സിവില്‍ സര്‍വീസസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സിവില്‍ സര്‍വീസസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം

യൂണിയന്‍ പബ്ലിക് സര്‍വീസസ് കമ്മീഷന്‍ (യു.പി.എസ്.സി.) നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഐ.എ.എസ്.,ഐ.പി.എസ്., ഐ.എഫ്.എസ്. എന്നിവയുള്‍പ്പെടെ 24 സര്‍വീസുകളിലായി ആകെ 896 ഒഴിവുകളാണുള്ളത്.
പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിനും മെയിന്‍ പരീക്ഷ ഒക്ടോബറിലും നടക്കും.
ബിരുദധാരികള്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രായം 2019 ആഗസ്ത് ഒന്നിന് 21നും 32നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. ആറു തവണ വരെ സിവില്‍ സര്‍വീസസ് പരീക്ഷ എഴുതാം. സംവരണ വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒമ്പതു തവണ എഴുതാം.
www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. പൊതുവിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 100 രൂപയാണ് ഫീസ്. വനിതകള്‍, പട്ടികജാതി/വര്‍ഗക്കാര്‍, ശാരീരിക വൈകല്യം ഉള്ളവര്‍ എന്നിവര്‍ ഫീസ് നല്‍കേണ്ട. എസ്.ബി.ഐ. ശാഖകളിലും പണമടയ്ക്കാം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ ഓണ്‍ലൈനായും ഫീസ് അടയ്ക്കാം. ഫീസടയ്ക്കുന്നവര്‍ പാര്‍ട്ട് ഒന്ന് രജിസ്‌ട്രേഷനുശേഷം ലഭിക്കുന്ന സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചാണ് പണം അടയ്‌ക്കേണ്ടത്. അതിനുശേഷം പാര്‍ട്ട് രണ്ട് പൂരിപ്പിച്ച് സമര്‍പ്പിക്കണം. ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐഡി കോപ്പിയെടുത്ത് സൂക്ഷിച്ചുവയ്ക്കണം.

കേന്ദ്ര സര്‍ക്കാരിനുവേണ്ടി പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പാണ് ഒഴിവുകള്‍ യു.പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തവണ 896 ഒഴിവുകളാണ് ഉള്ളത്. ഫോറസ്റ്റ് സര്‍വീസില്‍ 110 ഒഴിവുകളുമാണുള്ളത്. നിലവിലുള്ള ഒഴിവുകളുടെ 13 ഇരട്ടി ആളുകളെ മാത്രമേ മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യരാക്കൂ. ഇതില്‍ നിന്ന് ഒഴിവുകളുടെ രണ്ടിരട്ടി ആള്‍ക്കാരെ ഇന്റര്‍വ്യൂവിന് യോഗ്യരാക്കും.
മൊത്തം 75 പരീക്ഷാകേന്ദ്രങ്ങളും അവയുടെ ഉപകേന്ദ്രങ്ങളിലുമായാണ് പരീക്ഷ ജൂണ്‍ രണ്ടിന് നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങള്‍. ഉപകേന്ദ്രങ്ങളും ഉണ്ടാകും. മെയിന്‍ പരീക്ഷയ്ക്ക് 24 കേന്ദ്രങ്ങള്‍ ഉണ്ടാകും. കേരളത്തില്‍ തിരുവനന്തപുരം മാത്രമായിരിക്കും മെയിന്‍ പരീക്ഷാകേന്ദ്രം.

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് സിവില്‍ സര്‍വീസസ് പരീക്ഷക്കുള്ളത്. പ്രിലിമിനറി പരീക്ഷക്ക് പൊതുവിജ്ഞാനമാണ് വിഷയം. ഇതിനു രണ്ട് പേപ്പറുകളാണുള്ളത്. പേപ്പര്‍ 1 പൊതുവിജ്ഞാന പരീക്ഷ, പേപ്പര്‍ 2 യോഗ്യതാനിര്‍ണയ പരീക്ഷ.

പേപ്പര്‍ ഒന്നില്‍ ചരിത്രം, ഭരണഘടന, രാഷ്ട്രീയ സംവിധാനം, ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 200 മാര്‍ക്ക്. ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍.

ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യം ഉള്ള സംഭവങ്ങള്‍, ഇന്ത്യാ ചരിത്രം, ദേശീയ പ്രസ്ഥാനം, ഇന്ത്യയുടെയും ലോകത്തിന്റെയും ഭൗതിക സാമൂഹ്യ സാമ്പത്തിക ഭൂമിശാസ്ത്രം. ഇന്ത്യന്‍ രാഷ്ട്രീയ ഘടന, ഭരണ നിര്‍വഹണം, ഭരണഘടന, രാഷ്ട്രീയ സംവിധാനം, പഞ്ചായത്തീരാജ്, പൊതുനയം, അവകാശങ്ങള്‍, പ്രശ്‌നങ്ങള്‍ തുടങ്ങിയവ.

കൂടാതെ സാമൂഹ്യ സാമ്പത്തിക വികസനം, സുസ്ഥിര വികസനം, ദാരിദ്ര്യം ഉള്‍പ്പെടുത്തല്‍ (ഇന്‍ക്ലൂഷന്‍) ജനസംഖ്യാ വിവരങ്ങള്‍, സാമൂഹ്യ മേഖലയിലെ നവസംരംഭങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഇക്കോളജി, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, ജീവശാസ്ത്രം, രസതന്ത്രം തുടങ്ങിയ ജനറല്‍ സയന്‍സ്.
പേപ്പര്‍ 2. ഗണിതവും ഇംഗ്ലീഷുമാണ് പ്രധാന മേഖല. 80 ചോദ്യങ്ങള്‍, 200 മാര്‍ക്ക്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യം. ഇത് യോഗ്യതാനിര്‍ണയ പരീക്ഷയാണ്. 200 ല്‍ 66 മാര്‍ക്കെങ്കിലും ഈ പരീക്ഷയില്‍ വാങ്ങുന്നവരുടെ ഫസ്റ്റ് പേപ്പര്‍ മാത്രമേ പരിശോധനക്ക് വിധേയമാക്കുകയുള്ളൂ. പൊതുവേ മെട്രിക്കുലേഷന്‍ നിലവാരം ആണെങ്കിലും പ്ലസ്ടു ലെവലില്‍ തയാറെടുപ്പുകള്‍ നടത്തണം.
ഇതില്‍ സംഗ്രഹരചന, വിനിമയ നൈപുണ്യമുള്‍പ്പടെയുള്ള പരസ്പര നൈപുണ്യ മികവുകള്‍, ലോജിക്കല്‍ റീസണിംഗ്, വിശകലനപാടവം, പൊതുമാനസികശേഷി; പ്രശ്‌നപരിഹാരത്തിനും തീരുമാനം കൈക്കൊള്ളുന്നതിനമുള്ള പാടവം, അടിസ്ഥാന ഗണിതം, ഇംഗ്ലീഷ് ഭാഷ സംഗ്രഹരചനാ വൈഭവം തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മുകളില്‍ പറഞ്ഞ പൊതുവിജ്ഞാനത്തിന്റെ രണ്ടുപരീക്ഷയ്ക്കും നെഗറ്റീവ് മാര്‍ക്കുകളുണ്ട്.

മെയിന്‍ പരീക്ഷ പ്രിലിമിനറി പരീക്ഷയിലെ വിജയികള്‍ക്കുള്ളതാണ്. ഇതു വിവരണാത്മകമായ പരീക്ഷയാണ്. ചെറിയ പ്രബന്ധരചനയാണ് ഇതിലുള്ളത്. മൊത്തം ഒമ്പതു പേപ്പറുകള്‍. ഇതില്‍ രണ്ടെണ്ണം യോഗ്യതാ നിര്‍ണയ പേപ്പറുകളാണ്. പേപ്പര്‍ എ പ്രാദേശിക ഭാഷയും പേപ്പര്‍ ബി ഇംഗ്ലീഷുമാണവ. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു ഭാഷ തിരഞ്ഞെടുക്കാം. രണ്ടിനും 300 മാര്‍ക്കുവീതം. ഈ രണ്ടു പേപ്പറിനും 75 മാര്‍ക്കു വീതം നേടിയാലേ മറ്റു പേപ്പറുകള്‍ മൂല്യനിര്‍ണയത്തിന് വിധേയമാകൂ.

