പലിശ രഹിത ബാങ്കിങ് ആരുടെ പ്രകടന പത്രികയില്‍ വരും?

പലിശ രഹിത ബാങ്കിങ് ആരുടെ പ്രകടന പത്രികയില്‍ വരും?

2006 ലാണ് ആനന്ദ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്ക്, പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്. ജൂലൈ മാസം പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍, നിലവിലെ നിയമസംഹിതകളെ അടിസ്ഥാനപ്പെടുത്തി, ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിങ് തുടങ്ങുക എന്ന ദൗത്യം അല്പം ശ്രമകരമാണെന്നും അത് നടപ്പിലാക്കാന്‍ സമുചിതമായ ഭേദഗതികള്‍ അത്യാവശ്യമാണെന്നും അഭിപ്രായപ്പെടുന്നതായി കാണാം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, അഥവാ 2009 ന്റെ തുടക്കത്തില്‍, സിന്‍ഹയുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തിറങ്ങി. ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടതു മുതലാണ് ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.

ഇതിനിടയില്‍ 2008 ലെ പ്ലാനിങ്ങ് കമ്മീഷന് കീഴിലുള്ള Committee on Financial Sector Reforms (CFSR) പുറത്തിറക്കിയ ‘A Hundred Small Steps’ എന്ന റിപ്പോര്‍ട്ടിലും ഇസ്‌ലാമിക് ബാങ്കിങ് പരാമര്‍ശിക്കപ്പടുകയുണ്ടായി. രാജ്യത്തു തുല്യവികസനം സാധ്യമാക്കാന്‍ ഇസ്‌ലാമിക് ബാങ്കിങ് നടപ്പിലാക്കണമെന്ന ആവശ്യം കമ്മിറ്റി ശുപാര്‍ശ ചെയ്യുകയുമുണ്ടായി. കമ്മിറ്റി തലവനായിരുന്ന മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ സമര്‍ത്ഥനം വളരെ കൃത്യമായിരുന്നു.
‘മുഴുവന്‍ ജനങ്ങളെയും ഉള്‍കൊള്ളിച്ച് കൊണ്ടുള്ള വികസനത്തിന് (Financial Inclusion) ഏറെ സഹായകമാകുന്ന മറ്റൊരു സാമ്പത്തിക ഉപാധിയാണ് പലിശ രഹിത ബാങ്കിങ്. പ്രസ്തുത ബാങ്കിങ് സംവിധാനം ഇല്ലാത്തത് കൊണ്ടുതന്നെ ചില ആളുകള്‍, വിശിഷ്യാ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍, വിശ്വാസത്തിന്റെ പേരില്‍ ബാങ്കിങ് സംവിധാനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി കാണാന്‍ സാധിക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചുവെച്ച പണത്തിന്റെ പ്രയോജനം കൂടി ഇതിലൂടെ നമ്മുടെ രാജ്യത്തിന് നഷ്ടമാകുന്നുണ്ട്. ചെറിയ തോതില്‍ കോപ്പറേറ്റീവ് ബാങ്കുകളും മറ്റും പലിശ രഹിത ബാങ്കിങ് നടപ്പിലാക്കി വരുന്നുണ്ട്. പക്ഷെ ഇത് വലിയ തോതില്‍ തന്നെ കൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെടുകയാണ്. നൂതനമായ സംരംഭങ്ങളിലൂടെ രാജ്യത്ത് തുല്യവികസനം കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്ന് കമ്മിറ്റി കരുതുന്നു. വലിയ പ്രശ്നങ്ങള്‍ക്ക് വഴി വെക്കാതെ തന്നെ, ഈ നടപടികള്‍ സാധ്യമാകുമെന്നു തന്നെയാണ് കമ്മിറ്റി വിശ്വസിക്കുന്നത്.’ (High Level Committee of Planning Commision of India Report submitted to Chairman, Dr.Manmohan Sing, PM on Sep 12, 2008- Chapter 3 Broadening Access to Finance Page:72).

