നമ്മുടെ ഓരോ പ്രധാനമന്ത്രിയും അവരവരുടെ തനതായ പൈതൃകം ഇന്ത്യന്‍ ചരിത്രത്തില്‍ അവശേഷിപ്പിച്ചിട്ടുണ്ട്. ഏതാണ്ടെല്ലാ കാര്യത്തിലും, അവശേഷിപ്പിച്ച പൈതൃകം ആ വ്യക്തി ആഗ്രഹിച്ചതാകണമെന്നില്ല. അത് പലതിന്റെയും കൂടിക്കലര്‍പ്പാണ്.
ജവഹര്‍ലാല്‍ നെഹ്റു ശാസ്ത്രത്തോടും മതേതരത്വത്തോടുമുള്ള തീവ്രമായ പ്രതിബദ്ധതയുടെ പേരിലാണ് ഓര്‍മ്മിക്കപ്പെടുന്നത്. 1962ല്‍ ചൈനയുമായുണ്ടായ യുദ്ധപരാജയത്തിനും കശ്മീര്‍ പ്രശ്നം കുഴഞ്ഞുമറിഞ്ഞതും ഉത്തരവാദിത്വം ആരോപിക്കപ്പെടുന്നത് നെഹ്റുവില്‍ തന്നെ. എന്നാല്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി ഓര്‍മ്മിക്കപ്പെടുന്നത് ‘ജയ് ജവാന് ജയ് കിസാന്‍’ എന്ന മൂദ്രാവാക്യമുയര്‍ത്തി പാക്കിസ്ഥാനെതിരെ 1965 ല്‍ നേടിയ യുദ്ധവിജയത്തിന്റെ പേരിലും താഷ്ക്കെന്റില്‍ വെച്ചുണ്ടായ ദൂരൂഹമായ മരണത്തിന്റെ പേരിലുമാണ്. ‘ഗരീബി ഹഠാവോ’ എന്ന മുദ്രവാക്യത്തിന്റെ പിന്നില്‍ പടുത്തുയര്‍ത്തിയ, ദരിദ്രര്‍ക്കനുകൂലമായ നയങ്ങളുടെ പേരിലും ചേരിചേരാപ്രസ്ഥാനത്തെ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടു കൊണ്ടു പോയതിന്റെ പേരിലും പിന്നെ, അടിയന്തരാവസ്ഥയുടെയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെയും പേരിലുമാണ് ഇന്ദിരാഗാന്ധി ഓര്‍മ്മിക്കപ്പെടുന്നത്.
ഇന്ത്യയിലേക്ക് കമ്പ്യൂട്ടര്‍ കൊണ്ടു വന്നതിന്റെയും ടെലികോം മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളുടെയും ബൊഫോഴ്സ് അഴിമതിയാരോപണത്തിന്റെയും പേരിലാണ് രാജീവ് ഗാന്ധി ഓര്‍മ്മിക്കപ്പെടുന്നത്. പി വി നരസിംഹറാവുവാകട്ടെ ഓര്‍മ്മിപ്പിക്കപ്പെടുന്നത് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ യുഗം തുടങ്ങിവെച്ചതിന്റെയും ബാബ്രി മസ്ജിദ് തകര്‍ക്കുന്നതിനു നേരെ വേണ്ടത്ര ജാഗരൂഗനാകാത്തതിന്റെയും പേരിലാണ്. പതിമൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യം തുന്നിച്ചേര്ത്തതിന്റെയും പൊഖ്റാനിലെ ആണവപരീക്ഷണത്തിന്റെയും ‘ഇന്ത്യ ഷൈനിംഗ് ‘ പ്രചരണത്തിനു ശേഷവും ബിജെപിയ്ക്കുണ്ടായ സമ്പൂര്ണ്ണപരാജയത്തിന്റെയും പേരിലാണ് വാജ്പേയി ഓര്‍മ്മിക്കപ്പെടുന്നത്. ഇന്ത്യയ്ക്കു ലഭിച്ച ഏറ്റവും അക്കാദമിക മികവുള്ള നേതാക്കന്മാരിലൊരാളായ മന്മോഹന് സിംഗ് ,തന്റെ കാലത്ത് ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനം ഇരട്ടസംഖ്യയിലേക്ക് വളര്‍ന്നതിന്റെ പേരിലാണ് ഓര്‍മ്മിക്കപ്പെടുന്നത്. രണ്ടാം യുപി എ സര്‍ക്കാരിനെ അടയാളപ്പെടുത്തിയ അഴിമതിയുടെ വന്തിരയ്ക്കു മുമ്പില്‍ നിസ്സംഗനായി നിന്നതിന്റെ പേരിലും.
എന്തിനെച്ചൊല്ലിയായിരിക്കും നരേന്ദ്ര മോഡി ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത്?
പ്രധാനമന്ത്രിയെന്ന നിലയിലുള്ള നരേന്ദ്ര മോഡിയുടെ അഞ്ചു വര്ഷക്കാലത്തിനു ശേഷം ഇക്കാര്യത്തില്‍ വിധി വിഭജിക്കപ്പെട്ടതാണ്. ‘ഇന്ത്യയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയതിന്റെയും’ ‘മുസ്ലിംകള്ക്ക് അവരുടെ സ്ഥാനം കാട്ടിക്കൊടുത്തതിന്റെയും ‘ ‘ഹിന്ദു ആത്മാഭിമാനം വീണ്ടെടുത്തതിന്റൈയും’ പേരില്‍ ആരാധകര്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുമായിരിക്കും.
അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ലോകയാത്രകളുടെ പേരിലും വര്‍ഗീയ വികാരങ്ങളെ തടസ്സമില്ലാതെ ആളിക്കത്താന്‍ അനുവദിച്ചതിന്റെ പേരിലും മോഡിയെ വിമര്‍ശിക്കും. നോട്ടു നിരോധനവും മോശമായി നടപ്പിലാക്കപ്പെട്ട ജിഎസ് ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതത്തെച്ചൊല്ലിയും ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയതിനെ ചൊല്ലിയും അദ്ദേഹം വിമര്‍ശിക്കപ്പെടും.
പ്രധാനമന്ത്രിയുടെ കടുത്ത ആരാധകരെയും മന്ത്രിമാരെയും പാര്ട്ടിവക്താക്കളെയും (പുകഴ്ത്തു പാട്ടുകള്‍ക്കു ചേരുന്ന രീതിയില്‍ വസ്തുതകളെ വളച്ചൊടിക്കലാണ് അവരുടെ തൊഴിലെന്നു തോന്നുന്നു) ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യയില്‍ ആരും തന്നെ, അധികാരത്തിലേറുമ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ നരേന്ദ്ര മോഡി പൂര്‍ത്തീകരിച്ചു എന്ന് ഉത്തമബോധ്യത്തോടെ പറയുമെന്നു തോന്നുന്നില്ല. ഒരു വര്‍ഷം കോടിക്കണക്കിന് യുവാക്കള്‍ക്ക് ജോലി നല്‍കുന്നതും അഴിമതി അവസാനിപ്പിക്കുന്നതും ഇന്ത്യയെ പ്രധാനപ്പെട്ട ഉല്പാദനകേന്ദ്രമാക്കി മാറ്റുന്നതും അതിനെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമാക്കി മാറ്റുന്നതും പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കുന്നതും എല്ലാവര്ക്കും ‘അച്ചേദിന്‍’ കൊണ്ടു വരുന്നതും അവയിലുണ്ടായിരുന്നു.
അഹന്തയുടെ പേരിലായിരിക്കും നരേന്ദ്രമോഡി ഏറ്റവും കൂടുതല്‍ ഓര്പ്പിക്കപ്പെടാന് പോകുന്നത്. 2014 ലെ തിരഞ്ഞെടുപ്പിന്റെ കാലത്താണ് നരേന്ദ്രമോദിയുടെ അഹന്തയുടെ ഗന്ധം ഇന്ത്യയിലെ ജനങ്ങള്‍ക്ക് കിട്ടിത്തുടങ്ങിയത്. അപ്പോഴാണല്ലോ മോഡി അമ്പത്തിയാറിഞ്ച് നെഞ്ചൂക്കിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. (ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും, നമ്മള് അറിഞ്ഞിടത്തോളം,പൊതുജനമദ്ധ്യത്തില്‍ വെച്ച് തന്റെ ഏതെങ്കിലും ശരീരഭാഗത്തെ കുറിച്ച് പുകഴ്ത്തിപ്പറഞ്ഞിട്ടില്ല.) പിന്നീടാണ് സെല്‍ഫികളോടും ഫോട്ടോയെടുക്കുന്നവരോടുമുള്ള ഭ്രമം തുടങ്ങിയത്. സുരക്ഷാഉദ്യോഗസ്ഥന്മാരെയും മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ പോലും പ്രധാനമന്ത്രി തള്ളിമാറ്റുന്ന മികച്ച ദൃശ്യങ്ങളുടെ ചെറു വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങി. സ്വന്തം പേരു തന്നെ എഴുതി വെച്ചിട്ടുള്ളതും പത്തു ലക്ഷം രൂപ വിലയുള്ളതുമായ സ്യൂട്ടിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ പ്രധാനമത്രിയുടെ ആത്മരതി എത്രത്തോളം ഗൗരവമുള്ളതാണെന്ന് നമ്മള് മനസ്സിലാക്കി.
