പുല്‍വാമയിലെ ഭീകരാക്രമണത്തിനുശേഷം കശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയം കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. പുല്‍വാമയില്‍ ബലിയാക്കപ്പെട്ട സൈനികരുടെ ജീവനുപകരം ചോദിക്കുകയാണ് ഇപ്പോള്‍ പൊതുജനങ്ങളുടെ പ്രധാന ആവശ്യമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നു. മുഖ്യമായും ഇത്തരം ആവശ്യങ്ങളുടെയും അഭിപ്രായരൂപീകരണങ്ങളുടെയും ഉദ്ഭവം മാധ്യമങ്ങള്‍ എങ്ങനെ ആക്രമണത്തെ റിപ്പോര്‍ട്ട് ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. 41 സൈനികരുടെയും ജീവനു വിലയുണ്ട്, സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് മിക്കവരും. സൈനികരുടെ ത്യാഗത്തെ കാല്പനികവത്കരിക്കുന്ന മാധ്യമങ്ങളും പൊതുജനങ്ങളും അവരെ തങ്ങള്‍ക്ക് തുല്യരായ മനുഷ്യരായി കാണുന്നതില്‍ പരാജയപ്പെടുകയാണ്. ദാരുണാന്ത്യം സംഭവിച്ച സൈനികര്‍ക്കു വേണ്ടി പകരം ചോദിക്കണമെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ രാജ്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പുല്‍വാമയില്‍ നടന്ന ആക്രമണം ഇന്ത്യക്ക് കശ്മീരിനോടും അവിടുത്തെ ജനങ്ങളോടുമുള്ള സമീപനമാണ് പുറത്തുകൊണ്ടുവന്നത്. കശ്മീര്‍ വിഷയത്തില്‍ ഡല്‍ഹി തുടക്കത്തില്‍ കൈകൊണ്ടത് സമാധാനപരമായ സമവായങ്ങള്‍ ഉണ്ടാക്കുക എന്നതായിരുന്നു. പിന്നീട് പൊള്ളയായ വാഗ്ദാനങ്ങളും, നയങ്ങളിലെ അവ്യക്തതയുമൊക്കെ കശ്മീരിനെ തീവ്രവാദം ഗ്രസിച്ചുതുടങ്ങുന്നതിന് കാരണമായി. കശ്മീരികളുടെ ജീവിതം ദിനേന അസ്വസ്ഥതയിലായി. ലോകത്തെ ഏറ്റവും കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്ന അതിര്‍ത്തി പ്രദേശമായി കശ്മീര്‍ മാറി. വാഗ്ദാനം ചെയ്യപ്പെട്ട റഫറണ്ടത്തെ കുറിച്ചുള്ള മൗനം പലപ്പോഴും തുടര്‍ന്നു. പുല്‍വാമയിലെ ആക്രമണത്തിന് പലരീതികളില്‍ കശ്മീരികള്‍ ഉത്തരവാദികളാണെന്ന തീവ്ര വലതുപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ആക്കം നല്‍കുന്നതാണ് മാധ്യമ നിലപാടുകള്‍. കശ്മീരികളെ ഒറ്റുകാരായി മുദ്രകുത്തിയിരുന്ന ഹിന്ദി ടി.വി ചാനലുകള്‍ക്ക് പുല്‍വാമയിലുണ്ടായ ആക്രമണം കൂടുതല്‍ വിഷം ചീറ്റുന്നതിന് വഴിയൊരുക്കി. കാര്‍ഗില്‍ യുദ്ധസമയത്തെ മേജര്‍ ആയിരുന്ന ദേവേന്ദര്‍പാല്‍ സിംഗിന്റെ ഫേസ്ബുക്ക് കുറിപ്പ് ഹിന്ദി ടി.വി ചാനലുകളുടെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങളെ തുറന്നുകാണിക്കുന്നതാണ്. അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്ന കാര്യം, സീ ന്യൂസ് വാര്‍ത്താ അവതാരികയായ അതിഥി ത്യാഗിക്ക് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധമില്ല എന്നാണ്. അജ്ഞതയും അപക്വമായ സംസാരവുമാണ് ജനശ്രദ്ധയുള്ള ഒരു ചാനലിലൂടെ വിളിച്ചുപറയുന്നത്. ജനവികാരത്തെ വഴിതിരിച്ചുവിടുകയെന്ന അജണ്ടയായിരിക്കും ഇത്തരം ചാനലുകളിലൂടെ നിര്‍വഹിക്കുന്നത്. ന്യൂസ് ലോണ്ട്രി പ്രസിദ്ധീകരിച്ച മേജറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ഉയര്‍ത്തുന്ന