2014 ആഗസ്ത് 4-ന് റിസര്‍വ് ബാങ്കിന്റെ തന്നെ interdepartmental group of reserve bank of India പുറത്തിറക്കിയ ‘legal/technical/regulatory issues for introducing Islamic banking in India’ എന്ന റിപ്പോര്‍ട്ടില്‍, സര്‍ക്കാറിന്റെ അനുമതിയുണ്ടെങ്കില്‍ എട്ടോളം സാമ്പത്തിക മാധ്യമങ്ങള്‍ ഇസ്‌ലാമിക് തിയറികളില്‍ നിന്നും ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവരാമെന്ന ആശയം മുന്നോട്ടു വെക്കുന്നുണ്ട്. ഇതിനെ participatory banking (പങ്കാളിത്ത ബാങ്കിങ്) എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
2015 ഡിസംബര്‍ മാസത്തില്‍ റിസര്‍വ് ബാങ്കിന്റെ ‘
‘Medium term path financial inclusion committeeയും ഇസ്‌ലാമിക് ബാങ്കിങിന് വേണ്ടി പരാമര്‍ശിക്കുകയുണ്ടായി. ദീപക് മൊഹന്തിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് (Chapter 5 4044) പ്രസ്തുത പരാമര്‍ശമുണ്ടായത്.
ഇതിനു പുറമെ, 2015-16 കാലയളവിലുള്ള ആര്‍.ബി.ഐ-യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വളരെ കൃത്യമായിത്തന്നെ പലിശരഹിത ബാങ്കിങ്ങിന്റെ പ്രസക്തിയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. മതത്തിന്റെ ശാസനകള്‍ മാനിച്ച് ഒരു വലിയ ജനക്കൂട്ടം, ആധുനിക ബാങ്കിങ് സംവിധാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്നും, പലിശരഹിത ബാങ്കിങ്ങിലൂടെ ഈ വിടവ് നികത്താന്‍ കഴിയുമെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി. അന്ന് ശിവസേന എം.പിയായിരുന്ന ചന്ദ്രകാന്ദ് ഖൈറെ ശരീഅത്തിന്റെ പേര് പറഞ്ഞ്, ഇസ്‌ലാമിക് ബാങ്കിങിനെതിരെ പാര്‍ലിമെന്റില്‍ സംസാരിച്ചിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ആര്‍.ബി.ഐയുടെ പുതിയ പ്രസ്താവനയും പുറത്തിറങ്ങി. ജാതി മത വര്‍ഗ്ഗ ഭേദമന്യേ മുഴുവന്‍ ജനങ്ങള്‍ക്കും തുല്യപരിഗണന ഉറപ്പു വരുത്തുന്നതിന് വേണ്ടി ബാങ്കിങ് സംവിധാനത്തില്‍ ഇസ്ലാമിക ചട്ടങ്ങള്‍ ആരംഭിക്കാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ നിലവിലെ ഇന്ത്യന്‍ സ്റ്റാറ്റസാണ് ഇതുവരെ പറയാന്‍ ശ്രമിച്ചത്.

എന്തിനാണ് ഇസ്‌ലാമിക് ബാങ്കിങ്?
ഇസ്‌ലാമിലെ ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ബാങ്കിങ് സംവിധാനത്തിനാണ് ഇസ്‌ലാമിക് ബാങ്കിങ് എന്ന് പറയുന്നത്. പലിശരഹിത ബാങ്കിങ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഇസ്ലാമില്‍ പണത്തിന് ഉല്‍പന്നങ്ങളുടേത് പോലുള്ള ആന്തരികമായ മൂല്യം (Intrinsic value) കല്‍പ്പിക്കാത്തതിനാല്‍ പണം ഒരു വില്‍പ്പനച്ചരക്കായി ഗണിക്കപ്പെടുന്നില്ല. മാത്രവുമല്ല, മതത്തില്‍ നിഷിദ്ധമായ സംരംഭങ്ങളിലൊന്നും നിക്ഷേപം നടത്താന്‍ ഇസ്‌ലാമിന്റെ സാമ്പത്തിക നയങ്ങള്‍ അനുവദിക്കുന്നുമില്ല. ഈ പൊതു തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്‌ലാമിക് ബാങ്കിങ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്ത് കാണുന്ന പല സാമ്പത്തിക പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം ഈ തത്വങ്ങളുടെ അഭാവമാണെന്ന തിരിച്ചറിവുണ്ടായതുകൊണ്ടാണ് ലോകം ഇസ്‌ലാമിക് ബാങ്കിങ്ങിനെ സ്വീകരിച്ചുതുടങ്ങിയത്. മലേഷ്യയിലെ Tabung Haji Financial Institution ലാണ് ആദ്യമായി ഇസ്‌ലാമിക് ബാങ്കിങിന്റെ വ്യവസ്ഥാപിത രൂപം ആരംഭിച്ചത്. പരിശുദ്ധമായ ഹജ്ജ് കര്‍മ്മത്തിന് വേണ്ടി പണം സ്വരൂപിക്കാന്‍ ആരംഭിച്ച സ്ഥാപനത്തിന്റെ നടത്തിപ്പുരീതി ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായി മാറുകയായിരുന്നു. ആദ്യം ഇസ്‌ലാമിക രാജ്യങ്ങളിലും പിന്നീട് മുസ്ലിമേതര രാജ്യങ്ങളിലും അവ വ്യാപിക്കുകയുണ്ടായി. 2015 വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ടടിസ്ഥാനത്തില്‍ യു കെ, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇസ്‌ലാമിക് ബാങ്കിങ് വ്യവസ്ഥാപിതമായി തന്നെ നടന്നുവരുന്നുണ്ടെന്ന സത്യം തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.

