പ്രാഥമിക മദ്റസയില്‍ യഹ്യ എന്നൊരു കുട്ടിയുടെ അനുഭവ കഥയുണ്ടായിരുന്നു. അവന്റെ ഉമ്മ ക്ഷീണിതയായിരുന്നു. സന്ധ്യാസമയത്ത് അവര്‍ക്ക് അത്യാവശ്യമായി ഒരിറക്ക് വെള്ളം വേണമായിരുന്നു. അവര്‍ മകനെ വിളിച്ചു വേഗം സ്വല്പം വെള്ളമെടുക്കാന്‍ പറഞ്ഞു. അവന് പാത്രം ചുഴറ്റി വെള്ളമെടുത്തു വന്നപ്പോഴേക്ക് ഉമ്മ ഉറങ്ങിപ്പോയിരുന്നു. അവന് ഉമ്മയുടെ കാല്ക്കല് കാത്തിരുന്നു. ഉറക്കുണര്‍ത്താന്‍ വയ്യല്ലോ. ഷാളിന്റെ തലക്കല്‍ കിടന്നുറങ്ങുന്ന ഒരു പൂച്ചയുടെ ഉറക്കുണര്‍ത്താന്‍ വയ്യാഞ്ഞിട്ട് പൂച്ച കിടക്കുന്ന ഭാഗം മാത്രമൊഴിവാക്കി ബാക്കി ഭാഗം വെട്ടിയെടുത്തു കടന്നുപോയ പ്രവാചകന് മുസ്ലിം ലോകത്ത് ജീവിക്കുകയാണ്. അതൊക്കെയോര്‍ത്ത് യഹ്യ ഒച്ചയുണ്ടാക്കാതെ അവിടെത്തന്നെ ഇരുന്നു. ആ പാതിരാത്രി ആ കുട്ടി പൊന്നുവിളയിച്ചു. പാതിരാത്രി കഴിഞ്ഞ് ഉമ്മ ഉണരുമ്പോള്‍ മകന് വെള്ളപ്പാത്രവും പിടിച്ച് അവിടെ ധ്യാനപൂര്‍വം ഇരിക്കുന്നുണ്ടായിരുന്നു. ഈറ്റുനോവനുഭവിച്ച ഒരുമ്മക്ക് കണ്‍നിറഞ്ഞു കാണാന്‍ ഇതിലപ്പുറം ഒരു കലാമുഹൂര്ത്തമുണ്ടോ?
കണ്ണ് നിറഞ്ഞ്, ഖല്ബെരിഞ്ഞ് ഒരു പ്രാര്‍ഥന ആ മുഹൂര്‍ത്തത്തില്‍ മാതാവിന്റെ ആത്മാവില്‍ ഉയര്‍ന്നു. ഉമ്മയെ തന്നോടൊപ്പം ചേര്‍ത്തിപ്പറഞ്ഞ ജഗന്നിയന്താവ് ആ ചുടു പ്രാര്‍ഥന കേട്ടു. മകനു വേണ്ടി ദൈവകാരുണ്യം ചുരന്നു. യഹ്യ വലിയ ആളായി. ലോക ജ്ഞാനികള്‍ക്കിടയില്‍ തലയെടുപ്പുള്ള ചരിത്രമുണ്ടായി യഹ്യക്ക്. അവന് മുതിര്‍ന്നപ്പോള്‍ കല്യാണം കഴിക്കാന്‍ നേരമൊത്തില്ല. അറിവിന്റെ വഴിയില്‍ നിന്ന് മാറി, ഉമ്മയുടെ വഴിയില്‍ നിന്ന് തെന്നി അവന് ജീവിതമില്ലായിരുന്നു. നാല്പതാം വയസില്‍ ഈ ഭൗതികലോകത്തോട് വിട പറയുമ്പോള്‍ കര്‍മശാസ്ത്രത്തിലും ഹദീസ് ശാസ്ത്രത്തിലും യഹ്യ ആദ്യാവലംബമായിത്തീര്ന്നിരുന്നു. ദൈവകാരുണ്യത്തിന്റെ പ്രഭയില്‍ യഹ്യക്ക് ഗ്രന്ഥമെഴുതാന്‍ വിളക്ക് വേണ്ടിയിരുന്നില്ല. കൈവിരലായിരുന്നു അവന്റെ ചൂട്ട്. അത്രക്ക് ഉമ്മയാല്‍ അവന് ആശ്ലേഷിക്കപ്പെട്ടിരുന്നു. ദൈവത്താല്‍ ഓമനിക്കപ്പെട്ടിരുന്നു. ഇന്നത്തെ സിറിയയിലെ നവയില്‍ പിറന്ന യഹ്യ ജ്ഞാനലോകത്തിന്റെ നവവിയായി.