പ്രധാന ആവശ്യവും, രാജ്യസുരക്ഷ-യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട പക്വതയെക്കുറിച്ചാണ്. നിര്‍ഭാഗ്യവശാല്‍ അനുദിനം ജനങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അവതരിപ്പിക്കുന്നതും വേണ്ടത്ര അറിവോ പരിചയസമ്പത്തോ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകരാണ്. ദി വയര്‍ പോലുള്ള ചുരുക്കം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് അക്രമണത്തിലെ ഇന്റലിജന്റ്സ് വിഭാഗത്തിലുണ്ടായ പിഴവുകളും മറ്റു വിശദാംശങ്ങളും കേന്ദ്രീകരിച്ചുള്ള ദീര്‍ഘചര്‍ച്ചകള്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ദിനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും വിലക്കേര്‍പ്പെടുത്തിയ കശ്മീരി പത്രപ്രവര്‍ത്തകരാണ് Tauseen Mustafa (AFP, Agenence France Press ), Mehraj Ud Din (Associated Press Television Network), Yusuf Jameel (J&K Correspondent for Deccan Chronicle and Asian Age), Haqib Naqash (Photo journalist), Danish Ismail (Reuters, Umer Mehraj( Video journalist), Aman Farooq (Kashmir Uzma) എന്നിവര്‍. ഇവരെ അവ്യക്തമായ കാരണങ്ങള്‍ നിരത്തി റിപ്പബ്ലിക് ദിനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയത് ഭരണകൂടത്തിന്റെ കശ്മീര്‍ വിഷയത്തിലെ സമീപനത്തിന്റെ ഒരുദാഹരണമാണ്. ബി.ബി.സി ഹിന്ദി റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിയിരിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇതാണ്: ‘കശ്മീര്‍ ഇന്ത്യയുടേതാണ്. അപ്പോള്‍ കശ്മീരികളോ?’ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസം തേടിയെത്തിയ കശ്മീരികളെ തീവ്രവലതുപക്ഷം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കിലും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി പോലുള്ള പ്രദേശങ്ങളിലെ സര്‍വകലാശാല ജീവിതം എളുപ്പമല്ല. അലീഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ ഈയടുത്ത് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ ആക്രമണം ഇതിന് അടിവരയിടുന്നു. ഉത്തരാഖണ്ഡില്‍ ബജ്റംഗ്ദള്‍ – വി.എച്ച്.പി പ്രവര്‍ത്തകര്‍ കശ്മീര്‍ വിദ്യാര്‍ത്ഥികളുടെ താമസസ്ഥലങ്ങളില്‍ ആക്രമണം നടത്തി. ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ നിധി രാസ്ദാന്, രാജ്ദീപ് സര്‍ദേശായ് തുടങ്ങിയവര്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവരുന്ന സുരക്ഷാഭീഷണിയെ സമൂഹമാധ്യമങ്ങളിലൂടെ അപലപിച്ചെങ്കിലും, വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് ആക്രമണത്തിന് പകരം ചോദിക്കണം എന്നുതന്നെയാണ്. ആണവ ശക്തികളായ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ആവശ്യപ്പെടുന്നതിലെ ഭവിഷ്യത്തുകളെക്കുറിച്ചാലോചിക്കാതെയാണിതൊക്കെയും. അതിനിടയില്‍ മാധ്യമങ്ങള്‍ വേണ്ടവിധം ചര്‍ച്ചചെയ്യാത്ത പ്രശ്നമാണ് സുരക്ഷാവീഴ്ച. ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ദോവല്‍ ഇത്തരമൊരു കനത്ത സുരക്ഷാ വീഴ്ചക്ക് മുന്നോട്ടുവെക്കുന്ന ഉത്തരത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് സംശയങ്ങളേതുമില്ല. ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പലരും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയുമായി മുന്നോട്ട് വരുമ്പോഴും ഇന്ത്യ കശ്മീരികളോട് കാണിക്കുന്ന അപരത്വ നിലപാടിനെ എളുപ്പം ഇല്ലായ്മ ചെയ്യാന്‍ സാധ്യമല്ല. ഇമ്രാന് ഖാന് പാകിസ്ഥാന്റെ അധികാര ചുമതലയേറ്റ നാള് മുതല്‍ മുന്നോട്ട് വെച്ച പ്രധാനപ്പെട്ട കാര്യം ഇന്ത്യയുമായി സമാധാനവും സൗഹൃദവും പുനഃസ്ഥാപിക്കുക എന്നതായിരുന്നു. ഇതില്‍ മാധ്യമങ്ങള്‍ അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെപോയ വസ്തുതയാണ് ഇമ്രാന് ഖാന് മോഡിയുമായി നടത്തിയ കൂടിക്കാഴ്ചാ ശ്രമങ്ങളെ ഇന്ത്യ തള്ളിക്കളഞ്ഞത്. ഒടുക്കം പുല്‍വാമയില്‍ നടന്ന ആക്രമണത്തെ തങ്ങളുടെ തീവ്രദേശീയതയെ ഇളക്കിവിടാനുള്ള അവസരമായി ആര്.എസ്.എസ് ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചകളും റാഫേല്‍ കരാറിലെ ക്രമക്കേടുകളുമെല്ലാം രാജ്യത്തിന്റെ പൊതുശ്രദ്ധയില്‍ നിന്ന് മറച്ചുപിടിക്കാന്‍ ബി.ജെ.പിക്ക് ഇതിലൂടെ കഴിയുന്നുണ്ട്. ദ ഹിന്ദു ദിനപത്രത്തില്‍ റഫേല്‍ കരാറിനെ കുറിച്ച് എന്‍ റാം തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ യുദ്ധവിമാനങ്ങളുടെ തുക മോഡി 41 ശതമാനത്തോളം ഉയര്‍ത്തിയ കണക്കുകളെക്കുറിച്ച് പറയുന്നു. അത്തരം ചര്‍ച്ചകള്‍ ഒക്കെയും പൂര്‍ണമായി ഒഴിവാക്കാന്‍ പാകത്തില്‍ തീവ്ര രാജ്യസ്നേഹത്തെ(jingoism) മുന്‍നിര്‍ത്തി കരുക്കള്‍ നീക്കുകയാണ് കേന്ദ്രഭരണകൂടം.
ഇന്ത്യയില്‍ ഭരണകൂടത്തിന്റെ പിന്തുണയോട് കൂടി നടക്കുന്ന സാമൂഹിക അസഹിഷ്ണുതയെ വിവരിക്കുന്നതാണ് ദ വയറില്‍ രോഹിത് കുമാര്‍ തയാറാക്കിയ ലേഖനം. ജിഗ്നേഷ് മെവാനിയെ അഹമ്മദാബാദ് കോളജിന്റെ ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് രാജിവെച്ച പ്രിന്‍സിപ്പലും ഇന്ത്യയുടെ സ്വതന്ത്ര ചിന്താമനസുകളെ അലോസരപ്പെടുത്തുന്നതാണ്. എന്നാല്‍ പോലും ഇത്തരത്തിലുള്ള നീക്കങ്ങള്‍ ആദ്യമല്ല. പ്രഭാകര്‍ ബര്‍വെ അനുസ്മരണ ചടങ്ങില്‍ അദ്ദേഹം, ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യങ്ങളില്‍ നടത്തുന്ന കടന്നുകയറ്റത്തെ കുറിച്ച് തന്റെ പ്രഭാഷണത്തില്‍ ഉള്‍കൊള്ളിച്ചപ്പോള്‍ സംഘാടകര്‍ അദ്ദേഹത്തോട് വിഷയത്തില്‍ നിന്ന് വ്യതിചലിച്ചാണ് സംസാരിക്കുന്നതെന്ന താക്കീത് നല്കുകയുണ്ടായി. അമോര്‍ പരീകറിനെയും നയന്‍താര സൈഗാളിനെയും പോലുള്ളവരെ കേള്‍ക്കാനുള്ള സഹിഷ്ണുത 2011ല്‍ രാംലീലാ മൈതാനത്തില്‍ അണ്ണാ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് അഴിമതിക്കെതിരെ മെഴുകുതിരികളുമായി ജാഥകള്‍ നടത്തിയ സൗത്ത് ഡല്‍ഹി മുതല്‍ മെഹുല്‍ ചൗസ്ക്കി വരെയുള്ളവരെക്കുറിച്ച് മൗനത്തിലാണ്. ഇന്ത്യയില്‍ ഇത്തരം