മെയിന്‍ പരീക്ഷക്ക് മറ്റു പേപ്പറുകള്‍ ഇവയാണ്. പ്രബന്ധ രചന പൊതുവിജ്ഞാന പേപ്പര്‍ നാലെണ്ണം, ഐച്ഛിക വിഷയം ഒന്ന് (രണ്ടു പേപ്പറുകള്‍). പേപ്പര്‍ ഒന്ന്: പ്രബന്ധ രചന. രണ്ട് പ്രബന്ധങ്ങള്‍ എഴുതണം. 125 മാര്‍ക്ക് വീതം. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം. പേപ്പര്‍ രണ്ട്: പൊതുവിജ്ഞാനം. ഭാരതപൈതൃകം, സംസ്‌കാരം, ചരിത്രം, ലോകഭൂമിശാസ്ത്രവും സമൂഹവും. 250 മാര്‍ക്ക്. മൂന്ന് മണിക്കൂര്‍.
പേപ്പര്‍ മൂന്ന് പൊതുവിജ്ഞാനം ഭരണനിര്‍വഹണം, ഭരണഘടന, സാമൂഹ്യനീതി, ഭരണക്രമം, അന്താരാഷ്ട്രബന്ധങ്ങള്‍. 250 മാര്‍ക്ക്. മൂന്ന് മണിക്കൂര്‍. പേപ്പര്‍ നാല്: പൊതുവിജ്ഞാനം. സാങ്കേതികവിദ്യ, സാമ്പത്തിക വികസനം, ജൈവവൈവിധ്യം, പരിസ്ഥിതി, സുരക്ഷ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്. 250 മാര്‍ക്ക്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം. പേപ്പര്‍ അഞ്ച്: പൊതുവിജ്ഞാനം. ധര്‍മശാസ്ത്രം, ഉദ്ഗ്രഥനം, അഭിരുചി. 250 മാര്‍ക്ക്. മൂന്ന് മണിക്കൂര്‍. പേപ്പര്‍ ആറ്: ഐച്ഛിക വിഷയം പേപ്പര്‍ ഒന്ന്. പേപ്പര്‍ ഏഴ്: ഐച്ഛികവിഷയം പേപ്പര്‍ രണ്ട്. ആകെ 1750 മാര്‍ക്കിനുള്ള ചോദ്യങ്ങളാണ് മെയിന്‍ പരീക്ഷക്കുള്ളതും. ഈ പരീക്ഷ കടന്നുകൂടിയാല്‍ അഭിമുഖമാണ്. ഡല്‍ഹിയില്‍വച്ച്. 275 മാര്‍ക്ക്. മൊത്തം 2025 മാര്‍ക്കിനാണ് മെയിന്‍ പരീക്ഷ.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 18.

ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ ബി.എസ്.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐ.ഐ.എസ്.സി.) നാല് വര്‍ഷത്തെ ബി.എസ്. പ്രോഗ്രാമിന് ഉയര്‍ന്ന അക്കാഡമിക് നിലവാരവും ഗവേഷണ താത്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ബയോളജി, കെമിസ്ട്രി, എന്‍വയണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ളത്. ഇതോടൊപ്പം എന്‍ജിനിയറിംഗ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളും കോഴ്‌സിന്റെ ഭാഗമായിട്ടുണ്ട്. ആദ്യ മൂന്നു സെമസ്റ്ററുകളില്‍ കോര്‍ വിഷയത്തിനു പുറമെ എന്‍ജിനിയറിംഗും ഹ്യൂമാനിറ്റീസും പഠിക്കണം.
നാലാം സെമസ്റ്റര്‍ മുതലാണ് ഇഷ്ടവിഷയങ്ങളിലേക്കു തിരിയുന്നത്. ഏഴും എട്ടും സെമസ്റ്ററുകള്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോജക്ട് വര്‍ക്കുകള്‍ക്കുമാണു പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ആകെ 120 സീറ്റുകളാണുള്ളത്. പ്ലസ്ടു കഴിഞ്ഞവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പതിനായിരം രൂപ മാത്രമാണു വാര്‍ഷിക ട്യൂഷന്‍ ഫീസ്. ഐ ഐ എസ് സി നല്‍കുന്ന കിഷോരി വൈജ്ഞാന്‍ പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ.എ.) സ്‌കോളര്‍ഷിപ് നേടിയവര്‍ക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ ജെ.ഇ.ഇ. (മെയിന്‍), ജെ.ഇ.ഇ. (അഡ്വാന്‍സ്ഡ്), നീറ്റ്-യു.ജി. പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. ഓരോ പരീക്ഷയിലെയും നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷന്‍. ഒന്നിലധികം യോഗ്യതാ പരീക്ഷയില്‍ ഇടംനേടിയവരെ വ്യത്യസ്ത മെറിറ്റ് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തും.
അപേക്ഷാ ഫീസ് 500 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 250 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iisc.ac.in/admissions എന്ന വെബ്‌സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഏപ്രില്‍ 30.

റസല്‍

You must be logged in to post a comment Login