വിശുദ്ധ ഖുര്‍ആനില്‍ ചിലയിടങ്ങളില്‍ യഹൂദരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. ഇവിടെ അക്കാലത്തെ യഹൂദരെയാണോ അതല്ല, പ്രവാചകന്റെ കാലത്തെ യഹൂദരെയാണോ ഉദ്ദേശിക്കുന്നത്? നിഷേധികളുടെ പതനവും സത്യവിശ്വാസം സ്വീകരിക്കേണ്ടതിന്റെ അനിവാര്യതയുമാണ് ഈ അഭിസംബോധനകളുടെ മര്‍മം. ബനൂ ഇസ്റയേലികള്‍ക്ക് നാഥന് നല്കിയ ഔദാര്യങ്ങളെയും അവര്‍ അവയോട് കാണിച്ച സമീപനവും ഓര്‍മിപ്പിക്കുകയാണെന്ന് ഒരുപക്ഷം പറയുന്നു. തങ്ങളുടെ പൂര്‍വികരുടെ ജീവിതരീതി മനസിലാക്കി സത്യവും അസത്യവും വേര്‍തിരിച്ചറിയാനുള്ള പ്രേരണയാണ് ഇതെന്ന് മറ്റൊരു പക്ഷവും.
ഒരു സന്ദര്‍ഭം കാണുക: സൂറത്തുല്‍ ബഖറയിലെ അറുപത്തിമൂന്ന്, അറുപത്തിനാല് ആയത്തുകളുടെ വ്യാഖ്യാനത്തില്‍ പറയുന്നു: ‘നിങ്ങള്‍ക്ക് മീതെ ത്വൂര് പര്‍വതം ഉയര്‍ത്തിപ്പിടിച്ച് നാം ഉടമ്പടി ചെയ്തത് ഒന്നോര്‍ത്തുനോക്കൂ, നാം തന്ന വേദം മുറുകെ പിടിക്കുകയും അതിന്റെ ഉള്ളടക്കം അനുസരിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകും. അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞു പോയി. അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടുപോകുമായിരുന്നു’.
ആയത്തില്‍ പ്രത്യക്ഷമായി പരാമര്‍ശിക്കുന്നത് മൂസാനബിയുടെ(അ) കാലത്തെ യഹൂദരെയാണ്. പരോക്ഷമായി മക്കയിലെ യഹൂദരോട് പൂര്‍വികരുടെ ചെയ്തികളെ ബോധ്യപ്പെടുത്തലുമാണുദ്ദേശ്യം. രണ്ടര്‍ത്ഥത്തിലും യഹൂദരുടെ സ്വഭാവത്തെ ബോധ്യപ്പെടുത്തുകയാണ്. അനുസരണയാണ് യഹൂദരോട് അല്ലാഹു ആവശ്യപ്പെട്ടത്. അവര്‍ ചോദിച്ചതത്രയും നല്‍കിയിട്ടും ഒരു നന്ദിവാചകമോ ഉപകാര സ്മരണയോ ഇല്ലാത്തവര്ക്കെന്ത് അനുസരണ?
പ്രസ്തുത ആയതിനെ അബ്ദുറഹ്മാനു ബ്നു സൈദ് ബ്നു അസ്ലം വ്യാഖ്യാനിക്കുന്നു(ഇബ്നു കസീര്‍): മൂസാനബി(അ) നാഥന്റെ അടുക്കല്‍ നിന്ന് വേദഫലകങ്ങളുമായി വന്ന് തന്റെ ജനതയോട് പറഞ്ഞു: ‘നിങ്ങളിത് സ്വീകരിക്കുക’. അല്ലാഹുവിനെ ദൃഷ്ടി ഗോചരമാകണമെന്നവര് ശാഠ്യം പിടിച്ചു. ഒരു ഇടിമുഴക്കം! അതോടെ തീര്‍ന്നു. ചലനമറ്റവര്‍ നിലംപതിച്ചു. മൂസാനബി(അ) ഇടനിലക്കാരനായി നാഥനോട് ആവശ്യപ്പെട്ടതുപ്രകാരം ഒരു പുനര്‍ ജീവിതം. പ്രവാചകന് ഗ്രന്ഥം ഉയര്‍ത്തിക്കാണിച്ചു: ‘ഇതാ അല്ലാഹുവിന്റെ ഗ്രന്ഥം, നിങ്ങള്‍ ആവശ്യപ്പെട്ടത്, സത്യാസത്യ വിവേചനങ്ങള്‍ക്കുള്ള മാനദണ്ഡം, ഇത് സ്വീകരിക്കുവിന്‍’. അവര്‍ സമ്മതിക്കാനൊരുക്കമായിരുന്നില്ല. ഉടനെ ത്വൂര് സീനാ പര്‍വതം അവര്‍ക്കു മുകളില്‍ ഉയര്‍ത്തി നിര്‍ത്തി. അപ്പോഴാണ് വേദഗ്രന്ഥവും കല്പനകളും ഉള്‍കൊള്ളാന്‍ അവര്‍ സമ്മതിച്ചത്.