പലിശയില്ലാതെ ബാങ്കുകള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന ചോദ്യം പലപ്പോഴും പലരും ചോദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍, നമ്മുടെ സഹോദരങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് നാം പലിശയിലൂടെ ആസ്വദിക്കുന്നത്. എന്നാല്‍ ത്യാഗം ആവശ്യമുള്ള ( ലാഭ- നഷ്ട്ടങ്ങള്‍ക്കു സാധ്യതയുള്ള) നിക്ഷേപങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന പണം ഇത്തരത്തില്‍ കാണാന്‍ സാധിക്കില്ല. നാം സഹിച്ച ത്യാഗത്തിന്റെ പ്രത്യുപകാരമായിട്ടാണ് അവിടെ നമുക്ക് പണം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക് ബാങ്കുകളില്‍ പലിശക്ക് പകരമായി ലാഭവും നഷ്ടവും അടിസ്ഥാനപ്പെടുത്തിയുള്ള അക്കൗണ്ടുകളാണ് നല്‍കിവരുന്നത്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിക്ഷേപങ്ങള്‍(Deposits) സമൂഹനന്മക്ക് വഴി വെക്കുന്ന സംരംഭങ്ങളില്‍ നിക്ഷേപിക്കുകയും അതില്‍ നിന്നുണ്ടാവുന്ന നഷ്ടവും ലാഭവും നിശ്ചയിച്ച തോതില്‍ പങ്കിടുകയും ചെയ്യുന്ന രീതിയാണ് ഇസ്‌ലാമിക് ബാങ്കിങിലുള്ളത്. ഈ അര്‍ത്ഥത്തില്‍ ഇസ്‌ലാമിക് ബാങ്കിങ്ങിനെ ഒരു ഏജന്‍സിയായി കാണുന്നതിലും കുഴപ്പമില്ല. കൂടുതലും മുശാറക, മുറാബഹ, ഇജാറ, ഇസ്തിസ്ന തുടങ്ങിയ രൂപങ്ങളിലൂടെയൊക്കെയാണ് ഇസ്‌ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഇന്ത്യ പോലുള്ള ഒരു സെക്കുലര്‍ രാജ്യം എന്തുകൊണ്ട് ഒരു മതം മുന്നോട്ട് വെക്കുന്ന സാമ്പത്തിക നയങ്ങളെ ആശ്രയിക്കുന്നു എന്ന ചോദ്യവും പ്രസക്തമാണ്. അതോടൊപ്പം ലോകത്ത് ഇസ്‌ലാമിക രാഷ്ട്രമല്ലാത്ത പലയിടങ്ങളിലും തങ്ങളുടെ സാമ്പ്രദായിക ബാങ്കിങ് സംവിധാനത്തില്‍ ഇസ്‌ലാമിക് ബാങ്കിങ് ഉപകരണങ്ങള്‍ ഉപയോഗിച്ചുവരുന്നതായി കാണാന്‍ സാധിക്കും. ചൈന, ജര്‍മനി, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങള്‍ അതിനുദാഹരണങ്ങളാണ്.
ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിങ് നടപ്പിലാക്കുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍, ഏറ്റവും ചുരുക്കി ഇങ്ങനെ സംഗ്രഹിക്കാന്‍ സാധിക്കും.
