണ്ടാവുമ്പോള്‍ ഉള്ളറിഞ്ഞ് ചിരിക്കാനും സന്താപമുണ്ടാകുമ്പോള്‍ അത്യന്തം വേദനിക്കാനും മനുഷ്യഹൃദയത്തിന് പ്രത്യേകമായൊരു കഴിവുണ്ട്. ‘മനുഷ്യന്‍’ എന്ന പ്രയോഗം തന്നെ അങ്ങനെ വരുന്നതാണ്. ‘നീയൊരു മനുഷ്യനാണോടാ?’ എന്ന ചോദ്യത്തിന്റെ ധ്വനി- മനുഷ്യരൂപത്തിലെ മാനുഷിക ഭാവങ്ങൡല്ലാത്തവരെക്കുറിച്ചാണ്. ഹൃദയബന്ധിതമാണ് മനുഷ്യത്വം. തനിക്കുവേണ്ടത് മറ്റൊരുവനും വേണ്ടതാണെന്ന ബോധം മനുഷ്യത്വത്തിന്റെ മൂലശിലയാണ്.
അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രതികരിക്കാനാണ് മനുഷ്യമനസ് പ്രേരിപ്പിക്കുക. അതിന്റെ ഗുണ-ദോഷവശങ്ങള്‍ എന്തുതന്നെ ആയാലും സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. ആ പ്രതികരണ ശേഷി മനുഷ്യസഹജമാണ്.
എന്നാല്‍ ചിലര്‍ അങ്ങനെയല്ല. ചുറ്റിലും നടക്കുന്നതെന്തായാലും എന്തുതന്നെ സംഭവിച്ചാലും അനങ്ങാതിരിക്കുന്നവര്‍. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന ഭാവം. ചരിത്രത്തില്‍ ഇങ്ങനെ ചിലരുണ്ട്. ഇസ്രയേല്യരില്‍ ഈ വിചിത്ര സ്വഭാവക്കാരെ കാണാം. ഹൃദയം ശിലയെക്കാള്‍ കടുത്തതിനാല്‍ നന്മയുടെ വെളിച്ചം കെട്ടുപോയവര്‍. കടുത്ത ഹൃദയങ്ങള്‍ക്ക് ക്രമേണ പ്രതികരണ ശേഷി നഷ്ടപ്പെടും. തെളിവുകളും ദൃഷ്ടാന്തങ്ങളും മനുഷ്യമനസുകളെ മഥിക്കുമ്പോഴും ഇവര്‍ മാറുകയേയില്ല. അവരുടെ പിന്‍തലമുറക്കും അതില്‍നിന്നൊരു ഭാഗം പകര്‍ന്നുകിട്ടി. മൂസാനബിക്കു ശേഷം സത്യസാക്ഷ്യങ്ങളുമായി കടന്നുവന്ന പ്രവാചക ശൃംഖലയെ അവര്‍ തള്ളിപ്പറഞ്ഞത് ഇക്കാരണത്താലാണ്. ‘യഥാ പിതാ തഥാ പുത്ര'(മുന്‍ഗാമികള്‍ പിന്‍ഗാമികള്‍ക്ക് പാഠങ്ങളാണ്). പിതാക്കന്മാരും പ്രപിതാക്കന്മാരും കാണിച്ചുകൊടുത്ത നിരാകരണത്തിന്റെ വഴികളില്‍ പിന്‍ഗാമികളും സഞ്ചരിച്ചു.
കല്ലു ഹൃദയര്‍ സത്യവാചകങ്ങളെ എങ്ങനെയാണ് അംഗീകരിക്കുക? അല്ലാഹുവിനെ കുറിച്ചോര്‍ത്ത് അവര്‍ എങ്ങനെയാണ് കരയുക? ഖുര്‍ആന്‍ പറയുന്നത് നോക്കൂ: ‘അതിനു ശേഷവും (പശുവും അനുബന്ധ സംഭവങ്ങളും) നിങ്ങളുടെ മനസ് കടുത്തുപോയി. അതിപ്പോള്‍ പാറയോ അതിനെക്കാള്‍ കടുത്തതോ ആണ്. ചില പാറകളില്‍നിന്ന് നദികള്‍ പൊട്ടിയൊലിക്കാറുണ്ട്. ചിലത് പൊട്ടിപ്പിളര്‍ന്ന് വെള്ളം വരുന്നവയും മറ്റുചിലത് അല്ലാഹുവിനെ ഭയന്ന് ഉരുണ്ട് വീഴുന്നവയുമാണ്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊന്നും അശ്രദ്ധനല്ല അല്ലാഹു.'(സൂറത്തുല്‍ ബഖറ 74ാം ആയത്തിന്റെ വ്യാഖ്യാനത്തില്‍നിന്ന്).