പ്രശ്നങ്ങളെ ലാഘവത്തോടെ കാണാനും ചര്‍ച്ചകള്‍ പാകിസ്ഥാനും ഭീകരതയിലുമായി ഒതുക്കിനിര്‍ത്താനും ഭരണകൂടത്തിന് കഴിയും. ഒരുപക്ഷേ രാജ്യത്തെ വര്‍ഗീയവത്കരിക്കാനും അസഹിഷ്ണുത കെട്ടിപ്പടുക്കാനും ഒരുവിഭാഗം ജനങ്ങള്‍ക്ക് സമ്മതമാണെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. ബോളിവുഡ് താരങ്ങളായ കങ്കണാ റാവത്ത്, സോനു നിഗം, പരേഷ് രവാള്‍ തുടങ്ങിയവര്‍ പുല്‍വാമയിലെ അക്രമണത്തെ തുടര്‍ന്ന് നടത്തുന്ന സമൂഹമാധ്യമത്തിലെ പ്രതിഷേധങ്ങള്‍ കൃത്യമായ രാഷ്ട്രീയ ചായ്വുകളെയാണ് സൂചിപ്പിക്കുന്നത്. പ്രതിഷേധിക്കേണ്ട വിഷയങ്ങളില്‍ അവര്‍ക്ക് കൃത്യമായ തിരഞ്ഞെടുപ്പുകള്‍ ഉണ്ട്. തങ്ങളുടെ സ്വസ്ഥമായ ഇടങ്ങളിലിരുന്ന് കൊണ്ട് വാഗ്വാദങ്ങള്‍ നടത്താന്‍ അവര്‍ക്ക് എളുപ്പം സാധിക്കും. എന്നാല്‍ അത്തരം പ്രതികരണങ്ങള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്ന പ്രവണത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്.
മെക്സിക്കന്‍ മതിലും അടിയന്തിരാവസ്ഥയും
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. അല്‍ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം യു.എസ് മെക്സിക്കോ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില് പണിയുന്നതിന് വേണ്ടിയുള്ള ധനസഹായം ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് തടഞ്ഞുവെച്ചതിനെ ചൊല്ലിയാണ് പുതിയ പ്രഖ്യാപനം. ഡെമോക്രാറ്റുകളുടെ വാദത്തില്‍ മതില് നിര്‍മിക്കാനുള്ള ട്രംപിന്റെ നീക്കം അമേരിക്കന്‍ ഭരണഘടനക്കെതിരാണ്. ട്രംപ് ആവശ്യപ്പെടുന്ന 5.7 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കാനാണ് കോണ്‍ഗ്രസ് വിസമ്മതിച്ചത്. രാജ്യത്തിന്റെ നിലനില്പിനെ കടുത്തരീതിയില്‍ ബാധിക്കുന്ന ഏതെങ്കിലും പ്രതിസന്ധികളിലാണ് അമേരിക്കന്‍ ഭരണത്തലവന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം. ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് യു.എസ് – മെക്സിക്കോ അതിര്‍ത്തിയിലെ കൂറ്റന്‍ മതില്. മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരെ തടഞ്ഞുനിര്‍ത്താനുള്ള നീക്കമാണിത്. എന്നാല്‍ ഡെമോക്രാറ്റുകള്‍ ഈ തീരുമാനത്തെ അംഗീകരിക്കുന്നില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ രാജ്യത്തെ മറ്റു ചെലവുകള്‍ക്ക് വേണ്ടിയുള്ള ധനം ട്രംപിന് മതില് നിര്‍മാണത്തിന് വിനിയോഗിക്കാനാവും. തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനം നിറവേറ്റാന്‍ താന്‍ എന്തും ചെയ്യുമെന്ന നിലപാടിലാണ് ട്രംപ്. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രശ്നത്തെ നിസാരവത്കരിക്കുന്ന ട്രംപിന്റെ നടപടികള്‍ക്ക് ആക്കം നല്‍കുന്നതാണ് മതില് നിര്‍മാണവും. യു.എസ് മെക്സിക്കോ അതിര്‍ത്തികളില്‍ ഉയരാന്‍ പോകുന്ന മതിലിനെ ഡെമോക്രാറ്റുകള്‍ക്ക് തടയാന്‍ കഴിയട്ടെ എന്നു പ്രത്യാശിക്കാം.
നബീല പാനിയത്ത്
You must be logged in to post a comment Login