എല്ലാവര്‍ക്കുമറിയാവുന്ന കഥയാണിത്. പക്ഷേ പ്രാഥമിക മദ്റസയില്‍ നിന്ന് ഞങ്ങളിത് പഠിക്കുമ്പോള്‍ കഥയല്ലിത് ജീവിതമായിരുന്നു ഞങ്ങള്‍ക്ക്. ഉമ്മയെ ഇങ്ങനെ ഓമനിക്കണം. നവവിയെ മാത്രമല്ല, അദ്ദേഹത്തിന്റെ ഉമ്മയെയും ഞങ്ങളറിഞ്ഞു. ഞങ്ങളുടെ ഉമ്മയെയും ഈ ചരിത്രത്തില്‍ ഞങ്ങള്‍ കണ്ടു. അറബി മലയാളം പുസ്തകത്തിലായിരുന്നു ഈ പാഠം. അറബി മലയാളം അന്ധവിശ്വാസത്തിലേക്ക് തുറക്കുന്നു എന്ന് വിപ്ലവകാരികള്‍ സമുദായത്തെ ഓര്‍മിപ്പിക്കുന്ന കാലമായിരുന്നു അത്. മഹാശയന്മാരുടെ മദ്ഹുകള്‍ വ്യക്തിപൂജയിലേക്ക് തുറക്കുന്നു എന്ന് പരിഷ്കാരികള്‍ ഉപന്യസിച്ച കാലം കൂടിയായിരുന്നു അത്. അങ്ങനെ നവവിയെ മറന്ന, പ്രവാചകനെ മറന്ന, മരിച്ചു പോയ സ്വന്തം രക്ഷിതാക്കളെപ്പോലും മറന്നുപോയ തലമുറ ചെറുതായെങ്കിലും ഈ മേല്‍മണ്ണിനടിയില്‍ രൂപപ്പെട്ടുവന്നിരുന്നു. അവര്‍ കെ ജി യിലെ കുട്ടികളുടെ ‘ബര്‍ത് ഡേ’ ആഘോഷിച്ച് മഹാ സ്മരണകള്‍ക്ക് ബദല്‍വഴി വെട്ടിത്തെളിയിച്ചു.അതോടെ മാതാപിതാക്കള്‍ ‘ഗാര്ഡിയന്’ ആയി. എല്ലും തോലും ചുക്കിച്ചുളിഞ്ഞ് അവര്‍ ഒരു ഭാഗത്ത് ഇരുന്നുപോയതോടെ ‘ഗാര്ഡിയന്’ സ്വയം റദ്ദായി. പ്രവാചകന് പോലും മക്കയിലെ വെറുമൊരു ബാലനായിപ്പോയ, സ്മരണകള്‍ പൊലിഞ്ഞുപോയ ഈ ചുടലക്കാട്ടില് പിന്നെ മാതാപിതാക്കള്‍ക്കെന്തു വകയുണ്ട്?