ത്വൂര്‍സീനാ പര്‍വതം ഏതുനിമിഷവും തങ്ങളുടെ തലയില്‍ പതിക്കാമെന്ന ഭയം അവരിലുണ്ടായിരുന്നു. യഹൂദരുടെ മോശമായ ചെയ്തികളെ ബോധ്യപ്പെടുത്തി അതിലേക്ക് മടങ്ങാതിരിക്കാനുള്ള പ്രതിജ്ഞ യിലേക്ക് അവരെ എത്തിക്കുമായിരുന്നു. പശുവാരാധന പോലോത്ത നിഷേധാത്മക സമീപനങ്ങളിലൂടെ കടന്നുപോയവര്ക്കുള്ള അവസാന താക്കീത്. ഇനി ദുര്നടപടികളിലേക്ക് പോകില്ലെന്നും തൗറാത്തിലെ കല്പനകള് അക്ഷരംപ്രതി അനുസരിച്ച് ജീവിക്കാമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു. ഈ സംഭവം സൂറത്തുല്‍ അഅ്റാഫില്‍ നൂറ്റിയെഴുപത്തിയൊന്നാം ആയത്തില്‍ പ്രതിബാധിക്കുന്നുണ്ട്.
തലക്കുമുകളില്‍ നിന്ന പര്‍വത ഭയം മാറിയതോടെ പഴയചെയ്തികള് തുടര്‍ന്നു. തൗറാത്തിന്റെ അധ്യാപനങ്ങളെ മറച്ചുവെച്ചു. ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തി. സന്ദര്‍ഭത്തിനനുസരിച്ച് കൈകടത്തി. സ്വലാഭത്തിനായി ദുരുപയോഗം ചെയ്തു. സന്മാര്ഗത്തിലേക്ക് ക്ഷണിക്കാനായി വന്ന പ്രവാചകരെ നിഷേധിച്ചു. ചിലരെ അന്യായമായി കൊന്നുകളഞ്ഞു. ഈസാനബിയുടെ(അ) ആഗമനത്തില്‍ വിദ്വേഷം പൂണ്ട് വധിക്കാന്‍ ശ്രമിച്ചു. ഇങ്ങനെ നീണ്ടുപോകുന്നു പ്രതിജ്ഞാ ലംഘനങ്ങള്‍. അതിന്റെയെല്ലാം തിക്താനുഭവങ്ങള്‍ അവരനുഭവിക്കേണ്ടിവന്നു. അഭയാര്‍ത്ഥികളായി അലഞ്ഞു, പ്ലേഗ് പോലോത്ത മാരക രോഗങ്ങളും അഗ്നിബാധയും ഏറ്റു. ബൈതുല്‍ മുഖദ്ദസ് കൈവിട്ടു പോയി. തലമുറകളായി ശിക്ഷകള്‍ ഏല്‍ക്കേണ്ടി വന്നു. എന്നിട്ടും നിഷേധം തുടര്‍ന്നു.
ആയതില്‍ അല്ലാഹുവിന്റെ കാരുണ്യവും ഓദാര്യവും ഇല്ലായിരുന്നെങ്കില്‍ എന്ന പ്രയോഗം കൊണ്ടുള്ള ഉദ്ദേശ്യം പശ്ചാതപിച്ച് മടങ്ങാനുള്ള അവസരമൊരുക്കി എന്നതാണ്. യഹൂദന്മാര് സുജൂദ് ചെയ്യുമ്പോള്‍ ആകാശത്തേക്ക് നോക്കുന്നു. ഇന്നും അതനുഷ്ഠക്കിന്നുണ്ട്. തൗറാത്തിനെ മുറുകെ പിടിക്കുമെന്നാണ് വിശദീകരിക്കുന്നതെങ്കിലും, തലക്കു മുകളില്‍ ഉയര്‍ന്നു നില്ക്കുന്ന ത്വൂര് സീനാ പര്‍വതം കണ്ട് സുജൂദില്‍ വീണതും ദൃഷ്ടികള്‍ മേല്പോട്ടുയര്ത്തി നോക്കിയ പൂര്‍വികരെ പിന്‍ഗാമികള്‍ അനുധാവനം ചെയ്തതുമാണ് സംഭവം. പ്രവാചകന്മാര് സത്യദൂതരാണെന്ന് മനസിലാക്കിയിട്ടും അധികാരകൊതിയും വിദ്വേഷവുമാണ് അവരെ വിശ്വാസത്തില്‍ നിന്നകറ്റി നിര്‍ത്തുന്നത്. ത്വൂര് സീനാ പര്‍വതമോ സമാനമായതോ ഏതു നിമിഷവും തലക്കുമുകളിലുയരാമെന്ന് ജൂതന്മാര് എന്നും ഭയക്കുന്നുണ്ട്. എന്നിട്ടും അവര്‍ നിഷേധം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
‘ഔദാര്യം’ നല്കി എന്നതിന്റെ മറ്റൊരു വിവക്ഷ, വിശുദ്ധ ദീനിനെയും പ്രവാചകര്‍ മുഹമ്മദ് നബി(സ) ഉള്‍പെടെയുള്ള പ്രവാചകരെ കുറിച്ചുള്ള സൂചനകള്‍ തൗറാത്തിലൂടെ അറിയിച്ചു കൊടുത്തതാണ്. അതുള്കൊള്ളുന്നതിലൂടെ രക്ഷപ്പെടാനുള്ള ഒരവരസരം കൂടെ അവര്‍ക്ക് ഔദാര്യമായി നാഥന് നല്‍കുകയാണ്. എന്നിട്ടും സത്യമുള്‍കൊണ്ട് സത്യമതത്തിലേക്ക് തിരിച്ചെത്തിയവര്‍ എത്ര പേരുണ്ട്?
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login