1. ഓഹരി വിപണിയിലെ നല്ലൊരു ശതമാനം കമ്പനികളും ശരീഅത്ത് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. ഒരു പക്ഷെ മലേഷ്യയിലെ ഓഹരിവിപണിയിലുള്ളതിനേക്കാള്‍ ഇത്തരം കമ്പനികള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടെന്നു പറയാം. ഇസ്‌ലാമിക് ബാങ്കിങ്ങിലൂടെ അതില്‍ നിക്ഷേപം നടത്താനുള്ള പണം വിശ്വാസിക്ക് എളുപ്പത്തില്‍ ലഭിക്കുന്നതാണ്. മാത്രവുമല്ല, ഇത്തരം കമ്പനികള്‍ക്ക് ബാങ്കുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇസ്‌ലാമിക് ബാങ്കിങ് സഹായകമാകും.
2. ഇസ്‌ലാമിക് ബാങ്കിങ് ആരംഭിക്കുന്നതിലൂടെ മുസ്ലിങ്ങളുടെ നിക്ഷേപം വര്‍ദ്ധിക്കുകയും അത് രാജ്യത്തിന്റെ വികസനത്തിന് സാധ്യതകളൊരുക്കുകയും ചെയ്യും. 2005 ല്‍ ആര്‍ ബി ഐ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, പലിശയിലൂടെ നേടിയ ബില്യണ്‍ കണക്കിന് രൂപ ഉപയോഗശൂന്യമായി സസ്പെന്‍ഡഡ് അക്കൗണ്ടില്‍ നിലനില്‍ക്കുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. മുസ്‌ലിംകളുടെ ആസ്തി 1.5 ട്രില്ല്യന്‍ ആണെന്നും പ്രതിവര്‍ഷം 15 ശതമാനം എന്ന തോതില്‍ അവ വളരുന്നുണ്ടെന്നും കണക്കുകളില്‍ കാണാന്‍ സാധിക്കും. കേരളത്തില്‍ മാത്രം ഇവ 40000 കോടിയിലേറെയാണെന്നതാണ് ഏറെ ആശ്ചര്യജനകമായ കാര്യം. വിശ്വാസികളുടെ കയ്യിലുള്ള കോടിക്കണക്കിന് രൂപ നിഷ്‌ക്രിയമായി കിടക്കുകയാണെന്നും അവ ക്രിയാത്മകമായി നിക്ഷേപിക്കുന്നതിലൂടെ രാജ്യത്ത് വലിയ തോതിലുള്ള വികസനം സാധ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.(RBI Legal News and Views Journal Section Vol. 10 Issue no 2/ April-June 2005). ഇത്തരം കണക്കുകളെല്ലാം പലിശരഹിത ബാങ്കിങ്ങിനുള്ള പ്രാധാന്യത്തെ എടുത്തുകാണിക്കുന്നവയാണ്.
3. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ ഇസ്ലാമിക് ബാങ്കിങ് പരിഹാരമാകും. പലിശയില്‍ നിന്ന് മുക്തമായ വായ്പാ സംവിധാനത്തിലൂടെ കടക്കെണിയില്‍ നിന്ന് രക്ഷപെടാന്‍ കര്‍ഷകര്‍ക്ക് സാധിക്കുകയും ചെയ്യും.

ഹരിതവിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന്‍ 2010 ഏപ്രില്‍ 6-ന് The New Indian Express ല്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്ന് ചില വാക്കുകള്‍ കടമെടുക്കുകയാണ്. ‘ഇന്നലെയടക്കം ഇരുപതോളം കര്‍ഷകര്‍ വിദര്‍ഭയില്‍ ആത്മഹത്യ ചെയ്തതായി നാം വാര്‍ത്തകളിലൂടെ കേട്ടറിഞ്ഞവരാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന പലിശരഹിതമായ വായ്പാ സംവിധാനത്തിലൂടെ ഇത്തരം പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്’.

സാമ്പത്തിക രംഗത്തുള്ള വിലയിരുത്തലുകള്‍
ഇന്‍ഡോറിലെ എ ബി വി പിയുടെ സംസ്ഥാന ട്രഷററായ പ്രൊഫസര്‍ വിശ്വാസ് വിയാസ് ഇസ്ലാമിക് ഫൈനാന്‍സ് കേന്ദ്രീകരിച്ചു നടത്തിയ, അഞ്ചു വര്‍ഷം നീണ്ടുനിന്ന, വിമര്‍ശനാത്മകമായ ഒരു ഗവേഷണത്തിന്റെ ഉപസംഹാരം ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിങ് സംവിധാനത്തിന് ഭാവിയുണ്ടെന്നും അതിന് സഹായകമാകുന്ന ഭേദഗതികള്‍ ഭരണഘടനയില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറയുകയുണ്ടായി. മാത്രവുമല്ല, പ്രസ്തുത ഭേദഗതി വരുന്നതുവരെ, ഇസ്‌ലാമിക് ഫൈനാന്‍സിന്റെ ബാങ്കേതര ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക നിരീക്ഷകന്‍ അനില്‍ ബോകിലിനെ പരിചയമില്ലാത്തവര്‍ കുറവായിരിക്കും. നോട്ടുനിരോധനമെന്ന ആശയം മോഡി സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞരില്‍ പ്രമുഖന്‍. നോട്ടു നിരോധനത്തില്‍ താന്‍ മുന്നോട്ട് വെച്ച അഞ്ചു പോളിസികളില്‍ ഒന്ന് മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും, നോട്ടുനിരോധനം നടപ്പിലാക്കുന്നതിലുണ്ടായ പിഴവുകളാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിച്ചതെന്നും അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ പരാമര്‍ശം നടത്തിയതിന്റെ ഒടുക്കത്തില്‍ അദ്ദേഹം പറഞ്ഞുവെച്ച ചില കാര്യങ്ങളാണ് നമ്മുടെ ചര്‍ച്ചാ വിഷയം. അദ്ദേഹത്തിന്റെ വാചകങ്ങള്‍ ഇങ്ങനെയാണ്: ‘ഇന്‍ഷാ അല്ലാഹ് എന്നു പറയുന്നതിലൂടെ ഒരു നന്മയുടെ അംഗീകാരവും ഞാന്‍ സ്വയം ഏറ്റെടുക്കുന്നില്ല എന്നാണ് ഓരോ വിശ്വാസിയും പ്രഖ്യാപിക്കുന്നത്. നമുക്കും അത്തരം ചിന്താഗതികള്‍ ഉണ്ടാവേണ്ടതുണ്ട്’. തന്റെ നയങ്ങളെയെല്ലാം ഇസ്ലാം സ്വാധീനിച്ചിട്ടുണ്ടെന്നും പലിശ രഹിത ബാങ്കിങ് എന്ന സംവിധാനത്തോട് വളരെ താല്‍പര്യമുള്ള ആളാണ് ഞാനെന്നും പിന്നീടദ്ദേഹം പറയുകയുണ്ടായി. 2018 സെപ്റ്റംബര്‍ മാസം നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇസ്ലാമിലെ നികുതി സംവിധാനത്തെ ദൈവികവും ഉദാത്തവുമായി അദ്ദേഹം പുകഴ്ത്തുകയുമുണ്ടായി. ഇവയെല്ലാം, ഇസ്‌ലാമിന്റെ സാമ്പത്തിക നയങ്ങള്‍ക്കുള്ള ബഹുമുഖ സ്വീകാര്യതയെയാണ് വിളിച്ചോതുന്നത്.
*
ഇന്ത്യ, വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. മോഡി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് മുന്‍ ആര്‍.ബി.ഐ ഗവര്‍ണറായ രഘുറാം രാജന്‍. അദ്ദേഹം നേതൃത്വം കൊടുത്ത കമ്മിറ്റിയുടെ ശുപാര്‍ശയായിരുന്നു, യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക് ബാങ്കിങ്. പിന്നീട് പലപ്പോഴായും പ്രസ്തുത ആവശ്യം ആര്‍.ബി.ഐ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉന്നയിക്കുകയുണ്ടായി. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് സെക്കുലറിസത്തിന്റെ പേരില്‍, മതേതരത്വ സങ്കല്‍പ്പങ്ങളെ ‘മുറുകെ പിടിച്ച്’ ഇസ്‌ലാമിക് ബാങ്കിങ്ങിനെ താല്‍ക്കാലികമായി ഒഴിവാക്കുകയാണുണ്ടായത്. ഇസ്‌ലാമിക് ബാങ്കിങ് എന്നത് മതത്തിന്റെ ആചാരമല്ലെന്നും സര്‍വ്വജനങ്ങളുടേയും സാമ്പത്തിക ഉന്നമനത്തിന് വഴിവെക്കുന്ന ദൈവികമായ നയങ്ങളാണെന്നും മനസ്സിലാക്കി അടുത്ത സര്‍ക്കാറെങ്കിലും ഇസ്‌ലാമിക് ബാങ്കിങ് പ്രാബല്യത്തില്‍ വരുത്തേണ്ടിയിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോയില്‍ ഇസ്‌ലാമിക് ബാങ്കിങിന് ഇടം ലഭിക്കുമെന്നു പ്രത്യാശിക്കാം.
മുഹമ്മദ് ശഫീഖ് സി.എം നാദാപുരം

You must be logged in to post a comment Login