ജീവിച്ചിരിക്കുന്ന മഹാന്മാരാണ് മാതാപിതാക്കള്‍. ‘താങ്കളുടെ രക്ഷിതാവ് വിധിച്ചിരിക്കുന്നു: അവനെയല്ലാതെ ആരാധിക്കാതിരിക്കുക. മാതാപിതാക്കള്‍ക്ക് ഗുണം ചൊരിയുക.’ ഖുര്‍ആന്‍ ദൈവത്തോട് ചേര്‍ത്തുപറഞ്ഞ മഹാന്മാര്. ഋജുമാര്ഗമേത് എന്ന് ഖുര്‍ആന്‍ പറഞ്ഞത്, ദൈവാനുഗ്രഹം കിട്ടിയവരുടെ വഴി എന്നാണ്. ദൈവകോപം കിട്ടിയിട്ടില്ലാത്തവരുടെ വഴി എന്നാണ്. വഴിതെറ്റിപ്പോയിട്ടില്ലാത്തവരുടെ വഴി എന്നാണ്. മൂന്ന് കൂട്ടം മനുഷ്യരാണിവര്‍. ഇതാണ് ദൈവവഴി. മനുഷ്യരെ ചൂണ്ടിയാണ് ദൈവം തന്റെ വഴി വിശദമാക്കുന്നത്. അപ്പോള്‍ മഹാന്മാര് ഉണ്ട്. ഓര്‍മകള്‍ ഉണ്ട്. എന്നിട്ടും ദൈവം മാത്രമേ വാഴ്ത്തപ്പെടേണ്ടതുള്ളൂ എന്ന് തെറ്റായി വായിക്കപ്പെട്ടു. മുഹമ്മദ് എന്ന പേരിന്റെ പ്രാഥമികാര്‍ഥത്തില്‍ സ്തുതിയുടെ, ഓര്‍മയുടെ, വാഴ്ത്തലിന്റെ നനവും സുഗന്ധവുമുള്ളത് സമുദായത്തിലെ വിദ്യാസമ്പന്നരായ പരിഷ്കരണവാദികള്‍ കണ്ടില്ല. അങ്ങനെ പായത്തലക്കല് കിടന്നുപോയ പരിഷ്കൃത ഭവനങ്ങളിലെ മാതാപിതാക്കള്‍ ഒറ്റപ്പെട്ടു. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഈ ഒറ്റപ്പെടല്‍ ഏറെക്കുറെ അദൃശ്യമായിരുന്നു. ഇപ്പോഴത് വെളിച്ചത്തു വന്നിരിക്കുന്നു.
ഓണ്‍ലൈനിലെ സുഹൃത്ത് എഴുതുന്നത് വായിക്കാം: ‘പുരോഗമന ബോധ’ത്തിലേക്കുള്ള ചുവടുമാറ്റക്കാലത്ത് ഉമ്മാന്റെ മൗലൂദിനെ നിഷ്കരുണം അപഹസിച്ച അല്പത്തം വിപ്ലവമായി ആഘോഷിച്ചത് ഇന്നും ഓര്‍മയില്‍ വന്നു വേദനിപ്പിക്കാറുണ്ട്.
ഇപ്പോള്‍, നാല്പത്തൊന്നിന്റെ പക്വതയിലൂടെ തിരിഞ്ഞുനോക്കുമ്പോള്‍ അപ്പറഞ്ഞ ‘വിപ്ലവ’ങ്ങളൊക്കെ അര്‍ഥശൂന്യമായ തോന്നിവാസങ്ങളായാണു അനുഭവപ്പെടുന്നത്.
ദീനീവിരുദ്ധമല്ലാത്ത കാര്യങ്ങളില്‍ സ്വന്തം മാതാപിതാക്കളെയും ഭാര്യാസന്താനങ്ങളെയും അവരുടെ ആഗ്രഹാഭിലാഷങ്ങളെയുമൊക്കെ പരിഗണിക്കുന്നതിലും വലിയ ഒരു വിപ്ലവവുമില്ല കൂട്ടരേ.
നമ്മളീ വിപ്ലവവും മാങ്ങാതൊലിയുമൊക്കെയായി എണ്ണുന്ന ആണധികാര ജീര്‍ണതകള്‍ തോട്ടിലേക്കെറിഞ്ഞ്, നല്ലൊരു മകനും ഭര്‍ത്താവും പിതാവുമൊക്കെ ആവാന്‍ നോക്കൂ!’