സര്‍ക്കാര്‍ തുടക്കമിട്ട ഏതാണ്ടെല്ലാ പദ്ധതികളും ‘പ്രധാനമന്ത്രി’ എന്ന പേരില്‍ തുടങ്ങിയത്-പ്രധാന് മന്ത്രി ഫസല്‍ ഭീമ യോജന,പ്രധാന് മന്ത്രി കൗശല്‍ വികാസ് യോജന,പ്രധാന് മന്ത്രി ഗ്രാം സഡക് യോജന-ഈ ബോദ്ധ്യത്തെ ഊട്ടിയുറപ്പിച്ചു.
വര്‍ഷങ്ങള്‍ കടന്നു പോയതോടെ,എല്ലായിടത്തും-ഓഫീസുകളില്‍,കലണ്ടറുകളില്‍,പെട്രോള്‍ പമ്പുകളില്‍,വിമാനത്താവളങ്ങളിലെ പരസ്യപ്പലകകളില്‍.റെയില്‍വേ സ്റ്റേഷനുകളില്‍,ബസ് സ്റ്റോപ്പുകളില്‍,-നമ്മള് പ്രധാനമന്തിയുടെ മുഖം കാണാന്‍ തുടങ്ങി. രാഷ്ട്രീയ അധികാരത്തിന്റെയും ചരിത്ര പാരമ്പര്യത്തിന്റെയും പിന്‍ബലത്തിലാണ് വളരെപ്പണ്ടു മുതല്‍ നേതാക്കന്മാരുടെ മുഖം നാണയങ്ങളിലും സ്തംഭങ്ങളിലും അടയാളപ്പെടുത്തപ്പെടാറുള്ളത്. 2014-19 ലെ ബിജെപി സര്‍ക്കാരിനെ പോലെ സ്വന്തം നേതാവിനെ പരസ്യപ്പെടുത്താന്‍ ഇത്രയധികം പണം ചിലവഴിച്ച മറ്റൊരു സര്‍ക്കാരിനെയും ഈയ്യടുത്ത കാലത്തൊന്നും കണ്ടെത്താനാകില്ല.
സ്വന്തം വ്യക്തിത്വത്തില്‍ ആപത്കരമാംവണ്ണം മുഴുകുകയും മറ്റുള്ളവരെ ഒട്ടും ഗൗനിക്കാതിരിക്കുകയും ചെയ്യുന്നവരെ മനശാസ്ത്രജ്ഞര്‍ ‘അഹന്തയുള്ളവര്‍’ എന്നു തന്നെയാണ് വിളിക്കുന്നത്. ഇവിടെ അഹന്തയെന്നാല്‍ അഹങ്കാരവും സ്വന്തം വ്യക്തിത്വത്തില്‍ മാത്രം കേന്ദ്രീകൃതമായ ഉത്കര്‍ഷേച്ഛയും സ്വന്തം പ്രാധാന്യത്തിലുള്ള അനാരോഗ്യകരവുമായ വിശ്വാസവുമാണ്. അഹന്ത മദ്യപാനാസക്തി പോലെയാണ്. രണ്ടും മനുഷ്യനെ അടിമയാക്കുന്നതും ബാധിക്കപ്പെടുന്നവരെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നവയുമാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ഹരോള്‍ഡ് ജനീന് ഇങ്ങനെ വിവരിക്കുന്നുണ്ട്:” അഹന്തയുള്ളവന്‍ വേച്ചു വീഴുകയോ മേശക്കു മുകളിലെ സാധനങ്ങള്‍ തട്ടിയിടുകയോ ചെയ്യില്ല. പകരം അയാള്‍ കൂടുതല്‍ അഹന്തയിലേക്കു നീങ്ങുകയും ആ അഹന്തയെ അധികാരബോധമായും ആത്മവിശ്വാസമായും തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.”
നിയന്ത്രണമില്ലാത്ത അഹന്ത ഒരു രാജ്യത്തിന്റെ നേതാവിനെ സംബന്ധിച്ചിടത്തോളം അത്യന്തം അപകടകരമാണ്. നേരായ നയതന്ത്രത്തിന്റെ സാദ്ധ്യതകള്‍ അത് അയാളുടെ മുമ്പില്‍ അടച്ചിടുകയാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലുവില കല്പിക്കുന്ന ഇത്തരക്കാര്‍ മറ്റുള്ളവരോട് സഹകരിക്കാന്‍ കഴിവില്ലാത്തവരായിരിക്കും. ഇവര്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കും; പ്രാപ്തിയുള്ളവര്‍ നല്കുന്ന പ്രതികരണങ്ങള്‍ ഇവര്‍ ശ്രദ്ധിക്കുന്നേയില്ലല്ലോ. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടപ്പിക്കാന്‍ ഇവര്‍ക്കാകില്ല. ഇവരുടെയുള്ളില്‍ നിറയെ ഇവര്‍ തന്നെയാണല്ലോ. രാഷ്ട്രീയ എതിരാളികളെ മുച്ചൂടും നശിപ്പിക്കേണ്ട ശത്രുക്കളായാണ് ഇവര്‍ പരിഗണിക്കുന്നത്.