ഒരുപക്ഷേ ശിലകളെക്കാള്‍ കട്ടിയായിപ്പോയി എന്ന ഖുര്‍ആന്‍ പ്രയോഗം; മാനസാന്തരപ്പെടാത്തവരെക്കുറിച്ചാവാം. പാറകള്‍ക്കിടയില്‍നിന്ന് പോലും നദികളും ജലാശയങ്ങളും നീരൊഴുക്കുകളും ഉറവയെടുക്കാറുണ്ട്. വലിയ പാറകള്‍ക്കുള്ളില്‍നിന്ന് നാമ്പെടുത്തുവരുന്ന ചെറിയ പച്ചത്തുടിപ്പുകള്‍ നമ്മള്‍ കാണാറുണ്ട്. കാഠിന്യമേറിയ കരിമ്പാറകള്‍ക്കുള്ളില്‍നിന്ന് പോലും കുത്തൊഴുക്കുകള്‍ക്കും കുഞ്ഞിളം നാമ്പുകള്‍ക്കും സാധ്യതയുണ്ട്.
നിര്‍ജീവമായ കല്ലുകളും മരങ്ങളും അല്ലാഹുവിനെ ഭയപ്പെടുകയും അവനെ വാഴ്ത്തുകയും ചെയ്യുന്നു. ‘ചെടികളും വൃക്ഷങ്ങളും അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നുവെന്ന പ്രത്യക്ഷ പ്രയോഗം തന്നെ സൂറത്തുല്‍ റഹ്മാനില്‍ കാണാം. ആകാശ ഭൂമിലോകങ്ങളിലെ സകല ചരാചരങ്ങളും അവനെ പ്രകീര്‍ത്തിക്കുന്നു. ബുദ്ധിയുണ്ടായിട്ടും അത് വേണ്ടപോലുപയോഗിക്കാത്തവര്‍ എത്ര ഹതഭാഗ്യരാണ്?
ഏത് പാറയും ചില നേരങ്ങളില്‍ ഉരുകിയൊലിക്കും, അവയില്‍നിന്ന് ജലധാരകളുണരും. ചലനമില്ലാത്തത് അകത്തെ ആ മാംസക്കഷ്ണത്തിനാണ്. ‘അറിയുക, ശരീരത്തില്‍ ഒരവയവമുണ്ട്. അത് നന്നായാല്‍ ശരീരം(മുഴുവന്‍) നന്നായി. അത് മോശമായാല്‍ മൊത്തം കേട് തന്നെ. ഖല്‍ബ്(ഹൃദയം) ആണത്.
എന്തും താങ്ങാനും സഹിക്കാനുമുള്ള കഴിവ് കൂടുതല്‍ ഏതിനാണ്? ഹൃദയത്തിനോ അതല്ല കരിമ്പാറക്കോ? ഖുര്‍ആനിലിങ്ങനെ കാണാം: ഈ വിശുദ്ധ ഖുര്‍ആനെ നാമൊരു പര്‍വതത്തിനു മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് വിഹ്വലപ്പെടുകയും അല്ലാഹുവിനെ ഓര്‍ത്തുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നബിയേ തങ്ങള്‍ക്ക് കാണാമായിരുന്നു(സൂറതുല്‍ ഹശ്ര്‍). എന്നിട്ടും ഉരുകാത്ത, ഇളകാത്ത ഹൃദയത്തിനുടമകളാകുന്നു ചില മനുഷ്യര്‍.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login