ഇന്നലെ അതും കേട്ടു. പരിഷ്കാരിയായി ജീവിച്ച്, പരിഷ്കാരി പെണ്ണിനെ കെട്ടി, അതിലേറെ പരിഷ്കാരികളായ മക്കളെ വളര്‍ത്തിയെടുത്ത് മൂലക്കലായ ഒരുപ്പയുടെ പരിദേവനം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോവാം: ‘ചോര പതക്കുന്ന കാലത്ത് എല്ലാവരുമുണ്ടായിരുന്നു. മക്കളും കുട്ടികളും മരുമക്കളുമായി ഈ വീട് നിറഞ്ഞു തുളുമ്പി. പേരക്കുട്ടികള്‍ വന്ന് പൊതിയും. ഓമനിച്ച് അവരെന്നെ ശ്വാസം മുട്ടിക്കും. ഇപ്പോ ആരുമില്ല. ഒരു ഖബ്റ് പോലെ ഈ വീട് മാറി. ഇത്ര പെട്ടെന്ന് ആളും അവസ്ഥയും മാറുമെന്ന് വിചാരിച്ചില്ല.’ ഓര്മ കെട്ടുപോയ ഒരുമ്മയും ശ്വാസം മുട്ട് അടക്കം മറ്റ് ശാരീരിക അവശതകളുമായി കഴിയുന്ന ഉപ്പയും ഈ കൊച്ചു വീട്ടില്‍ എല്ലാ മധുരങ്ങളും ബഹളങ്ങളും നിലച്ച് ജീവിക്കുന്നു. ആറ് പെണ്മക്കളും രണ്ട് ആണ്മക്കളുമുള്ള കുടുംബം. പേരക്കുട്ടികളുടെ കണക്കെടുത്താല്‍ ഒരാള്‍ക്ക് മൂന്ന് വീതം കൂട്ടിക്കോളൂ. ഇരുപത്തിനാലായില്ലേ, അതില്‍ അഞ്ചുള്ളവരും ആറുള്ളവരുമുണ്ട്. കണക്ക് ഞാന്‍ പറഞ്ഞതിലും കൂടും. പക്ഷേ ഇപ്പോള്‍ ഈ വീട് ഖബറാണ്. കൊടും കാട്ടിലെ ഒറ്റ ഖബര്‍. പരിഷ്കൃത വീടുകള്‍ തന്നെ വൃദ്ധസദനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്.
വീട് നിറഞ്ഞുനില്ക്കുന്ന കാലത്ത് സ്വന്തം കാര്യം നോക്കാനാണ് മക്കള്‍ പഠിച്ചത്. പഠിപ്പിച്ചതും അതേ. ഇതിലപ്പുറം അവര്‍ നന്നായി ചെവിയോര്‍ത്ത് കേട്ടത് അന്ധവിശ്വാസങ്ങളുമായി ഇവിടെ കൂടിക്കഴിയുന്ന സമൂഹവുമായി ഏറ്റുമുട്ടാനുള്ള വിവാദ വിഷയങ്ങളായിരുന്നു. ഖബ്ര്‍പൂജ, കുത്തു റാതീബ്, ചന്ദനക്കുടം, കരിമരുന്ന്, ഖുനൂതും കൂട്ടുപ്രാര്‍ഥനയും തുടങ്ങി ഒട്ടേറെ അനാവശ്യ വിവാദങ്ങള്‍, കൂടെ ജീവിക്കുന്നവരെ കാഫിറാക്കി നരകത്തിലേക്ക് തള്ളാനുള്ള പാഠങ്ങള്‍. അക്കൂട്ടത്തില്‍, മാതാപിതാക്കളെയും ഗുരുജനങ്ങളെയും ജ്ഞാനികളെയും പുണ്യാത്മാക്കളെയും ആദരിച്ച് ബഹുമാനിക്കാനുള്ള ഒരു പാഠം പോലും പഠിച്ചില്ല. സ്കൂളും മദ്റസയും