തെറ്റുകള്‍ക്ക് മാപ്പിരക്കുകയെന്നതും കുറവുകള്‍ സമ്മതിക്കുകയെന്നതും ഇവരെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമാണ്. ഇവര്‍ ഉത്കണ്ഠാകുലരും എല്ലാവരെയും സംശയിക്കുന്നവരുമായി മാറുന്നു. സ്വന്തം കാപട്യവും കഴിവില്ലായ്മയും തിരിച്ചറിയപ്പെടുമെന്ന് ഇവര്‍ സദാ ഭയക്കുന്നു. മോശം തീരുമാനങ്ങളും രാജ്യത്തിന് അതുവഴിയുണ്ടാകുന്ന ആഘാതങ്ങളുമാണ് ഇത്തരം നേതൃത്വത്തിന്റെ ഏറ്റവും വലിയ കുഴപ്പം. 2019ല്‍ മോഡിയുഗം അവസാനിച്ചാലും ഇല്ലെങ്കിലും (ഇന്ത്യ മോഡിയുടെ കീഴില്‍ മറ്റൊരു അഞ്ചു വര്‍ഷക്കാലം കൂടി എങ്ങനെ അതിജീവിക്കുമെന്നറിയില്ല!) രാഷ്ട്രീയ നിരീക്ഷകരും ചരിത്രകാരന്മാരും മനശാസ്ത്രവിദഗ്ദ്ധരും മോഡിയുടെ നയങ്ങളും പ്രവൃത്തികളും ബന്ധങ്ങളും വിശദമായി പരിശോധിക്കുമെന്നുറപ്പാണ്. അവര്‍ ഏറെ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും:
വിദഗ്ദ്ധരുടെ മുന്നറിയിപ്പുണ്ടായിരുന്നിട്ടും എന്തിന് പ്രധാനമന്ത്രി രാജ്യത്തിനു മേല്‍ നോട്ടു നിരോധനമെന്ന വിനാശം അടിച്ചേല്‍പ്പിച്ചു? പാതി വെന്ത പരുവത്തില്‍ അദ്ദേഹമെന്തിനാണ് ജിഎസ് ടി നടപ്പിലാക്കിയത്? ‘ഞാനും നീയും നീയും, മറ്റാരുമില്ല’ എന്ന മട്ടില്‍ അദ്ദേഹമെന്തിനാണ് സ്തുതിപാഠകരോട് മാത്രം മിണ്ടുന്നത്? സഖ്യകക്ഷികളില്‍ ഓരോന്നായി അദ്ദേഹത്തെ വിട്ടു പോകുന്നതെന്തു കൊണ്ടാണ്? ചങ്ങാതിരാജ്യങ്ങളോട് വര്‍ഷങ്ങളായി ഇന്ത്യ പുലര്‍ത്തുന്ന നല്ല ബന്ധങ്ങള്‍ മോശമാകുന്നതെന്തു കൊണ്ടാണ്? തന്റെ അഹന്തയില്‍ മയങ്ങിയ അദ്ദേഹം താക്കീതിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാത്തതു കൊണ്ടാണോ?
എല്ലാ ഉത്തരങ്ങളും കയ്യിലുള്ള കരുത്തന് നേതാവെ’ന്ന മിത്ത് മിത്തു മാത്രമാണ്. കഴിഞ്ഞു പോയ അഞ്ചു വര്‍ഷങ്ങള്‍ അതാണ് നമുക്കു വ്യക്തമാക്കിത്തന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സങ്കീര്‍ണമായ ഒന്നാണ്. അതിലൂടെ കടന്നു പോകാന്‍, മറ്റുള്ളവര്‍ക്ക് ചെവി കൊടുക്കുകയും കാര്യങ്ങള്‍ പഠിക്കുകയും മറ്റുള്ളവരോട് സഹകരിക്കുകയും ധീരവും സഹാനുഭൂതിയുള്ളതുമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന, അഹന്തയില്ലാത്ത നേതാക്കളെ നമുക്ക് ആവശ്യമുണ്ട്.
രോഹിത് കുമാര്‍
You must be logged in to post a comment Login