കോളേജും എന്ട്രന്സും പള്ളിയും വാദപ്രതിവാദവുമായി കൂടിക്കുഴയുമ്പോള്‍ ജീവിതം അവര്‍ക്ക് സ്വന്തം കാര്യമായിരുന്നു. മൂത്തവര്‍ ആ കുടുംബങ്ങളില്‍ മരിച്ചു പിരിഞ്ഞപ്പോള്‍ അവരെ ചുടലക്കാട്ടില് മൂടി മക്കള്‍ തിരിച്ചുപോന്നു. അവിടെ വലിയുപ്പയുടെ ഓര്‍മയില്ല, ആണ്ടറുതിയില്ല, വലിയുമ്മയില്ല. പൂര്‍വഗാമികളായ മഹതികളോ മഹാന്മാരോ ഇല്ല. എല്ലാവരും മരിച്ചതോടെ തീര്‍ന്നു. ഇനി ജീവിച്ചിരിക്കുന്നവരുടെ ലോകം. മരിച്ചവരെ ഓര്‍ക്കുന്നതില്‍ പുണ്യമില്ല. എന്നല്ല അത് ദൈവനിന്ദയാണ്. അതില്‍ പണച്ചെലവുണ്ട്. മൂന്നും ഏഴും പതിനഞ്ചും നാല്പതും പിന്നെ കൊല്ലാകൊല്ലം ആണ്ടുനേര്‍ച്ചകളും. ആര്‍ക്കാ ഇതിനൊക്കെ പണമുള്ളത്. മക്കളുടെ പഠിപ്പു ചെലവുകള്‍ കഴിഞ്ഞാല്‍ എടുത്ത് ചെലവാക്കാന്‍ എവിടെ പണം?
ഈ വിചാരം അങ്ങനെ വളര്‍ന്നു പന്തലിച്ചു. പൊക്കിള്‍കൊടി അടയാളം മറന്നുപോയ ഒരു തലമുറയെയായിരുന്നു ശിഷ്ടം കിട്ടിയത്. അവരുടെ കാലത്ത് ജീവിക്കേണ്ടി വന്ന ഒരു പിതാവിന്റെ പരിദേവനമാണ് നാം കേട്ടത്.
സ്വന്തം കാര്യം നോക്കിപ്പോവാനുള്ള ഒരു പ്രവണത ഇത്തരം കുടുംബങ്ങളില്‍ കൂടുതലായിരുന്നു. മക്കള്‍ക്കായി ധാരാളം സ്വത്തുക്കള്‍ ബാക്കിവെക്കാന്‍ ഓടി നടന്ന മാതാപിതാക്കളാണിത്. സകാത് നിര്‍ബന്ധമായത് കൊണ്ട് അതിലേക്ക് നിശ്ചിത ഫണ്ട് കൊടുക്കുന്നു. മറ്റ് ആര്‍ക്കും ഒന്നും കൊടുക്കില്ല. ഒരു റോഡിന് ചോദിച്ചാല്‍ അതില്ല. എന്നല്ല, നിലവിലുള്ള ഇടവഴിയിലേക്ക് മതില് ഒന്ന് ഇറക്കിക്കെട്ടാമോ എന്ന് നോക്കും. മനസലിയാത്തവരായി അവര്‍ ജീവിച്ചു. കാരണം ചുറ്റിലുമുള്ളത് യാഥാസ്ഥിതിക മുസ്ലിംകളായിരുന്നു. അവര്‍ക്കായി ഒരുപകാരവും അറിഞ്ഞുകൊണ്ട് ചെയ്യരുത് എന്നതായിരുന്നു പ്രധാന ഏകദൈവാരാധന. ഇതായിരുന്നു പരിഷ്കൃത വീട്ടകങ്ങളിലെ പ്രധാന സന്ദേശം. ഇതിലൂടെ മക്കള്‍ മനസ് വരണ്ട് പിശുക്കന്മാരായി മാറി. പട്ടിക പ്രകാരമുള്ള സകാത് കൊടുത്താല്‍ പിന്നെ പുറത്തേക്ക് ഒരണയും കൊടുക്കില്ല. അങ്ങനെ ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ അവര്‍ തന്‍കാര്യം നോക്കിപ്പോയി. മാതാപിതാക്കള്‍ ഒറ്റപ്പെട്ടു. അവരാണിപ്പോള്‍ നമുക്ക് മുന്നില്‍ വന്നുനില്ക്കുന്നത്. പാരമ്പര്യവഴിയില്‍ നിന്ന് വഴിപിരിഞ്ഞു പോയവര്‍ക്കിടയിലെ മാതാപിതാക്കള്‍ക്കിടയില്‍ ഇങ്ങനെ വലിയ പ്രതിസന്ധികള്‍ നടക്കുന്നുണ്ട്. മക്കളൊഴിവാക്കിപ്പോവുന്ന മാതാപിതാക്കള്‍ പുരോഗമന കുടുംബങ്ങളില്‍ വലിയ ചോദ്യമായിട്ടുണ്ട്. അവരുടെ നേതാക്കള്‍ക്ക്, സംഘടനകള്‍ക്ക് മുന്നില്‍ ഈ പ്രതിസന്ധി പരാതിയായി വന്നിട്ടുണ്ടാവണം, അതോടെ ഇന്‍ഡോര്‍ പരിപാടികളില്‍ ഫീമെയില്‍ കൗണ്‍സിലര്‍മാര്‍ മാതാപിതാക്കളോടുള്ള കടമകള്‍ ഒരു വിഷയമായി അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുമ്പ് യാഥാസ്ഥിതികരുടെ
പാതിരാപ്രസംഗങ്ങളിലായിരുന്നു’മാതാപിതാക്കളോടുള്ള കടമകള്‍’ എന്ന വിഷയം കണ്ടിരുന്നത്. അപ്പോള്‍ ഖബ്ര്‍ പൂജക്കും ജാറംമൂടലിനും അപ്പുറത്തേക്ക് മനുഷ്യരെ ബാധിക്കുന്ന ചില വിഷയങ്ങളിലേക്ക് കാലം മുസ്ലിം പരിഷ്കരണ വിഭാഗങ്ങളെയും കൊണ്ടുവന്നിരിക്കുകയാണ്; മാതാപിതാക്കളോടുള്ള കടമകള്‍, സന്താന പരിപാലനം, മുന്‍ഗാമികളെ ഓര്‍ക്കാം, എന്‍ വി അബ്ദുസ്സലാം മൗലവി ആന്വല്‍ ലക്ചര്‍ എന്നിങ്ങനെ ചില പരിപാടികള്‍… ആണ്ടറുതികള്‍ വരുമ്പോള്‍ ഉമ്മയെ ഓര്‍ത്ത് വിങ്ങിപ്പൊട്ടാനും റബീഉല്‍ അവ്വലില്‍ പ്രവാചകന്റെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടാനും ചിലര്‍ക്കെങ്കിലും ദാഹിക്കുന്നു. അതിനവര്‍ കാണുന്ന വഴി ആ സമയത്ത് സാഹിത്യ മത്സരം വെക്കാനാണ്. എന്നാല്‍ ഉമ്മയെക്കുറിച്ച് എമ്പാടും എഴുതാം. പ്രവാചകനെക്കുറിച്ച് എമ്പാടും പാടാം. അതിലൂടെ കണ്ണീര് വറ്റിപ്പോയ കണ്ണുകളില്‍ നനവ് പടര്‍ത്താം. സുഗന്ധം വറ്റിപ്പോയ മനസുകളില്‍ സ്നേഹ പരിമളം വീശാം. ലോകം നാളെ കാണാന്‍ പോവുന്ന ഏറ്റവും ഹൃദയഭേദകമായ വെല്ലുവിളി ഇതായിരിക്കും; സ്നേഹ ശൂന്യത.
ടി കെ അലി അശ്റഫ്
You must be logged in to post a comment Login